Step-by-Step Textbook Solutions for Class 12 Malayalam Chapter 02 Agnivarnante Kalukal
Review structured textbook solutions for Class 12 Malayalam Chapter 02 Agnivarnante Kalukal. Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.
Download Chapter 02 Agnivarnante Kalukal Textbook Solutions PDF
View or download the dedicated Chapter 02 Agnivarnante Kalukal solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.
2 Mark Questions and Answers
Question 1: 2009-ൽ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
Answer:
കാവാലം നാരായണപ്പണിക്കർക്ക്.
Exam Tips:
a) പേര് പൂർണ്ണമായി എഴുതുക: കാവാലം നാരായണപ്പണിക്കർ.
Question 2: 'ഇവിടെ ഒരു രാജാവില്ലതന്നെ' ഇതാരുടെ വാക്കുകളാണ്?
Answer:
വിദൂഷകന്റെ.
Exam Tips:
a) നാടകത്തിലെ സംഭാഷണം ആരുടേതാണെന്ന് ചോദിച്ചാൽ കഥാപാത്രത്തിന്റെ പേര് മാത്രം എഴുതിയാൽ മതി.
Question 3: 'ദൈവത്താർ' എന്ന കൃതിയുടെ കർത്താവ് ആര്?
Answer:
കാവാലം നാരായണപ്പണിക്കർ.
Exam Tips:
a) കാവാലത്തിന്റെ പ്രധാന കൃതികളുടെ പേരുകൾ (ദൈവത്താർ, സാക്ഷി, അവനവൻ കടമ്പ) ഒരുമിച്ച് ഓർത്തുവയ്ക്കുക.
Question 4: 'യഥാരാജാ തഥാ പ്രജാ' - ഇതാരുടെ വാക്കുകളാണ്?
Answer:
കേവലരാമന്റെ.
Exam Tips:
a) 'രാജാവ് എങ്ങനെയോ പ്രജകളും അങ്ങനെ' എന്ന അർത്ഥം ഓർത്താൽ ആരുടെ വാക്കാണെന്ന് ഓർമ്മിക്കാൻ എളുപ്പമാണ്.
Question 5: 'വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം വേറൊരാളെ ഇരുത്തി വായിപ്പിക്കുന്നുണ്ട്, അറിയാമോ?' - ഇതാര്? ആരെപ്പറ്റി പറഞ്ഞതാണിത്?
Answer:
കൊത്തുവാൾ അഗ്നിവർണ്ണനെപ്പറ്റി പറഞ്ഞതാണ്.
Exam Tips:
a) പറഞ്ഞ ആളും പറയപ്പെട്ട ആളും രണ്ടും എഴുതണം.
Question 6: 'തനതു നാടകവേദി' എന്ന ആശയം മുന്നോട്ടുവച്ചതാര്?
Answer:
സി.എൻ. ശ്രീകണ്ഠൻനായർ.
Exam Tips:
a) 'തനതു നാടകവേദി' എന്ന ആശയം സി.എൻ. ശ്രീകണ്ഠൻനായരുടേതാണ്; അതു പ്രയോഗത്തിൽ കൊണ്ടുവന്ന കാവാലത്തിന്റെ പേരുമായി തെറ്റിക്കരുത്.
Question 7: അഗ്നിവർണ്ണന്റെ കഥ ഏതു കൃതിയിൽനിന്നെടുത്തതാണ്?
Answer:
കാളിദാസന്റെ രഘുവംശത്തിൽനിന്ന്.
Exam Tips:
a) കൃതിയുടെ പേരിനൊപ്പം കർത്താവിന്റെ പേരും (കാളിദാസൻ) എഴുതുക.
Question 8: നാട്യശാസ്ത്രം രചിച്ചതാര്?
Answer:
ഭരതമുനി.
Exam Tips:
a) നാട്യശാസ്ത്രം ഭരതമുനിയുടെ കൃതിയാണ്; ഇതിൽ 36 അധ്യായങ്ങളുണ്ട്.
Question 9: കാവാലത്തിന്റെ പ്രധാന നാടക കൃതികൾ ഏവ?
Answer:
സാക്ഷി, തിരുവാഴിത്താൻ, ജാബാലസത്യകാമൻ, ദൈവത്താർ, അവനവൻ കടമ്പ, കരിങ്കുട്ടി, കൈക്കുറ്റപ്പാട്, ഒറ്റയാൻ.
Exam Tips:
a) കുറഞ്ഞത് അഞ്ചോ ആറോ നാടകങ്ങളുടെ പേര് എഴുതിയാൽ പൂർണ്ണ മാർക്ക് ലഭിക്കും; പേരുകളിൽ അക്ഷരത്തെറ്റ് വരാതെ നോക്കുക.
b) നാടകങ്ങളുടെ പേരുകൾ പ്രത്യേകം വരികളിലായോ കോമ ഇട്ടോ വ്യക്തമായി എഴുതുക.
Question 10: കാവാലം നാരായണപ്പണിക്കർ വിവർത്തനം ചെയ്ത നാടക കൃതികൾ ഏവ?
Answer:
ഭാസന്റെ 5 നാടകങ്ങൾ (ഊരുഭംഗം, ദൂതഘടോൽക്കജം, മധ്യമ വ്യായോഗം, ദൂതവാക്യം, കർണ്ണഭാരം), ഭഗവദജ്ജുകം, മത്തവിലാസം, ട്രോൺസികൾ, ഒരു മധ്യവേനൽ രാക്കനവ്, കൊടുങ്കാറ്റ്.
Exam Tips:
a) ഭാസന്റെ അഞ്ചു നാടകങ്ങൾ ബ്രാക്കറ്റിൽ ഒരുമിച്ചാണ് നൽകിയിരിക്കുന്നത്; അവയെ പ്രത്യേകം എണ്ണി എഴുതുക.
b) വിവർത്തന കൃതികളെയും സ്വന്തം രചനകളെയും കൂട്ടിക്കലർത്തരുത്.
Question 11: സന്ദർഭം വ്യക്തമാക്കുക. 'രാജാവിന്റെ ഇന്ദ്രിയങ്ങൾക്കെല്ലാം പിടിപ്പതു ജോലിയുണ്ട്'
Answer:
പ്രജകളുടെ പരാതി കേൾക്കാൻ രാജാവിനു സമയമില്ലാത്തതിനാൽ തങ്ങളുടെ പരാതി ആരോടു പറയണമെന്ന കേവലരാമന്റെ ചോദ്യത്തിന് രാജഗുരു നല്കിയ മറുപടിയാണ് രാജാവിന്റെ ഇന്ദ്രിയങ്ങൾക്കു പിടിപ്പതുജോലിയുണ്ട് എന്നത്. ഇന്ദ്രിയസുഖങ്ങളിൽ മുഴുകിയിരിക്കുന്ന രാജാവിന് മറ്റൊന്നിലും ശ്രദ്ധയില്ലെന്നാണ് രാജഗുരു പറയുന്നത്.
Exam Tips:
a) സന്ദർഭം എഴുതുമ്പോൾ ആര് ആരോട്, എന്തിനെക്കുറിച്ച് പറഞ്ഞു എന്നീ മൂന്നു കാര്യങ്ങളും ഉൾപ്പെടുത്തുക.
b) അവസാനം ആ വാക്യത്തിന്റെ സൂചനയും (രാജാവിന്റെ സുഖലോലുപത) ചുരുക്കി എഴുതുക.
Question 12: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്നെഴുതുക.
a) അഗ്നിവർണ്ണൻ ചന്ദ്രവംശരാജാവാണ്.
b) കേവലരാമൻ ബുദ്ധിജീവികളുടെ പ്രതിനിധിയാണ്.
c) 'ജാബാലസത്യകാമൻ' കാവാലം നാരായണപ്പണിക്കരുടെ നാടകമാണ്.
d) വിദൂഷകൻ രാജാവിന്റെ ഉറ്റതോഴനാണ്.
Answer:
a) തെറ്റ്
b) തെറ്റ്
c) ശരി
d) ശരി
Exam Tips:
a) ശരിയോ തെറ്റോ എന്ന് മാത്രം എഴുതിയാൽ മതി; ഓരോ ഉപചോദ്യത്തിന്റെയും അക്ഷരം (a, b, c, d) ചേർത്ത് എഴുതുക.
b) അഗ്നിവർണ്ണൻ സൂര്യവംശത്തിലെ (രഘുവംശത്തിലെ) രാജാവാണെന്ന് ഓർക്കുക.
Question 13: അഭിനയം എത്രവിധമാണെന്നാണ് നാട്യശാസ്ത്രത്തിൽ പറയുന്നത്?
Answer:
4 വിധം. ആഹാര്യം, ആംഗികം, വാചികം, സാത്വികം എന്നിങ്ങനെ.
Exam Tips:
a) എണ്ണം (4) എഴുതുകയും നാലിന്റെയും പേരു പറയുകയും വേണം.
Question 14: 'അവിടെ പറഞ്ഞുകൊള്ളൂ. ഞാൻ കുറിച്ചെടുക്കും രാജാവിന്റെ കാലാണ് എന്റെ ചെവി' - സന്ദർഭം വ്യക്തമാക്കുക.
Answer:
ജനങ്ങളുടെ പരാതി കേൾക്കാൻ രാജാവിന് സമയമില്ല എന്നതുകൊണ്ട് തങ്ങളുടെ പരാതി ആരോടാണ് പറയേണ്ടത് എന്ന കേവലരാമന്റെ ചോദ്യത്തിന് മറുപടിയായി രാജാവിന്റെ പ്രതിനിധിയായ മരക്കാലുകളോട് പരാതി പറയാൻ രാജഗുരു പറയുന്നതാണ് സന്ദർഭം.
Exam Tips:
a) ആര് ആരോടു പറഞ്ഞു, എന്തിന് എന്ന ക്രമത്തിൽ എഴുതുക.
b) രാജാവിന്റെ പ്രതിനിധിയായ 'മരക്കാലുകൾ' എന്ന സൂചന ഉത്തരത്തിൽ ഉൾപ്പെടുത്തുക.
Question 15: കഥാപാത്രനിരൂപണം തയാറാക്കുക - കേവലരാമൻ.
Answer:
'അഗ്നിവർണ്ണന്റെ കാലുകളി'ലെ ഒരു കഥാപാത്രമാണ് കേവലരാമൻ. സാധാരണക്കാരന്റെ പ്രതിനിധിയാണ് അയാൾ. 'ഇവിടെയൊരു ശവത്തിന്റെ ദുർഗന്ധമാണ്' എന്ന് അയാൾ പറയുന്നുണ്ട്. അധികാരത്തിന്റെ ജീർണ്ണതയെയാണ് അത് സൂചിപ്പിക്കുന്നത്. രാജാവും പരിവാരങ്ങളും കൂടി രാജ്യത്തിന് അപമാനമാകുന്ന അവസ്ഥ പെട്ടെന്ന് കണ്ടറിയാൻ കേവലരാമന് കഴിയുന്നു. നെറികെട്ട ഭരണത്തിന്റെ ഭാരം പേറേണ്ടി വരുന്നത് സാധാരണക്കാരാണല്ലോ.
Exam Tips:
a) കഥാപാത്രനിരൂപണത്തിൽ കഥാപാത്രം ആരെ പ്രതിനിധാനം ചെയ്യുന്നു, നാടകത്തിലെ ഒരു ഉദ്ധരണി, അതിന്റെ സൂചന എന്നിവ ഉൾപ്പെടുത്തുക.
b) അവസാനം കഥാപാത്രത്തിന്റെ പ്രസക്തി ഒരു വാക്യത്തിൽ ചുരുക്കി എഴുതുക.
Question 16: നവരസങ്ങൾ ഏവ?
Answer:
ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നിവയാണ് നാട്യശാസ്ത്രത്തിലെ രസങ്ങൾ. ഇവ 'നവരസങ്ങൾ' എന്നറിയപ്പെടുന്നു. നാട്യശാസ്ത്രത്തിലെ ആറും ഏഴും അധ്യായങ്ങളിലാണ് ഇവയുള്ളത്.
എന്നാൽ നാട്യശാസ്ത്രത്തിൽ ഭരതമുനി എട്ടു രസങ്ങളെക്കുറിച്ചേ എഴുതിയിട്ടുള്ളൂ എന്നും 'ശാന്തം' പിന്നീട് ചേർത്തതാണെന്നും ഒരു അഭിപ്രായമുണ്ട്. രസഭാവങ്ങൾ കഴിഞ്ഞാൽ സ്ഥായീഭാവങ്ങൾ, സഞ്ചാരീഭാവങ്ങൾ, സാത്വികഭാവങ്ങൾ എന്നിവയെക്കുറിച്ചും നാട്യശാസ്ത്രത്തിൽ പറയുന്നുണ്ട്.
Exam Tips:
a) ഒമ്പതു രസങ്ങളും ക്രമത്തിൽ എഴുതുക; ശാന്തം പിന്നീട് ചേർത്തതാണെന്ന അഭിപ്രായം കൂടി പറഞ്ഞാൽ ഉത്തരം പൂർണ്ണമാകും.
b) രസങ്ങൾ ഏതെല്ലാമെന്നു മാത്രം ചോദിച്ചാൽ പേരുകൾ മതി; വിവരണം ചോദിച്ചാൽ മാത്രം ബാക്കി ഭാഗം എഴുതുക.
Question 17: 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകത്തിലെ കഥാപാത്രം ആര്? (കേശിനി, കാകാത്തി, നമ്പീശനാശാൻ, രാജഗുരു)
Answer:
രാജഗുരു
Exam Tips:
a) ഓപ്ഷനുകളിൽനിന്ന് ശരിയായ ഉത്തരം മാത്രം എഴുതുക; മറ്റുള്ള പേരുകൾ മറ്റു കൃതികളിലെ കഥാപാത്രങ്ങളാണ്.
Question 18: കേവലരാമൻ, ചിന്താരാമൻ, കൊത്തുവാൾ, ബാഹുകൻ. ഇവയിൽ ഒറ്റയാനെ കണ്ടെത്തുക.
Answer:
ബാഹുകൻ
Exam Tips:
a) ഒറ്റയാനെ കണ്ടെത്താൻ ബാക്കിയുള്ളവയുടെ പൊതുസ്വഭാവം ആദ്യം നോക്കുക.
4 Mark Questions and Answers
Question 19: കാവ്യനാടകം കുറിപ്പ് തയ്യാറാക്കുക.
Answer:
നാടകത്തിലെ ഭാവാവിഷ്കരണപരമായ പരീക്ഷണങ്ങളുടെ പരിണതഫലമായിട്ടാണ് കാവ്യനാടകം ആവിർഭവിച്ചത്. കേരള കവിതാത്രൈമാസികത്തിൽ പ്രസിദ്ധീകരിച്ചതുവഴി ഈ പ്രസ്ഥാനം ജനശ്രദ്ധനേടി.
നാടകത്തെപ്പറ്റി ആഴത്തിൽ ചിന്തിച്ചവർക്ക് 'നാടകാന്തം കവിതം' എന്നതിന്റെ സാരസ്യം പിടികിട്ടിയത് കാവ്യനാടകങ്ങളിലൂടെയാണെന്നു പറയാം. പരീക്ഷണ നാടകപ്രസ്ഥാനത്തിലെ ഒരു ഉപപ്രസ്ഥാനമെന്ന് വേണമെങ്കിലും ഇതിന് പേരിടാം. പദ്യത്തിന്റെ പ്രയോഗത്തേക്കാൾ കാവ്യനാടകത്തിന്റെ മുഖ്യലക്ഷണമായി എടുത്തുപറയേണ്ടത് ഭാവപരമായ കാവ്യാത്മകതയാണ്. കേവല യഥാതഥ ചിത്രീകരണം, ജീവിത പ്രതിഫലനം മാത്രമായാൽ കാവ്യനാടകമായി കണക്കാക്കാൻ വിഷമമായിരിക്കും. പ്രതീകങ്ങളിലൂടെ, ബിംബങ്ങളിലൂടെ, മിത്തിന്റെ ഊതിക്കത്തിക്കലിലൂടെ ഭാവനയുടെ അതിപ്രസരത്തിലൂടെ, നാടകം നല്കുന്ന അനുഭൂതി കാവ്യാത്മകമാകുമ്പോൾ അത് കാവ്യനാടകമായി ഭവിക്കുന്നു.
പ്രഭാഷണതുല്യമായ സംഭാഷണങ്ങളും ഗാനങ്ങളും നൃത്തങ്ങളും കുത്തിത്തിരുകിവച്ചാൽ കിട്ടുന്ന സംഗീത നാടക വൈകൃതങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, അതിന് വിരുദ്ധം തന്നെയാണ്, യഥാർത്ഥ കാവ്യനാടകം. അവതരണത്തിൽ തുടിച്ചുനില്ക്കുന്ന ധ്വനിപരതയാണ് കാവ്യനാടകത്തിന്റെ മുഖമുദ്ര.
കവിയരങ്ങുകളുടെയും ചൊൽക്കാഴ്ചകളുടെയും സാന്നിധ്യം കാവ്യനാടകങ്ങളുടെ പുനരവതാരത്തിന് കളമൊരുക്കി. അമേച്വർ നാടകങ്ങളുടെ വിഭാഗത്തിൽ ഇന്ന് പരീക്ഷണകൗതുകമുണർത്തുന്ന രചനകളിൽപ്പെട്ടവയാണ് കാവ്യനാടകങ്ങൾ. മലയാളത്തെ സംബന്ധിച്ചിടത്തോളം ഇക്കാര്യം നമുക്ക് ഉറപ്പിച്ചുപറയാം. കച്ചവട നാടകക്കാർ ഇവയ്ക്ക് അയിത്തം കല്പിക്കുന്നത് സ്വാഭാവികം മാത്രം. വ്യാപാര സങ്കല്പനങ്ങളോ പണ സമ്പാദനമോ കാവ്യനാടകാവതരണത്തെ ബാധിക്കാനിയില്ലാത്തതുകൊണ്ട് അതിന്റെ വിശുദ്ധി ഭജിക്കപ്പെടാറില്ല. കാവ്യനാടകത്തിലൂടെ നമ്മുടെ തനതായ നാടകവേദി കണ്ടെത്താനും കഴിഞ്ഞേക്കും. ജി. ശങ്കരപ്പിള്ളയുടെ 'കിരാതം', കാവാലം നാരായണപ്പണിക്കരുടെ 'സാക്ഷി' എന്നീ നാടകങ്ങളുടെ അവതരണങ്ങൾ ഈ വിചാരത്തിന് ബലം നല്കുന്നു.
