Kerala Plus Two Malayalam Unit 3 Chapter 2 Gauli Janmam Textbook Questions and Answers

Download Kerala Board Solutions for Class 12 Malayalam Chapter 02 Gauli Janmam

Access comprehensive textbook solutions for Chapter 02 Gauli Janmam using the official curriculum guides for Class 12 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Access Kerala Board Solutions and Answers

Access the complete solution PDF for Class 12 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.

2 Mark Questions and Answers

Question 1: താഴെ കൊടുത്ത വാക്യത്തിന്റെ ആശയത്തിന് മാറ്റം വരാതെ പദങ്ങളുടെ സ്ഥാനം മാറ്റി പുതുവാക്യങ്ങൾ നിർമ്മിക്കുക.
യുവതിയുടെ കണ്ണുകളിൽ ആരുടെ ഹൃദയത്തെയും ഈർന്നു മുറിക്കുന്ന ശൂന്യത കണ്ട് ആൺഗൗളി അസ്വസ്ഥനായി.
മാതൃക: "ആൺഗൗളിയുടെ കണ്ണുകളിൽ പോയജന്മത്തിന്റെ ഓർമ്മ മുറിഞ്ഞുവീണ വാൾപോലെ പിടഞ്ഞു"
- ആൺഗൗളിയുടെ കണ്ണുകളിൽ മുറിഞ്ഞുവീണ വാൾപോലെ പോയജന്മത്തിന്റെ ഓർമ്മ പിടഞ്ഞു.
- പോയജന്മത്തിന്റെ ഓർമ്മ ആൺഗൗളിയുടെ കണ്ണുകളിൽ മുറിഞ്ഞുവീണ വാൾപോലെ പിടഞ്ഞു.

Answer:

- ആരുടെയും ഹൃദയത്തെ ഈർന്നു മുറിക്കുന്ന ശൂന്യത യുവതിയുടെ കണ്ണുകളിൽ കണ്ട് ആൺഗൗളി അസ്വസ്ഥനായി.
- ആൺഗൗളി അസ്വസ്ഥനായത്, ആരുടെയും ഹൃദയത്തെ ഈർന്നു മുറിക്കുന്ന ശൂന്യത യുവതിയുടെ കണ്ണുകളിൽ കണ്ടതുകൊണ്ടാണ്.
- യുവതിയുടെ കണ്ണുകളിലെ ശൂന്യത ആരുടെയും ഹൃദയത്തെ കാർന്നുമുറിക്കുന്നതാണെന്നു കണ്ട് ആൺഗൗളി അസ്വസ്ഥനായി.

Exam Tips:

a) വാക്കുകൾ മാറ്റരുത്, സ്ഥാനം മാത്രം മാറ്റുക; ആശയം മാറുന്നില്ലെന്ന് ഉറപ്പാക്കുക.
b) ചോദ്യത്തിലെ മാതൃകപോലെ കുറഞ്ഞത് രണ്ടു വാക്യമെങ്കിലും എഴുതുക.

 

Question 2: ചേരുംപടി ചേർക്കുക.

എഴുത്തുകാരൻ / എഴുത്തുകാരികൃതി (ക്രമം മാറിയിരിക്കുന്നു)
ദയാബായ്കാക്കാരിശ്ശിനാടകം
ഗ്രേസിമയ്യഴിപ്പുഴയുടെ തീരങ്ങളിൽ
ഭാർഗ്ഗവൻപിള്ളപച്ചവിരൽ
എം. മുകുന്ദൻരണ്ടു സ്വപ്നദർശികൾ

Answer:

എഴുത്തുകാരൻ / എഴുത്തുകാരികൃതി
ദയാബായ്പച്ചവിരൽ
ഗ്രേസിരണ്ടു സ്വപ്നദർശികൾ
ഭാർഗ്ഗവൻപിള്ളകാക്കാരശ്ശിനാടകം
എം. മുകുന്ദൻമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Exam Tips:

a) ഓരോ എഴുത്തുകാരന്റെയും പ്രധാന കൃതി ഒന്നിച്ച് പഠിച്ചുവയ്ക്കുക.
b) ഉത്തരം എഴുതുമ്പോൾ ഇടതുവശത്തെ പേരും വലതുവശത്തെ കൃതിയും ഒരേ വരിയിൽ വരണം.

 

Question 3: ആൺപല്ലി പറഞ്ഞു. "സത്യത്തിൽ ഈ ചെറുപ്പക്കാരനെ കൊലയ്ക്കു കൊടുത്തത് ഈ ഭയങ്കരനാണ്". - ഇങ്ങനെ ആൺപല്ലി പറയാൻ കാരണമെന്ത്?

Answer:

അപകടത്തിൽ പരിക്കേറ്റതുകൊണ്ടല്ല ഗൗളീജന്മത്തിലെ ചെറുപ്പക്കാരൻ മരിക്കുന്നത്. ഡോക്ടറുടെ ഈഗോയാണ് കാരണം. മഞ്ഞപ്പിത്തം ബാധിച്ച അയാളെ ജനറൽ ഫിസിഷ്യനു റഫർ ചെയ്യാത്തതുമൂലമാണ് മരണം. അതിന് ആ ഡോക്ടറുടെ ഈഗോ അനുവദിച്ചില്ല. അതിനാലാണ് ആൺപല്ലി അങ്ങനെ പറയുന്നത്.

Exam Tips:

a) മരണകാരണം അപകടമല്ല, മഞ്ഞപ്പിത്തമാണെന്നും ചികിത്സ നൽകാത്തതിന്റെ കാരണം ഡോക്ടറുടെ ഈഗോയാണെന്നും രണ്ടും എഴുതുക.
b) 'ഭയങ്കരൻ' എന്നു പറയുന്നത് ഡോക്ടറെയാണെന്ന് വ്യക്തമാക്കുക.

 

Question 4: 'അപ്പോഴേക്കും ഒരു നിശ്ചല ദൃശ്യം തന്നെയായിരുന്നു' - എന്ത്?

Answer:

അവശനായി കിടക്കുന്ന യുവാവും അവന്റെ കാൽക്കീഴിലിരിക്കുന്ന യുവതിയും അപ്പോഴും ഒരു നിശ്ചലദൃശ്യം തന്നെയായിരുന്നു.

Exam Tips:

a) 'എന്ത്' എന്ന ചോദ്യത്തിന് രണ്ടു പേരെയും (യുവാവ്, യുവതി) പരാമർശിച്ച് ഒറ്റ വാക്യത്തിൽ ഉത്തരം എഴുതുക.

 

Question 5: "പെണ്ണേ അബദ്ധമൊന്നും കാണിക്കരുത്! അവളുടെ ജീവിതം അവൾ ജീവിച്ചു തീർത്തോളും. നീ നിന്റെ കാര്യം നോക്ക്. എന്റെ കുഞ്ഞുങ്ങളുടെ അമ്മയാവാനുള്ളവളാണ് നീ എന്ന കാര്യം വിസ്മരിക്കേണ്ട" എന്ന് ആൺഗൗളി പറഞ്ഞപ്പോൾ പെൺഗൗളിയുടെ പ്രതികരണം എന്തായിരുന്നു? കണ്ടെത്തി എഴുതുക.

Answer:

"നിങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മയാവാൻ ഏതു പെൺഗൗളിക്കും കഴിയും. പക്ഷേ, ഇത് ഞാൻ തന്നെ കണ്ടെത്തേണ്ട കാര്യമാണ്. തന്നെയുമല്ല പെണ്ണുങ്ങളെക്കൊണ്ട് എന്തൊക്കെ സാധിക്കുമെന്നും എനിക്കറിയേണ്ടതുണ്ട്." ഇത്രയും പറഞ്ഞ് പെൺഗൗളി താഴേക്കു കുതിച്ചുചാടി ആൺഗൗളിയുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷയായി.

Exam Tips:

a) പെൺഗൗളിയുടെ വാക്കുകൾ അതേപടി ഉദ്ധരിക്കുകയും തുടർന്ന് അവൾ ചാടിപ്പോയതും എഴുതുകയും വേണം.
b) പെൺഗൗളി സ്വന്തം തീരുമാനമെടുക്കുന്നവളാണെന്ന ആശയം എടുത്തുപറയുക.

 

Question 6: ഇപ്പോഴത്തെ മനുഷ്യരെക്കുറിച്ച് ആൺഗൗളിയുടെ അഭിപ്രായമെന്ത്?

Answer:

ഇപ്പോഴത്തെ മനുഷ്യർ തലച്ചോറിനാണ് മുൻതൂക്കം നൽകുക, ഹൃദയത്തിനല്ല.

Exam Tips:

a) 'തലച്ചോറ് - ഹൃദയം' എന്ന വൈരുദ്ധ്യം ഉത്തരത്തിൽ വരണം.

 

Question 7: ബുദ്ധൻ എന്താണു ചെയ്തത്?

Answer:

പ്രാപഞ്ചികദുഃഖത്തിന്റെ കാരണം കണ്ടെത്താൻ ബുദ്ധൻ കൊട്ടാരവും കിരീടവുമെല്ലാം വെടിഞ്ഞു. വിവാഹം ചെയ്ത ഭാര്യയെയും അവളിലുണ്ടായ ഓമനപ്പുത്രനെയും ഉപേക്ഷിച്ചു. ബോധിവൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനത്തിന്റെ കവാടം തുറന്നു. അപ്പോൾ സർവവും തെളിഞ്ഞുവന്നു.

Exam Tips:

a) ത്യാഗം (കൊട്ടാരം, കിരീടം, ഭാര്യ, പുത്രൻ), ധ്യാനം (ബോധിവൃക്ഷച്ചുവട്), ബോധോദയം എന്നീ മൂന്നു ഘട്ടങ്ങളും ക്രമത്തിൽ എഴുതുക.
b) 'മമതയാണ് സർവദുഃഖങ്ങൾക്കും കാരണം' എന്ന ബോധമാണ് ബുദ്ധനുണ്ടായതെന്നും ചേർക്കാം.

 

Question 8: 'ഗൗളിജന്മം' എന്ന ചെറുകഥയിൽ പരാമർശിക്കുന്ന മറ്റൊരു കഥാകൃത്തിന്റെ കഥാപാത്രം?

Answer:

പൊൻകുന്നം വർക്കിയുടെ ഒരു കഥാപാത്രമാണ് കിശോരലാൽ.

Exam Tips:

a) കഥാപാത്രത്തിന്റെ പേരിനൊപ്പം എഴുത്തുകാരന്റെ പേരും (പൊൻകുന്നം വർക്കി) എഴുതുക.
b) കിശോരലാൽ ഒരു ഡോക്ടറാണെന്നും, 'ഗൗളിജന്മ'ത്തിലെ ഡോക്ടറുമായുള്ള താരതമ്യത്തിലാണ് ഈ പരാമർശം വരുന്നതെന്നും ഓർക്കുക.

 

Question 9: ആൺഗൗളി അമർഷത്തോടെ പെൺഗൗളിയോട് എന്താണ് ചോദിച്ചത്? എന്തുകൊണ്ടങ്ങനെ ചോദിച്ചു? വ്യക്തമാക്കുക.

Answer:

"മനുഷ്യർ എത്ര പുരോഗമിച്ചാലും അവർക്ക് ഗൗളിചിലയ്ക്കലിൽ വലിയ വിശ്വാസമാണെന്ന് നിനക്കറിഞ്ഞുകൂടേ? പ്രത്യേകിച്ച് ബുധനാഴ്ചതെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ ബന്ധുമരണം നിശ്ചയം എന്നാണ് അവരുടെ ശാസ്ത്രം. ദിവസങ്ങളായി ആ ചെറുപ്പക്കാരി ശങ്കിച്ചുകൊണ്ടിരുന്ന കാര്യത്തിൽ ദാ, ഈ നിമിഷം തീർപ്പായി" - ഇതാണ് ആൺഗൗളി ചോദിച്ചത്. പെൺഗൗളി ബുദ്ധനെപ്പറ്റി പറഞ്ഞ് ചിലച്ചതുകൊണ്ടാണ് അമർഷത്തോടെ അങ്ങനെ ചോദിച്ചത്. ഗൗളിയുടെ ചിലയ്ക്കൽ യുവതിയുടെ മനസ്സിൽ ഭർത്താവിന്റെ മരണത്തെക്കുറിച്ചുള്ള ഭയം ഉറപ്പിക്കുമെന്ന് ആൺഗൗളി കരുതി.

Exam Tips:

a) ചോദ്യം രണ്ടു ഭാഗമാണ്: എന്ത് ചോദിച്ചു, എന്തുകൊണ്ട്. രണ്ടിനും ഉത്തരം എഴുതുക.
b) ഗൗളി ചിലയ്ക്കുന്നതിനെ ശകുനമായി കാണുന്ന മനുഷ്യന്റെ അന്ധവിശ്വാസം ഉത്തരത്തിൽ സൂചിപ്പിക്കുക.

 

Question 10: "ഊറിവരുന്ന നൈരാശ്യം അമർത്തിത്തുടച്ച് സന്ദർശക തുടർന്നു" - നൈരാശ്യം വരാൻ കാരണം എന്തെന്ന് കണ്ടെത്തി എഴുതുക.

Answer:

യുവതിയിൽ പ്രതികരണമൊന്നുമില്ലെന്നു മനസ്സിലായപ്പോൾ സന്ദർശകയ്ക്ക് നൈരാശ്യം തോന്നി.

Exam Tips:

a) സന്ദർശകയുടെ ഉപദേശങ്ങൾക്ക് യുവതി ഒരു മറുപടിയും നൽകാതിരുന്നതാണ് കാരണമെന്ന് വ്യക്തമാക്കുക.

 

Question 11: ഗൗളിയുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം എന്താണ്?

Answer:

ഒരിക്കൽ മരീചി തുടങ്ങിയ മഹർഷിമാർ ബ്രഹ്മാവിനോട് കാലത്രയ ഭൂതം, വർത്തമാനം, ഭാവി സംഭവങ്ങൾ അറിയുന്നതിന് എളുപ്പമായ മാർഗ്ഗം ഏതെന്നു ചോദിച്ചു. അതിന് ശ്രീപരമേശ്വരനെ പ്രസാദിപ്പിക്കണമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവർ അതിനായി തപസ്സുചെയ്തു. നാല്പതു ദിവസം തപസുചെയ്തു കഴിഞ്ഞപ്പോൾ ഒരു കൃഷ്ണത്രയോദശി സന്ധ്യക്ക് ശിവൻ ത്രൈക്കയിൽ ഒരു ഗുണപിണ്ഡവുമായി (ഉണ്ടശർക്കര) മഹർഷിമാരുടെ മുമ്പിൽ പ്രത്യക്ഷമായി. അനന്തരം അദ്ദേഹം അത് തിരുമ്മിപ്പൊടിച്ച് അണുപ്രായമാക്കി മേൽപോട്ടെറിഞ്ഞു.
ഉടൻ ഓരോ രോഗാണുക്കളിൽനിന്ന് വെളുപ്പ്, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച ഈ നിറങ്ങളിൽ അഞ്ചുതരം ജന്തുക്കൾ ഉദ്ഭവിച്ചു. ഇവ പതനം, സഞ്ചാരം, ആരോഹം, അവരോഹം, ശബ്ദം എന്നിവ ഹേതുവായിട്ട് ത്രികാലസംഭവങ്ങളെ അറിയിക്കുന്നു. ഗുളത്തിൽ (ശർക്കരയിൽ) നിന്നുണ്ടായതിനാൽ 'ഗൗളി' എന്നു പേരുവന്നു. ഈ ജന്തുക്കളെ കൊല്ലുന്നവർക്ക് ബ്രാഹ്മണശിശുക്കളെ കൊന്നാലുള്ള പാപമുണ്ടാകും.

Exam Tips:

a) ഇത് ഒരു ഐതിഹ്യമാണ്; മഹർഷിമാർ, ബ്രഹ്മാവ്, ശിവന്റെ പ്രത്യക്ഷപ്പെടൽ, അഞ്ചുതരം ജന്തുക്കളുടെ ഉദ്ഭവം, 'ഗൗളി' എന്ന പേരിന്റെ കാരണം എന്നീ ക്രമത്തിൽ എഴുതുക.
b) ഗൗളികളെ കൊല്ലുന്നതിനുള്ള പാപവിശ്വാസം കൂടി ഉൾപ്പെടുത്തുക.

 

4 Mark Questions and Answers

Question 12: "നോക്കൂ, ഈ പെൺപിറന്നവർക്ക് ചാകാൻ കിടക്കുന്ന ഈ ചെറുപ്പക്കാരനോടോ അവന്റെ സുന്ദരിയായ ഭാര്യയോടോ തെല്ലും അനുതാപമോ കാരുണ്യമോ ഇല്ല - രോഗമില്ലാത്തവൻ രോഗിയെ സന്ദർശിക്കുന്നത് തന്റെ ആരോഗ്യതരംഗം കൊണ്ട് ആ പാവത്തെ വശക്കേടിലാക്കാനാണ്. സൈ്വരമായി ചാകാൻകൂടി സമ്മതിക്കില്ല, ഈ വർഗ്ഗം" - ഗൗളീജന്മത്തിലെ ആൺപല്ലിയുടെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ. പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പു തയ്യാറാക്കുക.

