Kerala Plus Two Malayalam Unit 1 Chapter 3 Kirathavritham (Kadammanitta) Textbook Answers, Extra Questions and Notes

Official Kerala Board Solutions for Class 12 Malayalam: Chapter 03 Kirathavritham (Kadammanitta Ramakrishnan)

Access comprehensive textbook solutions for Chapter 03 Kirathavritham (Kadammanitta Ramakrishnan) using the official curriculum guides for Class 12 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Chapter-wise Solutions for Malayalam: Chapter 03 Kirathavritham (Kadammanitta Ramakrishnan)

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

2 Mark Questions and Answers

Question 1: ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്നൊരു ........ (തീക്കടൽ, തീത്തുള്ളി, നിറമാല)

Answer:

തീത്തുള്ളി

Exam Tips:

a) കവിതയിലെ വരി അതേപടി ഓർമ്മിച്ച് ശരിയായ പദം തിരഞ്ഞെടുക്കുക.

 

Question 2: 'കുറത്തി' എന്ന കവിത എഴുതിയതാര്?

Answer:

കടമ്മനിട്ട രാമകൃഷ്ണൻ

Exam Tips:

a) കടമ്മനിട്ടയുടെ പ്രധാന കവിതകൾ (കുറത്തി, കിരാതവൃത്തം, കാട്ടാളൻ) ഒന്നിച്ചു പഠിക്കുക.

 

Question 3: അമ്പിളി കളമെഴുതിപ്പാടുന്നതെവിടെ?

Answer:

കറുകപ്പുൽത്തുമ്പിൽ

Exam Tips:

a) 'കറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുതിപ്പാടിയ രാവുകൾ' എന്ന വരി ഓർക്കുക.

 

Question 4: ഈ കവിതയിലെ പരാമർശ വിഷയങ്ങൾ എന്തെല്ലാം?

Answer:

1. ആദി ദ്രാവിഡ പഴമ
2. കാട്ടാളൻ എന്ന പിതൃബിംബം
3. പാരിസ്ഥിതിക വിനാശം
4. കാവ്യ സവിശേഷതകൾ

Exam Tips:

a) നാലു വിഷയങ്ങളും നമ്പർ ഇട്ട് എഴുതുക.

 

Question 5: കരിവീട്ടിക്കാതൽ, കൺപീലിക്കാട്, സുവർണ്ണമണി, കവിളത്തഴ കേഴ്. (കൂട്ടത്തിൽപ്പെടാത്തതേത്)

Answer:

സുവർണ്ണമണി (മറ്റുള്ളവ കാടിനോടും കാട്ടാളന്റെ രൂപത്തോടും ബന്ധപ്പെട്ട പ്രയോഗങ്ങളാണ്)

Exam Tips:

a) കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുമ്പോൾ കാരണം കൂടി ചേർക്കുക.

 

4 Mark Questions and Answers

Question 6: ഈ കവിതയുടെ ഘടന - വ്യക്തമാക്കുക.
ഇന്നിന്റെ നഷ്ടസ്മൃതികളിലേക്ക് സ്വപ്നവും യാഥാർത്ഥ്യം പ്രതിഷേധവും (വനമൂർച്ഛയിൽ (നീറായ വനം) (മക്കളെ കുറിച്ചുള്ളത്) (ദുഃഖം തരുന്നത്)

Answer:

നീറായ വനത്തിൻ നടുവിൽ നിന്നും വനമൂർച്ഛയിലേക്ക് പ്രവഹിക്കുവാൻ ഭ്രാന്തമായ ആവേശത്തോടെ കാട്ടാളൻ നിൽക്കുന്നു. കാട്ടാളന്റെ മനസ്സിൽ പഴയകാല രതിസ്വപ്നങ്ങളുണ്ട്.
കാടത്തികളുടെ കൂടെ ചോലമരത്തിനു താഴെ കഴിഞ്ഞിരുന്ന വന്യമായ സ്നേഹത്തിന്റെ കാലം തന്നെയാണ് വനമൂർച്ഛയിൽ സ്വപ്നം കാണുന്നത്. വനത്തിന്റെ പുനരുണർച്ചയിൽ രതിസമാനമായ മൂർച്ഛയുടെ ആനന്ദം കാട്ടാളൻ തേടുന്നു. മുത്തങ്ങപ്പുല്ലും തുളസിക്കാടും കാട്ടാറും പഴഞ്ഞാറും ആസ്വദിക്കുന്ന കാട്ടാളന്റെ മനസ്സിന്റെ മറ്റൊരു തലത്തിൽ തന്റെ കുലത്തിന്റെ സ്മൃതികൾ ഇരമ്പുന്നുണ്ട്.
രാത്രിയുടെ കളമെഴുത്ത് പാട്ടുകൾ കേൾക്കുന്നതും കുലവില്ല് കുലയ്ക്കുന്നതും തന്റെ ദ്രാവിഡ സ്വത്വത്തെയാണ് അറിയിക്കുന്നത്. കാട്ടാളന്റെ മനസ്സിൽ ഇനിയൊരു ഭാഗത്ത് പിതൃശക്തി ഇരമ്പുന്നു. ഈ പിതൃശക്തിയുടെ പ്രതിരോധിക്കാനാവാത്ത പ്രവാഹത്തിലാണ് കാട്ടാളൻ തന്റെ ആവാസത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നത്. അപ്പോൾ ഈ കവിതയുടെ ഘടനയെ ഇനി ഇങ്ങനെ മാറ്റിയെഴുതാം:
നീറായ വനം → തകർന്ന കുലപ്പെരുമ → ഇല്ലാതായ രതികാമനകൾ → നഷ്ടമായ ജീവിതം → പിതൃശക്തിയുടെ തിരിച്ചുവരവ് → വനത്തിന്റെ മൂർച്ഛ സ്വപ്നം കാണുന്നു.

Exam Tips:

a) ഘടനയുടെ ക്രമം അമ്പടയാളത്തോടെ (→) ചുരുക്കി എഴുതുക.
b) ഓരോ ഘട്ടത്തിനും കവിതയിലെ ഒരു ബിംബം ഉദാഹരണമായി നൽകുക.

 

Question 7: ഒരു സൂര്യനുദിക്കും........
നിഴലായിട്ടമ്പിളിവളരും......
പ്രതീക്ഷാനിർഭരമായ ഒരു ലോകത്തെക്കുറിച്ചുള്ള സങ്കല്പമാണോ ഇവിടെ ഇതൾ വിരിയുന്നത്? കവിത വിശകലനം ചെയ്ത് കുറിപ്പെഴുതുക.

Answer:

കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവിതയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു. കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു.
തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചുപിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മതാടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച് ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിക്കിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ പേമഴയായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചുപറഞ്ഞു.
പ്രതീക്ഷാനിർഭരമായ ഒരു ലോകത്തെക്കുറിച്ചുള്ള സങ്കല്പമാണ് ഇവിടെ കാണാനാവുന്നത്. ജീവിതം വനമോടികളിൽ ആടിത്തെളിയുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും. ദുരിതത്തിൽത്തുടങ്ങി പ്രതികാരത്തിലും പ്രതീക്ഷയിലും അവസാനിക്കുന്ന കിരാതവൃത്തം തന്നെയാണീ കവിത.

Exam Tips:

a) സൂര്യനും അമ്പിളിയും പ്രതീകങ്ങളാണെന്ന് ആദ്യം പറയുക.
b) പ്രതികാരം, പ്രതീക്ഷ എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ വേർതിരിച്ച് എഴുതുക.
c) കവിതയിലെ വരികൾ ഉദ്ധരിച്ച് വിശകലനം ചെയ്യുക.

 

Question 8: ആദിമസംസ്കാരത്തിന്റെ ഓർമ്മയുണർത്തുന്ന പ്രയോഗങ്ങൾ കടമ്മനിട്ടയുടെ കിരാതവൃത്തത്തിൽ കാണാൻ കഴിയും. - ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിഗമനം രേഖപ്പെടുത്തുക.

Answer:

ദ്രാവിഡത്തനിമയുള്ള ശീലുകളുമായി മലയാള കവിതയിൽ തനതായ കാവ്യശൈലി രൂപപ്പെടുത്തിയ കടമ്മനിട്ടയുടെ കവിതയാണ് കിരാതവൃത്തം. തനിനാടൻ പ്രയോഗങ്ങളുടെ ചൂരും വീറും കടമ്മനിട്ടക്കവിതയിൽ കാണാൻ കഴിയും. നമ്മുടെ ആദി സംസ്കാരത്തിന്റെ ഓർമ്മയുണർത്തുന്ന പ്രയോഗങ്ങൾ കിരാതവൃത്തത്തിൽ ധാരാളമായുണ്ട്. നീറായ വനം എന്നത് തരിശാക്കപ്പെട്ട കാടിനെ കുറിക്കുന്നു. കാടില്ലെങ്കിൽ നാടില്ല. കാട് ഒരു ആവാസവ്യവസ്ഥയാണ്. അതിന്റെ നാശം ആത്യന്തികമായി മനുഷ്യന്റെ നാശം തന്നെയാണ് എന്നാണ് കവി പറയുന്നത്.
ചാട്ടുളിയായ കനൽവിളി എന്ന ഭാഗത്ത് മുല പാതിമുറിഞ്ഞവളുടെ രോദനമാണ് ചാട്ടുളിയായ കനൽവിളിയായി കാട്ടാളന്റെ ഹൃദയത്തിൽ പതിച്ചത്. ഭൂമിയുടെ മുലകളാണ് മലകൾ. അവയുടെ നാശം സർവ്വനാശമാണ്. പ്രകൃതിയാണ് നിലവിളിക്കുന്നത്. അവയുടെ വിളി, പൊള്ളുന്ന വിളി ചാട്ടുളിപോലെ അയാളെ നോവിച്ചു. വിളിയുടെ തീവ്രത, നോവിന്റെ പാരമ്യത എന്നിവ ഇവിടെ തെളിയുന്നു. അലകടലിൽ വേരുപറിക്കൽ എന്ന ഭാഗത്ത് അലറുകയും കടലിന്റെ വേരു പറിക്കാൻ കുതറുകയും ചെയ്യുന്നു കാട്ടാളൻ. അവന്റെ രൗദ്രഭാവങ്ങളാകെ വ്യക്തമാക്കുന്നു ഈ പ്രയോഗം. നഷ്ടപ്പെട്ട ജൈവവസ്തുലിതത്വത്തെ സംഹാരാത്മകമായി തിരിച്ചുപിടിക്കാനുള്ള ശ്രമമാണിവിടെ കാട്ടാളൻ നടത്തുന്നത്.
'കുറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുകിപ്പാടിയ രാവുകൾ' വളരെ ഹൃദയാവർജ്ജകമായ പ്രയോഗമാണിത്. നിലാവിന്റെ കളമെഴുത്തും പാട്ടിന് ഒരു പുൽത്തുമ്പ് വേദിയാകുന്നുവത്രെ. കാട്ടിലെ മനോഹരമായ ജീവിതത്തിന്റെ ഓർമ്മകളാണിവിടെ അവതരിപ്പിക്കുന്നത്. അന്നത്തെ ആഘോഷരാത്രികൾ കാട്ടാളന്റെ ഓർമ്മയിലെത്തുന്നു. ഈ ഭാഗത്തെല്ലാം ആദിമസംസ്കാരത്തിന്റെ ഓർമ്മയുണരുന്നു.
ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്നൊരു തീത്തുള്ളി കാട്ടാളനിൽ പ്രതികാരാഗ്നി ജ്വലിക്കുമ്പോഴാണ് ഈ പ്രയോഗം വരുന്നത്. നഷ്ടപ്പെട്ടതിനെയോർത്ത് ഈറനണിഞ്ഞ കണ്ണിൽനിന്നും തീത്തുള്ളി അടർന്നു വീഴുന്നു. ഏറ്റവും വന്യമായ പ്രതിഷേധത്തെയാണിവിടെ ഈ പ്രയോഗത്തിലൂടെ അവതരിപ്പിക്കുന്നത്. തന്റെ തട്ടകം തകർത്തവർക്കെതിരെയുള്ള പ്രതിഷേധമാണിവിടെ കാണാൻ കഴിയുന്നത്.

Exam Tips:

a) പ്രസ്താവനയോട് യോജിക്കുന്നു എന്ന നിഗമനം ആദ്യം പറയുക.
b) 'നീറായ വനം', 'ചാട്ടുളിയായ കനൽവിളി', 'അലകടലിൽ വേരുപറിക്കൽ', 'കറുകപ്പുൽത്തുമ്പത്തമ്പിളി', 'ഈറ്റപ്പുലി മുരളും കണ്ണ്' എന്നിവ ഓരോന്നായി വിവരിക്കുക.

 

Question 9: കാവ്യബിംബങ്ങളുടെ ധർമ്മം എന്ത്? കുറിപ്പെഴുതുക.

Answer:

തന്റെ പ്രതിപാദ്യത്തെ അനുവാചകഹൃദയങ്ങളിൽ ആഞ്ഞുപതിപ്പുക്കുമാറ് ഒരു വാങ്മയ ചിത്രം അവതരിപ്പിക്കാനാണ് കവി കാവ്യബിംബങ്ങൾ ഉപയോഗിക്കുന്നത് എന്ന് പൊതുവെ പറയാം. ആഴത്തിൽ അനുഭവിപ്പിക്കുക എന്നതാണ് ബിംബങ്ങളുടെ പ്രധാന ലക്ഷ്യം. ഒരു വസ്തു എന്ന നിലയിലല്ല, ഒരു ആശയം അഥവാ അനുഭൂതി എന്ന നിലയിൽ കവിഹൃദയത്തിൽ നിന്ന് അനുവാചകഹൃദയത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്നതാണ് കാവ്യബിംബങ്ങൾ. വാഗ്ഗോചരമായ അനുഭൂതികൾ പകരാൻ കാവ്യബിംബങ്ങളല്ലാതെ മറ്റൊന്നില്ല.
അർത്ഥത്തിന്റെ വ്യത്യസ്തങ്ങളായ ആന്തരികതലങ്ങളോ സൂക്ഷ്മവർണ്ണവ്യത്യാസങ്ങളോ അവതരിപ്പിക്കാൻ തന്റെ ഭാഷ അപര്യാപ്തം എന്നു തോന്നുമ്പോഴാണ് കാവ്യബിംബങ്ങൾ കവിയുടെ സഹായത്തിനെത്തുന്നത്. തന്റെ ആന്തരിക ദർശനം കവി അനുഭൂതമാക്കുന്നത് ബിംബങ്ങളിലൂടെയാണ്.
"ധൈഷണികവും വൈകാരികവുമായ ഒരു ഭാവഗ്രന്ഥിയെ ഞൊടിയിടയിൽ നിവേദിക്കുന്ന ഒന്ന്" എന്നാണ് എസ്രാ പൗണ്ട് അഭിപ്രായപ്പെടുന്നത്. അനുവാചകഹൃദയത്തിൽ ഒരു മിന്നൽപ്പിണർപോലെ ഭാവദീപ്തിയുണ്ടാക്കുന്ന കാവ്യബിംബങ്ങൾക്ക് പ്രസക്തമായ ഒരു നിർവ്വചനം തന്നെയാണിത്. ഭാവഗ്രന്ഥി എന്ന വാക്ക് അതിന്റെ മനശാസ്ത്രപരമായ എല്ലാ അർത്ഥവ്യാപ്തിയോടും കൂടിയാണ് താൻ ഉപയോഗിക്കുന്നതെന്ന് പൗണ്ട് വിശദീകരിക്കുന്നുമുണ്ട്. മനസ്സിൽ ആസ്വാദ്യമായിത്തീരുന്നു എന്ന സങ്കല്പിക്കുകയാകും കൂടുതൽ സ്വീകാര്യം.

Exam Tips:

a) ബിംബത്തിന്റെ ധർമ്മം 'വാങ്മയചിത്രം', 'അനുഭൂതി പകരൽ', 'ഭാഷയുടെ പരിമിതി മറികടക്കൽ' എന്നിങ്ങനെ പോയിന്റുകളായി എഴുതുക.
b) എസ്രാ പൗണ്ടിന്റെ നിർവ്വചനം ഉദ്ധരിക്കുക.

 

Question 10: ബിംബ വർഗ്ഗീകരണ രീതികൾ എന്തെല്ലാം? വിശദമാക്കുക.

Answer:

കാവ്യബിംബങ്ങൾ ഇന്ദ്രിയഗ്രാഹ്യങ്ങളായതിനാൽ ഏതിന്ദ്രിയങ്ങളോടു ബന്ധപ്പെടുത്തിക്കൊണ്ടാണ് ബിംബങ്ങൾ രൂപംകൊള്ളുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ അവയെ ദൃശ്യബിംബങ്ങൾ, ശ്രാവ്യബിംബങ്ങൾ, ഘ്രാണബിംബങ്ങൾ (ഷോണബിംബങ്ങൾ), സ്പർശബിംബങ്ങൾ, രസനാബിംബങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.
1) ദൃശ്യബിംബങ്ങൾ: "ചുണ്ടു പിളർത്തിച്ചുരുളൻ മുടിയുമായ് മുണ്ടകപ്പാടങ്ങൾ കാത്തുകിടക്കയാവാം" (കവി ഉദ്ധരിച്ച വരി).
2) ഘ്രാണ (ഷോണ) ബിംബങ്ങൾ: "വരൾമണ്ണിൻ സുരഭിലനിശ്വാസമുൾക്കൊണ്ടും വിരിമാറിൽ തൂവേർപ്പിൻ കണമുരുണ്ടും" (പരിപൂർണ്ണതയിലേക്ക്).
3) സ്പർശബിംബങ്ങൾ: "മേലേ തീമഴ താഴെ ചെങ്കനൽ മീനക്കൊടുംവെയിൽ കത്തുമ്പോൾ" (പുത്തൻകലവും അരിവാളും).
4) ശ്രവ്യബിംബങ്ങൾ: "പുത്തൻകലവുമരിവാളും കലർന്നൊത്തിടി വെട്ടി വരമ്പിന്മേൽ" (പുത്തൻകലവും അരിവാളും).
5) രസനാബിംബങ്ങൾ: "അൻപിൻ പൊതിയുന്നു തേൻകിനിവോരെൻപാഠശാല പ്രചോദനങ്ങൾ" (പള്ളിക്കൂടത്തിലേക്ക്).
ബിംബങ്ങൾക്ക് അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മൂർത്തം, അമൂർത്തം, മിശ്രം എന്ന മറ്റൊരു വിഭജനം സാധ്യമാണ്.
1. "തിരുനുരയണിത്തലിക്കെട്ടു വെച്ച വരുണച്ചെട്ടിയാർ" (മൂർത്തം)
2. "കരിനീലക്കാടാകെത്തളിരിട്ട പോലെ പരക്കുന്ന ഇളവെയിൽ" (അമൂർത്തം)
3. "ഇരതേടും ക്രൗര്യങ്ങൾ നഖരമുരപ്പതുമറിയാതാം ധ്യാനപരതയോടെ നിൽക്കുന്ന ബുദ്ധൻ" (മിശ്രം)
കാവ്യശരീരത്തിൽ ബിംബങ്ങൾ നിർവ്വഹിക്കുന്ന പ്രവൃത്തിയെയും അവയുടെ സ്ഥാനത്തെയും ആസ്പദമാക്കി കാര്യനിർവാഹക (Functional Imagery), അലങ്കാര (Decorative) എന്നും, എങ്ങനെ ആസ്വദിക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യം, ബദ്ധം എന്നും ഐ.എ. റിച്ചാർഡ്സ് വിഭജിക്കുന്നുണ്ട്. (ഇടശ്ശേരിക്കവിത: ശില്പവിചാരം - കെ.പി. മോഹനൻ)

Exam Tips:

a) അഞ്ച് ഇന്ദ്രിയാടിസ്ഥാനത്തിലുള്ള വിഭജനവും മൂർത്തം-അമൂർത്തം-മിശ്രം വിഭജനവും വേർതിരിച്ച് എഴുതുക.
b) ഓരോ വിഭാഗത്തിനും ഒരു ഉദാഹരണം ചേർക്കുക.
c) ഐ.എ. റിച്ചാർഡ്സിന്റെ വിഭജനം ചുരുക്കിപ്പറയുക.

