Kerala Plus Two Malayalam Chapter 2 Prakasam Jalam Pole Anu (Light Is Like Water) Textbook Questions and Answers

Download Kerala Board Solutions for Class 12 Malayalam Chapter 02 Prakasam Jalam Pole Anu (Light Is Like Water)

Review structured textbook solutions for Class 12 Malayalam Chapter 02 Prakasam Jalam Pole Anu (Light Is Like Water). Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.

Access Kerala Board Solutions and Answers

Access the complete solution PDF for Class 12 Malayalam below. Regular practice with these targeted textbook answers builds familiarity with standard question patterns and helps secure higher marks in final school evaluations.

Two Marks Questions and Answers

Question 1: മാർകേസിന്റെ പ്രധാന കൃതികൾ ഏതെന്ന് പട്ടികപ്പെടുത്തുക.

Answer:

1. ഏകാന്തതയുടെ 100 വർഷങ്ങൾ
2. കേണലിന് ആരും എഴുതുന്നില്ല
3. കുലപതിയുടെ ശരത്കാലം
4. ദി ക്രോണിക്കിൾ ഓഫ് ഡെത്ത് ഫോർ ടോൾഡ്
5. ലവ് ഇൻ ദ ടൈം ഓഫ് കോളറ
6. ദി ജനറൽ ഇൻ ഹിസ് ലേബിരിന്ത്
7. സ്ട്രേഞ്ച് പിൽഗ്രിംസ്
8. ലവ് ആൻഡ് അദർ ഡെമൺസ്
9. ന്യൂസ് ഓഫ് എ കിഡ്നാപ്പിംഗ്
10. മെമ്മറീസ് ഓഫ് മൈ മെലങ്കളി വോർസ്
11. ലിവിങ് ടു ടെൽ ദി ടെയ്ൽ

Exam Tips:

a) ഏകാന്തതയുടെ നൂറു വർഷങ്ങൾ (നോബൽ സമ്മാനം ലഭിച്ച കൃതി) തീർച്ചയായും ഉൾപ്പെടുത്തുക.
b) കുറഞ്ഞത് അഞ്ച് കൃതികളെങ്കിലും ശരിയായ അക്ഷരവിന്യാസത്തോടെ എഴുതുക.

 

Question 2: കാഡ്ജിസിനെ ഇന്ത്യാനയിൽ എന്തെല്ലാം കാര്യങ്ങൾ അവർക്കുണ്ടായിരുന്നു?

Answer:

ഇന്ത്യാനയിലെ കാഡ്ജിസിൽ അവർക്ക് വീടിനോട് ചേർന്ന് ഒരു മുറ്റവും ഉൾക്കടലിനോടു ചേർന്ന് ബോട്ടുകൾ അടുപ്പിക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു. രണ്ടു വലിയ വള്ളങ്ങൾ വയ്ക്കാവുന്ന ഷെഡും ഉണ്ടായിരുന്നു.

Exam Tips:

a) മുറ്റം, ബോട്ടടുപ്പിക്കാനുള്ള സ്ഥലം, ഷെഡ് എന്നീ മൂന്നു കാര്യങ്ങളും എഴുതുക.
b) ഇവ പിന്നീട് കഥയിലെ 'നഷ്ടബോധ'ത്തിന് കാരണമാകുന്നു എന്നും സൂചിപ്പിക്കാം.

 

Question 3: താഴെ കൊടുത്തിരിക്കുന്നവയിൽ മാന്ത്രിക യാഥാർത്ഥ്യത്തിനു (മാജിക്കൽ റിയലിസം) ഏറ്റവും യോജിച്ച പ്രസ്താവന ഏത്?
- ജീവിതത്തെ യാഥാർത്ഥ്യമായി ചിത്രീകരിക്കുക.
- മാനസികസംഭവങ്ങളെ യാഥാർത്ഥ്യമായി ആവിഷ്കരിക്കുക.
- അസംഭാവ്യകാര്യങ്ങളെ യാഥാർത്ഥ്യം എന്ന മട്ടിൽ അവതരിപ്പിക്കുക.
- യാഥാർത്ഥ്യത്തെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുക.

Answer:

യാഥാർത്ഥ്യത്തെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുക.

Exam Tips:

a) ഓപ്ഷൻ അക്ഷരം/വാചകം പൂർണ്ണമായി എഴുതുക.

 

Question 4: "ചെയ്യേണ്ടതു ചെയ്തിട്ട് ഈ പിള്ളർ ഒരാണിപോലും സമ്മാനമായി വാങ്ങിയില്ല. എന്നാൽ എന്തെങ്കിലും വേണമെന്ന വാശി തോന്നിയാൽ അവർ എന്തുചെയ്യും. വേണമെങ്കിൽ ടീച്ചറുടെ കസേരപോലും നേടിയെടുക്കും." ഇതാരുടെ അഭിപ്രായമാണ്? ഏതു സന്ദർഭത്തിലാണ് പറഞ്ഞത്?

