Kerala Plus Two Malayalam Textbook Answers Unit 4 Chapter 3 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility)

Solutions for Class 12 Malayalam: Chapter 03 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility)

Access comprehensive textbook solutions for Chapter 03 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility) using the official curriculum guides for Class 12 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Practice Class 12 Malayalam Solutions: Chapter 03 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility)

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

2 Mark Questions and Answers

Question 1: വി. കെ. ആദർശിന്റെ പ്രധാന കൃതികൾ ഏവ?

Answer:

ഇനി വായന, ഇ-വായന, ഇ-മലിനീകരണം, വിവരസാങ്കേതികവിദ്യ നിത്യജീവിതത്തിൽ എന്നിവയാണ് പ്രധാന കൃതികൾ.

Exam Tips:

a) കൃതികളുടെ പേരുകൾ ക്രമത്തിൽ, അക്ഷരത്തെറ്റില്ലാതെ എഴുതുക.

 

Question 2: മാധ്യമങ്ങൾക്ക് അവശ്യം വേണ്ട ഗുണങ്ങൾ ഏവ?

Answer:

ആകർഷകത്വവും ഗുണനിലവാരവും നിലനിർത്തണം. അർത്ഥത്തിന് ഏറ്റക്കുറച്ചിൽ ഉണ്ടാകാതെ പരമാവധി പേരിൽ സന്ദേശം (വാർത്ത) എത്തിക്കുകയും വേണം.

Exam Tips:

a) മൂന്നു ഗുണങ്ങളും (ആകർഷകത്വം, ഗുണനിലവാരം, പരമാവധി പേരിലേക്കുള്ള സന്ദേശമെത്തൽ) പ്രത്യേകം സൂചിപ്പിക്കുക.

 

Question 3: പരസ്യങ്ങളുടെ ഗുണദോഷങ്ങൾ - കുറിപ്പ് തയ്യാറാക്കുക.

Answer:

ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള അറിവ് പകരുക എന്നതാണ് പരസ്യങ്ങളുടെ ധർമ്മം. എന്നാൽ സാധാരണ പരസ്യങ്ങൾ അതിശയോക്തി നിറഞ്ഞവയാണ്. ഏതു വിധേനയും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള മാർഗ്ഗമായാണ് പരസ്യങ്ങൾ നിർമ്മിക്കപ്പെടുന്നത്. അവിടെ വാസ്തവത്തിന് പ്രാധാന്യം കുറവായിരിക്കും. അത്തരം പരസ്യങ്ങൾ ഒരു കച്ചവടതന്ത്രം മാത്രമാണ്.
എങ്കിലും ശുചിത്വപാലനം, രോഗപ്രതിരോധം, പുകവലിയും മദ്യപാനവും കൊണ്ടുള്ള ദോഷവശങ്ങൾ, ഗതാഗതനിയമങ്ങൾ, വിദ്യാഭ്യാസ കാര്യങ്ങൾ, കാർഷിക കാര്യങ്ങൾ, ഭരണ കാര്യങ്ങൾ, നികുതി, വാർത്തകൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച പരസ്യങ്ങൾ ഏറെ പ്രയോജനകരമാണ്.

Exam Tips:

a) ഗുണങ്ങളും ദോഷങ്ങളും രണ്ടു പ്രത്യേക പോയിന്റുകളായി (ഗുണം: അറിവ് പകരൽ, ബോധവൽക്കരണം; ദോഷം: അതിശയോക്തി, കച്ചവടതന്ത്രം) എഴുതുക.
b) ബോധവൽക്കരണ പരസ്യങ്ങളുടെ ഒരു ഉദാഹരണമെങ്കിലും ചേർക്കുക.

 

Question 4: ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക - വി. കെ. ആദർശ്.

Answer:

1979-ൽ കൊല്ലം ജില്ലയിലെ ഉമയനല്ലൂർ വാഴപ്പള്ളിയിൽ ജനിച്ചു. ശാസ്ത്ര-സാങ്കേതിക വിദ്യയെപ്പറ്റി ആനുകാലികങ്ങളിൽ എഴുതുന്നു. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ടെക്നിക്കൽ മാനേജരാണ്.
ശാസ്ത്രപത്രപ്രവർത്തനത്തിനും ഊർജസംരക്ഷണ പ്രവർത്തനത്തിനും സംസ്ഥാന സർക്കാരിൽനിന്ന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇനി വായന, ഇ-വായന, ഇ-മലിനീകരണം, വിവരസാങ്കേതികവിദ്യ നിത്യജീവിതത്തിൽ തുടങ്ങിയവ പ്രധാന കൃതികളാണ്.

Exam Tips:

a) ജനനസ്ഥലം, തൊഴിൽ, എഴുത്തിന്റെ മേഖല, പുരസ്കാരങ്ങൾ, പ്രധാന കൃതികൾ എന്നിവ ക്രമത്തിൽ എഴുതുക.

 

Question 5: ഇന്റർനെറ്റിന്റെ ഇന്നത്തെ പ്രധാന ന്യൂനത വിനിമയഭാഷയായി ഇംഗ്ലീഷ് മാത്രമേ ഡിജിറ്റൽ വ്യൂഹങ്ങൾക്ക് പഥ്യമാകൂ എന്നതാണ്. (ശരിയോ തെറ്റോ എന്ന് എഴുതുക)

Answer:

തെറ്റ്

Exam Tips:

a) യൂണികോഡ് വന്നതോടെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ ഇന്റർനെറ്റിൽ ഉപയോഗിക്കാമെന്നത് ഓർക്കുക; ഉത്തരത്തിന് ഈ ന്യായം ചേർക്കാം.

 

Question 6: ഒരു സാമൂഹിക സമ്പർക്ക മാധ്യമമാണ് ഫേസ്ബുക്ക്. (ശരിയോ തെറ്റോ എന്ന് എഴുതുക)

Answer:

ശരി

Exam Tips:

a) ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ സാമൂഹിക മാധ്യമങ്ങൾക്ക് ഉദാഹരണങ്ങളാണ്.

 

4 Mark Questions and Answers

Question 7: 'ഇ-മലയാളത്തിന്റെ പ്രവർത്തന മേഖല വിപുലമായിക്കൊണ്ടിരിക്കുന്നു' - ഉദാഹരണസഹിതം വ്യക്തമാക്കുക.

Answer:

ഇന്റർനെറ്റ് നിലവിൽ വന്ന സമയത്ത് വിനിമയഭാഷ ഇംഗ്ലീഷായിരുന്നു. ഇംഗ്ലീഷു മാത്രമേ അതിന് പകരിക്കൂ എന്ന കാഴ്ചപ്പാട് തകിടംമറിഞ്ഞിരിക്കുന്നു. യൂണികോഡ് മലയാളം വിവിധ ഇന്റർനെറ്റ് ഇടങ്ങളിൽ കാര്യമായ തോതിൽ ഉപയോഗിക്കാമെന്നായിരിക്കുന്നു. മലയാളം യൂണികോഡ് ഫോണ്ടുകളുടെ വലിയ വർധനയാണുണ്ടായിരിക്കുന്നത്. ഇതര ഭാരതീയ ഭാഷകളിൽ മലയാളത്തിന്റെ നില വളരെ മെച്ചമാണ്.
വിവിധ പോർട്ടലുകൾ, സാഹിത്യ-കലാ സംബന്ധിയായ സൈറ്റുകൾ, മുഴുവൻ സമയ വാർത്താ ഇടങ്ങൾ, മലയാളം വിക്കിപീഡിയ, ഓൺലൈൻ നിഘണ്ടു തുടങ്ങി ഇ-മലയാളത്തിന്റെ പ്രവർത്തിപഥം വിപുലമാണ്. ഇത് ഇന്ന് എല്ലാ പ്രാദേശിക ഭാഷകൾക്കും നേടിയെടുക്കാവുന്ന കാര്യങ്ങളായിരിക്കുകയാണ്. കമ്പ്യൂട്ടറിന്റെ ആപ്ലിക്കേഷൻ ഭാഷയടക്കം മാറിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് എന്ന ഏക ഭാഷാധിപത്യത്തിൽനിന്ന് ബഹുഭാഷാ ലോകത്തിലേക്കുള്ള മാറ്റം ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇംഗ്ലീഷ് ആധിപത്യത്തിൽനിന്ന് കുതറിമാറി പ്രാദേശിക ഭാഷകൾ ഈ രംഗത്തു കടന്നുവന്നിരിക്കുന്നു. സൈബർ ലോകത്തെ മലയാളം അതിവിപുലമായിക്കഴിഞ്ഞു. ഇന്റർനെറ്റിന്റെ ഭാവിവികാസം പ്രാദേശിക ഭാഷകളിലൂടെയായിരിക്കും എന്നതിനു തെളിവാണിത്.

Exam Tips:

a) ഇ-മലയാളത്തിന്റെ വളർച്ചയ്ക്ക് കാരണമായ യൂണികോഡ് ഫോണ്ടുകൾ എടുത്തുപറയുക.
b) വിക്കിപീഡിയ, പോർട്ടലുകൾ, ഓൺലൈൻ നിഘണ്ടു തുടങ്ങിയ ഉദാഹരണങ്ങൾ ഉൾപ്പെടുത്തുക.

 

Question 8: താഴെക്കൊടുത്ത വിവരങ്ങളിൽനിന്ന് ആവശ്യമായവ ഉപയോഗിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക.
- മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗം
- സൗരോർജമുപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷ
- മുകളിലും വശങ്ങളിലും സോളാർ പാനൽ
- അന്തരീക്ഷ മലിനീകരണമില്ല
- ബാറ്ററിയിൽ ചാർജ് ശേഖരിക്കും
- മണിക്കൂർ ചാർജ് ചെയ്താൽ 80 കിലോമീറ്റർ ഓടും
- വൈദ്യുതി ഉപയോഗിച്ചും ചാർജ് ചെയ്യാം
- അഞ്ചുപേർക്ക് സഞ്ചരിക്കാം
- കിലോമീറ്ററിന് ചെലവ് 20 പൈസ
- വില ഒന്നേകാൽ ലക്ഷം
- ഇന്ത്യയിൽ ഏഴ് സംസ്ഥാനങ്ങളിൽ ഇവ ഓടുന്നുണ്ട്
- കേരളത്തിൽ ആദ്യമായി കൊച്ചിയിൽ നിരത്തിലിറങ്ങി

Answer:

സൗരോർജ ഓട്ടോറിക്ഷ കേരളത്തിലും
കൊച്ചി: സൗരോർജം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷ കേരളത്തിൽ ആദ്യമായി കൊച്ചിയിൽ നിരത്തിലിറങ്ങി. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ളതും അഞ്ചുപേർക്ക് സഞ്ചരിക്കാവുന്നതുമായ ഇത്തരം ഓട്ടോറിക്ഷകൾ ഇന്ത്യയിൽ ഏഴ് സംസ്ഥാനങ്ങളിൽ ഓടുന്നുണ്ട്.
ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ഇവ അന്തരീക്ഷമലിനീകരണം ഉണ്ടാക്കില്ല. മുകൾഭാഗത്തും വശങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലിന്റെ സഹായത്തോടെ ബാറ്ററിയിൽ ചാർജ് ശേഖരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 80 കിലോമീറ്റർ ഓടും; വൈദ്യുതി ഉപയോഗിച്ചും ചാർജ് ചെയ്യാം. കിലോമീറ്ററിന് 20 പൈസ മാത്രമേ ചെലവുള്ളൂ എന്നതും ഇവയുടെ മേന്മയാണ്.

Exam Tips:

a) പത്രവാർത്തയ്ക്ക് ആകർഷകമായ തലക്കെട്ടും 'സ്ഥലം:' (ഡേറ്റ്‌ലൈൻ) ഭാഗവും നൽകുക.
b) ഏറ്റവും പ്രധാന വിവരം (ആദ്യമായി കൊച്ചിയിൽ) ആദ്യ വാക്യത്തിൽ വയ്ക്കുക.
c) നൽകിയ വിവരങ്ങൾ വിട്ടുപോകാതെ, സ്വന്തം വാക്യങ്ങളിൽ ക്രമീകരിക്കുക.