 

Question 11: കാട്ടാളന്റെ നിലപ്പ് കവി ചിത്രീകരിക്കുന്നതെങ്ങനെ?

Answer:

തീപിടിച്ച് നീറായിത്തീർന്ന വനത്തിൽ കാടാകെ ആളിനിൽക്കുന്നവനാണ് കാട്ടാളൻ. പെരുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണും കരിമൂർഖൻ പാമ്പിന്റെ വാലുവളഞ്ഞതുപോലുള്ള പുരികവും ആയി അമ്പ് തറച്ച കരിമ്പുലിപോലെയും ഉരുൾപൊട്ടിയ മാമലപോലെയും കുപിതനായി അലറുന്ന കാട്ടാളർ രൗദ്രതയുടെ ദൈവിക്കോലം തന്റെ നെഞ്ചത്ത് കുത്തിവച്ചിരിക്കുന്നു. നാട്ടാളന്റെ എതിർധ്രുവത്ത് നിൽക്കുന്ന കാട്ടാളൻ നഷ്ടപരിസരങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചറിവോടെ ഉണരുകയാണ്.

Exam Tips:

a) കാട്ടാളന്റെ രൂപം (ഈറ്റപ്പുലിക്കണ്ണ്, മൂർഖൻ-പുരികം) ആദ്യം, ഭാവം (രൗദ്രം) പിന്നെ എഴുതുക.

 

Question 12: തന്റെ ജീവിതം അന്യമാക്കുന്ന അധിനിവേശ വ്യവസ്ഥക്കെതിരെയുള്ള കീഴാളന്റെ അമർഷമാണ് കടമ്മനിട്ടയുടെ കിരാതവൃത്തം എന്ന കവിത - ഈ അഭിപ്രായം പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.

Answer:

പ്രതിഭ രണ്ടുവിധമുണ്ട്: ജന്മസിദ്ധമായതും വളർത്തിയെടുക്കുന്നതും. ഇതിൽ ജന്മസിദ്ധമായ സിദ്ധികൾ ഒരിക്കലും നശിക്കുന്നില്ല. എന്നാൽ അതോടൊപ്പം അവയെ വളർത്തിയെടുത്ത് സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ കലാകാരൻ നിലനിൽക്കുന്നു. ഹൈദരലിയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നെങ്കിൽ അത് ഉള്ളവന്റെ ഉള്ളിലെ തുരയായിരുന്നു. ജനിക്കുമ്പോൾ സംഗീതത്തിന്റെ ഓടക്കുഴലുമായി വന്ന ഹൈദരലിക്ക് ബാങ്ക് വിളിയുടെ സംഗീതപാരമ്പര്യമുണ്ടായിരുന്നു. അത് കലാമണ്ഡലത്തിലൂടെ വളർന്നു. ചുറ്റുമുള്ള സാഹചര്യങ്ങൾ അതിനെ തടുക്കുവാനും തകർക്കുവാനും ശ്രമിച്ചു. സംഗീതത്തിന്റെ വശ്യത അതിനെയും മറികടന്ന് ജനങ്ങളുടെ ഹൃദയം ഭരിച്ചു.

Exam Tips:

a) ചോദ്യത്തിലെ കവിതയെക്കുറിച്ച് പറയാതെ ഉത്തരം മാറിപ്പോകാതെ നോക്കുക.
b) അഭിപ്രായം ശരിയാണ് എന്ന് സമർത്ഥിക്കാൻ കവിതയിലെ അധിനിവേശ ബിംബങ്ങൾ ഉദ്ധരിക്കുക.

 

6 Mark Questions and Answers

Question 13: കിരാതവൃത്തം കവിതയിലെ ബിംബകല്പനകൾ വിശദമാക്കുക.

Answer:

ബിംബകല്പനകൾ നമ്മുടെ മനസ്സിൽ കിടക്കുന്ന അനുഭവങ്ങളെ ഉണർത്തുന്നവയാണ്. അലിവിന്റെ തീരത്തണയുക, ചേക്കേറിയ ചിന്തകൾ, ജീവിതത്തിന്റെ സായാഹ്നം, സ്വപ്നങ്ങളുടെ വള്ളിക്കുടിൽ എന്നിങ്ങനെയുള്ളവ അതിനാൽ ബിംബങ്ങളാണ്. കിരാതവൃത്തത്തിലെ കാട്ടാളൻ എങ്ങനെ പിതൃബിംബമായി എന്ന് അറിയാം. കാട്ടാളന് അച്ഛനുണ്ട്, അമ്മയുണ്ട്, മുല പാതി മുറിഞ്ഞ പെണ്ണുണ്ട്. ഈ കഥാപാത്രത്തിന്റെ ദ്രാവിഡകുലത്തിന്റെ പൈതൃകം പലയിടങ്ങളിലും കാണുന്നുണ്ട്. മുല പാതി മുറിഞ്ഞ വൾ ആറ്റിൻകരയിൽ കനലായി വിളിച്ചത് സത്യത്തിൽ എന്താണ്? മുല പാതി മുറിഞ്ഞവൾ ക്രൂരമായ മർദ്ദനത്തിനും ക്രൂരമായ സംഭോഗങ്ങൾക്കും ഇരയായവൾ ആണ്. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ കൊടും പീഡനത്തിന് ഇരയാണവൾ. മാത്രമല്ല, അവൾ കനലായി വിളിച്ചതിൽ കാണുന്നത് തീ പിടിച്ച ശരീരത്തിന്റെ നിലവിളിയാണ്. അവളെ ജീവനോടെ ചുട്ടുകൊന്നിരിക്കുന്നു. അവളുടെ ശരീരം കനലായി മാറി. അതിന്റെ നിലവിളിയാണ് കാട്ടാളനിൽ ചാട്ടുളിയായി കൊണ്ടത്. കാട്ടാളൻ അലറിവിളിച്ചത് ഈ നീറായ വനത്തിനു നടുവിൽ നിന്നാണ്.
വനത്തിന് മാത്രമല്ല തീ പിടിച്ചിരിക്കുന്നത്. തന്റെ കുലത്തിന്റെ, സംസ്കാരത്തിന്റെ കനലാണ് എരിയുന്നത്. ഇത് തുടർന്നുള്ള വരികളിൽ കാണുന്നു. കരിമേഘം, മാനം, കിനാക്കൾ, തുളസിക്കാടുകൾ, ഈറൻ മുടി കോതിയ സന്ധ്യകൾ, മുത്തങ്ങപ്പുല്ല്, രാവുകൾ, കാടത്തിയുടെ നൃത്തച്ചുവടുകൾ, ഉയർന്ന രാത്രികൾ ഒക്കെ തേങ്ങലായി മാറുന്നു. തന്റെ കുലത്തിന്റെ ജീവിതം തകർന്നിരിക്കുന്നു. തുടർന്ന് കാട്ടാളൻ തന്റെ നഷ്ടമായ ദിനങ്ങളെയും കുട്ടികളെയും അന്വേഷിക്കുന്നു. കുട്ടികളായിരുന്നു തന്റെ ദിനങ്ങൾ; അല്ലെങ്കിൽ ദിനങ്ങൾക്ക് അർത്ഥം നൽകിയത് കുട്ടികളായിരുന്നു. ഈ കവിതാഭാഗത്ത് കാട്ടാളൻ പിതൃബിംബമായി ഉയർത്തപ്പെടുന്നു. തന്റെ ആത്മക്കൾ തേൻകൂടുകൾ തേടി പോയിരുന്നു; തന്റെ പെൺകിടാങ്ങൾ പൂക്കുട നിറയ്ക്കാൻ പോയതാണ്. അവർ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ കുഞ്ഞുപൈതങ്ങളും നഷ്ടമായി. അവർ അമ്മിഞ്ഞച്ചുണ്ടത്ത് ഒട്ടിയ ആമ്പൽമൊട്ടുകളാണ്. മുല കുടിക്കുന്ന കുഞ്ഞുപൈതങ്ങളാണ്. ഈ കുഞ്ഞുങ്ങളെ ചുട്ടെരിച്ചിരിക്കുകയാണ്. തളിരെല്ലുകൾ കരിയുന്ന മണം നാസികകളിൽ തറയുന്ന ഘട്ടത്തിൽ പിതൃദുഃഖം ഏറിയ കാട്ടാളൻ ഉഗ്രശക്തിയിൽ, തിരമാലകളുടെ കരുത്തിൽ തന്റെ പ്രതികാരവും തുടർന്ന് വീണ്ടും ഉണരുന്ന വനമോടികളും അറിയിക്കുകയാണ്. ഇപ്രകാരത്തിൽ നീറായ വനത്തിന് നടുവിൽ നിൽക്കുന്ന കാട്ടാളൻ പിതൃബിംബത്തെയാണ് കാണിക്കുന്നത്. നാസികകളിൽ തറയുന്ന മണം തന്റെ കുട്ടികളുടേതാണെന്ന ഭീകരതയിൽ ദ്രാവിഡ കുലത്തിന്റെ മുഴുവൻ ശക്തിയും സംഭരിച്ച് കാട്ടാളൻ പിതൃശക്തിയായി മാറുന്നു. നെഞ്ചത്ത് ഒരു പന്തം കുത്തിനിൽക്കുന്ന കാട്ടാളൻ അവതരിപ്പിക്കുന്നത് വെറും പടയണിയല്ല; പടയണിയിൽ സാക്ഷാൽക്കരിക്കപ്പെടുന്ന മനുഷ്യന്റെ ആദിമമായ സ്വാതന്ത്ര്യമാണ്.

Exam Tips:

a) ബിംബകല്പനകൾ ഓരോന്നായി (നീറായ വനം, ചാട്ടുളിയായ കനൽവിളി, പിതൃബിംബം, പടയണി) വേർതിരിച്ച് എഴുതുക.
b) കാട്ടാളൻ പിതൃബിംബമാകുന്നത് എങ്ങനെ എന്ന് വിശദമാക്കുക.

 

Question 14: നാടോടിത്തവും ദ്രാവിഡശക്തിയും പാരിസ്ഥിതികാവബോധവും നിറയുന്ന കവിതയാണ് കിരാതവൃത്തം - വിശദമാക്കുക.

Answer:

ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ്യത്യസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്ന് ഈ കവിത തെളിയിക്കുന്നു. നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ ദൈവിക്കോലം വരുമ്പോഴുള്ള ഒരു കാഴ്ചയാണിത്. ഇവിടെ കാട്ടാളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെങ്കിൽ തന്റെ കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാളന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്.
കാടിന്റെ ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു; കരിമേഘമാകാം ആ അച്ഛൻ. അമ്മ മലയോരത്തിരുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയായിരിക്കുന്നു; കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്; അതിൽ കരിമരണം കാവലിരിക്കുന്നു.
ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം; അതിൽ കിനാക്കളായിരുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമുടികോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരിസ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചക്കൈകൾ (പച്ചക്കാളയെന്നും പുൽച്ചാടിയെന്നും വിളിക്കും) ചാടി നടന്നിരുന്ന മുത്തങ്ങപ്പുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച പഴഞ്ചാറും ഇല്ലാതായി.
ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറയുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുലനിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരിസ്ഥിതി മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടുന്നവൻ പുരാതനമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്കപ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്: നാഗരികന്റെ ശരീരവും വീടും തൊട്ടുതീണ്ടിയ മണ്ണിന്റെ മക്കളെ അശുദ്ധമാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തകരുമെന്നും താൻ അന്ന് ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്യമായി കാണപ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.
കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ: അവർക്ക് എല്ലാം നിഷേധിച്ചിരുന്നു - ദൈവത്തേയും വിദ്യയേയും മനുഷ്യപാരമ്പര്യത്തെയും. തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽ നിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയിക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അസ്പൃശ്യരായി അകറ്റേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.

Exam Tips:

a) പ്രകൃതി/പരിസ്ഥിതി, ദ്രാവിഡശക്തി, നാടോടിത്തം എന്നീ മൂന്നു ശീർഷകങ്ങളിൽ പോയിന്റുകൾ വേർതിരിക്കുക.
b) കവിതയിലെ ബിംബങ്ങൾ (നീറായ വനം, കരിമേഘം, വേഴാമ്പൽ) ഉദ്ധരിക്കുക.

 

Question 15: കാവ്യബിംബങ്ങളിൽ ദൃശ്യബിംബങ്ങൾക്ക് സവിശേഷ സ്ഥാനമാണുള്ളത്. 'കിരാതവൃത്തം' എന്ന കവിതയെ സൗന്ദര്യാത്മകമാക്കുന്നതിൽ ദൃശ്യബിംബങ്ങൾ വഹിക്കുന്ന പങ്കെന്തെന്ന് കണ്ടെത്തി എഴുതുക.

Answer:

ബിംബം എന്താണെന്നും അവയുടെ സവിശേഷത എന്താണെന്നും പിതൃബിംബം എന്ന ശീർഷകത്തിൽ വിവരിച്ചിട്ടുണ്ട്. ബിംബങ്ങൾ പലവിധമുണ്ട്: ഗന്ധബിംബമുണ്ട്, ദൃശ്യബിംബമുണ്ട്. കിരാതവൃത്തം വന്യപ്രകൃതിയിൽ നിന്നാണ് ബിംബങ്ങളെ നിർമ്മിക്കുന്നത്. 'ഒരു നുണുങ്ങു ദുഃഖത്തിൻ വഴിത്തിരിവിൽ വന്നു ഞാൻ തളർന്നു വീണൊരു നിഴൽ മാത്രം താങ്ങായി നടന്നു ഞാൻ തപിച്ച് സൂര്യനെ കണ്ടു തപ്താശ്രു പൊഴിച്ചു ഞാൻ...' എന്നു തുടങ്ങുന്ന കവിത ('ഞാൻ') യിലൂടെ തന്റെ കാവ്യാത്മകതയ്ക്ക് അനുഭവത്തിന്റെ തീവ്രത നൽകിയ കടമ്മനിട്ടയുടെ ഒരു പാട്ട്, കിരാതവൃത്തം, തേങ്ങ, പുരുഷസൂക്തം, കോഴി എന്നിവയിലെല്ലാം വ്യത്യസ്ത ശൈലികൾ കാണാം.
പടയണിയിലെ മറുതപ്പാട്ടിന്റെയും പുലയപ്പാട്ടിന്റെയും താളങ്ങളെ ചിട്ടപ്പെടുത്തിയും നാടോടി ശീലുകളെ തോറ്റിയുണർത്തിയും അവയുടെ അനുഷ്ഠാനപരതയുടെ പരിവേഷം നിലനിർത്തുകയും അവയിൽ ഇരയുടെ പ്രകൃതിയുടെ ഈ രാകാഴ്ചയിൽ അവിടം കാവുകളിലെ അനുഷ്ഠാനകലയായ കളമെഴുത്തുകളത്തിലും കളമെഴുത്തു പാട്ടിലും വായനക്കാർ ചെന്നെത്തുന്നു. കാടത്തികളുടെ ശരീരത്തെ കരിവീട്ടിക്കാതലായി ബിംബക്കാഴ്ച നടത്തുന്നു. കരിവീട്ടിയുടെ നിറവും കരുത്തും കാടത്തികൾക്ക് ഉണ്ടാകുന്നു.
'അമ്മിഞ്ഞച്ചുണ്ടത്തൊട്ടിയൊരാമ്പൽപ്പൂമൊട്ടുകൾ' - കാട്ടാളന്റെ കുട്ടികളെയാണിവിടെ കാണുന്നത്. അവയുടെ പല്ലുകളായിരിക്കാം ആമ്പൽപ്പൂമൊട്ടുകൾ; അത് അമ്മിഞ്ഞച്ചുണ്ടത്താണ് ഒട്ടി നിന്നിരുന്നത്. കുഞ്ഞുങ്ങളും അമ്മയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ തീവ്രത കാണിക്കുന്ന ദൃശ്യബിംബമാണിത്. ഇങ്ങനെ കടമ്മനിട്ടയുടെ കിരാതവൃത്തത്തിലെ ദൃശ്യബിംബങ്ങളെല്ലാം വന്യപ്രകൃതിയുടെ ഉള്ളറകളിൽ നിന്നുമാണ് കവിതയിലേക്ക് ഓടിവരുന്നത്.

Exam Tips:

a) ദൃശ്യബിംബങ്ങളുടെ ഉദാഹരണങ്ങൾ (കരിവീട്ടിക്കാതൽ, കൺപീലിക്കാട്, അമ്മിഞ്ഞച്ചുണ്ടത്തൊട്ടിയ ആമ്പൽപ്പൂമൊട്ടുകൾ) ഉദ്ധരിച്ച് ഓരോന്നിന്റെയും അർത്ഥം എഴുതുക.
b) ബിംബങ്ങൾ വന്യപ്രകൃതിയിൽ നിന്ന് വരുന്നു എന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.

 

Question 16: കണ്ണാടി കാൺമോളവും - എഴുത്തച്ഛൻ
ഊഞ്ഞാലിൽ - വൈലോപ്പിള്ളി
കിരാതവൃത്തം - കടമ്മനിട്ട
മത്സ്യം - ടി.പി. രാജീവൻ
ഈ കവിതകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതുക.