ആ കാവ്യനാടകങ്ങൾ രംഗത്ത് അവതരിപ്പിച്ചപ്പോൾ, കഥകളിയുടെയും കൂടിയാട്ടത്തിന്റെയും കേരളത്തിലെ ചില ആരാധനാനൃത്തങ്ങളുടെയും അംശങ്ങൾ ആധുനിക നാടകവേദിയിൽ ഉയിർത്തെഴുന്നേൽക്കുന്നത് കണ്ടു. കാവ്യനാടകത്തിലൂടെ നാം എത്തിച്ചേരുന്നത് നമ്മുടെ രംഗകലാപാരമ്പര്യത്തിന്റെ നടക്കാവിൽ തന്നെയാണ്.
Exam Tips:
a) കുറിപ്പിൽ പ്രധാന ആശയങ്ങൾ ക്രമത്തിൽ വരണം: കാവ്യനാടകത്തിന്റെ ഉദയം, പ്രധാന ലക്ഷണം (ഭാവപരമായ കാവ്യാത്മകത, ധ്വനിപരത), സംഗീതനാടകത്തിൽനിന്നുള്ള വ്യത്യാസം, ഉദാഹരണങ്ങൾ (കിരാതം, സാക്ഷി).
b) പ്രതീകം, ബിംബം, മിത്ത് എന്നീ പദങ്ങൾ ഉപയോഗിക്കുക.
c) നാലു മാർക്കിന് ഓരോ ഖണ്ഡികയിലും ഒരു മുഖ്യാശയം മതി; ആവർത്തനം ഒഴിവാക്കുക.
Question 20: വ്യാഖ്യാനിക്കുക - നാട്യശാസ്ത്രം.
Answer:
നൃത്തം, നാടകം, സംഗീതം, രസം, അലങ്കാരം, അഭിനയം തുടങ്ങി സകല കലകളുടെയും ഉത്തമ ലക്ഷണ ഗ്രന്ഥമാണ് നാട്യശാസ്ത്രം. ഭരതമുനിയാണ് ഇത് രചിച്ചത്. ലോകത്തിൽ ഇന്ന് ലഭ്യമായതിൽവച്ച് ഏറ്റവും പ്രാചീനമായ സൗന്ദര്യശാസ്ത്രമാണ് നാട്യശാസ്ത്രം. 'നതജ്ഞാനം, നതച്ഛിൽപ്പം, നസാവിദ്യ, നസകലാ, നസൗയോഗോ, നതത്കർമ്മ നാടോസിൻ സന്ദൃശ്യതേ.' നാട്യശാസ്ത്രത്തെക്കുറിച്ച് ഭരതമുനി അഭിമാനത്തോടെ പറയുന്നതാണിത്.
അതായത്, നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കാത്തതായ ഒരു വിധ ജ്ഞാനമോ ശിൽപ്പമോ വിദ്യയോ കലയോ യോഗമോ കർമ്മമോ ഇല്ല എന്നർത്ഥം. അത്രേയാദി മുനികളുടെ അഭ്യർത്ഥനപ്രകാരം ഭരതമുനി പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് നാട്യശാസ്ത്രം രചിച്ചിരിക്കുന്നത്. പദ്യരൂപവും ഗദ്യരൂപവും ഇതിന്റെ രചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. നാട്യശാസ്ത്രത്തിന്റെ 36 അധ്യായങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആദ്യത്തെ അധ്യായം നാട്യോത്പത്തിയെക്കുറിച്ചാണ്.
നാട്യഗൃഹം എവിടെപ്പണിയണം, എങ്ങനെ പണിയണം എന്നുള്ള ശാസ്ത്രവിധികളാണ് രണ്ടാമധ്യായത്തിൽ. സ്വർഗത്തിൽ ജനിച്ച നാട്യം എങ്ങനെ ഭൂമിയിൽ എത്തി എന്ന് അവസാനത്തെ രണ്ട് അധ്യായങ്ങളിൽ പറയുന്നു. ബാക്കിയുള്ള 33 അധ്യായങ്ങളിലായി കലകളെക്കുറിച്ചും സംഗീതശാസ്ത്രത്തെക്കുറിച്ചുമൊക്കെ വിവരിക്കുന്നു.
ഏതു കാലഘട്ടത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത് എന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിലാണെന്നാണ് ചിലരുടെ വാദം. എന്നാൽ എ.ഡി. രണ്ടാം നൂറ്റാണ്ടാണ് ഇതിന്റെ രചനാകാലഘട്ടമെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു.
Exam Tips:
a) ആദ്യം നാട്യശാസ്ത്രം എന്താണ്, ആരുടേത് എന്ന് പറഞ്ഞുതുടങ്ങുക; തുടർന്ന് ഉള്ളടക്കം, അധ്യായങ്ങൾ, രചനാകാലം എന്ന ക്രമത്തിൽ എഴുതുക.
b) അധ്യായങ്ങളുടെ എണ്ണം (36), രചനാകാലത്തെക്കുറിച്ചുള്ള അഭിപ്രായഭേദം (ബി.സി. രണ്ടാം നൂറ്റാണ്ട് / എ.ഡി. രണ്ടാം നൂറ്റാണ്ട്) എന്നിവ വിട്ടുപോകരുത്.
Question 21: കാവാലത്തിന്റെ 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന തനതുനാടകം റേഡിയോ നാടകമാക്കുമ്പോൾ എന്തെല്ലാം പരിമിതികൾ ഉണ്ടാവാം?
Answer:
ഏറ്റവും വലിയ പരിമിതി ഈ നാടകം ഒരു തനതുനാടകം എന്നതുതന്നെയാണ്. ഒരു തനതുനാടകം റേഡിയോ നാടകമാക്കുക എന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. രംഗവേദിയുടെ എല്ലാ സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന, ആവശ്യപ്പെടുന്ന തനതു നാടകം 'അഗ്നിവർണ്ണന്റെ കാലുകൾ' കാവാലത്തിന്റെ ആ രചനയെ റേഡിയോ നാടകമാക്കുമ്പോൾ അത് കൂട്ടിലടച്ച തത്തപോലെയാവും. പറന്നു നടക്കുക എന്നത് കിളിയുടെ ധർമ്മമാണ്. കൂട്ടിലിടുമ്പോൾ കിളിക്ക് ഭംഗിയും ഭക്ഷണവും ഒക്കെ ഉണ്ടെങ്കിലും, പറക്കുക എന്ന അതിന്റെ ജന്തുവാസന മാത്രം തടവിലാക്കപ്പെടുന്നു.
ജീവനില്ലാത്ത ഒന്നായി കലാരൂപം മാറുന്നതും ഇങ്ങനെ തന്നെയാണ്. മാധ്യമം മാറുമ്പോൾ കലയുടെ സ്വഭാവവും മാറുന്നു. നാടോടികലാരൂപങ്ങളിൽ നിന്നും, അനുഷ്ഠാന നാടകരൂപങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിച്ച് ജനിച്ചുവീണ ഒരു നാടകപ്രസ്ഥാനമാണ് 'തനതുകലാരൂപം'. അതിന്റെ മുഖ്യസ്വഭാവം തന്നെ രംഗവേദിയിലെ താദാത്മ്യ ചലനങ്ങളിലൂടെ സംവദിക്കുക എന്നതാണ്. അതിന് ഭംഗം വരുമ്പോൾ അത് അല്ലാതായി മാറുന്നു. ഒരു വ്യത്യസ്തതയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ എന്നു കണ്ടാൽ തന്നെ, ആ ശ്രമം ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് കഥാപശ്ചാത്തലം സൃഷ്ടിക്കുന്ന കാര്യത്തിൽ. പാട്ടും, കൊട്ടും, ആട്ടവും ഒത്തുചേരുന്ന അവതരണരീതി തന്നെ, അതിന്റെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റിമറിക്കും.
അതു തന്നെയാണ് പ്രധാന വെല്ലുവിളിയും, പരിമിതിയും. എന്തുതന്നെ ആയാലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, റേഡിയോ നാടകമെന്ന പുതിയൊരു മാധ്യമത്തിന്റെ സാധ്യതകൾ ആരായുവാനും, കണ്ടെത്താനും സാധിക്കും. കഥാപാത്രങ്ങളുടെ വൈകാരികതയും ശബ്ദനിയന്ത്രണവും ഒരു പ്രധാന ഘടകമാണ്. ഒപ്പം പശ്ചാത്തലസംഗീതവും. സംഭാഷണങ്ങളിലെ കൃത്യത, ശ്രോതാക്കളുടെ ആസ്വാദനതലം ഉയർത്തും. എന്തുതന്നെ ആയാലും രംഗകലയുടെ അനന്തസാധ്യതകളെ ചൂഷണം ചെയ്യുന്ന, താളനിബദ്ധമായ 'തനതു നാടകങ്ങൾ തീർച്ചയായും റേഡിയോ നാടകമാക്കുന്നത് തികഞ്ഞ വെല്ലുവിളിയും, പരിമിതികളും നിറഞ്ഞതാണ്.
Exam Tips:
a) പ്രധാന പരിമിതി ആദ്യം തന്നെ പറയുക: രംഗവേദിയുടെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തനതുനാടകം റേഡിയോയിൽ ശബ്ദത്തിൽ ഒതുങ്ങുന്നു.
b) 'കൂട്ടിലടച്ച തത്ത' എന്ന ഉപമ ഉത്തരത്തിൽ ഉൾപ്പെടുത്തുക.
c) പാട്ട്, കൊട്ട്, ആട്ടം എന്നിവ ചേർന്ന അവതരണരീതി റേഡിയോയിൽ സാധ്യമല്ല എന്ന കാര്യം പ്രത്യേകം എഴുതുക.
6 Mark Questions and Answers
Question 22: 'അടിച്ചുതളിക്കാരി' എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടെ നാടകത്തിനു കൈവരുന്ന സാമൂഹികമാനം ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകത്തിൽ ഏറ്റവും നിർണ്ണായകമായ സന്ദർഭത്തിലാണ് 'അടിച്ചുതളിക്കാരി' പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും കൗതുകകരമായ കാര്യം, രാജാവിന്റെ വരവിനായുള്ള കൊമ്പുവിളിക്കുശേഷം പ്രേക്ഷകരും കഥാപാത്രങ്ങളും രാജഗീതവും പ്രതീക്ഷിച്ചു നിൽക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കിണ്ടിയും വെള്ളവുമായി കൊട്ടാരം അടിച്ചുതളിക്കാരി വരുന്നത് എന്നതാണ്.
അടിച്ചുതളിക്കാരിയെ കാണുമ്പോൾപോലും ആശങ്കയാണ്: ഇതും രാജാവാകുമോ? രാജാവ് പെണ്ണാണോ? അവിടെയും തിരുത്തു വരികയാണ്. രാജാവ് എന്തായാലും ആണുതന്നെ. കുഴലൂത്തുകാരുടെ അകമ്പടിയോടെയാണ് കൊട്ടാരത്തിലെ അടിസ്ഥാനവർഗത്തൊഴിലാളി വരുന്നത് എന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു.
ആക്ഷേപഹാസ്യം, പരിഹാസത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടക സന്ദർഭമാണത്. അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുരത്തിൽനിന്ന്, ഉയർന്ന തലത്തിൽനിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭവിക്കുന്നു. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു.
അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവൾ, അന്നന്നത്തെ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നവൾ; വലിയ ചിന്തകളോ തത്ത്വപ്രശ്നങ്ങളോ താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം, തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധികാരകേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലിയിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവളാണ് അവൾ. അടിച്ചുതളിക്കാരിയോട് 'ഈ കാലുകളും ഇവിടെനിന്ന് അടിച്ചുവാരിക്കളയുമോ' എന്നു ചോദിക്കുന്ന കേവലരാമനോട് 'എനിക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം' എന്നാണവൾ മറുപടി പറയുന്നത്.
തന്റെ ജോലിയോടും തനിക്കു ജോലി തന്ന അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവളാണ് അവൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽനിന്ന് അവൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ ഭരണസ്തംഭനമോ അവളുടെ വിഷയമല്ല.
തന്റെ കർമ്മം, തന്റെ ജോലി, ആ മണ്ഡലത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്തലുകൾ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന സാധാരണജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടിച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണ കൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖലോലുപതയിൽ മുഴുകി ഭോഗാസക്തിമാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥയ്ക്കെതിരെ, കെടുകാര്യസ്ഥതയ്ക്കെതിരെ, അധികാരപ്രീണനത്തിനും അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.
അടിച്ചുവൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാരജീർണ്ണതയ്ക്കുനേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചൂല്. അടിച്ചുതളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത്യക്ഷപ്പെട്ടത് എന്താണ് എന്നു ചോദിക്കുമ്പോൾ 'ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ?' എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണമാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണപ്രക്രിയയിൽപ്പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്, തൂത്തെറിയപ്പെട്ടത്.
അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് 'അനക്കം' വച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുതളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം.
ചിന്താരാമൻ പറയുകയാണ്: "നിങ്ങൾ കൊട്ടാരത്തിലെ അടിച്ചുതളിക്കാരി ആയതുകൊണ്ടുതന്നെ നിങ്ങളാണ് യഥാർത്ഥ രാജാവ്." അപ്പോൾ കേവലരാമൻ തിരുത്തുകയാണ്: "രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണം." ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളിക്കാരി ക്രുദ്ധയാകുന്നുണ്ട്: "ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ടെ?" തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞിയാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാതൃകയും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തുവാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടിച്ചുതളിക്കാരി ഉള്ളതുതന്നെ ഭാഗ്യം. അതുതന്നെയാണിതിലെ അന്തസത്തയും!
Exam Tips:
a) ഉത്തരം ക്രമമായി എഴുതുക: രംഗപ്രവേശത്തിന്റെ പ്രത്യേകത, അടിച്ചുതളിക്കാരി സാധാരണക്കാരുടെ പ്രതിനിധി, ചൂലിന്റെ പ്രതീകം, നാടകാന്ത്യത്തിലെ സൂചന.
b) 'ചൂല്' ഒരു പ്രതീകമായി (അധികാരജീർണ്ണതയ്ക്കെതിരായ ശുദ്ധീകരണം) വ്യാഖ്യാനിക്കണം.
c) നാടകത്തിൽനിന്ന് ഒന്നോ രണ്ടോ സംഭാഷണങ്ങൾ ഉദ്ധരിച്ചാൽ ഉത്തരത്തിന് കൂടുതൽ ബലം കിട്ടും.
Question 23: ഈ നാടകം രംഗത്തവതരിപ്പിക്കുമ്പോൾ താളാത്മകമായ ചുവടുകൾക്ക് സാധ്യതയുണ്ട്. അത്തരം ദൃശ്യസന്ദർഭങ്ങൾ നാടകത്തിൽനിന്ന് കണ്ടെത്തുക.
Answer:
രംഗകലകളെ സംബന്ധിച്ച് ദൃശ്യപരതയാണ് അവയുടെ ആത്മാവ്. ആ ദൃശ്യങ്ങൾക്ക് മിഴിവേകാൻ താളാത്മകമായ ചുവടുകൾക്ക് സാധിക്കും. ഭാരതീയ രംഗകലകളുടെ അടിസ്ഥാനം നൃത്തമാണ്. താളാത്മക നൃത്തത്തിൽ ബന്ധിതമാണ് ഭാരതീയ പാരമ്പര്യത്തിൽ അടിയുറച്ചുനിൽക്കുന്ന എല്ലാ ദൃശ്യകലകളും.
നാടകവും ഭിന്നമല്ല. പ്രത്യേകിച്ച് ഭാരതീയ നാടകവേദി. അതിലുപരി നമ്മുടെ 'തനതു നാടകവേദി'. കേരളത്തിന്റെ നാടോടികലാരൂപങ്ങളുടെയും അനുഷ്ഠാന കലാരൂപങ്ങളുടെയും അനുഷ്ഠാനേതര കലാരൂപങ്ങളുടെയും അടിസ്ഥാനം ഈ വ്യക്തമായ താളമാണ്. ആ താളബോധം തന്നെയാണ് ലോകതാളവാദ്യചരിത്രത്തിൽ ഇടംപിടിച്ച് നമ്മുടെ 'പഞ്ചവാദ്യവും പാണ്ടിമേളവും'. ലോകത്തിന്റെ ഏതു കോണിലും വാദ്യസംഗീതം മാത്രം ഉപയോഗിച്ച് ഒരു കലാരൂപം സൃഷ്ടിക്കുക എന്നത് അചിന്തനീയമായ കാര്യമാണ്. നൃത്തത്തിനോ ഗാനത്തിനോ അകമ്പടി സേവിക്കുക എന്നതിൽ കവിഞ്ഞ്, സ്വയം കേന്ദ്രീകൃതവും ശാസ്ത്രീയ അടിത്തറയോടുംകൂടിയ, ശിക്ഷണത്തിൽ അടിയുറച്ച് ഒരു വലിയ സിംഫണിയുടെ അകമ്പടിക്കാരാണ് മലയാളികൾ.
അടിസ്ഥാന താളബോധവും ചുവടുകളുടെ സംഗീതവും നമ്മുടെ ദൃശ്യകലകളിൽ വിളയിച്ചുചേർത്തിരിക്കുന്നു. ആ താളത്തിന്റെ ആത്മാവിനെയാണ് നമ്മുടെ തനതു നാടകരൂപം സ്വന്തമാക്കിയത്. അതുതന്നെയാണ് തനതുനാടകത്തിന്റെ ആത്മാംശവും. 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന കാവാലത്തിന്റെ നാടകവും തനതുനാടകചരിത്രത്തിൽ ഇടംപിടിച്ച നാടകമാണ്. ആ തനിമ തേടിയുള്ള ആഹ്വാനത്തിന് ഒരു മറുപടി. സ്വാഭാവികമായും താളബോധത്താൽ സമ്പന്നമാണീ നാടകവും. താളാത്മകമായ ചുവടുകൾക്ക് സാധ്യതകളും ഈ നാടകത്തിൽ വേണ്ടുവോളമുണ്ട്. അന്ധമായ പാരമ്പര്യത്തിൽനിന്നല്ലാതെ, ജനകീയ കലാരൂപങ്ങൾ പകർന്നു തന്ന താളബോധത്തിൽ അധിഷ്ഠിതമായ രംഗങ്ങൾകൊണ്ട് സമ്പന്നമാണ് 'അഗ്നിവർണ്ണന്റെ കാലുകൾ' നാടകരംഗം.
