Kerala Plus Two Malayalam Textbook Answers Unit 1 Chapter 4 Avakasangalude Prasnam (The Problem of Rights)

Official Kerala Board Solutions for Class 12 Malayalam: Chapter 04 Avakasangalude Prasnam (The Problem of Rights)

Access comprehensive textbook solutions for Chapter 04 Avakasangalude Prasnam (The Problem of Rights) using the official curriculum guides for Class 12 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Chapter-wise Solutions for Malayalam: Chapter 04 Avakasangalude Prasnam (The Problem of Rights)

Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.

2 Mark Questions and Answers

Question 1: അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിലെ നായക കഥാപാത്രം ആര്?

Answer:

ദിവാകരൻ

Exam Tips:

a) കഥയിലെ കഥാപാത്രങ്ങളുടെ പേരുകൾ ശരിയായി എഴുതുക; ഒറ്റവാക്കുത്തരത്തിൽ അക്ഷരത്തെറ്റ് വരാതെ ശ്രദ്ധിക്കുക.

 

Question 2: 'പടങ്ങൾ നോക്കിനോക്കി കൺപോളകൾക്കു കനംവച്ചിരിക്കുന്നു. പുതിയ ഒരു പടത്തിലേക്ക് മിഴിയുന്നുമ്പോഴേക്കും കണ്ണിൽനിന്ന് ചാടുന്ന അവസ്ഥ' - സന്ദർഭം വ്യക്തമാക്കുക.

Answer:

മരിച്ചവരുടെ ഛായാപടങ്ങൾ വിൽക്കുന്ന തെരുവിലെ കടകളിൽ കയറിയിറങ്ങുകയാണ് ദിവാകരൻ. അയാൾക്ക് വേണ്ടത് സ്വന്തം അച്ഛനമ്മമാരുടെ ചിത്രങ്ങളാണ്. അതിനായി ഒരുപാട് അലഞ്ഞശേഷമാണ് അയാൾ ആ തെരുവിൽ എത്തിയത്.
അസംഖ്യം ചിത്രങ്ങളുടെ നിരയ്ക്കു മുന്നിൽ എന്തുചെയ്യണമെന്നറിയാതെ അയാൾ പകച്ചുനിന്നു. തലകറങ്ങുന്നതുപോലെ അയാൾക്കു തോന്നി. മുഖങ്ങളുടെ സാദൃശ്യം അയാളെ വിഷമിപ്പിച്ചു. തനിക്കൊരിക്കലും ആ ചിത്രങ്ങൾ കിട്ടാൻ പോകുന്നില്ല, കണ്ടാൽപോലും തിരിച്ചറിയാൻ പോകുന്നില്ല എന്നയാൾ ഭയപ്പെട്ടു. ഇതാണ് ഈ പരാമർശത്തിന്റെ സന്ദർഭം.

Exam Tips:

a) ആരാണ് പറയുന്നത്, എവിടെവച്ച്, എന്തിനായി എന്നീ മൂന്നു കാര്യങ്ങൾ സന്ദർഭത്തിൽ ഉൾപ്പെടുത്തുക.
b) ദിവാകരന്റെ മാനസികാവസ്ഥ (പകപ്പും ഭയവും) പ്രത്യേകം സൂചിപ്പിക്കുക.

 

Question 3: "വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് എന്താ ഉറപ്പ്" - സന്ദർഭം വ്യക്തമാക്കുക.

Answer:

ചിത്രങ്ങൾ തിരഞ്ഞ് ലഭിക്കാതെ മൂന്നാമത്തെ കടയിൽനിന്നും ഇറങ്ങുന്ന ദിവാകരനും കടക്കാരനും തമ്മിൽ നടക്കുന്ന സംഭാഷണമാണ് ഇവിടെ പ്രധാനം. ചിത്രങ്ങൾ തിരഞ്ഞ് വേണ്ടപ്പെട്ടവരുടേത് കണ്ടുപിടിക്കാൻ കഴിയുമോ എന്ന കടക്കാരന്റെ ചോദ്യത്തിന് രോഷത്തോടെയാണ് ദിവാകരൻ മറുപടി പറയുന്നത്.
കച്ചവടക്കാരനും ഉപഭോക്താവും തമ്മിലുള്ള സംഭാഷണം നമുക്ക് പരിചിതമായ ദൃശ്യമാണ്. മരിച്ചവർക്ക് മമതാബന്ധമില്ലെന്നതാണ് വിശ്വാസം. ആത്മാവിന് ജനനമരണങ്ങളില്ല, ശരീരത്തിനു മാത്രമേയുള്ളൂ; അതിനാൽ അച്ഛൻ, അമ്മ എന്നൊക്കെ ലോകജീവിതത്തിലേയുള്ളൂ. ദിവാകരനും മരിച്ചയാൾതന്നെ, ജീവിച്ചിരിക്കുന്ന മക്കൾക്കേ മരിച്ചവരെ തിരിച്ചറിയാൻ കഴിയൂ എന്ന കഥാവസാനത്തിലേക്ക് വായനക്കാരനെ എത്തിക്കുന്ന ദൃശ്യമാണിത്.

Exam Tips:

a) സംഭാഷണത്തിലെ രണ്ടു കഥാപാത്രങ്ങളെയും (ദിവാകരൻ, കടക്കാരൻ) സൂചിപ്പിക്കുക.
b) ഈ സംഭാഷണം കഥാന്ത്യത്തിലേക്ക് എങ്ങനെ വഴിതെളിക്കുന്നു എന്ന് ഒരു വാക്യത്തിൽ ചേർക്കുക.

 

Question 4: "മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന തെരുവായിരുന്നു അത്" - ഈ പ്രയോഗം കഥയ്ക്കു നൽകുന്ന മാനം എന്ത്?

Answer:

നിഗൂഢമായ അനിശ്ചിതത്വം

Exam Tips:

a) ഒറ്റവാക്കിൽ ഉത്തരം നൽകുമ്പോഴും 'നിഗൂഢത' എന്ന ആശയം വിട്ടുപോകരുത്; കൂടുതൽ വ്യക്തതയ്ക്ക് "തെരുവ് കഥയിൽ സൃഷ്ടിക്കുന്ന ദുരൂഹത" എന്ന് ചേർക്കാം.

 

Question 5: 'അവകാശങ്ങളുടെ പ്രശ്നം' എന്ന കഥയെ അസാധാരണമാക്കുന്ന ഘടകങ്ങൾ കണ്ടെത്തി കുറിപ്പു തയാറാക്കുക.

Answer:

മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന തെരുവ് സാധാരണ കാണാൻ കഴിയുകയില്ല. അതുകൊണ്ട് കഥയിലെ ഒന്നാമത്തെ വാക്യംതന്നെ കഥയെ അസാധാരണമാക്കുന്നു.
മാതാപിതാക്കളുടെ ഛായാചിത്രമാണ് അയാൾക്ക് വേണ്ടത്. അതു തേടി ആയിരക്കണക്കിന് കടകൾ കയറിയിറങ്ങുന്നതും ക്രമേണ ഒരു അവ്യക്തതയും വിസ്മൃതിയും ഉണ്ടാകുന്നതും അയാളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും കഥയെ അസാധാരണമാക്കുന്നു.
രാവും പകലും തുറന്നിരിക്കുന്ന കട, കടകളുടെ ദീപസംവിധാനം, അതിരാവിലെ ചിത്രം തേടിവരുന്ന കുട്ടികൾ, ദിവാകരനെ പൊതിഞ്ഞു നൽകുന്നത് ഇവയെല്ലാം കഥയെ അസാധാരണമാക്കുന്ന മറ്റു ഘടകങ്ങളാണ്.

Exam Tips:

a) കുറിപ്പിൽ കുറഞ്ഞത് മൂന്ന് ഘടകങ്ങളെങ്കിലും (തെരുവ്, ചിത്രം തേടൽ, കടകളുടെ പ്രത്യേകത) പോയിന്റുകളായി എഴുതുക.
b) ഓരോ ഘടകവും കഥയിലെ ഒരു ഉദാഹരണം സഹിതം വിശദീകരിക്കുക.

 

Question 6: "കണ്ടുകണ്ട് ഏതാണ്ടെല്ലാ പടങ്ങളും ഒരേപോലെയാണെന്നുവരെ അയാൾക്കുതോന്നിത്തുടങ്ങിയിരുന്നു" "തനിക്കാവശ്യമുള്ള മുഖങ്ങൾ ഏതെന്ന് അയാൾ കുറേശ്ശെ മറന്നു തുടങ്ങിയിരുന്നു" "എനിക്കൊരിക്കലും ആ ചിത്രങ്ങൾ കിട്ടാൻ പോകുന്നില്ല. കണ്ടാൽ പോലും തിരിച്ചറിയാൻ പോകുന്നില്ല" - ഈ വാക്യങ്ങളിൽ തെളിയുന്ന ആശയം എന്ത്?

Answer:

ഈ വാക്യങ്ങളിലെല്ലാം ക്രമേണ ക്രമേണ ലക്ഷ്യം വിസ്മരിക്കപ്പെടുന്ന മനുഷ്യസ്വഭാവവും ദാർശനികമായ പ്രശ്നവും അതിന്റെ പ്രതിസന്ധിയുമാണ് കാണാനാവുക. ഇതെല്ലാം കഥയ്ക്ക് ആഴമേകുന്ന പ്രയോഗങ്ങളാണ്. കഥാസന്ദർഭത്തിലും അല്ലാതെയും മനുഷ്യരുടെ തത്വചിന്താത്മകമായ ചില തലങ്ങൾ അത് ധ്വനിപ്പിക്കുന്നതായി കാണാം. അന്വേഷണം ക്രമേണ ക്ഷയിച്ചുപോകുന്ന ഒരാളിന്റെ അസ്തിത്വവ്യഥകളും ഇവിടെ കാണാവുന്നതാണ്.

Exam Tips:

a) മൂന്നു വാക്യങ്ങളുടെയും പൊതുവായ ആശയം (ലക്ഷ്യം മറന്നുപോകുന്ന അവസ്ഥ) ആദ്യം പറയുക.
b) 'അസ്തിത്വവ്യഥ' പോലുള്ള സാഹിത്യപദങ്ങൾ ഉപയോഗിച്ചാൽ ഉത്തരത്തിന് മികവ് കൂടും.

 

Question 7: കുട്ടികളുടെ വരവ് ദിവാകരനിൽ വരുത്തിയ മാറ്റം എന്ത്? കണ്ടെത്തുക.

Answer:

രാത്രി മുഴുവനും ദിവാകരൻ ചിത്രങ്ങൾ തെരഞ്ഞിട്ടും തന്റെ മാതാപിതാക്കളുടെ ഛായാചിത്രങ്ങൾ കണ്ടെത്തിയില്ല. തലകറങ്ങുന്നതുപോലെ തോന്നിയ ദിവാകരൻ കണ്ടാൽപോലും താനൊന്നും തിരിച്ചറിയാൻ പോകുന്നില്ല എന്ന മാനസികാവസ്ഥയിൽ എത്തിച്ചേർന്നു. ഈ സന്ദർഭത്തിലാണ് ആറും ഏഴും വയസ്സായ രണ്ടു കുട്ടികളുടെ വരവ്. ആ കാലടിശബ്ദംപോലും ദിവാകരനെ ഭയപ്പെടുത്തി.
കുട്ടികൾ പോയിട്ടാവാം തിരച്ചിൽ എന്നു കരുതി ഒരു മൂലയിലേക്കു മാറി ചുവരിൽ ചാരി നിന്നു. നേരം വെളുത്തു തുടങ്ങുന്ന നേരമായി. കുട്ടികൾ അയാളെ കാണുകയും കരഞ്ഞുതുടങ്ങുകയും ചെയ്തപ്പോൾ ദിവാകരൻ നിസ്സഹായനായിത്തീർന്നു. ഇതേസമയം കടക്കാരൻ തങ്ങൾ തേടിവന്ന ചിത്രം ഇതാണെന്ന് ദിവാകരനെ ചൂണ്ടിപ്പറഞ്ഞു. ദിവാകരൻ ഒരു ഫോട്ടോ മാത്രമായി അപ്പോൾ മാറിക്കഴിഞ്ഞിരുന്നു.