 

Question 9: "ഫെയ്സ് ബുക്ക് ആയിരിക്കരുത് ഫെയ്സ് ദ ബുക്ക്" (പുസ്തകത്തെ അഭിമുഖീകരിക്കുക) എന്നതായിരിക്കണം വിദ്യാർത്ഥികളുടെ മുഖ്യപരിഗണന. - ഈ അഭിപ്രായത്തെ മുൻനിർത്തി സാമൂഹിക മാധ്യമങ്ങളുടെ കാലത്തെ വായനയെക്കുറിച്ച് മുഖപ്രസംഗം തയ്യാറാക്കുക.

Answer:

വായനയുടെ പ്രാധാന്യം
"വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചുവളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും" എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികൾ അർഥപൂർണ്ണമാണ്. സമൂഹജീവിയായ മനുഷ്യന്റെ വളർച്ചയിൽ പുസ്തകങ്ങൾക്കുള്ള സ്ഥാനം നിസ്തുലമാണ്. ഒരു വനെ പൂർണ്ണനാക്കുന്നത് വായനയാണ്. ബുദ്ധിവികാസത്തിനും മാനസിക ഉണർവിനും വായന പ്രധാന പങ്കുവഹിക്കുന്നു.
ഇന്ന് റേഡിയോയും ടെലിവിഷനും ഇന്റർനെറ്റുമെല്ലാം അറിവിന്റെ പ്രചാരണത്തിന് സഹായമാകുന്നുണ്ടെങ്കിലും വായനയിലൂടെ ലഭിക്കുന്ന അറിവിനു പരിധിയില്ല. ഉത്തമഗുരുനാഥന്മാരാണ് പുസ്തകങ്ങൾ. അറിവിന്റെയും അനുഭൂതിയുടെയും വ്യാപനത്തിൽ അവ പ്രധാന പങ്കുവഹിക്കുന്നു. സംസ്കാരവ്യാപനത്തിലും ചിന്താവികാസത്തിലും അവ വഹിക്കുന്ന പങ്ക് മഹത്തരമാണ്.

Exam Tips:

a) മുഖപ്രസംഗത്തിന് ശീർഷകവും ആമുഖവും വാദങ്ങളും ഉപസംഹാരവും ഉണ്ടായിരിക്കണം.
b) സാമൂഹിക മാധ്യമങ്ങളുടെ ഗുണവും പുസ്തകവായനയുടെ അനിവാര്യതയും താരതമ്യം ചെയ്യുക.
c) കുഞ്ഞുണ്ണിമാഷിന്റെ വരികൾ ഉദ്ധരിച്ചാൽ ഉത്തരത്തിന് ഭംഗി കൂടും.
d) കൂടുതൽ ആശയങ്ങൾ സ്വന്തമായി കൂട്ടിച്ചേർക്കാൻ ശ്രമിക്കുക.

 

Question 10: ജനസമൂഹത്തിന് അറിവും ആഹ്ലാദവും പകർന്നുകൊടുക്കുക എന്നതാണ് മാധ്യമങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ പത്രപംക്തിയിൽ മുഖ്യസ്ഥാനങ്ങളും റേഡിയോയിലും ടി.വി.യിലും തിരക്കിന്റെ പാരമ്യത്തിൽപോലും പരസ്യങ്ങൾ വരുന്നതിനെ ലേഖകൻ ന്യായീകരിക്കുന്നതെങ്ങനെ?

Answer:

പത്രപംക്തികളിൽ മുഖ്യസ്ഥാനത്തും റേഡിയോയിലും ടി.വിയിലും തിരക്കിന്റെ പാരമ്യത്തിൽപ്പോലും കൂടുതൽ സമയവും സ്ഥലവും നേടുന്ന വാർത്തയും വിഷയവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കും.
റേഡിയോവിലും ടി.വിയിലും ഏതുതരം പരിപാടികളോടു ബന്ധപ്പെടുത്തി തങ്ങളുടെ പരസ്യം വരണമെന്ന് തീരുമാനിക്കുന്നതിൽ പരസ്യവിദഗ്ധർ ശ്രദ്ധിക്കും. ആവുന്നത്ര കൂടുതൽ ആളുകളെ ആകർഷിക്കാനിടയുള്ള പരിപാടികളോടു ചേർന്നുനിൽക്കുക എന്ന നയമാണ് സ്വാഭാവികമായും എല്ലാ പരസ്യക്കാരും കൈക്കൊള്ളുക. അതിശയോക്തി കൂടാതെ പരസ്യവും പ്രചാരണവും വളരെ അപൂർവ്വമാണ്.
ഉപഭോക്താക്കളിൽ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള അറിവ് പകരുക എന്നതാണ് പരസ്യങ്ങളുടെ ധർമ്മം. സാധാരണ പരസ്യങ്ങൾ അതിശയോക്തി നിറഞ്ഞവയാണ്. ഏതു വിധേനയും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള മാർഗ്ഗമായാണ് പരസ്യങ്ങൾ നിർമ്മിക്കപ്പെടുന്നത്. അവിടെ വാസ്തവത്തിന് പ്രാധാന്യം കുറവായിരിക്കും. എങ്കിലും ശുചിത്വപാലനം, രോഗപ്രതിരോധം, പുകവലിയും മദ്യപാനവും കൊണ്ടുള്ള ദോഷവശങ്ങൾ, ഗതാഗതനിയമങ്ങൾ, വിദ്യാഭ്യാസ-കാർഷിക-ഭരണ കാര്യങ്ങൾ, നികുതി, വാർത്തകൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച പരസ്യങ്ങൾ ഏറെ പ്രയോജനകരമാണ്.

Exam Tips:

a) പരസ്യത്തിന് ജനശ്രദ്ധ കിട്ടുന്ന സ്ഥാനമാണ് പ്രധാനമെന്ന വാദം ആദ്യം പറയുക.
b) പരസ്യങ്ങളുടെ ഗുണവും ദോഷവും ഒരു വാക്യത്തിലെങ്കിലും ചേർത്ത് സന്തുലിതമായ ഉത്തരം നൽകുക.

 

Question 11: 'വസ്തുതകളുടെയും വിവരങ്ങളുടെയും പ്രളയമാണ് മാധ്യമങ്ങളുടെ വികാസത്തിന്റെ പ്രകടമായ ഫലം' - സ്വാഭിപ്രായം വ്യക്തമാക്കുക.

Answer:

രണ്ടാം ലോകയുദ്ധാനന്തരം സംഭവിച്ച മാറ്റങ്ങൾ അത്ഭുതം എന്ന വാക്കിൽ ഒതുങ്ങുന്നതല്ല. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലുണ്ടായ കുതിച്ചുചാട്ടവും വസ്തുതകളുടെയും വിവരങ്ങളുടെയും വമ്പിച്ച വർധനയുമാണ് ഇതിനു കാരണമെന്നു കാണാം. സാങ്കേതിക സൗകര്യങ്ങൾ പരമാവധിപ്പേരിലേക്കു നിമിഷം തോറും എത്തിക്കൊണ്ടിരിക്കുന്നതും ഇതിനു കാരണമാണ്. ജനങ്ങൾ തേടിപ്പിടിച്ചു വായിക്കുന്ന ആയിരമായിരം പുസ്തകങ്ങളുടെ ലക്ഷക്കണക്കിനു പ്രതികൾ ലോകമെമ്പാടുനിന്നും ഇടതടവില്ലാതെ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
ലോകവാർത്തകളും മനുഷ്യരാശിയുടെ വിജ്ഞാനത്തിന്റെ വിവിധ വശങ്ങളും വിനോദ പരിപാടികളും വീട്ടിലിരുന്ന് അറിയാനും ആസ്വദിക്കാനും ടിവി തരുന്ന സൗകര്യം വലുതാണ്. ഇന്ന് പത്രമാസികകളോ ടിവിയോ റേഡിയോയോ ഇല്ലാതെ ജീവിക്കാൻ സാധ്യമല്ലാതായിരിക്കുന്നു. അവിടേയ്ക്ക് കമ്പ്യൂട്ടർകൂടി വന്നതോടെ സംഗതി ആകെ മാറിമറിഞ്ഞു. ലോകത്തിലെ ഏതു കോണിലെ വാർത്തയും തത്സമയം വിരൽത്തുമ്പിലെത്തുമെന്ന അവസ്ഥയാണുള്ളത്. ലോകത്തെവിടെയുള്ളവരുമായും ആശയവിനിമയം നടത്താനും ആധുനികകാലത്ത് നിഷ്പ്രയാസം സാധിക്കുന്നു. ഇങ്ങനെ നോക്കിയാൽ മാധ്യമവികാസത്തിന്റെ പ്രകടമായ ഫലമാണ് വസ്തുതകളുടെയും വിവരങ്ങളുടെയും ആധിക്യം.

Exam Tips:

a) ഉത്തരം 'ശരിയാണ്' എന്ന അഭിപ്രായത്തോടെ ആരംഭിച്ച് കാരണങ്ങൾ ക്രമത്തിൽ എഴുതുക.
b) ടിവി, ഇന്റർനെറ്റ്, പുസ്തകങ്ങളുടെ എണ്ണം എന്നിവ ഉദാഹരണങ്ങളായി ഉപയോഗിക്കുക.

 

Question 12: നവമാധ്യമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് പുതുതലമുറയെ ബോധവൽക്കരിക്കാനുതകുന്ന ലഘുലേഖ തയ്യാറാക്കുക.

Answer:

സുരക്ഷിതമല്ലാത്ത സൈബർ ലോകം
- സൈബർ കുറ്റകൃത്യങ്ങൾ കൂടുതൽ കൗമാരക്കാർക്കിടയിലാണ്.
- ചൂഷണത്തെ തടയുക.
- ഫേക്ക് ഐഡി ഉപയോഗിച്ചുള്ള ചീറ്റിംഗ് സൂക്ഷിക്കുക.
- ആന്റി-പൈറസി സി.ഡി. കാണുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.
- മോർഫിംഗ് പോലുള്ള ചീറ്റിംഗുകളിൽ അകപ്പെടാതെ സൂക്ഷിക്കുക; നിയമസഹായം തേടുക.
- സൈബർ നിയമങ്ങൾ പാലിക്കുകയും വേണ്ടപ്പോൾ നിയമസഹായം തേടുകയും ചെയ്യുക.
- സൈബർ മീഡിയകൾ ആരോഗ്യകരമായി മാത്രം ഉപയോഗിക്കുക.

Exam Tips:

a) ലഘുലേഖയ്ക്ക് ആകർഷകമായ ശീർഷകവും ചുരുങ്ങിയ വാക്യങ്ങളുള്ള പോയിന്റുകളും നൽകുക.
b) അപകടങ്ങൾക്കൊപ്പം പരിഹാര നിർദേശങ്ങളും (നിയമസഹായം തേടൽ) ഉൾപ്പെടുത്തുക.

 

Question 13: വികസനോന്മുഖമായ മുന്നേറ്റത്തിന്റെ ടി.വി.യ്ക്കുണ്ടായ വളർച്ചയെന്ത്?