ഇത്തരം ഒരു താളാത്മകമായ അരങ്ങേറ്റത്തിന് അനുയോജ്യമായ ഒരു രംഗമാണ് ആദ്യരംഗം. നിശ്ശബ്ദമായ രംഗപടങ്ങൾക്കപ്പുറം ഉയരുന്ന കാഹളങ്ങളുടെയും കൊമ്പുകുഴൽവിളികൾക്കിടയിലൂടെ വിദൂഷകൻ രാജാവിന്റെ കാലുകൾ തലയിലേറ്റിവരുന്ന ആ ആദ്യരംഗം താളാത്മകമായ നൃത്തചുവടുകളാൽ സമ്പന്നമാക്കാം. അതിന് പല കാരണങ്ങൾ ഉണ്ട്. ഒന്നാമത് തലയിലേറ്റിവരുന്ന അഗ്നിവർണ്ണൻ രാജാവിന്റെ കാലുകളിലേക്ക് ആസ്വാദകശ്രദ്ധ എളുപ്പത്തിൽ കൊണ്ടുവരാം. ആ കാലുകൾ ഏറ്റവും പ്രതീകാത്മകമായി രംഗത്ത് ഈ നാടകത്തിൽതന്നെ അവതരിപ്പിക്കപ്പെടുകയാണ്. നിശ്ശബ്ദമായ ഒരു വരവിനേക്കാൾ, നൃത്തത്തിന്റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു രംഗാവതരണം, ആ ആദ്യരംഗത്തിന്റെ മിഴിവ് വർദ്ധിപ്പിക്കും. അസാമാന്യമായ ഒരു ആകാംക്ഷ സൃഷ്ടിക്കാൻ താളാത്മകമായ ചുവടുകൾക്ക് സാധിക്കും. 'നാടകീയത' തന്നെ അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന ഒരു ഉൽക്കണ്ഠയിൽ പ്രേക്ഷകമനസ്സുകളെ തളച്ചിടുക എന്നതാണ്. ഒപ്പം ദൃശ്യപരമായ ഒരു മിഴിവ് നൃത്തത്തിലൂടെ കൂടുതൽ കൊണ്ടുവരാൻ കഴിയും. താളാത്മകമായ ചലനങ്ങൾ സ്വാഭാവികമായും രംഗവേദിയുടെ അഴകു വർദ്ധിപ്പിക്കും. ആദ്യരംഗംകൊണ്ടുതന്നെ പ്രേക്ഷകഹൃദയങ്ങൾ സഹൃദയസമ്പന്നമാകും.
രണ്ടാമത്തെ താളാത്മകമായ ദൃശ്യസന്ദർഭം 'രാജഗുരുവിന്റെ പ്രവേശന'മാണ്. പിന്നിലേക്കുള്ള മുടിയും പാളത്താറും പുണലും കൈയിൽ സവാരിവടിയും. ആ വരവിനുതന്നെ ഒരാനചന്തമുണ്ട്. അതുപോലെ അടിച്ചുതളിക്കാരിയുടെ രംഗപ്രവേശവും ഇതുപോലെ താളാത്മകവും ഒരേസമയം ദൃശ്യസാധ്യത വർദ്ധിപ്പിക്കുന്നതുമാണ്, കടന്നുവരവുകൾ എല്ലാംതന്നെ. അത് താളത്തിന്റെ അകമ്പടിയോടെ തന്നെയാകണം.
താളാത്മകമായി ഏറെ സ്വാതന്ത്ര്യം പുലർത്തുന്ന കഥാപാത്രമാണ് വിദൂഷകൻ. വളരെ ചലനസ്വാതന്ത്ര്യം ആ കഥാപാത്രം അനുഭവിക്കുന്നുണ്ട്. ഒരേസമയം രാജാവും, തോഴനായും, രാജഗുരുവിനെ വെല്ലുവിളിക്കുന്ന വിപ്ലവകാരിയായും, അടിച്ചുതളിക്കാരിയുടെ സഹായിയായും, തമാശക്കാരനായും, ചിന്തകനായും, ആജ്ഞാനുവർത്തിയായും രൂപമാറ്റം സംഭവിക്കുന്ന കഥാപാത്രം. നൃത്തത്തിന്റെ അനന്തസാധ്യതകൾ പരീക്ഷിക്കുവാൻ സദാ സന്നദ്ധമാണാ കഥാപാത്രം. കേവലരാമന്റെയും ചിന്താരാമന്റെയും പ്രവേശം, കൊത്തുവാളും കേവലരാമനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ, അടിച്ചുതളിക്കാരി ജോലി ചെയ്യുന്നത്, ഈ രംഗത്താകെ താളാത്മകമായ ചുവടുകൾക്ക് സാംഗത്യമുണ്ട്.
തനതു നാടകമായതുകൊണ്ടുതന്നെ രംഗവേദി നൽകുന്ന അളവറ്റ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടേണ്ടതുതന്നെയാണ്. യുക്തിക്കപ്പുറത്ത് പ്ലോട്ട് ആവശ്യപ്പെടുന്ന താളബോധം എല്ലാ കഥാപാത്രങ്ങളും പ്രകടിപ്പിക്കുന്നു. കാരണം താളബന്ധിതമാണ് തനതു നാടകം. ചലനങ്ങളുടെ താളാത്മകത ഒരിടത്തും മുറിയുന്നില്ല. അഭംഗുരം, അനവരതം രംഗത്തിലൂടെ അത് ഒഴുകിക്കൊണ്ടിരിക്കും. താളഭംഗമാണ് തനതു നാടകത്തിന്റെ രസച്ചരട് മുറിക്കുക.
Exam Tips:
a) ഇത്തരം ചോദ്യത്തിൽ രംഗങ്ങൾ വ്യക്തമായി എണ്ണിപ്പറയണം: ഒന്നാം രംഗം (വിദൂഷകൻ രാജാവിന്റെ കാലുകൾ തലയിലേറ്റിവരുന്നത്), രാജഗുരുവിന്റെ പ്രവേശം, അടിച്ചുതളിക്കാരിയുടെ വരവ്, വിദൂഷകന്റെ ചലനങ്ങൾ.
b) ഓരോ രംഗവും എന്തുകൊണ്ട് താളാത്മകമാകുന്നു എന്ന് ഒരു വാക്യത്തിൽ വിശദീകരിക്കുക.
c) ആമുഖമായി തനതുനാടകവും താളബോധവും തമ്മിലുള്ള ബന്ധം ചുരുക്കി പറയുക.
Question 24: നാടകരചന, അഭിനയം, സംവിധാനം എന്നിവയിൽ പരിചയം ലഭിക്കുന്നതിന് ഒരു ദിവസത്തെ ശിൽപ്പശാല സംഘടിപ്പിക്കുക. - പ്രധാന കാര്യങ്ങൾ കുറിപ്പായി രേഖപ്പെടുത്തുക.
Answer:
എൻ.എൻ. പിള്ളയെന്ന വിഖ്യാതനായ നാടകാചാര്യൻ നാടകത്തെക്കുറിച്ച് പ്രസിദ്ധമായ ഒരു സിദ്ധാന്തം അവതരിപ്പിക്കുകയുണ്ടായി. ഒരു നിർവ്വചനം: 'നിൽക്കാനൊരുതറ, അതിനുപിന്നിൽ ഒരു മറ, എനിക്കുമുന്നിൽ നിങ്ങളും, എന്റെ ഉള്ളിൽ ഒരു നാടകവും.' ഒരൊറ്റ വാചകത്തിൽ ഒരു വലിയ ആശയത്തിന്റെ കടൽ ഒരുക്കിവയ്ക്കുകയായിരുന്നു അദ്ദേഹം.
നാടകത്തിന്റെ ഏറ്റവും വലിയ ഒരു ഘടകമാണ് വേദി. ഒരു ഉയർന്ന ഭാഗം, പ്രേക്ഷകരുടെ ഇരിപ്പിടങ്ങളിൽനിന്ന് കുറച്ചുകൂടി ഉയരത്തിൽ, കാഴ്ചയുടെ അപര്യാപ്തതകളെ മറികടക്കാനാണത്. ഒപ്പം, ഏറ്റവും അകലെ ഇരിക്കുന്ന പ്രേക്ഷകരിലേക്കുകൂടി നടന്റെ ദൃഷ്ടിയും ശബ്ദവും ചെന്നെത്തുകയും വേണം. പിന്നിലെ 'മറയ്ക്കും' ഉണ്ട് വലിയ സവിശേഷതകൾ. പ്രേക്ഷകന്റെ ശ്രദ്ധയെ വേദിയിൽതന്നെ ഉറപ്പിച്ചുനിർത്താൻ അങ്ങനെയൊരു മറകൂടിയേ തീരൂ. വേദിക്കു പിന്നിലെ ചലനങ്ങൾ പ്രേക്ഷകന്റെ ഏകാഗ്രതയെ ശിഥിലമാക്കും.
ഇനിയാണ് നാടകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം: എനിക്കു മുന്നിൽ നിങ്ങൾ. 'പ്രേക്ഷകർ' അവരാണ് ആ കലാരൂപത്തിന്റെ ആത്മാവ്. ആസ്വാദകർ ഇല്ലെങ്കിൽ ഏതു കലാരൂപത്തിനാണ് നിലനിൽപ്പ്. ഒടുവിൽ 'എന്റെ ഉള്ളിൽ ഒരു നാടകവും'. അവിടെയാണ് ഒരു യഥാർത്ഥ നാടകക്കാരൻ പിറന്നുവീഴുന്നത്.
ഒരു ശിൽപ്പശാലകൊണ്ട് ഒരു നടനും പെട്ടെന്ന് ജനിച്ചുവീണിട്ടില്ല. ഒരു അഭിനേതാവിനെയും സംവിധായകനെയും നാടകത്തിൽ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന ഒന്നല്ല ശിൽപ്പശാല. ശിൽപ്പശാലകൾ അനുഭവങ്ങളാണ്. പ്രതിഭാസ്പർശമുള്ള കലാകാരന്മാർക്ക് ഒന്നിച്ച് ഒരു കൂരയ്ക്കു കീഴിൽ അണിനിരക്കാം. അറിവുകൾ പങ്കുവയ്ക്കാം, ആശയങ്ങൾ പങ്കിടാം, സർഗ്ഗാത്മകമായ ചർച്ചകൾ നടത്താം, പരീക്ഷണങ്ങളെക്കുറിച്ച് ആലോചിക്കാം, ഒപ്പം നമുക്കു മുൻപേ ഈ വഴി നടന്നുപോയ മഹാരഥന്മാരുടെ അനുഭവങ്ങളിലൂടെ ഒരു യാത്ര നടത്താം.
A. നാടകരചന:
ഒരു നാടകരചയിതാവിന് ആദ്യം വേണ്ടത് പ്രായോഗികതയാണ്. അളവറ്റ ഭാവനയെ കടിഞ്ഞാണഴിച്ചുവിട്ട് അലസമായി നിർവ്വഹിക്കേണ്ട ഒന്നല്ല നാടകരചന. താൻ അവതരിപ്പിക്കാൻ പോകുന്ന ഇതിവൃത്തത്തെപ്പറ്റി തികഞ്ഞ അവബോധം നാടകത്തിന് ഉണ്ടായിരിക്കണം. നാടകവേദി എന്ന ഏതാനും അടി നീളവും വീതിയുമുള്ള പരിമിതമായ രംഗവേദിയുടെ നിയന്ത്രിതമായ സൗകര്യങ്ങൾ മാത്രം കൈമുതലാക്കിക്കൊണ്ടുവേണം ഒരു നാടകരചനയെ സമീപിക്കാൻ. അവിടെയാണ് പ്രായോഗികതയുടെ വക്താവായി ഒരു നാടകകൃത്ത് മാറേണ്ടത്. ഒരു ചെറിയ കാൻവാസിൽ എങ്ങനെ ഹൃദയസ്പർശിയായി, നാടകീയത ഒട്ടും ചോരാതെ അവതരിപ്പിക്കാൻ നാടകകൃതിനു സാധിക്കണം. പ്രേക്ഷകനെ ആത്യന്തികമായി കണ്ടുകൊണ്ടുവേണം രചനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ. താൻ ചെയ്യാൻ പോകുന്ന നാടകത്തിന്റെ സ്വഭാവം പൂർണ്ണമായും നാടകകൃത്ത് ഉൾക്കൊണ്ടിരിക്കണം.
B. അഭിനയം:
നാടകത്തിലെ അഭിനയം തികച്ചും വ്യത്യസ്തതലത്തിൽതന്നെ നിലകൊള്ളുന്നതാണ്. അഭിനയതീവ്രത വളരെ കൂടണം. നാടകീയത മുറ്റിനിൽക്കുന്ന അഭിനയരീതിക്കേ നാടകത്തിൽ നിലനിൽപ്പുള്ളൂ. ആംഗികാഭിനയം കുറെക്കൂടി വിപുലമാക്കണം. ആംഗിക, സാത്വിക രീതികളിലും കലർപ്പില്ലാത്ത കൃത്രിമത്വം കടന്നുവന്നേ തീരൂ. കാരണം നാടകം അഭിനയിക്കുന്നത്, ഏറ്റവും ഒടുവിൽ ഇരിക്കുന്ന കാണിക്കുകൂടി വേണ്ടിയാണ്. നടന്റെ ഭാവത്തിന്റെ പൂർണ്ണത കുടികൊള്ളുന്നത് അവസാനകാണിയുടെ ആസ്വാദനവിജയത്തിലാണ്.
ഡയലോഗ് ഡെലിവറി, സംഭാഷണമികവ് നാടകത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും ഉച്ചത്തിൽ, ഏറ്റവും വ്യക്തമായി, നാടകീയത നിറഞ്ഞ സംഭാഷണശൈലി നടൻ സ്വായത്തമാക്കിയിരിക്കണം. മൈക്രോഫോണിന്റെ പരിധികളും സാധ്യതകളും നടൻ അറിഞ്ഞിരിക്കണം.
സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ സിനിമയും ടെലിവിഷനും നടന്റെ/നടിയുടെ മുഖത്തെ ചെറുചലനങ്ങൾപോലും ഒപ്പിയെടുക്കും. പക്ഷേ നാടകം പ്രേക്ഷകന്റെ മുന്നിൽ റീടേക്കുകളില്ലാത്ത ഒരു ജീവൻ മരണപോരാട്ടമാണ്. ഒരു ചെറിയ പാളിച്ചപോലും ആ കൂട്ടായ കലാരൂപത്തിന്റെ പരാജയത്തിലേക്കാവും നയിക്കുക. നാടകത്തിന്റെ സംതൃപ്തി എന്നു പറയുന്നതും ഈ കാണികളുടെ പ്രോത്സാഹനംതന്നെയാണ്. നടീനടന്മാരുടെ ഗുണദോഷങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ അപ്പപ്പോൾ അറിയാൻ സാധിക്കുന്നു. പ്രോത്സാഹനവും വിമർശനവും കൃത്യമായി അഭിനേതാവിന്റെ അളവുകോലാകുന്നു.
C. സംവിധാനം:
നാടകസംവിധാനം തികഞ്ഞ അച്ചടക്കവും ഏകാഗ്രതയും ആവശ്യമായ മേഖലതന്നെയാണ്. ഏറ്റവും ഭംഗിയായി അരങ്ങേറുന്ന നാടകത്തിന്റെ അണിയറയിൽ ഏറ്റവും നല്ല ഒരുക്കങ്ങൾ നടന്നിട്ടുണ്ടാകും. കഥാപാത്രത്തിന് അനുയോജ്യമായ നടീനടന്മാരെ കണ്ടെത്തുക, ചിട്ടയായ റിഹേഴ്സലുകൾ, തികഞ്ഞ അച്ചടക്കം തുടങ്ങി അർപ്പണബോധം നൂറുശതമാനവും ആവശ്യപ്പെടുന്ന കർമ്മമേഖലയാണിത്. രംഗവേദിയുടെ പരിമിതികളും സാധ്യതകളും ഒരു സംവിധായകൻ മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാമത് ഒരിക്കൽ അവസരം കിട്ടാത്ത അവതരണരീതിയാണ് നാടകത്തിന്റേത്. ഒരു പാളിച്ച നാടകപരാജയമായി മാറും. തികഞ്ഞ മനഃസാന്നിധ്യവും ഗുരുഭക്തിയും അവശ്യം വേണ്ട കലാമേഖല കൂടിയാണിത്.
Exam Tips:
a) ഉത്തരത്തെ ആമുഖം, നാടകരചന, അഭിനയം, സംവിധാനം എന്നീ ഉപശീർഷകങ്ങളായി തിരിച്ച് എഴുതുക; ഇത് കുറിപ്പിനെ വ്യക്തമാക്കും.
b) എൻ.എൻ. പിള്ളയുടെ നാടക നിർവ്വചനം ('നിൽക്കാനൊരു തറ...') ഉദ്ധരിക്കുന്നത് ഉത്തരത്തിന് മികവു നൽകും.
c) ഓരോ വിഭാഗത്തിലും രണ്ടോ മൂന്നോ പ്രധാന കാര്യങ്ങൾ മാത്രം ചുരുക്കി എഴുതുക (രചന: പ്രായോഗികത; അഭിനയം: തീവ്രത, സംഭാഷണമികവ്; സംവിധാനം: റിഹേഴ്സൽ, അച്ചടക്കം).
8 Mark Questions and Answers
Question 25: ആശയത്തെ പ്രതീകമായി അവതരിപ്പിച്ച് ധ്വനിപാഠം നിർമ്മിക്കാനുള്ള ശ്രമം ഈ നാടകത്തിലുണ്ട്. 'അഗ്നിവർണ്ണന്റെ കാലുകൾ' അവതരിപ്പിക്കുന്ന ധ്വനിപാഠം എന്തെന്ന് ചർച്ചചെയ്ത് അപഗ്രഥനക്കുറിപ്പ് തയ്യാറാക്കുക.
Answer:
പൗരസ്ത്യവൈയ്യാകരണന്മാരാണ് 'ധ്വനിസിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാക്കൾ. പ്രതീകവൽക്കരിക്കുക, അതിലൂടെ ധ്വനിപ്പിക്കുക ഇവ രണ്ടുമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പറയാൻ കരുതിവയ്ക്കുന്നത് നേരെ പറയാതെ പ്രതീകങ്ങൾ ഉപയോഗിച്ച് അവതരിപ്പിക്കുക.