Answer:

കാലവും സംസ്കാരവും അടയാളങ്ങളായി സൂക്ഷിക്കുന്നവയാണ് മനുഷ്യരുടെ ഓരോ ആവിഷ്കാരവും. ഈ മുദ്രകളെ കവിതകൾ സ്വാംശീകരിക്കുന്നതും കടഞ്ഞെടുക്കുന്നതും കാലഘട്ടങ്ങളിലൂടെ മനുഷ്യരാശി പ്രകടമാക്കിയ മനസ്സുകളെയാണ്, സങ്കല്പങ്ങളെയാണ്.
ഈ കവിതാസമാഹാരം പോയ കാലത്തിന്റെയും ഇന്നിന്റെയും സംവേദനങ്ങളുടെ കാഴ്ചകൾ മാത്രമല്ല നൽകുന്നത്. വരും കാലങ്ങളുടെ അപകടകരമായ ജീവിതാവസ്ഥകളിലും അത് മുദ്ര ചാർത്തുന്നു. എഴുത്തച്ഛന്റെ കണ്ണാടി കാൺമോളവും, വൈലോപ്പിള്ളിയുടെ ഊഞ്ഞാലും, കടമ്മനിട്ടയുടെ കിരാതവൃത്തവും, ടി.പി. രാജീവന്റെ മത്സ്യവും വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെ സംവേദനങ്ങളാണ്.
മഹാഭാരതം കിളിപ്പാട്ടിലെ സംഭവപർവ്വത്തിൽ നിന്നെടുത്ത എഴുത്തച്ഛന്റെ കാവ്യഭാഗം കാവ്യസിദ്ധിയുടെ തീരമാണ്. ദുഷ്യന്തനും ശകുന്തളയും പരസ്പരം കണ്ടുമുട്ടുന്നതിന്റെ പിറകിലെ സാംസ്കാരിക പശ്ചാത്തലം വളരെയധികം കൗതുകം ജനിപ്പിക്കുന്നതാണ്. കുലീനയായവളെ കുലടയെന്നു വിളിക്കുകയും വേശ്യാവൃത്തിയെ അംഗീകരിച്ചുകൊണ്ട് ജീവനാംശം നൽകുകയും ചെയ്യുന്നതിന്റെ കാലം എഴുത്തച്ഛന്റെ കാലഘട്ടത്തിന്റെ സാംസ്കാരിക പരിസരം ആയിരിക്കും. ധാർമ്മികമായി അധഃപതിച്ച ഒരു കാലഘട്ടത്തിൽ ഭക്തിപ്രസ്ഥാനത്തിന്റെ പാഞ്ചജന്യം മുഴക്കിയ എഴുത്തച്ഛന്റെ ജീവിതരേഖയല്ലേ കണ്ണാടി കാൺമോളവും എന്ന കവിതാഭാഗത്ത് കാണുന്നത്?
എഴുത്തച്ഛനിൽ നിന്നും മലയാളത്തിന്റെ കാച്ചിക്കുറുക്കിയ കവിതയിലേക്ക് വരുന്നു. വൈലോപ്പിള്ളിയുടെ ഊഞ്ഞാൽ വാർദ്ധക്യത്തിലെ ദാമ്പത്യത്തിന്റെ പ്രണയം കാണിക്കുന്നു. തിരുവാതിരരാവിന്റെ ഓർമ്മയുടെ കുളിരിൽ ഭാര്യയോടൊത്ത് ഊഞ്ഞാലാടുന്ന കവി, ദുഷ്യന്തനും ശകുന്തളയുമായിത്തീരുന്ന ഭാവനാലോകത്താണ്. ദാമ്പത്യത്തിന്റെ മാധുര്യത്തിന് ശാകുന്തളത്തിന്റെ ഒരു നുള്ള് തേനിറ്റുന്ന ഭാസുരമായ ആവിഷ്കാരമാണ് ഊഞ്ഞാൽ.
കടമ്മനിട്ടയുടെ കിരാതവൃത്തത്തിലേക്ക് എത്തുമ്പോൾ കവിയിലെ പടയണിപോലൊന്ന് നമ്മുടെ മനസ്സിലും കേട്ടുതുടങ്ങുന്നു. കാഴ്ചയും ശബ്ദവും കവിതയിലെ വാക്കുകളുടെ ദ്രാവിഡ പശ്ചാത്തലത്തിൽ നമ്മിൽ ഒരു പടയണി ഉണ്ടാക്കുന്നു. നെഞ്ചത്തൊരു പന്തം കുത്തി നിൽക്കുന്ന കാട്ടാളൻ നമ്മുടെ വനബോധത്തെ ഉണർത്തുന്നു. കാട് കാട്ടാളന്റേതാണ്; നഗരവാസികൾ മല തീണ്ടി അശുദ്ധം വരുത്തിയതാണ്. വധശിക്ഷയാണതിന് നൽകേണ്ടത്. കാട്ടാറിന്റെ തരിവള കിലുക്കവും കറുകപ്പുൽത്തുമ്പത്തെ അമ്പിളിയുടെ കളമെഴുത്തും രാവിന്റെ കളമെഴുത്തു പാട്ടും നമ്മിലുളവാക്കുന്ന വനചാരുതയ്ക്ക് ഭഗവതിയുടെ ആവാഹനത്തിന്റെ മാന്ത്രികതയുണ്ട്. ഇതിലുമുണ്ട് ഒരു കുടുംബം; കാട്ടാളന്റെ സ്വന്തം കുടുംബം. പക്ഷേ ഭാര്യയുടെ മുല പാതി മുറിഞ്ഞുപോയിരിക്കുന്നു. കുഞ്ഞുങ്ങളുടെ തളിരല്ലുകൾ കരിയുന്ന മണം നാഡികളിൽ തറഞ്ഞുകയറുന്നു. വന്യമായൊരു തകർച്ചയുടെ തീയിൽ നിൽക്കുന്ന കാട്ടാളന്റെ അലർച്ച നമ്മെ ഞെട്ടിക്കാതിരിക്കില്ല.
ടി.പി. രാജീവന്റെ മത്സ്യം കാട്ടാളന്റെ വനത്തിനുള്ളിലെ ജീവിത നിരാസത്തിന്റെ ചിത്രം ഒരു കൊച്ചു കാൻവാസിൽ കാട്ടിത്തരുന്ന ചൂണ്ടുപലകയാണ്; ഒരു കൊച്ചു അക്വേറിയത്തിൽ ജീവന്റെ അവശേഷിക്കുന്ന തുടിപ്പ് കാണുന്നതുപോലെ ഈ ഭൂമിയുടെ വിനാശം കാണിച്ചുതരുന്നു. ഒരു കൊച്ചു മത്സ്യംപോലും അതിജീവനത്തിന്റെ മരണവ്യൂഹത്തിലാണ്. നഗരസംസ്കാരം തീർത്ത ക്രൗര്യങ്ങൾക്കും കച്ചവടങ്ങൾക്കും മീതെ രക്ഷപ്പെടുവാനുള്ള അതിന്റെ പരിശ്രമങ്ങൾ തകർന്നുപോകുന്നു. ചെറുതായിരിക്കെയും വേഗമാർന്ന് രക്ഷപ്പെടുകയും ചെയ്യുന്ന അതിന്റെ പരിസരം തന്നെ സ്വയം തകർന്നുകൊണ്ടിരിക്കുന്ന ഭീകരകാഴ്ചയാണ് നാം കാണുന്നത്. ഈ കവിതാസമാഹാരത്തിലെ നാലു കവിതകളും വ്യത്യസ്തമാണ്. പക്ഷേ അത് സംവദിക്കുന്ന വായനക്കാരുടെ അനുഭവങ്ങളിൽ അതിന് പാരസ്പര്യത്തിന്റെ മുദ്രകളുണ്ട്.
രാജകുടുംബവ്യവസ്ഥയിൽ നിന്നും കവി കുടുംബത്തിലേക്കും അവിടെ നിന്നും മനുഷ്യന്റെ മടിത്തട്ടായ വനരാശിയിലേക്കും പിറന്ന ജീവന്റെ ആദിമസ്ഥാനമായ കടലിന്റെ വിനാശത്തിലേക്കും നമ്മെ നയിക്കുന്ന ബോധത്തിന്റെ ആവിഷ്കാരമാണ് ക്രമത്തിൽ ഈ നാലു കവിതകൾ.

Exam Tips:

a) അവതാരികയിൽ ഓരോ കവിതയ്ക്കും ഓരോ ഖണ്ഡിക നൽകുകയും അവയെ ബന്ധിപ്പിക്കുന്ന പൊതു ആശയം ഒടുവിൽ പറയുകയും ചെയ്യുക.
b) കവിതകളുടെ കാലക്രമം (എഴുത്തച്ഛൻ - വൈലോപ്പിള്ളി - കടമ്മനിട്ട - ടി.പി. രാജീവൻ) പാലിക്കുക.

 

Question 17: "പിന്നെ എന്നാ ഒണ്ട്?"
"ഓ, അങ്ങനെ പറയാമ്മേണ്ടി ഒന്നുല്ല. വീടിയൊണ്ടേ ഒന്നുതാ"
"ഇല്ല. ഇവിടെ ഒരാളെ കാണാക്കുന്നതാ"
"ഉം. അപ്പനു സുഖാക്കെ ആണോ?"
"അയ്യോ! ചത്തുപോയി, കഴിഞ്ഞ വേനക്ക്."
"എന്നതായിരുന്നു?"
"ഒന്നുല്ലാഞ്ഞു. രാത്രി ഒരു ചൊമകേട്ട്. നേരം വെളുത്തു നോക്കി യപ്പം വെറകുകൊളിപോലെ കെടക്കണു മരച്ച്" (ഓർമ്മകളിൽ വന്നുപോകുന്നവർ - നാരായൻ)
കഥയിൽ പ്രാദേശിക ഭാഷ ഉപയോഗിക്കുമ്പോൾ കൈവരുന്ന ശക്തിസൗന്ദര്യങ്ങൾ കണ്ടെത്തി വിശദീകരിക്കുക.

Answer:

പ്രാദേശിക ഭാഷകളുടെ സാന്നിധ്യവും ആവിഷ്കാരവും ഏറ്റവും സാർത്ഥകമായി കാണുന്നത് ചെറുകഥകളിലാണ്. ചെറുകഥകൾ സംഭാഷണങ്ങളുടെയും കഥനത്തിന്റെയും രചനാരീതി ഉപയുക്തമാക്കുന്ന വേളയിലും, സാധാരണ ജനജീവിതത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വേറിട്ട സംവേദനസ്വഭാവം കൂടി പ്രദർശിപ്പിക്കാറുണ്ട്.
ചെറുകഥയിലെ കഥാപാത്രഭാഷണങ്ങൾക്കായി നേരിട്ട് സംഭാഷണം നടത്തുന്ന സമ്പ്രദായം സാഹിത്യത്തിൽ ആധുനികമായപ്പോഴാണ് സംഭവിച്ചത്. ക്ലാസ്സിക്കൽ ചിട്ടകളിൽ നിന്നും വ്യത്യസ്തമായൊരു സാഹിത്യമാർഗം ചെറുകഥകളുടെ പ്രചാരണത്തോടെ ഉള്ളവാകുകയും അവ ജനകീയമാകുകയും ചെയ്തു.
മനുഷ്യഭാഷയിൽ പ്രാദേശികമായ സംസാരഭാഷയുടെ പലവിധത്തിലുള്ള ഉൾപ്പിരിവുകൾ കാണാം. സമുദായങ്ങൾക്കനുസരിച്ചും പ്രാദേശികാടിസ്ഥാനത്തിലും സംസാരഭാഷയിൽ ഒരു പ്രധാന ഭാഷയ്ക്ക് സവിശേഷതകൾ കാണാം. കേരളത്തിൽ നമ്പൂതിരി ഭാഷ, കുശവൻ ഭാഷ, മുസ്ലീം ഭാഷ എന്നിങ്ങനെയും തൃശ്ശൂർ, പാലക്കാടൻ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ പ്രാദേശികമായ ഭാഷണത്തിൽ വേർതിരിവുകൾ കാണാം. ഈ ഭാഷണവൈപുല്യങ്ങളെ ഭാഷാഭേദം എന്നു വിളിക്കുന്നു. പ്രാദേശികമായ ഭാഷാഭേദങ്ങൾ സാഹിത്യകൃതികളിൽ വരുന്നതോടെ ജീവിതമേഖലകളുടെ ശക്തിയും സാധാരണികത്വവുമാണ് അവയ്ക്ക് കൈവരുന്നത്. കഥയിലെ കഥാപാത്രങ്ങളുടെ തനിമ നിലനിർത്തുവാൻ ഇതുകൊണ്ട് കഴിയുന്നു.
ഭാഷയുടെ ജീവനും സ്വഭാവവും പ്രാദേശിക വൈവിധ്യമാണ്. മലയാളം പോലെ അന്യഭാഷകളിൽ നിന്ന് ഇത്രയധികം പദങ്ങൾ സ്വീകരിച്ച വേറെ ഭാഷയില്ല. സംസ്കാരത്തിലും മലയാളി ഇപ്രകാരം വൈപുല്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണഭാഷ മലയാളമായിരുന്നു. പ്രാദേശികമായ വാക്കുകൾ ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ ഉത്തരവുകളും മറ്റും തയ്യാറാക്കിയിരുന്നത്. തലശ്ശേരി രേഖകളിൽ ഇതു കാണാം. പ്രാദേശിക ഭാഷാപ്രയോഗങ്ങൾ കടന്നുവരുമ്പോൾ സിനിമകളിൽ ഒരുപക്ഷേ ഹാസ്യമുണരാം. 'തള്ള കലിപ്പുകള് തന്നെ? യെവൻ പുലിയല്ല കാട്ടാ...' എന്ന് കേട്ടാൽ തിരുവനന്തപുരം ഭാഷക്കാരെ നോക്കി നേരിയൊരു ചിരി വരുന്നത് ഉണ്ടാക്കിയത് രാജമാണിക്യം പോലുള്ള കഥാപാത്രങ്ങളും അതനുകരിച്ച മിമിക്രിക്കാരുമാണ്. സാഹിത്യകൃതികളിൽ പ്രാദേശികഭാഷകൾ ലയിക്കുമ്പോൾ കൃതികളിലെ അന്തരീക്ഷത്തിലേക്ക് വായനക്കാരന് വേഗത്തിൽ പ്രവേശനം ലഭിക്കുന്നു.
മലയാളത്തിലെ നോവലിസ്റ്റാണ് നാരായൻ. കൊച്ചേരത്തി, ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും എന്നിവ നാരായന്റെ കൈമുദ്ര പതിഞ്ഞ നോവലുകളാണ്. ദളിത് നോവലുകളായി ഇവയെ പറയുന്നു. നാരായന്റെ കഥയിൽ കുഞ്ഞാലൻ എന്ന കഥാപാത്രത്തിന്റെ ജീവിതപരിസരം കാണിക്കുന്നു. കുഞ്ഞാലന്റെ അച്ഛന്റെ സുഹൃത്തിന്റെ മകനെ കണ്ടുമുട്ടുന്നതാണ് സന്ദർഭം. കുഞ്ഞാലന്റെ അച്ഛനും സുഹൃത്തിന്റെ അച്ഛനും കൂട്ടുകാരായിരുന്നു. ഈ സുഹൃത്തുക്കൾ ഒരുമിച്ച് കരിങ്ങയിൽ നിന്നും തേൻ ശേഖരിച്ച സാഹസിക ഓർമ്മ കുഞ്ഞാലൻ പറയുന്നുണ്ട്. അടിയിൽ കെട്ടി ഇരയെ പിടിക്കുന്നതിന്റെ വിവരണം കഥയിൽ കാണാം. മലയരുടെ ഈ ജീവിത പരിസരവും ഭാഷയും വായനക്കാർക്ക് പുതുമയുള്ളതാണ്.
ഈ കഥയിലെ പ്രദേശത്തു ചെന്നാൽ പുതിയൊരു വ്യക്തിക്ക് ഉണ്ടാകുന്ന എല്ലാ അമ്പരപ്പും ഈ കഥയിലുമുണ്ട്. സംസാരഭാഷയിൽ ബീഡി വീടിയായി മാറി; ഒരുപാട് എന്നത് ഒരുവാടായി; വേനൽക്കാലം വേനക്ക് എന്നായി; മരിച്ചതിനു പകരം ചത്തത് എന്നായി; മരിച്ചു എന്നുണ്ട്, അത് മരച്ചത് ആയി. പ്രാദേശിക ഭാഷ ഉപയോഗിച്ചപ്പോൾ കഥയിലെ സാഹചര്യവും സംസ്കാരവും കൃത്യമായി വായനക്കാരന് കിട്ടുന്നു. പരിഷ്കാരം കൂടിയപ്പോൾ മനുഷ്യന്റെ ഭാഷയും മാറിയത് ഈ കഥാസാഹചര്യത്തിൽ കാണാം.

Exam Tips:

a) ശക്തി: കഥാപാത്രത്തിന്റെ തനിമ, പ്രദേശത്തിന്റെ അന്തരീക്ഷം, വേഗത്തിലുള്ള വായനാപ്രവേശനം എന്നിങ്ങനെ പോയിന്റുകൾ തിരിക്കുക.
b) ഉദ്ധരണിയിലെ പദങ്ങൾ (വീടി, വേനക്ക്, ചത്തുപോയി, മരച്ച്) ഉദാഹരണമായി ചൂണ്ടിക്കാണിക്കുക.

 

8 Mark Questions and Answers

Question 18: ആദി ദ്രാവിഡ പഴമ - കിരാതവൃത്തം കവിതയുമായി ബന്ധപ്പെടുത്തി വിശദീകരിക്കുക.

Answer:

ദ്രാവിഡമെന്നത് സംസ്കാരമാണ്. തെക്കേ ഇന്ത്യയിലെ ആദിമ ജനങ്ങളെയാണ് ദ്രാവിഡർ എന്ന് വിളിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, തുളു, കൊടക്, തോഡാ, കോഡ, കുയി, ബാഹുയി എന്നിങ്ങനെ നിരവധി ഭാഷകൾ സംസാരിക്കുന്നവരാണ് ദ്രാവിഡർ. തെക്കേ ഇന്ത്യക്കാരായ ദ്രാവിഡരെ രാമായണത്തിൽ പറഞ്ഞിരിക്കുന്നത് കുരങ്ങന്മാരായിട്ടാണെന്ന് ചിലർ ചൂണ്ടിപ്പറഞ്ഞിട്ടുണ്ട്. കുരങ്ങന്മാരുടെ രാജ്യമായ കിഷ്കിന്ധ ഈ ദ്രാവിഡരുടെ തെക്കേ ഇന്ത്യയാണെന്ന് ചിലർ പറഞ്ഞു. കറുത്ത നിറവും തടിച്ച ചുണ്ടും അമർന്ന മൂക്കും ഉള്ള ദ്രാവിഡർ മണ്ണിൽ പണിയെടുക്കുന്നവരും നാഗങ്ങളെയും പ്രകൃതിശക്തികളെയും ആരാധിക്കുന്നവരുമാണ്.
ദ്രാവിഡമെന്നത് ഇന്നത്തെ തെക്കേ ഇന്ത്യയാണെന്ന് പറയാം. കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രയുടെ ഏതാനും ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആയിരം വർഷങ്ങൾക്കു മുമ്പ് തമിഴ് സംസാരിച്ചിരുന്നു. ചോളരാജവംശത്തിന്റെ രാജസ്ഥാനമായ ഉറയൂരും തിരുവോരൂരും പാണ്ഡ്യരുടെ മധുരയും ചേരന്മാരുടെ കൊടുങ്ങല്ലൂരും പല്ലവരുടെ കാഞ്ചിയും ആന്ധ്രയും രാജ്യസ്ഥാനമാക്കിയ രാജ്യങ്ങൾ പൂർണ്ണമായും, വല്ലവരുടെ ദക്ഷിണഭാഗവും പെടുന്നതാണ് ഈ ദ്രാവിഡസംസ്കൃതി.
പൗരാണികമായ സുമേറിയയുമായി ദ്രാവിഡത്തിന് ബന്ധം കാണാം. ദ്രാവിഡഭാഷയിലെ 'അമ്മ' സുമേറിയയിലെ 'അമ'യാണ്. 'അപ്പ്' ശബ്ദം സുമേറിയയിൽ 'അപ'യാണ്. ദ്രാവിഡത്തിലെ 'ഊർ' (ഗ്രാമം, പട്ടണം) സുമേറിയയിൽ പട്ടണം എന്നർത്ഥത്തിൽ ഉപയോഗിക്കുന്നു. പർവ്വതത്തിന് സുമേറിയൻ 'കൂർ' എന്നും പറയും; 'കൂർ ഇഞ്ചി (കുറഞ്ഞി)' എന്നാൽ കുന്നിൻ പ്രദേശം എന്നാണർത്ഥം. ആര്യന്മാരുടെ വരവിനുമുമ്പ് തന്നെ ദ്രാവിഡർ ചന്ദ്രനെ കണക്കാക്കി മാസങ്ങൾ മനസ്സിലാക്കിയിരുന്നു. ഈ രീതിയാണ് അറേബ്യ, യമൻ, ഒമാൻ എന്നിവിടങ്ങളിലെ അറബികൾ സ്വീകരിച്ചത്. ചന്ദ്രനെ അനുസരിച്ച് നക്ഷത്രങ്ങൾ, ദിക്കുകൾ തുടങ്ങിയ ഗണിതശാസ്ത്രവും ദ്രാവിഡർക്ക് അറിയാമായിരുന്നു.
ദ്രാവിഡർ ആര്യന്മാരേക്കാൾ പരിഷ്കൃതരായിരുന്നു. പശ്ചിമേഷ്യയിൽ നിന്നാണ് ദ്രാവിഡരും തെക്കേ ഇന്ത്യയിൽ എത്തിയത്. ദ്രാവിഡ ജനത ഉളികൊണ്ട് പാറയിൽ കൊത്തി ലിപി എഴുതുമ്പോൾ ചതുരവടിവിനേക്കാൾ വട്ടെഴുത്ത് സൗകര്യമായി. ഇപ്രകാരം വന്നതാണ് ദ്രാവിഡലിപികളായ വട്ടെഴുത്തും കോലെഴുത്തും. തമിഴ് അക്ഷരമാലയുടെ പ്രാചീനരൂപമാണ് വട്ടെഴുത്ത്. ഇത് തഞ്ചാവൂരിന്റെ തെക്കും ദക്ഷിണ മലബാറിലും തിരുവിതാംകൂറിലും എഴുത്തുഭാഷയായി ഉപയോഗിച്ചിരുന്നു. ദ്രാവിഡ ദൈവങ്ങളെയും ക്ഷേത്രങ്ങളെയും ആര്യവൽക്കരണം ശിഥിലമാക്കിയെന്നത് ചരിത്രമാണ്. ആദിദ്രാവിഡ ലിപിയിലുണ്ടായിരുന്ന മൂലഗ്രന്ഥങ്ങൾ ആര്യന്മാർ നശിപ്പിച്ചു; അതിന് രൂപപരിണാമം വരുത്തി സംസ്കൃത ലിപിയിലേക്ക് വിവർത്തനം ചെയ്തു.
സ്ത്രീപുരുഷസമത്വചിന്തയുള്ള ശിവശക്തിസങ്കല്പം ബ്രാഹ്മണമതത്തിന് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തതാണ്. സ്ത്രീയെ അന്തർജനമായി കണ്ടതാണ് ഹിന്ദുമതം. എന്നാൽ സ്ത്രീപുരുഷ തുല്യത പുലർത്തിയിരുന്നതാണ് ദ്രാവിഡസംസ്കാരം. അതിനാൽ ശിവൻ ദ്രാവിഡനാണ്. കാട്ടാളൻ ഉൾക്കൊള്ളുന്ന കിരാതവൃത്തത്തിലെ അന്തരീക്ഷം മുഴുവൻ ദ്രാവിഡമാണ്. കാട്ടാളനും കാടത്തികളും ഉൾക്കൊള്ളുന്ന സമൂഹം; അച്ഛനും അമ്മയും പ്രിയതമയും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന സമൂഹം; പച്ചപ്പ് ചാടി നടക്കുന്ന മുത്തങ്ങപ്പുല്ല് ഉൾപ്പെട്ട സമൂഹം.
ഈറ്റപ്പുലിയുടെ കണ്ണും കരിമൂർഖന്റെ വാലിൽ കിളരുന്ന പുരികവും പിന്നെ പുലിത്തോലും ചുടലഭസ്മവും നാഗങ്ങളെ കഴുത്തിലണിഞ്ഞും കാനനവാസിയായ ശിവനെപ്പോലെ നീറായ വനത്തിൽ കാട്ടാളൻ നിൽക്കുന്നു. കടമ്മനിട്ടയുടെ കിരാതവൃത്തത്തിൽ കാണുന്ന കാട്ടാളൻ ദ്രാവിഡനാണ്. കാട്ടാളന്റെ അവതരണം തനി ദ്രാവിഡരൂപത്തിലുള്ളതാണ്. ഈറ്റപ്പുലി പെറ്റുകിടക്കുന്ന സമയത്തുള്ള ഈറൻ കണ്ണാണ് കാട്ടാളന്റേത്. പുരികമാകട്ടെ കരിമൂർഖന്റെ വാലിൽ കിളരുന്ന പുരികം വളച്ചുവെച്ചിരിക്കുന്നു. പടയണിയിലെ ഭൈരവിക്കോലം വരുന്നതുപോലെ നെഞ്ചത്ത് പന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. കാട്ടാളൻ സ്വപ്നം കാണുന്നത് വനമൂർച്ഛയെയാണ്. വീണ്ടും വനം കിളർന്ന് പടരാൻ കാട്ടാളൻ കൊതിക്കുന്നു. നാഗരികന്റെ സ്വപ്നമല്ല കാട്ടാളനുള്ളത്. മഴ പേമഴയായി പെയ്ത് പൊടിവേരുകൾ വളർന്ന് മുള പൊട്ടിവിളിക്കുന്ന കാലം സ്വപ്നം കാണുന്നു.
കാട്ടാളന്റെ വന്യമായ പഴയ ജീവിതത്തെ തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നതിൽ മണ്ണിൽ പണിയെടുത്ത് കഴിഞ്ഞിരുന്ന പഴയ ദ്രാവിഡസംസ്കാരത്തെ കാണാം. ആദിമ ദ്രാവിഡത്തിന്റെ കുലവില്ലും ഞാണായി പ്രാണരമ്പും ധരിക്കുന്ന കാട്ടാളൻ ഒരു വിധത്തിലും യന്ത്രയുഗത്തിലേക്ക് കടന്നുവരുന്നില്ല. ശിലായുഗത്തിന്റെ പ്രാന്തമായ സംസ്കൃതിയിലാണ് കാട്ടാളൻ കഴിയുന്നത്.

Exam Tips:

a) ഉപന്യാസത്തിന് ആമുഖം, വിശകലനം, ഉപസംഹാരം എന്ന ഘടന പാലിക്കുക.
b) കവിതയിലെ വരികൾ ഉദ്ധരിച്ച് ഓരോ പോയിന്റും സമർത്ഥിക്കുക.
c) സ്വന്തം വിലയിരുത്തലോടെ അവസാനിപ്പിക്കുക.

 

Question 19: നീറായ വനം, ചാട്ടുളിയായ കനൽവിളി, അലകടലിൻ വേരുപറിക്കൽ, കറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുതിപ്പാടിയ രാവുകൾ, ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്നൊരു തീത്തുള്ളി - ഈ പ്രയോഗങ്ങളുടെ അർത്ഥതലങ്ങളെ കുറിച്ച് സംഘചർച്ച നടത്തുക.

Answer:

മനുഷ്യരായ നാമെല്ലാവരും ജീവിക്കുന്നത് വാസ്തവികമായ, യാഥാർത്ഥ്യമായ ഒരു വസ്തുപ്രപഞ്ചത്തിൽ ആണെന്ന് പറഞ്ഞാൽ ശരിയാവില്ല. നാം ജീവിക്കുന്ന ലോകത്തിന് ഓരോന്നിനും പേരിട്ട് ആ പേരുകൾക്ക് പിറകിലെ പൈതൃകവും സംസ്കാരവും അർത്ഥവ്യതിയാനങ്ങളും അറിഞ്ഞാണ് നാം ജീവിക്കുന്നത്. ഇവയെല്ലാം നമ്മുടെ മനസ്സിലേക്ക് സ്വാംശീകരിക്കുന്ന ഭാഷയുണ്ട്. അതിനാൽ നാം ജീവിക്കുന്നത് ഒരു വസ്തുപ്രപഞ്ചത്തിൽ അല്ല; പകരം ഭാഷാപ്രപഞ്ചത്തിലാണെന്ന് പറയാം.
ശബ്ദങ്ങൾ ഭിന്നിക്കുമ്പോൾ പല വാക്കുകൾ ഉണ്ടാകുന്നു (കര - കറ). ഈ പല വാക്കുകൾ ഉണ്ടായത് പല അർത്ഥങ്ങൾ ഉളവാക്കിയതിനാലാണ്. ഈ അർത്ഥസമൂഹത്തിൽ സംസ്കാരത്തിന്റെയും ചരിത്രബോധത്തിന്റെയും ഘടകങ്ങൾ പ്രവർത്തിക്കും. അപ്പോൾ വ്യത്യസ്ത ഭാഷാസമൂഹത്തിന് വ്യത്യസ്ത അർത്ഥസമൂഹമുണ്ടാകും. രക്തബന്ധം, ശിശുനിയമങ്ങൾ, വിവാഹനിയമങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിലക്കുകൾ, മര്യാദകൾ, വംശമുദ്രകൾ, ഭക്ഷണരീതികൾ, മിത്തുകൾ എന്നീ സാംസ്കാരിക ഘടകങ്ങൾ വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് അർത്ഥസമൂഹത്തിൽ മാറ്റം വരും. നമ്മൾ സംസാരിക്കുന്ന ഭാഷയ്ക്ക് പല സന്ദർഭത്തിൽ പല ധർമ്മങ്ങൾ ഉണ്ടാകും.
എങ്കിലും കവിതയിൽ ലക്ഷ്യമായി വരുന്നത് ആവിഷ്കരിക്കുകയെന്ന സൗന്ദര്യാർത്ഥമോ കാവ്യാത്മകമോ ആയ ധർമ്മമാണ്. കവിതയിൽ ശബ്ദങ്ങളുടെ സാദൃശ്യം താളത്തിനും പാദസാദൃശ്യം വൃത്തത്തിനും വാക്കുകളുടെ സാജാത്യവൈചിത്ര്യങ്ങളിൽ നിന്നും ധ്വനിയെന്ന ബഹു അർത്ഥങ്ങളും ഉണ്ടാകുന്നു. അപ്പോൾ കവിതയുടെ മുഖ്യമായ ഗുണം ബഹു അർത്ഥസാധ്യതകൾ ആണ്. അഥവാ ധ്വനിച്ച് പുതിയ അർത്ഥമേഖലകൾ രൂപപ്പെടുത്തുന്നതിനുള്ള കഴിവാണ് വാക്കുകൾക്ക് സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന സൂചിതാർത്ഥത്തെ ഇല്ലാതാക്കി ബഹു അർത്ഥങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്നത്. അതിനാൽ സാംസ്കാരികമായ ഒരു ഉല്പന്നമായ കവിത അർത്ഥങ്ങളും വൈപുല്യങ്ങളുമാണ് ശ്രദ്ധിക്കുന്നത്. ഇവിടെ ധ്വനിയെന്ന് പറയുന്നത് വാക്കിന്റെ സാമ്പ്രദായിക അർത്ഥത്തിനപ്പുറത്ത് വാക്കുകൾ ചേരുമ്പോൾ ഉണ്ടാകുന്ന നവീനമായ അർത്ഥമാണ്.
1. നീറായ വനം: 'നീർ' എന്ന വാക്കിന് സാമ്പ്രദായികമായി മലയാളി സ്വീകരിച്ച അർത്ഥം രണ്ടുവിധമുണ്ട്. ഒന്നെണ്ണമായി വരുന്നത് ഉറുമ്പ് ജീവികളെന്നാണ്. പക്ഷേ ഇവിടെ കാണുന്ന പദം 'നീറായ വനം' എന്നാണ്. അപ്പോൾ ഉറുമ്പുന്ന അർത്ഥം ഉപയോഗിക്കാനാവില്ല. നീറിനീറിയിരിക്കുന്ന അവസ്ഥയാണത്. ഉമി കത്തുമ്പോഴാണ് നീറിനീറിയിരിക്കുന്നത്. കാട് കത്തുമ്പോഴും ഇതു തന്നെ അവസ്ഥ. മരങ്ങളുടെ തണ്ടും ഇലയും കത്തിയാലും വേരുകൾ തീയിൽ നീറിനീറി കത്തുന്നുണ്ടായിരിക്കും. നീറായ വനമെന്നത് ഈ സന്ദർഭത്തിൽ കാടിന്റെ അവസ്ഥ കാണിച്ചുതരുന്നു. ഒപ്പം വനത്തിന്റെ കാഴ്ചയെ ഒരു ജൈവവ്യവസ്ഥിതിയുടെ വിനാശത്തിൽ ഹൃദയം നീറുന്ന ഭാവവും ലഭിക്കുന്നു. വനത്തിനൊരു ഹൃദയമുണ്ടെന്നും അത് നീറുകയാണെന്നുമുള്ള ധ്വനിയിലൂടെ നീറായ വനത്തിന്റെ അർത്ഥം വളരുന്നു. ചിതയിലെരിയുന്ന വനത്തിന്റെ ദാരുണമായ കിടപ്പ് നമ്മെ വ്യാകുലമാക്കുന്നു. നീറായ വനത്തിന് ഒരു കാഴ്ചയുണ്ട്; ഒപ്പം നമ്മിലേക്ക് സംവേദനം ചെയ്യുന്ന വനത്തിന്റെ ദാരുണതയും. ഇവിടെ വനം ഇല്ലാതായിരിക്കുന്നു എന്നുകൂടി പുതിയൊരു അർത്ഥം നമുക്ക് ലഭിക്കുന്നു. 'നീറ്' എന്നതിന് ചാരം എന്നൊരു അർത്ഥം കൂടിയുണ്ട്. അതിനാൽ നെഞ്ചത്ത് പന്തം കുത്തി നിൽക്കുന്ന കാട്ടാളൻ സ്വന്തം ആവാസത്തിന്റെ ചുടലയിലാണ് (ശ്മശാനത്തിലാണ്) നിൽക്കുന്നത്.
2. ചാട്ടുളിയായ കനൽവിളി: ഈ കവിപ്രയോഗം വായനക്കാരനെ ദംശിക്കുന്ന ഭാവതീവ്രതയിലാണ് വായിക്കപ്പെടുന്നത്. കാട്ടാളന്റെ കാമുകിയുടെ മുല പാതി മുറിഞ്ഞിരിക്കുന്നു. അവളുടെ ആറ്റിൻകരയിലെ നിലവിളി കനൽവിളിയായി മാറിയത് കാട്ടാളന്റെ നെഞ്ചിൽ തറയ്ക്കുന്നത് ചാട്ടുളിയായാണ്. ഈ പ്രയോഗത്തിൽ ശക്തമായൊരു ദൃശ്യബിംബവും വിവിധ അർത്ഥതലങ്ങളിലേക്കുയരുന്ന ഭാവങ്ങളുമുണ്ട്. ഒരുപക്ഷേ അടിച്ചമർത്തപ്പെട്ട നിലവിളിയുടെ ആഴങ്ങൾ അളന്നെടുക്കാൻ കടമ്മനിട്ട ഭാവസമ്പന്നനായതിനാലാകണം ഈ പ്രയോഗത്തിന് ഭാവവിസ്ഫോടനം ലഭിക്കുന്നത്. കാട്ടാളന്റെ കാമുകി അഗ്നിക്കിരയായവളായിരിക്കാം. അവളുടെ നിലവിളി കനൽവിളിയായത് ഈ അഗ്നിതാണ്ഡവത്തിന്റെ കാഴ്ച വായനക്കാരന് നൽകുന്നു. അഗ്നിയിലെരിഞ്ഞ് കനലായി കത്തുന്ന തന്റെ പ്രിയതമ; കാട് തകർത്തവർ ഛിന്നഭിന്നമാക്കിയ അവളുടെ ശരീരം; ഒടുവിൽ അവളും അഗ്നിക്കിരയായി. തീ വിഴുങ്ങിയ ശേഷം ജ്വലിച്ച കനലുകൾ പോലും നിലവിളിക്കുന്നു. ഭൂമിയുടെ മൂല്കളാണ് മലകൾ; അവയുടെ നാശം സർവ്വനാശമാണ്. പ്രകൃതിയാണിവിടെ നിലവിളിക്കുന്നത്. അവളുടെ വിളി, പൊള്ളുന്ന വിളി ചാട്ടുളിപോലെ അയാളെ നോവിച്ചു. കനൽവിളിയുടെ വരവിന്റെ വന്യതയും വേഗവുമാണ് ചാട്ടുളിയായ എന്ന പ്രയോഗത്തിൽ കാണുന്നത്. പ്രിയതമയുടെ ദുരന്തം കാട്ടാളനിൽ എത്തിച്ചേർന്നതിലെ ദ്രാവിഡത്തനിമ ഇവിടെ കാണാതെ പോകരുത്. ചാട്ടുളി തനി ദ്രാവിഡമാണ്; അതിന്റെ പരിസരങ്ങൾ മുഴുവൻ പഴമയുടെതാണ്. അതിനാൽ ചാട്ടുളിയായി വന്ന കനൽവിളിക്ക് ദ്രാവിഡന്റെ നിലവിളിയുടെ ദയനീയതയുണ്ട്.
3. അലകടലിൻ വേരുപറിക്കൽ: കാട്ടാളൻ വന്യമായ ശക്തിയോടെ കുതറുന്ന കാഴ്ചയാണ് ഈ വരിയിൽ കാണുന്നത്. കടലിന്റെ പ്രചണ്ഡമായ ശക്തി സംഭരിക്കുവാൻ കാട്ടാളൻ ശ്രമിക്കുന്നു. കവിയുടെ ഈ പ്രയോഗത്തിന് പ്രചണ്ഡതയുണ്ട്. സംഹാരകന്റെ ശക്തി സംഭരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് കാട്ടാളൻ അലകടലിന്റെ വേരു പറിക്കുന്നത്. നമ്മുടെ പ്രകൃതിജ്ഞാനത്തിന്റെ തലങ്ങളിൽ നിന്നും വ്യത്യസ്തമായൊരു അർത്ഥതലത്തിലാണ് ഈ കവിപ്രയോഗം നിൽക്കുന്നത്. മരങ്ങളുടെയും ചെടികളുടെയും വേരു പറിക്കുന്നത് നമ്മുടെ അർത്ഥലോകത്തിന് പരിചിതമാണ്. കാട്ടാളൻ പറിക്കുന്നത് അലകടലിന്റെ വേരുകളാണ്. വേരുകളിൽ അടിത്തറയിട്ട ഒരു പ്രകൃതിശക്തിയെ മുഴുവനോടെ സംഭരിക്കുവാൻ കാട്ടാളൻ ശ്രമിക്കുന്നു. ഒരു വൃക്ഷത്തിന്റെ കരുത്ത് അതിന്റെ വേരുകളിലാണ്. തായ്വേരും പടർന്നുകയറുന്ന വേരുകളും പിടിച്ചുനിർത്തുന്ന കരുത്തിലാണ് മരം മാമരമാകുന്നത്. അതുപോലെ അലകടലിന്റെ ശക്തി അപാരമാകുന്നത് അതിന്റെ ആഴങ്ങളിലെ കാണാവേരുകളാണ്. ഈ പ്രയോഗം നൽകുന്നൊരു ദൃശ്യമുണ്ട്: കടലിന്റെ താഴ്ചകളിലേക്ക് കയ്യുകൾ ആഴ്ത്തി കുതറുന്ന കാട്ടാളൻ. ഏതു ഭാരതത്തെയും തകർത്തെറിയുന്ന അലകടലിന്റെ അപാരമായ ശക്തിയുടെ വേരുകളാണ് കാട്ടാളൻ പറിക്കുവാൻ മോഹിക്കുന്നത്. അതൊരുപക്ഷേ വെറും ശക്തിസംഭരണമായിരിക്കണമെന്നില്ല; കാട്ടാളൻ നീറായ വനത്തിന്റെ ദാഹം കെടുത്തുവാൻ ആഗ്രഹിക്കുന്നു. കാടിന്റെ അകം നീറ്റിയ അഗ്നി കെടുത്തുവാൻ അലകടലിന്റെ പ്രവാഹത്തെ കെട്ടഴിച്ചുവിടാൻ ആഗ്രഹിക്കുന്നു. അലകടലിന്റെ വേരുപറിയുന്നതിലൂടെ ഒരു പ്രളയം വരികയായി; അതിൽ നീറുന്ന വനത്തിന്റെ ഊഷരതയെ മറികടക്കുവാനും ഊർജ്ജമുണ്ട്. അലകടലിന്റെ പ്രവാഹങ്ങൾ വനത്തിന്റെ ഉരുകിയൊലിക്കുന്ന അഗ്നിതാണ്ഡവത്തിന് മരുന്നാണ്. അതികഠിനമായ ദുഃഖങ്ങൾക്കുള്ളിൽ നിന്നുമാണ് കാട്ടാളൻ അതിജീവനം തേടുന്നത്.
4. കറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുതിപ്പാടിയ രാവുകൾ: കാട്ടാളൻ നഷ്ടസ്മൃതികളിൽ അലയുമ്പോൾ ഏറ്റവും സൗഷ്ഠവമാർന്നവയെ ഓർമ്മിച്ചെടുക്കുന്നു. തന്റെ പോയ കാലത്തിന്റെ രാത്രികളിലേക്ക് കാട്ടാളൻ കടന്നുപോകുന്നു. രാത്രിയുടെ ദ്രാവിഡ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ദൃശ്യം ഇവിടെ കാണുന്നു. കുറുകച്ചെടികളുടെ തുമ്പത്ത് അമ്പിളി കളമെഴുതുന്നു; രാത്രികളിൽ കളമെഴുത്തുപാട്ടുകൾ കേൾക്കുന്നു. ദേവീക്ഷേത്രങ്ങളിൽ ദേവീ ആരാധനയ്ക്കായി നടത്തുന്നതാണ് കളമെഴുത്ത് പാട്ട്. ഭഗവതിക്കാവുകളിൽ കളമെഴുതി കളമെഴുത്തുപാട്ടുകൾ പാടുന്ന രാത്രികൾ ദ്രാവിഡാനുഷ്ഠാനത്തിന്റെ സുന്ദരമായ കാഴ്ചയാണ്. കറുകച്ചെടിയുടെ തുമ്പത്ത് കളമെഴുതുന്നത് അമ്പിളിയാണ്. രാത്രിയിലെ നിലാവിൽ മുങ്ങിനിൽക്കുന്ന കാട്ടിലെ ദൃശ്യമാണിത്. കറുകപ്പുല്ലിന്റെ തുമ്പത്ത് പാൽ നിലാവിന്റെ ഒളി കാണുന്നത് ഭഗവതിയുടെ കളമെഴുത്താണ്. പ്രകൃതി ആരാധനയുടെ അപൂർവ്വ ലാവണ്യം ഈ പ്രയോഗത്തിനുണ്ട്. രാവുകൾ കളമെഴുത്തു പാട്ടുകൾ പാടുന്നത് സുന്ദരമായ കാവ്യഭാവനയാണ്. രാത്രിയിലെ ശബ്ദസൗകുമാര്യമാണ് കാട്ടിലെ കളമെഴുത്തായി കാട്ടാളന് തോന്നുന്നത്. രാത്രിയിൽ കാട്ടിലെ ജീവജാലങ്ങളൊരുക്കുന്ന ശബ്ദസൗന്ദര്യത്തിന്റെ കളമെഴുത്തുപാട്ടും ചന്ദ്രനിലാവ് കുറുക പുല്ലിൽ നിലാവ് പൊഴിച്ച് കാണപ്പെടുന്ന ഭഗവതിക്കളവും ചേർത്ത് കാട്ടാളന്റെ ഓർമ്മയിൽ വനത്തിന്റെ പഴയകാല സൗന്ദര്യവും വനസമ്പന്നതയുടെ അകൃത്രിമത്വവും തെളിയിക്കുന്നു. ചെറുപുല്ലുകളുടെ ഒരു പരപ്പിൽ കാട്ടിനകത്ത് രാത്രിയിൽ കാണപ്പെടുന്ന അസുലഭമായ ദൃശ്യത്തിന്റെ സൗന്ദര്യം ആവാഹിച്ച് എഴുതിയതാണീ വരികൾ. പ്രകൃതിയിൽ തെളിഞ്ഞുകാണുന്ന ഭഗവതിയുടെ സൗന്ദര്യം, ദേവീ ആരാധനയുടെ മാന്ത്രിക സൗന്ദര്യം എന്നിവയാണീ വരികളുടെ ആകർഷണം. നാഗക്കാവുകളിലും ഭഗവതിക്കാവുകളിലും നടത്തുന്ന കളമെഴുത്തുപാട്ടിന്റെ ദ്രാവിഡസംസ്കാരമാണ് ഇവിടെ കാണുന്നത്. കളമെഴുത്തിന്റെ ഒരു രാത്രിയാണ് നാമിവിടെ കാണുന്നത്. പ്രകൃതിയാണ് ഇവിടെ ഭഗവതിക്കളമായി മാറിയിരിക്കുന്നത്; അതിൽ കളമെഴുതിയത് അമ്പിളിയും. കളമെഴുതുന്ന തറ കറുകപ്പുല്ലുകളുടെ തുമ്പും. ദൃശ്യബിംബത്തിന്റെ ദ്രാവിഡമായ ചാരുത ശോഭിക്കുന്ന വർണ്ണനയാണിത്. രാവുകളാണ് പാട്ട് ആലപിക്കുന്നത്. ഒരു സുന്ദരമായ പെയ്ന്റിങ് പോലെയാണ് നാമീക്കാഴ്ചയുടെ മുമ്പിൽ നിൽക്കുന്നത്. ഒരു താഴ്വാരം മുടിനിൽക്കുന്ന കറുക പുല്ലുകളുടെ തുമ്പിൽ അമ്പിളിയുടെ നിലാവ് പാൽ പറ്റിക്കിടക്കുന്നത് കാട്ടാളന്റെ സങ്കല്പത്തിൽ ദേവിയുടെ രാത്രിയാണ്; ദേവീ ആരാധനയുടെ ചൈതന്യമാണ്. സ്വന്തം തട്ടകമായ കാടിനെ ദേവിയുടെ ഇരിപ്പിടമായി സങ്കല്പിക്കുന്നതാണ് ഈ പ്രയോഗത്തിലെ ധ്വന്യാത്മകമായ അർത്ഥവിശേഷം.