Exam Tips:

a) മാറ്റത്തെ "ജീവനുള്ള ആൾ എന്ന നിലയിൽനിന്ന് ഒരു ഫോട്ടോ മാത്രമായി മാറിയത്" എന്ന് ഒറ്റ വാക്യത്തിൽ സംഗ്രഹിച്ച് അവസാനിപ്പിക്കുക.
b) സംഭവങ്ങൾ ക്രമത്തിൽ (രാത്രി തിരച്ചിൽ, കുട്ടികളുടെ വരവ്, ഭയം, കടക്കാരന്റെ ചൂണ്ടൽ) എഴുതുക.

 

4 Mark Questions and Answers

Question 8: വെളിച്ചം ചതിവിനുള്ള ഉപാധിയാകുന്ന സമകാലിക ചുറ്റുപാടുകളെക്കുറിച്ചുള്ള നിങ്ങളുടെ കണ്ടെത്തലുകൾ ക്രോഡീകരിച്ച് പവർപോയിന്റ് അവതരണത്തിനുള്ള സ്ലൈഡ് ഡിസൈൻ ചെയ്യുക.

Answer:

അവകാശങ്ങളുടെ പ്രശ്നം എന്ന പത്മരാജൻ കഥയിൽ വെളിച്ചത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. ഈ കഥയിൽ മാത്രമല്ല നമ്മുടെ ആധുനിക ഉപഭോഗ സംസ്കാരത്തിൽ വെളിച്ചത്തിന്, കൃത്രിമ വെളിച്ചത്തിന് സവിശേഷമായൊരു സ്ഥാനം ഉണ്ടായിട്ടുണ്ട്.
കണ്ണഞ്ചിക്കുന്ന കൃത്രിമ വെളിച്ചങ്ങൾ പകർന്നുതരുന്ന വല്ലാത്തൊരു മായികക്കാഴ്ചയിൽ മയങ്ങിത്തന്നെയാണ് ഇന്ന് ലോകം മുന്നോട്ടുപോകുന്നത്. ജീവിതത്തിന്റെ കുറവുകളെ കൃത്രിമവെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാരയിൽ മായ്ക്കുക. അങ്ങനെ കുറവുകളെയും കുറ്റങ്ങളെയും അപാകതകളെയും കാണാനും പരിഹരിക്കാനുമുള്ള വെളിച്ചം അതിന്റെ വിപരീതാർത്ഥത്തിൽ സഞ്ചരിച്ച് അവ മറയ്ക്കാനുള്ള കനത്ത മറയായിമാറുന്നു. വിരോധാഭാസ ലോകത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. എന്തായാലും അവകാശങ്ങളുടെ പ്രശ്നത്തിൽ പരേതരുടെ നിശ്ചല ഛായാപടങ്ങൾക്ക് കൂട്ട് ഈ വെളിച്ചം മാത്രമാണ്.
ഈ വെളിച്ചം ആ മരണത്തെരുവിനെ രാത്രിയിലും പകലാക്കി മാറ്റുന്നു. ആ പ്രകാശധാര സൃഷ്ടിക്കുന്ന മായികവലയത്തിൽപ്പെട്ട് ആളുകൾ ശരിയേത് തെറ്റേതെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ കുഴങ്ങുന്നു.
പവർപോയ്ന്റ് അവതരണത്തിന് സൈഡ് ഡിസൈൻ ചെയ്യുമ്പോൾ (ശ്രദ്ധിക്കേണ്ട കാര്യങ്ങൾ):
- ഉപഭോഗസംസ്കാരത്തിന്റെ ഏറ്റവും വലിയ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന മലയാളി സമൂഹത്തെ തുറന്നുകാണിക്കാൻ ഉതകുന്ന ദൃശ്യങ്ങൾ തെരഞ്ഞെടുക്കുക.
- ഉചിതമായ അടിക്കുറിപ്പുകൾ നൽകുക.
- സമകാലീന സംഭവങ്ങൾ ഉചിതമായി കോർത്തിണക്കുക.
- ജീവിതത്തിലെ ഏറ്റവും വലിയ സത്യമായ മരണത്തിനുമുന്നിലും മനുഷ്യൻ ലാഭനഷ്ടക്കണക്കുകൾ കൂട്ടിനിൽക്കുന്ന അവസ്ഥയെ പ്രൊജക്ട് ചെയ്യണം.

Exam Tips:

a) ആദ്യം കഥയിലെ വെളിച്ചത്തിന്റെ പ്രാധാന്യം പറഞ്ഞ ശേഷം സ്ലൈഡ് രൂപകൽപ്പനയിലെ നിർദേശങ്ങൾ പോയിന്റുകളായി എഴുതുക.
b) ഓരോ സ്ലൈഡിനും ഒരു ശീർഷകവും ചുരുങ്ങിയ വാക്യങ്ങളും ഉണ്ടെന്ന് സൂചിപ്പിക്കുക.
c) 'വിരോധാഭാസം' എന്ന ആശയം ഉത്തരത്തിൽ എടുത്തുപറയുക.

 

Question 9: ഏതെങ്കിലും കുറെ പടങ്ങൾ പോരെ? ഇന്നതുതന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് അത്ര ബുദ്ധിയാണോ? കടക്കാരൻ ഇങ്ങനെ ചോദിക്കുന്നതിന്റെ പൊരുളെന്ത്?

Answer:

കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ഫോട്ടോ ഒരു ഉത്പന്നം മാത്രമാണ്. അതിൽ യാതൊരുതരത്തിലുള്ള വികാരവായ്പോ മറ്റേതെങ്കിലും തരത്തിലുള്ള താൽപര്യങ്ങളോ അവർക്കില്ല. ലാഭം അതു മാത്രമാണ് ലക്ഷ്യം. കച്ചവടക്കാർ ആയിരക്കണക്കിനാണ്. ലാഭത്തിന്റെ കണക്കുകൾ മാത്രമാണ് അവരുടെ മനസ്സുകളെ ചലിപ്പിക്കുന്നത്. വികാരപ്രകടനങ്ങൾക്ക് അവിടെ സ്ഥാനമില്ല.
ഒരുപാട് ആളുകളുടെ ഉൽകണ്ഠ നിറഞ്ഞ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് പറഞ്ഞ് ഇപ്പോഴവർക്ക് അടിയന്തിര സ്വഭാവം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരുതരം നിർവികാരത അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും ഞങ്ങൾക്കൊന്നുമില്ല എന്നൊരു ഭാവം. അതുപോലെ നിസ്സംഗതയും.
ജീവിതത്തിന്റെ ഏറ്റവും വലിയ സത്യമായ മരണത്തിന്റെ കച്ചവടക്കാരാണവർ. മരണത്തിന്റെ ഒരു മരവിപ്പ് അവരിലേക്കും പടർന്നിട്ടുണ്ടാകും. ഫോട്ടോ, നോക്കിക്കാണുന്നവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നായി മാറുന്നു. പത്രങ്ങളിലെ മരണക്കോളങ്ങളിൽ പെട്ടെന്ന് ഒരു പരിചിതമുഖം കടന്നുവരുമ്പോൾ നാം ഞെട്ടുന്നു.
പരിചിതത്വം, ബന്ധുത്വം എന്നീ ഘടകങ്ങളാണ് ഫോട്ടോ എന്ന ഉൽപ്പന്നത്തെ ഏറ്റവും പ്രധാനപ്പെട്ടതായി തീർക്കുന്നത്. ഇവ രണ്ടും ഇല്ലെങ്കിൽ ഫോട്ടോ മറ്റെന്തെങ്കിലും അചേതന വസ്തുപോലെ നിർജീവമാണ്. കച്ചവടക്കാർ തങ്ങളുടെ മുന്നിലുള്ള അപരിചിതത്വം തുളുമ്പുന്ന പതിനായിരക്കണക്കിന് മുഖങ്ങൾക്ക് മുമ്പിൽ മരണത്തിന്റെ കാവൽക്കാരായി മരവിച്ച മനസ്സോടെ ഇരിക്കുന്നു.

Exam Tips:

a) കടക്കാരന്റെ സമീപനം (ലാഭം മാത്രം ലക്ഷ്യം, ഫോട്ടോ ഉൽപ്പന്നം മാത്രം) ആദ്യം വ്യക്തമാക്കുക.
b) 'നിർവികാരത', 'നിസ്സംഗത' എന്നീ പദങ്ങൾ ഉത്തരത്തിൽ ഉപയോഗിക്കുക.
c) ദിവാകരന്റെ വൈകാരികമായ ആവശ്യവുമായി ഈ സമീപനത്തെ താരതമ്യം ചെയ്താൽ ഉത്തരം പൂർണമാകും.

 

6 Mark Questions and Answers

Question 10: "അവകാശങ്ങളുടെ പ്രശ്നം" എന്ന കഥയിൽ ഫോട്ടോ എന്ന വസ്തുവിനെ ദിവാകരൻ, കുട്ടികൾ എന്നീ കഥാപാത്രങ്ങൾ സമീപിക്കുന്ന രീതിയിലല്ല കച്ചവടക്കാർ സമീപിക്കുന്നത്. ഇത് എത്രത്തോളം ശരിയാണെന്ന് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:

അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കൂടിക്കുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തിച്ചേരുന്നു. സ്വാഭാവികമായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.
മരിച്ചവരുടെ ഫോട്ടോ മാത്രം വിൽക്കുന്ന ഒരു തെരുവായിരുന്നു അത്. അവിടെയുള്ള കടക്കാർ സഹതാപത്തോടെയും പിന്നെ പരിഹാസത്തോടെയും കൂടിയാണ് ദിവാകരനെ സ്വീകരിക്കുന്നത്. കാരണം ദിവാകരന്റെ പകപ്പും, പ്രിയപ്പെട്ടവരെ കാണാനുള്ള അങ്കലാപ്പും അവർക്ക് ശീലമായിരുന്നു.
ഫോട്ടോ ഓർമ്മയാണ്. ഒരു കാലത്തിന്റെ പ്രവാഹത്തെ ഒരു നിമിഷം നിശ്ചലമാക്കുന്ന അത്ഭുതവിദ്യ. കാലത്തിന്റെ കുത്തൊഴുക്കിനെ ഒരു നൊടിയിടകൊണ്ട് പിടിച്ചുനിർത്തിയിരിക്കുന്നു. ഓർമ്മകളുടെ, പോയകാലത്തിന്റെ കനത്ത നെടുവീർപ്പുമായാണ് ഓരോ ഫോട്ടോയും സ്ഥിതിചെയ്യുന്നത്. വികാരവായ്പോടെയാണ് ദിവാകരൻ ഫോട്ടോയുടെ മുന്നിലേക്ക് എത്തിച്ചേരുന്നത്.
കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ഫോട്ടോ ഒരു ഉത്പന്നം മാത്രമാണ്. അതിൽ യാതൊരുതരത്തിലുള്ള വികാരവായ്പോ മറ്റേതെങ്കിലും താൽപര്യങ്ങളോ അവർക്കില്ല. ലാഭം മാത്രമാണ് ലക്ഷ്യം. ലാഭത്തിന്റെ കണക്കുകൾ മാത്രമാണ് അവരുടെ മനസ്സുകളെ ചലിപ്പിക്കുന്നത്. വികാരപ്രകടനങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരുപാട് ആളുകളുടെ ഉൽകണ്ഠ നിറഞ്ഞ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞു പറഞ്ഞ് അവർക്ക് ഒരുതരം നിർവികാരതയും നിസ്സംഗതയും ഉണ്ടായിരിക്കുന്നു. മരണത്തിന്റെ കച്ചവടക്കാരായ അവരിലേക്കും മരണത്തിന്റെ ഒരു മരവിപ്പ് പടർന്നിട്ടുണ്ടാകും.
ഫോട്ടോ, നോക്കിക്കാണുന്നവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നായി മാറുന്നു. പരിചിതത്വം, ബന്ധുത്വം എന്നീ ഘടകങ്ങളാണ് ഫോട്ടോ എന്ന ഉൽപ്പന്നത്തെ ഏറ്റവും പ്രധാനപ്പെട്ടതായി തീർക്കുന്നത്. ഇവ രണ്ടും ഇല്ലെങ്കിൽ ഫോട്ടോ മറ്റെന്തെങ്കിലും അചേതന വസ്തുപോലെ നിർജീവമാണ്. കച്ചവടക്കാർ അപരിചിതത്വം തുളുമ്പുന്ന പതിനായിരക്കണക്കിന് മുഖങ്ങൾക്കു മുമ്പിൽ മരവിച്ച മനസ്സോടെ ഇരിക്കുന്നു.
കുട്ടികൾ എന്നും കൗതുകത്തിന്റെ ലോകത്താണ്. അവർ ഏറ്റവും വികാരപരമായി പ്രതികരിക്കുന്നവരുമാണ്. എന്നിട്ടും ആറും ഏഴും വയസ്സു മാത്രം പ്രായമുള്ള ആ കുട്ടികൾ ദിവാകരന്റെ നിശ്ചലമായ മുഖത്തിനു മുമ്പിൽ ഏറെ സംയമനം പാലിച്ചു. നിശ്ശബ്ദമായി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരുടെ ദുഃഖത്തിന്റെ വേലിയേറ്റങ്ങൾക്കിടയിൽ ദിവാകരൻ നിശ്ചലനായി.