പ്രതീകവൽക്കരിക്കുക. അങ്ങനെ എന്താണോ പറയേണ്ടത് അതിന്റെ 'ധ്വനി' അനുവാചകനിൽ സൃഷ്ടിക്കുക. പാശ്ചാത്യ സിദ്ധാന്തങ്ങളിലെ സിംബോളിസത്തോട് കൂടുതൽ ചായ്വ് പ്രകടിപ്പിക്കുന്ന ഒരു പൗരസ്ത്യ സിദ്ധാന്തമാണ് 'ധ്വനിസിദ്ധാന്തം'. 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന കാവാലത്തിന്റെ നാടകത്തിലേക്ക് കടന്നുവരുമ്പോൾ ഈ ധ്വനിപാഠത്തിന്റെ ശ്രമങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. ധ്വനിയുടെ കരുതലുകൾകൊണ്ട് നിർമ്മിതമാണ് 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന തനതുനാടകം. തനതുനാടകമായതുകൊണ്ടുതന്നെ നൃത്തത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുതന്നെയാണ് കാവാലം നാരായണപ്പണിക്കർ ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.
അധികാരപ്രമത്തതയെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ നാടകത്തിൽ. അധികാരത്തിന്റെ ഇടനാഴികളിലെ അളവറ്റ ജീർണ്ണതയെയും തുറന്നു കാണിക്കുന്നതാണ് നാടകം. ഈ നാടകത്തിലെ ഏറ്റവും വലിയ അധികാരചിഹ്നമായി അവതരിപ്പിക്കപ്പെടുന്നത് അഗ്നിവർണ്ണന്റെ കാലുകളെയാണ്. പ്രതീകവൽക്കരിക്കുന്ന ഏറ്റവും വലിയ ചിഹ്നം. അധികാരത്തിലേക്ക് ചുവടുവെയ്ക്കുന്നതും, ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയടക്കുന്നതും, ധാർഷ്ട്യത്തിന്റെയും ഗർവ്വിന്റെയും പ്രതീകമായ കാലുകൾ ആണ്.
വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരുന്നതും ഈ കാലുകളെത്തന്നെയാണ്. വണങ്ങാനും വരുതിയിൽ നിർത്താനും ഈ പാദങ്ങൾതന്നെയാണുള്ളത്. അധികാരത്തിന്റെയും രാജ്യഗർവ്വിന്റെയും ഭക്തിയുടെയും പ്രതീകം. നാടകരംഗത്തിലെ വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പര വിരുദ്ധ അവസ്ഥ തെളിഞ്ഞു കാണും. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കുകയാണ്. തന്റെ തലയിൽ വിശ്രമിക്കുന്ന സ്ഥിതിചെയ്യുന്ന പാദങ്ങൾ വണങ്ങുന്നതിനുവേണ്ടി. രാജഭരണത്തിന്റെ കനത്തഭാരം തലയിലേറ്റി നിൽക്കുമ്പോഴും, ഭക്തിപൂർവ്വം വണങ്ങേണ്ടിവരുന്ന ഒരു ദുര വസ്ഥ അവിടെ തെളിയുന്നുണ്ട്.
'കണ്ടുപഴകിയ കാലുകൾ' എന്ന ആ പ്രയോഗത്തിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: രാജ്യഭരണത്തിന്റെ ഏകാധിപത്യത്തിന്റെ കനത്ത കാൽപാടുകൾ ഇതാ ഈ ജനാധിപത്യത്തിലേക്കും പരമമായ പ്രവേശനം ചെയ്തിരിക്കുന്നു. കണ്ടുപഴകിമടുത്ത അവസ്ഥകൾ തിരിച്ചുവരാൻ തുടങ്ങിയിരിക്കുന്നു. രാജാവ് എന്നും അനിഷേധ്യനാണ്. എല്ലാ തീരുമാനങ്ങളുടെയും തമ്പുരാൻ. തിരുവായ്ക്ക് എതിർവായില്ലാത്ത കാലഘട്ടം. ഭരണം എന്നത് ഒരു പ്രതീകാത്മകയജ്ഞമായി തീർന്നിരിക്കുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ആരെയും കാണാതെ, കാണാമറയത്തിരുന്ന് തന്റെ അജ്ഞാശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുക. ഈ ആധുനിക കാലത്തും ചില ഏകാധിപതികൾ ഇങ്ങനെതന്നെ പെരുമാറുന്നുണ്ട്. കാലദേശഭേദങ്ങൾ ഒരിക്കലും അതിന്റെ സ്വഭാവത്തെ മാറ്റിയിട്ടില്ല.
ഏകാധിപത്യവും സ്വജനപക്ഷപാതവും അധികാരവടംവലിയും ധൂർത്തും, പിന്നെ അതിന്റെയൊക്കെ പരിണതഫലമായി ഉണ്ടാകുന്ന ഭരണജീർണ്ണതയും എന്നും എല്ലാകാലത്തും ഒരുപോലെയാണ്, ചരിത്രത്തിന്റെ താളുകളിലാണെങ്കിലും ഇന്നിന്റെ വർത്തമാനങ്ങളിലാണെങ്കിലും. ഈ പൊതുസ്വഭാവത്തിന്റെ തുടർച്ചയെ, അത് ഉയർത്തുന്ന വെല്ലുവിളികളെ ഈ നാടകം പരോക്ഷമായി ചർച്ചചെയ്യുന്നുണ്ട്.
കാലുകൾ മാത്രം ഉപയോഗിച്ച് തന്റെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഒരു സ്വേച്ഛാധിപതി. അല്ലെങ്കിൽ ഭരിക്കാനുള്ള സമയം കൂടി ഭോഗാസക്തനായി ചെലവഴിക്കുന്ന ഒരു രാജാവ്. പ്രജാതത്പരൻ എന്നതുപോകട്ടെ, ഒരു വ്യക്തിയായിപ്പോലും കാണാൻ കഴിയാത്തത്ര അപക്വമായ മനസ്സുകൾ. ഇങ്ങനെയുള്ള പേക്കൂത്തുകളുടെ കൂടി ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതരുന്നത്. രാജാവിന്റെ കാലുകൾ, വണങ്ങാനും വരുതിയിൽ നിർത്താനും ഉള്ള ഒരു ഉപകരണമായിത്തീരുന്നു. അങ്ങനെ ഒരു നിഴൽനാടകത്തിനു പിന്നിലുള്ള ഉപജാപകസംഘത്തെയും ഈ നാടകം തുറന്നുകാട്ടുന്നുണ്ട്. അതിന് ഏറെ ഉദാഹരണങ്ങൾ നാം ചരിത്രത്തിൽ കണ്ടിട്ടുണ്ട്. വാളെടുത്തവർ മുഴുവൻ കൽപ്പിക്കുക. അധികാരവടംവലി. ആരാണ് വലിയവൻ എന്ന മൂപ്പിളമത്തർക്കം.
പൊതുജനം കഴുതകളായിതന്നെ തുടരുന്ന അവസ്ഥ എന്നിങ്ങനെ. സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് പറിച്ചുനടുമ്പോൾ മാത്രമേ ഈ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണമാകുന്നുള്ളൂ. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥ, രാജാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് പകരുന്നതിന് നാം ദൃക്സാക്ഷികളാണ്.
പ്രജാതത്പരൻ, പ്രജകളുടെ കൺമുന്നിൽതന്നെ ഉണ്ടാകും എന്നുമാത്രമല്ല, അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വേഷപ്രച്ഛന്നനായി പ്രജകളുടെ ഇടയിൽ സഞ്ചരിക്കാനും തയ്യാറാകുന്നു. അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ അതേ ഛായയിൽ വാർത്തെടുക്കപ്പെട്ട കഥാപാത്രമാകുന്നു. അഗ്നിവർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം അതാണ്. അതായത് എപ്പോഴും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭരണാധികാരി എന്നൊരു അജ്ഞാതഭീതി പ്രജകളിൽ, ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ഒരു ഫോബിയ! ആ ഒരു ഭീതിയിലലിഞ്ഞും നടുങ്ങിയും ഒരു ജനത തങ്ങളുടെ ജീവിതകാലം മുഴുവനായും കഴിച്ചുകൂട്ടുന്നു. ഭയം മനുഷ്യനെ അടിമയാക്കും. അധികാരത്തിന്റെ ക്രൂരമായ അവസ്ഥകളുടെ അടിമ.
ആരാണ് ഞങ്ങളുടെ രാജാവ്. ആർക്കും അറിയില്ല. ഒരു പേരല്ലാതെ, കാണുന്ന കാലുകളല്ലാതെ മറ്റൊന്നും അറിയില്ല. അറിവില്ലായ്മയും മറ്റൊരു തരത്തിലുള്ള അടിമത്തംതന്നെ. അജ്ഞതയും ഭയവുംമൂലം അടിമകളാക്കപ്പെട്ട ഒരു ജനസമൂഹത്തെ എങ്ങനെ വേണമെങ്കിലും ചൂഷണം ചെയ്യാം. അവർക്കുതന്നെ സംശയമുണ്ട്. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ? രാജാവ് മരിച്ചുവോ? അല്ലെങ്കിൽ ആരായിരിക്കും രാജാവ്? പരസ്പരം കാണുന്നവരിൽതന്നെ സംശയത്തിന്റെ പത്തികൾ വിരിയുന്നു. എന്തെങ്കിലും പറയാൻ ജനങ്ങൾ മടിക്കുന്നു. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാരസ്ഥാനങ്ങളുടെയും നേരെ പകച്ചുനോക്കാൻ വിധിക്കപ്പെട്ടവരാണവർ. സംശയത്തിന്റെ മുനകൾ പരസ്പരം എയ്ത്ത് നിൽക്കുന്നവർ. അവരെ സംബന്ധിച്ചിടത്തോളം അസ്തിത്വപ്രശ്നം എന്നൊരു വെല്ലുവിളികൂടിയാണത്. തങ്ങളുടെതന്നെ അസ്തിത്വം അനിശ്ചിതത്വത്തിലാണവർക്ക്. കാരണം, നുണകളുടെ ഒരു മായാലോകത്താണവരുടെ വാസം. കണ്ടതു കണ്ടില്ലെന്നും കാണാത്തത് ഉണ്ട് എന്നും വിശ്വസിക്കാൻ ബാധ്യസ്ഥർ. അല്ലെങ്കിൽ അങ്ങനെയാണ് യാഥാർത്ഥ്യം എന്ന് പഠിപ്പിച്ചുവച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽപ്പെട്ട്, ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ ഒരു അവസ്ഥയെ പ്രതീകവൽക്കരിക്കുകയാണ് കാവാലം നാരായണപ്പണിക്കർ. ചരിത്രഭേദം ചമയ്ക്കുകയാണ് നാടകകൃത്ത്.
Exam Tips:
a) ആദ്യം ധ്വനിസിദ്ധാന്തം എന്താണെന്ന് ഒരു വാക്യത്തിൽ പറയുക (പ്രതീകവൽക്കരിച്ച് ധ്വനിപ്പിക്കുക), തുടർന്ന് നാടകത്തിലെ പ്രതീകങ്ങൾ വിശദീകരിക്കുക.
b) 'രാജാവിന്റെ കാലുകൾ' അധികാരത്തിന്റെ ചിഹ്നമാണെന്നും, ജനങ്ങളിൽ ഭയവും അജ്ഞതയും സൃഷ്ടിക്കുന്നു എന്നും കേന്ദ്രാശയമായി എടുത്തുപറയുക.
c) നാടകത്തിലെ സന്ദർഭങ്ങൾ (വിദൂഷകന്റെ വാക്കുകൾ, 'കണ്ടുപഴകിയ കാലുകൾ') സമകാലിക സാഹചര്യത്തോട് ബന്ധിപ്പിച്ച് ഉപസംഹരിക്കുക.
d) എട്ടു മാർക്കിന്റെ ഉത്തരമായതിനാൽ ആമുഖം, വിശദീകരണം, ഉപസംഹാരം എന്നീ മൂന്നു ഭാഗങ്ങൾ വ്യക്തമായി വരണം.
Question 26: 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകത്തിലെ ആക്ഷേപഹാസ്യാംശം താഴെ കൊടുത്ത സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി നിരൂപണം തയ്യാറാക്കുക.
- അധികാരജീർണ്ണതയുടെ പ്രതീകമായി മാറുന്ന രാജാവ്.
- അധികാരത്തിന്റെ ഇടനാഴികളിലെ ഉപജാപകവൃന്ദം.
Answer:
ആക്ഷേപഹാസ്യത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. 'സറ്റയർ' എന്നത് വിലകുറഞ്ഞ പരിഹാസമായി പലപ്പോഴും തരംതാഴാറുണ്ട്. സമൂഹത്തിന്റെ പൊള്ളുന്ന ഇല്ലായ്മകളിലേക്ക്, അധഃപതനങ്ങളിലേക്ക് തുറന്നുവെക്കുന്ന കണ്ണാടിയായി മാറുമ്പോഴാണ് അത് വിജയിക്കുന്നത്.
മലയാളസാഹിത്യചരിത്രത്തിൽ പല മഹാരഥന്മാരും അത് വിജയപൂർവ്വം നടപ്പിൽ വരുത്തിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വല്ലാതൊരു പ്രകമ്പനംതന്നെ സാഹിത്യത്തിലും സമൂഹത്തിലും സൃഷ്ടിക്കും എന്നതാണ്. അത് കൊടുക്കുമ്പോൾ ഒന്ന്, എയ്യുമ്പോൾ പത്ത്. ഏതെങ്കിലും ഒരു ഘട്ടത്തിൽ പരിഹാസത്തിന്റെ ശക്തി തിരിച്ചറിഞ്ഞുതന്നെയായിരിക്കും ആസ്വാദനം. സാഹിത്യവിനിമയം വളരെപ്പെട്ടെന്നുതന്നെ സാധ്യമാകും. പൊതുജനത്തിന് ചരിത്രത്തിലും വർത്തമാനകാലത്തിലും പ്രതികരിക്കാൻ പറ്റാത്ത അനേകം മേഖലകൾ ഉണ്ട്. അവിടെക്ക് ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കാൻ തയ്യാറാകുന്ന ആക്ഷേപശരങ്ങൾ അവരുടെ തന്നെ സ്വന്തമായി മാറുന്നത് ഈ പറഞ്ഞ അപ്രാപ്യമായ അവസ്ഥാവിശേഷംകൊണ്ടാണ്. അതൊരു ലളിതമായ മനഃശാസ്ത്രമാണ്. ചുരുക്കത്തിൽ തങ്ങൾക്കു ചെയ്യുവാൻ സാധിക്കാത്തത്, തങ്ങൾക്കുവേണ്ടി ഇടനിലക്കാരനായി നിന്ന് സാഹിത്യകാരൻ നിർവ്വഹിച്ചുതരുന്നു. ഇപ്പോഴാ ധർമ്മം നിർവ്വഹിക്കുന്നത് നാടകങ്ങളും ചലച്ചിത്രങ്ങളും മറ്റുമാണ്. അവയ്ക്കും മുൻപേ പ്രാക്തനരംഗകലാരൂപങ്ങളിലൂടെ സാമൂഹികവിമർശനം നടത്തിയിരുന്നത് ഈ തരത്തിലുള്ള ആക്ഷേപഹാസ്യത്തിലൂടെയാണ്.
A. അധികാരജീർണ്ണതയുടെ പ്രതീകം 'രാജാവ്'
'അഗ്നിവർണ്ണൻ' എന്ന രാജാവ് ഭോഗാസക്തനാണ്. പുരാണത്തിലെ അഗ്നിവർണ്ണൻ ഭോഗാസക്തിമൂലം ക്ഷയരോഗം വന്ന്, സേവകരാൽ ചുട്ടുകൊല്ലപ്പെട്ടവനാണ്. സ്വന്തം കുലത്തിനും നാമത്തിനുംതന്നെ കളങ്കം വരുത്തിവച്ച്, ഒരു പാഴ്ജന്മം. ആ പേരും കാലും പ്രതീകങ്ങളാകുന്നു ഈ തനതുനാടകത്തിൽ.
അധികാരത്തിന്റെ ലഹരിയിൽ പിടഞ്ഞുതീരുന്ന സാധുക്കളെ സംബന്ധിച്ചിടത്തോളം രാജാവ് അജ്ഞാതനാണ്. രാജാവ് മരിച്ചോ, ജീവിച്ചോ എന്ന് സംശയഗ്രസ്തരായി, പരസ്പരം ഭയത്തോടെ മാത്രം നോക്കി, ആരാണിനി വേഷപ്രച്ഛന്നനായോ മറ്റോ തർക്കമുയർത്തി യഥാർത്ഥ ചക്രവർത്തിയായി രംഗപ്രവേശനം ചെയ്യുക എന്ന ആകുലതയോടെ പ്രജകൾ കഴിയുന്നു. പ്രജകളെയും പൗരന്മാരെയും സംരക്ഷിക്കാനാണ് രാജത്വം.
പ്രജകളെ ക്ഷതത്തിൽനിന്ന് 'ത്രാണനം' (രക്ഷിക്കൽ) ചെയ്യുന്നവനാണ് 'ക്ഷത്രിയൻ'. ആ വാക്കിനും അതിന്റെ അർത്ഥത്തിനും നേരെ കൊഞ്ഞനം കുത്തുകയാണ് അഗ്നിവർണ്ണന്റെ കാലുകൾ ഈ നാടകത്തിൽ. അഗ്നിവർണ്ണന്റെ കാലുകൾ കഥ പറയുന്നുണ്ട്.
ഏറെക്കാലമായി കണ്ടുകണ്ട് മടുത്ത അതേ കാലുകൾ സിംഹാസനത്തിൽ വാണരുളുമ്പോൾ അത് വ്യവസ്ഥിതിയുടെ നേരെയുള്ള അവഹേളനമായി മാറുന്നു. കാലുകൾ പലരീതിയിൽ വ്യാഖ്യാനിക്കപ്പെടാം. ഒരേസമയം അവ അധികാരത്തിന്റെയും അവഹേളനത്തിന്റെയും ചിഹ്നമാണ്. ഒപ്പം വണങ്ങാനും നമസ്കരിക്കാനും പാദങ്ങൾ പൗരാണികകാലം മുതലേ പരാമർശിക്കപ്പെടുകയും പ്രതീകവത്ക്കരിക്കുകയും ചെയ്യുന്ന ഒന്നാണ്.