Answer:

'ഗൗളിജന്മം' എന്ന രചന ആദ്യവസാനം ഗൂഢമായ ചിരി ഒളിപ്പിച്ച കഥയാണ്. സമൂഹത്തിന്റെ മനോഭാവത്തിലെ രോഗാതുരതയെ ഇത് കളിയാക്കുന്നു. ആശുപത്രിയിൽ അപകടത്തിലെ പരുക്കും മഞ്ഞപ്പിത്തവും കാരണം മരിക്കാൻ കിടക്കുന്ന ചെറുപ്പക്കാരനെ ഒരു സ്ത്രീ കാണാനെത്തുന്നുണ്ട്. ചാകാൻ കിടക്കുന്ന ചെറുപ്പക്കാരനോടോ അവന്റെ ഭാര്യയോടോ അവൾക്ക് അനുതാപമോ കാരുണ്യമോ ഇല്ല. രോഗിയെ സന്ദർശിക്കുന്ന രോഗമില്ലാത്തവർ സ്വന്തം ആരോഗ്യതരംഗത്താൽ രോഗിയെ വശക്കേടിലാക്കുകയാണ് ചെയ്യുന്നത്. ആ സ്ത്രീയെ സംബന്ധിച്ച് ഇത് ശരിയാണ്. ജീവിതം ഇതുകൊണ്ടൊന്നും തീരുന്നില്ലെന്നും പ്രഗ്നന്റാണെങ്കിൽ അബോർഷനു മടിക്കേണ്ടെന്നും അവർ അവളെ ഓർമ്മിപ്പിച്ചു. മനുഷ്യത്വമില്ലായ്മയുടെ സമകാലികമായ മനോഭാവമാണ് ഇവിടെ കാണാൻ കഴിയുന്നത്.

Exam Tips:

a) 'യോജിക്കുന്നുണ്ടോ' എന്ന ചോദ്യത്തിന് യോജിക്കുന്നു എന്ന നിലപാട് ആദ്യം പറഞ്ഞ് കഥയിലെ തെളിവുകൾ (അനുതാപമില്ലായ്മ, അബോർഷൻ ഉപദേശം) നൽകുക.
b) സന്ദർശകയുടെ പെരുമാറ്റത്തെ സമൂഹത്തിന്റെ മനുഷ്യത്വമില്ലായ്മയോട് ബന്ധിപ്പിച്ച് അവസാനിപ്പിക്കുക.

 

Question 13: ആൺഗൗളി പറഞ്ഞു. "മമതയാണ് സർവ്വദുഃഖങ്ങൾക്കും കാരണമെന്ന ബോധം" പെൺഗൗളി പൊട്ടിച്ചിരിച്ചു. "ഇതു കണ്ടെത്താനാണോ ആ പാവം രാജകുമാരൻ ഇക്കണ്ട ത്യാഗങ്ങളൊക്കെ സഹിച്ചത്? കഷ്ടം! അടുക്കളച്ചുമരുകൾക്കുള്ളിൽ കരിയും പുകയും പിടിച്ചുകിടക്കുന്ന പെണ്ണുങ്ങൾക്കുപോലും മറിയാമല്ലോ ഇത്." (ഗൗളിജന്മം) - ഈ സന്ദർഭത്തിലൂടെ കഥാകാരി വെളിപ്പെടുത്തുന്ന വിമർശനം വിശകലനം ചെയ്യുക.

Answer:

ഗൗളിജന്മം ദാർശനികഭാരമില്ലാതെയുള്ള കഥയാണ്. രസകരമായ ഒരു ചപലസ്വഭാവത്തിലൂടെ അത് തമാശയിലേക്ക് എത്തിക്കുന്നു. പൊതുവേ പ്രതികരണങ്ങൾ പല രൂപത്തിലാകാം. ഉറക്കെ ശബ്ദിച്ചും പതിയെയും മൗനമായും പ്രതികരണം കാണിക്കാം. ആഴത്തിൽ മുറിപ്പെട്ടവ കണ്ണീരായോ ഹാസ്യമായോ ആവിഷ്കരിക്കാം. ഒരുതരം മരവിപ്പും കാണാം. ഗ്രേസിയുടെ ഗൗളീജന്മം സ്ത്രീസ്വാതന്ത്ര്യം, ദാമ്പത്യം എന്നിവയിലുള്ള ഒരു ഇടപെടലാണ്. ഇത് രൂക്ഷമായ ക്രൗര്യത്തോടെയല്ല കാണിക്കുന്നത്.
ബുദ്ധനെക്കുറിച്ച് പറഞ്ഞതോടെ പെൺഗൗളിയുടെ ചോദ്യത്തിനു മുമ്പിൽ പതറിപ്പോകുന്നത് ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തലത്തിലും കാണുന്നതാണ്. ദമ്പതികളുടെ ജീവിതത്തിൽ പെണ്ണിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പെട്ടുപോകുന്ന ആണുങ്ങളുണ്ട്. പുരുഷൻ സങ്കൽപജീവിയാണെന്നും ഒരു കാര്യവും വെടിപ്പായി നേരായി പറയാൻ കഴിയാതെ വളച്ചൊടിച്ച് ബുദ്ധിജീവി ചമയുന്നവനാണെന്നും നാമറിയുന്നു. പെൺഗൗളിയാകട്ടെ വളരെ പ്രായോഗികമായി മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുന്നു.
'മമതയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണ'മെന്ന് തിരിച്ചറിയാൻ ബുദ്ധൻ ഭാര്യയേയും പുത്രനേയും ഉപേക്ഷിച്ച് ബോധോദയം വേണ്ടിവന്നു. എന്നാൽ അടുക്കളയിൽ പണിയെടുക്കുന്ന സ്ത്രീക്ക് ഇതറിയാമെന്ന പെൺഗൗളിയുടെ കണ്ടെത്തൽ ആൺഗൗളിയേയും പുരുഷവർഗ്ഗത്തേയും ഞെട്ടിക്കുന്നു. സ്ത്രീകൾ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് അധികം അറിയാതിരിക്കുന്നതാണ് നല്ലതെന്ന് ഭയപ്പെടുന്നവരിൽ ആൺഗൗളിയും പെട്ടു. ഈ അകപ്പെടൽ ഉയർത്തുന്ന അലകൾ സ്ത്രീയുടെ മുന്നേറ്റമാണ്. ആൺഗൗളിയുടെ അഭിമാനക്ഷതം കൊല്ലുന്ന ഹാസ്യമാണ്.

Exam Tips:

a) പ്രധാന ആശയം ഒറ്റ വാക്യത്തിൽ പറയുക: ബുദ്ധൻ ത്യാഗത്തിലൂടെ നേടിയ അറിവ് അടുക്കളയിൽ പണിയെടുക്കുന്ന സ്ത്രീക്ക് സ്വാഭാവികമായി അറിയാം എന്നത് പുരുഷന്റെ ദാർശനിക ഭാവത്തോടുള്ള വിമർശനമാണ്.
b) പെൺഗൗളിയുടെ പ്രായോഗികതയും ആൺഗൗളിയുടെ വളച്ചൊടിച്ച ദാർശനികതയും താരതമ്യം ചെയ്ത് എഴുതുക.

 

Question 14: "പഴയതലമുറയ്ക്ക് തലയില്ല പുതിയ തലമുറയ്ക്കു മുറയില്ല" (കുഞ്ഞുണ്ണി)
"ഇപ്പോഴത്തെ മനുഷ്യർ തലച്ചോറിനാണ് മുൻതൂക്കം കൊടുക്കുന്നത് ഹൃദയത്തിനല്ല" (ഗൗളിജന്മം - ഗ്രേസി)
- ഒരേ നിരീക്ഷണമാണോ രണ്ട് എഴുത്തുകാരും പങ്കു വയ്ക്കുന്നത്? തന്നിരിക്കുന്ന സാഹിത്യഭാഗങ്ങളെ വിശകലനം ചെയ്ത് കുറിപ്പു തയ്യാറാക്കുക.

Answer:

മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷിന്റെ വരികളിൽ ആധുനിക തലമുറയുടെ മനുഷ്യത്വരാഹിത്യത്തെപ്പറ്റിയാണ് പരാമർശിക്കുന്നത്. ബുദ്ധിയേക്കാളുപരി വൈകാരികമായി ചിന്തിച്ചിരുന്നവരായിരുന്നു നമ്മുടെ പൂർവ്വികർ; അവർ മനുഷ്യത്വത്തിന് കൂടുതൽ ഊന്നൽ നൽകിയിരുന്നു. എന്നാൽ ആധുനിക തലമുറയിൽപ്പെട്ടവർ പ്രായോഗികതയ്ക്കാണ് കൂടുതൽ ഊന്നൽ നൽകുന്നതെന്ന് 'ഗൗളിജന്മം' കഥ നമുക്ക് കാട്ടിത്തരുന്നു.
ഗ്രേസിയുടെ 'ഗൗളിജന്മം' എന്ന കഥയിൽ മരണാസന്നനായ ചെറുപ്പക്കാരനെ കാണാനെത്തുന്ന സന്ദർശക ദയയില്ലാതെ അയാളോടു സംസാരിക്കുന്നു. തുടർന്ന് ഗർഭിണിയായ അയാളുടെ ഭാര്യയോട് അബോർഷനെക്കുറിച്ചു പറയുന്നു. ഈ സന്ദർഭത്തിൽ ആൺപല്ലി പെൺപല്ലിയോട് പറയുന്നതാണ് ഈ വരികൾ. മനുഷ്യൻ ഹൃദയത്തിനല്ല, തലച്ചോറിനാണ് പ്രാധാന്യം നൽകുന്നത്. ചെറുപ്പക്കാരൻ മരിക്കുകയും, ചെറുപ്പക്കാരി പ്രസവിക്കുകയും ചെയ്താൽ കുഞ്ഞിനു കിട്ടുക 'തന്തയെത്തീനി' എന്ന പേരായിരിക്കുമല്ലോ. ആ പാവം കുഞ്ഞിന്റെ ലോകജീവിതം എങ്ങനെ ആയിരിക്കും? - ആൺപല്ലി തുടർന്നു പറഞ്ഞു. ഇവിടെ ഭർത്താവിന്റെ മരണം ഒരു സ്ത്രീയെ എങ്ങനെ ബാധിക്കുന്നു എന്നതും സന്ദർശകയുടെ മനുഷ്യത്വമില്ലായ്മയും വെളിപ്പെടുന്നു. രണ്ടെഴുത്തുകാരും ഒരേ വീക്ഷണം തന്നെയാണ് പങ്കു വയ്ക്കുന്നത്.

Exam Tips:

a) ഉത്തരത്തിന്റെ തുടക്കത്തിൽ 'അതെ, ഇരുവരും ഒരേ നിരീക്ഷണമാണ് പങ്കുവയ്ക്കുന്നത്' എന്ന് വ്യക്തമാക്കുക.
b) രണ്ടു വരികളുടെയും സന്ദർഭം പ്രത്യേകം എഴുതുക.

 

Question 15: ആതുരശുശ്രൂഷാരംഗത്തെ കാപട്യത്തെ തുറന്നുകാട്ടുന്നതാണ് ഗൗളീജന്മം എന്ന കഥ വ്യക്തമാക്കുക.

Answer:

ആതുര ശുശ്രൂഷാരംഗത്തെ കാപട്യത്തെ തുറന്നു കാണിക്കുന്ന ഒരു സന്ദർഭമാണ് 'ഗൗളിജന്മം' കഥയിലെ ഡോക്ടറുടെ വരവ്. അപ്പോൾ ആൺപല്ലി പറഞ്ഞു: സത്യത്തിൽ ആ ചെറുപ്പക്കാരനെ കൊലയ്ക്കു കൊടുത്തത് ഈ ഭയങ്കരനാണ് (ഡോക്ടറാണ്). അപകടത്തിലേറ്റ പരുക്കുമൂലമല്ല ആ ചെറുപ്പക്കാരൻ മരിക്കാൻ പോകുന്നത്, മഞ്ഞപ്പിത്തം മൂലമാണ്. ജനറൽ ഫിസിഷ്യനു റഫർ ചെയ്തു പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു അത്. എന്നാൽ ഡോക്ടറുടെ ഈഗോ അതിന് അനുവദിച്ചില്ല. കിശോർലാലിന്റെ വർഗം (പൊൻകുന്നം വർക്കിയുടെ കഥയിലെ മികച്ച ഡോക്ടർ) ഇന്നില്ലല്ലോ. ഇങ്ങനെ സാന്ദർഭികമായിട്ടുള്ള പരാമർശങ്ങളെപ്പോലും നിശിതമായ സാമൂഹിക വിമർശനത്തിന് ഉപയോഗിക്കുകയാണ് കഥാകാരിയായ ഗ്രേസി.

Exam Tips:

a) യുവാവിന്റെ മരണകാരണം (മഞ്ഞപ്പിത്തം, ഡോക്ടറുടെ ഈഗോ) വ്യക്തമായി എഴുതുക.
b) കിശോർലാലുമായുള്ള താരതമ്യം ഉത്തരത്തിൽ ഉൾപ്പെടുത്തുക.

 

Question 16: 'ഗൗളിജന്മം' എന്ന കഥയിൽ ശ്രീബുദ്ധനെ പരാമർശവിധേയമാക്കുന്നത് എങ്ങനെ?

Answer:

'ഗൗളിജന്മം' എന്ന കഥയിലെ ആൺപല്ലി മുൻജന്മത്തിൽ ഒരു കഥാകൃത്തായിരുന്നുവത്രേ! ഇതുകേട്ട പെൺപല്ലി, തനിക്ക് പൂർവജന്മം ഓർമ്മിക്കാനാവാത്തതിനെക്കുറിച്ച് പറഞ്ഞു. അതിന് 'ബോധോദയം' വേണമെന്ന ആൺപല്ലിയുടെ പറച്ചിലിലാണ് ബുദ്ധനെ കഥയുടെ സന്ദർഭത്തിലേക്ക് കൊണ്ടുവരുന്നത്.
അങ്ങനെ, പ്രാപഞ്ചിക ദുഃഖത്തിന്റെ കാരണം അന്വേഷിച്ച്, സർവവും ഉപേക്ഷിച്ച് ബോധിവൃക്ഷച്ചുവട്ടിൽ തപസിരിക്കെ ലഭിച്ചതാണ് ബോധോദയം എന്നു വിശദീകരിക്കേണ്ടി വന്നു ആൺപല്ലിക്ക്. മമതയാണ് സർവ ദുഃഖങ്ങൾക്കും കാരണം എന്ന ബോധമാണ് ബുദ്ധനുണ്ടായത്. ഇതുകേട്ട് പെൺപല്ലി പൊട്ടിച്ചിരിച്ചു.
"ഇതു കണ്ടെത്താനാണോ ആ പാവം രാജകുമാരൻ ഇക്കണ്ട ത്യാഗങ്ങളൊക്കെ സഹിച്ചത്. അടുക്കളച്ചുവരുകൾക്കുള്ളിൽ കരിയും പുകയും പിടിച്ചു കിടക്കുന്ന പെണ്ണുങ്ങൾക്കുപോലും ഇതറിയാമല്ലോ!" ഇങ്ങനെ പെൺപല്ലി പറഞ്ഞ് വസാനിപ്പിക്കുമ്പോൾ ബോധോദയം എന്ന ആൺ അഹന്ത പൊളിയുകയാണ് ചെയ്യുന്നത്.

Exam Tips:

a) ബുദ്ധൻ കഥയിൽ വരുന്നത് ആൺപല്ലിയുടെ 'ബോധോദയം' എന്ന വാക്കിലൂടെയാണെന്ന് ആദ്യം പറയുക.
b) പെൺപല്ലിയുടെ പൊട്ടിച്ചിരിയും മറുപടിയും എഴുതി 'ആൺ അഹന്തയുടെ തകർച്ച' എന്ന നിഗമനത്തിൽ ഉപസംഹരിക്കുക.

 

Question 17: 'മനുഷ്യൻ ഹൃദയത്തിനല്ല, തലച്ചോറിനാണ് പ്രാധാന്യം നൽകുന്നത്' - സന്ദർഭം വ്യക്തമാക്കുക.

Answer:

ഗ്രേസിയുടെ ഗൗളീജന്മം എന്ന കഥയിൽ മരണാസന്നനായ ചെറുപ്പക്കാരനെ കാണാനെത്തുന്ന സന്ദർശക ദയയില്ലാതെ അയാളോടു സംസാരിക്കുന്നു. തുടർന്ന് ഗർഭിണിയായ അയാളുടെ ഭാര്യയോട് അബോർഷനെക്കുറിച്ചു പറയുന്ന സന്ദർഭത്തിൽ ആൺപല്ലി പെൺപല്ലിയോട് പറയുന്നതാണ് ഈ സന്ദർഭം. മനുഷ്യൻ ഹൃദയത്തിനല്ല, തലച്ചോറിനാണ് പ്രാധാന്യം നൽകുന്നത്.
ചെറുപ്പക്കാരൻ മരിക്കുകയും, ചെറുപ്പക്കാരി പ്രസവിക്കുകയും ചെയ്താൽ കുഞ്ഞിനു കിട്ടുക 'തന്തയെത്തീനി' എന്ന പേരായിരിക്കുമല്ലോ. ആ പാവം കുഞ്ഞിന്റെ ലോകജീവിതം എങ്ങനെ ആയിരിക്കും? - ആൺപല്ലി തുടർന്നു പറഞ്ഞു. ഇവിടെ ഭർത്താവിന്റെ മരണം ഒരു സ്ത്രീയെ എങ്ങനെ ബാധിക്കുന്നു എന്നതും സന്ദർശകയുടെ മനുഷ്യത്വമില്ലായ്മയും വെളിപ്പെടുന്നു.

Exam Tips:

a) സന്ദർഭം എഴുതുമ്പോൾ ആര്, ആരോട്, എപ്പോൾ പറഞ്ഞു എന്നതും തുടർന്നുള്ള വാക്കുകളും ചേർക്കുക.