Answer:

രണ്ടാം ലോകയുദ്ധത്തിനുശേഷം മിക്ക രാജ്യങ്ങളിലും മാധ്യമങ്ങൾക്ക് അഭൂതപൂർവമായ വികാസമുണ്ടായി. സാങ്കേതികവും ശാസ്ത്രീയവുമായ വിജ്ഞാനശാഖകളിൽ ഇരുപതാം നൂറ്റാണ്ട് കൈവരിച്ച നേട്ടങ്ങൾ മാധ്യമങ്ങളുടെ വികാസത്തിന് ആക്കം കൂട്ടി. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം 1950 മുതലുള്ള ഇരുപതുവർഷങ്ങളിൽ പ്രസിദ്ധീകൃതമായ പുസ്തകങ്ങളുടെ എണ്ണം അതിനു തൊട്ടുമുമ്പുള്ള ഇരുപതു കൊല്ലത്തേക്കാൾ മൂന്നിരട്ടിയായിരുന്നു.
വികസനോന്മുഖമായ മുന്നേറ്റത്തിൽ വേറെ ഏതു മാധ്യമത്തെയും കടത്തിവെട്ടിയത് ടി.വിയാണ്. ഇന്ത്യയിൽ അങ്ങുനിന്നിങ്ങോളം പടർന്ന് ദൂരദർശൻ തരംഗം പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും കടന്നുചെന്നു കഴിഞ്ഞിരിക്കുന്നു. ഇന്ന് ലോകത്തിന്റെ ഏതു കോണിൽ നടക്കുന്ന വിവരങ്ങളും വാർത്തകളും തത്സമയം ടി.വി. നമ്മുടെ സ്വീകരണമുറിയിലെത്തിക്കുന്നു. വാർത്തകൾ വിശകലനം ചെയ്ത് അതിന്റെ ശരിയും തെറ്റും നമ്മുടെ മുമ്പിലെത്തിക്കാൻ വിവിധ ചാനലുകളും ഇന്ന് മത്സരമാണ്. അങ്ങനെ ടി.വി. ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി നമ്മുടെ ജീവിതത്തിലുണ്ട്.

Exam Tips:

a) യുദ്ധാനന്തര വളർച്ച, ടി.വിയുടെ വ്യാപനം, തത്സമയ വാർത്ത എന്നീ മൂന്നു ഘട്ടങ്ങൾ ക്രമത്തിൽ എഴുതുക.
b) പുസ്തക പ്രസിദ്ധീകരണത്തിലെ മൂന്നിരട്ടി വർധന ഒരു കണക്കായി ഉദ്ധരിക്കുക.

 

Question 14: വിശദീകരണക്കുറിപ്പു തയാറാക്കുക - സാമൂഹിക മാധ്യമങ്ങൾ.

Answer:

സാധാരണ മാധ്യമഘടനയിൽനിന്നും വിട്ട് സാമൂഹിക സമ്പർക്കത്തിലൂടെ സ്വതന്ത്രമായ ആവിഷ്കാരങ്ങൾ നടത്തുന്ന സൈബർ ഇടമാണ് നവമാധ്യമങ്ങൾ. അറിവുകളും വിവരങ്ങളും കെമാറാനും അവയോടു പ്രതികരിക്കാനുമുള്ള സ്വതന്ത്രാവിഷ്കാരത്തിന്റെ ഇടമാണവ.
ഇതിൽ എഡിറ്റിംഗ് ഇല്ല. അവരവരുടെ അറിവും അഭിരുചിയും അനുസരിച്ച് സാമൂഹികപ്രശ്നങ്ങളിൽ പങ്കാളികളാവുന്നു. ഫേയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, വാട്ട്സ് ആപ്പ് എന്നിങ്ങനെ സാമൂഹിക മാധ്യമങ്ങൾ അനവധിയുണ്ട്. ഇതിലും നവീനമായ മാധ്യമരൂപങ്ങൾ പ്രത്യക്ഷപ്പെടാം. അങ്ങനെ ചിന്തിക്കുമ്പോൾ 'നവമാധ്യമം' എന്ന വിളിപ്പേരിനെക്കാൾ ഉചിതം 'സാമൂഹികമാധ്യമം' എന്നതാകുന്നു.
സാധാരണ മാധ്യമങ്ങളുടെ ഘടനയിൽനിന്ന് വളരെ മാറിയാണ് സാമൂഹികസമ്പർക്ക മാധ്യമങ്ങൾ സഞ്ചരിക്കുന്നത്. ഇരുത്തം വന്ന ഭാഷ, പലതട്ടിലുള്ള എഡിറ്റിംഗ് എന്നിവ സമ്പ്രദായിക മാധ്യമങ്ങളുടെ രീതിയാണ്. സാമൂഹികമാധ്യമങ്ങളിൽ ഇങ്ങനെ ഒരു എഡിറ്റിംഗ് ഇല്ല. മറിച്ച്, അവരവരുടെ രുചിഭേദവും അറിവും അനുസരിച്ച് ഇടപെടുകയാണ്.
മാധ്യമ ബഹുസ്വരതയുടെ ശക്തിയും ദൗർബല്യവും ഒരേസമയം ഇതിനുണ്ട്. എണ്ണംകൊണ്ടും വളർച്ചനിരക്കുകൊണ്ടും ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ ലോകത്തിലെ പ്രബലമാധ്യമങ്ങളായി മാറിക്കഴിഞ്ഞു. മൊബൈൽ ഇന്റർനെറ്റിന്റെ വ്യാപനവും സ്മാർട്ട് ഫോണുകളുടെ പ്രചാരവും സാമൂഹ്യസമ്പർക്ക മാധ്യമങ്ങളുടെ സമീപകാലമുന്നേറ്റത്തിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു.

Exam Tips:

a) സാമൂഹിക മാധ്യമങ്ങളുടെ നിർവചനം ആദ്യം എഴുതുക; തുടർന്ന് എഡിറ്റിംഗ് ഇല്ലാത്തത് ഉൾപ്പെടെയുള്ള സവിശേഷതകൾ പറയുക.
b) ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നീ ഉദാഹരണങ്ങൾ ചേർക്കുക.
c) ശക്തിയും ദൗർബല്യവും ഒരുപോലെ സൂചിപ്പിക്കുക.

 

Question 15: സാമൂഹിക മാധ്യമങ്ങൾ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടേണ്ട തുണ്ടോ - എന്ന സംവാദത്തിൽ പങ്കെടുത്ത് നിങ്ങൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന വാദഗതികൾ വിശദമാക്കുക.

Answer:

സമൂഹമാധ്യമങ്ങൾ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടണം എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. കാരണം അത്തരം സംവാദങ്ങൾ സമൂഹത്തിന്റെ ഉന്നതതലവീക്ഷണതലങ്ങളിലുള്ളവയും വിദ്യാർത്ഥി സമൂഹത്തിന്റെ ചിന്താധാരകൾക്കപ്പുറവുമാണ്. വിദ്യാർത്ഥികൾ സാമൂഹിക മാറ്റങ്ങളെ മനസ്സിലാക്കേണ്ടതില്ല എന്നല്ല ഇതിലൂടെ വിവക്ഷിക്കുന്നത്.
അവരുടെ കാഴ്ചപ്പാടുകൾ ക്ലാസുമുറികളിലും സ്കൂൾതലത്തിലും ചർച്ചകളിൽ ഉയർന്നുവരികയും അതിനുവേണ്ട പ്രതികരണങ്ങളും തുടർവാദങ്ങളും ഉണ്ടാവുകയുമാണ് വേണ്ടത്. മറിച്ച് അത് സമൂഹമാധ്യമങ്ങളിലൂടെയാവുമ്പോൾ അവരുടെ ചിന്താലോകം ഗതിമാറിപ്പോവുകയും പഠനമെന്ന മുഖ്യലക്ഷ്യത്തിൽനിന്ന് അവർ വ്യതിചലിച്ചുപോവുകയും ചെയ്തേക്കാം.
അതുപോലെതന്നെ സമൂഹമാധ്യമങ്ങളുടെ പ്രസക്തിയും അവയുടെ ന്യൂനതകളും വിദ്യാർത്ഥികൾ വേണ്ടവിധം പഠനവിധേയമാക്കുകയും വേണം. അന്ധമായ നിയന്ത്രണമില്ലാത്ത സമൂഹമാധ്യമ ചപലതകൾ വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നതും ചൂഷണം ചെയ്യുന്നതും നമുക്ക് പരിചിതമായ കാര്യമാണ്. അതിനാൽ സാമൂഹികമാധ്യമങ്ങൾ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടുകതന്നെ വേണം.

Exam Tips:

a) സംവാദത്തിൽ ഒരു വ്യക്തമായ നിലപാട് ആദ്യം പ്രഖ്യാപിക്കുക.
b) വാദങ്ങൾ (ചിന്താഗതി മാറൽ, പഠനത്തിൽനിന്നുള്ള വ്യതിചലനം, ചൂഷണസാധ്യത) പ്രത്യേക പോയിന്റുകളായി എഴുതുക.
c) ഒരു എതിർവാദത്തിന് മറുപടി നൽകിയാൽ നിലപാട് ശക്തമാകും.

 

Question 16: എന്താണ് കമ്പ്യൂട്ടറിന്റെ ഏറ്റവും വലിയ സവിശേഷത?

Answer:

കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും വലിയ സവിശേഷത വേഗതയും സൂക്ഷ്മതയുമാണ്. വളരെ വേഗം അളവറ്റ വിവരങ്ങളിൽനിന്ന് നമുക്ക് ഏറ്റവും ആവശ്യമുള്ളത് നൊടിയിടകൊണ്ട് കണ്ടെത്താനും സൂക്ഷ്മമായി അപഗ്രഥിക്കാനുമുള്ള കമ്പ്യൂട്ടറിന്റെ അസാമാന്യമായ മികവ് - അത് അത്ഭുതാവഹംതന്നെയാണ്.
ഈ ഒരു നേട്ടം മാത്രമല്ല, അളവറ്റ വിവരശേഖരണത്തിൽനിന്ന് വിവേചനപൂർവ്വം നമുക്ക് ആവശ്യമുള്ളത് മാത്രം വിവേകത്തോടെ തെരഞ്ഞെടുത്തു തരാനുള്ള ആ വിവേകശക്തിയാണ് കമ്പ്യൂട്ടറിനെ രണ്ടാം തലച്ചോറാക്കി മാറ്റുന്നത്. 'മാധ്യമവിചാരം' എന്ന ലേഖനത്തിൽ 'കമ്പ്യൂട്ടർ ഉൾപ്പെടുന്ന സൈബർ ലോകത്തെക്കുറിച്ചുള്ള വരവിന്റെ കടന്നുവരവിന്റെ അരങ്ങേറ്റത്തിന്റെ വിളംബരഘോഷയാത്രയെ നമ്മൾ കാണുന്നുള്ളൂ. ഇന്ന് ഈ വർത്തമാനകാലത്തിന്റെ നെറുകയിൽ വെച്ച് അവ ലോകനം ചെയ്യുമ്പോൾ ജീവിതത്തിന്റെ, നിത്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ഒരുപോലെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും വേഗത വർദ്ധിപ്പിക്കുകയും ചെയ്തുപോരുന്ന ഒന്നായി കമ്പ്യൂട്ടറുകൾ മാറി.
കമ്പ്യൂട്ടറുകൾ അന്യംനിന്നുപോകുന്ന ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ല. പേഴ്സിൽ മുതൽ സാധാരണ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്ന കടകളിൽപോലും ഇന്നവ അവിഭാജ്യ ഘടകമാണ്. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെതന്നെ സാമൂഹിക, വൈയക്തിക ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ആശയവിനിമയസമ്പ്രദായങ്ങളിലും അത്ഭുതകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട കമ്പ്യൂട്ടറുകൾ, അവയുടെ അനന്തസാധ്യതകളുടെ അത്ഭുതലോകം തുറന്നുവെച്ചിരിക്കുന്നു. ലോകം ഇന്നൊരു പക്ഷിക്കൂടുപോലെ ചെറുതായിരിക്കുന്നു. പരസ്പരമുള്ള വേലിക്കെട്ടുകളെ തകർത്തെറിയാൻ ഇവയ്ക്ക്, കമ്പ്യൂട്ടറിനു കഴിഞ്ഞു.

Exam Tips:

a) 'വേഗത', 'സൂക്ഷ്മത' എന്നീ രണ്ടു സവിശേഷതകൾ ആദ്യ വാക്യത്തിൽത്തന്നെ പറയുക.
b) വിവരശേഖരത്തിൽനിന്ന് ആവശ്യമുള്ളതു തിരഞ്ഞെടുക്കാനുള്ള ശേഷി ('രണ്ടാം തലച്ചോർ') ഉദാഹരിക്കുക.