ഇവിടെ അത് അധികാരപ്രമത്തതയുടെയും ഭ്രാന്തിന്റെയും അടയാളമായി തരംതാഴ്ത്തിരിക്കുന്നു. എന്തുചെയ്താലും പ്രതികരിക്കില്ല എന്നുറപ്പുള്ള സാധാരണ ജനങ്ങൾ ഇന്നിന്റെ വർത്തമാനത്തിലും ചരിത്രത്തിലെ ഏടുകളിലും എന്നും വിഡ്ഢികൾതന്നെ.
വർത്തമാനലോകത്തിന്റെ പല കോണുകളും ഈ തരത്തിലുള്ള അധികാരജീർണ്ണതയ്ക്ക് ജീവിച്ചിരിക്കുന്ന തെളിവുകളാകുന്നുണ്ട് പലരും. പല രാജ്യങ്ങളിലും ഈ രീതിയിൽ ജനങ്ങളെ ചവുട്ടി അരച്ചുകൊണ്ട് കിരാതഭരണം നടത്തിയവരെ ജനങ്ങൾ തെരുവിൽ ചവിട്ടി അരയ്ക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു.
എന്നിട്ടും പാഠഭേദങ്ങൾ ഉണ്ടാകുന്നില്ല. അധികാരത്തിന്റെ മുഴുത്ത ലഹരിയിൽ പതഞ്ഞുയർന്നുകിടക്കുമ്പോഴും, താൻ കാവലാളായി മുന്നോട്ട് നയിക്കേണ്ട സമൂഹത്തിന്റെ ആർത്തനാദങ്ങളും ആക്രോശങ്ങളും അരാജകത്വത്തിന്റെ അപശബ്ദങ്ങളും എല്ലാം ഈ അധികാരഭ്രാന്തിന്റെ അട്ടഹാസങ്ങളിൽ മുങ്ങിപ്പോകുന്നു. ആക്ഷേപഹാസ്യത്തിന്റെ നിലവാരമുള്ള അളവുകോൽകൊണ്ടുതന്നെ കാവാലം ആ രംഗത്ത് ഈ നാടകത്തിൽ ഹൃദ്യമായി ആവിഷ്കരിച്ചിട്ടുണ്ട്. ജനങ്ങൾതന്നെ അവസാനശബ്ദമായ ജനാധിപത്യത്തിൽപോലും ഇത്തരം പുഴുക്കുത്തുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു എന്നതാണ് ഈ നാടകത്തിനുള്ള അനുബന്ധം.
B. അധികാരത്തിന്റെ ഇടനാഴികളിലെ ഉപജാപകവൃന്ദം
അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധികാരവും ധനവും എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. സ്ഥായിയായ 'കൂറ്' അവകാശപ്പെടാനില്ലാതെ, നിയതമായ ഒരു ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളിക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർക്കു മാത്രം (ഏതുകാലഘട്ടത്തിലും) ഒരു മാറ്റവും സംഭവിക്കുന്നില്ല. ട്രപ്പീസുകളിക്കാരെപ്പോലെ, തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ തൂങ്ങിയാടിക്കൊണ്ടിരിക്കും.
ധനവും ജീവിതാസക്തിയും അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മടുക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജ്യഭക്തിയുമായി അവർ പ്രകടനപരതയുടെ ആൾരൂപമായി മാറും. അധികാരത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.
'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകത്തിൽ ഉപജാപകവൃന്ദത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തിമർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭീതരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലുകൾ മാത്രമാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായിരിക്കും രാജാവ് എന്ന സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടിക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാണെന്ന് ഊറ്റംകൊള്ളുന്നു. (ഉദാ: വിദൂഷകൻ വേഷംമാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം.) രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി 'കൊത്തുവാളുണ്ട്'. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെങ്കിലും ഉണ്ടായാൽ 'കൊത്തുവാൾ' രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും. നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാളിന്റെ മറുപടി 'എന്തുവേണമെങ്കിലും ധരിച്ചോളണം' എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും.
കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന്, അങ്ങനെ ആർക്കും. ചിന്താരാമനും കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതിനിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യിപ്പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞുതള്ളാൻതന്നെയാണ് കൊത്തുവാൾ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും സ്വാതന്ത്ര്യജനകവുമായ ചോദ്യങ്ങൾ ഉപജാപകവൃന്ദത്തിനുതന്നെ ഭീഷണിയാകുന്നു.
Exam Tips:
a) ഉത്തരത്തിൽ ആക്ഷേപഹാസ്യം എന്താണെന്ന ചെറിയ ആമുഖവും തുടർന്ന് സൂചകങ്ങളുടെ ക്രമത്തിൽ A, B എന്നീ ഭാഗങ്ങളും വരണം.
b) രാജാവിന്റെ കാലുകൾ അധികാരചിഹ്നമായും അവഹേളനമായും വ്യാഖ്യാനിക്കപ്പെടുന്നു എന്നതും, കൊത്തുവാൾ ഹിംസാത്മകതയുടെ പ്രതീകമാണെന്നതും നിർബന്ധമായും ഉൾപ്പെടുത്തുക.
c) ഉപജാപകവൃന്ദത്തിലെ കഥാപാത്രങ്ങളെയും (കൊത്തുവാൾ, രാജഗുരു, വിദൂഷകൻ) ജനപക്ഷത്തിലെ കഥാപാത്രങ്ങളെയും (കേവലരാമൻ, ചിന്താരാമൻ) വേർതിരിച്ച് എഴുതുക.
d) ഒടുവിൽ നാടകത്തിന്റെ സമകാലിക പ്രസക്തി ഒരു വാക്യത്തിൽ പറഞ്ഞ് ഉപസംഹരിക്കുക.
Question 27: ഈ പാഠഭാഗം റേഡിയോ നാടകമാക്കി അവതരിപ്പിക്കാം. എന്തെല്ലാം മുന്നൊരുക്കങ്ങൾ വേണം?
സൂചകങ്ങൾ:
- ഭാവമുൾക്കൊള്ളുന്ന സംഭാഷണം
- വൈകാരികത
- ശബ്ദനിയന്ത്രണം
Answer:
റേഡിയോ നാടകത്തിന്റെ ഏറ്റവും വലിയ സവിശേഷത ആംഗിക, ആഹാര്യ, സാത്വിക അഭിനയരീതികൾ അതിന് ആവശ്യമില്ല എന്നതുതന്നെയാണ്. വാചിക അഭിനയരീതിയിൽ മാത്രം അധിഷ്ഠിതമാണ് റേഡിയോ നാടകം. ശബ്ദങ്ങൾകൊണ്ടുമാത്രമാണ് കേൾവിക്കാരന്റെ മനസ്സിൽ അത്ഭുതപ്രപഞ്ചങ്ങൾ സൃഷ്ടിക്കേണ്ടത്. കേഴ്വി എന്നൊരൊറ്റ ഇന്ദ്രിയാനുഭവംകൊണ്ടുമാത്രം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണത്. അനുയോജ്യമായ ശബ്ദസംവിധാനം ഒരുക്കുക എന്നതാണ് റേഡിയോ നാടകമാക്കി അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന വെല്ലുവിളി. ശബ്ദത്തിന്റെ പാളിച്ചകൾ ആസ്വാദനത്തെ ഗണ്യമായി ബാധിക്കും.
കഥാപാത്രങ്ങളുടെ ശബ്ദം മുതൽ പശ്ചാത്തലശബ്ദങ്ങൾവരെ ഈ തരത്തിൽ കുറ്റമറ്റതാക്കാൻ ശ്രദ്ധിക്കണം. മറ്റൊരു മുന്നൊരുക്കം ഉചിതമായ ശബ്ദമുള്ള കഥാപാത്രങ്ങളെ കണ്ടെത്തലാണ്. കടലാസിൽ ഒതുക്കുന്ന, അക്ഷരങ്ങളിൽ തളച്ചിടപ്പെട്ട കഥാപാത്രങ്ങളെ ശബ്ദത്തിലൂടെ ജീവൻ നൽകുകയും ആസ്വാദകഹൃദയങ്ങളിൽ പതിപ്പിക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കഥാപാത്രങ്ങളിൽ നിക്ഷിപ്തമായിട്ടുള്ളത്. ശ്രോതാക്കൾക്ക് നിങ്ങളെ കാണാൻ സാധിക്കില്ല. നിങ്ങളുടെ മുഖഭാവം, ആംഗ്യം, വേഷവിധാനങ്ങൾ എല്ലാംതന്നെ അപ്രസക്തമാണ്; ശബ്ദം, ശബ്ദം മാത്രം.
ചതുർവിധ അഭിനയരീതികളിൽ (ആഹാര്യം, ആംഗികം, സാത്വികം, വാചികം) വാചികഅഭിനയരീതികൊണ്ടുമാത്രം ആസ്വാദനരസം പൂർണ്ണമാക്കുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല. പ്രധാനപ്പെട്ട മറ്റൊരു മുന്നൊരുക്കം റേഡിയോ നാടകത്തെ ഗൗരവത്തോടെ സമീപിക്കണം എന്നാണ്. ലളിതമായി സമീപിക്കാവുന്ന ഒന്നായി കണ്ടാൽ ആ സംരംഭം തകരും. നന്നായി മനസ്സിലാക്കി ആ മാധ്യമത്തിന്റെ എല്ലാ സാധ്യതകളെയും പരമാവധി ചൂഷണം ചെയ്തുകൊണ്ടുള്ള ഒരു അവതരണരീതി ആയിരിക്കണം കഥാപാത്രങ്ങളായി ശബ്ദം നൽകുന്നവർ ചെയ്യേണ്ടത്.
A. ഭാവം ഉൾക്കൊള്ളുന്ന സംഭാഷണം
കഥാപാത്രത്തിന്റെ ഭാവം ശബ്ദത്തിലൂടെ മാത്രം പകർന്നുകൊടുക്കാനേ കഴിയൂ. മറ്റൊരു മാർഗ്ഗവും മുന്നിലില്ല. അതുകൊണ്ടുതന്നെ സംഭാഷണങ്ങൾ കഥാപാത്രത്തിന്റെ വൈകാരിക ഭാവത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നവ ആകണം. ചെറിയൊരു പാളിച്ചപോലും ശ്രോതാക്കളുടെ ഉള്ളിൽ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് സംശയം ജനിപ്പിക്കും. കലയിൽ സംശയം ഉണ്ടായാൽ അത് കലാരൂപത്തിന്റെ പരാജയമായി ഭവിക്കും.
കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും ബുദ്ധിമുട്ടേറുന്ന ഒന്നായി മാറും സംഭാഷണങ്ങൾ. കഥാപാത്രങ്ങൾ തങ്ങളുടെ ഭാവം മാത്രമല്ല, മറ്റു കഥാപാത്രങ്ങളുടെ വൈകാരികഭാവങ്ങൾകൂടി തിരിച്ചറിഞ്ഞിരിക്കണം. രംഗത്തിന്റെ മൊത്തം സ്വഭാവം ഉൾക്കൊണ്ടിരിക്കണം. ആവശ്യമായ ഒരുക്കങ്ങൾ എടുത്തതിനുശേഷമേ അവതരിപ്പിക്കാവൂ. ഒരുതവണ പാളിപ്പോയാൽ പിന്നീട് വേണ്ടത്ര ആർജ്ജവം ഉണ്ടാകില്ല.
B. വൈകാരികത:
റേഡിയോ നാടകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു ഉച്ഛ്വാസത്തിനുപോലും വൈകാരികമായ അർത്ഥം ജനിപ്പിക്കാൻ കഴിയും എന്നതാണ്. ഒരു ദീർഘനിശ്വാസംപോലും കഥാഗതിയിലെ നിർണ്ണായകമായ വഴിത്തിരിവിനെ സൂചിപ്പിക്കാം. അതിവൈകാരികത ദോഷം ചെയ്യും. കൃത്രിമത്വം സൃഷ്ടിക്കും, സ്വാഭാവികത ഇല്ലാതാകുമ്പോൾ റേഡിയോ നാടകം അമ്പേ പരാജയപ്പെടും. കൃത്യമായ ഒരു നിയന്ത്രണം വൈകാരികതലത്തിൽ കഥാപാത്രങ്ങൾ പുലർത്തിയേ തീരൂ.
C. ശബ്ദനിയന്ത്രണം:
ഒരു ഇന്ദ്രിയം മാത്രം ഉപയോഗിച്ച് ആസ്വദിക്കുന്ന ഒരു കലാരൂപമാണ് റേഡിയോ നാടകം. ശബ്ദത്തിന്റെ അനന്തസാധ്യതകൾ നമ്മുടെ മുന്നിലുണ്ട്. പരമാവധി പ്രയോജനപ്പെടുത്തുക. ഏറ്റവും ഗുണകരം ഏതു രീതിയിൽ വേണമെങ്കിലും ശബ്ദത്തിന്റെ വിന്യാസതലങ്ങളെ പരീക്ഷിക്കുവാനും, അത് ശ്രോതാക്കളിൽ എത്തിക്കുവാനുമുള്ള മുഴുവൻ സ്വാതന്ത്ര്യവും കഥാപാത്രങ്ങളായി ശബ്ദം നൽകുന്നവർക്കുണ്ടാകും.
രംഗത്ത് അവതരിപ്പിക്കുമ്പോൾ മുഖത്തെ ഭാവം, ആംഗ്യങ്ങൾ, ശരീരത്തിന്റെ ചലനം (Body Language), വസ്ത്രഭൂഷാദികൾ നൽകുന്ന പരിമിതികൾ, അവയുടെ അവസ്ഥ, എതിരെയുള്ള നടന്റെ നീക്കങ്ങൾ, വേദിയുടെ പരിമിതികൾ, അതിന്റെ അളവിനെക്കുറിച്ചുള്ള ബോധം ഇതൊന്നും റേഡിയോ നാടകത്തെ ബാധിക്കില്ല. ആ സ്വാതന്ത്ര്യം മാത്രമാണ് റേഡിയോ നാടകത്തിന്റെ അളവറ്റ പ്രയോജനം.
Exam Tips:
a) ഉത്തരത്തിന്റെ തുടക്കത്തിൽ റേഡിയോ നാടകം ശബ്ദത്തെ മാത്രം ആശ്രയിക്കുന്ന (വാചികാഭിനയം) കലാരൂപമാണെന്ന് പറയുക.
b) സൂചകങ്ങളായ ഭാവമുൾക്കൊള്ളുന്ന സംഭാഷണം, വൈകാരികത, ശബ്ദനിയന്ത്രണം എന്നിവയ്ക്ക് A, B, C എന്നിങ്ങനെ പ്രത്യേകം ഉപശീർഷകം നൽകി എഴുതുക.
c) വൈകാരികതയും കൃത്രിമത്വവും തമ്മിലുള്ള അതിർവരമ്പ് (അതിവൈകാരികത ദോഷം ചെയ്യും) എടുത്തുപറയുക.
Question 28: 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകത്തിലൂടെ കാവാലം നാരായണപ്പണിക്കർ നിർവ്വഹിക്കുന്ന സാമൂഹിക വിമർശനമെന്ത്?
Answer:
പൗരസ്ത്യവൈയാകരണന്മാരാണ് 'ധ്വനിസിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാക്കൾ. കാര്യം നേരിട്ടു പറയാതെ പ്രതീകങ്ങളിലൂടെ അനുവാചകനിൽ ധ്വനി സൃഷ്ടിക്കുക എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പാശ്ചാത്യ സിംബോളിസത്തോട് ഏറെ അടുത്തുനിൽക്കുന്ന ഈ പൗരസ്ത്യ സിദ്ധാന്തത്തിന്റെ ശ്രമങ്ങൾ കാവാലത്തിന്റെ 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന തനതുനാടകത്തിൽ കാണാം. നൃത്തത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് കാവാലം ഈ നാടകം ഒരുക്കിയിരിക്കുന്നത്.
അധികാരപ്രമത്തതയെയും അധികാരത്തിന്റെ ഇടനാഴികളിലെ ജീർണ്ണതയെയും നാടകം തുറന്നുകാട്ടുന്നു. ഈ നാടകത്തിലെ ഏറ്റവും വലിയ അധികാരചിഹ്നം അഗ്നിവർണ്ണന്റെ കാലുകളാണ്. അധികാരത്തിലേക്കു ചുവടുവയ്ക്കുന്നതും ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയടക്കുന്നതും ധാർഷ്ട്യത്തിന്റെയും ഗർവ്വിന്റെയും പ്രതീകമായ കാലുകളാണ്. വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരുന്നതും ഈ കാലുകളെത്തന്നെ. വണങ്ങാനും വരുതിയിൽ നിർത്താനുമുള്ളതാണ് ഈ പാദങ്ങൾ; അതുകൊണ്ട് അവ അധികാരത്തിന്റെയും രാജ്യഗർവ്വിന്റെയും ഭക്തിയുടെയും പ്രതീകമാണ്.
വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പരാഗത അവസ്ഥയ്ക്കു വിരുദ്ധമായ ഒരു സ്ഥിതി തെളിഞ്ഞുകാണാം. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കുകയാണ്, തന്റെ തലയിൽ വിശ്രമിക്കുന്ന പാദങ്ങൾ വണങ്ങാൻ. രാജഭരണത്തിന്റെ കനത്ത ഭാരം തലയിലേറ്റി നിൽക്കുമ്പോഴും ഭക്തിപൂർവ്വം വണങ്ങേണ്ടിവരുന്ന ദുരവസ്ഥ ഇവിടെ തെളിയുന്നു. 'കണ്ടുപഴകിയ കാലുകൾ' എന്ന പ്രയോഗത്തിൽനിന്ന് ഏകാധിപത്യത്തിന്റെ കനത്ത കാൽപാടുകൾ ജനാധിപത്യത്തിലേക്കും പ്രവേശിച്ചിരിക്കുന്നു എന്നും, കണ്ടുപഴകിമടുത്ത അവസ്ഥകൾ തിരിച്ചുവരുന്നു എന്നും വ്യക്തമാകുന്നു. രാജാവ് എന്നും അനിഷേധ്യനാണ്; എല്ലാ തീരുമാനങ്ങളുടെയും തമ്പുരാൻ. തിരുവായ്ക്ക് എതിർവായില്ലാത്ത ഈ കാലഘട്ടത്തിൽ ഭരണം ഒരു പ്രതീകാത്മക യജ്ഞമായി മാറിയിരിക്കുന്നു. ജീവിതത്തിന്റെ ഏറിയപങ്കും ആരെയും കാണാതെ കാണാമറയത്തിരുന്ന് തന്റെ അജ്ഞാതശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുന്ന ഏകാധിപതികൾ ഈ ആധുനികകാലത്തുമുണ്ട്. കാലദേശഭേദങ്ങൾ ഇതിന്റെ സ്വഭാവത്തെ ഒരിക്കലും മാറ്റിയിട്ടില്ല.