Exam Tips:

a) ഉത്തരം 'ശരിയാണ്' എന്ന നിലപാടോടെ ആരംഭിക്കുകയും, ദിവാകരൻ-കുട്ടികൾ (വൈകാരികത), കച്ചവടക്കാർ (ലാഭം, നിർവികാരത) എന്ന താരതമ്യം വ്യക്തമാക്കുകയും ചെയ്യുക.
b) 'പരിചിതത്വം', 'ബന്ധുത്വം' എന്നിവയാണ് ഫോട്ടോയ്ക്ക് മൂല്യം നൽകുന്നതെന്ന വാദം ഉൾപ്പെടുത്തുക.
c) കുട്ടികളുടെ സംയമനത്തെക്കുറിച്ചുള്ള ഭാഗം ഉപസംഹാരമായി ചേർക്കുക.

 

Question 11: പത്മരാജന്റെ കഥകളിൽ ദൃശ്യഭാഷാ കഥപറച്ചിലിനുള്ള ഉപാധിയാകാറുണ്ട്. ഈ കഥയിലെ ഇത്തരം സന്ദർഭങ്ങൾ കണ്ടെത്തി ഇതിവൃത്തത്തിന് അവ എങ്ങനെ മിഴിവേകുന്നുവെന്ന് ഒരു നിരീക്ഷണക്കുറിപ്പ് രചിക്കുക.

Answer:

പി. പത്മരാജൻ ആസ്വാദനത്തിന്റെ സ്വർഗ്ഗലോകത്തിലേക്ക് മലയാളികളെ വെള്ളിനൂലിട്ട് കയറ്റിക്കൊണ്ടുപോയ സംവിധായകനാണ്. തിരക്കഥാകൃത്താണ്. കഥാകാരനും നോവലിസ്റ്റുമാണ്. ജീവിതത്തിന്റെ മുക്കിലും മൂലയിലും പ്രണയത്തിന്റെ അനന്തസാധ്യതകളെ തൊട്ടറിഞ്ഞ കലാകാരൻ. അടിമുടി ഒരു യഥാർത്ഥ കലാസ്നേഹി. ദൃശ്യങ്ങളെ ചേതോഹരമാം വിധം കുട്ടിയിണക്കി എവിടെ അവസാനിക്കുന്നു എന്ന് ഒരു തെളിവും നൽകാതെ ദുരൂഹതവാരിപ്പുതച്ചുനിൽക്കുന്ന ഒരു തെരുവ്, കഥ കൈകാര്യം ചെയ്യുന്ന ഇതിവൃത്തത്തിന് ഏറ്റവും സത്യസന്ധത പകർന്നുതന്നെയാണ് ആ തെരുവ് നിലനിൽക്കുന്നത്. അല്ലെങ്കിൽ ആ തെരുവ് സൃഷ്ടിക്കുന്ന വല്ലാത്ത ഒരു നിർവികാരതയുടെ മൂടൽമഞ്ഞ് കഥയെ മുഴുവനായും മൂടിനിൽക്കുന്നു.
ദുരൂഹതയുടെ മൂടുപടംപോലെ എത്ര കടകളാണ് ആ തെരുവിലെന്ന് ആർക്കും അറിയില്ല. രാത്രി ആ തെരുവിന് ഉറക്കമില്ല. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കച്ചവടത്തിന്റെ തന്ത്രങ്ങൾ മാത്രമായി നിൽക്കുന്ന ആ തെരുവുതന്നെയാണ് ഈ കഥയിൽ ഒരു കഥാപാത്രമെന്നപോലെ വായനക്കാരുടെ കാഴ്ചപ്പാടിൽ നിലനിൽക്കുന്നത്. ഈ ദൃശ്യഭംഗി കലാസ്വാദനത്തിന്റെ വലിയ പങ്ക് വഹിക്കുന്നു. കഥ അവസാനിക്കുന്നതുവരെ ആ തെരുവ് വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കും. അവിടെയാണ് കഥാകാരന്റെ വിജയം.
ഒപ്പം ഈ കഥയിൽ നിശ്ശബ്ദസാന്നിധ്യമായി ദൃശ്യവൽക്കരിക്കപ്പെടുന്ന മറ്റൊന്ന് തൂങ്ങിയാടുന്ന ആയിരക്കണക്കിന് ഫോട്ടോകളാണ്. അസംഖ്യം പേരുടെ മരണത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ നിശ്ചലദൃശ്യങ്ങൾ വായനക്കാരന്റെ മനസ്സിൽ മുദ്ര പതിപ്പിക്കാൻ പോന്ന ഒന്നാണ്. ജീവിതത്തിലെ ഏറ്റവും വലിയ സത്യംതന്നെയാണ് കാലത്തിന്റെ തടവറയിൽ അവിടെ നിശ്ചലമാക്കിയിട്ടിരിക്കുന്ന ഫോട്ടോകൾ കാണിച്ചുതരുന്നത്, മരണത്തെ. സ്വാഭാവികമായും കഥയുടെ മുന്നോട്ടുള്ള ഗതിയിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട് ആ ഫോട്ടോകൾ. അവ നിശ്ചലമാണെങ്കിലും ചലനാത്മകമാണ്.
മറ്റൊരു ഹൃദയസ്പർശിയായ ദൃശ്യം വായനക്കാരന്റെ മനസ്സിൽ മുള്ളുപോലെ ഉടക്കിനിൽക്കുന്നുണ്ട്. അത് ദിവാകരന്റെ ഛായാപടം കടക്കാരൻ പൊതിഞ്ഞുനൽകുന്ന രംഗമാണ്. തെരുവിൽ അപ്പോൾ വെളുപ്പാൻ കാലത്തെ വെളിച്ചം പരക്കാൻ തുടങ്ങിയിരുന്നു. പ്രകൃതിപോലും മാറുന്ന സമയം. ആ സമയത്ത് ദിവാകരൻ എന്നും പരേതരുടെ പട്ടികയിൽ അവസാന പേരുകാരനായി നിശ്ചലനായി മാറുന്ന രംഗം എത്ര അനായാസമായാണ് വാക്കുകളാകുന്ന നിറങ്ങൾകൊണ്ട് പത്മരാജൻ വരച്ചുവയ്ക്കുന്നത്. വല്ലാത്ത ഒരു നിശ്ശബ്ദതയിലേക്ക് വായനക്കാരന്റെ മനസ്സ് ആഴ്ന്നുപോകുന്ന അനുഭവം. ദൃശ്യങ്ങൾ ഏതൊരു സർഗ്ഗാത്മക സൃഷ്ടിയുടെയും ആണിക്കല്ലാണ്. അത് ഏറ്റവും ഫലപ്രദമായി തന്റെ സാഹിത്യരൂപങ്ങളിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനാണ് പി. പത്മരാജൻ. പലപ്പോഴും വരണ്ടുപോകാവുന്ന ഒരു അന്തരീക്ഷത്തെ വാക്കുകളിലെ വർണ്ണങ്ങൾകൊണ്ട് നിറച്ചാർത്തണിയിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ആ ഭംഗിതന്നെയാണ് പത്മരാജൻ കഥകളുടെ കരുത്തും.

Exam Tips:

a) പത്മരാജന്റെ പ്രതിഭയെക്കുറിച്ച് ഒരു ചെറിയ ആമുഖത്തോടെ തുടങ്ങുക.
b) തെരുവ്, തൂങ്ങിയാടുന്ന ഫോട്ടോകൾ, ദിവാകരന്റെ ചിത്രം പൊതിഞ്ഞുനൽകുന്ന രംഗം എന്നിങ്ങനെ മൂന്ന് ദൃശ്യങ്ങൾ പ്രത്യേകം പരിഗണിക്കുക.
c) ഓരോ ദൃശ്യവും ഇതിവൃത്തത്തെ (മരണത്തിന്റെ മരവിപ്പ്, നിസ്സംഗത) എങ്ങനെ ശക്തിപ്പെടുത്തുന്നു എന്ന് ബന്ധിപ്പിക്കുക.

 

Question 12: യാഥാർത്ഥ്യത്തിന്റെയും അയഥാർത്ഥ്യത്തിന്റെയും അതിരുകൾ മാഞ്ഞുപോകുന്നതിന്റെ ദൃശ്യം മാർകെസിന്റെ "പ്രകാശം ജലം പോലെയാണ്", പത്മരാജന്റെ "അവകാശങ്ങളുടെ പ്രശ്നം" എന്നീ രചനകളിലുണ്ട്. എങ്കിലും അവ വ്യത്യസ്തങ്ങളാണ്. കഥാസന്ദർഭങ്ങൾ കണ്ടെത്തി താരതമ്യക്കുറിപ്പ് തയ്യാറാക്കുക.