 

6 Mark Questions and Answers

Question 17: "പത്രം, റേഡിയോ, ടെലിവിഷൻ മുതലായ മാധ്യമങ്ങൾ ബഹുജനങ്ങളെ സ്വാധീനിക്കുന്ന ശക്തമായ ഉപകരണങ്ങളാണ്". ഈ പ്രസ്താവനയുടെ സാധ്യത 'മാധ്യമവിചാരം' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.

Answer:

ദിനപത്രം, റേഡിയോ, ടെലിവിഷൻ - ഇവ മൂന്നും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻപോലും നമുക്കാവില്ല. അത്രമാത്രം ആഴത്തിൽ ഈ മാധ്യമങ്ങൾ നമ്മുടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങളെയും അതിശക്തമായി സ്വാധീനിക്കുവാൻ ഈ മാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറ്റവും കൂടുതൽ അവർ ആവശ്യപ്പെടുന്നത് റിലാക്സേഷനാണ്. സ്വന്തം മനസ്സിനെ ശാന്തമാക്കുക. വിനോദങ്ങളും ആഹ്ലാദങ്ങളും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻപോലും സാമാന്യ ജനങ്ങൾക്കാവില്ല. അതുകൊണ്ടുതന്നെ അവരതിനെ മുറുകെപ്പിടിക്കുന്നു. ഏതുകാലഘട്ടത്തിലും ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള വിനോദ ഉപാധികൾ ആവശ്യമായിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടു മുതൽ ആധുനിക വാർത്താവിനിമയ സംവിധാനങ്ങളിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായപ്പോൾ സ്വാഭാവികമായും അതിന്റെ അനുരണനം മാധ്യമരംഗത്തുമുണ്ടായി. അങ്ങനെ റേഡിയോ, പത്രം, ടെലിവിഷൻ ഈ മൂന്നു മാധ്യമങ്ങൾ ജനസാമാന്യത്തിന്റെ ദിനരാത്രങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കാൻ തുടങ്ങി.
പത്രം: അച്ചടിരംഗത്തെ അതികായൻ. പത്രമാധ്യമങ്ങൾ വഴി ലോകത്ത് ബഹുഭൂരിപക്ഷം പേരും തങ്ങളുടെ നയസമീപനങ്ങൾ കൈക്കൊള്ളുന്നു. ഒരു ജനസമൂഹത്തെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊന്ന് ഉണ്ടാകില്ല. ഒരു ദിവസം പത്രമൊന്ന് ഓടിച്ചുനോക്കാത്ത ഒരൊറ്റ സാക്ഷരനും ലോകത്ത് ഉണ്ടാകില്ല. അത്രമാത്രം ജനത്തെ നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ഒരുതരം ഭ്രാന്തമായ തരത്തിൽ ദിനചര്യയുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്ന അത്ഭുതവിദ്യയുടെ ഭാഗമാണ് പത്രപാരായണം. ഒരു 'അഡിക്ഷൻ' പത്രത്തിനോട് ആളുകളിൽ ദൃഢമാണ്. അച്ചടിക്കുന്ന ആധികാരികതയാണ് പത്രം. സ്വാഭാവികമായും സത്യങ്ങൾ തേടിയാണ് ജനങ്ങൾ പത്രത്തിലേക്ക് എത്തുന്നത്. പലപ്പോഴും നിഷ്പക്ഷത പാലിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ പത്രങ്ങൾക്ക് കഴിയാറില്ല. എങ്കിലും അവരുടെ പക്ഷപാതിത്വത്തിനും കാണും ഒരു സത്യസന്ധത. അതുകൊണ്ടുതന്നെ ആധുനികാനന്തര സമൂഹത്തിലും നാനാതരത്തിലുള്ള വാർത്താവിനിമയ ഉപാധികളുടെ വർധനവുണ്ടായിട്ടും പത്രം പത്രമായിത്തന്നെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പത്രങ്ങൾ പ്രചാരം നശിച്ച് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകും എന്നുവരെയുള്ള കിംവദന്തികൾ ഉണ്ടായി. എന്നാൽ എത്രയൊക്കെ ലോകം വളർന്നാലും പ്രഭാതത്തിലെ പത്രത്തിനൊപ്പമുള്ള ഒരു സഞ്ചാരത്തെ ഉപേക്ഷിക്കാൻ ലോകജനതയ്ക്ക് സാധിക്കില്ല. അതൊരു ശീലമാണ്, സംസ്കാരമാണ്.
റേഡിയോ: റേഡിയോ സാധാരണക്കാരന്റെ വിനോദോപാധി. വില്യം മാർക്കോണി കണ്ടുപിടിച്ചതിൽ പിന്നെ രൂപഭാവങ്ങളിലും പരിപാടികളുടെ ശൈലികളിലും മറ്റും കാലാന്തരമായി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വലിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും ശ്രോതാക്കളുടെ ആസ്വാദനത്തിന്റെ തോതിൽ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. ഇന്നും ജനലക്ഷങ്ങൾ വലിയ തോതിൽ റേഡിയോ ആസ്വദിക്കുന്നു. എന്താണ് കാരണം? ഒന്നാമതേത് നിസ്സാരമായ തുകയ്ക്ക് വലിയൊരു വിനോദോപാധി. മറ്റൊന്ന് ഒരു ശ്രോതാവായി മാറുക എന്നത് ഏറ്റവും ആനന്ദകരമായ ഒരു അനുഭൂതിയാണ്. യാത്രയിലോ വെറുതെ ഇരിക്കുമ്പോഴോ ഏതുസമയത്തും 'കേഴ്വി' എന്ന ഇന്ദ്രിയാനുഭൂതിയിൽ സ്വയം മറന്ന് ലയിക്കാൻ സാധിക്കുന്നു. ഒപ്പം ജീവിതത്തിന്റെ നാനാവിധമായ തുറകളിൽനിന്നുള്ള അളവറ്റ അറിവുകളും ലഭിക്കുന്നു. മറ്റൊന്ന്, റേഡിയോ ലോകത്തിന്റെ മുക്കിലും മൂലയിലുംവരെ അതിന്റെ സിഗ്നലുകൾ എത്തിച്ച് വിനോദ, വിജ്ഞാന പരിപാടികളിലൂടെ ശ്രോതാക്കളെ രസിപ്പിക്കുന്നു. മറ്റൊരു പ്രധാന കാരണം, അളവറ്റ ഭാവനാലോകത്തേക്ക് റേഡിയോ ശ്രോതാവിനെ കൊണ്ടുപോകുന്നു. മുത്തശ്ശിക്കഥ കേൾക്കുന്ന അതേ ലാഘവത്തോടെ, അത്ര ആനന്ദത്തോടെ നമുക്ക് റേഡിയോ വിനോദപരിപാടികളും ആസ്വദിക്കാം. താന്താങ്ങളുടെ ഭാവനാശക്തിക്ക് അനുഗുണമായി അളവറ്റ ഭാവനാസാമ്രാജ്യങ്ങൾ സൃഷ്ടിക്കാനും സ്വയം അതിന്റെ ചക്രവർത്തിയായി സ്വപ്നസാമ്രാജ്യങ്ങൾ കൂടുതൽ കീഴടക്കാനുമുള്ള അസുലഭ ആനന്ദ അവസരമാണ് റേഡിയോ പ്രദാനം ചെയ്യുന്നത്. സമാധാനകാലത്തു മാത്രമല്ല, യുദ്ധത്തിന്റെ ഭീകരാന്തരീക്ഷത്തിലും റേഡിയോ ഏറ്റവും നല്ല രീതിയിൽ കിടയറ്റ മാധ്യമമായി സ്വയം വർത്തിച്ചിട്ടുണ്ട്. ഒരുപക്ഷേ ലോകത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കിടയിലും കാലദേശഭാഷാതീർത്തികൾക്ക് അപ്പുറത്തേക്ക് പടരുന്ന ജനകീയ വിനോദമാധ്യമമാണ് റേഡിയോ.
ടി.വി. (ടെലിവിഷൻ): ടെലിവിഷൻ ഇന്ന് ജനതയുടെ ഏറ്റവും വിലപിടിപ്പുള്ള വിനോദോപാധിയായി മാറിയിരിക്കുന്നു. അതിനേക്കാൾ വിലപിടിച്ച വിനോദോപാധികൾ വേറെയും കണ്ടേക്കാം. എന്നാൽ ടി.വിയെപ്പോലെ ഇത്ര ജനകീയത അതിനുണ്ടാകില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ ഇത്രമാത്രം ജനഹൃദയങ്ങളെ സ്വാധീനിച്ച മറ്റൊരു കണ്ടുപിടിത്തം വിരളമാണെന്ന് പറയാം. സ്വാഭാവികമായും ജനങ്ങളുടെ വലിയ ഒരു അഡിക്ഷൻ ടെലിവിഷനോട് ഉണ്ടായി. വിനോദവും വിജ്ഞാനവും എന്നല്ല, വാർത്തകളും ലോകത്തിന്റെ സ്വപ്നങ്ങളും കലാപരിപാടികളും എന്നിങ്ങനെ മാനവീയ സമൂഹത്തെ ബാധിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന സർവ്വതിനും അത് വേദിയാകുന്നു. വീടിന്റെ സ്വീകരണമുറിയിലെ ഏറ്റവും വിലപിടിച്ച, പ്രിയമുള്ള ഒരു അതിഥിയായി ടി.വി. മാറുന്നു. അതുകൊണ്ടുതന്നെ ടി.വി. പരിപാടികളെ സ്വന്തം കുടുംബകാര്യങ്ങളെപ്പോലെയാണ് ആളുകൾ നോക്കിക്കാണുന്നത്. വല്ലാത്തൊരു അടുപ്പം ടെലിവിഷനോട് നമുക്ക് തോന്നും. അതിഥി എന്നതിനേക്കാൾ അംഗം എന്ന തലത്തിലേക്ക് അത് മാറി. ഏറ്റവും കൂടുതൽ ടി.വിയോട് അടുപ്പം കാണിക്കുന്നത് നമ്മുടെ ഭാരതീയ പശ്ചാത്തലത്തിൽ സ്ത്രീകളാണ്. കാരണം ഏറ്റവും ഉചിതമായ സമയത്ത്, ഏറ്റവും കൂടുതൽ സമയം അതുപയോഗിക്കാൻ അവസരം ലഭിക്കുന്നതും അവർക്കാണ്. മലയാളത്തിന്റെ സവിശേഷസാഹചര്യത്തിൽ സീരിയലുകൾ കുടുംബത്തിന്റെ സായന്തനങ്ങളെ അക്ഷരാർത്ഥത്തിൽ കവർന്നെടുക്കുകയാണെന്നു പറയാം. 7 മണി മുതൽ 10 മണി വരെ രാത്രിയിൽ എല്ലാ വീടുകളും കണ്ണീരിന്റെയും പുഞ്ചിരിയുടെയും വിളനിലമായ സീരിയൽ സോപ്പ് പരമ്പരകളാൽ നിയന്ത്രിക്കപ്പെടുന്നു. അത്രയ്ക്ക് വലിയ സ്വാധീനം അത് ചെലുത്തുന്നു. വിനോദവും വിജ്ഞാനവും നേരംപോക്കുകളും നമ്മുടെ സ്വീകരണമുറിയുടെ ഇത്തിരിപോന്ന വട്ടത്തിനുള്ളിലേക്ക് ദൃശ്യ, ശ്രാവ്യ മാർഗ്ഗങ്ങളിലൂടെ എത്തിച്ച് പൂർണ്ണമായ എന്റർടെയ്ൻമെന്റ് സാധ്യമാക്കുന്നു ടി.വി. അതുതന്നെയാണ് അതിന്റെ അഭൂതപൂർവ്വമായ വിജയത്തിനു കാരണം.