Answer:

ഇത് ടോട്ടോയുടെയും ജോവലിന്റെയും അമ്മയുടെ അഭിപ്രായമാണ്. വള്ളവും സെക്സ്റ്റന്റും കോമ്പസും കിട്ടി മാസങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികൾ മുങ്ങൽ സാമഗ്രികൾ ആവശ്യപ്പെട്ടു. അപ്പോൾ, ഉപയോഗിക്കാത്ത വള്ളത്തെക്കുറിച്ച് അച്ഛൻ ഓർമ്മിപ്പിച്ചു. എന്നാൽ കുട്ടികൾ വാശിയോടെ, 'ഒന്നാം സെമസ്റ്ററിൽ ഏറ്റവും നല്ല വിദ്യാർത്ഥികൾക്കുള്ള സമ്മാനം വാങ്ങാം, എന്നാലോ?' എന്നു ചോദിച്ചു. അപ്പോഴാണ് അമ്മ ഇങ്ങനെ പറഞ്ഞത്. കുട്ടികളുടെ ദൃഢനിശ്ചയത്തെയാണ് ഇത് കാണിക്കുന്നത്.

Exam Tips:

a) ആര് പറഞ്ഞു, എപ്പോൾ പറഞ്ഞു എന്നീ രണ്ടു ഭാഗങ്ങൾക്കും വെവ്വേറെ ഉത്തരം നൽകുക.
b) വാക്യത്തിലെ ഭാവം (കുട്ടികളുടെ വാശി/ദൃഢനിശ്ചയം) അവസാനം സൂചിപ്പിക്കുക.

 

Question 5: 'പ്രകാശത്തിൽ തുഴഞ്ഞുനടക്കുന്ന ശാസ്ത്രം' എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്ത്?
- സമുദ്ര സഞ്ചാരം
- ഭാവനകൊണ്ട് യാഥാർത്ഥ്യത്തെ മറികടക്കൽ
- ശാസ്ത്രപുരോഗതി
- ജ്യോതിശാസ്ത്രം

Answer:

ഭാവനകൊണ്ട് യാഥാർത്ഥ്യത്തെ മറികടക്കൽ

Exam Tips:

a) ശാസ്ത്രത്തിന്റെ വിശകലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ ലോകത്തേക്ക് കഥ നയിക്കുന്നു എന്ന ആശയം ഓർക്കുക.

 

Question 6: 'പ്രകാശം ജലം പോലെയാണ്' എന്ന കഥയിലെ നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടാക്കിയത് ആഖ്യാതാവിന്റെ ഒരു പ്രസ്താവനയാണ്. പ്രസ്താവന ഏത്? വിശദമാക്കുക.

Answer:

'വീട്ടുപകരണങ്ങളിലെ കവിത' എന്നതിനെക്കുറിച്ച് ഒരു ചർച്ച നടക്കുകയുണ്ടായി. അവിടെവച്ച് ടോട്ടോ സ്വിച്ചിടുമ്പോൾ എന്തുകൊണ്ടാണ് പ്രകാശം വരുന്നത് എന്ന് ചോദിച്ചു. അതിന് മറുപടിയായാണ് ആഖ്യാതാവ് 'പ്രകാശം ജലം പോലെയാണ്, ടാപ്പ് തുറന്നാൽ മതി കുതിച്ചൊഴുകും' എന്നു പറഞ്ഞത്. ഇതാണ് കഥയിലെ വഴിത്തിരിവായ പ്രസ്താവന.

Exam Tips:

a) പ്രസ്താവനയുടെ വാക്യം ഉദ്ധരിച്ചശേഷം ഏത് ചോദ്യത്തിന്റെ മറുപടിയാണെന്ന് വ്യക്തമാക്കുക.

 

Question 7: സാൽവദോർ ദാലിയുടെ പ്രധാന കൃതികൾ കണ്ടെത്തി എഴുതുക.

Answer:

സീക്രട്ട് ലൈഫ് ഓഫ് സാൽവദോർ ദാലി, എ ഡയറി ഓഫ് ജീനിയസ്, ദി ഹിഡൻ ഫെയ്സസ്

Exam Tips:

a) മൂന്ന് കൃതികളും ശരിയായ പേരിൽ എഴുതുക.

 

Question 8: ചേരുംപടി ചേർക്കുക.