 

6 Mark Questions and Answers

Question 18: 'ഗൗളിജന്മം' എന്ന കഥയിലൂടെ ഗ്രേസി അവതരിപ്പിക്കുന്ന സാമൂഹിക വിമർശനതലം എന്ത്? കഥ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതിയത്. എല്ലാ വരുടെയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴുതിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ടത്രേ. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥയെഴുതി.
ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണുവാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്. വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരുക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹസങ്കല്പത്തെക്കുറിച്ച്, പുരുഷാധിപത്യത്തെ സംബന്ധിച്ച്, സ്ത്രീസമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങുന്നുണ്ട്.
യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്യത്തിന്റെ ഭാവി നമുക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസവിച്ചോ എന്നറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിടയുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനുഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയാണ്.
സന്ദർശകയുടെ ദാമ്പത്യസങ്കല്പം വളരെ ക്രൂരമാണ്. അവർ വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാറായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചുകഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു. ഇത് വിദേശസംസ്കാരത്തിന്റെ വിവാഹസങ്കല്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവിക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായിരിക്കേ മറ്റൊരാളെയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസരിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശസംസ്കാരത്തിൽ സാധാരണമാണ്. ആരതി ഉൾക്കൊള്ളുന്ന ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബവ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണുന്നവളാണ് ഇതിലെ സന്ദർശക.
ഈ കുടുംബം തകർന്നാൽ മറ്റൊന്ന്. അതും തകർന്നാൽ? കുടുംബത്തിന് പകരമെന്ത്? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ടതില്ല. വിവാഹം പവിത്രമാണെന്നും വിവാഹശേഷവും വിധവയായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മകളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്. ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചടങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആരതിയുഴിയുന്നു. ഭർത്താവിവിടെ മരിക്കാറായി. അതിൽനിന്നും പകർന്ന അഗ്നിയാണ് ഭാര്യയുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചത്തെയാണ് വെളിച്ചം കാണിക്കാതെ കെടുത്തുന്നത്. സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്നപ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു.
ഡോക്ടർമാർ എത്തിക്സ് കൈവിടുന്നത് ഇതിലുണ്ട്. അപകടത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ടറാണ്. അപകടത്തിലെ പരിക്കല്ല മരണകാരണം, മഞ്ഞപ്പിത്തമാണ്. ഒരു ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തിക്സിനെ തകർത്തു.
പുരുഷാധിപത്യത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറിയാം. മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാണത്രെ ബുദ്ധന്റെ ബോധോദയം. ഇതു പറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു. എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശിക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിശോരലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയജന്മത്തിലെ കഥാകൃത്തായതുകൊണ്ടാണെന്നും ആൺഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമൂഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽനിന്നും മാറി ബുദ്ധിജീവി ചമയുന്ന എഴുത്തുകാരുടെ മൂഢമായ ഈഗോയാണ് കഥാകൃത്ത് തുറന്നുപറയുന്നത്.
ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ നൃശംസ്യതയേക്കാൾ ഒരുപക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാക്കുന്ന ഈഗോയാണ്. മനഃസാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവനരംഗങ്ങൾ മാറിയിരിക്കുന്നു.
നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധനാഴ്ച തെക്കുപടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ചയെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടായിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മനസ്സിന്റെ സ്വൈര്യമില്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മലയാളികൾക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢവിശ്വാസങ്ങളെ കാണിക്കുന്നു.
സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്കലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടിയിൽനിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം? അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളിക്കളയുന്നു. ഏതുപെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭവങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു.
യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരുഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺഗൗളിയിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന, പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരുഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാവിത്തമാണ് ആൺഗൗളിക്കുള്ളത്. സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരുഷനെ എതിർക്കുന്നു. ബുദ്ധൻ ഭാര്യയേയും മകനേയും ഉപേക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽനിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രീ ദുഃഖത്തിന്റെ പൊതുവായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭവത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.
ബുദ്ധന്റെ ദാർശനികതയ്ക്കു പകരം, അഥവാ പുരുഷന്റെ അഹങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണീ കഥ. മമതയാണ് ദുഃഖത്തിന് കാരണമെങ്കിൽ പുരുഷനാണ് സ്ത്രീദുഃഖത്തിന്റെ കാരണം. ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽനിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടികളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.

Exam Tips:

a) ഉത്തരം ഉപശീർഷകങ്ങളുടെ ക്രമത്തിൽ ചിട്ടപ്പെടുത്തുക: ദാമ്പത്യ/വിവാഹസങ്കല്പം, ഡോക്ടർമാരുടെ എത്തിക്സ്, പുരുഷാധിപത്യം, മൂഢവിശ്വാസം, സ്ത്രീസ്വാതന്ത്ര്യം.
b) ഓരോ വിഷയത്തിനും കഥയിൽനിന്ന് ഒരു ഉദാഹരണം (സന്ദർശകയുടെ ഉപദേശം, ഡോക്ടറുടെ ഈഗോ, ആൺഗൗളിയുടെ ബോധോദയം, പെൺഗൗളിയുടെ ഇറങ്ങിപ്പോക്ക്) നൽകുക.
c) ആറു മാർക്കിന് ഏറ്റവും പ്രധാനപ്പെട്ട മൂന്നോ നാലോ തലങ്ങൾ വിശദമാക്കിയാൽ മതിയാകും.

 

Question 19: "എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാനുള്ളവളാണ് നീ എന്ന കാര്യം വിസ്മരിക്കേണ്ട" (ഗൗളിജന്മത്തിലെ ആൺഗൗളി)
"പെണ്ണായാൽ ചോറും കറിയും വയ്ക്കണം, പെറണം" (ഓർമ്മയുടെ ഞരമ്പിലെ ഭർതൃമാതാവ്)
- പുരുഷാധിപത്യ സമൂഹത്തിന് സ്ത്രീയെക്കുറിച്ചുള്ള പൊതുബോധമാണോ മേൽ പറഞ്ഞ പ്രസ്താവനകളിൽ പ്രകടമാകുന്നത്? പെൺഗൗളി എങ്ങനെ ആ ധാരണയെ അട്ടിമറിക്കുന്നു? വിശദമാക്കുക.

Answer:

ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കാലഘട്ടവും സ്ത്രീജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാലത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളാണ്; ഭർത്താവിനെ ആദരിക്കുന്നവളുമാണ്. എന്നാൽ ആൺഗൗളി പറഞ്ഞവയിൽനിന്ന് സ്ത്രീജീവിതത്തിന്റെ സ്വതന്ത്രലോകത്തെക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു; അതിൽ അവൾ ജീവിക്കാൻ തീരുമാനിക്കുന്നു.
ആൺഗൗളിയെ ജീവിതത്തിൽനിന്നും പുറത്താക്കുന്നു. പെൺഗൗളി ജീവിതത്തിൽ പുതുമ തേടുകയും ഭർത്താവിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീജീവിതത്തിൽ ദാമ്പത്യത്തിന്റെ ചട്ടക്കൂടില്ല. അവൾ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്യം നൽകുന്നു. ദാമ്പത്യം ഒരു ബന്ധനമാകാൻ അവൾ ആഗ്രഹിക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുകയും അവരെ സംരക്ഷിക്കുകയുമാണ് ദാമ്പത്യമെങ്കിൽ പെൺഗൗളി അതിനെതിരായി മാറുന്നു. സ്ത്രീജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താവിന്റെ പേരിൽ അറിയപ്പെടുകയും ചെയ്യുന്നതും പെൺഗൗളി ഇഷ്ടപ്പെടുന്നില്ല.
പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺഗൗളിയുടെ ജീവിതത്തിൽനിന്നുള്ള ഒരു ഇറങ്ങിപ്പോക്കാണ്. പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശകയുടെ സംസാരത്തിൽനിന്ന് പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കളപ്പണി ചെയ്യുന്ന സ്ത്രീക്കുണ്ടെന്ന് അവൾ കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യത്തിൽ ദാമ്പത്യം ഉപേക്ഷിക്കുന്നു. ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്; അതിൽ കേന്ദ്രം പുരുഷനാണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവർ ചെയ്യേണ്ടത്. പുരുഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺഗൗളി ക്ഷണിക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. ഇത് ഓർമ്മയുടെ ഞരമ്പിലെ വൃദ്ധയ്ക്ക് സാധിച്ചിട്ടില്ല. അത് പെൺഗൗളിയെ വ്യത്യസ്തയാക്കുന്നു. ബോധോദയം ലഭിച്ച് ശ്രീബുദ്ധൻ ഭാര്യയേയും പുത്രനേയും ഉപേക്ഷിച്ചതുപോലെ തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു.
ഓർമ്മയിലെ ഞരമ്പിലെ വൃദ്ധ തിരിച്ചറിവ് വന്ന് മൂന്നാമത്തെ കഥയെഴുതിയത് 'ദുർമ്മരണം' എന്ന കഥയോ വൃദ്ധയുടെ ആത്മഹത്യയോ ആണോയെന്ന് വായനക്കാരൻ ആശങ്കിക്കുന്നു. രണ്ടായാലും വൃദ്ധ പരാജിതയാണ്. ശാസ്ത്രകാലഘട്ടത്തിലും ഗൗളിയുടെ ചിലയ്ക്കൽ കേട്ട് വിശ്വസിക്കുന്നുണ്ടെങ്കിലും ആധുനിക കാലഘട്ടത്തിലെ ചില സാഹചര്യങ്ങൾ സ്വതന്ത്രചിന്തയ്ക്കും അവയുടെ സാധ്യതയ്ക്കും അവസരം നൽകുന്നുണ്ട്. അതാണ് പെൺഗൗളിക്ക് ജീവിതം നൽകിയത്. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയുന്നു. ഓർമ്മയുടെ ഞരമ്പിലെ വൃദ്ധയും ഇതറിയുന്നുണ്ട്. എന്നാൽ വൃദ്ധയുടെ കാലത്തിന്റെ സമൂഹം പരിഷ്കൃതമല്ല, സ്ത്രീപക്ഷ ചിന്തകളില്ലാത്തതാണ്. അതിൽ പുരുഷൻ തന്നെയാണ് കേന്ദ്രം. വൃദ്ധ തന്റെ ജീവിതംകൊണ്ട് പുരുഷകേന്ദ്രമായ ലോകത്തിന് വിധേയമായെങ്കിൽ സ്ത്രീ തന്റെ ജീവിതംകൊണ്ട് പുരുഷന്റെ കേന്ദ്രസ്ഥാനത്തെ ഉടച്ചുപണിയുന്നു.
കാലങ്ങളായി ലഭിച്ച സാമൂഹ്യ അംഗീകാരം ഒരു വിഗ്രഹംപോലെ ആൺഗൗളിയിലെ പുരുഷനെ കാത്തുസൂക്ഷിക്കുന്നത് പെൺഗൗളിയുടെ ഒരൊറ്റ നിഷേധത്തിൽ ഇല്ലാതാകുന്നു. അതിനാൽ രണ്ടു വ്യത്യസ്ത കാലങ്ങളുടെ സ്പന്ദനങ്ങൾ വഹിക്കുന്ന വൃദ്ധയും പെൺഗൗളിയും തികച്ചും വ്യത്യസ്തരാണ്. അവരുടെ മാനസികലോകവും വ്യത്യസ്തമാണ്. പെൺഗൗളിയുടെ മനസ്സിൽ തിരിച്ചറിവുകൾ ഉണ്ടാകുന്നത് സാഹചര്യങ്ങളിലൂടെയാണ്. ആൺഗൗളിയുടെ ഇടപെടലും യുവതിയുടെ അവസ്ഥയും പെൺഗൗളിയുടെ ഭാവിയെ തുറിച്ചുനോക്കി. അതിൽ പെൺഗൗളി പ്രതികരിക്കുന്നത് വളരെ സ്വതന്ത്രമായിട്ടാണ്. എന്നാൽ വൃദ്ധയാകട്ടെ മനസ്സിനകത്ത് സംഘർഷം നിറഞ്ഞവളാണ്. എഴുത്തിന്റെ ചിന്തകളും അസ്തിത്വവിഷമങ്ങളും അനുഭവിക്കുന്നവളാണ്. അവർക്ക് ഈ സംഘർഷങ്ങളിൽനിന്നും മുക്തയാകാൻ കഴിഞ്ഞില്ല. സർഗ്ഗാത്മക രചനകളിൽ സാഫല്യം കണ്ടെത്തുന്നതും അത് ലഭിച്ചില്ലെങ്കിൽ അടിപതറുന്നതുമാണ് വൃദ്ധയുടെ ജീവിതം. പെൺഗൗളിക്ക് സർഗ്ഗപരമായ വേദനകൾ തികഞ്ഞ പ്രായോഗിക ജീവിതത്തിലെ തിരിച്ചറിവായി, അത് പ്രാവർത്തികമാകുന്നു. അതുകൊണ്ട് രണ്ടറ്റങ്ങളിൽ നിൽക്കുന്നവരാണ് ഇരുവരും.

Exam Tips:

a) ആദ്യം രണ്ടു പ്രസ്താവനകളും പുരുഷാധിപത്യ സമൂഹത്തിന്റെ പൊതുബോധമാണെന്ന് സമ്മതിക്കുക (സ്ത്രീ = കുഞ്ഞുങ്ങളുടെ അമ്മ, അടുക്കളപ്പണി).
b) പെൺഗൗളിയുടെ മറുപടിയും ഇറങ്ങിപ്പോക്കും ഈ ധാരണയെ എങ്ങനെ അട്ടിമറിക്കുന്നു എന്ന് ഒരു ഖണ്ഡികയിൽ വിശദമാക്കുക.
c) 'ഓർമ്മയുടെ ഞരമ്പി'ലെ വൃദ്ധയും പെൺഗൗളിയും തമ്മിലുള്ള വ്യത്യാസം (കാലം, സ്വാതന്ത്ര്യം, സംഘർഷം) പറഞ്ഞ് അവസാനിപ്പിക്കുക.

 

Question 20: "നിങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മയാവാൻ ഏതു പെൺഗൗളിക്കും കഴിയും. പക്ഷേ ഇത് ഞാൻ തന്നെ കണ്ടെത്തേണ്ട കാര്യമാണ്. തന്നെയുമല്ല പെണ്ണുങ്ങളെക്കൊണ്ട് എന്തൊക്കെ സാധിക്കുമെന്ന് എനിക്കറിയേണ്ടതുണ്ട്". പെൺഗൗളിയുടെ ഈ വാക്കുകൾ - മുന്നോട്ടുവയ്ക്കുന്ന സ്ത്രീസങ്കല്പം എന്ത്? 'ഗൗളിജന്മം' എന്ന കഥയെ ആസ്പദമാക്കി വിവരിക്കുക.

Answer:

ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാലത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളും ഭർത്താവിനെ ആദരിക്കുന്നവളുമാണ്. ആൺഗൗളി പറഞ്ഞവയിൽനിന്ന് സ്ത്രീജീവിതത്തിന്റെ സ്വാതന്ത്ര്യലോകത്തെക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു; അതിൽ ജീവിക്കാൻ തീരുമാനിക്കുന്നു. ആൺഗൗളിയെ ജീവിതത്തിൽനിന്നും പുറത്താക്കി, ജീവിതത്തിൽ പുതുമ തേടുകയും ഭർത്താവിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.
അവൾ കണ്ടെത്തിയ സ്ത്രീജീവിതത്തിൽ ദാമ്പത്യത്തിന്റെ ചട്ടക്കൂടില്ല. സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും അവൾ പ്രാധാന്യം നൽകുന്നു. ദാമ്പത്യം ഒരു ബന്ധനമാകാൻ അവൾ ആഗ്രഹിക്കുന്നില്ല. കുഞ്ഞുങ്ങളെ ഉണ്ടാക്കി സംരക്ഷിക്കലാണ് ദാമ്പത്യമെങ്കിൽ പെൺഗൗളി അതിനെതിരാണ്. സ്ത്രീജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ അവൾ തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താവിന്റെ പേരിൽ അറിയപ്പെടുന്നതും അവൾക്ക് ഇഷ്ടമല്ല. പുതിയ അനുഭവങ്ങൾ നേടാനാണ് യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത്; അത് ആൺഗൗളിയുടെ ജീവിതത്തിൽനിന്നുള്ള ഇറങ്ങിപ്പോക്കാണ്.
പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശകയുടെ സംസാരത്തിൽനിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കളപ്പണി ചെയ്യുന്ന സ്ത്രീക്കുണ്ടെന്ന് അവൾ കണ്ടെത്തി. ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്, അതിൽ കേന്ദ്രം പുരുഷനാണ്, അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് സ്ത്രീ ചെയ്യേണ്ടത്. ഈ വ്യവസ്ഥിതിയിലേക്ക് ആൺഗൗളി ക്ഷണിക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയുന്നു; ഇവിടെ അവൾ പ്രതികരിക്കുന്നത് സ്വതന്ത്രമായിട്ടാണ്.

Exam Tips:

a) പെൺഗൗളി മുന്നോട്ടുവയ്ക്കുന്ന സങ്കല്പം ഒറ്റ വാക്യത്തിൽ ആദ്യം പറയുക: സ്ത്രീ സ്വന്തം ജീവിതം സ്വയം കണ്ടെത്തുന്ന സ്വതന്ത്ര വ്യക്തിയാണ്, പുരുഷന്റെ കുഞ്ഞുങ്ങളുടെ അമ്മ മാത്രമല്ല.
b) ദാമ്പത്യം ഒരു തടവറ എന്ന ബോധവും ബുദ്ധനുമായുള്ള താരതമ്യവും ഉൾപ്പെടുത്തുക.