Answer:

കാഴ്ചയല്ല കാഴ്ചപ്പാടുകളാണ് യാഥാർത്ഥ്യത്തെ നിർണ്ണയിക്കുന്നത്. പലപ്പോഴും പലർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു നിർണ്ണായകമായ വഴിത്തിരിവുകളിൽവെച്ച്, അകപ്പെട്ടുപോകുന്ന സമയങ്ങളിൽ വിവരിക്കാനാവാത്ത മായാക്കാഴ്ചകളുടെ തടവിൽ അകപ്പെട്ടിരിക്കാം. സാഹിത്യത്തിൽ പ്രസ്ഥാനങ്ങൾക്ക് ഒരു കാലത്തും ദൗർലഭ്യം ഉണ്ടായിരുന്നില്ല. പ്രസ്ഥാനങ്ങളുടെ കുത്തൊഴുക്കിലും ചിലതുമാത്രം കാലാതിവർത്തിയായി. അതിലൊന്നാണ് മാർകെസ് ജനകീയമാക്കിയ 'മാജിക്കൽ റിയലിസം'. യാഥാർത്ഥ്യത്തിന്റെയും അയഥാർത്ഥ്യത്തിന്റെയും ഇടയിലുള്ള നേർത്ത ഒരു പാളി പതിയെ എടുത്തുമാറ്റുകയാണത്. അപ്പോൾ അവ തമ്മിൽ ഇണങ്ങിച്ചേരുന്നു. നേർത്ത അതിർവരമ്പുകൾ അലിഞ്ഞില്ലാതാകുന്നു. മാർകെസിന്റെ രചനകളുടെ ഏറ്റവും വലിയ സവിശേഷതയായി തിളങ്ങിനിൽക്കുന്ന ഒരു ഘടകമാണത്. സത്യവും മിഥ്യയും കൂടിച്ചേർന്ന് പരസ്പരം വിലയം പ്രാപിക്കുന്ന അവസ്ഥ. അവിടെ കാഴ്ചകൾക്കല്ല പ്രാധാന്യം. അവയെ നോക്കിക്കാണുന്ന രീതിക്കാണ്.
അങ്ങനെ കാഴ്ചപ്പാടുകൾ യാഥാർത്ഥ്യത്തെ നിർണ്ണയിക്കുന്നു. 'പ്രകാശം ജലം പോലെയാണ്' എന്ന കഥയിൽ ജോവലും ടോട്ടോയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾതന്നെയാണ്. ആ നാണയത്തിന്റെ മറുവശത്ത് സൂക്ഷിച്ചുനോക്കിയാൽ മാർക്വസിനെയും അവരുടെ മാതാപിതാക്കളെയും കാണാം. നഷ്ടസ്വർഗ്ഗങ്ങൾ പുനരാവിഷ്കരിക്കാൻ, ഗൃഹാതുരതയുടെ തുരുത്തുകൾ സൃഷ്ടിക്കാൻ അവർ കുട്ടികൾക്കൊപ്പം കൂട്ടുനിന്നു. പക്ഷേ അത്ഭുതപ്പെടുത്തിക്കളഞ്ഞത് കുട്ടികളുടെ വന്യമായ ഭാവനയിൽനിന്ന് ഉരുത്തിരിഞ്ഞ ആശയമായിരുന്നു. ആ ഭാവന വരണ്ട മാഡ്രിഡിൽ വെള്ളപ്പൊക്കംതന്നെ സൃഷ്ടിച്ചു. അതിന് അവർക്ക് കഥാകൃത്തിന്റെ വാക്കുകൾതന്നെ പ്രേരണയാവുകയും ചെയ്തു.
പിറന്ന മണ്ണും വേരുകളും പറിച്ചുകളഞ്ഞ് അന്യദേശത്ത് ചെന്ന് ഉപജീവനാർത്ഥം ജീവിക്കേണ്ടിവരുന്ന പ്രവാസികളുടെ ഓർമ്മകളുടെ പച്ചപ്പ് കൂടി ഈ കഥയിൽ പശ്ചാത്തലമായി വർത്തിക്കുന്നുണ്ട്. എങ്കിലും തികച്ചും സാധാരണമായ ഒരു ഇതിവൃത്തത്തെ അസാധ്യമായ ഭാവനയുടെ ഉത്തുംഗശൃംഗത്തിലേക്ക് നയിച്ചത് മാർകേസിന്റെ മഹത്തായ മാജിക് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. പ്രകാശത്തിന്റെ ഒഴുക്കിനെ ജലവുമായി ബന്ധിപ്പിക്കുന്നിടത്താണ് മാർക്വസ് മാജിക് ആരംഭിക്കുന്നത്. കുട്ടികളുടെ ഭാവനാലോകവുമായി അതിനെ ബന്ധിപ്പിക്കുന്നതോടെ അത് പൂർണ്ണമാകുന്നു.
പി. പത്മരാജനിലേക്ക് എത്തുമ്പോൾ നാം ഈ മാജിക്കിന്റെ മറ്റൊരു മുഖം കാണുകയാണ്. യാഥാർത്ഥ്യത്തിന്റെയും അയഥാർത്ഥ്യത്തിന്റെയും നേർത്ത അതിരുകൾ പരിപൂർണ്ണമായി തകർക്കാതെ, എന്നാൽതന്നെ അവ്യക്തതയുടെ മൂടൽമഞ്ഞുകൊണ്ട്, പൊതിഞ്ഞുതന്നെയാണ് പി. പത്മരാജൻ തന്റെ കഥ പൂർത്തിയാക്കിയിരിക്കുന്നത്. സ്വപ്നാടനത്തിന്റെ ഒരു അന്തരീക്ഷം തന്റെ ഇതിവൃത്തത്തിലാകെ അലയടിപ്പിച്ചുകൊണ്ട് അദ്ദേഹം കഥയ്ക്ക് ഒരു അഭൗമിക സ്പർശം നൽകിയിരിക്കുന്നു. ക്രാഫ്റ്റിലും മറ്റും വ്യത്യാസങ്ങൾ അനവധി കണ്ടെത്താമെങ്കിലും മാർകെസും പി. പത്മരാജനും ഒരു കാര്യത്തിൽ വളരെയധികം സാദൃശ്യം പുലർത്തുന്നുണ്ട്. തങ്ങളുടെ രചനകളെ സാധാരണ തലത്തിൽനിന്നും ഉയർത്തി അലൗകികമായ ഒരു കാഴ്ചപ്പാടിലേക്ക് പരിച്ചുനടാൻ അവർക്ക് കഴിയുന്നു.
ആസ്വാദകരുടെ മനസ്സിലേക്ക് അവിശ്വസനീയതയുടെ നേർത്ത പുകപടലങ്ങൾ കടത്തിവിട്ട്, അവരുടെ വന്യമായ ഭാവനകളെ ഉണർത്തിവിടാനും, അങ്ങനെ സഹൃദയഹൃദയാഹ്ലാദം ഉണ്ടാകുവാനും തങ്ങളുടെ രചനകളിലൂടെ അവർക്ക് കഴിയുന്നു. ദൃശ്യപരമായ സാധ്യതകളും രണ്ടുപേരും യഥേഷ്ടം തങ്ങളുടെ രചനകളിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. സ്വാഭാവികമായും ഈ രണ്ടു കഥകളും സാധാരണ പാരായണത്തിനപ്പുറം കാഴ്ചയുടെ ആസ്വാദനത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ കാണിച്ചുതരുന്നു.
വിശ്വാസനിയമങ്ങളും അവിശ്വസനീയതയും ഏറ്റുമുട്ടുന്നു. ഭാവനകളുടെ വന്യതയിൽ അലിഞ്ഞ് ബാല്യകാലകൗതുകങ്ങളുടെ തേരിലേറി മനസ്സിനെ ഒന്നു മേയാൻ വിടാൻപോലും തോന്നുമാറ് മാർക്വസ് മാന്ത്രികമായി അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നു. പി. പത്മരാജൻ മരണമെന്ന സത്യത്തിന്റെ നരച്ച അവസ്ഥയും ഒപ്പം ഉപഭോഗസംസ്കാരത്തിന്റെ പൊള്ളത്തരവും അവിശ്വസനീയമായ വേഗത്തിൽ ഒരു ആഘാതമായി വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുന്നു. നിസ്സഹായമായ അവസ്ഥകളും നിലവിളികളും മറക്കാൻ കഴിയാത്ത രീതിയിൽ അനുഭവവേദ്യമാക്കുന്നു. വ്യത്യസ്തതകൾക്കപ്പുറം സ്വപ്നംപോലെ ഈ കഥകൾ വായനക്കാരനെ പിന്തുടരുന്നു. അതുതന്നെയാണ് ഈ കൃതികളുടെ വിജയവും.

Exam Tips:

a) 'മാജിക്കൽ റിയലിസം' എന്ന പദം ഉത്തരത്തിൽ വ്യക്തമായി ഉപയോഗിക്കുക.
b) സാദൃശ്യങ്ങളും (യാഥാർത്ഥ്യ-അയഥാർത്ഥ്യ സംയോജനം) വ്യത്യാസങ്ങളും (മാർക്വസിൽ ഭാവനയുടെ വന്യത, പത്മരാജനിൽ മരണവും ഉപഭോഗസംസ്കാരവും) രണ്ടു പോയിന്റുകളായി തിരിച്ചെഴുതുക.
c) രണ്ടു കഥകളിൽനിന്നും ഓരോ സന്ദർഭമെങ്കിലും (വെള്ളപ്പൊക്കം, ഫോട്ടോ ഷോപ്പ്) ഉദാഹരിക്കുക.

 

Question 13: ഐഡന്റിറ്റി കാർഡിനുവേണ്ടി മാത്രം സ്വന്തം ഫോട്ടോ എടുത്തിരുന്ന സമൂഹം ക്രമേണ "സെൽഫി"യിലേക്ക് മാറി. ഇതേക്കുറിച്ച് സംവാദം സംഘടിപ്പിച്ച് കുറിപ്പ് തയ്യാറാക്കുക.

Answer:

ആഗോളതലത്തിൽതന്നെ ലോകം ഒരു കൈകുമ്പിളോളം ചെറുതാകുന്ന ഒരു അവസ്ഥയിലാണ് നാമിപ്പോൾ. ജീവിതം ഏറ്റവും വേഗത്തിലായി. യാന്ത്രികത അതിന്റെ പരകോടിയിലെത്തി. അങ്ങനെ എല്ലാ അർത്ഥത്തിലും യാന്ത്രികത സമസ്ത മേഖലകളിലും സ്ഥാനം പിടിച്ചിരിക്കുന്നു. ജീവിതത്തിന്റെ യാന്ത്രികമായ അവസ്ഥ മാനുഷികമൂല്യങ്ങളിലും മറ്റും വ്യാപകമായി ഇടിവുകൾ വരുത്തിക്കഴിഞ്ഞു.
സൈബർ യുഗത്തിന്റെ പടിവാതിലിൽനിന്ന് നാം ഏറെ ദൂരം ഉള്ളിലേക്കു നീങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച അനവധി കണ്ടുപിടുത്തങ്ങൾ ഉണ്ടായി. എങ്കിലും എല്ലാറ്റിനും അപ്പുറമായി ഉയർന്നുനിൽക്കുന്നത് മൊബൈൽ ഫോണുകളുടെ കടന്നുവരവാണ്. സത്യത്തിൽ മൊബൈൽ ഫോണുകൾക്ക് മുൻപും അതിനുശേഷവും എന്നിങ്ങനെ കാലഘട്ടത്തെ തരംതിരിക്കേണ്ടതായി വരും. അത്രമാത്രം ജനകീയമായി ഈ ഇലക്ട്രോണിക്സ് കണ്ടുപിടുത്തം. മൊബൈൽ ഫോൺ വഴി ആശയവിനിമയത്തിന് ഏതു സമയത്തും അവസരം എന്ന അവസ്ഥാവിശേഷം ഉടലെടുത്തു. സ്വാഭാവികമായും ആളുകൾ തമ്മിലുള്ള അകലം കുറഞ്ഞു. എന്തു വിവരവും ലോകമെങ്ങും സഞ്ചരിക്കുന്ന സാഹചര്യം സംജാതമായി.
സ്വാഭാവികമായും സൗകര്യങ്ങളുടെ ഒരു കുത്തൊഴുക്കുതന്നെ ഉണ്ടായി. ഈ വലിയ സൗകര്യങ്ങളോടൊപ്പംതന്നെ അതിന്റെ നെഗറ്റീവ് ആയ വശങ്ങളും ഉയർന്നുവന്നു. അതിൽ ഏറ്റവും പ്രധാനം ജനങ്ങളുടെ സ്വകാര്യത ഭജിക്കപ്പെട്ടു എന്നതാണ്. നിങ്ങൾ ഏതു സ്ഥലത്തും വാർത്താവിനിമയ പരിധിക്കുള്ളിൽ അകപ്പെട്ടുപോകുന്നു, ഒപ്പം മൊബൈൽ ഫോണുകൾ സദാസന്ധതയെ ചോർത്തികളയുകയും ചെയ്തു. പ്രവാസി നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായും സൗകര്യത്തിന് നൂണകളെ ആശ്രയിക്കാതെ നിൽക്കക്കള്ളിയില്ലാതെ വരുന്നു. ഒരേ സമയം ഉപകാരപ്രദവും അതേ സമയം വിനാശകാരിയുമായി തീരാൻ കുറച്ചുസമയമേ വേണ്ടിവരുന്നുള്ളു പുതിയ കണ്ടുപിടിത്തത്തിന്. ദുഃഖവും സന്തോഷവും ദുരന്തവും ആഘോഷവും മൊബൈൽ ക്യാമറകളുടെ മുന്നിൽ ഒതുങ്ങിപ്പോകുന്നു. സഹായഹസ്തമായി മാറുന്ന കൈകൾകൊണ്ട് ഉദകക്രിയ ചെയ്യുന്ന ഏർപ്പാട്. ഒരു ദുരന്തഭൂമി ഇപ്പോൾ ഫ്ലാഷുകളുടെ വർണ്ണമഴയിൽ നിറഞ്ഞുനിൽക്കും. എന്തും ഏതും മൊബൈൽ ക്യാമറകൾക്ക് വിരുന്നാണ്.
സെൽഫി ഭ്രമമാണ് ഏറ്റവും ഒടുവിലായി രംഗത്തുവന്നിരിക്കുന്നത്. സ്വന്തം മുഖത്തോടുള്ള സ്നേഹം അമിതമാകുമ്പോൾ പണ്ടുകാലത്ത് അത് കണ്ണാടിയുടെ മുന്നിലെ തപസ്സായിരുന്നു. ഇന്ന് അത് മൊബൈൽ ക്യാമറകളുടെ മുന്നിൽ സെൽഫി എടുത്താണ് തീർക്കുന്നത്. ഒരു സമൂഹത്തെ മാത്രമല്ല, ലോകം മുഴുവൻ അത് ഒരു തരംഗമായി പടർന്നുപിടിച്ചിരിക്കുന്നു. ജീവിതത്തോടുള്ള അമിതമായ ആസക്തി, സ്വാർത്ഥത ഇതു രണ്ടുംതന്നെയാണ് അമിതമായ സെൽഫി പ്രേമത്തോടുള്ള ചേതോവികാരം.
എന്തായാലും പുതുതലമുറ മാത്രമല്ല, ജനറേഷൻ വ്യത്യാസമില്ലാതെ ഏതു പ്രായവിഭാഗത്തിൽപ്പെട്ട ആളുകളും സെൽഫിയിൽ സ്വയം സമർപ്പിച്ചിട്ടുണ്ട്. സെൽഫിയിലേക്ക് തിരിയുന്നത് ഒരു കുറ്റമല്ല. ഏതു കാര്യവും ഒരു കൗതുകത്തിന് അതിന്റേതായ സ്പിരിറ്റിൽ എടുക്കാവുന്നതേയുള്ളൂ. സെലിബ്രിറ്റികളും പൊളിറ്റീഷ്യൻസും ഒക്കെ തന്നെ അവരുടെ സെൽഫികൾ എടുക്കുന്നുണ്ട്. 'ഡോട്ടർ വിത്ത് സെൽഫി' എന്ന പുതിയ ക്യാമ്പയിൻ കേന്ദ്ര സർക്കാർ തന്നെ പുതുതായി ആരംഭിച്ചിട്ടുണ്ട്. പക്ഷേ, അതിനു പിന്നിൽ ഒരു ചേതോവികാരമുണ്ട്. പെൺകുഞ്ഞുങ്ങൾ കുറഞ്ഞുപോകുന്നതിനെതിരായി പെൺഭ്രൂണഹത്യയ്ക്ക് എതിരായ ഒരു സന്ദേശം.
പക്ഷേ, ഇതൊന്നുമില്ലാതെ ആവേശത്തിരയിളക്കി പുതിയ യൗവനം സെൽഫി കേസുമായി മുന്നോട്ടുപോകുന്നു. സെൽഫിക്കുവേണ്ടി പൊലിഞ്ഞ ജീവിതങ്ങൾക്ക് കണക്കില്ല. വ്യത്യസ്തമായ ഒരു സെൽഫി കിട്ടുന്നതിനുവേണ്ടി സാഹസികതയുടെ ഉത്തുംഗശൃംഗങ്ങളിൽ കയറി സ്വന്തം ജീവിതം ഹോമിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്, അതിന് വിദേശമെന്നോ സ്വദേശമെന്നോ ഇല്ല. അന്ധമായ ഈ അനുകരണഭ്രാന്താണ് നിർത്തേണ്ടത്. എന്താണ് നമ്മുടെ യുവത്വത്തിന് പറ്റിയത്? ആധുനിക ആശയവിനിമയമാർഗ്ഗങ്ങളുടെ നല്ല വശങ്ങളെ കാണാതെ അതിന്റെ നെഗറ്റീവായ വശങ്ങളിലേക്ക് മാത്രം ശ്രദ്ധ ചെലുത്തി യൗവനത്തെ പാഴാക്കികളയുകയാണോ? ഒരു മാറ്റം അനിവാര്യമായിരിക്കുന്നു. ഏതു കണ്ടുപിടിത്തവും ജനനന്മയ്ക്കും ജനോപകാരപ്രദവുമായിരിക്കണം. ജനദ്രോഹം അതിന്റെ ലക്ഷ്യമാകരുത്. മൊബൈൽ ഒരുപാട് സേവനങ്ങൾ പകർന്നുതരുന്നു. ആ നല്ല സേവനങ്ങളുടെ വരിക്കാരായി മാറാൻ ശ്രമിക്കാം.

Exam Tips:

a) സംവാദക്കുറിപ്പിൽ അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഉൾപ്പെടുത്തുക (സൗകര്യങ്ങൾ, സ്വകാര്യതയുടെ നഷ്ടം, അപകടങ്ങൾ).
b) ഐഡന്റിറ്റി കാർഡ് ഫോട്ടോ മുതൽ സെൽഫി വരെയുള്ള മാറ്റം ക്രമത്തിൽ പറയുക.
c) അവസാനം സന്തുലിതമായ ഒരു നിലപാട് (നല്ല വശങ്ങൾ ഉപയോഗിക്കുക, അപകടകരമായ സെൽഫി ഒഴിവാക്കുക) ഉപസംഹാരമായി എഴുതുക.

 

8 Mark Questions and Answers

Question 14: ഉൽപ്പന്നങ്ങളുടെ ധാരാളിത്തത്തിൽ മുങ്ങിപ്പോകുന്ന ഉപഭോക്താവിന്റെ ധർമ്മസങ്കടം ആവിഷ്കൃതമാകുന്ന കഥാസന്ദർഭങ്ങൾ കണ്ടെത്തുക.

Answer:

ദിവാകരനും കുട്ടികളും ഫോട്ടോയെ സമീപിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. തന്റെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ദിവാകരൻ ശ്രമിച്ചുതുടങ്ങിയിട്ട് സമയമേറെയായി. അയാൾ അക്ഷമനാണ്, ഒപ്പം അവശനുമാണ്. വല്ലാത്ത ഒരു പാച്ചിലാണ് ദിവാകരന്റെ ചലനങ്ങളിൽ. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന ഒരു മുൻവിധി ദിവാകരന്റെ മനസ്സിൽ കടന്നുകൂടിയിട്ടുണ്ട്.
വ്യർത്ഥമാണെന്ന് അറിഞ്ഞിട്ടും അയാൾ ഒരു കഠിനപ്രവൃത്തിയിൽ മുഴുകുന്നു. പൂർത്തിയാകില്ലെന്നറിഞ്ഞിട്ടും അയാൾ പായുകയാണ്. ചില സന്ദർഭങ്ങളിൽ തന്റെ പ്രിയപ്പെട്ടവരുടെ ഛായകൾതന്നെ അയാൾക്ക് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ചില ഫോട്ടോകൾ താൻ തിരിച്ചറിയാതെ പോകുന്നുണ്ടോ എന്നുപോലും ആശങ്കാകുലനാകുന്നു. അന്ധമായ പാച്ചിലിനൊടുവിൽ എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ് അയാൾ ഒരു മൂലയിൽ നിശ്ചലനാകുന്നു. അന്വേഷിക്കുമ്പോൾപോലും ഇനി അന്വേഷിക്കാൻ എത്രമാത്രം ബാക്കിയുണ്ട് എന്നുമാത്രമാണ് അയാൾ ചിന്തിക്കുന്നത്.
എന്നാൽ കുട്ടികൾ ഏറ്റവും നിഷ്കളങ്കതയോടെ മാത്രമാണ് ഫോട്ടോകളിലേക്ക് കടന്നുവരുന്നത്. ദിവാകരനോട് തുലനം ചെയ്യുമ്പോൾ പ്രായത്തിൽ കവിഞ്ഞ പകത അവർ പ്രദർശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ കഠിനപരീക്ഷകളിലേക്ക് വളരെ ചെറുപ്പത്തിലേ എടുത്തെറിയപ്പെട്ടവരാണിവർ. അവർക്ക് ആശങ്കകളുടെ അതിപ്രസരമില്ല. അവിടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സൂക്ഷ്മതയോടെതന്നെ അവർ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരുന്നു.
കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടുക്കുക. അതുകൊണ്ടുതന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാചിത്രമാക്കി മാറ്റുന്നു. എന്തിനെയും കച്ചവടച്ചരക്കാക്കുക എന്നതാണല്ലോ ആധുനികതയുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം. ലാഭം കൊയ്യുക എന്നതുമാത്രമാണ് ലക്ഷ്യം. അതിനിടയിൽ മൂല്യങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്തും അടിയറവെച്ചും എങ്ങനെ തരംതാഴ്ത്തിയും ലാഭം നേടുക എന്നത് ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണ്.
ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക; ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനുഭവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കുക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക, നിരന്തരം പ്രോത്സാഹിപ്പിക്കുക, ആകർഷണീയമായ കാര്യങ്ങൾ അവതരിപ്പിക്കുക, അവരുടെ താൽപര്യങ്ങളുടെ തിരി അണയാതെ ശ്രദ്ധിക്കുക. പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചിക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയക്കുഴപ്പത്തിൽ ഏർപ്പെടും. സ്വയം വഞ്ചിതനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. അങ്ങനെ കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെതന്നെയാണ് ഓരോ ഉപഭോക്താവും കടന്നുവരിക. സംശയദൃഷ്ടിയോടെ സമീപിക്കുന്ന ഓരോ ഉപഭോക്താവിനെയും എങ്ങനെ തങ്ങളുടെ വഴിയിൽ കൊണ്ടുവരണമെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറിയാം. അതവർ പ്രയോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങളുടെ കൈവശമുള്ള ഉൽപ്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ്.
വ്യത്യസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപ്പന്നങ്ങളുടെ ധാരാളിത്തം ഉപഭോക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായികവലയത്തിൽ അകപ്പെട്ടുകഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണമായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിനനുസരിച്ച് താളം തുള്ളുന്നു. 'അവകാശങ്ങളുടെ പ്രശ്നം' എന്ന കഥയിലെ ദിവാകരൻ കടന്നുപോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്. ദിവാകരൻ എത്രയും വേഗം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഛായാചിത്രങ്ങൾ വാങ്ങിക്കുവാനാണ് വരുന്നത്.
മരിച്ചവരുടെ മാത്രം ഛായാചിത്രങ്ങൾ വിൽക്കുന്ന ആ തെരുവിലേക്ക് എത്തപ്പെട്ടതോടെ അയാളുടെ മാനസികാവസ്ഥ മാറി. മരണത്തിന്റെ മരവിപ്പ് പടർന്ന ആ തെരുവ് അയാളെ അമ്പരപ്പിച്ചു. അനിശ്ചിതാവസ്ഥ നിറഞ്ഞ ആ തെരുവ്, എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളെ പരിഭ്രാന്തനാക്കി. നിഗൂഢത നിറഞ്ഞ ആ തെരുവുതന്നെ ഈ കഥയിൽ ഒരു നിശ്ശബ്ദ കഥാപാത്രമായി മാറുന്നുണ്ട്. വിയർത്തുകുളിച്ച് അവശത വാരിപ്പൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാചിത്രങ്ങളുടെ വലിയൊരു ലോകംതന്നെ തുറന്നിടുകയാണ് കച്ചവടക്കാർ ചെയ്യുന്നത്.
ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം, എവിടെനിന്നും തുടങ്ങണം എന്ന ആശയക്കുഴപ്പം തുടക്കത്തിലേ അയാളെ കഠിനമായി സ്വാധീനിക്കുന്നു. ഈ ആശയക്കുഴപ്പത്തിൽനിന്നുതന്നെയാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭിക്കുന്നത്. കച്ചവടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്നവരുടെ ഈ പരിഭ്രാന്തിതന്നെയാണ്. കുഴങ്ങിനിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറുതായൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെങ്കിൽ നൈരാശ്യം മുത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശിച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാകരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹായിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാകരന് ബോധ്യമായി.
ആദ്യത്തെ കടയിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാശ്യത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാരനോട് ചോദിക്കുന്നുണ്ട്, ഇവിടെ കണ്ട ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുകയാണ്. ഒരു പടംതന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. "ഏതെങ്കിലും ചിത്രങ്ങൾ പോരേ?" എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാകരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ടത്. അന്യരുടെ ചിത്രംകൊണ്ട് എനിക്ക് എന്തു പ്രയോജനം എന്ന് ധർമ്മസങ്കടത്തിൽ നിറഞ്ഞാണ് ദിവാകരൻ മറുപടി നൽകുന്നത്.
ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മസങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പതിനായിരക്കണക്കിന് നിശ്ചലചിത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകിക്കിടക്കുന്ന ചിത്രങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരിച്ചറിയാൻ കഴിയുമോ എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യംപോലെ അയാൾ ആ തെരുവിൽ അവശേഷിക്കുമ്പോഴും കടക്കാർ നിസ്സംഗരായി അവശേഷിക്കുന്നു.