എബി
a) പ്രകാശം ജലംപോലെയാണ്ഫ്രാൻസിസ് റേ
b) മാജിക്കൽ റിയലിസംസാൽവദോർദാലി
c) ദി ഹിഡൻ ഫെയ്സസ്ചന്ദ്രമതി

Answer:

എബി
a) പ്രകാശം ജലംപോലെയാണ്ചന്ദ്രമതി
b) മാജിക്കൽ റിയലിസംഫ്രാൻസിസ് റേ
c) ദി ഹിഡൻ ഫെയ്സസ്സാൽവദോർദാലി

Exam Tips:

a) 'ദി ഹിഡൻ ഫെയ്സസ്' ദാലിയുടെ കൃതിയാണെന്ന് ആദ്യം ഉറപ്പിക്കുക; ബാക്കി ഒഴിവാക്കൽ രീതിയിൽ ചേർക്കാം.

 

Question 9: ഗബ്രിയേൽ ഗാർസിയ മാർകേസ് രചിച്ച കൃതി? (ദ പെഴ്സസിസ്റ്റൻസ് ഓഫ് മെമ്മറി, ഗോദോയെ കാത്ത്, ഏകാന്തതയുടെ നൂറ് വർഷങ്ങൾ, സൂര്യശില)

Answer:

ഏകാന്തതയുടെ നൂറ് വർഷങ്ങൾ

Exam Tips:

a) 'ദ പെഴ്സസിസ്റ്റൻസ് ഓഫ് മെമ്മറി' ദാലിയുടെ ചിത്രമാണ്, മാർകേസിന്റെ കൃതിയല്ല എന്ന വ്യത്യാസം ഓർക്കുക.

 

Question 10: ചേരുംപടി ചേർക്കുക.
1. മാജിക്കൽ റിയലിസം - സച്ചിൻ ടെൻഡുൽക്കർ
2. കത്ത് പാട്ട് - പി. സായ്നാഥ്
3. തനത് നാടകവേദി - ഗബ്രിയേൽ ഗാർസിയ മാർകേസ്
4. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു - പുലിക്കോട്ടിൽ ഹൈദർ
5. യിറ്റ് ഡ്രൈവ് - കാവാലം നാരായണപ്പണിക്കർ

Answer:

1. മാജിക്കൽ റിയലിസം - ഗബ്രിയേൽ ഗാർസിയ മാർകേസ്
2. കത്ത് പാട്ട് - പുലിക്കോട്ടിൽ ഹൈദർ
3. തനത് നാടകവേദി - കാവാലം നാരായണപ്പണിക്കർ
4. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു - പി. സായ്നാഥ്
5. സ്ട്രെയിറ്റ് ഡ്രൈവ് - സച്ചിൻ ടെൻഡുൽക്കർ

Exam Tips:

a) ഓരോ ജോടിയും ക്രമനമ്പർ സഹിതം എഴുതുക.

 

Four Marks Questions and Answers

Question 11: ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക: ഗ്രബ്രിയേൽ ഗാർസിയ മാർകേസ്

Answer:

"ഈ മനുഷ്യൻ മാജിക്കാണ്, അദ്ദേഹത്തിന്റെ കൃതികൾ മാജിക്കാണ്, പേരുപോലും മാജിക്കാണ്" എന്നാണ് മാർകേസിനെക്കുറിച്ച് ജീവചരിത്രകാരൻ ജെറാൾഡ് മാർട്ടിൻ പറഞ്ഞത്. വടക്കൻ കൊളംബിയയിലെ അരാക്കറ്റാക്ക എന്ന പട്ടണത്തിൽ 1928-ൽ മാർകേസ് ജനിച്ചു. പതിനാറ് കുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണത്തിലാണ് മാർകേസ് വളർന്നത്. 1948-ൽ കാർട്ടേനയിൽ നിയമപഠനത്തിനു ചേർന്നു. അക്കാലത്ത് പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നു. നിയമപഠനം പൂർത്തിയാക്കാതെ 1954-ൽ ഒരു പത്രലേഖകനായി റോമിലെത്തി.
തുടർന്ന് പാരീസ്, ന്യൂയോർക്ക്, ബാർസിലോണ, മെക്സിക്കോ എന്നീ നഗരങ്ങളിൽ ജീവിച്ചു. ഇക്കാലത്താണ് ലോകപ്രശസ്തങ്ങളായ പല നോവലുകളും കഥകളും എഴുതിയത്. 1982-ൽ 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന നോവലിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. രാഷ്ട്രീയത്തിൽ ഇടതുപക്ഷക്കാരനായിരുന്ന മാർകേസ് സാഹിത്യത്തിൽ മാജിക്കൽ റിയലിസത്തിന്റെ അതുല്യനായ എഴുത്തുകാരനായി. 2014-ൽ അന്തരിച്ചു.