 

Question 21: ഗൗളികളുടെ വീക്ഷണകോണിലൂടെ കഥ പറയുന്ന തന്ത്രം കഥാകാരി സ്വീകരിച്ചതുകൊണ്ട് കഥയ്ക്ക് കൈവന്ന സവിശേഷതകൾ അപഗ്രഥിച്ചെഴുതുക.

Answer:

ഈ കഥയിൽ ഗൗളി സാക്ഷിയാണ്. ആശുപത്രിയിലെ നിശ്ചലദൃശ്യം പോലെ തോന്നുന്ന രംഗം അവർ കാണുന്നു; അതിൽ ഇടപെടുന്നു. ഒടുവിൽ ദൃശ്യത്തെ പറഞ്ഞുപറഞ്ഞിരിക്കെ ആൺഗൗളി അഹങ്കാരിയാകുന്നു. പെൺഗൗളി തിരിച്ചറിവുണ്ടായി ആൺഗൗളിയെ ഉപേക്ഷിക്കുന്നു.
ഇതാണ് ഈ കഥയുടെ ഉള്ളിലെ നൂല്. ഗൗളികളിൽ തുടങ്ങി ഗൗളികളിൽ അവസാനിക്കുന്ന ഈ കഥ ധ്വനിസാധ്യതകൾ നിറഞ്ഞതാണ്. സാക്ഷികളായ ഗൗളികളെക്കുറിച്ചും ആശുപത്രിയിലെ രോഗികളെക്കുറിച്ചും സന്ദർശകരെക്കുറിച്ചും പറയുന്നതാണ് കഥ. സാക്ഷികളുടെ വീക്ഷണം ആൺഗൗളിയാണ് നയിച്ചത്. ആൺഗൗളിയുടെ മുൻജന്മാനുഭവം കൂടി കഥയിൽ ചേരുന്നുണ്ട്. പെൺഗൗളി ആൺഗൗളിയുടെ ദാമ്പത്യത്തിൽ ഒതുങ്ങിക്കൂടുകയായിരുന്നു. ആൺഗൗളിയുടെ ചില പ്രവചനങ്ങൾ ശരിയായി തീർന്നു. മുൻജന്മം അറിയില്ലെങ്കിലും ഈ ജന്മത്തിന്റെ തിരിച്ചറിവിലേക്കായി പെൺഗൗളി ഇറങ്ങിയിരിക്കുന്നു. യുവാവും ആൺഗൗളിയും കഥയിൽ ഒന്നായി മാറുന്നു.
പെൺഗൗളിയും മൗനിയായ യുവതിയും വാചാലയായ സന്ദർശകയും സ്ത്രീയുടെ വിവിധ ജ്ഞാനതലങ്ങളെ കാണിക്കുന്നു. മറ്റുള്ളവരുടെ ജീവിതം കാണുന്ന ഗൗളിയും മാറുന്നു. ഇതാണ് ഗൗളിജന്മം കഥയുടെ ഘടന. യുവാവ് മരണപ്പെടുന്നതും യുവതി കാൽക്കീഴിൽ ഇരിക്കുന്നതും ദാർശനികമായ മടുപ്പ് തോന്നാത്ത വിധത്തിൽ ആവിഷ്കരിക്കാൻ കഴിഞ്ഞത് ഈ സാക്ഷികൾ കഥ പറയുന്ന രീതി സ്വീകരിച്ചതാണ്. യുവാവിന്റെ മരണവും യുവതിയുടെ അനാഥത്വവും നമ്മെ ജീവിതത്തിന്റെ നെടുവീർപ്പുകളിലേക്കോ വിമുഖതയിലേക്കോ തള്ളിമാറ്റുന്നില്ല. യുവതിയുടെ ജീവിതം കാണാൻ ബാഗിലേക്ക് പെൺഗൗളി ചാടിക്കയറുന്നതോടെ ആൺഗൗളിയുടെ എല്ലാവിധ മേധാവിത്വവും തീരുന്നു. മാത്രമല്ല ദാമ്പത്യമെന്നതിന്റെ പൊരുളിൽ പെൺഗൗളി തിരുത്തൽ നടത്തി. മറ്റ് പെൺഗൗളികളിൽ ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകാമെന്നത് ആൺഗൗളിയുടെ കുടുംബനാഥപദവിക്കേറ്റ അടിയായി. ഈ ഗൗളികഥയിലൂടെയാണ് യുവാവിന്റെയും യുവതിയുടെയും ജീവിതങ്ങളെ വായനക്കാർ അടുത്തറിയുന്നത്. സാക്ഷിയായ ഗൗളി കഥയുടെ പുറത്തുനിന്നും കഥയിലേക്ക് ചാടിക്കയറുകയാണുണ്ടായത്.
അതാണ് ബാഗിലേക്കുള്ള ചാട്ടം കാണിക്കുന്നത്. കഥാരംഭത്തിൽ ഗൗളികളുടെ ദാമ്പത്യം അവതരിപ്പിച്ച അതേ ലാഘവത്തിലാണ് സന്ദർശകയും നിൽക്കുന്നത്. അതിനാൽ ഗൗളികളുടെ വീക്ഷണകോണിലൂടെ കഥ പറഞ്ഞപ്പോൾ മനുഷ്യൻ ഉയർത്തിപ്പിടിച്ച സംസ്കാരങ്ങളുടെ ദയനീയമായ അവസ്ഥ നമ്മെ ചിന്തിപ്പിക്കുന്നു. കഥാന്ത്യത്തിലെ രംഗം ഹാസ്യമുണർത്തുന്നു. ക്രൂരമായ ഫലിതത്തിൽ ആൺഗൗളിയുടെ കഥ കഴിയുകയാണ്. തന്റെ അഹന്ത സ്ത്രീ അടുക്കളയിൽ കഴിഞ്ഞതിന്റെ സമ്പാദ്യമാണെന്ന് തിരിച്ചറിവിൽ ആൺഗൗളിയെത്തുന്നത് ദയനീയമായ, ക്രൂരമായ കറുത്ത ഹാസ്യത്തിൽ ആവിഷ്കരിക്കുന്നു.
സാക്ഷിയുടെ വിവരണവും നിരീക്ഷണവും കഥയെ സെന്റിമെൻസുകളിൽനിന്ന് മാറ്റുന്നു. യുവാവിന്റെയും ഭാര്യയുടെയും സന്ദർശകയുടെയും ജീവിതത്തിൽ ഗൗളികൾ ഇടപെടുന്നു. മരണം സൂചിപ്പിക്കുന്ന ചിലയ്ക്കൽ പെൺഗൗളി ചെയ്യുന്നു. ഇവരുടെ സംഭാഷണവും ഭാവിയും പറയുന്നത് ആൺഗൗളിയും. ആൺഗൗളിക്ക് ദാർശനികമായ ഭാവം ലഭിക്കുമ്പോൾ പെൺഗൗളി വളരെ പ്രായോഗികമായ തിരിച്ചറിവുകൾ കണ്ടെത്തുന്നു. ആൺഗൗളിയുടെ ദാർശനിക വീക്ഷണത്തിലാണ് യുവാവും ഭാര്യയും സന്ദർശകയും പെരുമാറുന്നത്. ഈ വീക്ഷണത്തിന്റെ പ്രവചനസ്വഭാവം കൂടി ആൺഗൗളി പറയുന്നതിലുണ്ട്. യുവതി കുഞ്ഞിനെ പ്രസവിക്കില്ലെന്ന അറിയിപ്പ് ആൺഗൗളിയുടെ ദാർശനിക ഭാവത്തിൽനിന്നും ഉണ്ടായതാണ്. ഈ വീക്ഷണത്തിൽ കഥ മുന്നോട്ടു പോകുന്നു. അവിടെ കഥയുടെ കഥാഗാരവം ആൺഗൗളിയുടെ ദർശനത്തിലാണ് ആവിഷ്കരിക്കപ്പെടുന്നത്. അതിനാൽ ഈ കഥ മരണത്തിന്റെ ഗൗരവതരമായ അന്തരീക്ഷം ഉണ്ടാക്കി അതിഭാവുകത്വത്തിലേക്കോ സെന്റിമെൻസിലേക്കോ വഴി മാറുന്നില്ല. പെൺഗൗളിയുടെ ഇടപെടലുകൾ യാദൃച്ഛികങ്ങളായിരുന്നു. അത് ഈ കഥയിൽ സംഘർഷം ഉണ്ടാക്കുന്നു. മനുഷ്യർ കണ്ടുമുട്ടുമ്പോൾ മരണസാഹചര്യത്തിൽപ്പോലും കാണിക്കുന്ന ക്രൂരമായ അഭിപ്രായപ്രകടനങ്ങൾ ഞെട്ടിച്ചത് പെൺഗൗളിയെയാണ്. ഇതാണ് കഥയിൽ ആൺഗൗളി രൂപപ്പെടുത്തിയ ദാർശനികമായ ഒരുതരം നിർമ്മമതയ്ക്ക് (മരവിപ്പും നിഷ്ക്രിയത്വവും) തടസ്സം നിന്ന് കഥയെ മനുഷ്യന്റെ ജീവസ്സുറ്റ പ്രതികരണങ്ങളിലേക്ക് നയിച്ചത്.
എല്ലാമറിയുന്ന ആൺഗൗളിയുടെ മരവിപ്പ്, മരണപ്പെടുന്ന വ്യക്തിയുടെ രംഗത്തെ നിസ്സാരതയിൽ കാണിച്ചെങ്കിൽ ഒന്നുമറിയാത്ത പെൺഗൗളിയുടെ ജിജ്ഞാസ കഥയെ ലൈവാക്കി നിർത്തുന്നു. ബാഗിലേക്ക് പ്രവേശിക്കുന്ന പെൺഗൗളിയുടെ ജാഗ്രത സ്ത്രീമനസ്സിന്റെ സ്വാതന്ത്ര്യത്തെ കാണിക്കുന്നു. അങ്ങനെ പുരുഷൻ ഉണ്ടാക്കിയ നൂറ്റാണ്ടുകളുടെ മരവിപ്പിനെ പെൺഗൗളി തകർക്കുന്നു. അങ്ങനെ ദാമ്പത്യത്തിന്റെ അടിത്തറ തോന്നുന്ന സന്ദർശകയിൽനിന്നും വ്യത്യസ്തമായി പെൺഗൗളി തന്റെ സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യ കാഴ്ചപ്പാടിൽ ദാമ്പത്യത്തിന്റെ അതിർവരമ്പുകൾ ഉടച്ച് പുതുമയിലേക്ക് സഞ്ചരിക്കുന്നു. സാക്ഷികളായി നിൽക്കുന്ന ഗൗളികൾ കഥയിലേക്ക് കടന്നുവന്ന് കഥയെ വളർത്തിയെടുത്തു. ഇത് ഈ കഥയിൽ സംഭവിച്ച യുവാവിന്റെ മരണവും യുവതിയുടെ ശൂന്യമായ കണ്ണുകളും സംബന്ധിച്ച് മനുഷ്യവികാരങ്ങളുടേയും ദാമ്പത്യസ്ഥാപനത്തിന്റേയും സ്ത്രീ കാഴ്ചപ്പാടിന്റേയും ഭാവങ്ങളെ തകർക്കുന്ന ആഖ്യാനമായി മാറി.
മാറിനിന്നു കണ്ടിരുന്നവരിൽ പെൺഗൗളി തന്റെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ ജീവിതത്തിലേക്ക് കടന്നു. അത് ദാമ്പത്യസങ്കല്പത്തെ തകിടംമറിച്ചു. അങ്ങനെ സാക്ഷികൾ മനുഷ്യരുടെ ജീവിതത്തിൽ, ചിലച്ച്, ഇടപെട്ട് പ്രവചിച്ച് അവരുടെ ജീവിതത്തിന്റെ ആസക്തികളിലൂടെ ദാമ്പത്യത്തിന് പുതിയ ശരികൾ നൽകി. പ്രണയം വരണ്ടുപോയ ദാമ്പത്യത്തിന്റെ ജന്തുലോകത്താണ് മനുഷ്യൻ നിൽക്കുന്നതെന്ന ഗൗളിയുടെ കണ്ടെത്തൽ കഥയുടെ അന്തരീക്ഷത്തെ കൂടുതൽ സാന്ദ്രമാക്കുന്നു. ഈ കഥയിൽ മരണവും വേർപാടും അനാഥത്വവും ഉണ്ട്. പക്ഷേ ഒന്നിലും കണ്ണീരിന്റെ ഒഴുക്കില്ല. ഈ കണ്ണീരിനെ തടഞ്ഞത് ഗൗളിയുടെ കാഴ്ചയും പ്രവൃത്തിയും ആണ്.
ജീവിതം ഒരു നദിയാണ്. അതിൽ രണ്ടുവട്ടം മുങ്ങാനാവില്ല എന്നത് ദർശനം. അത് മുന്നോട്ടു പോകുന്നു. കാലങ്ങൾ പോകുന്നു. എന്നാൽ ഈ നദിയുടെ ഒഴുക്കിനെ രൂപപ്പെടുത്തുന്നത് മനസ്സാണ്; മനസ്സാണ് ഒഴുകുന്നത്. ഫെമിനിസ്റ്റ് വ്യൂവിൽ മനുഷ്യരുടെ ലോകത്തെ കാണുന്ന വിധത്തിൽ എഴുതപ്പെട്ട ഈ കഥയ്ക്ക് ശക്തി നൽകിയത് ഗൗളിയുടെ വീക്ഷണങ്ങളാണ്. അതാണ് കഥയെ നിലനിർത്തുന്നത്.

Exam Tips:

a) കഥ പറയുന്നത് മനുഷ്യനല്ല, ഗൗളികളാണ് (സാക്ഷികൾ) എന്ന കാര്യം തുടക്കത്തിൽ പറയുക.
b) സവിശേഷതകൾ പോയിന്റുകളായി എഴുതുക: അതിവൈകാരികതയില്ലാത്ത ആഖ്യാനം, ഹാസ്യം/കറുത്ത ഹാസ്യം, ധ്വനിസാധ്യത, പെൺഗൗളിയുടെ ഇടപെടൽ, ഫെമിനിസ്റ്റ് വീക്ഷണം.
c) മരണരംഗം കണ്ണീരില്ലാതെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ തന്ത്രത്തിന്റെ പ്രധാന നേട്ടമെന്ന് എടുത്തുപറയുക.

 

Question 22: "ദാർശനിക വൈകാരികതയുടെ ഭാരമില്ലാതെ ഗ്രേസി എഴുതുന്നു. രസകരമായ ചപലസ്വഭാവത്തിലൂടെ എല്ലാറ്റിനേയും ഒരു തമാശയിൽ എത്തിക്കുന്നു" - കെ.പി. അപ്പൻ (ഉത്തരാധുനികത: വർത്തമാനവും വംശാവലിയും). 'ഗൗളിജന്മം' എന്ന കഥയുടെ സവിശേഷതകളിലൊന്ന് ആഖ്യാനത്തിൽ മിന്നിമറയുന്ന ഹാസ്യമാണ്. കഥയിലെ ഹാസ്യതലങ്ങൾ കണ്ടെത്തി എഴുതുക.