Exam Tips:

a) ഉപഭോക്താവിന്റെ ധർമ്മസങ്കടം തെളിയുന്ന സന്ദർഭങ്ങൾ (തെരുവിലെത്തിയ പരിഭ്രാന്തി, 'ഏതെങ്കിലും ചിത്രങ്ങൾ പോരേ?' എന്ന ചോദ്യം, 'ഈ തെരുവിൽ എത്ര കടകളുണ്ട്' എന്ന ചോദ്യം) പ്രത്യേകം എടുത്തെഴുതുക.
b) ദിവാകരൻ, കുട്ടികൾ, കച്ചവടക്കാർ എന്നീ മൂന്നു കൂട്ടരുടെ സമീപനവ്യത്യാസം ക്രമത്തിൽ വിശദീകരിക്കുക.
c) 'ധാരാളിത്തം', 'മായികവലയം' തുടങ്ങിയ പദങ്ങൾ ഉത്തരത്തിൽ ചേർക്കുക.
d) എട്ടുമാർക്ക് ചോദ്യമായതിനാൽ ആമുഖം, വിശദീകരണം, ഉപസംഹാരം എന്ന ഘടന പാലിക്കുക.

 

Question 15: ഭാഷാപണ്ഡിതനായ റവ. ജോർജ്ജ് മാത്തൻ "ബാലാഭ്യസനം" എന്ന പ്രഭാഷണത്തിൽ മാതൃഭാഷയാണ് പഠനമാധ്യമമായും ഭരണഭാഷയായും കോടതിഭാഷയായും ഉപയോഗിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എം.ബി.ബി.എസ്. വിദ്യാർത്ഥികൾ താരാശങ്കർ ബാനർജിയുടെ "ആരോഗ്യനികേതനം" പോലുള്ള നോവലുകളും ആർക്കിടെക്ടുകൾ ബഷീറിന്റെ "ഭൂമിയുടെ അവകാശികൾ" പോലുള്ള കൃതികളും വായിക്കുന്നത് നന്നായിരിക്കുമല്ലോ. ഈ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ വിവിധ തലങ്ങളിൽ മാതൃഭാഷയ്ക്ക് നൽകേണ്ട പ്രാധാന്യം വിലയിരുത്തി സെമിനാർ സംഘടിപ്പിക്കുക. (6 വിഷയങ്ങൾ: മാതൃഭാഷയും സാമൂഹിക ജീവിതവും, മാതൃഭാഷയും സംസ്കാരവും, മാതൃഭാഷയും ബോധനമാധ്യമവും, മാതൃഭാഷയും ഭരണഭാഷയും, മാതൃഭാഷയും മാധ്യമങ്ങളും)

Answer:

എ. മാതൃഭാഷയും സാമൂഹിക ജീവിതവും
നമ്മുടെ മാതൃഭാഷ നമുക്ക് പെറ്റമ്മയെപ്പോലെയാണ്. മറ്റുള്ള ഏതു ഭാഷയും നമുക്ക് രണ്ടാം ഭാവത്തിലേ നിൽക്കുന്നു. നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ ജീവവായുവും കൂടിയാണ് നമ്മുടെ മാതൃഭാഷ 'മലയാളം'. മലയാളം നമ്മുടെ പ്രാണവായുവും കൂടിയാണെന്ന് വള്ളത്തോൾ കവിതയിലൂടെ വരച്ചുവെയ്ക്കുന്നുണ്ട്. 'കേരളത്തിന്നായിരുൾകുണ്ടിൽനിന്നും കരകയറ്റുവാൻ' അക്കാലത്ത് സമൂഹത്തെ ബാധിച്ച ഏറ്റവും വലിയ ഇരുൾക്കുണ്ട് നമ്മുടെ അസ്വാതന്ത്ര്യംതന്നെയാണ്. അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകളിൽ കുടുങ്ങിപ്പോയ നമുക്ക് പിടികയറായി നിന്നത് നമ്മുടെ മാതൃഭാഷതന്നെയാണ്. തികച്ചും ഒരു ജൈവബന്ധംതന്നെയാണ് മാതൃഭാഷയോട് നമുക്കുള്ളത്. നമ്മുടെ സാമൂഹിക ജീവിതചരിത്രം പരിശോധിച്ചാൽ തെളിയുന്ന ഒരു കാര്യമാണത്. വളരെക്കാലം നിന്ന ഒരു അടിമത്ത ചരിത്രം നമുക്കുണ്ടായിരുന്നു.
ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും പോർച്ചുഗീസുകാരും അങ്ങനെ നീണ്ടുപോകുന്ന ഒരു വിധേയത്വ പാരമ്പര്യം. ആ സാമൂഹിക ചരിത്രത്തിന്റെ ബാക്കിത്തുക നമ്മുടെ ഭാഷയ്ക്ക് പകർന്നുകിട്ടിയ വിദേശഭാഷാ സ്വാധീനമാണ്. പടിഞ്ഞാറുനിന്നുള്ള ശക്തമായ വൈദേശിക ഭാഷാ കടന്നാക്രമണങ്ങളെ നാം ചെറുത്തുതോൽപ്പിച്ചത് നമ്മുടെ ശക്തമായ മാതൃഭാഷയായ മലയാളത്തിന്റെ പിന്തുണകൊണ്ടുമാത്രമാണ്. നമ്മുടെ അമ്മ മലയാളം ഒരു കോട്ടപോലെ നമ്മെ കാത്തു. ഈ ഭാഷാകോട്ടയിൽ തട്ടി എല്ലാ വൈദേശിക ഭാഷാക്രമണങ്ങളും തകർന്നുപോയി. ഒടുവിൽ നമ്മുടെ ഭാഷയിലേക്ക് ചെറിയ ചില സംഭാവനകൾ തന്നും, ചിലതു സ്വീകരിച്ചും ആ ഭാഷകളൊക്കെ കടന്നുപോയി.
ഇന്നത്തെ അവസ്ഥയിലേക്ക് കണ്ണോടിക്കുമ്പോൾ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ പുതിയ ശീലങ്ങളുടെയും ശൈലികളുടെയും ഇടയിൽപ്പെട്ട് നമ്മുടെ അമ്മ മലയാളം നന്നായി ഞെരുങ്ങുന്നുണ്ട്. മറ്റു ഭാഷകളെക്കാൾ നമ്മുടെ മലയാളത്തെ കൂടുതലായി കടന്നാക്രമിക്കുകയും അധീശത്വം പുലർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ഇംഗ്ലീഷ് ഭാഷയാണ്. എങ്കിലും മലയാളത്തിന്റെ തനിമയ്ക്ക് നേരെ ഒരു ചെറുവിരൽ ഉയർത്താൻപോലും ഇത്തരം വൈദേശിക ഭാഷാക്രമണങ്ങൾക്ക് സാധിക്കില്ല. അമ്മ മലയാളം അത്രമേൽ ആഴത്തിൽ നമ്മുടെ സാമൂഹിക ജീവിതവുമായി ഇഴചേർന്നുകിടക്കുന്നതാണ്.

ബി. മാതൃഭാഷയും സംസ്കാരവും
നമ്മുടെ സംസ്കാരത്തിന്റെ ഭാഗംതന്നെയാണ് ഭാഷയും. സംസ്കാരത്തെയും ഭാഷയെയും വേർതിരിച്ചുകാണാൻ കഴിയുകയില്ല. എന്താണ് സംസ്കാരം? എന്നു മുതലാണ് അതിന്റെ ആരംഭം? അലഞ്ഞുതിരിഞ്ഞു നായാടിനടന്നിരുന്ന മനുഷ്യൻ ഒന്നിച്ച് ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങി. ആയിരക്കണക്കിന് പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഈ ഒത്തുകൂടൽ കൃഷി എന്ന പൊതുവികാരത്തിന് വേണ്ടിയായിരുന്നു. കൃഷി എന്ന കണ്ടുപിടിത്തമാണ് ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചത്. അതുവരെ നായാട്ട് എന്നൊരു സാധ്യത മാത്രമായിരുന്നു. മനുഷ്യന്റെ വികസനചക്രവാളം കൃഷിയിലൂടെ അതിരുകളില്ലാതെ പടരാൻ തുടങ്ങി. അങ്ങനെ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ അനേകം സമൂഹങ്ങളിൽ അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും രീതികളും ഉണ്ടായി. ആശയവിനിമയത്തിനായി അവരുടേതായ സങ്കേതം ഉണ്ടായി. സ്വാഭാവികമായും ഒന്നൊന്നിൽനിന്നും വ്യത്യസ്തമായി തീർന്നു. ഭാഷകളും സംസ്കാരങ്ങളും ഏതാണ്ട് ഒരു കാലത്തുതന്നെയാകും വളർന്നു പുഷ്ടി പ്രാപിച്ചിട്ടുണ്ടാകുക. സ്വാഭാവികമായും ഒന്നിൽനിന്നും ഒന്നിനെ വേർതിരിച്ചെടുക്കാൻ കഴിയില്ല. സംസ്കാരംതന്നെയാണ് ഭാഷ. അല്ലെങ്കിൽ ഭാഷയാണ് നമ്മുടെ സംസ്കാരവും.