ഏകാധിപത്യം, സ്വജനപക്ഷപാതം, അധികാരവടംവലി, ധൂർത്ത്, അവയുടെ പരിണതഫലമായ ഭരണജീർണ്ണത എന്നിവ ചരിത്രത്തിലും വർത്തമാനത്തിലും ഒരുപോലെയാണ്. ഈ പൊതുസ്വഭാവത്തിന്റെ തുടർച്ചയെയും അത് ഉയർത്തുന്ന വെല്ലുവിളികളെയും നാടകം പരോക്ഷമായി ചർച്ചചെയ്യുന്നു. കാലുകൾ മാത്രം ഉപയോഗിച്ച് രാജ്യത്തെ നയിക്കുന്ന സ്വേച്ഛാധിപതി, അല്ലെങ്കിൽ ഭരിക്കാനുള്ള സമയംകൂടി ഭോഗാസക്തനായി ചെലവഴിക്കുന്ന രാജാവ്, പ്രജാതത്പരൻ എന്നതു പോകട്ടെ, ഒരു വ്യക്തിയായിപ്പോലും കാണാൻ കഴിയാത്തത്ര അപക്വമായ മനസ്സുകൾ ഇങ്ങനെയുള്ള പേക്കൂത്തുകളുടെ ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതന്നത്. രാജാവിന്റെ കാലുകൾ വണങ്ങാനും വരുതിയിൽ നിർത്താനുമുള്ള ഉപകരണമായി മാറുന്നു.
ഇങ്ങനെ ഒരു നിഴൽനാടകത്തിനു പിന്നിലെ ഉപജാപകസംഘത്തെയും നാടകം തുറന്നുകാട്ടുന്നു. ഇതിന് ചരിത്രത്തിൽ ഉദാഹരണങ്ങൾ ഏറെയുണ്ട്: വാളെടുത്തവരെല്ലാം കൽപ്പിക്കുക, അധികാരവടംവലി, ആരാണ് വലിയവൻ എന്ന മൂപ്പിളമത്തർക്കം, പൊതുജനം കഴുതകളായിത്തന്നെ തുടരുന്ന അവസ്ഥ. സമകാലീന രാഷ്ട്രീയ സാമൂഹിക അവസ്ഥകളിലേക്ക് പറിച്ചുനടുമ്പോൾ മാത്രമേ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണമാകൂ. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥയും, രാജാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിനു നാം ദൃക്സാക്ഷികളാണെന്നതും ഇവിടെ ശ്രദ്ധേയമാണ്.
പ്രജാതത്പരനായ ഭരണാധികാരി പ്രജകളുടെ കൺമുന്നിൽ ഉണ്ടാകും; അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വേഷപ്രച്ഛന്നനായി അവർക്കിടയിൽ സഞ്ചരിക്കാനും തയ്യാറാകും. എന്നാൽ അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ ഛായയിൽ വാർത്തെടുത്ത കഥാപാത്രമാണ്. അഗ്നിവർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം ഇതാണ്: എപ്പോഴും എവിടെയും പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഭരണാധികാരി എന്ന അജ്ഞാതഭീതി ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ഫോബിയ. ആ ഭീതിയിൽ അലിഞ്ഞും നടുങ്ങിയും ഒരു ജനത ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടുന്നു. ഭയം മനുഷ്യനെ അടിമയാക്കും; അധികാരത്തിന്റെ ക്രൂരമായ അവസ്ഥകളുടെ അടിമ.
ആരാണ് തങ്ങളുടെ രാജാവെന്ന് ആർക്കുമറിയില്ല. ഒരു പേരും കാണുന്ന കാലുകളുമല്ലാതെ മറ്റൊന്നും അറിയില്ല. അറിവില്ലായ്മയും ഒരുതരം അടിമത്തംതന്നെ. അജ്ഞതയും ഭയവുംമൂലം അടിമകളാക്കപ്പെട്ട ഒരു ജനസമൂഹത്തെ എങ്ങനെ വേണമെങ്കിലും ചൂഷണം ചെയ്യാം. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ, രാജാവ് മരിച്ചുവോ, അല്ലെങ്കിൽ ആരായിരിക്കും രാജാവ് എന്ന സംശയം അവർക്കുണ്ട്. പരസ്പരം കാണുന്നവരിൽപ്പോലും സംശയത്തിന്റെ പത്തികൾ വിരിയുന്നു; എന്തെങ്കിലും പറയാൻ ജനങ്ങൾ മടിക്കുന്നു. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാരസ്ഥാനത്തെയും പകച്ചുനോക്കാൻ വിധിക്കപ്പെട്ടവരാണ് അവർ. അവരെ സംബന്ധിച്ചിടത്തോളം അസ്തിത്വപ്രശ്നവും ഒരു വെല്ലുവിളിയാണ്. നുണകളുടെ ഒരു മായാലോകത്താണ് അവരുടെ വാസം. കണ്ടത് കണ്ടില്ലെന്നും കാണാത്തത് ഉണ്ടെന്നും വിശ്വസിക്കാൻ അവർ ബാധ്യസ്ഥർ. ഇങ്ങനെയാണ് യാഥാർത്ഥ്യം എന്നു പഠിപ്പിച്ചുവച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽപ്പെട്ട് ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ അവസ്ഥയെ പ്രതീകവൽക്കരിക്കുകയാണ് കാവാലം നാരായണപ്പണിക്കർ; ചരിത്രഭേദം ചമയ്ക്കുകയാണ് നാടകകൃത്ത്.
Exam Tips:
a) സാമൂഹിക വിമർശനം എന്താണെന്ന് ആദ്യം പറയുക: അധികാരദുർവിനിയോഗം, ജനങ്ങളിലെ ഭയവും അജ്ഞതയും.
b) കാലുകൾ അധികാരത്തിന്റെ പ്രതീകം എന്നും, ഉപജാപകസംഘവും ജനങ്ങളുടെ അടിമത്തവും എന്നും രണ്ടു ഘട്ടമായി വിശദീകരിച്ചാൽ ഉത്തരം ചിട്ടയുള്ളതാകും.
c) 'കണ്ടുപഴകിയ കാലുകൾ' പോലുള്ള നാടകത്തിലെ പ്രയോഗങ്ങൾ എടുത്തെഴുതുന്നത് ഉത്തരത്തിന് ബലം നൽകും.
Textbook Notes and Summary
Question 29: പാഠത്തിന്റെ ആമുഖമായി കാവാലം നാരായണപ്പണിക്കരുടെ നാടകസംഭാവനകളെക്കുറിച്ച് ചുരുക്കി എഴുതുക.
Answer:
കേരളത്തിന്റെ തനതായ ഒരു നാടകവേദിയുടെ സ്ഫുലിംഗങ്ങൾ മലയാള മണ്ണിലേക്ക് ആഴത്തിൽ വേരൂന്നിച്ചത് കാവാലത്തിന്റെ രചനകളിലൂടെയാണ്. നമ്മുടെ നാടോടി സംസ്കാരത്തിന്റെ അംശങ്ങൾ ചിതറിക്കിടക്കുന്നവ കണ്ടെത്തി മനോഹരമായി കൂട്ടിയോജിപ്പിച്ച് കാവാലം കലാസൃഷ്ടികളൊരുക്കി. അവയ്ക്ക് മണ്ണിന്റെ മണവും സാധാരണക്കാരുടെ ഹൃദയത്തുടിതാളവും ഉണ്ടായിരുന്നു. അതുവരെ അനുകരണശ്രമങ്ങളിൽ ഉഴറിനടന്ന മലയാളിക്ക് സ്വന്തമായി ഒരു രംഗകലാപാരമ്പര്യം ഉടലെടുക്കുകയായിരുന്നു; ആ നവസൃഷ്ടിക്ക് കളമൊരുക്കിയവരിൽ പ്രധാനി കാവാലംതന്നെ.
വിസ്മൃതിയിലാണ്ടുകിടന്നവയും തലമുറകൾ കഴിയുമ്പോൾ ചരിത്രത്തിന്റെ താളിൽ മറഞ്ഞുപോകാൻ വിധിക്കപ്പെട്ടവയുമായ കലാരൂപങ്ങളെ കണ്ടെടുത്ത് ജനഹൃദയസമക്ഷം കാവാലം അവതരിപ്പിച്ചു. ആ കലാരൂപങ്ങളെ അതേപോലെ അവതരിപ്പിച്ചാൽ അവയുടെ ആവർത്തനം മാത്രമായി ചുരുങ്ങിപ്പോകും; അതുകൊണ്ട് അവയിൽനിന്ന് അംശങ്ങൾ സ്വീകരിച്ച് നാടകമെന്ന കലാസൃഷ്ടിയുടെ പരിപൂർണ്ണതയിലേക്ക് സ്വാംശീകരിച്ചെടുത്തു. ഒരു മഹത്തായ രംഗകലയെ ജനകീയതയുടെ പരകോടിയിൽ എത്തിക്കാൻ ഈ കർമ്മംകൊണ്ട് കാവാലത്തിനു കഴിഞ്ഞു. സംസ്കൃതനാടക പാരമ്പര്യത്തെയും പരിപൂർണ്ണമായി ഉപേക്ഷിക്കാൻ കാവാലം തയ്യാറായിരുന്നില്ല; അവിടെനിന്നും സ്വീകരിക്കേണ്ടത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. ജീവസ്സുറ്റ നവനവമായ ഒരു നാടകപാരമ്പര്യത്തിനു തിരിതെളിയിച്ചവരിൽ കാവാലവും പങ്കാളിയായി. പിന്നീട് ഈ തനതുനാടകപ്രസ്ഥാനത്തിന് അനേകം വികൃതാനുകരണങ്ങൾ ഉണ്ടായി എന്നത് ഒരു സത്യമാണ്; അത് സ്വാഭാവികവുമാണ്. മഹത്തായ കലാദർശനത്തിന് ലോകചരിത്രത്തിൽതന്നെ അങ്ങനെയൊരു ദുർഗതി സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ അനുകരണീയവും അഭിനന്ദനീയവും സർവ്വോപരി ലോകനാടകചരിത്രത്തിലേക്ക് ഈ കൊച്ചു കലാഭൂമികയിൽനിന്നൊരു എളിയ സംഭാവനയുമാണ് തനതുനാടകപ്രസ്ഥാനം.
Exam Tips:
a) കാവാലത്തിന്റെ സംഭാവന ഒറ്റവാക്യത്തിൽ പറയാം: നാടോടി-അനുഷ്ഠാന കലകളിൽനിന്ന് ഊർജ്ജം സ്വീകരിച്ച് തനതുനാടകവേദി രൂപപ്പെടുത്തി.
b) സംസ്കൃതനാടക പാരമ്പര്യത്തെ പൂർണ്ണമായി ഉപേക്ഷിച്ചില്ല എന്ന കാര്യം വിട്ടുപോകരുത്.
Question 30: 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകത്തിന്റെ സംഗ്രഹം എഴുതുക.
Answer:
കാളിദാസന്റെ രഘുവംശത്തിലെ രാജാവായ അഗ്നിവർണ്ണൻ സൂര്യവംശത്തിലെ ഏറ്റവും കഴിവുകെട്ട, സുഖലോലുപനായ രാജാവാണ്. അധഃപതനത്തിന്റെ അങ്ങേയറ്റമാണ് അഗ്നിവർണ്ണൻ. ആറു കഥാപാത്രങ്ങളാണ് ഈ നാടകത്തിലുള്ളത്; കൂടാതെ ഗായകസംഘവുമുണ്ട്.
അയോധ്യയിലെ കൊട്ടാരത്തിൽ വിദൂഷകൻ രണ്ടു മരക്കാലുകളും തലയിലേറ്റി പ്രവേശിക്കുന്നു. സ്വയം പരിചയപ്പെടുത്തുന്ന വിദൂഷകൻ രാജാവിനെ സ്തുതിക്കാൻ ജനത്തോടാവശ്യപ്പെടുന്നു. മരക്കാലുകൾ സിംഹാസനത്തിൽ വച്ച് പ്രജകൾക്ക് ദർശനം നൽകുന്നു. പരാതികൾ കേൾക്കാൻ രാജാവിനു സമയമില്ല; അതിനാൽ മരക്കാലുകളെ ആ കൃത്യം ഏൽപ്പിച്ചിരിക്കുകയാണ്. ജനങ്ങൾ ആവലാതികൾ കാലുകളോട് പറഞ്ഞാൽ മതി.
വിശപ്പിന് പോംവഴി തേടിയെത്തുന്ന ജനത്തെ പരിഹസിച്ചുകൊണ്ട് വിദൂഷകൻ പറയുന്നത്: "അതിനു വിശപ്പുണ്ടോ നമുക്ക്? വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാറുണ്ടോ?" തുടർന്ന് കേവലരാമനും ചിന്താരാമനും രംഗത്തെത്തുന്നു. കേവലരാമൻ സാധാരണക്കാരന്റെയും ചിന്താരാമൻ ബുദ്ധിജീവികളുടെയും പ്രതിനിധിയാണ്. ചിന്താരാമന്റെ കൈയിൽ തടിച്ച ഒരു പുസ്തകമുണ്ട്. "ഇവിടെയൊക്കെ ശവത്തിന്റെ ദുർഗന്ധം നിങ്ങൾക്ക് തോന്നുന്നില്ലേ" എന്ന് കേവലരാമൻ ചോദിക്കുന്നു. അത് അധികാരത്തിന്റെ ജീർണ്ണാവസ്ഥയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ആ ദുർഗന്ധത്തിലും സ്വസ്ഥമായിരുന്ന് വായിക്കാൻ ചിന്താരാമന് കഴിയുന്നു. സാധാരണജനത്തിന്റെ പ്രശ്നങ്ങളിൽനിന്ന് കണ്ണുമടച്ച് വിഹരിക്കുന്ന ബുദ്ധിജീവിവർഗ്ഗത്തെയാണ് നാടകകാരൻ കളിയാക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മാരകവ്യാധികളും ഉദ്യോഗസ്ഥദുർഭരണവും ഒന്നും അവരെ ബാധിക്കുന്നേയില്ല.
കേവലരാമൻ ചിന്താരാമന്റെ ഉപദേശപ്രകാരം സിംഹാസനത്തിലെ കാലുകൾ ഒതുക്കിവച്ച് അതിലിരുന്ന് ഉറങ്ങുന്നു. അപ്പോൾ നിയമപാലകനായ കൊത്തുവാൾ പ്രവേശിക്കുന്നു. അയാൾ കേവലരാമനെ അടിച്ച് താഴെയിറക്കുന്നു. രാജാവിന്റെ അധികാരം കൊത്തുവാളിലൂടെ പ്രയോഗത്തിലെത്തുന്നു. മരക്കാലുകൾക്കു പിന്നിൽ എല്ലാ അവയവങ്ങളുമുണ്ടെന്ന് കൊത്തുവാൾ വ്യക്തമാക്കുന്നു. അതിനാൽ കേവലരാമന്റെ സങ്കടങ്ങൾ മരക്കാലുകളോട് പറയാൻ അയാൾ ആവശ്യപ്പെടുന്നു. ഇവിടെ ഒരു രാജാവില്ല എന്നതാണ് തന്റെ സങ്കടമെന്ന് കേവലരാമൻ പറയുന്നു. ചിന്താരാമന്റെ കൈയിലെ പുസ്തകം കണ്ട് കൊത്തുവാൾ പറയുന്നു: "വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായിപ്പിക്കുന്നുണ്ട്, അറിയാമോ?"
രാജാവിന്റെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുന്ന കൊമ്പുവിളിയുടെ അകമ്പടിയോടെ രാജഗുരു പ്രവേശിക്കുന്നു. രാജാവിനോടെന്നപോലെ തന്നോട് ആദരവ് കാണിക്കണമെന്ന് രാജഗുരു ആവശ്യപ്പെടുന്നു. തങ്ങളുടെ പരാതി ആരോടാണ് പറയേണ്ടത് എന്ന് കേവലരാമൻ ചോദിക്കുന്നു. കാലുകളോട് പരാതി പറയാനും താൻ അത് കുറിച്ചെടുത്ത് രാജാവിനെ അറിയിക്കാനുമാണ് മറുപടി. രാജാവിന്റെ ഇന്ദ്രിയങ്ങൾക്കെല്ലാം പിടിപ്പതു പണിയുണ്ടത്രെ! മരിച്ചുപോയ രാജാവിന്റെ വിദൂഷകനായിരുന്നു രാജഗുരുവെന്ന് ചിന്താരാമൻ വ്യക്തമാക്കുന്നു. കൊമ്പിന്റെയും കുഴലിന്റെയും അകമ്പടിയോടെ വിദൂഷകൻ വീണ്ടും പ്രവേശിക്കുന്നു.
വിദൂഷകന്റെ വരവിന് ഇത്തരം ആചാരങ്ങൾ എന്നു മുതൽ ഏർപ്പെടുത്തി എന്ന രാജഗുരുവിന്റെ ചോദ്യത്തിന് വിദൂഷകൻ പറയുന്ന മറുപടി: "വിദൂഷകൻ രാജാവിന്റെ ഉറ്റതോഴനാണെന്ന് കുഴലൂത്തുകാർക്കറിയാം. എന്റെ പുറപ്പാടിന് എന്തിനും കൊമ്പും കുഴലും വേണ്ടെന്ന് വയ്ക്കണം. ആയിക്കൊള്ളട്ടെ, വിരോധമില്ല." അധികാരദുർവിനിയോഗത്തിന്റെ നേർസാക്ഷ്യമാണ് ഇത്തരം പ്രവൃത്തികൾ. രാജാവിന്റെ മരക്കാലുകൾ തിരികെ എടുത്തുകൊണ്ടുപോകാനാണ് വിദൂഷകൻ എത്തിയിരിക്കുന്നത്. സിംഹാസനത്തിലിരിക്കാൻവേണ്ടി സഭാവാസികൾ മത്സരിക്കുന്നു. അപ്പോൾ വീണ്ടും രാജാവിന്റെ വരവിനെ സൂചിപ്പിക്കുന്ന വാദ്യഘോഷങ്ങൾ മുഴങ്ങുന്നു. എല്ലാവരും നിശ്ശബ്ദരാകുന്നു. അപ്പോൾ മുറ്റമടിക്കുന്ന ചൂലും കിണ്ടിയിൽ വെള്ളവുമായി അടിച്ചുതളിക്കാരി പ്രവേശിക്കുന്നു. അവിടെയാകെ അടിച്ചുതളിക്കാരി വൃത്തിയാക്കുന്നു. വിദൂഷകൻ മരക്കാലുമെടുത്ത് സ്വകാര്യമുറിയിലേക്ക് പോകുന്നു. ജീർണ്ണിച്ച അധികാരവ്യവസ്ഥയെയും മറ്റും ശുദ്ധീകരിക്കാനാണ് അടിച്ചുതളി.