Exam Tips:

a) ഉപന്യാസത്തിന് ആമുഖം, വിശകലനം, ഉപസംഹാരം എന്ന ഘടന പാലിക്കുക.
b) കവിതയിലെ വരികൾ ഉദ്ധരിച്ച് ഓരോ പോയിന്റും സമർത്ഥിക്കുക.
c) സ്വന്തം വിലയിരുത്തലോടെ അവസാനിപ്പിക്കുക.

 

Question 20: നമ്മുടെ നാടോടി സംസ്കാരത്തിന്റെയും 'പടയണി' എന്ന അനുഷ്ഠാന കലാരൂപത്തിന്റെയും അടിത്തറയിൽ കെട്ടിയുയർത്തിയ കാവ്യശില്പമാണ് 'കിരാതവൃത്തം'. കവിത വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.

Answer:

മധ്യ തിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആചരിക്കുന്ന അനുഷ്ഠാനമായ പടയണി കേരളത്തിന്റെ നാടോടി സംസ്കാരത്തിന്റെ മാറ്റാണ്. ജനപങ്കാളിത്തം ആവശ്യപ്പെടുന്നവയായിരിക്കും നാടോടി സംസ്കാര കലാരൂപങ്ങൾ. കടമ്മനിട്ടക്കാവിലെ പടയണിയും വടക്കൻ കേരളത്തിലെ തെയ്യവും തിറയുമെല്ലാം നാടോടി സംസ്കാരത്തിന്റെ മുദ്രകളാണ്.
വാമൊഴി വഴക്കങ്ങൾ നാടോടി സംസ്കാരത്തിന്റെ ജൈവരൂപമാണ്. കലാരൂപത്തിന്റെ പ്രദേശം ഇതിൽ പ്രധാനപ്പെട്ടതാണ്; ആ പ്രദേശത്തെ വാമൊഴി ഈ കലാരൂപങ്ങളിൽ കാണപ്പെടുന്നു. ഒപ്പം വായ്ത്താരികൾ കാണും. കലാരൂപം ചൊല്ലിയാടുന്നതോ സംഭാഷണരൂപത്തിലോ ആവിഷ്കരിക്കുമ്പോൾ ഈ സവിശേഷതകൾ കണ്ടെത്താം. കടമ്മനിട്ടയുടെ കിരാതവൃത്തം പടയണിയിലെ ഭൈരവിക്കോലത്തിൽ നിന്നും സ്വാംശീകരിച്ചതാണ്. ദൈവിക്കോലത്തിൽ പന്തം തറച്ചിട്ടുണ്ടായിരിക്കും. കിരാതവൃത്തത്തിലെ കാട്ടാളൻ നെഞ്ചത്തൊരു പന്തം കുത്തിയാണ് നിൽക്കുന്നത്. പടയണിയിലെ 'തെയ് തിത്തെയ് തിത്തിത്തിത്തി തെയ്' എന്ന താളത്തിലാണ് കിരാതവൃത്തത്തിലെ കാട്ടാളനെ അവതരിപ്പിക്കുന്നത്:
'കണയേറ്റ കരിമ്പുലി പോലെ
ഉരുൾപൊട്ടിയ മാമല പോലെ
അലറീ കാട്ടാളൻ'
പടയണിയുടെ ബാഹ്യമായ ഘടകങ്ങളെയോ അംശങ്ങളെയോ കവി പിന്തുടരുന്നില്ല. കടമ്മനിട്ടയുടെ താളമനസ്സിൽ മറ്റൊരു പടയണി അരങ്ങേറുന്നു. ദൈവിക്കോലം പോലെ കാട്ടാളൻ വന്നു നിൽക്കുകയാണ്. നീറായ വനത്തിലാണ് വന്നു നിൽക്കുന്നത്; നെഞ്ചത്ത് പന്തം കുത്തിയാണ് വന്നു നിൽക്കുന്നത്. പടയണിയുടെ രാത്രിക്കാഴ്ചയാണിവിടെ കടമ്മനിട്ട കിരാതവൃത്തത്തിൽ ആവിഷ്കരിക്കുന്നത്. ഈ കവിതയിലെ രാത്രിക്കാഴ്ചയിൽ കവിതക്കുള്ള സ്ഥലമൊരുക്കുന്നു. കാട്ടാളൻ നിൽക്കുന്ന നീറായ വനവും നെഞ്ചത്ത് പന്തം കുത്തിയുള്ള നിൽപ്പും കവിതയിലെ സ്ഥലച്ചിത്രത്തെ പടയണിയുടെ രാത്രിദൃശ്യം പോലെ ഒരുക്കിയിരിക്കുന്നു. പടയണിയുടെ രൗദ്രതാളത്തിലേക്ക് കവിത ശക്തിയാർജ്ജിക്കുന്നു.
പടയണിപോലൊന്ന് കവിതയിൽ മൂർത്തമായി രൂപപ്പെട്ടിരിക്കുന്നു; അത് കാട്ടാളനാണ്. ഇനി പടയണിയിലേതുപോലൊരു കഥയും കൂടി കാട്ടാളന് ഉണ്ടാകുന്നു. അച്ഛൻ മരിച്ചുകിടക്കുന്ന ആകാശവും അമ്മ ദഹിച്ചിരിക്കുന്ന താഴ്വരയും ആറ്റിൻകരയിലെ മുല പാതി മുറിഞ്ഞവളുടെ കനൽ വിളിയും കവിതയിലെ സ്ഥലരാശിയേയും കഥയേയും വായനക്കാരിൽ സംവദിപ്പിക്കുന്നു. ഇവിടെ കാട്ടാളൻ ഒരു ഐതിഹ്യ ബിംബമായി മാറുന്നു, പടയണിയിലെ ഭൈരവിക്കോലം പോലെ. തുടർന്ന് കാട്ടാളന്റെ ദ്രാവിഡകുല സ്മൃതികളിലൂടെ കവിത വന്യമായ വനസ്ഥലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നു. ഗ്രാമപദങ്ങളും ഗ്രാമ്യമായ കാഴ്ചകളും കൊണ്ട് ഈ ബിംബം കൂടുതൽ ദൃഢമാകുന്നു. ഒരു പടയണി വായനക്കാരന്റെ മനസ്സിലും കണ്ടു തുടങ്ങുന്നു:
'കരിവീട്ടിക്കാതൽ പിണഞ്ഞും
കൺപീലിക്കാടു വിടർന്നും
കവിളത്തഴകേഴു വളഞ്ഞും
പൂഞ്ചായൽ കെട്ടുകളൂർന്നും
ഉടലിളകിയരക്കെട്ടിളകി
മുലയിളകി കാർമുടി ചിതറി
കാടത്തികൾ ചോലമരത്തിൻ ചോട്ടിൽ
ചുവടൊത്തു കളിക്കുമ്പോൾ'
കാട്ടാളന്റെ കൂടെ ആ രാത്രിയുടെ സ്വപ്നമായികമായ ദൃശ്യത്തിൽ വായനക്കാരനും ഇരിക്കുന്നു. ഇങ്ങനെ കവിയുടെ മനസ്സിൽ മുഴങ്ങുന്ന കവിതയിലെ പടയണിയിലേക്ക് താളവും വാക്കും ഭാവനയും വായനക്കാരനും ഒരേ ബിന്ദുവിൽ എത്തിച്ചേരുന്നു.
മുല പാതി മുറിഞ്ഞുപോയവൾ ഒരു പക്ഷേ ശൂർപ്പണഖയാകാം; കാട് കയ്യടക്കിയ ആര്യനായിരിക്കാം കാട്ടാളന്റെ ഓർമ്മകളിൽ കാടിന് തീയിടുന്നവരായി മാറുന്നത്. ഇങ്ങനെ രൂപപ്പെട്ട ഒരു സ്ഥലപ്രതീതിയുടെ കൂടെ കാട്ടാളന്റെ ജീവിതബോധത്തിന്റെ ആവിഷ്കാരം കൂടി കൈവന്നപ്പോൾ സ്ഥലം കാട്ടാളന്റെ ജീവിതകാമനകളുടെയും കൈവിട്ടുപോയ ജീവിതത്തിന്റെയും ഭാവനാപരമായ ഉപാധിയായി മാറുന്നു. കടമ്മനിട്ടക്കാവിലെ പടയണിപോലെ മറ്റൊരു പടയണി കവിതയിലൂടെ വായനക്കാരനിൽ നിറയുന്നു. ഈ സ്ഥലമാകട്ടെ ജന്മിത്വത്തിനും നാഗരികതക്കും എതിരായി ഗ്രാമത്തിന്റെയും തകരുന്ന ദ്രാവിഡ സംസ്കാരത്തിന്റെയും സംഘർഷത്തിന്റെ സ്ഥലപരിസരമായി മാറുന്നു. കടമ്മനിട്ടക്കാവിലെ പടയണിപോലെ നാഗരികന്റെ നടുവിൽ നെഞ്ചത്താരു പന്തം കുത്തി നമ്മെ നോക്കി കാട്ടാളൻ അലറുന്നു. അപ്പോൾ കടമ്മനിട്ട കിരാതവൃത്തം എന്ന കവിതയിൽ ഗ്രാമീണതയെ കാവ്യാത്മകമാക്കി മാറ്റിത്തീർക്കുന്നതിനുള്ള ഒരു ഉപാധിയായി പടയണിയുടെ താളത്തെയും ദൃശ്യങ്ങളെയും സ്വീകരിക്കുകയാണ് ചെയ്തത്.
പടയണിയും ചെയ്യുന്നത് ഇതുതന്നെ. പാളച്ചമയങ്ങളും പന്തങ്ങളും കൊണ്ട് ജനമനസ്സിൽ ഭാവനാപരമായ ഒരു സ്ഥലം ഉണ്ടാക്കുന്നു. നീറായ വനത്തിനു നടുവിൽ നെഞ്ചത്ത് പന്തം കുത്തി നിൽക്കുന്ന കാട്ടാളനും ഈ ദൃശ്യമാണ് നൽകുന്നത്. ഗ്രാമത്തെ അഭയസങ്കേതമായി കാണുന്നു കിരാതവൃത്തം. ഒരു പക്ഷേ നീറായ വനത്തിനു നടുവിൽ നിൽപ്പു കാട്ടാളൻ എന്നതിൽ മൃഗീയമായ ഭൂതകാലത്തിന്റെ ദുരിതങ്ങൾ താണ്ടിയ ഒരു വർത്തമാനകാല മനുഷ്യനെയാണോ കാണുന്നത്? ഒരു പാരിസ്ഥിതികനെയാണോ കാണുന്നത്? ഒരർത്ഥത്തിൽ ആധുനിക മനുഷ്യന്റെ നഷ്ടങ്ങൾ തന്നെയാണ് കാട്ടാളന്റെയും സ്വന്തം നഷ്ടങ്ങൾ; ഏതു നാടോടി വംശത്തിന്റെയും ആഴങ്ങളിൽ നിന്നും സാർത്ഥകമായൊരു ജീവിതത്തിനായി മുഴങ്ങുന്ന ശബ്ദമാണ് കാട്ടാളൻ. പ്രകൃതിതാളവും സ്നേഹവും തിരിച്ചുപിടിക്കുമെന്ന ചരിത്രത്തിന്റെ വാശിയാണ് കാട്ടാളൻ. വർത്തമാനകാലമെന്നത് എല്ലാ കാലങ്ങളിലും ഒരുതരം ഇല്ലായ്മയാണ്. മനുഷ്യൻ പഴമയുടെ ചാരങ്ങളിൽ നിന്നും ഗൃഹാതുരമായ മനസ്സോടെ എന്നും നെടുവീർപ്പിടുന്ന ഒരു ഭാവനാജീവിയാണ്.
ഈ വർത്തമാനകാലത്തിൽ നിന്നും ആത്മപീഡനം കലർന്ന ഉപാസനയിലൂടെ തന്റെ ഇന്ദ്രിയശക്തികളെ ഹർഷപുളകിതമായ പൂർണ്ണമായൊരു പ്രകൃതിജീവിത സാക്ഷാൽക്കാരത്തിലേക്ക് കാട്ടാളൻ കടന്നുവരുന്നു. പ്രകൃതിപുരുഷ ബന്ധത്തിന്റെ സാഫല്യമാണ് ലക്ഷ്യം. രതി ദ്രാവിഡമായ മാന്ത്രികശക്തി കാട്ടാളന്റെ സങ്കല്പങ്ങളെ കാവ്യാത്മകമായി പരിണമിപ്പിക്കുന്നു. കണ്ണീരിൽ കുതിർന്ന ജീവിതാവസ്ഥകളിൽ തപിക്കുകയും അലറുകയും കുതറുകയും നഷ്ടസ്മൃതികളിൽ ഹർഷപുളകിതനാവുകയും ഒടുവിൽ പിതൃശക്തിയായി ഉജ്ജ്വല രൂപം ധരിച്ച് ഉറഞ്ഞ് സംഹാരകർക്കെതിരായി തിരമാലപോലെ ചിരിയലക്കുന്ന കാട്ടാളൻ കവിക്കുള്ളിൽ പടയണികൊണ്ട് ദ്രാവിഡമായ ഒരു അനുഷ്ഠാനം തീർത്തിരിക്കുന്നു.
വായനക്കാരന്റെ നീറിയ മനസ്സുകളിൽ പ്രതീക്ഷയുടെ വനമോടികൾ ആടിത്തെളിയുമെന്ന ശുഭപ്രതീക്ഷ നൽകിക്കൊണ്ട് കിരാതവൃത്തം പക്ഷേ, തുടങ്ങിയിടത്തുതന്നെ അവസാനിപ്പിച്ചിരിക്കുന്നു. നീറായ വനത്തിൽ തുടങ്ങി നീറായ വനത്തിൻ നടുവിൽ കവിതയിലെ സ്ഥലം ഒരു വട്ടം തീർത്തിരിക്കുന്നു. സ്ഥലത്തോടൊപ്പം കാട്ടാളൻ ഒരു കിരാതവൃത്തം തീർത്തിരിക്കുന്നു; ദുരിതത്തിൽ തുടങ്ങിയ പ്രതികാരത്തിലും പ്രതീക്ഷയിലും അവസാനിക്കുന്ന ഒരു കിരാതവൃത്തം. ഈ വൃത്തത്തിന് പടയണി നടക്കുന്ന കാവുകളിലെ ഭക്തരായ വായനക്കാരുടെ താളമുണ്ട്; ഒത്തിണങ്ങിയ മാനസവും. ഈ കിരാതവൃത്തത്തിനകത്താണ് എന്നത്തേയും മനുഷ്യരാശി നീറി നിൽക്കുകയാണെന്ന യാഥാർത്ഥ്യം ഓർമ്മിക്കപ്പെടുന്നത്.