Answer:

ഗൗളിജന്മം ദാർശനികഭാരമില്ലാത്ത കഥയാണ്. രസകരമായ ഒരു ചപലസ്വഭാവത്തിലൂടെ അത് തമാശയിലേക്ക് എത്തിക്കുന്നു. പ്രതികരണങ്ങൾ പല രൂപത്തിലാകാം: ഉറക്കെ ശബ്ദിച്ചും, പതിയെയും, മൗനമായും, ആഴത്തിൽ മുറിപ്പെട്ടത് കണ്ണീരായോ ഹാസ്യമായോ ആവിഷ്കരിച്ചും. ഒരുതരം മരവിപ്പും കാണാം. ഗ്രേസിയുടെ ഗൗളിജന്മം സ്ത്രീസ്വാതന്ത്ര്യം, ദാമ്പത്യം എന്നിവയിലുള്ള ഇടപെടലാണ്; ഇത് രൂക്ഷമായ ക്രൗര്യത്തോടെയല്ല കാണിക്കുന്നത്.
ഹാസ്യതലങ്ങൾ:
1. പ്രസിദ്ധമായ ആശുപത്രിയിലെ രണ്ടു ഗൗളികൾ എന്ന തുടക്കത്തിൽത്തന്നെ ഒരുതരം വൈരുദ്ധ്യത്തിന്റെ തമാശയുണ്ട്. അവർ ദാമ്പത്യം ശീലിക്കുകയാണ്. പല്ലു തേക്കുന്നതുപോലൊരു ശീലമാണ് ദാമ്പത്യം! അവർ ആശുപത്രിയിലെ ജീവിതം തുടർനാടകംപോലെ കണ്ടിട്ട് വിഷണ്ണരായി. അത് ശരിയാണ്; അവർ കണ്ടത് മനുഷ്യരുടെ യാതനകൾ തന്നെ.
2. എന്നാൽ അതിന്റെ തുടർച്ചയിൽ പല മുഖങ്ങളും കണ്ടു. സന്ദർശകരെ കണ്ടു. കൂടെ നിൽക്കുന്നവരെ കണ്ടു. അതിലെല്ലാം മറ്റെന്തോ അഭിനയിക്കുന്ന കഥാപാത്രങ്ങളെപ്പോലൊരു നാടകം കണ്ടു. ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ചീന്തിയെറിഞ്ഞാണ് ഇരുവരും ദാമ്പത്യം ശീലിച്ചത്. ആസക്തി പോയപ്പോൾ, കണ്ണ് തെളിഞ്ഞ് നോക്കിയപ്പോൾ കണ്ടത് യുവതിയും യുവാവും ഇരിക്കുന്നതിന്റെ നിശ്ചലദൃശ്യം. ദാമ്പത്യം ആരോഗ്യത്തിന് ഹാനികരമോ? സഹനവും മാനസികസമ്മർദ്ദവും ആവശ്യമായ കുടുംബജീവിതം ഒരുതരം പൊരുത്തപ്പെടലാണ്; അതായത് ആരോഗ്യത്തിന് ഹാനികരമാണ്. പുകയില ശരീരത്തിന് ഹാനികരമാകുന്നതുപോലെ ദാമ്പത്യം ആണിനും പെണ്ണിനും ജീവിതകാലം മുഴുവൻ അനാരോഗ്യം നൽകുന്നു.
3. ജന്തുക്കൾക്ക് ദാമ്പത്യം ഇല്ലാത്തതാണ്, മനുഷ്യനേ ദാമ്പത്യമുള്ളൂ; അതിനാൽ ഗൗളികൾ ദാമ്പത്യം ഉപേക്ഷിച്ചതായിരിക്കാം എന്ന ഇവിടെ ഉദ്ദേശിക്കുന്നത്, മനുഷ്യന്റെ രീതി സ്വീകരിക്കുന്നത് നല്ലതല്ല എന്നായിരിക്കാം. ഈ കഥാരംഭം രസകരമായൊരു വിവരണമായി കാണുന്നു. ഹാസ്യം ജനിക്കുന്നത് ഗൗളിയുടെ മനോഭാവങ്ങളിലാണ്. ഗൗളികൾ ദാമ്പത്യം സ്വീകരിച്ചതല്ല, ശീലിക്കുന്നതാണ്. ഒപ്പം കാഴ്ചയുടെ വിരസതയിൽ രണ്ടുപേരും കുറച്ചുദിവസം ദാമ്പത്യം ശീലിച്ചതാണ്. സാഹചര്യം വിരസമാകുമ്പോൾ അതിനെ മാറ്റി രസകരമാക്കുവാൻ വേണ്ടിയാണോ ആൺ-പെൺ ദാമ്പത്യം? പൗലോയുടെ സഹീറിൽ ഇത് കാണാം.
4. ഗൗളിയുടെ നിരീക്ഷണം കൃത്യമായി ഫലിക്കുന്നു. സന്ദർശകരുടെ ഉള്ളറിഞ്ഞ ഗൗളി പ്രവചിച്ചതുപോലെ സംഭവിച്ചു. പെൺകിളിയുടെ ചിലയ്ക്കലിനെ ശാസിക്കുന്നത് ആൺഗൗളിയുടെ ജ്ഞാനത്തെയും പെൺഗൗളിയുടെ നിഷ്കളങ്കമായ വിഡ്ഢിത്തത്തെയും രസകരമായി കാണിക്കുന്നു. യുവതി സംശയിച്ചുകൊണ്ടിരിക്കുന്നതിന് ആശുപത്രിയിലെ ഗൗളിജ്ഞാനത്തിന്റെ കിടക്കയിൽ തീരുമാനമായി. പല്ലി ചിലക്കുന്നതിൽ മനുഷ്യന്റെ ചാപല്യം നമ്മെ ചിരിപ്പിക്കുന്നു. തുടർന്ന് ആൺഗൗളിക്കുണ്ടായ ആധിപത്യം അതിനെ അഹങ്കരിപ്പിക്കുന്നത് രസിപ്പിക്കുന്ന കാഴ്ചയാണ്. മനുഷ്യന്റെ മുഢമായ അന്ധവിശ്വാസങ്ങളെക്കുറിച്ച് ആൺഗൗളി വാചാലമാകുന്നത് വായനക്കാരെ ചിരിപ്പിക്കുന്നതാണ്.
5. ഡോക്ടറെ അവതരിപ്പിച്ചതിൽ ആൺഗൗളിയുടെ സമീപനം തികച്ചും അമ്പരപ്പിക്കുന്നതാണ്. 'ഇനിയിപ്പോൾ മരിക്കുകയല്ലാതെ മറ്റെന്തു ഗതി' എന്ന ചോദ്യത്തിൽ മരണത്തിന്റെ മുമ്പിൽ ഡോക്ടർ കാണിക്കുന്ന വിവരിക്കാനാവാത്ത ക്രൂരതയെ നിസ്സംഗമായൊരു നർമ്മത്തോടെ ഗൗളി തുറന്നുകാണിക്കുന്നു. ഇതിനിടയിൽ പൊൻകുന്നം വർക്കിയുടെ കഥാപാത്രത്തെ അറിയുന്ന ആൺഗൗളിയെ കണ്ട് പെൺഗൗളി വാപൊഴിക്കുന്നു. ഇതുകേട്ട ആൺഗൗളിയുടെ അതിതീവ്ര രസകരമായ കമന്റും വീമ്പും ഒരുപക്ഷേ ചെറുകഥകളിൽ കാണുന്ന നർമ്മങ്ങളിൽ, ഒരുതരം സുനാമിയുടെ തിരയടിപോലെ എഴുത്തുകാരുടെ കരയിലേക്ക് അടിച്ചുകയറുന്നവയാണ്.
6. എഴുത്തുകാർ ഉത്തരം താങ്ങുന്ന പല്ലികളാണെന്നത് ബുദ്ധിജീവിസംസ്കാരത്തിന്റെ പ്രലോഭനങ്ങളിൽ സുഖിക്കുന്ന എഴുത്തുകാരെ യഥാർത്ഥരൂപത്തിൽ കാണിക്കുന്നു. ബുദ്ധനെക്കുറിച്ച് പറഞ്ഞതോടെ പെൺഗൗളിയുടെ ചോദ്യത്തിനു മുമ്പിൽ പതറിപ്പോകുന്നത് ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തലത്തിലും കാണുന്നതാണ്. ദമ്പതികളുടെ ജീവിതത്തിൽ പെണ്ണിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പെട്ടുപോകുന്ന ആണുങ്ങളുണ്ട്. പുരുഷൻ സങ്കൽപജീവിയാണെന്നും ഒരു കാര്യവും വെടിപ്പായി നേരായി പറയാൻ കഴിയാതെ വളച്ചൊടിച്ച് ബുദ്ധിജീവി ചമയുന്നവനാണെന്നും നാമറിയുന്നു. പെൺഗൗളിയാകട്ടെ വളരെ പ്രായോഗികമായി മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. 'മമതയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്ന്' തിരിച്ചറിയാൻ ബുദ്ധൻ ഭാര്യയേയും പുത്രനേയും ഉപേക്ഷിച്ച് ബോധോദയം വേണ്ടിവന്നു; എന്നാൽ അടുക്കളയിൽ പണിയെടുക്കുന്ന സ്ത്രീക്ക് ഇതറിയാമെന്ന പെൺഗൗളിയുടെ കണ്ടെത്തൽ ആൺഗൗളിയേയും പുരുഷവർഗ്ഗത്തേയും ഞെട്ടിക്കുന്നു. സ്ത്രീകൾ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് അധികം അറിയാതിരിക്കുന്നതാണ് നല്ലതെന്ന് ഭയപ്പെടുന്നവരിൽ ആൺഗൗളിയും പെട്ടു. ഈ അകപ്പെടൽ ഉയർത്തുന്ന അലകൾ സ്ത്രീയുടെ മുന്നേറ്റമാണ്. ആൺഗൗളിയുടെ അഭിമാനക്ഷതം കൊല്ലുന്ന ഹാസ്യമാണ്.
7. യുവാവ് മരിച്ചതോടെ പെൺഗൗളി കൂടുതൽ ഉത്തരവാദിത്വമുള്ളവളായി. അവൾ എടുത്ത നിലപാട് ആൺഗൗളിയുടെ പുരുഷാധിപത്യത്തെയും അസ്തിത്വത്തെയും ഇല്ലാതാക്കി. പെൺഗൗളിയുടെ ജിജ്ഞാസയും തിരിച്ചറിവും പൊടുന്നനെയായിരുന്നു. യുവതി ഇനി എങ്ങനെ ജീവിക്കുമെന്നറിയാൻ പെൺഗൗളി വെമ്പി. സ്ത്രീയുടെ ജീവിതമറിയാനായി മറ്റൊരു സ്ത്രീയുടെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നു. പെണ്ണുങ്ങളെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് അറിയാനായി പെൺഗൗളി യാത്രയായത് ആൺഗൗളിയെ ഉപേക്ഷിച്ചിട്ടാണ്. വാൽ വിറപ്പിച്ചാണ് പറഞ്ഞത്. ആപത്തു വരുമ്പോഴാണ് ഗൗളി വാൽ വിറപ്പിക്കുന്നത്. ഇവിടെ ആൺഗൗളിക്കൊപ്പമുള്ള ജീവിതം ആപത്തായി അനുഭവപ്പെട്ടിരിക്കാം. ജീവിതത്തിന്റെ എല്ലാവിധത്തിലുള്ള പ്രസ്ഥാനങ്ങൾക്കും ഇവിടെ നിർവികാരതയുണ്ടാകുന്നു.
8. വിവാഹം, ദാമ്പത്യം, സൗഹൃദബന്ധം, ഡോക്ടർമാരുടെ സേവനം എന്നിവക്കെല്ലാം മരവിപ്പ് ബാധിച്ച കാലത്തെ വളരെ രസകരമായ ഒരു ചാപല്യസ്വഭാവത്തോടെ ചിത്രീകരിക്കുന്നു. ഇതിലെ ഹാസ്യം നിസ്സഹായതയുടേയും പ്രതിഷേധത്തിന്റേയും അല്ല. സങ്കല്പങ്ങൾ എല്ലാം തകർന്ന് അവനവന്റെ ശരിയിലേക്ക് പെൺഗൗളി യാത്രയാകുന്നു. അതിൽ സംഭവിച്ച നഷ്ടങ്ങൾക്ക് ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ പേജുകളില്ല.

Exam Tips:

a) ഹാസ്യതലങ്ങൾ എണ്ണമിട്ട് എഴുതുക (ഗൗളികളുടെ ദാമ്പത്യ ശീലം, 'ആരോഗ്യത്തിന് ഹാനികരം', ആൺഗൗളിയുടെ അഹങ്കാരം, ഡോക്ടറോടുള്ള നർമ്മം, ബുദ്ധനെക്കുറിച്ചുള്ള ചോദ്യം, പെൺഗൗളിയുടെ ഇറങ്ങിപ്പോക്ക്).
b) കെ.പി. അപ്പന്റെ വാക്യം ഉദ്ധരിച്ച് തുടങ്ങിയാൽ ഉത്തരത്തിന് ബലം കിട്ടും.
c) ഹാസ്യം നിസ്സഹായതയുടേതോ പ്രതിഷേധത്തിന്റേതോ അല്ല, സങ്കല്പങ്ങൾ തകരുന്ന കാലത്തിന്റെ ചാപല്യമാണെന്ന് ഉപസംഹരിക്കുക.

 

8 Mark Questions and Answers

Question 23: "പിന്നാവാം പിന്നാവാം എന്നു പറഞ്ഞു കാലം പോയി.... ഒരു വലോഴിവിന് കുട്ടോളെയും അമ്മകൊണ്ട് ഡൽഹി കാണിക്കാൻ പോയി. ഞാനും കൂടി പോയാൽ പശുക്കളെ ആരു നോക്കും, അച്ഛന്റെ അസ്ഥിത്തറയിൽ ആരു തിരികൊളുത്തും എന്നൊക്കെ ചോദിച്ചു ഇവിടത്തെ അമ്മ. ഏതായാലും എന്റെ പോക്കു നടന്നില്ല." - (ഓർമ്മയുടെ ഞരമ്പ്)
"നിങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മയാവാൻ ഏതു പെൺഗൗളിക്കും കഴിയും. പക്ഷേ, ഇത് ഞാൻ തന്നെ കണ്ടെത്തേണ്ട കാര്യമാണ്. തന്നെയുമല്ല, പെണ്ണുങ്ങളെക്കൊണ്ട് എന്തൊക്കെ സാധിക്കുമെന്നും എനിക്കറിയേണ്ടതുണ്ട്." - (ഗൗളിജന്മം)
'ഗൗളിജന്മ'ത്തിലെ സ്ത്രീ 'ഓർമ്മയുടെ ഞരമ്പി'ലെ സ്ത്രീയിൽനിന്ന് വ്യത്യസ്തയാണോ? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:

'തെറ്റിപ്പോയ ഞരമ്പിലെ' മാഞ്ഞുതുടങ്ങിയ ലിപികളിൽ ഓർമ്മിക്കുന്ന കെ.ആർ. മീരയുടെ വൃദ്ധ ഒരു കഥാപാത്രത്തേക്കാൾ അധികമായി സ്ത്രീസമൂഹത്തിന്റെ ബലിക്കല്ലായിത്തീരാൻ മാത്രം കഥാകാരിയുടെ കൊത്തുപണിക്ക് വിധേയമായതും, ഒറ്റപ്പെട്ടതും, തൊട്ടുനെറുകയിൽ വക്കുന്ന അനുഭവങ്ങളുടെ ആഴമുള്ളതുമായ കഥാലോകത്ത് നിൽക്കുന്നു. മൂന്നാമത്തെ കഥ 'ദുർമ്മരണം' എന്നത് ഞെട്ടലോടെയാണ് വായനക്കാരന്റെ ഉള്ള് പിളർക്കുന്നത്. ഒരു കഥാകാരി വഹിക്കുന്നത് സ്വന്തം അസ്തിത്വത്തിന്റെ നഷ്ടങ്ങളാണ്. സ്വന്തം അനുഭവങ്ങളുടെ ലോകത്തുനിന്നാണ് അവർ കഥകൾ എഴുതുന്നത്. ഭാവനകളിലൂടെ കാണുന്ന ലോകവും സ്വന്തം അനുഭവങ്ങളും ഒരുക്കുന്ന അക്ഷരലോകത്ത് അവർ സഞ്ചരിക്കുന്നു. പ്ലസ് വണ്ണിൽ പഠിച്ച കെ.ആർ. മീരയുടെ 'ഓർമ്മയുടെ ഞരമ്പ്' ഒരു വൃദ്ധയുടെ ജീവിതം ചെറുപ്പക്കാർക്കു മുമ്പിൽ തുറന്നുപറയുന്നതാണ്.
അവർ കഥയെഴുതുമായിരുന്നു. വള്ളത്തോളിൽനിന്നും അംഗീകാരം ലഭിച്ചവളാണ്. ഇതൊന്നും ഭർതൃവീട്ടിൽ ആവശ്യമില്ല. കുട്ടികളെ പ്രസവിക്കുക, ചോറും കറിയും വയ്ക്കുക - ഇതാണ് സ്ത്രീയുടെ ലോകം. എം.പിയായ ഭർത്താവ് ഡൽഹിക്കു പോകുമ്പോൾ അമ്മായിയമ്മ വിലക്കി, കൊണ്ടുപോയില്ല. അച്ഛന്റെ അസ്ഥിത്തറയിൽ വിളക്കു വയ്ക്കണം, പിന്നെ പശുക്കളെ നോക്കണം; അതിനാൽ വൃദ്ധയ്ക്ക് യൗവനത്തിൽ ഭർത്താവിനൊത്ത് യാത്രചെയ്യാൻ കഴിഞ്ഞില്ല. അവർ വീട്ടിൽ ഒതുങ്ങിപ്പോയി. പ്രതിഷേധിക്കാൻ സാധിക്കാത്ത തലമുറയുടെ പ്രതിനിധി മാത്രമാണിവർ. ഇത്തരത്തിൽ ഒത്തിരി സ്ത്രീകൾ ഉണ്ടായിരിക്കും. അവരുടെ ജീവിതം മുഴുവൻ അടുക്കളയിലും തൊഴുത്തിലും അവസാനിച്ചതാണ്. കഥയെഴുതുവാൻ പോലും ഭയന്ന് ഒളിപ്പിച്ചാണ് എഴുതിയത്. കഥയെഴുതി അയച്ചുകൊടുത്തപ്പോൾ സ്വന്തം പേര് വയ്ക്കാതെ ആണുങ്ങളുടെ പേര് കൊടുത്തു. ഓർമ്മയുടെ ഞരമ്പിലെ വൃദ്ധയുടെ കാലഘട്ടത്തിന്റെ ചില ഭാവങ്ങൾ അവരെ തളർത്തിയിട്ടുണ്ട്.
പൊതുവെ പുരുഷാധിപത്യമുള്ള സമൂഹമായിരുന്നു. സ്ത്രീ അടുക്കളയിൽ ഒതുങ്ങിക്കൂടണമായിരുന്നു. വീട്ടിലെ പണികളെടുത്ത് കഴിയണം. ജോലി ചെയ്യുവാൻ പുറത്തേക്ക് പോകുന്നത് സാധുക്കൾ മാത്രം. വിദ്യാഭ്യാസംകൊണ്ട് ജോലി സമ്പാദിക്കുന്നില്ല; അതിന്റെയാവശ്യമില്ല. പറമ്പും കൃഷിയുമായി ലളിതമായ ജീവിതമായിരുന്നു. നഗരവൽക്കരണമില്ല, അതിനാൽ സമരം ചെയ്ത് ജീവിക്കേണ്ടതില്ല. പട്ടിണി കിടക്കുന്നവർ അങ്ങനെ കഴിയും. സ്ത്രീ അടിച്ചമർത്തപ്പെട്ടവളാണ്. പുരുഷൻ ഉണ്ടാക്കിയ നീതിയും മര്യാദകളും സ്ത്രീ പാലിക്കണം. വീടിന്റെ മുൻഭാഗങ്ങളിൽ സ്ത്രീകൾ കടന്നുവരുന്നില്ല; അവർ വാതിലിനു പിറകിൽ മറഞ്ഞുനിൽക്കും. കസേരകളിൽ ഇരിക്കില്ല. മറുത്തു പറയില്ല. ഭർത്താവിന്റെ ഇഷ്ടത്തിനനുസരിച്ചായിരിക്കും കറികൾ വയ്ക്കുക. ഇന്നത്തെ കാലം മാറി; കുട്ടികളുടെ ഇഷ്ടത്തിനാണ് അമ്മമാർ കറിവയ്ക്കുന്നത്. പഴയ കാലഘട്ടത്തിലെ സ്ത്രീ ഇപ്രകാരം അടിമപ്പെട്ട് ജീവിക്കുന്നത് പൊതുവിലുള്ള സാമൂഹ്യ അവസ്ഥയായിരുന്നു. ഇതാണ് കഥയിലെ വൃദ്ധയ്ക്കും പറ്റിയത്; അവർ ഒതുങ്ങിപ്പോയി.
കഥയെഴുതുന്നതിൽ അസ്വാതന്ത്ര്യം, കുട്ടികൾക്ക് പേരിടുന്നതിൽ സ്വാതന്ത്ര്യമില്ല. അമ്മായിയമ്മയും മകനും വരച്ച വരയിൽ അവർ കുടുങ്ങി. അഥവാ ആ കാലഘട്ടം അവരുടെ സർഗ്ഗസിദ്ധികളെ ഇല്ലാതാക്കി. എല്ലാ വിഭാഗം ആളുകളിലും പൊതുവിൽ ഇങ്ങനെയായിരുന്നു സ്ത്രീകളുടെ അവസ്ഥ. ഒരുപക്ഷേ, സമൂഹത്തിലെ വ്യവസ്ഥകൾക്ക് മാറ്റം വരുന്നത് ഒറ്റക്കൊറ്റക്കുള്ള മാറ്റങ്ങളിലൂടെ ആയിരിക്കില്ല. ഓരോ വ്യക്തിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ക്രമേണ സമൂഹത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അതിനോട് പ്രതികരിക്കുന്നതിലൂടെയാകാം സമൂഹം മാറുന്നത്. കുറിയേടത്ത് താത്രി കൊച്ചി ശക്തൻ തമ്പുരാനെക്കൊണ്ട് സ്മാർത്തവിചാരം നിർത്തിച്ചു. ആധുനികമായ ഫെമിനിസ്റ്റ് ചിന്താഗതികൾ സ്ത്രീക്കു വേണ്ടി പുരോഗമനപരമായ നിയമനിർമ്മാണങ്ങൾ നടത്തി. സ്ത്രീയെ ദുരുദ്ദേശ്യത്തോടെ നോക്കുന്നതുപോലും തെറ്റാണ്. പാകിസ്ഥാനിലെ സ്വാത് താഴ്വരയിൽ വെടിയേറ്റ മലാലയിലൂടെ സമൂഹം വർഗ്ഗീയതക്കും മതമൗലിക വാദത്തിനുമെതിരെ നിലകൊണ്ടു.
ഇത്തരം മാറ്റങ്ങളൊന്നും നടക്കാത്ത ഒരു പഴയ സമൂഹമായിരുന്നു ഓർമ്മയുടെ ഞരമ്പിലെ കഥാകാലം. അത് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനുശേഷമുള്ള കാലമായിരുന്നു. നഗരവൽക്കരണത്തിന്റെ സംഘട്ടനങ്ങളും പരിഷ്കാരങ്ങളും കേരളത്തിൽ നടപ്പിലാകാത്ത കാലഘട്ടം. ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാലത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളാണ്, ഭർത്താവിനെ ആദരിക്കുന്നവളാണ്. ആൺഗൗളി പറഞ്ഞവയിൽനിന്ന് സ്ത്രീജീവിതത്തിന്റെ സ്വതന്ത്രലോകത്തെക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു; അതിൽ അവൾ ജീവിക്കാൻ തീരുമാനിക്കുന്നു. ആൺഗൗളിയെ ജീവിതത്തിൽനിന്നും പുറത്താക്കുന്നു; പെൺഗൗളി ജീവിതത്തിൽ പുതുമ തേടുകയും ഭർത്താവിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീജീവിതത്തിന് ദാമ്പത്യത്തിന്റെ ചട്ടക്കൂടില്ല. അവൾ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്യം നൽകുന്നു; ദാമ്പത്യം ഒരു ബന്ധനമാകാൻ ആഗ്രഹിക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുകയും അവരെ സംരക്ഷിക്കുകയുമാണ് ദാമ്പത്യമെങ്കിൽ പെൺഗൗളി അതിനെതിരായി മാറുന്നു. സ്ത്രീജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താവിന്റെ പേരിൽ അറിയപ്പെടുകയും ചെയ്യുന്നത് പെൺഗൗളി ഇഷ്ടപ്പെടുന്നില്ല. പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺഗൗളിയുടെ ജീവിതത്തിൽനിന്നും ഒരു ഇറങ്ങിപ്പോക്കാണ്. പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്; സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശകയുടെ സംസാരത്തിൽനിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കളപ്പണി ചെയ്യുന്ന സ്ത്രീക്കുണ്ടെന്ന് അത് കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യത്തിൽ ദാമ്പത്യം ഉപേക്ഷിക്കുന്നു. ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്; അതിൽ കേന്ദ്രം പുരുഷനാണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവർ ചെയ്യേണ്ടത്. പുരുഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺഗൗളി ക്ഷണിക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. ഇത് ഓർമ്മയുടെ ഞരമ്പിലെ വൃദ്ധയ്ക്ക് സാധിച്ചിട്ടില്ല; അത് പെൺഗൗളിയെ വ്യത്യസ്തയാക്കുന്നു. ബോധോദയം ലഭിച്ച് ശ്രീബുദ്ധൻ ഭാര്യയേയും പുത്രനേയും ഉപേക്ഷിച്ചതുപോലെ തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു.
ഓർമ്മയുടെ ഞരമ്പിലെ വൃദ്ധ തിരിച്ചറിവ് വന്ന് മൂന്നാമത്തെ കഥയെഴുതിയത് 'ദുർമ്മരണം' എന്ന കഥയോ വൃദ്ധയുടെ ആത്മഹത്യയോ ആണോ എന്ന് വായനക്കാരൻ ആശങ്കിക്കുന്നു. രണ്ടായാലും വൃദ്ധ പരാജിതയാണ്. ശാസ്ത്രകാലഘട്ടത്തിലും ഗൗളിയുടെ ചിലയ്ക്കൽ കേട്ട് വിശ്വസിക്കുന്നുണ്ടെങ്കിലും ആധുനിക കാലഘട്ടത്തിലെ ചില സാഹചര്യങ്ങൾ സ്വതന്ത്രചിന്തയ്ക്കും അവയുടെ സാധ്യതയ്ക്കും അവസരം നൽകുന്നുണ്ട്. അതാണ് പെൺഗൗളിക്ക് ജീവിതം നൽകിയത്. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയുന്നു. ഓർമ്മയുടെ ഞരമ്പിലെ വൃദ്ധയും ഇതറിയുന്നുണ്ട്; എന്നാൽ വൃദ്ധയുടെ കാലത്തിന്റെ സമൂഹം പരിഷ്കൃതമല്ല, സ്ത്രീപക്ഷ ചിന്തകളില്ലാത്തതാണ്. അതിൽ പുരുഷൻ തന്നെയാണ് കേന്ദ്രം. വൃദ്ധ തന്റെ ജീവിതംകൊണ്ട് പുരുഷകേന്ദ്രമായ ലോകത്തിന് വിധേയമായെങ്കിൽ സ്ത്രീ തന്റെ ജീവിതംകൊണ്ട് പുരുഷന്റെ കേന്ദ്രസ്ഥാനത്തെ ഉടച്ചുപണിയുന്നു. കാലങ്ങളായി ലഭിച്ച സാമൂഹ്യ അംഗീകാരം ഒരു വിഗ്രഹംപോലെ ആൺഗൗളിയിലെ പുരുഷനെ കാത്തുസൂക്ഷിക്കുന്നത് പെൺഗൗളിയുടെ ഒരൊറ്റ നിഷേധത്തിൽ ഇല്ലാതാകുന്നു. അതിനാൽ രണ്ടു വ്യത്യസ്ത കാലങ്ങളുടെ സ്പന്ദനങ്ങൾ വഹിക്കുന്ന വൃദ്ധയും പെൺഗൗളിയും തികച്ചും വ്യത്യസ്തരാണ്; അവരുടെ മാനസികലോകവും വ്യത്യസ്തമാണ്. പെൺഗൗളിയുടെ മനസ്സിൽ തിരിച്ചറിവുകൾ ഉണ്ടാകുന്നത് സാഹചര്യങ്ങളിലൂടെയാണ്. ആൺഗൗളിയുടെ ഇടപെടലും യുവതിയുടെ അവസ്ഥയും പെൺഗൗളിയുടെ ഭാവിയെ തുറിച്ചുനോക്കി; അതിൽ പെൺഗൗളി പ്രതികരിക്കുന്നത് വളരെ സ്വതന്ത്രമായിട്ടാണ്. എന്നാൽ വൃദ്ധയാകട്ടെ മനസ്സിനകത്ത് സംഘർഷം നിറഞ്ഞവളാണ്; എഴുത്തിന്റെ ചിന്തകളും അസ്തിത്വവിഷമങ്ങളും അനുഭവിക്കുന്നവളാണ്. അവർക്ക് ഈ സംഘർഷങ്ങളിൽനിന്നും മുക്തയാകാൻ കഴിഞ്ഞില്ല. സർഗ്ഗാത്മക രചനകളിൽ സാഫല്യം കണ്ടെത്തുന്നതും അത് ലഭിച്ചില്ലെങ്കിൽ അടിപതറുന്നതുമാണ് വൃദ്ധയുടെ ജീവിതം. പെൺഗൗളിക്ക് സർഗ്ഗപരമായ വേദനകൾ തികഞ്ഞ പ്രായോഗിക ജീവിതത്തിലെ തിരിച്ചറിവായി പ്രാവർത്തികമാകുന്നു. അതുകൊണ്ട് രണ്ടറ്റങ്ങളിൽ നിൽക്കുന്നവരാണ് ഇരുവരും.

Exam Tips:

a) വ്യത്യസ്തരാണ് എന്ന നിഗമനം ആദ്യം പറയുക; തുടർന്ന് കാലം (പഴയ പുരുഷാധിപത്യ സമൂഹം - നാഗരിക സമൂഹം), പ്രതികരണം (ഒതുങ്ങിപ്പോകൽ - ഇറങ്ങിപ്പോകൽ), മനസ്സ് (സംഘർഷം - തിരിച്ചറിവ്) എന്നിങ്ങനെ താരതമ്യം ചെയ്യുക.
b) വൃദ്ധയുടെ സാഹചര്യവും പെൺഗൗളിയുടെ സാഹചര്യവും ഒരു പട്ടികയായി ചിന്തിച്ചുവച്ച് ഉത്തരമെഴുതിയാൽ പോയിന്റുകൾ വിട്ടുപോകില്ല.

 

Question 24: 'ഗൗളിജന്മം', 'കണ്ണാടി കാൺമോളവും' എന്നീ രചനകളിൽ പ്രതിഫലിക്കുന്ന സ്ത്രീജീവിതാവസ്ഥകൾ ചർച്ച ചെയ്യുക.

Answer:

'കണ്ണാടി കാൺമോളവും' എന്ന കവിതാഭാഗത്ത് മകനായ ഭരതനോടൊപ്പം ശകുന്തള ദുഷ്യന്തനെ തേടി വരുന്നതാണ് സന്ദർഭം. ദുഷ്യന്തൻ ശകുന്തളയോട് ആദ്യം പറയുന്നത്: സ്ത്രീകൾക്ക് അഹങ്കാരം അധികമുണ്ടെന്ന് കേട്ടുകേൾവി മാത്രമേയുള്ളൂ; ഇപ്പോൾ മുന്നിൽ നിൽക്കുന്ന ശകുന്തളയെപ്പോലെ മുമ്പ് കണ്ടിട്ടില്ല; നീ കുലടയാണ്. എന്നോട് വന്ന് നീ കുലീനയെന്ന് അലസമായി ആലാപം ചെയ്യുന്നത് ഒരിക്കലും അരുത്. നിനക്ക് സുവർണ്ണമായ മണിയും മനോഹരമായ ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം തരാം. അത് കിട്ടിയാൽ നിനക്കു ചേർന്ന ദിക്കിൽ പോയി കഴിയണം; ഇവിടെനിന്ന് കാലം കഴിക്കേണ്ടതില്ല. മാത്രമല്ല, നീ കുയിൽപ്പേടപോലെ മറ്റുള്ളവരാൽ വളർത്തപ്പെട്ടവളാണ്. നീ വേഗം പോയ്ക്കോളൂ; നിന്നെ കാണുന്നത് എനിക്ക് ഇഷ്ടമല്ല. ദുഷ്യന്തൻ ഇപ്രകാരം പറഞ്ഞതിൽ ശകുന്തളയ്ക്ക് മുന്നിൽ കുറ്റങ്ങൾ ആരോപിക്കുന്നു: അവൾ അഹങ്കാരിയാണ് (ധാർഷ്ട്യമുള്ളവൾ), പെരുങ്കള്ളിയാണ് (കുലടയായിട്ടും വളരെ അനായാസമായിട്ടാണ് കുലീനയെന്ന് ആലപിക്കുന്നത്), മാത്രമല്ല കുലടയാണ്.
ഇപ്രകാരത്തിലുള്ള ശകുന്തളയ്ക്ക് സുവർണ്ണമണിയും മുക്താഭരണങ്ങളും വസ്ത്രങ്ങളും നൽകുന്നത് പാരിതോഷികം എന്ന നിലയിലാണോ? അല്ല. സുവർണ്ണമണിയെന്നത് സ്വർണ്ണമണിയല്ല; നല്ല വർണ്ണമുള്ള മണിയാണത്. ഇത് ഏതെങ്കിലും പ്രത്യേക വസ്തുവിനെ സൂചിപ്പിക്കുന്നതോയെന്നറിയാൻ എഴുത്തച്ഛന്റെ കാലത്തിലേക്ക് പോകണം. ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം നൽകുന്നത് രാജധർമ്മമാണ്. പ്രജയായ ശകുന്തളയെ സംരക്ഷിക്കേണ്ടതും രാജാവ് തന്നെ. അതിനാൽ ശകുന്തളയ്ക്ക് നൽകുമെന്ന് പറയുന്നവ പാരിതോഷികമല്ല; പകരം ജീവനാംശമാണ്.
നിനക്കൊത്ത ദിക്കിൽ പൊയ്ക്കൊള്ളാൻ ശകുന്തളയോട് ആവശ്യപ്പെടുന്നതിൽ എഴുത്തച്ഛന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന സാംസ്കാരികമായ അധഃപതനം കാണുന്നുണ്ട്. കുലടയായവൾ വേശ്യയാണ്; കുലം അടച്ചവളാണവൾ. വേശ്യകൾക്ക് പ്രത്യേകമായ ഇടങ്ങൾ എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നു. തേവിടിശ്ശി സമ്പ്രദായം കേരളത്തിൽ വളരെ മാന്യമായി നിലനിന്നിരുന്നു. 12 കൊല്ലത്തിലൊരിക്കൽ വേശ്യകൾ ഒരുമിച്ചുകൂടുന്ന ചന്ദ്രോത്സവം കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ ധാർമ്മികമായ തകർച്ചയുടെ കാലഘട്ടത്തിലാണ് ഭക്തിപ്രധാനമായ കവിതകളുമായി എഴുത്തച്ഛൻ വരുന്നത്. "നീ നിനക്കൊത്ത ദിക്കിനു പൊയ്ക്കൊള്ളണം" എന്നതിൽ ഈയൊരു സാമൂഹ്യാന്തരീക്ഷമായിരിക്കാം എഴുത്തച്ഛന്റെ തൂലികയിൽ കടന്നുവരുന്നത്.
തുടർന്ന് സുന്ദരിയായ ശകുന്തള പിന്നെയും പറഞ്ഞു. ദുഷ്യന്തന്റെ നിന്ദാവാക്കുകൾ കേട്ടിട്ടും വളരെ മയമാർന്ന രൂപത്തിലാണ് ശകുന്തള മറുപടി പറയുന്നത്: മറ്റുള്ളവരിൽ കടുകിനോളം മാത്രം ചെറുതായ ദോഷങ്ങൾ അപ്പോൾ ദുഷ്യന്തൻ കാണുന്നു; എന്നാൽ ദുഷ്യന്തൻ സ്വയം തെറ്റുകൾ കണ്ടാലും അത് ആയതിന്റെ വലിപ്പത്തിൽ (ഗജമാത്രം), ഗൗരവത്തിൽ ഒരിക്കലും കാണില്ല. ഇത് പണ്ഡിതന്മാർക്കുപോലും സംഭവിക്കുന്ന ശീലമാണ്. നിന്റെ ജന്മത്തേക്കാൾ എന്റേത് ശ്രേഷ്ഠമാണ്; കുലമഹിമയാണ് ഇവിടെ പറയുന്നത്. ശകുന്തള അപ്സരസ്സിന്റെ പുത്രിയാണല്ലോ. മേദിനിയിലും ഭൂമിയിലും അന്തരീക്ഷത്തിലും വ്യത്യാസമില്ലാതെ ഒരുപോലെ എനിക്ക് സഞ്ചരിക്കാം. ഇങ്ങനെ നമ്മൾ തമ്മിൽ എത്രമാത്രം അന്തരമുണ്ടെന്ന് അങ്ങ് അറിയുക വേണം.
സ്വന്തം ജന്മം ശ്രേഷ്ഠമാണെന്ന് ശകുന്തള പറയാൻ കാരണമെന്താണ്? കുലട എന്ന് കേട്ടപ്പോൾ അതിൽ ശകുന്തളയ്ക്കും പിതാവിന്റെ ഋഷികുലത്തിനും അമ്മയായ മേനകയുടെ ദേവകുലത്തിനും അപമാനമുണ്ടായി. ശകുന്തള അവിടെ ശക്തമായി പ്രതികരിക്കുകയാണ്. പുരുഷാധിപത്യത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം നടത്തുകയാണ്; അതാണ് ശകുന്തളയെ സ്വന്തം ജന്മം അറിയിക്കാൻ പ്രേരിപ്പിച്ചത്. പർവ്വതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലുണ്ട്. അല്ലയോ രാജാവേ! അങ്ങ് ഒട്ടും സാരമില്ലെന്ന് ഓർക്കുക വേണം. വിരൂപന്മാർ കണ്ണാടി കാണുന്നതുവരെ സുന്ദരന്മാരെന്ന് വിചാരിക്കുന്നു; സ്വന്തം കുറ്റം അറിയില്ല, മറ്റുള്ളവരുടേത് പറഞ്ഞു നടക്കും. കുറ്റങ്ങളില്ലാത്തവൻ കുറ്റങ്ങളുള്ളവരെപ്പോലെ നിന്ദിക്കില്ല. കാട്ടാന (മദയാന) ചളിയിൽ കുളിക്കുന്നതിൽ ഇഷ്ടപ്പെടുന്നു; നല്ല ജലത്തിൽ കുളിച്ചാലും ആനയ്ക്ക് അതാണ് ഇഷ്ടം. നല്ല ജനങ്ങളെ നിന്ദിച്ചാണ് ദുഷ്ടജനങ്ങൾ സന്തോഷിക്കുന്നത്; നല്ല ജനങ്ങൾ ദുഷ്ടന്മാരെപ്പോലെ നിന്ദിക്കില്ല. സത്യവും ധർമ്മവും വെടിഞ്ഞീടിന പുരുഷനെ സർപ്പത്തേക്കാൾ പേടിക്കേണ്ടതാണ്. പണ്ഡിതന്മാർ ഇത്തരക്കാരെ ഗുണദോഷങ്ങൾ ഉപദേശിച്ചാലും ഈ മൂർഖന്മാർക്ക് അശുഭമായേ തോന്നൂ. നല്ലവൻ നല്ലത് അറിയും; അരയന്നം വെള്ളത്തെ വെടിഞ്ഞ് പാലിനെ കുടിക്കുന്നതുപോലെയാണിത്. ശകുന്തള ഇപ്രകാരമെല്ലാം പറയുന്നു; സ്ത്രീത്വത്തിന്റെ ശക്തമായ പ്രതിഷേധസ്വരമാണിവിടെ കാണാനാകുന്നത്.
തുടർന്ന് ആകാശത്ത് അശരീരിയുണ്ടാവുകയും ദേവസ്ത്രീക്ക് തുല്യയായ കണ്വപുത്രിയുടെ കൂടെനിന്റെ പുത്രനെ, രാജ്യഭാരം ഏല്പിക്കുകയെന്ന അശരീരി കേട്ട ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ശകുന്തള തന്റെ ഭർത്താവിനോടും പുത്രനോടും കൂടി സന്തോഷപൂർവ്വം ജീവിച്ചു. ഗ്രേസിയുടെ ഗൗളീജന്മം എന്ന കഥയിൽ സ്ത്രീയുടെ സഹനവും ചെറുത്തുനിൽപ്പും സർഗ്ഗാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു.
ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാലത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളും ഭർത്താവിനെ ആദരിക്കുന്നവളുമാണ്. ആൺഗൗളി പറഞ്ഞവയിൽനിന്ന് സ്ത്രീജീവിതത്തിന്റെ സ്വതന്ത്രലോകത്തെക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കി അതിൽ ജീവിക്കാൻ തീരുമാനിക്കുന്നു. ആൺഗൗളിയെ ജീവിതത്തിൽനിന്ന് പുറത്താക്കുന്നു. അവൾ കണ്ടെത്തിയ സ്ത്രീജീവിതത്തിന് ദാമ്പത്യത്തിന്റെ ചട്ടക്കൂടില്ല. ദാമ്പത്യം ഒരു ബന്ധനമാകാൻ അവൾ ആഗ്രഹിക്കുന്നില്ല; കുഞ്ഞുങ്ങളെ നോക്കുന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താവിന്റെ പേരിൽ അറിയപ്പെടുന്നതും പെൺഗൗളിക്ക് ഇഷ്ടമല്ല. പുതിയ അനുഭവങ്ങൾ നേടാൻ യുവതിയുടെ ബാഗിലേക്ക് ചാടിക്കയറുന്നത് ആൺഗൗളിയുടെ ജീവിതത്തിൽനിന്നുള്ള ഇറങ്ങിപ്പോക്കാണ്. പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്; സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. ബോധോദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കളപ്പണി ചെയ്യുന്ന സ്ത്രീക്കുണ്ടെന്ന് അവൾ കണ്ടെത്തി. ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്, അതിൽ കേന്ദ്രം പുരുഷനാണ്; ഇത് ശകുന്തളയ്ക്ക് സാധിച്ചില്ല. തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു. ശാസ്ത്രകാലഘട്ടത്തിലും ഗൗളിയുടെ ചിലയ്ക്കൽ കേട്ട് വിശ്വസിക്കുന്നുണ്ടെങ്കിലും ആധുനികകാലഘട്ടത്തിലെ ചില സാഹചര്യങ്ങൾ സ്വതന്ത്രചിന്തയ്ക്കും അതിന്റെ സാധ്യതയ്ക്കും അവസരം നൽകുന്നുണ്ട്; അതാണ് പെൺഗൗളിക്ക് ജീവിതം നൽകിയത്. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയുന്നു. ശകുന്തളയും പുരുഷമേൽക്കോയ്മ അറിയുന്നുണ്ട്; എങ്കിലും ആ കാലഘട്ടത്തിൽ പുരുഷൻ തന്നെയാണ് കേന്ദ്രം.

Exam Tips:

a) ഉത്തരം രണ്ടു ഭാഗമായി എഴുതുക: ആദ്യം 'കണ്ണാടി കാൺമോളവും' (ശകുന്തളയുടെ ധീരമായ പ്രതിഷേധം, എഴുത്തച്ഛന്റെ കാലത്തെ സാമൂഹ്യസ്ഥിതി), തുടർന്ന് ഗൗളിജന്മം (പെൺഗൗളിയുടെ സ്വാതന്ത്ര്യബോധം).
b) രണ്ടു കൃതികളിലും സ്ത്രീ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്നുണ്ട്; എന്നാൽ ശകുന്തളയുടെ കാലത്ത് പുരുഷൻ തന്നെയാണ് കേന്ദ്രം, പെൺഗൗളി ആ കേന്ദ്രത്തെ വിട്ടിറങ്ങുന്നു എന്ന വ്യത്യാസം ഉപസംഹാരത്തിൽ ചേർക്കുക.

 

Question 25: 'ബുദ്ധദർശനത്തെപ്പോലും മറികടക്കുന്ന വിധത്തിൽ ആത്മാന്വേഷണത്തിൽ അധിഷ്ഠിതമായ ഒരു പെൺബോധത്തിന്റെ ഉദയമാണ് ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥ.' ഈ അഭിപ്രായം വിശകലനം ചെയ്യുക.

Answer:

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതിയത്. എല്ലാവരുടെയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴുതിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ടത്രേ. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥയെഴുതി. ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമല്ല; ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിലുണർത്തിയ പ്രചോദനങ്ങളാണ് ഈ കഥയ്ക്ക് വിഷയമായത്. വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ടു പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരുക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹസങ്കല്പത്തെക്കുറിച്ച്, പുരുഷാധിപത്യത്തെ സംബന്ധിച്ച്, സ്ത്രീസമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്കരിക്കുന്നു; അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങിയിട്ടുണ്ട്.
യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്യത്തിന്റെ ഭാവി നമുക്കറിയില്ല; യുവതി അയാളുടെ കുഞ്ഞിനെ പ്രസവിച്ചോ എന്നും അറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിടയുന്നത് കുഞ്ഞിനെ ഓർത്തും, കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനുഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയാണ്. സന്ദർശകയുടെ ദാമ്പത്യസങ്കല്പം വളരെ ക്രൂരമാണ്; അവർ വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു, അതും മരിക്കാറായ ഭർത്താവിന്റെ മുമ്പിൽവച്ച്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചുകഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണംവരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു. ഇത് വിദേശസംസ്കാരത്തിന്റെ വിവാഹസങ്കല്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവിക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായിരിക്കേ മറ്റൊരാളെയും പ്രാപിക്കുന്നതും സ്വന്തം സ്കിൽ അനുസരിച്ച് സ്വതന്ത്രജീവിതം നയിക്കുന്ന വിദേശസംസ്കാരത്തിൽ സാധാരണമാണ്; എന്നാൽ ആരതി ഉൾക്കൊള്ളുന്ന ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബവ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണുന്നവളാണ് ഇതിലെ സന്ദർശക. ഈ കുടുംബം തകർന്നാൽ മറ്റൊന്ന്; അതും തകർന്നാൽ? കുടുംബത്തിന് പകരമെന്ത്? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ടതില്ല. വിവാഹം പവിത്രമാണെന്നും വിവാഹശേഷം വിധവയായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മകളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തിയുടെ മുഖത്തുനോക്കിയാണ് പറയുന്നത്. ആരതി എന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചടങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്കു പ്രവേശിക്കുമ്പോൾ തീ ഒരു താലത്തിൽ വച്ച് ആരതിയുഴിയുന്നു. ഭർത്താവ് ഇവിടെ മരിക്കാറായി; അതിൽനിന്ന് പകർന്ന അഗ്നിയാണ് ഭാര്യയുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചത്തെയാണ് വെളിച്ചം കാണിക്കാതെ കെടുത്തുന്നത്. സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്നപ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു.
ഡോക്ടർമാർ എത്തിക്സ് കൈവിടുന്നതും ഇതിലുണ്ട്. അപകടത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ടറാണ്. അപകടത്തിലെ പരിക്കല്ല, മഞ്ഞപ്പിത്തമാണ് മരണകാരണം. ഒരു ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തിക്സിനെ തകർത്തു. പുരുഷാധിപത്യത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറിയാം; മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാണത്രേ ബുദ്ധന്റെ ബോധോദയം. ഇതു പറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു. എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശിക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിശോരലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതുകൊണ്ടാണെന്നും ആൺഗൗളി അറിയിക്കുന്നു. മാത്രമല്ല, മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമൂഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽനിന്ന് മാറി ബുദ്ധിജീവി ചമയുന്ന എഴുത്തുകാരുടെ മൂഢമായ ഈഗോയാണ് കഥാകൃത്ത് തുറന്നുപറയുന്നത്. ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തികലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ നൃശംസതയേക്കാൾ ഒരുപക്ഷേ ഭീകരമായത് ഇവിടെ കാണാം; ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാക്കുന്ന ഈഗോയാണ്. മനഃസാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ-സേവനരംഗങ്ങൾ മാറിയിരിക്കുന്നു.
നമ്മുടെ ചില മൂഢവിശ്വാസങ്ങളെയും കഥ വിചാരണ ചെയ്യുന്നുണ്ട്. ബുധനാഴ്ച തെക്കുപടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ചയെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് സ്പർശിക്കുന്നുണ്ടായിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടിയായിരിക്കാം; ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മനസ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മലയാളികൾക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢവിശ്വാസങ്ങളെ കാണിക്കുന്നു. സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്കലിരിക്കുന്നു; സന്ദർശക ആരതിയോട് യുവാവിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം? അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോവുകയാണ്; അത് തന്റെ ആൺഗൗളിയെ തള്ളിക്കളയുന്നു. ഏതു പെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം; പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭവങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെന്നത് വേണമെങ്കിൽ കളയാവുന്നതും, ഏതു പെണ്ണിലും കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹവുമാണ്. പുരുഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺഗൗളിയിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു; അത് സ്ത്രീയെ അവഗണിക്കുന്നു, അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണ്, പുരുഷന്റേതാണ് എന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരുഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാവിത്തമാണ് ആൺഗൗളിക്കുള്ളത്. സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം; അത് പുരുഷനെ എതിർക്കുന്നു. ബുദ്ധൻ ഭാര്യയേയും മകനേയും ഉപേക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽനിന്നും ലഭിക്കുന്നുണ്ട്; അതാകട്ടെ സ്ത്രീദുഃഖത്തിന്റെ പൊതുവായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീയനുഭവത്തെ പുരുഷന്റെ ദാർശനികതയ്ക്കു പകരം വയ്ക്കുന്നു. ബുദ്ധന്റെ ദാർശനികതയ്ക്കു പകരം, അഥവാ പുരുഷന്റെ അഹങ്കാരത്തിനു പകരം, വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചുവയ്ക്കുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണ് ഈ കഥ. മമതയാണ് ദുഃഖത്തിന് കാരണമെങ്കിൽ പുരുഷനാണ് സ്ത്രീദുഃഖത്തിന്റെ കാരണം. ഇപ്രകാരം വളരെ അയുക്തികമെന്ന് വിചാരിക്കുന്ന രണ്ടു ഗൗളികളിൽനിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടികളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.

Exam Tips:

a) നിഗമനം ആദ്യം പറയുക: ബുദ്ധന്റെ 'മമത = ദുഃഖം' എന്ന ദർശനത്തിന് പകരം 'പുരുഷൻ = സ്ത്രീദുഃഖത്തിന്റെ കാരണം' എന്ന പ്രായോഗിക തിരിച്ചറിവ് പെൺഗൗളി മുന്നോട്ടുവയ്ക്കുന്നു.
b) ഇതിനു പിന്തുണയായി കഥയിലെ സാമൂഹിക വിമർശനങ്ങൾ (വിവാഹസങ്കല്പം, ഡോക്ടറുടെ ഈഗോ, ബുദ്ധിജീവി ചമയൽ, മൂഢവിശ്വാസം) ചുരുക്കി പോയിന്റുകളായി എഴുതുക.
c) എട്ടു മാർക്കിന്റെ ഉത്തരത്തിൽ ആമുഖം, വിശകലനം, ഉപസംഹാരം എന്നിവ വേണം.

 

Question 26: കൂട്ടുകാരോടുകൂടി വട്ടത്തിലിരുന്നു കളിച്ചു, സ്റ്റേറ്റിലൊക്കെയും വട്ടം വരച്ചു, രാവിൽ നടന്നപ്പോൾ ചന്ദ്രനെക്കൂട്ടി ............ പിന്നെ അവൾക്കു ചുറ്റും വട്ടം വരയ്ക്കപ്പെട്ടു. (പാവാട - എസ്. ജോസഫ്) ഈ കവിതയിലെ ആശയവും 'ഗൗളിജന്മത്തിലെ പെൺകുട്ടിയുടെ ജീവിതാവസ്ഥയും തമ്മിൽ സമാനതയുണ്ടോ? വിശദമാക്കുക.