Exam Tips:
a) സംഗ്രഹത്തിൽ സംഭവങ്ങൾ ക്രമത്തിൽ എഴുതുക: വിദൂഷകന്റെ പ്രവേശം, കേവലരാമൻ-ചിന്താരാമൻ, കൊത്തുവാൾ, രാജഗുരു, അടിച്ചുതളിക്കാരി.
b) ഓരോ കഥാപാത്രവും എന്തിനെ പ്രതിനിധീകരിക്കുന്നു എന്നുകൂടി സൂചിപ്പിക്കുക.
Question 31: കാവാലം നാരായണപ്പണിക്കരെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
നാടകകലയുടെ പഠനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നാടകാചാര്യനാണ് കാവാലം നാരായണപ്പണിക്കർ. തന്റെ ജന്മോദ്ദേശ്യം തിരിച്ചറിഞ്ഞ മഹാൻ. അതിന്റെ പൂർണ്ണതയ്ക്കുവേണ്ടി അധ്വാനിക്കാനും ലക്ഷ്യം നേടാനും സാധിച്ച ഉത്തമ ഗുരുഭൂതനാണ് കാവാലം. രംഗവേദി ഒരു അത്ഭുതലോകത്തെ തുറന്നുകാട്ടലാണ്; പെട്ടെന്ന് വരുതിയിൽ വരാനോ കീഴടക്കാനോ കഴിയാത്ത അപ്രാപ്യമായ ഇടം. പ്രതിഭാധനർക്കുമാത്രമേ അവിടെ വിജയക്കൊടി നാട്ടാൻ കഴിയൂ. ആ രംഗവേദിയെ ഉള്ളംകൈയിലെടുത്ത് അമ്മാനമാടിയ നാടകപ്രവർത്തകനാണ് കാവാലം. കടലാസിൽ പകർത്തിവച്ചത് അതുപോലെ സാക്ഷാത്കരിക്കാൻ, രംഗവേദിയിൽ പുനഃസൃഷ്ടിക്കാൻ കാവാലത്തിനുള്ള വൈഭവം അനിതരസാധാരണമാണ്. ജന്മസിദ്ധമായ മഹത്പ്രതിഭകൊണ്ട് നാടകത്തെ തന്റെ വഴികളിലൂടെ അദ്ദേഹം സഞ്ചരിപ്പിച്ചു. ആസ്വാദകമനസ്സുകളിൽ അലൗകികമായ ആനന്ദം നിറയ്ക്കാൻ അദ്ദേഹത്തിനു സാധിച്ചു. നാടകാസ്വാദനത്തിന്റെയും രസനിഷ്പത്തിയുടെയും അത്ഭുതക്കൂട്ട് അദ്ദേഹം നിറച്ചുവച്ചു. ബഹുമതികൾകൊണ്ട് ഒട്ടും മയങ്ങാത്ത മനസ്സാണ് കാവാലം നാരായണപ്പണിക്കരുടേത്. ഋഷിതുല്യമായ ആലക്തിക ഭാവത്തോടെ, നാടകത്തിൽ മനനം ചെയ്തെടുത്ത മനസ്സോടെ ഏകാഗ്രചിത്തനായി അദ്ദേഹം മുന്നോട്ടുപോയി. കർമ്മകുശലതയാർന്ന ജീവിതവഴിത്താര അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നു.
മലയാള നാടകവേദിയിൽ തനതു നാടകത്തിന്റെ തുടിക്കൊട്ടുകൾ ഉയരുന്നത് കാവാലം നാരായണപ്പണിക്കരുടെ ആശീർവാദത്തോടെതന്നെയാണ്. യഥാർത്ഥ മലയാള നാടകവേദിയുടെ ഉദയമാണ് അവിടെ ആരംഭിച്ചത്. ഭാഷയുടെയും കലയുടെയും അമൂല്യമായ സമ്പത്തിന്റെ ഉടമയായ കാവാലം ആ മലയാള നാടകവേദിയുടെ യാത്രയിൽ വഴികാട്ടിയും വഴിവിളക്കുമായിരുന്നു. നാടകവേദികൾ അതാതു ഭാഷയുടെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വേദികളായി മാറണം; കടംവാങ്ങുന്നതും അനുകരിച്ച് സ്വന്തമാക്കുന്നതും അധികകാലം വേരോടില്ല. "നമ്മുടെ തനതായ പൈതൃകത്തിന്റെ വേദികൂടിയാണ് നമ്മുടെ നാടകങ്ങൾ" - അവിടെ ദിശാകാട്ടിനിൽക്കുന്ന വഴികാട്ടിയാണ് നാരായണപ്പണിക്കർ. ആ വഴി നടന്നാൽ മലയാള നാടകവേദിയിലെത്തും - കാവാലത്തെക്കുറിച്ച് ഭരത് ഗോപി എന്ന മഹാനായ നടൻ സൂചിപ്പിച്ച വാക്കുകളാണിവ. ആ വാക്കുകളിൽതന്നെ ആ മഹത്തായ സംഭാവനകളും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
ചേർത്തലയിൽ മാളികകോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാടിന്റെയും കുട്ടനാട്ട് ചാലയിൽ കുടുംബാംഗമായ കുഞ്ഞുലക്ഷ്മി അമ്മയുടെയും നാലാമത്തെ പുത്രനാണ് കാവാലം നാരായണപ്പണിക്കർ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സി.എം.എസ്. കോളേജിൽനിന്ന് ഇന്റർമീഡിയറ്റും പിന്നീട് മദിരാശി ലോ കോളേജിൽനിന്ന് നിയമബിരുദവും നേടി. അങ്ങനെ ഒരു വക്കീലായിട്ടാണ് കാവാലം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ആലപ്പുഴ ജില്ലാ കോടതിയിൽ. ജീവിതവഴി നിയമക്കുരുക്കുകളും അപരാധികളും നിരപരാധികളും നിറഞ്ഞ ലോകമല്ലേ എന്ന് വളരെ വേഗം കാവാലം തിരിച്ചറിഞ്ഞു. മടുപ്പ് നിറഞ്ഞ ആ മനസ്സ് നാടോടി കലാരൂപങ്ങളിലേക്കും നാടൻപാട്ടുകളിലേക്കും തിരിഞ്ഞു. അവയുടെ ഉത്സവം തേടി, അവയുടെ പഴമ തേടി അന്വേഷണങ്ങൾ ആരംഭിച്ചു. കുട്ടനാടൻ കൊയ്ത്തുപാടങ്ങളിൽ, തന്റെ ബാല്യകൗമാരങ്ങൾ സമ്മാനിച്ച ഈണങ്ങളിലേക്ക് മനസ്സ് പിൻചെന്നു. അവയുടെ താളങ്ങളും അതിന്റെ മർമ്മവും അറിയാൻ ഏകാഗ്രമായ മനസ്സോടെ കാവാലം അവയെല്ലാം ശേഖരിക്കാൻ ആരംഭിച്ചു. കൊയ്ത്തുപാട്ടുകളുടെ താളക്രമങ്ങളും ഞാറ്റടിപ്പാട്ടുകളുടെ ഈണങ്ങളും ആ മനസ്സിൽ നിറഞ്ഞു.
കൊയ്ത്തുപാട്ടുകളുടെ ലഹരിയോടൊപ്പം കാവാലത്തിന്റെ മനസ്സിൽ തെയ്യം, തിറ, പടയണി തുടങ്ങിയ അനുഷ്ഠാന, അനുഷ്ഠാനേതര കലാരൂപങ്ങൾ വന്നുനിറയാൻ തുടങ്ങി. പരിശീലനം സിദ്ധിച്ച, കീഴ്വഴക്കങ്ങളും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന, അടിയുറച്ച ഭക്തിയും അതിനു തക്ക മെയ്വഴക്കവും സിദ്ധിച്ച, അനുഗൃഹീത കലാകാരന്മാരാണ് ആ കലാരൂപങ്ങൾക്കു പിന്നിലെന്ന് കാവാലം മനസ്സിലാക്കി. ആ വലിയൊരു സമർപ്പണം കാവാലത്തിന്റെ മനസ്സിനെ ആകർഷിച്ചു. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട സാധാരണ ആളുകൾ അനുഷ്ഠാന ആചാരക്രമങ്ങളിലൂടെ നോയമ്പും ബ്രഹ്മചര്യവും അനുഷ്ഠിച്ച് കാവുകളിൽ തെയ്യമായി (ദൈവമായി) അല്ലെങ്കിൽ ഈശ്വരന്റെ ശബ്ദമായി, അനുഗ്രഹമായി നിറയുന്ന ആ അത്ഭുതക്കാഴ്ചകളെ കാവാലം ഒപ്പിയെടുത്തു. അവയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങൾ, കിരീടങ്ങൾ, ആഭരണങ്ങൾ, അവർ ഉപയോഗിക്കുന്ന വായ്ത്താരികൾ, വേഷപ്പകർച്ചകളിലൂടെ അവർ സൃഷ്ടിക്കുന്ന ഭക്തിയുടെ ഒരു ലോകം, താളാത്മകമായ ചുവടുകൾ, ശ്രദ്ധയോടെയുള്ള അണിയിച്ചൊരുക്കൽ, അവരുടെ ജന്മസിദ്ധമായ വൈദഗ്ധ്യം എന്നിങ്ങനെ നാനാവിധമായ അംശങ്ങളിലേക്ക് കാവാലത്തിന്റെ ശ്രദ്ധ കടന്നെത്തി.
കാവാലം ഈ അനുഷ്ഠാന നാടകരൂപങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതിന്റെ മറ്റൊരു പ്രധാന കാരണം അവയുടെ പുതുമ നശിക്കാത്ത ജനകീയതയാണ്. ഗ്രാമീണജനതയെ ഹഠാദാകർഷിക്കുന്ന അവയിലെ ആംഗിക അഭിനയരീതികൾ, അവതരണത്തിലെ ഒട്ടും ചോർന്നുപോകാത്ത ഗാംഭീര്യം. ഇതെല്ലാം കാവാലത്തിന്റെ ഗവേഷണങ്ങൾക്ക് കരുത്തുപകർന്ന ഘടകങ്ങളാണ്. ഒപ്പംതന്നെ തുള്ളലും അദ്ദേഹത്തിന്റെ അന്വേഷണകൗതുകങ്ങൾക്ക് വഴിതുറന്ന കലാരൂപമാണ്; പ്രത്യേകിച്ച് ശീതങ്കൻ തുള്ളൽ. തുള്ളലിന്റെ അത്യാകർഷകമായ അവതരണശൈലി, ആസ്വാദകരെ പിടിച്ചിരുത്തുന്ന അതിന്റെ താളമികവ്, ഇതെല്ലാം കാവാലത്തെ ഹഠാദാകർഷിച്ചു.
തന്റെ അന്വേഷണ-ഗവേഷണ പരമ്പരയ്ക്ക് അവസാനം 'പഞ്ചായത്ത്' എന്ന പേരിലുള്ള ഒരു നാടകമാണ് കാവാലത്തിന്റെ ആദ്യ നാടകമായി കണക്കാക്കപ്പെടുന്നത്. ആലപ്പുഴയിൽവച്ചാണ് അദ്ദേഹം ഇതെഴുതിയത്. പക്ഷേ ഇന്നതിന്റെ ഒരു കൈയെഴുത്തു കോപ്പിപോലും കിട്ടാനില്ല. അതിലൊരു അധ്യാപകനായി കാവാലം വേഷമിടുകയും ചെയ്തു. കാവാലം തന്റെ നാടകസപര്യയിൽ ശ്രദ്ധേയമായ ആദ്യ ഉദ്യമം നടത്തിയത് 'ദാസന്റെ ഊരുഭംഗം' രംഗത്ത് അവതരിപ്പിച്ചുകൊണ്ടാണ്. അതൊരു അത്ഭുതംതന്നെയായിരുന്നു. മൂലകൃതിക്ക് ഒട്ടും രസഭംഗം സംഭവിക്കാതെ അതീവതന്മയത്വത്തോടെ ഒന്ന് രമണിക്കൂർ ദൈർഘ്യമുള്ള മനോഹര നാടകസൃഷ്ടിയാക്കി മാറ്റാൻ കാവാലത്തിനു കഴിഞ്ഞു. തനതു നാടകവേദിയിലേക്കുള്ള യാത്രയിൽ കാവാലം പിന്നിട്ട ആദ്യപടിയായിരുന്നു ഊരുഭംഗം! എന്നാൽ അതിനും വളരെ മുമ്പേ ഈ ആശയമുദ്രകൾ അദ്ദേഹത്തിന്റെ മനോമുകുരത്തിൽ ഒളിഞ്ഞുകിടന്നിരുന്നു.
കുട്ടനാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികളുടെ തൊഴിലിൽതന്നെ അന്തർഭവിച്ചിരുന്ന നാടകതാളം കാവാലത്തിന്റെ ഓർമ്മകളിൽ പണ്ടേക്കുപണ്ടേ പതിഞ്ഞുകിടന്നിരുന്നവയാണ്. പാടത്ത് പൊരിവയലിൽ വിയർപ്പിന്റെ ചോരച്ചാലുകൾ നീന്തിക്കൊണ്ടാണെങ്കിലും ആ കർഷകൻ അധ്വാനത്തിന്റെ ഭാരം കുറയ്ക്കാൻ പാട്ടിന്റെ ശീലുകൾ ചുണ്ടിൽ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ താളബോധം കാവാലത്തിന്റെ രചനകളിൽ നിഴലിച്ചുകാണാം. അവരുടെ പ്രവൃത്തിയും അവരുടെ നാടോടി ഗാനങ്ങളുടെ താളവും തമ്മിൽ വല്ലാത്തൊരു പൊരുത്തമുണ്ട്. ആ പാരസ്പര്യം, ആ നടനതാളം അവയുടെ ചേരുവതന്നെയാണ് ആത്യന്തികമായി നാടകകലയുടെ ജീവനരഹസ്യം എന്ന് കാവാലം തിരിച്ചറിഞ്ഞു. കണ്ടും കേട്ടും ആസ്വദിക്കാവുന്ന നാടകത്തിലെ കാഴ്ചകൾ സ്ഥലത്തോടും ശ്രാവ്യങ്ങൾ കാലത്തോടുമാണ് അടയാളപ്പെടുത്തുന്നത്. ഈ സ്ഥലകാല പാരസ്പര്യമാണ് നാടകമെന്ന ദൃശ്യകലയ്ക്ക് ജീവൻ. അങ്ങനെ ഭാവ-ശബ്ദ-താളക്രമങ്ങളിൽ ആഴത്തിലുള്ള അന്വേഷണം നടത്തുകയും അവയുടെ ഏറ്റവും യോജിച്ച ഘടകങ്ങളെ വിവേചിച്ചറിഞ്ഞ് നാടകത്തിൽ ലയിപ്പിക്കണമെന്നുമുള്ള ഉറച്ച മനസ്സോടെ കാവാലം നാടകമേഖലയ്ക്ക് മാറ്റത്തിന്റെ പുതുവഴി ഒരുക്കി. അങ്ങനെ കാവാലം നാടകഗവേഷണത്തിന്റെയും അവതരണത്തിന്റെയും അതിരുകൾ ഭേദിക്കാൻ 'തിരുവരങ്ങ്' സ്ഥാപിച്ചു.
തിരുവരങ്ങിനുവേണ്ടി 20-ൽ അധികം നാടകങ്ങൾ കാവാലം രചിച്ചു: 'സാക്ഷി', 'തിരുവാഴിത്താൻ', 'ദൈവത്താർ', 'അവനവൻ കടമ്പ', 'ഒറ്റയാൻ', 'കൈകുറ്റക്കാട്', 'കാലനെത്തീനി', 'ഓമനത്തിങ്കൾ', 'കോയ്മ', 'പശുഗായത്രി', 'അഗ്നിവർണ്ണന്റെ കാലുകൾ', 'മാറാട്ടം', 'ഭൂതം', ആരമ്പൻ അപ്പയ്ക്കൻ, പൊനൊടി, തെയ്യത്തെയും, കല്ലു തട്ടി തുടങ്ങിയവ. പ്രാപഞ്ചിക പ്രതിഭാസങ്ങളെയും ദൈവങ്ങളെയും പ്രപഞ്ചശക്തികളെയും കഥാപാത്രങ്ങളാക്കി മലയാളികളുടെ മനസ്സിൽ ഭാവതാളങ്ങളിലൂടെ നാടകസങ്കല്പത്തിന്റെ പുത്തൻ ദൃശ്യാനുഭവം കാവാലം ഈ നാടകങ്ങളിലൂടെ പകർന്നുതന്നു. ഇതിനു പുറമെ കുട്ടികളിൽ നാടകചിന്തകൾ വളർത്താൻ പര്യാപ്തമായ നാടകങ്ങളും കാവാലം രചിച്ചിട്ടുണ്ട്, ഉദാ: കുമ്മാട്ടി, ചക്കീചങ്കരം. അനേകം വിവർത്തനങ്ങളും അദ്ദേഹം നിർവ്വഹിച്ചു. പഴയകാല നാടകാചാര്യന്മാരിൽനിന്ന് വിഭിന്നമായിതന്നെ, തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്തിനടുത്ത് കാവാലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് & റിസർച്ച് സെന്റർ എന്ന സ്ഥാപനം നടത്തിവരുന്നു. അതിലൂടെ സോപാനസംഗീതവും നാടകപരിശീലനവും പുതുതലമുറയ്ക്കായി പകർന്നുകൊടുക്കുന്നു. വിദേശികളും സ്വദേശികളും ആ നാടകാചാര്യനിൽനിന്ന് രംഗവേദിയുടെ പുതുപാഠങ്ങൾ സ്വായത്തമാക്കുന്നു.