Exam Tips:

a) ജനനം (1928, അരാക്കറ്റാക്ക), നോബൽ (1982), മരണം (2014) എന്നിവ വർഷം സഹിതം എഴുതുക.
b) മാജിക്കൽ റിയലിസവുമായുള്ള ബന്ധം ഒരു വരിയിൽ ഉൾപ്പെടുത്തുക.

 

Question 12: മാജിക്കൽ റിയലിസം - കുറിപ്പ് തയ്യാറാക്കുക.

Answer:

പോസ്റ്റ് എക്സ്പ്രഷണിസ്റ്റ് പെയിന്റിംഗുകളെ വ്യാഖ്യാനിക്കാനായി ജർമൻ കലാനിരൂപകനായ ഫ്രാൻസിസ് റോ (Franz Roh, 1925) ഉപയോഗിച്ച പ്രയോഗമാണിത്. മാജിക്കൽ റിയലിസം ലാറ്റിനമേരിക്കയോട് ചേർന്നുനിൽക്കുന്ന സാഹിത്യപ്രസ്ഥാനമാണ്. ഗ്രബ്രിയേൽ ഗാർസിയ മാർകേസ് ആണ് ഇതിന്റെ പ്രമുഖനായ ആവിഷ്കർത്താവ്. യാഥാർത്ഥ്യത്തിന്റെ മാന്ത്രികമായ ഉൾക്കാഴ്ച നൽകുകയാണ് മാജിക്കൽ റിയലിസം ചെയ്യുന്നത്.
മായികതയും യാഥാർത്ഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇതെന്നു പറയാം. ആസ്വാദകരെ സ്വാധീനിക്കുന്നതിനായി വ്യത്യസ്തമായ തന്ത്രങ്ങൾ മാജിക്കൽ റിയലിസം ഉപയോഗപ്പെടുത്തുന്നു. ഇത് എഴുത്തിലെ 'ട്രിക്ക്' ആണെന്ന് മാർകേസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. മലയാളിയെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ പണ്ഡിതന്മാർ പറയുന്ന മാജിക്കൽ റിയലിസം അപരിചിതമല്ല.
നമ്മുടെ യക്ഷിക്കഥകളും പുരാണേതിഹാസങ്ങളും തെയ്യവും തിറയും പടയണിയും ശകുനവിശ്വാസങ്ങളും കുട്ടിച്ചാത്തനുമെല്ലാം ഈ മാജിക്കൽ റിയലിസത്തിന്റെ പരിധിയിൽപ്പെടും. മാർകേസ് പറയുന്നത് താൻ പറയുന്നത് യാഥാർത്ഥ്യമാണെന്നാണ്. നമുക്കും മേൽപ്പറഞ്ഞവയെല്ലാം യാഥാർത്ഥ്യമായിട്ടാണ് അനുഭവപ്പെടുന്നത്. ഗന്ധർവൻ, പ്രാഞ്ചിയേട്ടൻ, നന്ദനം തുടങ്ങിയ സിനിമകളും പാണ്ഡവപുരം പോലുള്ള നോവലുകളും ഐതിഹ്യമാലയും മാജിക്കൽ റിയലിസത്തിന്റെ വകുപ്പിൽപ്പെടും. കാർട്ടൂൺ പരമ്പരകളിലുമുണ്ട് ഈവിധം മാജിക്കൽ റിയാലിറ്റികൾ.

Exam Tips:

a) പദം ആദ്യം ഉപയോഗിച്ചത് ഫ്രാൻസ് റോ (1925) എന്നും പ്രമുഖ എഴുത്തുകാരൻ മാർകേസ് എന്നും എഴുതുക.
b) മലയാളത്തിലെ ഒന്നോ രണ്ടോ ഉദാഹരണങ്ങൾ (തെയ്യം, ഐതിഹ്യമാല) ചേർക്കുക.

 

Question 13: അച്ഛനമ്മമാർ കുട്ടികൾക്ക് നല്കുന്ന പിന്തുണയാണ് അവരുടെ ജീവിതത്തിൽ അഭിരുചി തിരിച്ചറിയുന്നതിനുള്ള വഴിത്തിരിവാകുന്നത് ടോട്ടോയുടെയും ജോവലിന്റെയും കാര്യത്തിൽ ഇതെത്ര മാത്രം ശരിയാണ്? നിങ്ങളുടെ നിഗമനം എഴുതുക.