Exam Tips:

a) ഉത്തരം മൂന്നു മാധ്യമങ്ങളെയും (പത്രം, റേഡിയോ, ടി.വി.) പ്രത്യേകം ഉപശീർഷകങ്ങളായി തിരിച്ച് എഴുതുക.
b) ഓരോ മാധ്യമവും ജനങ്ങളെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് ഒരു ഉദാഹരണത്തോടെ വിശദമാക്കുക (പത്രം: ശീലം; റേഡിയോ: ഭാവനയും വിനോദവും; ടി.വി.: സീരിയലുകളും ഗൃഹാന്തരീക്ഷവും).
c) ആമുഖത്തിൽ പ്രസ്താവന ശരിയാണെന്ന് സ്ഥാപിക്കുകയും ഒടുവിൽ ഒരു ഉപസംഹാര വാക്യം ചേർക്കുകയും ചെയ്യുക.

 

Question 18: "സാമൂഹിക മാധ്യമങ്ങളിലേക്ക് വളർന്നുനിൽക്കുന്ന സൈബർലോകത്തെ 'മാധ്യമവിചാരം' എന്ന ലേഖനം ദീർഘദർശനം ചെയ്യുന്നുണ്ട്." പാഠഭാഗം പരിശോധിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക.

Answer:

മാധ്യമവികാസത്തിന്റെ പരമകാഷ്ഠയിലേക്ക് എത്തിച്ചേർന്നതിന്റെ അനന്തരഫലമായാണ് സൈബർ ലോകത്തെ കാണേണ്ടത്. മനുഷ്യന്റെ അളവറ്റ ആശയവിനിമയ, മാധ്യമവിചാരങ്ങൾക്കും അന്വേഷണങ്ങൾക്കുമുള്ള ശാസ്ത്രീയ മറുപടികൂടിയാണ് സൈബർ ലോകം. ഇത്ര അനന്തസാധ്യതകൾ നിറഞ്ഞ മറ്റൊരു മാധ്യമ കണ്ടുപിടിത്തവും ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ജീവിതത്തിന്റെ സമസ്ത മേഖലകളെയും കൂട്ടിയിണക്കാനും വ്യാപരിക്കാനുമുള്ള അനന്തമായ കഴിവിന്റെ അളവറ്റ സ്രോതസ്സുകൂടിയാണ് സൈബർ ലോകം. അപാരമായ പ്രചാരണശേഷിയും സ്വാധീനശക്തിയും പുറത്തെടുത്ത് ലോകത്തെ മുഴുവൻ ഒരു വലയ്ക്കുള്ളിൽ എന്നവണ്ണം നിയന്ത്രിച്ചു, ഒരു വലിയ വട്ടത്തിനുള്ളിൽ തടവിലിട്ടിരിക്കുകയാണെന്ന് ആലങ്കാരികമായി പറയാം. ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ മാധ്യമ അഡിക്ഷൻ തന്നെയാണ് ഇന്ന് സൈബർ ലോകത്ത് സംഭവിച്ചുകഴിഞ്ഞത്. ഇതുപോലെ ഒരു വിസ്ഫോടനംതന്നെയായിരിക്കുന്നു ഈ സൈബർ വളർച്ച.
അളവറ്റ അറിവുകളുടെ സൂക്ഷ്മമായ ശേഖരണത്തിന് നമ്മുടെ കൈയിലുള്ള ശേഖരണസംവിധാനങ്ങൾ പോരാതെവന്നു. എപ്പോഴും 'ആവശ്യമാണ്' സൃഷ്ടിയുടെ മാതാവായി മാറാറ്. അതുതന്നെ ഇവിടെയും സംഭവിച്ചു. ലോകമഹായുദ്ധങ്ങൾ നഗരങ്ങളെയും ജനസംസ്കാരങ്ങളെയും ചുട്ടുചാമ്പലാക്കിയപ്പോൾ, അവിടെ നാശം സംഭവിക്കുകയും തകർച്ച നേരിടുകയും ചെയ്തു. വലിയൊരു സാംസ്കാരിക സംഭരണകേന്ദ്രമായിരുന്ന ഗ്രന്ഥശാലകൾ, മനഃപൂർവമോ അല്ലാതെയോ ലോകത്തിന്റെ നാനാഭാഗങ്ങളിലും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഒരു ജനതയെ നശിപ്പിക്കുന്നതിനെക്കാൾ അവരുടെ അമൂല്യമായ ഗ്രന്ഥശേഖരത്തെ നശിപ്പിക്കുകയാണ് അവരുടെ സംസ്കാരത്തെയും നാഗരികതയെയും തകർക്കാൻ പറ്റിയ മാർഗമെന്ന് ഏകാധിപതികൾ കണ്ടു.
സ്വാഭാവികമായും, നശിപ്പിക്കപ്പെടാതെ ഇത്ര വലിയ അളവിലുള്ള ഈ അനന്തമായ അറിവുകളെ ഭാവിയിലേക്ക് എങ്ങനെ സൂക്ഷിച്ചുവയ്ക്കാം എന്ന അന്വേഷണംതന്നെയാകണം ഈ വലിയ കണ്ടുപിടിത്തത്തിലേക്ക് മാനവരാശിയെ നയിച്ചത്. നമ്മുടെ തലച്ചോറിനെ സഹായിക്കാൻ നാം സൃഷ്ടിച്ച മറ്റൊരു വേലക്കാരൻ, ഒരു അടിമ. നമ്മുടെ തലച്ചോറിന്റെ അതേ ഗുണങ്ങൾ അതേരീതിയിൽ പുനഃസൃഷ്ടിക്കാൻ കഴിയില്ലെങ്കിലും കുറെയൊക്കെ പ്രതിഫലിപ്പിക്കാനും ഓർമ്മിക്കാനും കഴിയുന്ന സ്വയം നിയന്ത്രിതമായ മറ്റൊരു യന്ത്രത്തലച്ചോർ. ആ കണ്ടുപിടിത്തം മനുഷ്യനെ എവിടെയൊക്കെ എത്തിച്ചു! ഇനിയും ഈ പ്രപഞ്ചത്തിന്റെ അനന്തമജ്ഞാതമവർണ്ണനീയമായ എവിടെയൊക്കെ എത്തിക്കാൻ ബാക്കിയിരിക്കുന്നു. അതിനെ ഭൂമിക്കും അപ്പുറത്ത്, ഇതുവരെ ഭാവനയിലും സ്വപ്നലോകത്തും മുത്തശ്ശിക്കഥകളിലും മാത്രം നിറഞ്ഞുനിന്നിരുന്ന മറ്റു ലോകങ്ങൾ തേടിപ്പോകാനും ഒരു പരിധിവരെ അവിടെയൊക്കെ വിജയം നേടാനും മനുഷ്യനെ പ്രാപ്തനാക്കിയത് ഈ കണ്ടുപിടിത്തംതന്നെയാണ്.

Exam Tips:

a) സൈബർ ലോകത്തിന്റെ ആവിർഭാവത്തിന് പിന്നിലെ ആവശ്യം (അറിവുകൾ സൂക്ഷിക്കൽ, ഗ്രന്ഥശാലകളുടെ നാശം) ഒരു പോയിന്റായി എഴുതുക.
b) 'മാധ്യമവിചാരം', 'നവമാധ്യമങ്ങളുടെ ശക്തി' എന്നീ പാഠഭാഗങ്ങളുടെ പേരുകൾ ഉത്തരത്തിൽ പരാമർശിക്കുക.
c) 'രണ്ടാം തലച്ചോർ', 'മാധ്യമ അഡിക്ഷൻ' തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിക്കുക.

 

8 Mark Questions and Answers

Question 19: പരമ്പരാഗത മാധ്യമങ്ങളിൽനിന്ന് സാമൂഹിക മാധ്യമങ്ങൾ ഏതെല്ലാം നിലകളിൽ വ്യത്യസ്തമായിരിക്കുന്നു? 'നവമാധ്യമങ്ങൾ: ശക്തിയും സാധ്യതകളും' എന്ന പാഠഭാഗം അപഗ്രഥിച്ച് കുറിപ്പ് തയ്യാറാക്കുക.

Answer:

പരമ്പരാഗത മാധ്യമങ്ങൾക്ക് പകരമാകുമോ സാമൂഹ്യമാധ്യമങ്ങൾ അഥവാ നവമാധ്യമങ്ങൾ (Social network) എന്നൊരു പഴഞ്ചൻ ചോദ്യം ആദ്യകാലത്ത് സ്വാഭാവികമായും ഉയരുന്നുണ്ടായിരുന്നു. അത് സ്വാഭാവികമാണ്. ഏതൊരു മാറ്റത്തെയും പൊടുന്നനെ ഉൾക്കൊള്ളാൻ യാഥാസ്ഥിതികർക്ക് കഴിയില്ല. അതുകൊണ്ടുതന്നെ സംശയാലുക്കളും ദോഷൈകദൃക്കുകളും ചോദ്യങ്ങളുമായി മുന്നോട്ടുവരിക തന്നെ ചെയ്യും. ഏതുകാലഘട്ടത്തിലും അത് സംഭവിച്ചിട്ടുണ്ട്. അതിന്റെ ഒരു കാരണം, ഒരു വലിയ മുന്നേറ്റം (social formation) ഉണ്ടാകുമ്പോൾ പരമ്പരാഗതമായി നിലനിന്നുപോരുന്ന എന്തിനും ഒരു ആശങ്ക ഉണ്ടാവുക സ്വാഭാവികമാണ്. അത് നിലനിൽപ്പിന്റെ തത്വശാസ്ത്രമാണ്. ആ സംശയത്തിൽനിന്നുതന്നെയാണ് ഇത്തരം ചോദ്യങ്ങളും ഉയരുന്നത്.
നമ്മുടെ കാലഘട്ടത്തെ 'ഇന്റർനെറ്റ് കാല'മെന്നും 'ഇന്റർനെറ്റ് പൂർവ്വ കാല'മെന്നും രണ്ടായി വേർതിരിക്കേണ്ടിവരുമെന്ന് തോന്നുന്നു. അത്രമാത്രം പ്രകടമാണ് ആ വലിയ സ്വാധീനം. നമ്മുടെ ചുറ്റുപാടുകളെ, നമുക്കുള്ള ഓരോന്നിനെയും ഇത്രമാത്രം stamp ചെയ്ത മറ്റൊരു medium വേറെ ഉണ്ടെന്നു തോന്നുന്നില്ല. അത്ര വലിയ അടയാളപ്പെടുത്തലാണ് ഈ നവമാധ്യമരംഗം ഈ സമൂഹത്തിൽ നടത്തിയിരിക്കുന്നത്.
അത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. സൈബർകാലം എങ്ങനെ അതിന്റെ പൂർവ്വകാലത്തുനിന്ന് വ്യത്യസ്തത പാലിക്കുന്നു എന്ന് പരിശോധിച്ചാൽ ഒരുപാട് കാരണങ്ങൾ കണ്ടെത്താൻ കഴിയും. അവയിൽ പ്രധാനമായത് ഒന്നാണ്: വാർത്തകളെ അവയുടെ ഉത്ഭവസ്ഥാനത്തുനിന്നുതന്നെ ഒട്ടും വൈകാതെ, അതേനിമിഷം പ്രസരിപ്പിക്കാനുള്ള അത്ഭുതപൂർവ്വമായ ശേഷി അവയ്ക്കുണ്ട്. മറ്റേതു പരമ്പരാഗത മാധ്യമത്തിനും അതിന്റേതായ ചില സമയനിഷ്ഠകൾ പാലിക്കേണ്ടതായി വരും. ഇതുതന്നെയാണ് ഏറ്റവും വലിയ മാറ്റം.
വേഗത! അതുതന്നെയാണ് ഇന്നത്തെ ലോകം ആവശ്യപ്പെടുന്നത്. കാത്തിരിക്കുക എന്നത് അസഹ്യമാണ്. സ്വാഭാവികമായും ഏറ്റവും വേഗം വാർത്തകളും സംഭവങ്ങളും നമ്മുടെ ചുറ്റുപാടുകളിലെ വികാസങ്ങളും എല്ലാംതന്നെ ഏറ്റവും വേഗം വ്യാപിപ്പിക്കുക. കാലതാമസമില്ലാതെ ഈ ധർമ്മം ഏറ്റവും ഉചിതമായി സോഷ്യൽ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ നിർവ്വഹിക്കുന്നു.
രണ്ടാമത്തെ കാരണംതന്നെ, ഏറ്റവും ഫലപ്രദമായി മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായ മാധ്യമശീലമായി ഈ നവമാധ്യമരംഗം മാറിയിരിക്കുന്നു എന്നതാണ്. ജീവിതത്തിന്റെ പല മേഖലകളിലുമുള്ളവർ, സാമൂഹിക, സാമ്പത്തിക, ജാതീയ വേർതിരിവുകളുടെ വിവിധ തട്ടിൽ നിലനിൽക്കുന്നവർ, ഒരിക്കലും സ്വാഭാവികമായ രീതിയിൽ കണ്ടുമുട്ടാൻ സാധ്യതയില്ലാത്തവർ ഇങ്ങനെ അപരിചിതത്വത്തിന്റെ മൂടൽമഞ്ഞിനെ മുഴുവൻ തുടച്ചുമാറ്റി, അവിടെ സൗഹൃദത്തിന്റെ പുതുവെളിച്ചം പ്രസരിപ്പിച്ചു ഈ നവമാധ്യമതരംഗം. അതിർത്തികൾ അപ്രത്യക്ഷമായി. ഭാഷ, ദേശ വ്യത്യാസങ്ങൾ ഇപ്പോൾ വെറും കേട്ടുകേഴ്വിയായി തുടങ്ങി. കാലക്രമേണ നാമമാത്രമായി നിൽക്കുന്ന ഈ ചേരിതിരിവുകൾപോലും അപ്രത്യക്ഷമാകുമെന്ന് തോന്നുന്നു. അത്ര വലിയ വിപ്ലവമാണ് ഈ നവമാധ്യമതരംഗം ലോകമൊന്നാകെ നടത്തിയിരിക്കുന്നത്. പ്രായഭേദമന്യേ നാനാതരത്തിലും ജാതിയിലും വർഗത്തിലും പെട്ടവർ ഇതിന്റെ സാധ്യതകളെ ഉപയോഗിക്കുന്നു.
ചില ചൂഷണങ്ങൾ ഇല്ല എന്നല്ല. അത് സ്വാഭാവികം മാത്രമാണ്. കള്ളനാണയങ്ങളെ കണ്ടെത്തുക, ഈ സാമൂഹിക കൂട്ടുകെട്ടിൽ ഒറ്റപ്പെടുത്തുക. അതുമാത്രമാണ് പോംവഴി. എന്നാൽത്തന്നെ ഇത്രമാത്രം ജനകീയമായ മറ്റൊരു മാധ്യമമുന്നേറ്റം വേറെ ഉണ്ടായിട്ടില്ല. സ്വാർത്ഥത അൽപ്പം കൂടി എങ്കിലും, തന്നെത്തന്നെ expose ചെയ്യാൻ ഇതിനും നല്ല സാധ്യത വേറെയില്ല. നിലവിലുള്ളതിനെ തകർത്തുകൊണ്ടാണ് പുതിയത് കടന്നുവരിക. അതു പ്രകൃതിനിയമമാണ്, സ്വാഭാവികവുമാണ്. പരമ്പരാഗത വാർത്താധിഷ്ഠിത നിലപാടുകളെ സമൂലമായി മാറ്റിക്കൊണ്ടാണ് ഈ നവമാധ്യമങ്ങളുടെ രംഗപ്രവേശം.
വാർത്തകളുടെയും സംഭവങ്ങളുടെയും കാര്യത്തിൽ നവമാധ്യമരംഗം മുമ്പുണ്ടായിരുന്ന രീതികളെ സമൂലം മാറ്റിമറിക്കുകയാണ്. സാധാരണ വാർത്തകളുടെ ജീവനായ എഡിറ്റിങ്ങോ സാമ്പ്രദായിക ശൈലിയോ ഒന്നും തന്നെ പുതിയവർ പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നവമാധ്യമരംഗത്തെ ഓരോ വാർത്തയും ടെസ്റ്റ് ട്യൂബ് വാർത്തകൾ അല്ല. അവ വ്യത്യസ്തങ്ങളും സ്വാഭാവികമായ അവസ്ഥയിലും തനിമ പ്രകടിപ്പിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ കൃത്രിമത്വം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത, പുതുമ നശിക്കാത്ത ഒരു അവസ്ഥ അവയ്ക്കുണ്ട്. garden fresh എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു നവോന്മേഷം. അതുകൊണ്ടുതന്നെ നമ്മുടെ ഈ വാർപ്പുമാതൃകകളായ എഡിറ്റോറിയലുകളെയും വാർത്തകളെയും പിന്തള്ളിക്കൊണ്ട് റീഡബിലിറ്റിയിൽ ഈ നവമാധ്യമവാർത്തകൾ വലിയ മുന്നേറ്റം നടത്തുന്നു.
നവമാധ്യമരംഗത്തിന്റെ മറ്റൊരു പ്രധാന സവിശേഷത, ഒരു വാർത്ത ഒരാൾക്കുമാത്രം സ്വന്തമാക്കി അവകാശപ്പെടാൻ കഴിയില്ല എന്നതാണ്. ഒരു വലിയ സമൂഹത്തിന്റെ പിന്തുണയും പങ്കാളിത്തവും 'കമന്റുകൾ' മുഖേന അതിനു ലഭിക്കുന്നു. തന്റെ വാർത്ത എന്നതിനേക്കാൾ തങ്ങളുടേതെന്നു ഒരു ബഹുസ്വരത ലഭിക്കുന്നു. ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. ഒറ്റപ്പെട്ടുപോകുന്ന ആധുനികാനന്തര മനുഷ്യന് ഈ പിന്തുണ കൂടി കിട്ടിയില്ലെങ്കിൽ തകർന്നുപോകുന്ന അവസ്ഥ സംജാതമാകും. അതിനാൽ സാമൂഹിക കൂട്ടായ്മകൾ, കൂട്ടായ്മയുടെ പുതിയ ചരിത്രം രചിക്കുകയാണിവിടെ.
ഒപ്പം മറ്റൊരു പുതിയ രീതികൂടി നവമാധ്യമങ്ങൾ, സോഷ്യൽ മീഡിയ മുന്നോട്ടുവെക്കുന്നു. വാർത്തകളിന്മേൽ ഉണ്ടാകുന്ന കാര്യക്ഷമമായ ചർച്ചകളാണ് അത്. വാർത്തകൾ സൃഷ്ടിക്കുകയല്ല, പകരം വാർത്തകളെ ആഴത്തിൽ വിശകലനം ചെയ്യുകയാണിവിടെ. ഈ വിശകലനങ്ങൾ ആ വാർത്ത സമൂഹത്തിൽ സൃഷ്ടിച്ച impact നെ പുറത്തേക്കു കൊണ്ടുവരുന്നു. പോസിറ്റീവും നെഗറ്റീവും ആയ അഭിപ്രായങ്ങളുടെ ഭൂരിപക്ഷം ആ വാർത്തയെ സംബന്ധിച്ച്, അല്ലെങ്കിൽ സംഭവം, വ്യക്തി ഇവയെ സംബന്ധിച്ച് നിർണ്ണായകമാകുന്നു.
ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്ത, എല്ലാം പരസ്പരം പങ്കുവെയ്ക്കുന്ന, പരദൂഷണവും നന്മയും - പണ്ടത്തെ സ്ത്രീകളുടെ അടുക്കളമുറ്റത്തെ പഞ്ചായത്തിന്റെ തനതുസ്വഭാവങ്ങളും ഈ നവമാധ്യമങ്ങൾ പുറത്തേക്ക് കൊണ്ടുവരുന്നുണ്ട്. എങ്കിലും ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒരു മീഡിയ വിപ്ലവം തന്നെയാണിത് എന്ന കാര്യത്തിൽ സംശയമില്ല.
കാരണം അയൽവക്കബന്ധങ്ങളും കൂട്ടുകുടുംബങ്ങളും വേരുകളും നഷ്ടപ്പെട്ട ഈ സമൂഹത്തിന് ആകെ തൂങ്ങിക്കിടക്കാനുള്ള ഒരു പിടിക്കയറാണ് social media. നിരന്തരമായ നിരീക്ഷണവും വിചാരണയും സ്വകാര്യത നഷ്ടപ്പെടുത്തുന്നു എന്നൊരു ന്യൂനത കൂടി നവമാധ്യമങ്ങളിൽ ആരോ പിക്കാം. ഏതാണ്ട് വാസ്തവംതന്നെയാണത്. അതുപോലെ വിലകുറഞ്ഞ ചർച്ചകളും അസഹ്യമായ കമന്റുകളും വഴി ആളുകളുടെ മനസ്സിൽ മായാത്ത മുറിവുകൾ സൃഷ്ടിക്കാനും ചില ശ്രമങ്ങൾ ഇതുവഴി ഉണ്ടാകുന്നുണ്ട്. ഏറ്റവും കൂടുതൽ യുവത്വത്തിന്റെ ശബ്ദവും വികാരവുമായി ഈ നവമാധ്യമരംഗം മാറിയിരിക്കുന്നു.
കളിയിടങ്ങൾ അപ്രത്യക്ഷമായ, കൂട്ടുകൂടലുകൾ അന്യംനിന്നുപോയ തിരക്കുകളുടെ ഈ ലോകത്ത് അൽപ്പനേരം ഇങ്ങനെയെങ്കിലും ചില വേരുകൾ ബാക്കി നിർത്തിയില്ലെങ്കിൽ ഒറ്റപ്പെട്ട ഏകാന്തതയിൽ മനുഷ്യരൊന്നാകെ വിഷാദരോഗികളും ആത്മഹത്യാപ്രേമികളുമായി മാറിയേനെ. അതിനാൽ ഈ വേഗതയുടെ സമൂഹത്തിന് ഉത്തമ ഔഷധംതന്നെയാണ് നവമാധ്യമരംഗം.

Exam Tips:

a) വ്യത്യാസങ്ങൾ പോയിന്റുകളായി (വേഗത, എഡിറ്റിംഗ് ഇല്ലായ്മ, പങ്കാളിത്തം/കമന്റുകൾ, ചർച്ചയും വിശകലനവും, അതിർത്തികളില്ലായ്മ) എഴുതുക.
b) സാമൂഹിക മാധ്യമങ്ങളുടെ ന്യൂനതകളും (സ്വകാര്യതാനഷ്ടം, മോശം കമന്റുകൾ) ഒരു ഖണ്ഡികയിൽ സൂചിപ്പിച്ച് സന്തുലിതമായി അവസാനിപ്പിക്കുക.
c) ഉത്തരത്തിന്റെ ആരംഭത്തിൽ 'പരമ്പരാഗത മാധ്യമങ്ങൾക്ക് പകരമാകുമോ' എന്ന ചോദ്യത്തെ പരാമർശിക്കുന്നത് നന്നായിരിക്കും.

 

Question 20: സാമൂഹിക മാധ്യമങ്ങളുടെ സവിശേഷതകളും ഇടപെടൽ സാധ്യതകളും വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.