Answer:

ചെറുപ്രായത്തിൽ കൂട്ടുകാരൊത്ത് തുമ്പിയെപ്പോലെ പാറിപ്പറന്നുകളിച്ച പെൺകുട്ടിയുടെ ജീവിതത്തിൽ കാലം നിയന്ത്രണങ്ങളുടെ വട്ടം വരയ്ക്കുകയാണ്. തുടർന്ന് അസ്വാതന്ത്ര്യത്തിന്റെതായ ഒരു ലോകമാണ് അവൾക്കു മുന്നിൽ പിന്നീടുള്ളത്. എസ്. ജോസഫിന്റെ 'പാവാട' എന്ന കൃതിയിൽ സ്ത്രീയുടെമേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന സമൂഹത്തിന്റെ നേർക്കുള്ള പ്രതികരണമാണ് കാണുന്നത്. 'ഗൗളിജന്മം' എന്ന കഥയിലാകട്ടെ, വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ടു പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരുക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹസങ്കല്പത്തെക്കുറിച്ച്, പുരുഷാധിപത്യത്തെ സംബന്ധിച്ച്, സ്ത്രീസമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്കരിക്കുന്നു; അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങിയിട്ടുണ്ട്. യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്യത്തിന്റെ ഭാവി നമുക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസവിച്ചോ എന്നറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിടയുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്; മരിക്കാറായ മനുഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയാണ്.
സന്ദർശകയുടെ ദാമ്പത്യസങ്കല്പം വളരെ ക്രൂരമാണ്; അവർ വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു, മരിക്കാറായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണംവരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു. ഇത് വിദേശസംസ്കാരത്തിന്റെ വിവാഹസങ്കല്പമാണ്; ആരതി ഉൾക്കൊള്ളുന്ന ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബവ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണുന്നവളാണ് സന്ദർശക. വിവാഹം പവിത്രമാണെന്നും വിവാഹശേഷം വിധവയായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മകളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചടങ്ങിനെ ഓർമ്മിപ്പിക്കുന്നു; ഭർത്താവ് ഇവിടെ മരിക്കാറായി. അതിൽനിന്ന് പകർന്ന അഗ്നിയാണ് ഭാര്യയുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചത്തെയാണ് വെളിച്ചം കാണിക്കാതെ കെടുത്തുന്നത്. സാക്ഷികളായി നിൽക്കുന്ന ഗൗളികൾ കഥയിലേക്ക് കടന്നുവന്ന് കഥയെ വളർത്തിയെടുത്തു. ഇത് ഈ കഥയിൽ സംഭവിച്ച യുവാവിന്റെ മരണവും യുവതിയുടെ ശൂന്യമായ കണ്ണുകളും സംബന്ധിച്ച് മനുഷ്യവികാരങ്ങളുടേയും ദാമ്പത്യസ്ഥാപനത്തിന്റേയും സ്ത്രീകാഴ്ചപ്പാടിന്റേയും ഭാവങ്ങളെ തകർക്കുന്ന ആഖ്യാനമായി മാറി. മാറിനിന്ന് കണ്ടിരുന്നവരിൽ പെൺഗൗളി തന്റെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ ജീവിതത്തിലേക്ക് കടന്നു; അത് ദാമ്പത്യസങ്കല്പത്തെ തകിടംമറിച്ചു. അങ്ങനെ സാക്ഷികൾ മനുഷ്യരുടെ ജീവിതത്തിൽ ചിലച്ച് ഇടപെട്ട് പ്രവചിച്ച് അവരുടെ ജീവിതത്തിന്റെ ആസക്തികളിലൂടെ ദാമ്പത്യത്തിന് പുതിയ ശരികൾ നൽകി. പ്രണയം വരണ്ടുപോയ ദാമ്പത്യത്തിന്റെ ജന്തുലോകത്താണ് മനുഷ്യൻ നിൽക്കുന്നതെന്ന ഗൗളിയുടെ കണ്ടെത്തൽ കഥയുടെ അന്തരീക്ഷത്തെ കൂടുതൽ സാന്ദ്രമാക്കുന്നു. ഈ കഥയിൽ മരണവും വേർപാടും അനാഥത്വവുമുണ്ട്; പക്ഷേ ഒന്നിലും കണ്ണീരിന്റെ ഒഴുക്കില്ല. ഈ കണ്ണീരിനെ തടഞ്ഞത് ഗൗളിയുടെ കാഴ്ചയും പ്രവൃത്തിയുമാണ്. പെൺഗൗളിയുടെ ജാഗ്രത സ്ത്രീമനസ്സിന്റെ സ്വാതന്ത്ര്യത്തെ കാണിക്കുന്നു; അങ്ങനെ പുരുഷൻ ഉണ്ടാക്കിയ നൂറ്റാണ്ടുകളുടെ മരവിപ്പിനെ പെൺഗൗളി തകർക്കുകയും, ദാമ്പത്യത്തിന്റെ അതിർവരമ്പുകൾ ഉടച്ച് പുതുമയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.

Exam Tips:

a) 'പാവാട'യിലെ വട്ടം (സ്ത്രീയുടെമേൽ സമൂഹം വരയ്ക്കുന്ന അതിർവരമ്പ്) എന്ന പ്രതീകം ആദ്യം വിശദീകരിക്കുക.
b) പെൺഗൗളി ആ വട്ടം ഉടച്ച് പുറത്തിറങ്ങുന്നു എന്നതാണ് ഗൗളിജന്മവുമായുള്ള സമാനത/ബന്ധം എന്ന് എഴുതുക.

 

Textbook Notes and Summary

Question 27: ഗ്രേസിയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

Answer:

സ്ത്രീയുടെ സഹനവും ചെറുത്തുനിൽപ്പും സർഗ്ഗാത്മകമായി ആവിഷ്കരിച്ച ചെറുകഥാകൃത്താണ് ഗ്രേസി. പടിയിറങ്ങിപ്പോയ പാർവ്വതി, നരകവാതിൽ, ഭ്രാന്തൻ പൂക്കൾ, രണ്ടു സ്വപ്നദർശികൾ, കാവേരിയുടെ നേര്, പനിക്കണ്ണ്, ഏഴ് പെൺകഥകൾ, ഗ്രേസിയുടെ കഥകൾ എന്നിവയാണ് കൃതികൾ. ഗ്രേസി ഒരു അധ്യാപികയാണ്.
ഗ്രേസിയുടെ കഥകൾ പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്നവയാണ്. കഥകളിൽ നഗരത്തേക്കാൾ നാട്ടിൻപുറമാണ് കൂടുതൽ. 'ഒരോതയും പ്രേതങ്ങളും' എന്ന കഥയിലെ ഒരോത നാട്ടിൻപുറത്തുകാരിയാണ്. ഗ്രേസിയുടെ വീട്ടിൽ പണിക്കുനിന്നിരുന്ന വേലക്കാരിയുടെ സ്വഭാവത്തെ പകർത്തി വളർത്തിയ കഥാപാത്രമാണത്രേ ഒരോത. അരക്ഷിതത്വമുള്ള പെണ്ണിനെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന കഥയാണ് 'നായയുണ്ട് സൂക്ഷിക്കുക'.

Exam Tips:

a) ജീവിതരേഖയ്ക്കൊപ്പം കൃതികളുടെ പേരുകൾ ശരിയായി എഴുതുക.
b) ഗ്രേസിയുടെ കഥകളുടെ പ്രധാന സവിശേഷത (പെൺപക്ഷ വീക്ഷണം, നാട്ടിൻപുറപശ്ചാത്തലം) ഒരു വാക്യത്തിൽ ചേർക്കുക.

 

Question 28: മലയാള സാഹിത്യത്തിൽ സ്ത്രീപക്ഷസാഹിത്യം (ഫെമിനിസം) വന്ന വഴി ചുരുക്കി വിവരിക്കുക.

Answer:

1980-കളുടെ അവസാനത്തിൽ സാറാജോസഫിന്റെ കഥകളിലൂടെയാണ് സ്ത്രീപക്ഷസാഹിത്യം (ഫെമിനിസം) വന്നത്. 'പാപത്തറ' ആണ് ഇതിന്റെ തുടക്കം. ലളിതാംബിക അന്തർജ്ജനത്തിൽ ലളിതമായി തുടങ്ങിയ സ്ത്രീപക്ഷം സാറാ ജോസഫിൽ എത്തിയപ്പോൾ തീവ്രമായി. സരസ്വതിയമ്മയുടെ രചനകളും ഫെമിനിസത്തിന്റെ ജീവൻ കണ്ടെത്തി വളർന്നു.
ഇവിടെ സ്ത്രീപക്ഷം ആൺകോയ്മയെ വിമർശിച്ചു തുടങ്ങി. അതിൽ സാവിത്രി രാജീവൻ, വിജയലക്ഷ്മി എന്നിവർ കവിതകളിലും ഗ്രേസി, ഗീതാ ഹിരണ്യൻ, ചന്ദ്രമതി എന്നിവർ കഥയിലും ആരംഭിച്ചു. ഇവരിൽ ആൺകോയ്മയെക്കെതിരെയുള്ള ആക്രമണം കുറവായിരുന്നു. സ്ത്രീ-പുരുഷ സാമൂഹിക ജീവിതത്തെയാണ് കഥാകാരി ആവിഷ്കരിക്കുന്നത്.

Exam Tips:

a) എഴുത്തുകാരികളുടെ പേരുകൾ കാലക്രമത്തിൽ (ലളിതാംബിക അന്തർജ്ജനം - സരസ്വതിയമ്മ - സാറാ ജോസഫ് - ഗ്രേസി മുതലായവർ) എഴുതുക.
b) 'പാപത്തറ' ഇതിന്റെ തുടക്കമായി എടുത്തുപറയുക.

 

Question 29: 'ഗൗളിജന്മം' കഥയ്ക്കകത്ത് എന്താണ്? കഥയുടെ ഉള്ളടക്കം എഴുതുക.

Answer:

ഗൗളിജന്മം കഥയിൽ ആശുപത്രിവാസം മടുത്ത രണ്ടു ഗൗളികൾ കാണുന്ന കാഴ്ചകളും അവരുടെ സംസാരവും, ഒടുവിൽ പെൺഗൗളി ആൺഗൗളിയുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമാവുന്നതുമാണ് കാണുന്നത്. നാം ആശുപത്രിയുടെ നിശ്ചലമായ ചുമരുകൾക്കുള്ളിൽ കുറച്ചുകാലം വസിച്ചാൽ ചുമരിലൂടെയോടുന്ന പല്ലിയെ ശ്രദ്ധിക്കും. മറ്റൊന്നും കാണാനില്ലാതെ കഴിയുമ്പോൾ മലയാളിയുടെ വിശ്വാസങ്ങളിൽ കയറിക്കൂടി, കവടി വയ്ക്കുന്നവരും നിമിത്തം പറയുന്നവരും വിശ്വസിക്കുന്ന ചിലയ്ക്കുന്ന ഗൗളിയെ ശ്രദ്ധിക്കും.
അതിലെ ആൺ-പെൺ ഗൗളികളുടെ നിരീക്ഷണവും തിരിച്ചറിവും ആവിഷ്കരിക്കുന്ന കഥ ഗൗളികളുടെ ജീവിതത്തെ കുറുക്കിക്കുറുക്കി മനുഷ്യരുടെ പ്രശ്നങ്ങളെ തുറന്നുകാണിക്കുന്നതായി മാറുന്നു. ആൺഗൗളിയുടെ ജീവിതത്തിൽനിന്ന് പെൺഗൗളി കുതിച്ചുചാടുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിലേക്കാണ്.

Exam Tips:

a) കഥയുടെ പ്രമേയം രണ്ടു വാക്യത്തിൽ പറയുക: ആശുപത്രിയിലെ രണ്ടു ഗൗളികളുടെ നിരീക്ഷണം, പെൺഗൗളിയുടെ ഇറങ്ങിപ്പോക്ക്.

 

Question 30: 'ഗൗളിജന്മം' എന്ന കഥയുടെ സംഗ്രഹം എഴുതുക.

Answer:

ആശുപത്രിവാസം മടുത്ത രണ്ടു ഗൗളികൾ ദാമ്പത്യം തുടങ്ങി (ജന്തുക്കൾ അങ്ങനെയാകാം). അവർ ഒരു മുന്നറിയിപ്പ് കാണുന്നുണ്ട്: ആരോഗ്യത്തിന് ഹാനികരം. അതൊരുപക്ഷേ ചുമരിലെ സ്റ്റിക്കറാകാം. അതിനിടയിൽക്കൂടി, അതിൽ കയറിയായിരിക്കാം ഇവർ ദാമ്പത്യം തുടങ്ങിയത്. ആസക്തി ഒതുങ്ങിയപ്പോൾ കണ്ണ് തെളിഞ്ഞു. താഴെ നിശ്ചലദൃശ്യംപോലെ അവശനായ യുവാവും കാൽക്കീഴിലിരിക്കുന്ന ഭാര്യയും. യുവതിയുടെ കണ്ണിൽ സഹതാപമുണർത്തുന്ന ശൂന്യത.
ഒരു സുഹൃത്ത് വരുന്നതറിഞ്ഞ് ആൺഗൗളി പെൺഗൗളിയ്ക്ക് മുന്നറിയിപ്പ് നൽകി. രണ്ടു ചെരുപ്പുകളുടെ കുളമ്പടിശബ്ദം കേട്ടത് ചെരുപ്പ് നല്ല കട്ടിയുള്ള ഹീലുള്ളതാണെന്നും അത് ഫാഷനുള്ളതാണെന്നും തോന്നിപ്പിക്കുന്നു. ഇരുട്ടുകുത്തനെ പതിച്ചതുപോലെയാണവർ വന്നത്. ഒരു സഹതാപവുമില്ലാത്ത സുഹൃത്താണിത്. അവരുടെ വാക്കുകൾ ക്രൂരമായിരുന്നു. യുവതിയോട് അബോർഷൻ നടത്താനും പറഞ്ഞു. അലിവില്ലാതെ യുവാവിനെക്കുറിച്ച് പറഞ്ഞു. ഇതുകേട്ട് പെൺഗൗളി പ്രതിഷേധിച്ച് ചിലച്ചു. ആൺഗൗളി ശാസിച്ചു: പല്ലി ചിലച്ചാൽ, അതും ബുധനാഴ്ച തെക്കുപടിഞ്ഞാറിരുന്ന് ചിലച്ചാൽ മരണം സംഭവിക്കുമെന്നാണ് മനുഷ്യന്റെ വിശ്വാസം. പെൺഗൗളിക്ക് കുറ്റബോധമായി. സുഹൃത്ത് പോയി. യുവാവ് യുവതിയെ നോക്കി ദയനീയമായി ചോദിച്ചു: എന്റെ കുഞ്ഞിനെ നീ കളയുമോ?
ഡോക്ടർ വന്നു. ആക്സിഡന്റിലായ യുവാവിനെ ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ മഞ്ഞപ്പിത്തം ബാധിക്കാതെ രക്ഷപ്പെട്ടേനെ; പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിശോരലാലിനുണ്ടായ തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഡോക്ടറുടെ പിടിയിൽനിന്ന് ഇയാൾ രക്ഷപ്പെട്ടേനെയെന്ന് ആൺഗൗളി പറഞ്ഞു. ഇതെല്ലാം എങ്ങനെ അറിയുന്നുവെന്ന പെൺഗൗളിയുടെ ചോദ്യത്തിന് മറുപടി രസമായി: കഴിഞ്ഞ ജന്മത്തിലെ കഥാകൃത്താണ് ഗൗളി; മലയാളത്തിലെ മികച്ച കഥാകാരനാണെന്ന അഹന്ത ഉണ്ടായിരുന്നു; അതിനാലിപ്പോൾ ഉത്തരം താങ്ങുന്ന ഗൗളിയായി മാറി.
ഈ സമയം മുജ്ജന്മത്തെക്കുറിച്ച് ഓർമ്മയില്ലാത്ത പെൺഗൗളി ദുഃഖിച്ചു. ബുദ്ധന് എന്ത് ബോധം കിട്ടിയെന്നതിന് ആൺഗൗളി മറുപടി പറഞ്ഞില്ല. അത് ദാർശനികനായി പ്രഭാഷണം തുടങ്ങി. അപ്പോൾ പെൺഗൗളി നിർബന്ധിച്ചു. മമതയാണ് സർവ്വദുഃഖങ്ങൾക്കും കാരണമെന്ന് ബുദ്ധൻ മനസ്സിലാക്കിയെന്ന് ആൺഗൗളി പറഞ്ഞു. ഇതുകേട്ട് പെൺഗൗളി പൊട്ടിച്ചിരിച്ചു: അടുക്കളച്ചുമരിൽ കഴിയുന്ന സ്ത്രീകൾക്ക് ഇതറിയാം. ആൺഗൗളി പതറിപ്പോയി.
യുവാവ് മരിക്കുന്നു. ആൺഗൗളി പ്രവാചകനെപ്പോലെ പറഞ്ഞു: ആ യുവതി തന്റെ കുഞ്ഞിനെ പ്രസവിക്കില്ല; അവൾ മറ്റൊരു ജീവിതം സ്വീകരിക്കും. ആൺഗൗളിക്ക് മറ്റ് പെൺഗൗളികളിൽ കുഞ്ഞുണ്ടാകാം; പക്ഷേ തനിക്ക് യുവതിയുടെ ജീവിതം കാണണം, മാത്രമല്ല പെണ്ണുങ്ങളെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്നറിയണം എന്നുപറഞ്ഞ് പെൺഗൗളി യുവതിയുടെ ബാഗിലേക്ക് എടുത്തുചാടി അപ്രത്യക്ഷയായി.

Exam Tips:

a) സംഗ്രഹം സംഭവക്രമത്തിൽ എഴുതുക: ഗൗളികളുടെ ദാമ്പത്യം, സന്ദർശകയുടെ വരവ്, ഡോക്ടർ, ബുദ്ധനെക്കുറിച്ചുള്ള സംഭാഷണം, യുവാവിന്റെ മരണം, പെൺഗൗളിയുടെ ഇറങ്ങിപ്പോക്ക്.
b) സംഗ്രഹത്തിൽ സംഭാഷണങ്ങൾ അതേപടി പകർത്തേണ്ടതില്ല; പ്രധാന സംഭവങ്ങൾ മാത്രം മതി.

 

Kerala Board Solutions for Class 12 Malayalam Chapter 02 Gauli Janmam

Chapter Exercise Answers for Class 12 Malayalam

Access structured Kerala Board textbook solutions for Chapter 02 Gauli Janmam. Designed in alignment with the latest academic curriculum for Class 12 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Detailed Answer Guides for Chapter 02 Gauli Janmam

Clear, methodical explanations accompany every challenging problem within the Class 12 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.

Complete Preparation Kit for Class 12 Exams

Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 12 Malayalam.

FAQs

Where can I find the latest Kerala Plus Two Malayalam Unit 3 Chapter 2 Gauli Janmam Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Unit 3 Chapter 2 Gauli Janmam Textbook Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Unit 3 Chapter 2 Gauli Janmam Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Unit 3 Chapter 2 Gauli Janmam Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Unit 3 Chapter 2 Gauli Janmam Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Unit 3 Chapter 2 Gauli Janmam Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Unit 3 Chapter 2 Gauli Janmam Textbook Questions and Answers in printable PDF format for offline study on any device.