Exam Tips:

a) ഉപന്യാസത്തിന് ആമുഖം, വിശകലനം, ഉപസംഹാരം എന്ന ഘടന പാലിക്കുക.
b) കവിതയിലെ വരികൾ ഉദ്ധരിച്ച് ഓരോ പോയിന്റും സമർത്ഥിക്കുക.
c) സ്വന്തം വിലയിരുത്തലോടെ അവസാനിപ്പിക്കുക.

 

Question 21: സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദം മന്ദ-
മർണ്ണോജനേത്രൻ മുമ്പിൽ സത്രപം വിനീതയായ്
നിന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നെ
പിന്നാലെ വരണാർഥ മാലയുമിട്ടീടിനാൾ
(അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് - എഴുത്തച്ഛൻ)
"കണയേറ്റ കരിമ്പുലിപോലെ
ഉരുൾപൊട്ടിയ മാമല പോലെ
ഉലകാകെയുലയ്ക്കും മട്ടിൽ
അലറീ കാട്ടാളൻ......
അലകടലിൻ വേരുപറിക്കാൻ
കുതറീ കാട്ടാളൻ....."
എഴുത്തച്ഛനിൽ നിന്ന് കടമ്മനിട്ടയിലേക്ക് എത്തുമ്പോൾ കാവ്യഭാഷയിൽ സംഭവിച്ച പരിണാമത്തെപ്പറ്റി മുകളിൽ കൊടുത്ത കാവ്യഭാഗങ്ങൾ വിശകലനം ചെയ്ത് ലഘുപന്യാസം തയ്യാറാക്കുക.

Answer:

മലയാളത്തിലെ ഒന്നാമത്തെ കാവ്യം ചെറുശ്ശേരിയുടെ കൃഷ്ണഗാഥയായാലും, ഒന്നാമത്തെ കവി എഴുത്തച്ഛൻ തന്നെ എന്ന് ഉള്ളൂർ പറഞ്ഞതിൽ ചില സത്യങ്ങളുണ്ട്. എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി പ്രതിഷ്ഠിച്ചത് ഇന്നും നാം ഉപയോഗിക്കുന്ന പരിഷ്കൃത മലയാള രചനാഭാഷയുടെ മർമ്മവും സ്വച്ഛതയും എഴുത്തച്ഛനിൽ തുടങ്ങിയതുകൊണ്ടാണ്.
ഭാവത്തിന്റെ ഏറ്റവും സഫലമായ സംവേദനത്തിനു പാകത്തിൽ മലയാളഭാഷയെ ആദ്യം പാകപ്പെടുത്തിയത് എഴുത്തച്ഛനാണ്. സ്വച്ഛമായ രീതിയിലാണ് സംസ്കൃതവും മലയാളവും കിളിപ്പാട്ടുകളിൽ സന്നിവേശിച്ചിരിക്കുന്നത്. അർത്ഥശങ്കയ്ക്കിടനൽകാത്ത കാവ്യശൈലിയെന്ന് ഈ കാലഘട്ടത്തിലും പറയാം. മലയാളത്തിലും സംസ്കൃതത്തിലും തപസ്സുചെയ്ത കവി; പ്രൗഢമായ കാവ്യശൈലി.
എഴുത്തച്ഛന്റെ കാവ്യശൈലിയിൽ വർണ്ണനകൾക്കെല്ലാം ഓജസ്സാർന്ന രൂപം കാണാം. എഴുത്തച്ഛനു മുമ്പ് കൃഷ്ണഗാഥയുടെ കാലം തൊട്ട് സംസ്കൃതത്തെ വിട്ട് മലയാളവൃത്തങ്ങളും മലയാള പദങ്ങളും കവിതകളിൽ വന്നു തുടങ്ങി. ഭാവം സന്നിവേശിപ്പിക്കുന്നതിന് സംസ്കൃതവും മലയാളവും ഉപയുക്തമാകുന്നെങ്കിൽ അത് യോജ്യമാക്കിത്തീർക്കുകയെന്നതായിരുന്നു എഴുത്തച്ഛന്റെ രചനാസവിശേഷത. 'സ്വർണ്ണവർണ്ണത്തെപ്പൂണ്ട്' എന്നതിലെ 'പൂണ്ട്' എന്ന പദം തനി മലയാളിത്തമുള്ളതാണ്. 'സ്വർണ്ണവർണ്ണം' അക്ഷരസാദൃശ്യത്തിന്റെ സൗന്ദര്യമുള്ളതും മലയാളി നെഞ്ചേറ്റി ഇന്നും ലാളിക്കുന്ന ഒരു പദമാണ്. മനോഹരി, അണിഞ്ഞു, ശോഭയോടെ, മാല, മുമ്പിൽ, വിനീതയായ്, നിന്നുടൻ, മാലയുമിട്ടാൾ, മുന്നെ, പിന്നാലെ, മാലയുമിട്ടീടിനാൾ എന്നീ പദങ്ങൾ മലയാളിത്തം തുളുമ്പുന്നവയാണ്. സംസ്കൃതപദങ്ങളായ സ്വർണ്ണഭൂഷണം, മന്ദം മന്ദം, അർണോജനേത്രൻ, സത്രപം, നേത്രോൽപ്പലം, വരണാർഥ എന്നിവ ഒരുപക്ഷേ പണ്ഡിതസദസ്സിലെ ആശയവിനിമയത്തിന് സാധിക്കുന്നവ മാത്രമായിരിക്കാം. എങ്കിലും മലയാളിക്ക് വഴങ്ങുന്ന സംസ്കൃത പദപരിചയം ഈ പദങ്ങൾക്കുണ്ട്. സീതാദേവി ശ്രീരാമനെ കല്യാണമാല ചാർത്തുന്നതിന്റെ മധുരമായ ദൃശ്യമാണിത്.
മിഥിലാരാജ്യത്തെ രാജകുമാരിയായ സീത സ്വർണ്ണനിറമുള്ളവളാണ്. സ്വർണ്ണാഭരണങ്ങൾ ധരിച്ചിരിക്കുന്നു; സ്വർണ്ണമാല കൈയ്യിലുണ്ട്. സുന്ദരമായ കണ്ണുകളുള്ള രാമനു മുമ്പിൽ ലജ്ജ (സത്രപം)യോടെ നിന്നു. ആദ്യം കണ്ണുകൾ കൊണ്ടൊരു മാലയിട്ടു; പിന്നെ കല്യാണമാലയും ഇട്ടു. അന്നത്തെ മലയാളിയുടെ സംസാരഭാഷ ആയിരിക്കയില്ല ഈ വരികളിൽ കാണുന്നത്. പക്ഷേ ഇട്ടു, മുന്നേ, പൂണ്ട്, പിന്നാലെ, ഇട്ടാൾ എന്നീ പദങ്ങൾ ഗ്രാമജനതയുടേതായിരിക്കും. ഒരു രാജകുമാരി ശ്രീരാമനെ 'മാലയിട്ടു' എന്ന് എഴുതുന്നതിൽ എഴുത്തച്ഛൻ ശങ്കിക്കുന്നില്ല; മാല ധരിപ്പിച്ചു എന്നെഴുതി ഗൗരവം കൂട്ടുവാൻ എഴുത്തച്ഛൻ ശ്രമിക്കുന്നില്ല. ഈ വരികളിൽ ഒരു ചിത്രം കണ്ടതുപോലെയാണ് കാണുന്നത്. സീതയുടെയും രാമന്റെയും സൗന്ദര്യം ആവിഷ്കരിച്ചിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. രാമൻ അർണ്ണോജനേത്രനാണ്, താമരക്കണ്ണനാണ്. സീതയുടെ കണ്ണുകളാകുന്ന ഉല്പലങ്ങളുടെ (കരിങ്കുവളങ്ങൾ) മാല ആദ്യം ശ്രീരാമനെയിട്ടു; അതിനു ശേഷമാണ് സ്വർണ്ണമാല ഇട്ടത്. സീതയുടെ അനുരാഗം വളരെ തന്മയത്വത്തോടെ ആവിഷ്കരിച്ചിരിക്കുന്നു.
ഭക്തിപ്രസ്ഥാനത്തിന്റെ നെടുനായക സ്ഥാനം മലയാള കവിതയിൽ അലങ്കരിക്കുന്ന ഈ യോഗിവര്യന്റെ മനസ്സ് കഠിനവൈരിയായ ഒരു സന്ന്യാസിയുടേതായിരുന്നില്ല. പൂവിൽ നിന്നും ഫലത്തിലേക്കുള്ള മാറ്റമായിരുന്നു എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിൽ നിന്നും അദ്ധ്യാത്മ ഭാരതത്തിനുണ്ടായത്. ഭാരതം കിളിപ്പാട്ടിന് ഒരു ഗൗരവം തികഞ്ഞിരിക്കുന്നു. ഭാരതം കിളിപ്പാട്ടിൽ കവിതയ്ക്കാണ് പ്രാധാന്യം; കാവ്യത്തിന്റെ ജീവൻ രസമാണെന്ന് എഴുത്തച്ഛൻ ആവിഷ്കരിക്കുന്നു.
കടമ്മനിട്ടയുടെ കവിതാഭാഗത്ത് കാട്ടാളന്റെ സ്വരൂപം വളരെ വ്യക്തമായി ദർശിക്കാൻ കഴിയുന്നു. അലങ്കാരമായ ഉപമയുടെ സാദൃശ്യഭാവനയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കാട്ടാളൻ കണയേറ്റ കരിമ്പുലിപോലെയും ഉരുൾപൊട്ടിയ മാമലപോലെയും ഉലകിനെ ആകെ ഉലയ്ക്കുന്ന മട്ടിൽ അലറുന്നതാണ് വർണ്ണിച്ചിരിക്കുന്നത്. സാദൃശ്യത്തിനായി കല്പനകൾ സ്വീകരിച്ചത് വനത്തിന്റെ ദൃശ്യങ്ങളെയാണ്. മാത്രമല്ല നാട്ടുമലയാളപദങ്ങളാണ് ചേർക്കുന്നത്. അലകടലിൻ വേരു പറിക്കുന്നത് ഒരു ദൃശ്യബിംബമാണ്. ഈ ബിംബ കല്പന പൗരാണിക കവിതയിൽ ചമ്പുക്കളിൽ പ്രകടമായി കാണുന്നതാണെങ്കിലും പൗരാണികതയിൽ നിന്നും വ്യത്യസ്തമായി നവീനമായൊരു രചനാ തന്ത്രമായി അംഗീകരിക്കപ്പെട്ടതാണ്. (ഈ പ്രയോഗത്തിലെ ബിംബകല്പനയെ സംബന്ധിച്ച് മുമ്പ് ചോദ്യം നൽകിയിട്ടുണ്ട്; അർത്ഥതലത്തെക്കുറിച്ചുള്ള ചോദ്യത്തിൽ.)
സാദൃശ്യകല്പനയും ദൃശ്യബിംബവും പ്രയോഗിക്കുന്ന കടമ്മനിട്ടയുടെ പദസ്വീകരണവും ശൈലിയും പൗരാണികനായ എഴുത്തച്ഛൻ കവിതയിൽ നിന്നും വളരെ വ്യത്യസ്തമാണ്. എഴുത്തച്ഛന്റെ കാലഘട്ടത്തിൽ കവിത പണ്ഡിതസദസ്സുകളിൽ കളിചൊല്ലാൻ ആയിരുന്നു; ആഢ്യത്വത്തിന്റെ മഹിമ കവിതക്കുണ്ടായിരുന്നു. അതുകൊണ്ട് സംസ്കൃതപക്ഷപാതവുമുണ്ടായിരുന്നു. പിന്നീട് ആധുനിക സാഹിത്യചിന്താധാരകൾ ഈ പഴമയെ തിരുത്തി. റൊമാന്റിസിസത്തിന്റെ വരവോടെ വ്യക്തിഭാവങ്ങൾ കവിതയിൽ ആവിഷ്കരിച്ചു തുടങ്ങി. വൈയക്തിക തീവ്രഭാവങ്ങളും സ്വപ്നങ്ങളും ആവിഷ്കരിച്ചത് ലളിതമായ നാട്ടുഭാഷകളിൽ ആയിരുന്നു. ജനകീയതയിലേക്ക് ഇറങ്ങിയാലും എഴുത്തിനും കവിതയ്ക്കും എന്നും ഒരു അസാധാരണത്വം ഉണ്ടായിരുന്നു. എങ്കിലും പ്രകൃതിപ്രേമവും വൈയക്തിക വികാരങ്ങളും കവി തകളെ നിർഭരമാക്കി. ക്ലാസിക്കൽ ആയ ഭാഷയിൽ രചിക്കുന്ന അവസ്ഥ ഇല്ലാതായി; ഭാവങ്ങളുടെ സംവേദനത്തിന് പ്രാധാന്യം കൈവന്നു.
എഴുത്തച്ഛന്റെ കവിതാഭാഗത്ത് സൂക്ഷ്മമായൊരു വാങ്മയ ചിത്രം കാണുന്നു. കടമ്മനിട്ടയിൽ അത് സംസ്കാരത്തിന്റെ ഘടകങ്ങളിലേക്ക് വാക്കുകളെ അർത്ഥം വ്യത്യാസപ്പെടുത്തി ആവിഷ്കരിക്കുന്ന രചനാരീതിയായി മാറുന്നു. ഉരുൾപൊട്ടിയ മാമല അപകടകാരിയാണ്; അലറുന്ന കാട്ടാളനും അപകടകാരിയാണ്. അലകടലിന്റെ കാണാവേരുകളാണ് പറിക്കുവാനായി കുതറുന്നത്. ഇവിടെ കവിയുടെ അനുഭവലോകം വളർന്നതായി കാണണം; ഒപ്പം ഭാവനാലോകവും വികസിച്ചിരിക്കുന്നു. കവിത കാലഘട്ടത്തിന്റെ സാരാംശങ്ങളെ ഭാഷയിലും ഭാവനയിലും വഹിക്കുന്നു. സീതയുടെ സത്രപം വിനീതയായ അവസ്ഥ അന്നത്തെ കാലഘട്ടത്തിന്റെ സംസ്കൃത - മലയാള സംഗമത്തെ കാണിക്കുന്നു. എന്നാൽ അലറുകയും കുതറുകയും ചെയ്യുന്ന കാട്ടാളന്റെ സങ്കല്പം നാടോടി സംസ്കാരത്തിന്റെ നാടുഭാഷയുടെ അടിത്തറയിലാണ് സാർത്ഥമാകുന്നത്.

Exam Tips:

a) ഉപന്യാസത്തിന് ആമുഖം, വിശകലനം, ഉപസംഹാരം എന്ന ഘടന പാലിക്കുക.
b) കവിതയിലെ വരികൾ ഉദ്ധരിച്ച് ഓരോ പോയിന്റും സമർത്ഥിക്കുക.
c) സ്വന്തം വിലയിരുത്തലോടെ അവസാനിപ്പിക്കുക.

 

Question 22: അച്ചടി വ്യാപകമായതോടെ മലയാള കവിതയിലെ ചൊല്ലൽ പാരമ്പര്യം അസ്തമിച്ചുപോയി എന്ന് കവിയും ചിന്തകനുമായ എം. ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. ഒ.എൻ.വി.യുടെയും കടമ്മനിട്ടയുടെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും ഡി. വിനയചന്ദ്രന്റെയും കുരീപ്പുഴ ശ്രീകുമാറിന്റെയും വി. മധുസൂദനൻ നായരുടെയും മറ്റും രംഗപ്രവേശത്തോടെയാണ് ഇത് വീണ്ടെടുക്കപ്പെട്ടത്. ഇവരുടെ ആലാപന സാധ്യതയുള്ള കവിതകൾ തിരഞ്ഞെടുത്ത് കവിതയരങ്ങ് സംഘടിപ്പിക്കുക.

Answer:

കവിതയരങ്ങ് - ആമുഖസംഭാഷണം
അക്ഷരശ്ലോകസദസ്സുകൾ വ്യാപകമായി നിലനിന്നിരുന്ന ഒരു കാലഘട്ടം കേരളത്തിനുണ്ടായിരുന്നു. വളരെ മതേതരത്വത്തോടെ ഇന്നും ഇത് പലയിടങ്ങളിലായി തുടരുന്നുണ്ട്. ഇടപ്പിള്ളി ചങ്ങമ്പുഴ സ്മാരക ഓഡിറ്റോറിയം, ഗുരുവായൂർ, കൂനമ്മച്ചി, തൃശ്ശൂർ എന്നിങ്ങനെ പലയിടങ്ങളിലും ഇന്നും ഇത് തുടരുന്നത് എനിക്ക് അറിയാം. ചമ്പുക്കളും, കുമാരനാശാനും, വള്ളത്തോളും അക്ഷരശ്ലോക വേദികളിൽ മുഴങ്ങിക്കേൾക്കാറുണ്ട്. അച്ചടി പുസ്തകങ്ങൾ വ്യാപകമായതോടെ കവിത ചൊല്ലി രസിക്കുന്നത് കുറഞ്ഞു വന്നു. തുടർന്ന് കടമ്മനിട്ട, ചുള്ളിക്കാട്, ഒ.എൻ.വി, മധുസൂദനൻ നായർ എന്നിവരുടെ വരവോടെ നാട്ടുമ്പുറങ്ങളിൽ കാസറ്റുകളിലും കവിതകൾ ഉറക്കെ കേൾക്കാറായി.
ഇന്ന് തെങ്കിലുമൊരു സാംസ്കാരിക പരിപാടിയിലെ അപൂർവ്വതയായി ഇത് മാറിയിരിക്കുന്നു. മാത്രമല്ല ദൃശ്യമാധ്യമങ്ങളുടെ വരവോടെ കവിതാലാപനത്തിന്റെ കൂമ്പ് ഉണങ്ങിക്കരിയുന്നതാണ് നാം കാണുന്നത്. ഇവിടെ ഒരു കവിതയരങ്ങ് സംഘടിപ്പിക്കുകയാണ്. സിനിമാഗാനങ്ങൾക്കൊപ്പമോ അതിലധികമായോ നിങ്ങളുടെ ഈ ഇളംതലമുറയ്ക്ക് കവിതകൾ പാൽപ്പായസമാണ്. അത് കേൾക്കാനായി ഒരവസരം നാം ഒരുക്കിയത് അതിന്റെ മാധുര്യം നുകരുവാനാണ്. കവികളുടെ വാക്‌വൈഭവത്തിന്റെ മന്ദ്രമധുരമായ താളത്തിനായി നമുക്ക് കാതോർക്കാം.

Exam Tips:

a) കവിതയരങ്ങിന്റെ ആമുഖം എഴുതുമ്പോൾ അക്ഷരശ്ലോക പാരമ്പര്യത്തെക്കുറിച്ചും ചൊല്ലൽ പാരമ്പര്യത്തിന്റെ ശോഷണത്തെക്കുറിച്ചും പറയുക.
b) ഒടുവിൽ പരിപാടിയുടെ ലക്ഷ്യം (കവിതയുടെ മാധുര്യം നുകരുക) ചേർക്കുക.