Exam Tips:
a) ജീവിതരേഖ (ജനനം, വിദ്യാഭ്യാസം, വക്കീൽ ജീവിതം), നാടോടി-അനുഷ്ഠാന കലകളോടുള്ള ആകർഷണം, ആദ്യ നാടകം, തിരുവരങ്ങ്, പ്രധാന കൃതികൾ എന്ന ക്രമത്തിൽ എഴുതുക.
b) നാടകങ്ങളുടെ പേരുകൾ ശരിയായി എഴുതുക; ചുരുങ്ങിയത് അഞ്ചെണ്ണമെങ്കിലും ഉൾപ്പെടുത്തുക.
c) ഭരത് ഗോപിയുടെ അഭിപ്രായം ഉദ്ധരിച്ചാൽ കുറിപ്പിന് മികവു കൂടും.
Question 32: തനതുനാടകം എന്നാലെന്ത്? അതിന്റെ ജനനത്തിനു പിന്നിലെ ചിന്തകൾ വിശദമാക്കുക.
Answer:
രംഗകലകളുടെ ചൈതന്യം കാഴ്ചകളിൽനിന്നാരംഭിക്കുന്നു. ഏതൊരു രംഗകലയ്ക്കും അതിന്റെ ജന്മനാട്ടിൽ കഴിയുന്ന മനുഷ്യരുടെ ആധ്യാത്മികവും ഭൗതികവുമായ ജീവിതത്തോട് ഉറ്റബന്ധമുണ്ടായിരിക്കും. പാരമ്പര്യത്തിന്റെ രക്തമാണ് ഈ രംഗകലകളുടെ ശിരസ്സുകളിലൂടെ പതഞ്ഞൊഴുകുന്നത്. പാശ്ചാത്യ നാടകസങ്കല്പങ്ങൾ പേറുന്ന, യൂറോപ്പിൽനിന്നും പറിച്ചുനടപ്പെട്ട മലയാളനാടകവേദിക്ക് കേരളത്തിലോ ഭാരതത്തിന്റെ മണ്ണിൽതന്നെയോ വേരുകളില്ല. ജീവന്റെ കാരണംതന്നെയായ പൈതൃകസ്വഭാവം സ്വാഭാവികമായും നമ്മുടെ നാടകവേദിക്കില്ല. മറ്റു രാജ്യങ്ങളിലെ നാടകവേദിയുമായി മലയാള നാടകവേദികളുടെ മുഖ്യ വ്യത്യാസം അതാണ്. ഈ അവസ്ഥാവിശേഷം, മലയാള നാടകവേദിയുടെ ചരമഗീതം ആലപിക്കും എന്നൊരു തിരിച്ചറിവ് നാടകപ്രവർത്തകരുടെ ഇടയിൽ ഉണ്ടായി.
ഈ അറിവാണ് തനതു നാടകവേദിയുടെ രൂപീകരണത്തെക്കുറിച്ചുള്ള ചിന്തകൾക്ക് വഴിമരുന്നിട്ടത്. സി.എൻ. ശ്രീകണ്ഠൻനായരാണ് ഈ വിഷയം ഒരു ചർച്ചാവേളയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹംതന്നെ ആ രീതിയിലുള്ള ഒരു രചനയുടെ ആരംഭം കുറിക്കുകയും ചെയ്തു. 'കലി' എന്നായിരുന്നു ആ നാടകത്തിന്റെ പേര്. തിറ, പടയണി, തുള്ളൽ, കൂടിയാട്ടം, കഥകളി എന്നീ രംഗകലകളിൽ നാടകത്തിന്റെ ആദിപ്രരൂപം കുടിയിരിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ, ആ കലകളിൽനിന്ന് കൈക്കൊള്ളാവുന്നതൊക്കെ ആഗിരണം ചെയ്ത്, പുതുഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് അത് മലയാള നാടകവേദിയിലേക്ക് വിന്യസിക്കേണ്ടതെങ്ങനെയെന്ന് അവർ കൂടിയാലോചിച്ചു. "നമുക്ക് സ്വന്തമായ ഒരു നാടകവേദി. അതു നട്ടുവളർത്തണമെങ്കിൽ അതിന്റെ വേരുകൾ തനതായ നമ്മുടെ ദൃശ്യകലാരൂപങ്ങളിൽനിന്ന് കണ്ടെത്തണം. നാടകമെന്ന പേരിൽ ഇന്ന് പ്രചാരത്തിലിരിക്കുന്ന രംഗരൂപത്തിനോടുള്ളതിനേക്കാൾ സാദൃശ്യം അതിന് നാട്ടിലെ തനതായ കലകളോടായിരിക്കും. ആ രംഗരൂപം നമ്മുടെ തനതു നാടകവേദിയുടെ ആധുനിക മുഖവുമായിരിക്കും." ഇത്തരം അഭിപ്രായസമന്വയങ്ങളിൽനിന്നാണ് തനതു നാടകവേദിയുടെ ജനനം. സി.എൻ. ശ്രീകണ്ഠൻ നായർ തുടക്കമിട്ട ഈ പ്രസ്ഥാനത്തിന് കാവാലവും ജി. ശങ്കരപ്പിള്ളയും വലിയ സംഭാവനകൾ നൽകി സമ്പുഷ്ടമാക്കി.
തനതു നാടകവേദിയെക്കുറിച്ച് കാവാലം പറയുന്നതിങ്ങനെ: "യാഥാസ്ഥിതികമായ ആട്ടക്കഥയുടെയും പരിഷ്കൃത നൃത്തനാടകത്തിന്റെയും നടുക്കെവിടെയെങ്കിലുമായിരിക്കണം കേരളത്തിന്റെ പാരമ്പര്യനാടകവേദി." ആഹാര്യം, സാത്വികം, വാചികം, ആംഗികം എന്ന ചതുർവിധ അഭിനയരീതികളിൽ 'വാചികം' മാത്രമെടുത്ത് ഉപയോഗിക്കുന്ന പാശ്ചാത്യനാടകരീതി എങ്ങനെ നമ്മുടെ പൈതൃകസ്വത്തായി മാറും? ഭരതമുനിയുടെ നാട്യശാസ്ത്രത്തിനു മുമ്പുതന്നെ നമുക്ക് വലിയ ഒരു നാട്യപാരമ്പര്യമുണ്ടെന്ന് നിസ്തർക്കമാണ്. അടിസ്ഥാനപരമായി അതിൽനിന്ന് അത്ര ഭിന്നമെങ്കിലും, വ്യക്തമായ ഒരു നാട്യപാരമ്പര്യം കേരളത്തിനുണ്ടെന്നതിൽ സംശയമില്ല. കേരളീയന്റെ അടിസ്ഥാനഭാവം അവനിൽ ആയിരക്കണക്കിന് വർഷങ്ങളായി സഹവസിക്കുന്ന താളബോധമാണ്. അതുകൊണ്ടുകൂടിയാണ് അതിസമ്പന്നമായൊരു വാദ്യകലയ്ക്ക് ജന്മംകൊടുക്കാൻ നമുക്ക് സാധിച്ചത്. ലോകത്തെങ്ങുമുള്ള വാദ്യോപകരണങ്ങൾ അവരുടെ മറ്റു കലാരൂപങ്ങളെ (നൃത്തം, പാട്ട്) അകമ്പടി സേവിക്കുകയാണ് ഏറിയപങ്കും ചെയ്യുന്നത്. എന്നാൽ നമ്മുടെ വാദ്യകല സ്വതന്ത്രമായി നിൽക്കുന്നു. മണിക്കൂറുകളോളം ആസ്വാദകരെ ആനന്ദനൃത്തം ചെയ്യിക്കുന്ന മഹത്തായ സിംഫണികൾ തീർക്കുന്നു (പഞ്ചവാദ്യം, പാണ്ടിമേളം). ഇങ്ങനെ വാദ്യം സ്വതന്ത്രമായും ഒപ്പംതന്നെ ചില പ്രദേശങ്ങളിൽ നൃത്തത്തിനും മറ്റും പിന്നണിയായും ഒരേസമയം കേരളത്തിൽ വളർന്നു. കാലാന്തരത്തിൽ ഇവ മനോഹരമായി കൂടിച്ചേർന്നു. അവിടെനിന്നു മുതലാണ് കേരളീയന്റെ നാട്യകലാപാരമ്പര്യം തുടങ്ങുന്നത്.
ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം കേരളത്തിന്റെ തനതു നാടകവേദിയെക്കുറിച്ച് അന്വേഷിക്കാൻ. തെയ്യം, തിറ, മുടിയേറ്റ്, വെളിച്ചപ്പാട് ഇവ നാലുമാണ് കേരളീയ നാട്യപാരമ്പര്യത്തിന്റെ ആധാരശിലകളായ അനുഷ്ഠാന ആചാരപ്രകടനങ്ങൾ. ഇതിൽനിന്ന് വികസ്വരമായ ഒരു ആധുനിക നാടകശരീരമുണ്ടാക്കിയെടുക്കാൻ കഴിയുമോ എന്ന ചിന്തയിൽനിന്നുതന്നെയാണ് തനതുനാടകപ്രസ്ഥാനത്തിന്റെ ജനനമുണ്ടായിരിക്കുന്നത്. കേരളത്തിന്റെ തനതുനാടകം വാചികമല്ല; നൂറുശതമാനം നാട്യാധിഷ്ഠിതമാണ്. നാട്യധർമ്മിയായ ഒരു നാടകപാരമ്പര്യത്തിന്റെ പിന്തുടർച്ചാവകാശക്കാരാണ് മലയാളികൾ.
തനതു നാടകസങ്കല്പത്തിൽ പിന്നീട് ഉലച്ചിൽ തട്ടിയത് അതിനോടുള്ള സമീപനത്തിലാണ്. കുറെ അനുഷ്ഠാനകലകൾ ആവിഷ്കരിച്ചാൽ തനതുനാടകമായി എന്നൊരു തെറ്റിദ്ധാരണ വന്നു. അതു ബാലിശമാണ്. അനുഷ്ഠാനപരതയ്ക്കും ആചാരങ്ങൾക്കും പ്രാമുഖ്യം കൊടുത്തുകൊണ്ട് സാമൂഹ്യവിമർശനം നടത്തുന്ന ഒരു സ്വതന്ത്രനാടകരൂപത്തെ നമുക്ക് തനതുനാടകമെന്ന് വിളിക്കാം. അങ്ങനെയൊരു അന്വേഷണത്തിലൂടെ ആത്മാർത്ഥമായി സഞ്ചരിച്ച് ഒരു നാടകസങ്കല്പം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ഈ ഒരു അവസ്ഥയിലേക്ക് അദ്ദേഹത്തെ നയിച്ചത് പ്രധാനമായും നാലു കാരണങ്ങളാണ്:
1. അദ്ദേഹം ഒരു കവിയാണ്.
2. നൃത്തനൃത്യങ്ങളെപ്പറ്റിയും സംഗീതത്തെപ്പറ്റിയും സാമാന്യം ജ്ഞാനമുണ്ട്.
3. ഫ്യൂഡൽ പാരമ്പര്യം ഉള്ളതുകൊണ്ടുകൂടി കൂടിയാട്ടവും കഥകളിയും പരിചിതമാണ്.
4. സംസ്കൃതഭാഷാ അവഗാഹവും ഒപ്പം കേരളത്തിലെ പ്രാചീന അനുഷ്ഠാന കലാരൂപങ്ങളിൽ സാമാന്യം ആഴത്തിലുള്ള അറിവും താൽപര്യവും അദ്ദേഹത്തിനുണ്ട്.
അതുകൊണ്ടുതന്നെ കാവാലം നാരായണപ്പണിക്കരുടെ ഫലവത്തായ ഈ അന്വേഷണത്തരംകൊണ്ട്, ഭാരതത്തിനാകമാനം അഭിമാനിക്കാവുന്ന ഒരു പുതിയ തിയറ്റർ സൃഷ്ടിതന്നെ നിർവ്വഹിക്കുന്നതിൽ വിജയം വരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അങ്ങനെ എഴുതുകാരനു പൂർണ്ണമായും വഴിപ്പെടാത്ത; കേരളത്തിന്റെ നാട്യപാരമ്പര്യത്തിന്, അനുയോജ്യമായ ഒരു തിയേറ്റർ സംസ്കാരത്തിന് ഒരൊറ്റ പേർ കൊടുക്കാം: 'തനത് നാടകം'.
Exam Tips:
a) തനതുനാടകത്തിന്റെ നിർവ്വചനം ആദ്യം എഴുതുക: കേരളത്തിന്റെ നാട്യാധിഷ്ഠിതമായ പാരമ്പര്യത്തിൽനിന്ന് രൂപപ്പെടുത്തിയ സ്വതന്ത്ര നാടകരൂപം.
b) സി.എൻ. ശ്രീകണ്ഠൻ നായർ ('കലി'), കാവാലം, ജി. ശങ്കരപ്പിള്ള എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തുക.
c) തെയ്യം, തിറ, മുടിയേറ്റ്, വെളിച്ചപ്പാട് എന്നീ നാല് അനുഷ്ഠാന കലകൾ ആധാരശിലകളാണെന്ന് എഴുതുക.
Question 33: 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകത്തിന് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കാവാലം നാരായണപ്പണിക്കരുടെ ഒരു അത്യുജ്ജ്വല കലാസൃഷ്ടിയാണ് 'തനതു നാടകസങ്കല്പങ്ങളെ നെഞ്ചിലേറ്റുന്ന' ഈ രംഗകലാശിൽപ്പം. കാവാലം മറ്റു നാടകരചയിതാക്കളിൽനിന്ന് വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ സ്വാഭാവികതകൊണ്ടുതന്നെയാണ്. തനതുനാടകവേദി എന്ന പേരിൽ വെളിച്ചപ്പാടും പൂതവും ചെണ്ടയും ഉടുക്കും സ്റ്റേജിലവതരിപ്പിച്ചാൽ അത് 'തനതുനാടക'മാകുമെന്ന് കാവാലം വിശ്വസിക്കുന്നില്ല.
നമ്മുടെ പാരമ്പര്യനാടകവേദിക്ക് പാകമായ കഥകൾ മാത്രം ഇങ്ങോട്ടു പറിച്ചുനടുക. ഈ അടിസ്ഥാനബോധത്തിൽനിന്നാണ് 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകത്തെ നോക്കിക്കാണേണ്ടത്. ഇതിഹാസങ്ങളിൽനിന്ന് കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും പുനരാഖ്യാനത്തിനായി തിരഞ്ഞെടുക്കുമ്പോൾ സാഹിത്യകാരൻ പാലിക്കേണ്ട ഒരു ഔചിത്യമുണ്ട്. ഈ ഔചിത്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് 'അഗ്നിവർണ്ണൻ'. അഗ്നിവർണ്ണൻ സൂര്യവംശത്തിലെ രാജാവാണ്. സൂര്യവംശചക്രവർത്തിയായ സുദർശനന്റെ പുത്രൻ. അഗ്നിവർണ്ണൻ ഭോഗാസക്തനായിരുന്നു; അങ്ങനെ ക്ഷയരോഗിയായി മാറി. അഗ്നിവർണ്ണനെ മന്ത്രിമാരും പടയാളികളും തീയിലേക്കെറിഞ്ഞു കൊന്നു എന്നാണ് ഐതിഹ്യം. അഗ്നിവർണ്ണൻ അങ്ങനെ ഒരു പ്രതീകമായി മാറുകയാണ്. രോഗാസക്തിപൂണ്ട്, അധികാരപ്രവണതയുടെ പ്രതീകം. അതുകൊണ്ടുതന്നെ 'അഗ്നിവർണ്ണൻ' സമകാലീന പ്രസക്തൻകൂടിയായി മാറുന്നു. ഏതു കാലഘട്ടത്തിലും അഗ്നിവർണ്ണന്മാർ ഉണ്ടാകാം. അഗ്നിവർണ്ണന്മാർ സ്വയം ഉണ്ടാകുന്നതല്ല, പലപ്പോഴും സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് അവരെ. അവരെ നിയന്ത്രിക്കുന്നതും അവരിൽനിന്ന് ഫലമുറ്റി എടുക്കുകയും ചെയ്യുന്ന ഉപജാപകവൃന്ദങ്ങൾ ചുറ്റിലും നിന്ന് അഗ്നിവർണ്ണന്മാരെ ഒരു മറയാക്കി മാറ്റുന്നു. ഒടുവിൽ അവർതന്നെ അഗ്നിവർണ്ണനെ തീയിലേക്കെറിയുന്നു. പിന്നീട് പുതിയ ഒന്നിനെ സൃഷ്ടിക്കുന്നു. അനവരതം തുടരുന്ന അധികാരജീർണ്ണതയുടെ ഉത്തമ ഉദാഹരണംകൂടിയാണ് നാടകം 'അഗ്നിവർണ്ണന്റെ കാലുകൾ'.
Exam Tips:
a) ആസ്വാദനക്കുറിപ്പിൽ കൃതിയുടെ പേര്, കർത്താവ്, പ്രമേയം, പ്രതീകങ്ങൾ, സമകാലിക പ്രസക്തി എന്നിവ ക്രമത്തിൽ വരണം.
b) 'അഗ്നിവർണ്ണൻ' ഒരു പ്രതീകമാണെന്നും ഏതു കാലത്തും അത്തരം ഭരണാധികാരികൾ ഉണ്ടാകാമെന്നും എടുത്തുപറയുക.
Free study material for Malayalam
Step-by-Step Textbook Answers: Class 12 Malayalam Chapter 02 Agnivarnante Kalukal
Textbook Solutions for Class 12 Malayalam Chapter 02 Agnivarnante Kalukal
Review comprehensive exercise answers for Class 12 Malayalam Chapter 02 Agnivarnante Kalukal. Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.
Mastering Theoretical and Practical Questions
Each solution includes detailed reasoning to foster genuine comprehension of Chapter 02 Agnivarnante Kalukal concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.
Effective Self-Study and Homework Assistance
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 02 Agnivarnante Kalukal with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus Two Malayalam Unit 2 Chapter 2 Agnivarnante Kalukal Textbook Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus Two Malayalam Unit 2 Chapter 2 Agnivarnante Kalukal Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Unit 2 Chapter 2 Agnivarnante Kalukal Textbook Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Unit 2 Chapter 2 Agnivarnante Kalukal Textbook Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus Two Malayalam Unit 2 Chapter 2 Agnivarnante Kalukal Textbook Questions and Answers in printable PDF format for offline study on any device.