സി. മാതൃഭാഷ - ബോധനമാധ്യമം
ബോധനരംഗത്ത് ഇന്ന് മാതൃഭാഷ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. ഏറ്റവും ദുഃഖകരമായ അവസ്ഥയാണിത്. സത്യത്തിൽ ലോകത്തിന്റെ ഒരു കോണിലും മാതൃഭാഷയ്ക്ക് ഇത്രമാത്രം അവഗണന നേരിടേണ്ടിവന്നിരിക്കുകയില്ല. അത്രമാത്രം ക്രൂരമായി നാം നമ്മുടെ മാതൃഭാഷയെ ബോധനരംഗത്തുനിന്നും നിഷ്കാസനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും സങ്കീർണമായ ഘടനയോടുകൂടിയതാണ് മലയാളം. അതുകൊണ്ട് മാതൃഭാഷയുടെ പഠനം മറ്റു ഭാഷകളുടെ പഠനത്തെ കൂടുതൽ സഹായിക്കും എന്ന സത്യം നാം തിരിച്ചറിയുന്നില്ല.
ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന മഞ്ഞക്കണ്ണടകൊണ്ട് ലോകത്തെ നോക്കിക്കൊണ്ടിരിക്കുകയാണ് നമ്മൾ. ഒരു യൂണിവേഴ്സൽ ലാംഗ്വേജ് ആയ ഇംഗ്ലീഷിനെ പരിപൂർണ്ണമായി തിരസ്കരിക്കണം എന്നു പറയാൻ കഴിയുകയില്ല. സമൂഹത്തിൽ മാത്രമല്ല ലോകം മുഴുവനും ആശയവിനിമയത്തിനുള്ള ഒരു പൊതുമാധ്യമമായി ഇംഗ്ലീഷിനെ അംഗീകരിച്ചുകഴിഞ്ഞു. എന്നാൽ മാതൃഭാഷയെ പരിപൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടായിരിക്കരുത് ഇംഗ്ലീഷിനെ വരിക്കുന്നത്. മാതൃഭാഷാപഠനം ഇന്ന് അലസമായ ഒരു വ്യായാമമായി മാറിയിരിക്കുന്നു. പ്രസംഗിക്കാൻ മാത്രമുള്ള ഒരു വിഷയമായി നിസ്സാരവൽക്കരിക്കപ്പെട്ടിരിക്കുന്നു. അതിനപ്പുറം പ്രവർത്തനങ്ങളിലൂടെ മാതൃഭാഷയുടെ പുനരുജ്ജീവനത്തിനും പ്രചരണത്തിനും വേണ്ടി പ്രത്യേകിച്ചൊരു പ്രവർത്തനവും ഏകോപിക്കപ്പെടുന്നില്ല. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാനുവാദം തഴച്ചുവളരുമ്പോൾ കേരളത്തിൽ മാത്രം അത് വില കുറഞ്ഞ ഒരു വികാരമായി കാണപ്പെടുന്നു. മലയാളിയുടെ ഈ വിലയിരുത്തലാണ് ഒരു ഭാഷയെ ജീർണ്ണതയുടെ വക്കിലെത്തിച്ചിരിക്കുന്നത്. ഇനിയെങ്കിലും പുതുതലമുറ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മലയാളം ഒരു മൃതഭാഷയായി മാറുന്ന കാലം അനതിവിദൂരമല്ല.

ഡി. മാതൃഭാഷ - ഭരണഭാഷ
ഭരണതലത്തിൽ ഒരു ദശകത്തിനിടയിൽ നമ്മുടെ മാതൃഭാഷയ്ക്ക് ഒരു ഉയർത്തെഴുന്നേൽപ്പ് കിട്ടിയിരിക്കുന്നു. അത് വലിയ ഒരു മാറ്റംതന്നെയാണ്. ഉദ്യോഗസ്ഥതലത്തിൽ ആദ്യമൊക്കെ എതിർപ്പുകൾ ഉയർന്നെങ്കിലും ഒടുവിൽ വലിയ ഒരു മുന്നേറ്റമായി മാറിയ ആ തീരുമാനം ആ നടപ്പിലാവുകയായിരുന്ന ഭരണഭാഷാ മാതൃഭാഷ അത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടംതന്നെയാണ്. വ്യവഹാരഭാഷകളുടെ ഒരു നിലനിൽപ്പ് ഭരണകൂടത്തിന്റെ പിന്തുണയോടുകൂടി മാത്രമേ സാധിക്കൂ. അത് തികച്ചും പ്രോത്സാഹനജനകമാണ്. ജനങ്ങൾക്കിടയിൽ പരക്കെ ഒരു അംഗീകാരം നേടാനും ഈ ഭാഷാമാറ്റംകൊണ്ട് സാധിക്കും. ഒപ്പംതന്നെ ഔദ്യോഗിക രംഗത്തെ ഈ വലിയ പിന്തുണ മറ്റു സാമൂഹിക-സാംസ്കാരിക ബോധനരംഗങ്ങളിൽകൂടി പകർത്താനായാൽ മാതൃഭാഷയെ മലയാളത്തിന്റെ നിലനിൽപ്പിനായി കനത്ത രോദനം നടത്തേണ്ടതില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കും ഭരണഭാഷയിലുള്ള ഈ മാറ്റം. സാധാരണ ജനങ്ങൾ മുതൽ ഉദ്യോഗസ്ഥപ്രമുഖർ വരെ ഈ രീതിയിൽ മുന്നേറുമ്പോൾ അതുണ്ടാക്കുന്ന മാറ്റം വളരെ വലിയതായിരിക്കും.

ഇ. മാതൃഭാഷയും മാധ്യമങ്ങളും
മാതൃഭാഷയുടെ വളർച്ചയ്ക്ക് സവിശേഷമായ സ്ഥാനം വഹിക്കാനുള്ള ഉപാധികളാണ് മാധ്യമങ്ങൾ. ഇന്ന് മാധ്യമങ്ങളുടെ അതിപ്രസരംതന്നെയാണ് കേരളീയ സമൂഹത്തിൽ. ഈ നിറഞ്ഞുനിൽക്കുന്ന മാധ്യമങ്ങളുടെ വലിയ പിന്തുണ പലപ്പോഴും മാതൃഭാഷയ്ക്ക് അനുകൂലമാകാറില്ല എന്നത് ഖേദകരമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉൾപ്പെട്ട ആളുകളുടെ സർവ്വാത്മനാ പിന്തുണ കിട്ടുന്ന മാധ്യമങ്ങൾ മനസ്സുവെച്ചാൽ മാതൃഭാഷാവിരോധം എന്നത് ഏറ്റവും നിസ്സാരമായി മാറ്റാവുന്നതേയുള്ളൂ. എങ്കിലും ചില ശുഭസൂചകങ്ങൾ കാണാനുണ്ട്. പഴയ രീതിയിൽ 'മംഗ്ലീഷ്' ആയി മാറിയിരുന്ന ഭാഷാവൈകൃത പരിപാടികളിലും മറ്റും മാറ്റം കാണാനുണ്ട്. റേഡിയോ, ടി.വി., ന്യൂസ് പേപ്പർ, മറ്റ് ആധുനിക സൈബർ ആശയവിനിമയ മാധ്യമങ്ങൾ എല്ലാംതന്നെ ജീവിതഗന്ധിയായി മാറിയിരിക്കുന്നു. പച്ചമലയാളത്തിന്റെ പതാകവാഹകരായി ഈ മാധ്യമങ്ങൾ എല്ലാം മാറിയിരിക്കുന്നു. നമ്മുടെ ഭാഷയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. പൗരധർമ്മത്തിൽപ്പെടുന്നതുതന്നെയാണ് ഭാഷാസംരക്ഷണവും എന്നൊരു അവബോധം ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരോടിത്തുടങ്ങിയിരിക്കുന്നു. എഫ്.ബി., ട്വിറ്റർ, മൊബൈൽ മെസേജുകൾ തുടങ്ങിയ പുതിയ തലമുറ ആശയവിനിമയ രീതികളിലും മലയാളത്തെ തള്ളിക്കളയാതെ പരിഗണിക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. നമ്മുടെ മാതൃഭാഷ നമ്മുടെ പൈതൃകമാണ് എന്ന തിരിച്ചറിവ് വലിയ ഒരു ശുഭസൂചനയായി കാണാം. അമ്മ മലയാളത്തിന് ജീവവായു കൊടുക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്.

Exam Tips:

a) സെമിനാർ പേപ്പർ ആയതിനാൽ അഞ്ച് ഉപശീർഷകങ്ങൾ (സാമൂഹിക ജീവിതം, സംസ്കാരം, ബോധനമാധ്യമം, ഭരണഭാഷ, മാധ്യമങ്ങൾ) ക്രമത്തിൽ എഴുതുക.
b) ഓരോ ഉപശീർഷകത്തിനും ഒരു ഖണ്ഡികയെങ്കിലും നൽകുക; വള്ളത്തോളിന്റെ വരികൾ പോലുള്ള ഉദ്ധരണികൾ ഉൾപ്പെടുത്തുക.
c) അവസാനം മാതൃഭാഷ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒരു ഉപസംഹാരമായി ചേർക്കുക.

 

Question 16: "അവകാശങ്ങളുടെ പ്രശ്നം എന്ന കഥ അപമാനവീകരണത്തിന്റെ പ്രശ്നങ്ങളാണ് പങ്കുവയ്ക്കുന്നത്". ഈ അഭിപ്രായം വിശകലനം ചെയ്ത് ഉപന്യാസം തയാറാക്കുക.

Answer:

ദിവാകരനും കുട്ടികളും ഫോട്ടോയെ സമീപിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. പ്രിയപ്പെട്ടവരെ കണ്ടെത്താൻ ദിവാകരൻ ഏറെനേരമായി ശ്രമിക്കുന്നു; അയാൾ അക്ഷമനും അവശനുമാണ്. ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന മുൻവിധി അയാളുടെ മനസ്സിൽ കടന്നുകൂടിയിരിക്കുന്നു. വ്യർത്ഥമാണെന്ന് അറിഞ്ഞിട്ടും അയാൾ പരിശ്രമം തുടരുന്നു. ചില ഫോട്ടോകൾ താൻ തിരിച്ചറിയാതെ പോകുന്നുണ്ടോ എന്ന ആശങ്കയും അയാൾക്കുണ്ട്. ഒടുവിൽ തകർന്ന് ഒരു മൂലയിൽ നിശ്ചലനാകുന്നു.
കുട്ടികൾ നിഷ്കളങ്കമായും ലക്ഷ്യബോധത്തോടെയും ഫോട്ടോകളെ സമീപിക്കുന്നു; ദിവാകരനെക്കാൾ പക്വത അവർ കാണിക്കുന്നു. കച്ചവടക്കാരാകട്ടെ വാങ്ങാൻ വരുന്നവന്റെ ആവശ്യത്തിനല്ല, ലാഭത്തിനാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ ഒരു സങ്കോചവുമില്ലാതെ അവർ ദിവാകരനെ ഒരു നിശ്ചല ഛായാചിത്രമാക്കി മാറ്റുന്നു. എന്തിനെയും കച്ചവടച്ചരക്കാക്കുക എന്ന ആധുനിക കാഴ്ചപ്പാടിൽ മൂല്യങ്ങൾക്കും മൃദുല വികാരങ്ങൾക്കും സ്ഥാനമില്ല. ഉപഭോക്താവ് ആ മായികവലയത്തിൽ അകപ്പെട്ട് ഒരു ഉപകരണമായി മാറുന്നു.
മരിച്ചവരുടെ മാത്രം ഛായാചിത്രങ്ങൾ വിൽക്കുന്ന തെരുവിൽ എത്തിയതോടെ ദിവാകരന്റെ മാനസികാവസ്ഥ മാറി. ആദ്യത്തെ കടയിൽനിന്നിറങ്ങുമ്പോൾത്തന്നെ അയാൾ നൈരാശ്യത്തിലായിരുന്നു. അടുത്ത കടയിലും ഇതേ ചിത്രങ്ങൾ ആവർത്തിക്കുമോ എന്ന ചോദ്യത്തിന് ഉറപ്പു നൽകാൻ കടക്കാരനാകുന്നില്ല. "ഏതെങ്കിലും ചിത്രങ്ങൾ പോരേ?" എന്ന ചോദ്യത്തിൽ അയാൾ കയർക്കുന്നു; തനിക്കു വേണ്ടത് പ്രിയപ്പെട്ടവരുടെ ചിത്രമാണ്. ഇങ്ങനെ ഒരു ഉപഭോക്താവിന്റെ ധർമ്മസങ്കടവും മനുഷ്യന്റെ വികാരങ്ങൾ കച്ചവടച്ചരക്കായി മാറുന്നതും കഥയിൽ തെളിയുന്നു. പതിനായിരക്കണക്കിന് നിശ്ചലചിത്രങ്ങൾക്കിടയിൽ ഉത്തരമില്ലാത്ത ചോദ്യമായി ദിവാകരൻ നിൽക്കുമ്പോഴും കടക്കാർ നിസ്സംഗരായി അവശേഷിക്കുന്നു. ഇതുതന്നെയാണ് മനുഷ്യത്വം നഷ്ടപ്പെടുന്ന അപമാനവീകരണത്തിന്റെ ചിത്രം.