 

Question 23: 'നാടോടിത്തവും ദ്രാവിഡശക്തിയും പാരിസ്ഥിതികാവബോധവും നിറയുന്ന കവിതയാണ് കിരാതവൃത്തം'. ചർച്ച ചെയ്യുക.

Answer:

മധ്യ തിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആചരിക്കുന്ന അനുഷ്ഠാനമായ പടയണി കേരളത്തിന്റെ നാടോടി സംസ്കാരത്തിന്റെ മാറ്റാണ്. ജനപങ്കാളിത്തം ആവശ്യപ്പെടുന്നവയായിരിക്കും നാടോടി സംസ്കാര കലാരൂപങ്ങൾ. കടമ്മനിട്ടക്കാവിലെ പടയണിയും വടക്കൻ കേരളത്തിലെ തെയ്യവും തിറയുമെല്ലാം നാടോടി സംസ്കാരത്തിന്റെ മുദ്രകളാണ്.
വാമൊഴി വഴക്കങ്ങൾ നാടോടി സംസ്കാരത്തിന്റെ ജൈവരൂപമാണ്. കലാരൂപത്തിന്റെ പ്രദേശം ഇതിൽ പ്രധാനപ്പെട്ടതാണ്; ആ പ്രദേശത്തെ വാമൊഴി ഈ കലാരൂപങ്ങളിൽ കാണപ്പെടുന്നു. ഒപ്പം വായ്ത്താരികൾ കാണും. കലാരൂപം ചൊല്ലിയാടുന്നതോ സംഭാഷണരൂപത്തിലോ ആവിഷ്കരിക്കുമ്പോൾ ഈ സവിശേഷതകൾ കണ്ടെത്താം. കടമ്മനിട്ടയുടെ കിരാതവൃത്തം പടയണിയിലെ ഭൈരവിക്കോലത്തിൽ നിന്നും സ്വാംശീകരിച്ചതാണ്. ദൈവിക്കോലത്തിൽ പന്തം തറച്ചിട്ടുണ്ടായിരിക്കും. കിരാതവൃത്തത്തിലെ കാട്ടാളൻ നെഞ്ചത്തൊരു പന്തം കുത്തിയാണ് നിൽക്കുന്നത്. പടയണിയിലെ 'തെയ് തിത്തെയ് തിത്തിത്തിത്തി തെയ്' എന്ന താളത്തിലാണ് കിരാതവൃത്തത്തിലെ കാട്ടാളനെ അവതരിപ്പിക്കുന്നത്:
'കണയേറ്റ കരിമ്പുലി പോലെ
ഉരുൾപൊട്ടിയ മാമല പോലെ
അലറീ കാട്ടാളൻ'
പടയണിയുടെ ബാഹ്യമായ ഘടകങ്ങളെയോ അംശങ്ങളെയോ കവി പിന്തുടരുന്നില്ല. കടമ്മനിട്ടയുടെ താളമനസ്സിൽ മറ്റൊരു പടയണി അരങ്ങേറുന്നു. ദൈവിക്കോലം പോലെ കാട്ടാളൻ വന്നു നിൽക്കുകയാണ്. നീറായ വനത്തിലാണ് വന്നു നിൽക്കുന്നത്; നെഞ്ചത്ത് പന്തം കുത്തിയാണ് വന്നു നിൽക്കുന്നത്. പടയണിയുടെ രാത്രിക്കാഴ്ചയാണിവിടെ കടമ്മനിട്ട കിരാതവൃത്തത്തിൽ ആവിഷ്കരിക്കുന്നത്. ഈ കവിതയിലെ രാത്രിക്കാഴ്ചയിൽ കവിതക്കുള്ള സ്ഥലമൊരുക്കുന്നു. കാട്ടാളൻ നിൽക്കുന്ന നീറായ വനവും നെഞ്ചത്ത് പന്തം കുത്തിയുള്ള നിൽപ്പും കവിതയിലെ സ്ഥലച്ചിത്രത്തെ പടയണിയുടെ രാത്രിദൃശ്യം പോലെ ഒരുക്കിയിരിക്കുന്നു. പടയണിയുടെ രൗദ്രതാളത്തിലേക്ക് കവിത ശക്തിയാർജ്ജിക്കുന്നു.
പടയണിപോലൊന്ന് കവിതയിൽ മൂർത്തമായി രൂപപ്പെട്ടിരിക്കുന്നു; അത് കാട്ടാളനാണ്. ഇനി പടയണിയിലേതുപോലൊരു കഥയും കൂടി കാട്ടാളന് ഉണ്ടാകുന്നു. അച്ഛൻ മരിച്ചുകിടക്കുന്ന ആകാശവും അമ്മ ദഹിച്ചിരിക്കുന്ന താഴ്വരയും ആറ്റിൻകരയിലെ മുല പാതി മുറിഞ്ഞവളുടെ കനൽ വിളിയും കവിതയിലെ സ്ഥലരാശിയേയും കഥയേയും വായനക്കാരിൽ സംവദിപ്പിക്കുന്നു. ഇവിടെ കാട്ടാളൻ ഒരു ഐതിഹ്യ ബിംബമായി മാറുന്നു, പടയണിയിലെ ഭൈരവിക്കോലം പോലെ. തുടർന്ന് കാട്ടാളന്റെ ദ്രാവിഡകുല സ്മൃതികളിലൂടെ കവിത വന്യമായ വനസ്ഥലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നു. ഗ്രാമപദങ്ങളും ഗ്രാമ്യമായ കാഴ്ചകളും കൊണ്ട് ഈ ബിംബം കൂടുതൽ ദൃഢമാകുന്നു. ഒരു പടയണി വായനക്കാരന്റെ മനസ്സിലും കണ്ടു തുടങ്ങുന്നു:
'കരിവീട്ടിക്കാതൽ പിണഞ്ഞും
കൺപീലിക്കാടു വിടർന്നും
കവിളത്തഴകേഴു വളഞ്ഞും
പൂഞ്ചായൽ കെട്ടുകളൂർന്നും
ഉടലിളകിയരക്കെട്ടിളകി
മുലയിളകി കാർമുടി ചിതറി
കാടത്തികൾ ചോലമരത്തിൻ ചോട്ടിൽ
ചുവടൊത്തു കളിക്കുമ്പോൾ'
കാട്ടാളന്റെ കൂടെ ആ രാത്രിയുടെ സ്വപ്നമായികമായ ദൃശ്യത്തിൽ വായനക്കാരനും ഇരിക്കുന്നു. ഇങ്ങനെ കവിയുടെ മനസ്സിൽ മുഴങ്ങുന്ന കവിതയിലെ പടയണിയിലേക്ക് താളവും വാക്കും ഭാവനയും വായനക്കാരനും ഒരേ ബിന്ദുവിൽ എത്തിച്ചേരുന്നു.
മുല പാതി മുറിഞ്ഞുപോയവൾ ഒരു പക്ഷേ ശൂർപ്പണഖയാകാം; കാട് കയ്യടക്കിയ ആര്യനായിരിക്കാം കാട്ടാളന്റെ ഓർമ്മകളിൽ കാടിന് തീയിടുന്നവരായി മാറുന്നത്. ഇങ്ങനെ രൂപപ്പെട്ട ഒരു സ്ഥലപ്രതീതിയുടെ കൂടെ കാട്ടാളന്റെ ജീവിതബോധത്തിന്റെ ആവിഷ്കാരം കൂടി കൈവന്നപ്പോൾ സ്ഥലം കാട്ടാളന്റെ ജീവിതകാമനകളുടെയും കൈവിട്ടുപോയ ജീവിതത്തിന്റെയും ഭാവനാപരമായ ഉപാധിയായി മാറുന്നു. കടമ്മനിട്ടക്കാവിലെ പടയണിപോലെ മറ്റൊരു പടയണി കവിതയിലൂടെ വായനക്കാരനിൽ നിറയുന്നു. ഈ സ്ഥലമാകട്ടെ ജന്മിത്വത്തിനും നാഗരികതക്കും എതിരായി ഗ്രാമത്തിന്റെയും തകരുന്ന ദ്രാവിഡ സംസ്കാരത്തിന്റെയും സംഘർഷത്തിന്റെ സ്ഥലപരിസരമായി മാറുന്നു. കടമ്മനിട്ടക്കാവിലെ പടയണിപോലെ നാഗരികന്റെ നടുവിൽ നെഞ്ചത്താരു പന്തം കുത്തി നമ്മെ നോക്കി കാട്ടാളൻ അലറുന്നു. അപ്പോൾ കടമ്മനിട്ട കിരാതവൃത്തം എന്ന കവിതയിൽ ഗ്രാമീണതയെ കാവ്യാത്മകമാക്കി മാറ്റിത്തീർക്കുന്നതിനുള്ള ഒരു ഉപാധിയായി പടയണിയുടെ താളത്തെയും ദൃശ്യങ്ങളെയും സ്വീകരിക്കുകയാണ് ചെയ്തത്.
പടയണിയും ചെയ്യുന്നത് ഇതുതന്നെ. പാളച്ചമയങ്ങളും പന്തങ്ങളും കൊണ്ട് ജനമനസ്സിൽ ഭാവനാപരമായ ഒരു സ്ഥലം ഉണ്ടാക്കുന്നു. നീറായ വനത്തിനു നടുവിൽ നെഞ്ചത്ത് പന്തം കുത്തി നിൽക്കുന്ന കാട്ടാളനും ഈ ദൃശ്യമാണ് നൽകുന്നത്. ഗ്രാമത്തെ അഭയസങ്കേതമായി കാണുന്നു കിരാതവൃത്തം. ഒരു പക്ഷേ നീറായ വനത്തിനു നടുവിൽ നിൽപ്പു കാട്ടാളൻ എന്നതിൽ മൃഗീയമായ ഭൂതകാലത്തിന്റെ ദുരിതങ്ങൾ താണ്ടിയ ഒരു വർത്തമാനകാല മനുഷ്യനെയാണോ കാണുന്നത്? ഒരു പാരിസ്ഥിതികനെയാണോ കാണുന്നത്? ഒരർത്ഥത്തിൽ ആധുനിക മനുഷ്യന്റെ നഷ്ടങ്ങൾ തന്നെയാണ് കാട്ടാളന്റെയും സ്വന്തം നഷ്ടങ്ങൾ; ഏതു നാടോടി വംശത്തിന്റെയും ആഴങ്ങളിൽ നിന്നും സാർത്ഥകമായൊരു ജീവിതത്തിനായി മുഴങ്ങുന്ന ശബ്ദമാണ് കാട്ടാളൻ. പ്രകൃതിതാളവും സ്നേഹവും തിരിച്ചുപിടിക്കുമെന്ന ചരിത്രത്തിന്റെ വാശിയാണ് കാട്ടാളൻ. വർത്തമാനകാലമെന്നത് എല്ലാ കാലങ്ങളിലും ഒരുതരം ഇല്ലായ്മയാണ്. മനുഷ്യൻ പഴമയുടെ ചാരങ്ങളിൽ നിന്നും ഗൃഹാതുരമായ മനസ്സോടെ എന്നും നെടുവീർപ്പിടുന്ന ഒരു ഭാവനാജീവിയാണ്.
ഈ വർത്തമാനകാലത്തിൽ നിന്നും ആത്മപീഡനം കലർന്ന ഉപാസനയിലൂടെ തന്റെ ഇന്ദ്രിയശക്തികളെ ഹർഷപുളകിതമായ പൂർണ്ണമായൊരു പ്രകൃതിജീവിത സാക്ഷാൽക്കാരത്തിലേക്ക് കാട്ടാളൻ കടന്നുവരുന്നു. പ്രകൃതിപുരുഷ ബന്ധത്തിന്റെ സാഫല്യമാണ് ലക്ഷ്യം. രതി ദ്രാവിഡമായ മാന്ത്രികശക്തി കാട്ടാളന്റെ സങ്കല്പങ്ങളെ കാവ്യാത്മകമായി പരിണമിപ്പിക്കുന്നു. കണ്ണീരിൽ കുതിർന്ന ജീവിതാവസ്ഥകളിൽ തപിക്കുകയും അലറുകയും കുതറുകയും നഷ്ടസ്മൃതികളിൽ ഹർഷപുളകിതനാവുകയും ഒടുവിൽ പിതൃശക്തിയായി ഉജ്ജ്വല രൂപം ധരിച്ച് ഉറഞ്ഞ് സംഹാരകർക്കെതിരായി തിരമാലപോലെ ചിരിയലക്കുന്ന കാട്ടാളൻ കവിക്കുള്ളിൽ പടയണികൊണ്ട് ദ്രാവിഡമായ ഒരു അനുഷ്ഠാനം തീർത്തിരിക്കുന്നു.
വായനക്കാരന്റെ നീറിയ മനസ്സുകളിൽ പ്രതീക്ഷയുടെ വനമോടികൾ ആടിത്തെളിയുമെന്ന ശുഭപ്രതീക്ഷ നൽകിക്കൊണ്ട് കിരാതവൃത്തം പക്ഷേ, തുടങ്ങിയിടത്തുതന്നെ അവസാനിപ്പിച്ചിരിക്കുന്നു. നീറായ വനത്തിൽ തുടങ്ങി നീറായ വനത്തിൻ നടുവിൽ കവിതയിലെ സ്ഥലം ഒരു വട്ടം തീർത്തിരിക്കുന്നു. സ്ഥലത്തോടൊപ്പം കാട്ടാളൻ ഒരു കിരാതവൃത്തം തീർത്തിരിക്കുന്നു; ദുരിതത്തിൽ തുടങ്ങിയ പ്രതികാരത്തിലും പ്രതീക്ഷയിലും അവസാനിക്കുന്ന ഒരു കിരാതവൃത്തം. ഈ വൃത്തത്തിന് പടയണി നടക്കുന്ന കാവുകളിലെ ഭക്തരായ വായനക്കാരുടെ താളമുണ്ട്; ഒത്തിണങ്ങിയ മാനസവും. ഈ കിരാതവൃത്തത്തിനകത്താണ് എന്നത്തേയും മനുഷ്യരാശി നീറി നിൽക്കുകയാണെന്ന യാഥാർത്ഥ്യം ഓർമ്മിക്കപ്പെടുന്നത്.

Exam Tips:

a) ഉപന്യാസത്തിന് ആമുഖം, വിശകലനം, ഉപസംഹാരം എന്ന ഘടന പാലിക്കുക.
b) കവിതയിലെ വരികൾ ഉദ്ധരിച്ച് ഓരോ പോയിന്റും സമർത്ഥിക്കുക.
c) സ്വന്തം വിലയിരുത്തലോടെ അവസാനിപ്പിക്കുക.

 

Question 24: പടയണിയുടെ കഥ ചുരുക്കി എഴുതുക.

Answer:

പടയണിയുടെ കഥ പുരാതനമാണ്. ദാരികൻ അസുരചക്രവർത്തിയാണ്. ശിവപുത്രിയായ ഭദ്രകാളി ദാരികനെ നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ കഥ.
ദാരികനെ ദേവന്മാർക്ക് അടക്കിനിർത്താൻ കഴിഞ്ഞില്ല. മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം ദേവന്മാർ ശിവനെ ചെന്നുകണ്ടു. ദാരികനിഗ്രഹത്തിനായി ശിവൻ ഭദ്രകാളിയെ ചുമതലപ്പെടുത്തി. ശിവന്റെ മൂന്നാം കണ്ണിൽ നിന്നാണ് കാളിയുണ്ടായത്. ദാരികന്റെ ശക്തി കൂതത്ത്ജയ മന്ത്രമാണ്; ഇത് ഉപദേശിച്ചു കൊടുത്തത് ബ്രഹ്മാവായിരുന്നു. യുദ്ധസമയങ്ങളിൽ ദാരികന്റെ പത്നി ഈ മന്ത്രം ഉരുക്കഴിക്കുന്നതിനാൽ ദാരികനെ ആർക്കും നിഗ്രഹിക്കാൻ കഴിഞ്ഞില്ല. ദാരികന്റെ ഭാര്യ മൃത്യുഞ്ജയമന്ത്രം മറ്റൊരാൾക്ക് ഉപദേശിച്ചുകൊടുത്താൽ ദാരികന്റെ ശക്തി ക്ഷയിക്കുമെന്നും ബ്രഹ്മാവ് പറഞ്ഞിട്ടുണ്ട്. ഇത് മനസ്സിലാക്കി ശിവപത്നിയായ ശ്രീപാർവ്വതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യുഞ്ജയ മന്ത്രം ദാരികന്റെ പത്നിയിൽ നിന്ന് സ്വന്തമാക്കി. ഇതോടെ ശ്രദകാളി ദാരികനെ തോൽപ്പിച്ചു.
പാതാളത്തിൽ അഭയം തേടിയ ദാരികന്റെ തലയറുത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാൻ പോകുന്ന അപായങ്ങൾ മനസ്സിലാക്കിയ ശിവൻ വഴിയിൽ മാർഗ്ഗതടസ്സം ഉണ്ടാക്കി; അതും കാളിയെ തടുത്തില്ല. പിന്നീട് ശ്രീമുരുകൻ കാളിയെ തടുത്തു; അതും നിഷ്ഫലമായി. ഒടുവിൽ ഒരിക്കലും പഠിക്കാത്തതും അപ്പോൾ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിച്ചു. പരിസരങ്ങളിൽ നിന്നും പച്ചിലച്ചാർ, ചെഞ്ചാറ്, മഞ്ഞ്, കരികിൻ പാളകളിൽ വരച്ച് വിവിധ കോലങ്ങളുണ്ടാക്കി ശരീരത്തിൽ മറച്ച് രൗദ്രരൂപിണിയായ ഭദ്രകാളിയുടെ മുന്നിൽ തുള്ളി. ഇതുകണ്ട് ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതിൽ ഏകാഗ്രമാകുകയും കലിയടങ്ങുകയും ചെയ്തു. ഇതിനെ അനുസ്മരിച്ചാണ് പടയണിക്കോലങ്ങൾ കെട്ടുന്നത്.
കേരളം ഭരിച്ചിരുന്ന ചേരന്മാർ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കാനാണ് ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്.

Exam Tips:

a) കഥയുടെ പ്രധാന കഥാപാത്രങ്ങൾ (ദാരികൻ, ഭദ്രകാളി, ശിവൻ, പാർവ്വതി) ആദ്യം പറയുക.
b) കഥ ക്രമത്തിൽ (ദാരികനിഗ്രഹം, കാളിയുടെ കോപം, കോലംതുള്ളൽ) എഴുതുക; ഒടുവിൽ പടയണിക്കോലങ്ങളുടെ ഉത്ഭവം ചേർക്കുക.

 

Question 25: ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ ചുരുക്കി എഴുതുക.

Answer:

തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂർത്തിയായ കണ്ണകി ശപിച്ച്, മധുര നഗരം ചുട്ടെരിച്ചു എന്നതാണ് കഥ.
കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാരിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപ്പൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തമാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കു വേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ കാൽച്ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസ്സാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്ക് പോയി.
പാണ്ഡ്യരാജാവായ നെടുംചെഴിയാനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പു വിൽക്കാൻ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ചോദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി. കൊട്ടാരത്തിലെത്തിയ കണ്ണകി ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽ നിന്ന് രത്നങ്ങൾ ചിതറി; രാജ്ഞിയുടെ ചിലമ്പ് പൊട്ടിച്ചപ്പോൾ അതിൽ നിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതി വരാതെ കണ്ണകി തന്റെ മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലി ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവ്രത്യത്താൽ ഈ ശാപം സത്യമായി.
തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച് കണ്ണകി തന്റെ ശാപം പിൻവലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോവടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിപോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.