Answer:

'പ്രകാശം ജലംപോലെയാണ്' എന്ന കഥയിൽ കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിലും ഭാവനാത്മകമായ ജീവിതം കരുപിടിപ്പിക്കുന്നതിലും മുതിർന്നവർ വലിയ പങ്കുവഹിക്കുന്നുണ്ട്.
കാഡ്ജിസിനെ ഇന്ത്യാസിലെ കടലിനോടു ചേർന്നുള്ള ജീവിതത്തിൽ നിന്ന് നഗരത്തിലേക്ക് താമസം മാറിയതോടെ നഷ്ടപ്പെട്ട കുട്ടികൾ എലിമെന്ററി സ്കൂൾ പഠനത്തിൽ മികവുകാട്ടി. സമ്മാനം വാങ്ങിയപ്പോൾ അവരുടെ ആവശ്യപ്രകാരം സെക്സ്റ്റന്റും കോമ്പസ്സുമുള്ള തുഴവക്കും രക്ഷിതാക്കൾ വാങ്ങി നൽകി. രണ്ടാം സന്ദർഭത്തിൽ മുങ്ങൽ സാമഗ്രികൾ വാങ്ങിക്കൊടുത്തു. മൂന്നാമത് സഹപാഠികൾക്ക് പാർട്ടി നൽകണമെന്ന ആവശ്യവും നിറവേറ്റിക്കൊടുത്തു. ഇതെല്ലാം അവരുടെ ഭാവനാത്മക ജീവിതത്തെ കരുപിടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

Exam Tips:

a) മാതാപിതാക്കൾ നൽകിയ ഓരോ സമ്മാനവും (വള്ളം, സെക്സ്റ്റന്റ്, കോമ്പസ്, മുങ്ങൽ സാമഗ്രികൾ) എടുത്തുപറയുക.
b) ഒടുവിൽ 'ഇതെത്രമാത്രം ശരി' എന്നതിന് നേരിട്ടുള്ള നിഗമനം നൽകുക.

 

Question 14: കഥാപാത്ര നിരൂപണം തയ്യാറാക്കുക - ടോട്ടോയുടെയും ജോവലിന്റെയും അച്ഛനമ്മമാരെക്കുറിച്ച് കഥാപാത്രനിരൂപണം തയാറാക്കുക.

Answer:

മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതിൽ വിട്ടുവീഴ്ച കാണിക്കാത്ത ദമ്പതികളായിരുന്നു അവർ. കാഡ്ജിസിനെ ഇന്ത്യാസ് വിട്ട് യൂറോപ്യൻ പരിഷ്കൃത നഗരത്തിലേക്ക് വരേണ്ടി വന്നവരാണ് അവർ. പിതാവിന്റെ ചൂതാട്ടംമൂലം വലിയ കടം അവർക്കുണ്ടായിരുന്നു. എന്നാലും കുട്ടികളുടെ ആഗ്രഹങ്ങൾ അവർ സാധിച്ചുകൊടുത്തിരുന്നു. വള്ളവും സെക്സ്റ്റന്റും കോമ്പസും വാങ്ങി നൽകി. മുങ്ങൽ സാമഗ്രികൾ സമ്മാനിച്ചു.
സഹപാഠികൾക്ക് പാർട്ടി നൽകാൻ കുട്ടികളെ അനുവദിച്ചു. എല്ലാ ബുധനാഴ്ചകളിലും സിനിമ കാണാൻ പോകുന്ന പതിവ് അവർക്കുണ്ടായിരുന്നു. കാഡ്ജിസിനെ ഇന്ത്യാസ് വിട്ടുപോരേണ്ടിവന്നതിന്റെ ഇച്ഛാഭംഗം മറികടക്കാനാവണം ഇതൊക്കെ ചെയ്തിരുന്നത്.

Exam Tips:

a) സ്വഭാവഗുണങ്ങൾ (മക്കളോടുള്ള സ്നേഹം, വിട്ടുവീഴ്ച) ഉദാഹരണ സന്ദർഭങ്ങൾ സഹിതം പറയുക.
b) അവരുടെ പരിമിതി (കടബാധ്യത, ഇച്ഛാഭംഗം) കൂടി സൂചിപ്പിക്കുക.

 

Question 15: പ്രകാശം ജലം പോലെയാകുന്ന രണ്ടു സന്ദർഭങ്ങൾ കഥയിൽ നിന്നു കണ്ടെത്തി ലഘു കുറിപ്പെഴുതുക.

Answer:

കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും.
ഒന്നാമത്തെ സന്ദർഭം: സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ ആവശ്യമായ തുഴവെള്ളം വാങ്ങിക്കൊടുക്കാമെന്ന് അച്ഛനെക്കൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാൾ വാങ്ങിക്കൊടുത്തു. കുട്ടികൾ ആ വള്ളം മുകളിലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണമുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബു തന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവർ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ചപ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ സ്വന്തമാക്കി.
രണ്ടാമത്തെ സന്ദർഭം: മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങളും ലഭിച്ചതോടെ ഓരോ ബുധനാഴ്ചയും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്താൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ചു നൽകുന്ന ഒരു പാർട്ടിയിൽ പ്രകാശം എല്ലാ അതിരുകളും ലംഘിച്ച് പുറത്തേക്ക് കുതിച്ചൊഴുകി. അത് മട്ടുപ്പാവുകളും അനേകം പടികളും മറികടന്ന് ഒഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതിച്ചൊഴുകുകയും ചെയ്തു. ഫ്ലാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹമാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോപകരണങ്ങളും ആ പ്രകാശക്കുത്തൊഴുക്കിൽ ഒഴുകിനടന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ളത്തിൽ ഒരു തീരമണഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ കുസൃതിതന്നെയാണീ പ്രകാശപ്രവാഹത്തിനു കാരണമായത്. ഒന്നിച്ച് ഒരേസമയം ഒരുപാട് വിളക്കുകൾ പ്രവർത്തിപ്പിച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്രത്തിന്റെ വിശകലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാരപഥങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായനക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്യത അനുഭവിപ്പിക്കുന്നു.

Exam Tips:

a) ഒരു സന്ദർഭം 'സ്വീകരണമുറിയിലെ തുഴച്ചിൽ', രണ്ടാമത്തേത് 'പാർട്ടിയിലെ പ്രകാശപ്രവാഹം' എന്നിങ്ങനെ വേർതിരിച്ച് എഴുതുക.
b) ലഘുകുറിപ്പായതിനാൽ ഓരോ സന്ദർഭത്തിനും 3-4 വാചകങ്ങൾ മതി; പ്രധാന സംഭവങ്ങൾ വിട്ടുപോകരുത്.

 

Question 16: പറിച്ചുനടലുകൾ സൃഷ്ടിച്ച വൈകാരിക പ്രതിസന്ധികളെ ടോട്ടോയും ജോവലും ഭാവനകൊണ്ട് നേരിടുകയാണോ? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:

നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും മഞ്ഞും മാത്രമുള്ള മാഡ്രിഡിലെ ആ നഗരതിരക്കിൽ പഴയകാലത്തിന്റെ ഓർമ്മകളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം.
എപ്പോഴും കുട്ടിക്കാലം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാലം. നനുത്ത ഓർമ്മകൾ ഇതൾ വിരിയുമ്പോൾ ആ കാലം പൂത്തു വിടർന്ന് മനസ്സിൽ തെളിയും. വാർധക്യമാണ് ഓർമ്മകളുടെ വസന്തകാലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമിയുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃസൃഷ്ടിക്കുന്നത് നഗരത്തിരക്കിൽ, ഫ്ലാറ്റിലെ വരണ്ട അന്തരീക്ഷത്തിലാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളേക്കാൾ, മുതിർന്നവർ പറഞ്ഞുകേട്ട മങ്ങിയ ചിത്രങ്ങൾ തന്നെയായിരിക്കും നിറം പിടിപ്പിച്ച ഭാവനാത്മക യാത്രകൾക്ക് അവരെ സഹായിച്ചിട്ടുണ്ടാവുക.

Exam Tips:

a) ചോദ്യത്തിന് 'അതെ, ഭാവനകൊണ്ട് നേരിടുന്നു' എന്ന നിലപാട് ആദ്യം വ്യക്തമാക്കുക.
b) മാഡ്രിഡ് നഗരത്തിലെ വരണ്ട ഫ്ലാറ്റും കാഡ്ജിസിലെ കടലും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടുക.

 

Six Marks Questions and Answers

Question 17: മാജിക്കൽ റിയലിസം എന്ന രചനാസങ്കേതത്തെ 'പ്രകാശം ജലം പോലെയാണ്' എന്ന രചനയുടെ പ്രമേയാവിഷ്കാരത്തിന് മാർകസ് പ്രയോജനപ്പെടുത്തിയതെങ്ങനെ? കഥ അപഗ്രഥിച്ച് നിരൂപണം തയ്യാറാക്കുക.

Answer:

ലോകത്തിനു മുന്നിൽ മാർകേസ് തുറന്നിട്ടുകൊടുത്ത അത്ഭുത ജാലകമാണ് മാജിക്കൽ റിയലിസം. സങ്കേതങ്ങളും പുതിയ രചനാരീതികളും പ്രസ്ഥാനങ്ങളും സാഹിത്യലോകം കണ്ടിട്ടുണ്ട്. പക്ഷേ, ഇത്രമാത്രം ആസ്വാദക പ്രശംസയും, നിരൂപക ശ്രദ്ധയും, നേട്ടങ്ങളും, ജനകീയമാവുകയും ചെയ്ത മറ്റൊരു പ്രസ്ഥാനം സാഹിത്യചരിത്രത്തിൽ തന്നെ അപൂർവമാണ്. ലാറ്റിനമേരിക്കയിൽ നിന്ന് ആ വിജയഗാഥ ഇന്നിപ്പോൾ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിച്ചേർന്നിരിക്കുന്നു. പരിഭാഷകളിലൂടെ ഇതൾ വിരിഞ്ഞ ആ രചനാസങ്കേതത്തിലെ അത്ഭുത മാന്ത്രികക്കാഴ്ചകൾ ഒരുപോലെ പ്രിയങ്കരമാകുന്നതിന്റെ ഒരു രഹസ്യം അതിന്റെ സാർവ്വജനീയമായ അവസ്ഥാവിശേഷം തന്നെയാണ്. ഒരു സാധാരണ കഥയെ അസാധാരണീയതലങ്ങളിലേക്ക് ഉയർത്താൻ ഈ മാന്ത്രികവിദ്യയിലൂടെ സാധിക്കുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് 'പ്രകാശം ജലം പോലെയാണ്' എന്ന ഈ കഥ.
'അപരിചിത തീർത്ഥാടകർ' എന്ന കഥാസമാഹാരത്തിൽ, മാർകസ് വിചിത്രങ്ങളായ തന്റെ ജീവിതാനുഭവങ്ങളെ സംഭ്രമകരമായ രീതിയിൽ കോർത്തിട്ടിരിക്കുന്നത് കാണാം. അനുഭവങ്ങളെ - യാഥാർത്ഥ്യങ്ങളെ - ഫിക്ഷനിലേക്ക് അതിശയകരമായ രീതിയിൽ സന്നിവേശിപ്പിക്കാനുള്ള അസാമാന്യമായ കരവിരുത് മാർകെസിന്റെ മാത്രം സവിശേഷതയാണ്. ജലം എപ്പോഴും മനുഷ്യനെ അവന്റെ ഗർഭപാത്രത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു. അമ്മയുടെ ഉദരത്തിൽ ജലസാന്നിധ്യത്തിൽ മാത്രമാണ് മനുഷ്യൻ ഏറ്റവും വലിയ സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും വലിയ മിസ്റ്റിക്കായ ഖസാക്കിന്റെ ഇതിഹാസകാരൻ ഒ.വി. വിജയൻ തന്റെ മാസ്റ്റർപീസ് നോവലിൽ കഥാനായകനായ രവിയുടെ അവസ്ഥകളിലൂടെ വായനക്കാരനെ കൊണ്ടുപോകുമ്പോൾ ഈ തീഷ്ണമായ ജലസാന്നിധ്യം നാം അനുഭവിക്കുന്നുണ്ട്. എം.എൻ. വിജയൻ 'ഖസാക്കിന്റെ ഇതിഹാസത്തിലെ' രവിയുടെ ജലത്തോടുള്ള അമിതമായ അഭിനിവേശം മാതൃസ്നേഹത്തിലേക്കുള്ള തിരിച്ചുപോക്കായി വ്യാഖ്യാനിക്കുന്നുണ്ട്.
മാതാവ് മാതൃരാജ്യവുമാകാം. ഈ കഥയിൽ അങ്ങനെയൊരു സവിശേഷത കൂടി കണ്ടെത്താം. തങ്ങളുടെ മാതാപിതാക്കളുടെ മാതൃഭൂമിയിലേക്കുള്ള ഒരിക്കലും നടക്കാത്ത തിരിച്ചുപോക്കുതന്നെയാണ് ഈ കഥയിലെ അദൃശ്യമായ ജലസാന്നിധ്യം സൂചിപ്പിക്കുന്നത്. പ്രകാശവും ജലവും എവിടേയ്ക്കും സ്വതന്ത്രമായി കടന്നുചെല്ലപ്പെടുന്നു. തടുക്കാൻ ശ്രമിക്കുമ്പോൾ സമ്മർദ്ദം കൂടുകയും ചെയ്യും. ജന്മനാട്ടിൽ നിന്നും ഏറെ ദൂരെ പാലായനത്തിന്റെ ദുരവസ്ഥയിൽ ഉപജീവനാർത്ഥം ജീവിക്കുമ്പോഴും ജോവലിന്റെയും ടോട്ടോവിന്റെയും അച്ഛനമ്മമാരുടെ മനസ്സിൽ ഒരു കടലിരമ്പം ഉണ്ടായിരുന്നു. മാഡ്രിഡിലെ വരണ്ടുപൊള്ളുന്ന വേനലിൽ അവർ ഉൾക്കടലുകളും തുറമുഖങ്ങളും സ്വപ്നം കണ്ടു. കടൽക്കാറ്റേറ്റു വിശാലമായ കടൽത്തീരത്ത് ജലസാന്നിധ്യത്തിൽ കഴിഞ്ഞ കാലങ്ങൾ ഓർത്തോർത്തു പങ്കുവെച്ചു. കുട്ടികളുടെ മനസ്സിലേക്ക് മുത്തുച്ചിപ്പികളും കക്കകളും കടൽക്കാറ്റും കടലും കയറിവന്ന് അലയടിച്ചുതുടങ്ങി.
തീർത്തും അസംഭവ്യമായിത്തീർന്ന അവരുടെ അഭിലാഷങ്ങളുടെ പൂർത്തീകരണത്തിനായി മാന്ത്രികമായ വേലിയേറ്റങ്ങളും വെള്ളപ്പൊക്കങ്ങളും കഥാകൃത്ത് അനായാസമായി പുനഃസൃഷ്ടിച്ചു. മാർകെസിനു മാത്രം സാധിക്കുന്ന ഒരു മാജിക്ക്. 'പ്രകാശത്തിന്റെ വെള്ളപ്പൊക്കം' എന്ന പ്രയോഗത്തിലൂടെ തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തിലേക്ക് വായനക്കാരനെ മാർകെസ് ഉയർത്തുകയാണ്. കുട്ടികളുടെ വന്യമായ ഭാവന എന്നതിനപ്പുറത്ത് ചില സവിശേഷ അർത്ഥതലങ്ങൾ കഥയ്ക്ക് കൈവരുന്നു. മാന്ത്രികമായ ഒരു യാഥാർത്ഥ്യത്തിന്റെ അലകൾ വായനക്കാരന്റെ മനസ്സിനെ തലോടുന്നു. ഭാവനയ്ക്കും യാഥാർത്ഥ്യത്തിനുമിടയിൽ ഊഞ്ഞാലാടുന്ന ആ അവസ്ഥയാണ് മാജിക്കൽ റിയലിസം. ആ നവീന രീതികൊണ്ടു മാത്രമേ ഇതു മാത്രം ഹൃദ്യമായി ഈ ഇതിവൃത്തത്തെ സ്ഥാപിക്കാൻ കഴിയൂ.