Answer:

ഇന്ന് social media എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നവരാണ് എല്ലാ പ്രമുഖരും. അത് രാഷ്ട്രീയക്കാർ മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക, സിനിമ എന്നിങ്ങനെ ഏതു തുറയിൽപ്പെട്ട സെലിബ്രിറ്റി ആണെങ്കിലും, അവരിന്ന് ഈ പൗരശബ്ദത്തിന് കാതോർക്കുന്നു, കണ്ണുകൊടുക്കുന്നു. പണ്ട് കാലത്ത് ഒറ്റപ്പെട്ടുപോയ ഏകസ്വരങ്ങൾ ബഹുസ്വരതയുടെ രൂപം പ്രാപിച്ച് ഈ നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാവികമായി ഒറ്റപ്പെട്ടുപോയ ശബ്ദങ്ങൾക്ക് രൂപം കിട്ടിയിരിക്കുന്നു. അവയ്ക്ക് ഒരു ശരീരമുണ്ടായിരിക്കുന്നു. ഒറ്റപ്പെട്ട നിലവിളികൾക്ക് കേൾവിക്കാർ ഉണ്ടായിരിക്കുന്നു. പ്രതികരണങ്ങൾക്ക് ഒരു ഏകതാനത കൈവന്നിരിക്കുന്നു.
ഏതു സാമൂഹികപ്രശ്നത്തിനും ഇടപെടൽ സാധ്യത ഉടലെടുത്തു എന്നതാണ് ഈ മാറ്റത്തിന്റെ സവിശേഷത. ഇതിനെതിരായ പ്രധാന വിമർശനം, "മറഞ്ഞിരുന്ന് ഈ രീതിയിൽ പ്രതികരിക്കാനേ മലയാളി മുതിരുന്നുള്ളൂ" എന്നതാണ്. പെട്ടെന്ന് ഒരു മാറ്റം എന്നത് അസാധ്യമാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാഴ്ചയുടെ ഇട്ടാവട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ശരാശരി മലയാളി ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ കൺമുന്നിൽ വന്ന എല്ലാ പ്രശ്നങ്ങളിലേക്കും അഭിപ്രായങ്ങളിലൂടെ തുറന്ന ഇടപെടൽ നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്. പോസിറ്റീവായ സമീപനത്തിൽ രജതരേഖ; മാറ്റത്തിന്റെ സൂചന.
പതിയെ പ്രത്യക്ഷമായ ഇടപെടലുകളിലേക്കും മലയാളി സമൂഹത്തിന്റെ പൊതുസ്വഭാവം മാറുമെന്ന ശുഭപ്രതീക്ഷ പുലർത്താം. അതിന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി. കാസർകോട് ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പരസ്യമായി ശല്യപ്പെടുത്താൻ വന്ന യുവാവിനെ സഹപാഠികളും വിദ്യാർത്ഥിനികളും കൂടി ചെരിപ്പുകൊണ്ട് അടിക്കുന്ന രംഗം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി പടർന്നിരുന്നു. ഇതൊരു പ്രചോദനത്തിന്റെ അടയാളമാണ്. ഡൽഹിയിൽ ഒരു പെൺകുട്ടിയെ ശല്യപ്പെടുത്താൻ വന്ന യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് ഷൂകൊണ്ട് അടിച്ചുകൊണ്ടെത്തിക്കുന്ന കാഴ്ച മാസങ്ങൾക്കുമുമ്പ് ഇതുപോലെ പ്രചരിച്ചിരുന്നു. ആ അനുഭവത്തിൽനിന്നുള്ള പ്രചോദനമാണത്.
ഇത് അനുകൂലമായ പോസിറ്റീവായ പ്രതികരണമാണെങ്കിൽ, വളരെ ബാലിശമെന്ന് ഒറ്റനോട്ടത്തിൽത്തന്നെ നമുക്ക് തോന്നാവുന്ന ഒരു അനുകരണഭ്രാന്തിന്റെ പിടിയിലാണ് ഇന്നത്തെ യുവത്വം. 'അതു' സെൽഫി തരംഗമാണ്. സെൽഫിഭ്രമം അതിന്റെ ഉച്ചകോടിയിൽ എത്തിയിരിക്കുന്നു. ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ തന്റെ മുഖം വ്യത്യസ്തമായ സ്നാപ്പുകളിൽ ഒതുക്കാം എന്ന് ചിന്തിച്ച് തലപുകയ്ക്കുകയാണ് യുവത്വം. യുവാക്കളിൽ ഭൂരിഭാഗവും ഈ ഒരു മാനിയയിൽ പെട്ടിരിക്കുകയാണ്. ആബാലവൃദ്ധം ജനങ്ങളിലേക്കും ഇതു പടരുന്നുണ്ട്. ഒരു സിഗ്നേച്ചർ ടച്ച്. സ്വാർത്ഥതയിലേക്കുള്ള പാലമായി 'സെൽഫി' മാറിയിരിക്കുന്നു. സ്വാഭാവികമായും മാറുന്ന യുവത്വത്തിന്റെ മുഖമായി അതു മാറി.
ഒന്നിൽനിന്ന് ഒന്നിലേക്കെന്നപോലെ അതു പടരുന്നു. അനേകം അപകടങ്ങളിലേക്ക് എടുത്തുചാടാനുള്ള ഒരു ആത്മഹത്യാ വാതിലായി, മുനമ്പായി, സെൽഫി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ചരക്കുതീവണ്ടിക്കു മുകളിൽനിന്ന് സെൽഫിയെടുത്ത ഒരു കൂട്ടം യുവാക്കളെ റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടൽ കൂട്ടമരണത്തിൽനിന്ന് രക്ഷിച്ചത്. ഇതെല്ലാം ഈ നവമാധ്യമത്തിന്റെ ദുഷിച്ച വശങ്ങൾ മാത്രമാണ്. ബോധവൽക്കരണംകൊണ്ട് മാറ്റാവുന്നത്. വ്യത്യസ്തതയ്ക്കുവേണ്ടി മനുഷ്യർ നടത്തുന്ന പേക്കൂത്തുകളാണ് ഈ തരത്തിലുള്ള സെൽഫിക്കെണികളിലേക്ക് നയിക്കുന്നത്.
ഈ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാർ ആപത്തിന്റെ പേരിൽ, വ്യക്തിപരമായ ഒരു വിപത്തിന്റെ പേരിൽ, ഒരു സാധുപെൺകുട്ടി നേരിട്ട പീഡനത്തിന്റെ പേരിൽ ഒന്നായി മാറി. ഡൽഹിയിലെ 'നിർഭയ' ഭാരതീയ സ്ത്രീത്വത്തിന്റെ പീഡനമുഖമായി മാറി. ജീവിതത്തിന്റെ നാനാതുറകളിലുംപെട്ട ആബാലവൃദ്ധം ജനങ്ങളും ആ ദുഷ്ചെയ്തിക്കെതിരെ അതിശക്തമായ നിലപാട് കൈക്കൊണ്ടു. ഒരൊറ്റ പ്രതിഷേധസ്വരമായി 121 കോടി ജനങ്ങൾ ഒന്നിച്ചു. ഒരു പതിവുരീതിയിലുള്ള ചെറിയൊരു പ്രതിഷേധത്തിനപ്പുറമായി ജനസാഗരങ്ങൾ ഇരമ്പിയതിനു പിന്നിൽ പ്രചോദനമായിത്തീർന്നത് ഈ നവമാധ്യമങ്ങളുടെ കരുത്താണ്. ഒരൊറ്റ സ്വരത്തിൽനിന്ന് പതിനായിരക്കണക്കിന് കണങ്ങളിലേക്ക് അത് പൊടുന്നനെ കാട്ടുതീപോലെ വ്യാപിച്ചു. ആ വ്യാപനത്തിന്റെ ശക്തി നാം കണ്ടറിഞ്ഞതാണ്.
അതുപോലെ അണ്ണാഹസാരെ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു നടത്തിയ അഴിമതിവിരുദ്ധ സമരവും ഇങ്ങനെ സാമൂഹിക നവമാധ്യമങ്ങളുടെ തികഞ്ഞ പങ്കാളിത്തത്തോടെ അരങ്ങേറിയതാണ്. ഈ രീതിയിൽ സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്നങ്ങളിലേക്ക്, ഒരു വലിയ ജനമുന്നേറ്റത്തോടെ പ്രതിഷേധരീതികളിൽ വ്യാപരിക്കുവാൻ നവമാധ്യമങ്ങൾ നടത്തുന്ന പ്രേരണ പ്രകടമാണ്. ഈ അവസ്ഥ പരമ്പരാഗത, സാമ്പ്രദായിക രീതികളിൽനിന്ന് ഗതിമാറി സഞ്ചരിക്കാൻ നമ്മുടെ പഴയ മാധ്യമങ്ങളെയും നിർബന്ധിതരാക്കുന്നു. തങ്ങളുടെ രീതികൾ കാലഘട്ടത്തിനനുസരിച്ച് നവീകരിക്കേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവിലേക്ക് അവരും എത്തിച്ചേരുന്നു.
ഇതൊരു സാമൂഹിക നവോത്ഥാനംതന്നെയാണ്. ഓരോ കാലത്തും പുതിയ പുതിയ ഉണർവുകളിലേക്ക് സമൂഹം ഉണർന്നുയർന്നിട്ടുണ്ട്; വിവിധ കാലഘട്ടങ്ങളിൽ. ഈ പുതിയ കാലഘട്ടത്തിന്റെ സാമൂഹികമായ ഉണർവ്വിന്റെ ഉദാഹരണംതന്നെയാണ് ഈ നവമാധ്യമങ്ങളുടെ അഭൂതപൂർവ്വമായ വ്യാപനം.
ഒരിക്കൽപോലും കാണാതെ ജീവിതത്തിന്റെ പങ്കാളികളെവരെ കണ്ടെത്തുന്ന സൗഹൃദ, സ്നേഹക്കൂട്ടായ്മകളുടെയും സംഗമംകൂടിയാണ് സാമൂഹിക മാധ്യമങ്ങൾ. ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ നാടിന്റെ സ്പന്ദനങ്ങളിൽ, ചെറിയ ചെറിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങളിലൂടെയെങ്കിലും പങ്കാളികളാകാനുള്ള അവസരം ലഭിക്കുന്നു. പ്രവാസി വോട്ട് എന്ന വലിയ ഒരു ആവശ്യകത, സാങ്കേതിക തടസ്സങ്ങളിൽ തട്ടിമുട്ടി നിന്നപ്പോഴും വലിയ തോതിൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി കളം നിറയാനും വളരെവേഗം ഒരു തീരുമാനത്തിലെത്തിക്കാനുള്ള അധിക സമ്മർദ്ദമായി മാറാനും നമ്മുടെ പ്രവാസികൾക്ക് വേദിയായതും ഈ നവമാധ്യമങ്ങൾതന്നെയാണ്.
ഒരു open forum-ന്റെ, ജനകീയ കൂട്ടായ്മയുടെ ധർമ്മം ഈ സാമൂഹിക മാധ്യമങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ രീതികൾ അനുകരിക്കാനും ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്നതിനും മറ്റു മാധ്യമങ്ങളെ പ്രേരിപ്പിക്കാനും നവമാധ്യമങ്ങൾക്ക് കഴിയുന്നു. അതൊരു വലിയ മാറ്റത്തിന്റെ അടയാളംതന്നെയാണ്.
വലിയൊരു മാറ്റം മലയാളത്തെ സംബന്ധിച്ചുണ്ടായത്, ഭാഷയുടെ ഒരു ഉയിർത്തെഴുന്നേൽപ്പിന് ഈ നവമാധ്യമങ്ങളുടെ കടന്നുവരവ് സഹായിച്ചു എന്നതാണ്. മലയാളത്തിന്റെ ശക്തി, മാതൃഭാഷയുടെ ശക്തി പ്രതികരണങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് യുവജനത തിരിച്ചറിഞ്ഞു. സ്വാഭാവികമായും തങ്ങളുടെ ഇടപെടലുകൾക്ക് മലയാളത്തെ അധികമായി ആശ്രയിക്കാനും ഉപയോഗിക്കാനും തുടങ്ങി. വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഭാഷാസ്നേഹം അങ്ങനെ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലേക്ക് നീങ്ങി. ലോകത്തെല്ലായിടത്തും ഈ തരത്തിലുള്ള ഒരു ഉണർവ്വ് ഉണ്ടായിട്ടുണ്ട്. ആ തിരിച്ചറിവ് നമ്മുടെ യുവജനതയ്ക്ക് പ്രചോദനമായിത്തീർന്നു.
എല്ലാ അർത്ഥത്തിലും ഈ നവമാധ്യമങ്ങളുടെ മുന്നേറ്റം നമ്മുടെ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലും ഭാഷയിലും വലിയ മാറ്റങ്ങൾതന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കാനും നിലപാടുകൾ അറിയിക്കാനും സാമൂഹിക പ്രശ്നങ്ങളിൽ സജീവമായും ഇടപെടാനും സാധിക്കുന്ന തരത്തിൽ മലയാളിയുടെ സാമൂഹികബോധം വളർന്നിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ മേഖലയിലും അലയടിക്കും. സ്വകാര്യതയുടെ അഭാവം ചിലപ്പോഴൊക്കെ ഒരു നെഗറ്റീവ് വശമായി വരുന്നുണ്ടെങ്കിലും അനവധി ഗുണങ്ങൾക്കിടയിലെ ചെറിയ അസൗകര്യമായി കണക്കുകൂട്ടിയാൽ മതി. ആശയങ്ങളെ പടർത്താനും രൂപീകരിക്കാനും കാലം ഒരുക്കിവെച്ച ഏറ്റവും സജീവമായ ജനാധിപത്യവേദികൂടിയാണ് ഈ നവലോകമാധ്യമങ്ങൾ.