Exam Tips:

a) കഥാപാത്രങ്ങൾ (കോവലൻ, കണ്ണകി, മാധവി, പാണ്ഡ്യരാജാവ്) ക്രമത്തിൽ പരിചയപ്പെടുത്തുക.
b) ചിലമ്പിലെ രത്നങ്ങൾ-മുത്തുകൾ എന്ന വ്യത്യാസം കഥയുടെ തിരിവായി എടുത്തുപറയുക.

 

Question 26: കണ്ണകിയെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകൾ എന്തെല്ലാമാണ്?

Answer:

കണ്ണകി അഥവാ കണ്ണകി അമ്മൻ പാതിവ്രത്യത്തിന്റെ ദേവതയായി തമിഴ്നാട്ടിൽ ആരാധിക്കപ്പെടുന്നു. ഭർത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിനുശേഷവും ഭർത്താവിനോടുള്ള അകമഴിഞ്ഞ ആരാധനയുടെ പേരിൽ കണ്ണകി ആരാധിക്കപ്പെടുന്നു.
പത്നി എന്ന ദേവതയായി സിംഹള പുരോഹിതർ കണ്ണകിയെ ശ്രീലങ്കയിൽ ആരാധിക്കുന്നു. ശ്രീലങ്കൻ തമിഴർ കണ്ണകി അമ്മൻ എന്ന പേരിലും കണ്ണകിയെ ആരാധിക്കുന്നു.
എങ്കിലും സമൂഹത്തിന്റെ ഒരു വിഭാഗം ജനങ്ങൾ കണ്ണകിയുടെ ഭർത്താവിനോടുള്ള വിധേയത്വം അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ ഒരു പ്രതീകമായി കാണുന്നു. തമിഴ്നാട്ടിലെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഭരണകാലത്ത് മദ്രാസിലെ കണ്ണകി പ്രതിമ 2001 ഡിസംബറിൽ നീക്കം ചെയ്തിരുന്നു. 2006-ൽ കരുണാനിധി ഈ പ്രതിമ പുനഃസ്ഥാപിച്ചു.

Exam Tips:

a) മൂന്ന് കാഴ്ചപ്പാടുകൾ (പാതിവ്രത്യദേവത, ശ്രീലങ്കയിലെ ആരാധന, സ്ത്രീത്വത്തിന്റെ അടിച്ചമർത്തലിന്റെ പ്രതീകം) പോയിന്റുകളായി എഴുതുക.
b) പ്രതിമയുടെ സംഭവം ഉദാഹരണമായി ചേർക്കുക.

 

Question 27: കിരാതവൃത്തത്തിന്റെ കർത്താവായ കടമ്മനിട്ട രാമകൃഷ്ണനെ പരിചയപ്പെടുത്തുക.

Answer:

ആധുനിക മലയാള കവികളിൽ പ്രമുഖനാണ് കടമ്മനിട്ട രാമകൃഷ്ണൻ. 'കടമ്മനിട്ട്' എന്നു കേട്ടാൽ കവിയാണോ എന്നും പടയണിയാണോ എന്നും വ്യത്യാസപ്പെടുത്തുവാൻ കഴിയാത്ത വിധത്തിൽ ഒന്നിച്ചുചേർന്ന ഒരോർമ്മയാണ് മലയാളിക്കുള്ളത്.
'കുത്തെ, തുള്ളാൻ സമയമില്ലിപ്പോൾ
കാഞ്ഞ വെയിലത്ത് കാലു പൊള്ളുമ്പോൾ
എന്നും എന്റെ ചിറകിന്റെ കീഴിൽ നിന്ന്, നിന്റെ വയറു നിറയ്ക്കാൻ
എന്ന്, തോന്നുന്ന തോന്നല് വേണ്ടാ....
നിന്റെ ജീവിതം നിൻ കാര്യം മാത്രം'
സ്വപ്നാടനങ്ങളിൽ നിന്നും മലയാളിയെ ചരലും മുള്ളും നിറഞ്ഞ പടനിലങ്ങളിലേക്ക് കൊണ്ടുവന്ന കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ.
ജീവിതവൃത്താന്തം: പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗ്രാമത്തിൽ നിന്നാണ് കടമ്മനിട്ട രാമകൃഷ്ണൻ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കവി ജനിച്ചത്. അച്ഛൻ മേലേത്തറയിൽ രാമൻ നായർ. അമ്മ കുട്ടിയമ്മ. കടമ്മനിട്ടക്കാവിലുണ്ടായിരുന്ന അനുഷ്ഠാനകലയായ പടയണിയുടെ ആശാനായിരുന്നു അച്ഛൻ. അദ്ദേഹം പടയണി തുള്ളുകയും പഠിപ്പിക്കുകയും ചെയ്യുന്ന അച്ഛൻ; ഭർത്താവിന്റെ ശിഷ്യന്മാർക്ക് ചക്കരക്കാപ്പിയും മരച്ചീനിയും പുഴുങ്ങിയതും തയ്യാറാക്കിക്കൊടുക്കുകയും രാവിലെയും സന്ധ്യക്കും നിലവിളക്കിനു മുമ്പിൽ ഈശ്വരനാമം ഭജിക്കുകയും ചെയ്യുന്ന അമ്മ. ഈ അന്തരീക്ഷത്തിലാണ് കവി വളരുന്നത്.
അച്ഛൻ രാമകൃഷ്ണനെ പടയണി പഠിപ്പിച്ചില്ല. അയാൾ ഉദ്യോഗസ്ഥനാകണമെന്ന് അച്ഛൻ ആഗ്രഹിച്ചു. മൈലപ്ര സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പഠിക്കാൻ സമർത്ഥനായിരുന്നു. തുടർന്ന് കോട്ടയം സി.എം.എസ്. കോളേജിൽ പഠിച്ചു. അഡ്വ. എൻ. ഗോവി അമേനോന്റെ വീട്ടിലായിരുന്നു താമസം. അവിടെവെച്ച് രാമകൃഷ്ണൻ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു. പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. കാറൽ മാർക്സിന്റെ മൂലധനവും മറ്റ് മാർക്സിയൻ ക്ലാസിക്കുകളും വായിച്ച ഈ കാലഘട്ടം രാഷ്ട്രീയ പ്രബുദ്ധമായിരുന്നു. 1959-ൽ മദ്രാസിൽ പോസ്റ്റൽ ഓഡിറ്റ് ഏഴ് അക്കൗണ്ട്സിൽ ജോലി ലഭിച്ചു. 1967 മുതൽ 1992-ൽ ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പ്രസിഡന്റായി സേവനം ചെയ്തു.
1996 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നും എം.എൽ.എ. ആയി. 1976-ൽ പ്രസിദ്ധപ്പെടുത്തിയ കവിതയാണ് ആദ്യ പുസ്തകം. ആശാൻ പ്രൈസ് (1982), കേരള സാഹിത്യ അക്കാദമി അവാർഡ് (1982), അബുദാബി മലയാളി സമാജം അവാർഡ് (1982), ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ അവാർഡ് (1980), മസ്കറ്റ് കേരള കൾച്ചറൽ സെന്റർ അവാർഡ് എന്നിവ ലഭിച്ചു. സാമുവൽ ബക്കറ്റിന്റെ 'വെയ്റ്റിംഗ് ഫോർ ഗോഡോട്ട്', ഒക്ടോവിയ പാസിന്റെ 'സൺ സ്റ്റോൺ' എന്നിവ വിവർത്തനം ചെയ്തിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂൽപ്പൊട്ടൽ, കടമ്മനിട്ടക്കവിതകൾ എന്നിവയാണ് പ്രധാന കൃതികൾ. ശാന്തയാണ് ഭാര്യ.

Exam Tips:

a) ജനനസ്ഥലം, മാതാപിതാക്കൾ, പടയണിയുമായുള്ള ബന്ധം, വിദ്യാഭ്യാസം, ജോലി, പുരസ്കാരങ്ങൾ, കൃതികൾ എന്നിങ്ങനെ ക്രമത്തിൽ എഴുതുക.
b) 'കുത്തെ, തുള്ളാൻ സമയമില്ലിപ്പോൾ' എന്ന വരികൾ ഉദ്ധരിക്കുക.

 

Question 28: കടമ്മനിട്ടയെക്കുറിച്ച് ഒ.എൻ.വി. കുറുപ്പ് പറഞ്ഞതെന്ത്?

Answer:

ആധുനിക കവിതയുടെ ദീപ്തമുഖമാണ് കടമ്മനിട്ടയുടെ കവിതയിൽ പ്രതിഫലിക്കുന്നത്. കടമ്മനിട്ടക്കവിതകൾ മണ്ണിന്റെ കവിതയാണ്; അത് പൂർണ്ണമായും മാനുഷികമാണ്. 'നിങ്ങളോർക്കുക, നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന് ഓർത്തു നോക്കണം' എന്ന കടമ്മനിട്ടയുടെ ഓർമ്മപ്പെടുത്തൽ മലയാളിയെ അമ്പരപ്പിച്ചതാണ്.
രൗദ്രമൂർത്തികളെ പ്രീതിപ്പെടുത്താൻ ദേവതകളെ വിളിച്ചിറക്കുന്ന രീതി പുരാതന ഗ്രീസിലുണ്ടായിരുന്നു. നിഗ്രഹാനുഗ്രഹശക്തിയുള്ള ദേവതകളെ ഭക്തർ ഉന്മാദത്തോടെ പാടിതിരിക്കും. ദേവിയെ ശ്രീകോവിലിൽ നിന്നും നാട്ടിലേക്ക് വിളിക്കുന്നത് ദേശത്തിന്റെ വക്താവാണ്. ആ വക്താവാണ് കടമ്മനിട്ട രാമകൃഷ്ണൻ.

Exam Tips:

a) ഒ.എൻ.വി.യുടെ അഭിപ്രായം രണ്ടു ഭാഗങ്ങളായി (മണ്ണിന്റെ കവിത; ദേശത്തിന്റെ വക്താവ്) എഴുതുക.

 

Question 29: കടമ്മനിട്ടക്കവിതകളുടെ പൊതുസവിശേഷതകൾ എന്തെല്ലാം?

Answer:

കടമ്മനിട്ട മലയാളികളെ മുഴുവനോടെ സ്വാധീനിച്ച ഒരു കാലഘട്ടത്തിന്റെ കവിയായിരുന്നു. സൗഹൃദസംഘങ്ങളിൽ കവിതകൾ ചൊല്ലിയിരുന്ന കടമ്മനിട്ട കേരളത്തിലുടനീളം വേദികൾ രൂപപ്പെടുത്തി. കവിതകൾ താളമേളങ്ങളോടെ കൊട്ടിയാസ്വദിക്കുന്ന സമൂഹം കേരളത്തിൽ പുതിയ കാഴ്ചയായിരുന്നു.
കടമ്മനിട്ടയുടെ സ്വരം പരുക്കനും ഒപ്പം കവിതയുടെ ഭാവത്തിന് വിധേയവുമായിരുന്നു. 'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ' എന്ന് ചോദിക്കുമ്പോൾ ഗർജ്ജിക്കുകയും എവിടെയുമുള്ള കടമ്മനിട്ട മലയാളിയെ പുതിയ സംസ്കാരത്തിലേക്ക് നയിച്ചു. കവിത ഭരിക്കുന്ന ജനസമൂഹം ഇവിടെ ഉണ്ടായി.
നാട്ടിൻപുറത്തിന്റെ ഗ്രാമ്യഭംഗിയും ദ്രാവിഡപ്പാട്ടുകളുടെ ധ്വനികളും സാമൂഹ്യമായ അനുഷ്ഠാനങ്ങളുടെ ആത്മീയതയും കടമ്മനിട്ടയുടെ സ്വരത്തിനുണ്ടായിരുന്നു. കടമ്മനിട്ടക്കാവുകളിൽ ഉണ്ടായിരുന്ന അനുഷ്ഠാനകലാരൂപമായ പടയണിയുടെ താളവും വരികളും കടമ്മനിട്ടക്കവിതയിൽ പല ഇടങ്ങളിലും കാണാം.
പടയണിയിലെ ദേവീസങ്കല്പം കടമ്മനിട്ടയ്ക്ക് സ്ത്രീത്വത്തിന്റെ ശാക്തീകരണത്തിലൂടെ അടിച്ചമർത്തപ്പെട്ട വർഗ്ഗത്തിന് ലഭിക്കുന്ന അതീതത്വമാണ്. 'കുറത്തി' എന്ന കവിതയിൽ ഒരു സാധാരണക്കാരിയായ കുറത്തിയാട്ടക്കാരി മർദ്ദിതരുടെ കാളിയായി മാറുന്നതാണ് കാണുന്നത്.

Exam Tips:

a) പൊതുസവിശേഷതകൾ പോയിന്റുകളായി (ജനകീയ ആലാപനം, പരുക്കൻ സ്വരം, ഗ്രാമ്യത, പടയണിസ്വാധീനം, ദേവീസങ്കല്പം) എഴുതുക.
b) 'കുറത്തി' കവിതയെ ഉദാഹരണമായി എടുത്തുപറയുക.

 

Question 30: കിരാതവൃത്തം എന്ന കവിതയുടെ സംഗ്രഹം (കവിതാച്ചുരുക്കം) എഴുതുക.

Answer:

കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവിതയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.
തീ പിടിച്ച് നീറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കുന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തിനിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെറ്റുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപിതനാണ്.
ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു; മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻതീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപൊട്ടിയ മാമലപോലെയും കാട്ടാളൻ അലറുന്നു. ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥലരാശിയിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാളുടെ പരിസരങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിതത്തിന്റെ പ്രതിനിധിയാണ്.
കാട്ടാളനെ ചൂണ്ടി 'മാ നിഷാദാ' എന്ന് വാത്മീകി പറഞ്ഞ സന്ദർഭം: വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാളനെ കണ്ടു; ആ കാട്ടാളൻ ഇണപ്പക്ഷികളിൽ ഒന്നിനെ അമ്പെയ്യുന്നത് വാത്മീകി കണ്ടു. വാത്മീകിക്ക് ഇത് സഹിച്ചില്ല; 'മാ നിഷാദാ' എന്നു പറഞ്ഞ് ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപ്പക്ഷികളിൽ പെൺകിളിക്ക് അമ്പേറ്റിരുന്നു. ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അടുത്തു പറന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത്; രാമായണമായത് എന്നു പറഞ്ഞ് ആരംഭിച്ചതാണ് ആധുനിക മനുഷ്യന്റെ സംസ്കാരം. കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്നതിനാലും അവന് മര്യാദകൾ ഇല്ലാത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകുകയും ആയുധങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വനം നശിപ്പിക്കുകയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ കാട്ടാളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.
ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീവിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധിക്കുന്നു. ആകാശവും മലയോരവും അച്ഛന്റെയും അമ്മയുടെയും ദാരുണമായ അന്ത്യസ്ഥലമായി കവിതയിൽ വായിക്കപ്പെടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു. അലകടലിന്റെ വേര് പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.
തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണുന്നു; അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കുന്നു. ഒരു കിളി പോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങി കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോ പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവലിരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയപോയി; ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീരൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.
ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്. അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞുതറച്ചതുമാണ്. പ്രകൃതിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്; അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു.
മുത്തങ്ങാപ്പുല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചക്കിളികളും കാണാതായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങപ്പുല്ലുകൾ വളരുന്നത്. അതിൽ തുള്ളിച്ചാടുന്ന ചെറു വിരലിനേക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചക്കൈയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റെയും പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കളമെഴുതുന്നു. ആ കളങ്ങളിൽ ദേവീസ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവീസങ്കല്പത്തോടു ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവുങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്; ആ രാത്രിയെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടിച്ചുകൊട്ടുന്നത്.
ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരുന്നു; തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ (മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറച്ചാരുതയും ചേർന്ന ഉറപ്പുള്ളത്). കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി, അരക്കെട്ട് ഇളകി, മുലകൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.
തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻകൂടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു; പൂക്കൂടനിറയ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച് കുഞ്ഞു ചുണ്ടത്തൊട്ടിയ ആമ്പൽപ്പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ? ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരിയുന്നതിന്റേതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറുങ്ങിപ്പോയ നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു.
തകർന്ന ഹൃദയത്തോടെ കാട്ടാളൻ നിവർന്ന് എഴുന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.
കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചുപിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച് ഞാണേറ്റി ഇടിമിന്നലൊടിച്ച് അഗ്നിക്കിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ പേമഴയായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്ന് ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചുപറഞ്ഞു.

Exam Tips:

a) കവിതയുടെ ഘട്ടങ്ങൾ (നീറായ വനത്തിൽ കാട്ടാളൻ, ഓർമ്മകൾ, നഷ്ടം, പ്രതികാരവും പ്രതീക്ഷയും) ക്രമത്തിൽ എഴുതുക.
b) വാത്മീകിയുടെ 'മാ നിഷാദാ' സന്ദർഭത്തെ കാട്ടാളൻ എന്ന ബിംബത്തിന്റെ ചരിത്രമായി ബന്ധിപ്പിക്കുക.

 

Question 31: ഈ പാഠഭാഗത്തിലെ പദപരിചയം (വാക്കുകളുടെ അർത്ഥം) എഴുതുക.

Answer:

കാകോളം - വിഷം
നീറ് - ചാരം
പൂഞ്ചായൽ - ഭംഗിയുള്ള തലമുടി
രോദനം - കരച്ചിൽ
രൗദ്രം - കോപം
കൊരല് (കുരൽ) - കഴുത്ത്
നോട്ടുകിടക്കും - കാത്തിരിക്കും

Exam Tips:

a) വാക്കും അർത്ഥവും ജോടികളായി മനഃപാഠമാക്കുക.
b) കവിതയിലെ വരിയോടൊപ്പം വാക്കുകൾ പഠിച്ചാൽ ഓർമ്മിക്കാൻ എളുപ്പമാണ്.

 

Malayalam Class 12 Curriculum Solutions: Chapter 03 Kirathavritham (Kadammanitta Ramakrishnan)

Chapter Exercise Answers for Class 12 Malayalam

Review comprehensive exercise answers for Class 12 Malayalam Chapter 03 Kirathavritham (Kadammanitta Ramakrishnan). Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.

Detailed Answer Guides for Chapter 03 Kirathavritham (Kadammanitta Ramakrishnan)

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 12 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Complete Preparation Kit for Class 12 Exams

These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 03 Kirathavritham (Kadammanitta Ramakrishnan) with official sample papers and interactive practice tests available on our platform free of charge.

FAQs

Where can I find the latest Kerala Plus Two Malayalam Unit 1 Chapter 3 Kirathavritham (Kadammanitta) Textbook Answers, Extra Questions and Notes for the 2026-27 session?

The complete and updated Kerala Plus Two Malayalam Unit 1 Chapter 3 Kirathavritham (Kadammanitta) Textbook Answers, Extra Questions and Notes is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Unit 1 Chapter 3 Kirathavritham (Kadammanitta) Textbook Answers, Extra Questions and Notes as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Unit 1 Chapter 3 Kirathavritham (Kadammanitta) Textbook Answers, Extra Questions and Notes will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Unit 1 Chapter 3 Kirathavritham (Kadammanitta) Textbook Answers, Extra Questions and Notes in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Unit 1 Chapter 3 Kirathavritham (Kadammanitta) Textbook Answers, Extra Questions and Notes in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Unit 1 Chapter 3 Kirathavritham (Kadammanitta) Textbook Answers, Extra Questions and Notes in printable PDF format for offline study on any device.