Exam Tips:

a) 'അപമാനവീകരണം' എന്ന പദത്തിന്റെ അർഥം (മനുഷ്യത്വത്തിന്റെ നഷ്ടം) ആദ്യം ഒരു വാക്യത്തിൽ വ്യക്തമാക്കുക.
b) ദിവാകരൻ, കുട്ടികൾ, കച്ചവടക്കാർ എന്നിവരുടെ സമീപനങ്ങൾ വിശകലനം ചെയ്ത് അഭിപ്രായത്തെ ന്യായീകരിക്കുക.
c) മരണം പോലും കച്ചവടമാകുന്ന അവസ്ഥ ഉദാഹരണമായി ഉപസംഹരിക്കുക.

 

Notes

Question 17: പി. പത്മരാജനെക്കുറിച്ച് ഒരു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ ഏതെല്ലാം?

Answer:

പി. പത്മരാജൻ മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമാ സംവിധായകനാണ്. അദ്ദേഹം തിരക്കഥാകൃത്തും കഥാകാരനും നോവലിസ്റ്റുമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴും മലയാളികളുടെ ബോധമണ്ഡലത്തിൽ നനുത്ത ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്; ഉദാഹരണം ഞാൻ ഗന്ധർവ്വൻ. തന്റെ തിരക്കഥകളിലൂടെ അഭ്രപാളികളിൽ അദ്ദേഹം ചമയ്ക്കുന്ന വിസ്മയകാവ്യങ്ങളിലൂടെ അഭൗമികമായ പല കാര്യങ്ങളും ചർച്ച ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ പല ഗതിവിഗതികളിലും അദ്ദേഹത്തിന്റെ സിനിമകളിൽ ആരും പ്രതീക്ഷിക്കാത്ത അത്ഭുതത്തിന്റെ വളപ്പൊട്ടുകൾ മറഞ്ഞുകിടന്നു; സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു.
ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മുപ്പതോളം തിരക്കഥകൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയവും അന്തർദേശീയവുമായ പുരസ്കാരങ്ങൾ ലഭിച്ചു. "ശ്രമപ്രധാനമായ ജീവിതം നയിക്കുന്ന ഒരാളുടെ നിസ്സംഗമായ ശബ്ദം" എന്ന് വിശേഷിപ്പിക്കപ്പെട്ടവയാണ് പത്മരാജൻ കഥകൾ. മലയാള ചെറുകഥയിൽ ആധുനികതയുടെ വരവറിയിച്ച പത്മരാജൻ ജീവിതത്തിന്റെ വിരസതയും വരൾച്ചയും ഒരുതരം പരുക്കൻരീതിയിലാണ് ആവിഷ്കരിച്ചത്.
പ്രധാന കൃതികൾ: പ്രതിമയും രാജകുമാരിയും, പത്മരാജൻ കഥകൾ, പ്രഹേളിക, നക്ഷത്രങ്ങളേ കാവൽ, അപരൻ, കരിയിലക്കാറ്റുപോലെ, മറ്റുള്ളവരുടെ വേനൽ, പുകക്കണ്ണട, നന്മകളുടെ സൂര്യൻ, ഇതാ ഇവിടെവരെ, പെരുവഴിയമ്പലം, ഉദകപ്പോള, ഋതുഭേദങ്ങളുടെ പാരിതോഷികം, വാടകയ്ക്കൊരു ഹൃദയം, കള്ളൻ പവിത്രൻ, ജലജ്വാല, രതിനിർവേദം, മഞ്ഞുകാലംനോറ്റ കുതിര.
"പത്മരാജൻ ജീവിതത്തെ നിഷേധിക്കുന്നില്ല. പരിദേവനങ്ങൾകൊണ്ട് ഉപദ്രവിക്കുന്നില്ല. അരാജകത്വദർശനംകൊണ്ട് അധിക്ഷേപിക്കുന്നില്ല. ചെറുകഥയുടെ ആദിമവും അന്തിമവുമായ ധർമ്മങ്ങൾ നിറവേറ്റുന്നവയാണ് ആ കഥകൾ. ജീവിതനിരീക്ഷണത്തിലും മലയാളഭാഷയുടെ പെരുമാറ്റത്തിലും കഥാശില്പത്തിന്റെ കലാത്മകതയിലും എല്ലാം പക്വമായൊരു ഗാംഭീര്യം കാണാം. ഗ്രാമീണവും നാഗരികവും വൈയക്തികവും സാമൂഹികവുമായ ഇടപെടലുകളുടെ സമൃദ്ധിയുണ്ട്. പത്മരാജന്റെ തിരക്കഥകളിൽ അനുഭവിക്കുന്ന വൈവിധ്യവും ജീവിതരീതിയും മനോവേഗവും വ്യതിരിക്തതയും ഈ കഥകളിലുമുണ്ട്. ഇവയിലെല്ലാം മാമൂലുകാരന്റേതല്ലാത്ത ഒരു കേരളമുണ്ട്. കുടുമയല്ല, ചേറിന്റെ മണം. നേരതല്ല. വിയർപ്പിന്റെ തീക്ഷ്ണത" - (ഡി. വിനയചന്ദ്രൻ)

Exam Tips:

a) ജീവചരിത്രക്കുറിപ്പിൽ പ്രവർത്തനമേഖലകൾ (സംവിധാനം, തിരക്കഥ, ചെറുകഥ, നോവൽ), പുരസ്കാരങ്ങൾ, പ്രധാന കൃതികൾ എന്നിവ ക്രമത്തിൽ എഴുതുക.
b) കൃതികളുടെ പേരുകൾ അക്ഷരത്തെറ്റില്ലാതെ പഠിച്ചുവയ്ക്കുക.
c) കഥകളുടെ സവിശേഷത (ആധുനികത, ജീവിതത്തിന്റെ പരുക്കൻ ആവിഷ്കാരം) ഒരു വാക്യത്തിൽ ചേർക്കുക.

 

Question 18: 'അവകാശങ്ങളുടെ പ്രശ്നം' എന്ന കഥയുടെ സംഗ്രഹം എഴുതുക.

Answer:

'അവകാശങ്ങളുടെ പ്രശ്നം' മുന്നോട്ടുവയ്ക്കുന്നതും യാഥാർത്ഥ്യങ്ങളും സ്വപ്നങ്ങളും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു മായികലോകംതന്നെയാണ്. ദിവാകരൻ മരിച്ചവരുടെ ഛായാചിത്രങ്ങൾ മാത്രം വിൽക്കുന്ന ഒരു തെരുവിൽ എത്തുന്നതോടെ കഥ ആരംഭിക്കുന്നു. അവകാശങ്ങളുടെ പ്രശ്നം എന്ന തലക്കെട്ടുതന്നെ മുന്നോട്ടുവരുന്നത് ഒരു വ്യക്തിയുടെ മരണശേഷമാണ്. ആർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക? ആരാണ് യഥാർത്ഥ അവകാശി? പരേതന്റെ സർവ്വതിനും മറ്റുള്ളവർ ഓരോരുത്തരും അവകാശങ്ങൾ ഉന്നയിക്കുന്ന സമയം. എന്നാൽ മരിച്ചവർക്ക് മാത്രം യാതൊരു അവകാശവുമില്ല. അതാണ് ഐറണി. അവർക്കുമാത്രം അഭിപ്രായമില്ല.
തന്റെ മാതാപിതാക്കളുടെ ഛായാചിത്രം തേടിയാണ് ദിവാകരൻ ആ തെരുവിൽ എത്തിയത്. അവിടെ എണ്ണിയാലൊടുങ്ങാത്ത ഛായാചിത്രങ്ങളുടെ മുന്നിൽ അയാൾ പകച്ചുപോകുന്നു. കടക്കാരുടെ സഹതാപവും പരിഹാസവും ഏറ്റുവാങ്ങുന്നു. വളരെയധികം തിരഞ്ഞിട്ടും അയാളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒടുവിൽ നിരാശനായി ചുമർച്ചാരി ഒരു ചിത്രംപോലെ നിശ്ചലനായ അയാളെ തേടി രണ്ടു കുട്ടികൾ എത്തുന്നു. അവരുടെ പ്രിയപ്പെട്ട അച്ഛന്റെ ഛായാചിത്രത്തിനുമുന്നിൽനിന്ന് കരയുന്നു. ദിവാകരനെ കടക്കാർ പൊതിഞ്ഞു കുട്ടികൾക്ക് നൽകുന്നു. കാരണം അത് മരിച്ചവരുടെ ഛായാചിത്രങ്ങൾ മാത്രം വിൽക്കുന്ന കടയായിരുന്നുവല്ലോ.

Exam Tips:

a) സംഗ്രഹം ക്രമത്തിൽ എഴുതുക: തെരുവിലെത്തൽ, ചിത്രം തേടൽ, നിരാശ, കുട്ടികളുടെ വരവ്, അവസാനം.
b) കഥയുടെ ഐറണി (അവകാശങ്ങളെക്കുറിച്ച് മരിച്ചവർക്ക് മാത്രം അഭിപ്രായമില്ലാത്തത്) പ്രത്യേകം സൂചിപ്പിക്കുക.

 

Kerala Board Solutions for Class 12 Malayalam Chapter 04 Avakasangalude Prasnam (The Problem of Rights)

Official Kerala Board Solutions for Chapter 04 Avakasangalude Prasnam (The Problem of Rights)

Explore reliable textbook solutions for Chapter 04 Avakasangalude Prasnam (The Problem of Rights) tailored for Class 12 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.

Step-by-Step Explanations for Chapter 04 Avakasangalude Prasnam (The Problem of Rights)

Each solution includes detailed reasoning to foster genuine comprehension of Chapter 04 Avakasangalude Prasnam (The Problem of Rights) concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.

Next Steps in Your Malayalam Revision

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 12 Malayalam.

FAQs

Where can I find the latest Kerala Plus Two Malayalam Textbook Answers Unit 1 Chapter 4 Avakasangalude Prasnam (The Problem of Rights) for the 2026-27 session?

The complete and updated Kerala Plus Two Malayalam Textbook Answers Unit 1 Chapter 4 Avakasangalude Prasnam (The Problem of Rights) is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Textbook Answers Unit 1 Chapter 4 Avakasangalude Prasnam (The Problem of Rights) as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Textbook Answers Unit 1 Chapter 4 Avakasangalude Prasnam (The Problem of Rights) will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Textbook Answers Unit 1 Chapter 4 Avakasangalude Prasnam (The Problem of Rights) in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Textbook Answers Unit 1 Chapter 4 Avakasangalude Prasnam (The Problem of Rights) in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Textbook Answers Unit 1 Chapter 4 Avakasangalude Prasnam (The Problem of Rights) in printable PDF format for offline study on any device.