Exam Tips:

a) ഉപന്യാസത്തിന് ആമുഖം, സവിശേഷതകൾ (ബഹുസ്വരത, ഇടപെടൽ, ഭാഷയുടെ ഉയിർത്തെഴുന്നേൽപ്പ്), ഉദാഹരണങ്ങൾ (നിർഭയ പ്രതിഷേധം, അഴിമതിവിരുദ്ധ സമരം, പ്രവാസി വോട്ട്), ന്യൂനതകൾ (സെൽഫി ഭ്രമം, സ്വകാര്യതാനഷ്ടം), ഉപസംഹാരം എന്ന ക്രമം പാലിക്കുക.
b) ഓരോ ഇടപെടൽ സാധ്യതയ്ക്കും ഒരു യഥാർത്ഥ ഉദാഹരണം ചേർക്കുക.
c) 'ജനാധിപത്യവേദി' എന്ന ആശയത്തിൽ ഉത്തരം ഉപസംഹരിക്കുക.

 

Question 21: "മാധ്യമങ്ങളെ പതിവുരീതികളിൽനിന്നു മാറ്റി അവയെ ജനാധിപത്യവേദികളാക്കി പരിവർത്തിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയിലെ പുരോഗതി നല്ല പങ്കുവഹിക്കുന്നുണ്ട്." (നവമാധ്യമങ്ങൾ: ശക്തിയും സാധ്യതയും - വി.കെ. ആദർശ്) സാമൂഹിക മാധ്യമങ്ങളുടെ സവിശേഷതകളും ഇടപെടൽ സാധ്യതകളും വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.

Answer:

ആമുഖം
സ്വതന്ത്രമായ ഒരിടമാണ് നവമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം മറയില്ലാത്ത പ്രതികരണങ്ങൾ നടത്തുവാനും പിന്തുണ ലഭിക്കുന്നതിനും അങ്ങനെ സാമൂഹിക മാറ്റങ്ങൾക്കും ഒരു ഇടം. സൃഷ്ടിപരതയാണ് ആ ഇടം നമ്മോട് ആവശ്യപ്പെടുന്നത്. നിങ്ങളുടെ ആശയങ്ങളെ വളരെ ആത്മവിശ്വാസത്തോടെ, മറ്റാരുടെയും സഹായമില്ലാതെ നമുക്കിവിടെ പ്രതിഷ്ഠിക്കാം. നവമാധ്യമം എന്നതിനേക്കാൾ സാമൂഹിക മാധ്യമം എന്നു വിളിക്കുന്നതാകും ഉചിതം.
സാമ്പ്രദായിക രീതികളെ മറികടക്കുന്ന ആവിഷ്കാരരീതിയാണ് ഇത്തരം മാധ്യമങ്ങളിലെ സർഗ്ഗാത്മകമായ ഇടപെടലുകളുടെ കാതൽ. ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവ ലോകത്തിലെ പ്രബല മാധ്യമങ്ങളായി മാറിക്കഴിഞ്ഞു.
സാമ്പ്രദായിക മാധ്യമങ്ങൾക്ക് ഒരു പകരംവെപ്പായി ഈ നവമാധ്യമങ്ങൾ മാറുമോ എന്നൊരു ചോദ്യം പരക്കെ ഉയരുന്നുണ്ട്. എല്ലാ വാർത്തകളെയും എടുത്ത്, ചേർത്ത്, സംസ്കരിച്ച്, എഡിറ്റ് ചെയ്ത് ഏറെ വൈകി ലഭിക്കുന്ന അവസ്ഥയിൽനിന്ന് വാർത്തയുടെ ഉദ്ഭവകേന്ദ്രത്തിൽനിന്നുതന്നെ തത്സമയം സൈബർ ലോകത്ത് എത്താനുള്ള മാർഗ്ഗങ്ങൾ നവമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നു. സൈബർ രംഗത്തെ ദൈനംദിന കൂട്ടായ്മകളെ അവഗണിച്ച്, ഇന്നത്തെ ലോകത്തിന് മുന്നോട്ട് പോകാൻ കഴിയില്ല എന്നായിട്ടുണ്ട്.
നിരന്തരമായ ഇടപെടലുകൾകൊണ്ട്, സാമൂഹിക ജീവിതത്തിന്റെ വർത്തമാനത്തെ സാരമായി സ്വാധീനിക്കാൻ ഈ നവമാധ്യമങ്ങൾക്ക് സാധിച്ചു. സ്വാഭാവികമായും അതിനെ പിന്തുടർന്ന് വന്നവരുടെ എണ്ണവും വർദ്ധിച്ചു. എഡിറ്റ് ചെയ്യാത്ത, ആരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാത്ത, യാതൊരു ബാധ്യതയുമില്ലാത്ത പ്രതികരണങ്ങളിൽ സത്യസന്ധത ഉണ്ട്. പ്രതിഫലേച്ഛയോ, എന്തെങ്കിലും ഉദ്ദിഷ്ടകാര്യസാധ്യമോ ഇല്ലാതെ നടത്തുന്ന ഈ മാധ്യമപ്രവർത്തനത്തിന് മാറ്റുകൂടും.
മലയാളം ഫോണ്ടുകളുടെ കടന്നുവരവ് ഈ രംഗത്തിന് മലയാളിത്തത്തിന്റെ മുഖം നൽകി. സ്വാഭാവികമായും കാണുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി. ഇ-മലയാളം ഇന്ന് എണ്ണപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. വൈവിധ്യംകൊണ്ടും ഗുണമേന്മമൂലവും ഇ-മലയാളം അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറിയിരിക്കുന്നു.
പ്രാദേശിക ഭാഷയിലേക്ക് വെബ്സൈറ്റുകൾ കൂടുമാറ്റുന്നത് ഗുണം ചെയ്യും. വ്യക്തിഗതമായ എഴുത്തിനെ ആ മാറ്റം നവീകരിക്കും. ഒപ്പം സൈബർ ലോകത്ത് ഒരു വ്യക്തിയുടെ കൂട്ടായ തീർച്ചയായും അയാളുടെ വ്യക്തിത്വത്തിലും ഭാഷയിലും നിർണ്ണായകമായ സ്വാധീനങ്ങൾ ചെലുത്തും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.
ഒപ്പം ഇതിനെയൊക്കെ ചൂഷണം ചെയ്യുന്നവരും ദുരുപയോഗം ചെയ്യുന്നവരും കണ്ടേക്കാം. അതൊരു ന്യൂനപക്ഷം മാത്രം. ദൂഷ്യവശങ്ങൾ കണക്കിലെടുക്കുമ്പോൾ അതിനേക്കാൾ എത്രയോ മടങ്ങ് അധികമാണ് ഈ മാധ്യമങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ. ഏറ്റവും സുതാര്യമായ സമൂഹത്തെ സൃഷ്ടിക്കുന്നതിലും നവീകരിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു നവമാധ്യമങ്ങൾ.
ഏറ്റവും വലിയ ഒരു ന്യൂനത ഈ സൈബർ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ, മനുഷ്യന്റെ സ്വകാര്യതയെ പരിപൂർണ്ണമായും കവർന്നെടുത്തു എന്നതാണ്. ഒളിക്കാനൊരിടമില്ലാതെ ആധുനികാനന്തര മനുഷ്യൻ പായുകയാണ്. ആരേയും നിരന്തരമായി നിരീക്ഷിക്കാനും, ക്യാമറയുടെ മൂന്നാം കണ്ണുകൊണ്ട് ഒപ്പിയെടുക്കാനും, പിന്നീട് അത് ലോകം മുഴുവനും പകർത്താനും ഇന്ന് നിഷ്പ്രയാസം സാധിക്കുന്നു.
അതിനൊരു മറുവശമുണ്ട്. സമൂഹത്തിൽ നടക്കുന്ന ഉച്ചനീചത്വങ്ങളെയും അനീതിയെയും അഴിമതിയെയും എതിർക്കാൻ ഈ ഒരു സാധ്യത ഏറ്റവും വലിയ ആയുധമായി തീർന്നിട്ടുണ്ട്. ഒപ്പം സമാനചിന്താഗതിക്കാരുടെ ഒരു വലിയ സംഘം തനിക്കൊപ്പം ഉണ്ടെന്ന വലിയ ആത്മവിശ്വാസം നേടിത്തരാനും ഈ നവമാധ്യമങ്ങൾക്ക് കഴിയുന്നു. വളരുന്ന ഭാഷയുടെ എല്ലാവിധ മേഖലകളിലും നവീനമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പുതുമാധ്യമങ്ങൾക്ക് കഴിയുന്നു.

Exam Tips:

a) നവമാധ്യമങ്ങളുടെ സവിശേഷതകൾ (സ്വതന്ത്ര ഇടം, തത്സമയ വാർത്ത, എഡിറ്റിംഗ് ഇല്ലായ്മ, മലയാളം ഫോണ്ടുകൾ) ഒന്നൊന്നായി എഴുതുക.
b) ഗുണദോഷങ്ങൾ താരതമ്യം ചെയ്ത് 'ഗുണങ്ങൾ എത്രയോ മടങ്ങ് അധികം' എന്ന നിലപാട് സ്വീകരിക്കുക.
c) ചോദ്യത്തിലെ ഉദ്ധരണി ('ജനാധിപത്യവേദികൾ') ആമുഖത്തിലോ ഉപസംഹാരത്തിലോ ഉപയോഗിക്കുക.

 

Kerala Board Solutions for Class 12 Malayalam Chapter 03 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility)

Textbook Solutions for Class 12 Malayalam Chapter 03 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility)

Access structured Kerala Board textbook solutions for Chapter 03 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility). Designed in alignment with the latest academic curriculum for Class 12 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Mastering Theoretical and Practical Questions

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 12 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Effective Self-Study and Homework Assistance

Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 12 Malayalam.

FAQs

Where can I find the latest Kerala Plus Two Malayalam Textbook Answers Unit 4 Chapter 3 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility) for the 2026-27 session?

The complete and updated Kerala Plus Two Malayalam Textbook Answers Unit 4 Chapter 3 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility) is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Textbook Answers Unit 4 Chapter 3 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility) as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Textbook Answers Unit 4 Chapter 3 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility) will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Textbook Answers Unit 4 Chapter 3 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility) in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Textbook Answers Unit 4 Chapter 3 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility) in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Textbook Answers Unit 4 Chapter 3 Navamadhyamangal Shakthiyum Sadhyathayum (New Media: Power and Possibility) in printable PDF format for offline study on any device.