Exam Tips:

a) മാജിക്കൽ റിയലിസത്തിന്റെ നിർവചനം ആദ്യം, തുടർന്ന് കഥയിലെ ഉദാഹരണങ്ങൾ (പ്രകാശപ്രവാഹം, ജലസാന്നിധ്യം) എന്ന ക്രമം പാലിക്കുക.
b) ജലം മാതൃഭൂമി/ഗർഭപാത്രത്തിന്റെ പ്രതീകം എന്ന വ്യാഖ്യാനം ഉൾപ്പെടുത്തുക.
c) 'ഖസാക്കിന്റെ ഇതിഹാസം' പോലുള്ള മലയാള താരതമ്യം ഒരു വാചകത്തിൽ നൽകാം.

 

Question 18: മുതിർന്നവരുടെ ലോകത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കുട്ടികളുടെ ലോകം - 'പ്രകാശം ജലം പോലെയാണ്' എന്ന കഥയെ മുൻനിർത്തി പരിശോധിക്കുക.

Answer:

ഏതു സാഹചര്യത്തിലും ആദ്യം ഇണങ്ങിച്ചേരുന്നതും പെട്ടെന്നുതന്നെ പ്രതികരിക്കുന്നവരും കുട്ടികളായിരിക്കും. ഇവിടെയും നഷ്ടങ്ങളെ വീണ്ടെടുക്കാൻ ആദ്യംതന്നെ ശ്രമിക്കുന്നത് കുട്ടികൾ തന്നെയാണ്. വീണ്ടെടുക്കാനുള്ളത് നഷ്ടമായവയാണ്. തങ്ങൾക്ക് നഷ്ടപ്പെട്ടതല്ല മറിച്ച് തങ്ങളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ പൂർവ്വികർക്ക് ഏതെങ്കിലും അവധിക്കാലത്തിന്റെ എളുപ്പം കഴിഞ്ഞുപോകാവുന്ന ദിവസക്കണക്കുകളിൽ അവർക്ക് മുന്നിൽ തെളിഞ്ഞ ആ കാഴ്ചയുടെ പെരുമകളാണ് അവർ പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്. അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്കളുടെ വിവരണങ്ങളിൽ നിന്ന് അവർ നിർമ്മിച്ചെടുത്ത മായാചിത്രങ്ങൾ, അവരുടെ മനസ്സിൽ പതിപ്പിച്ച മുദ്രകൾ എന്തുതന്നെയായാലും ആ മായിക ദൃശ്യങ്ങളെ തങ്ങളുടെ കുട്ടിക്കാല വിനോദങ്ങളിലേക്ക് പകർത്തുകയാണ് ജോവലും ടോട്ടോയും ചെയ്തത്. ഭാവനാവിലാസത്തിൽ കുട്ടികളെ വെല്ലാൻ ആർക്കും കഴിയില്ല. യാഥാർത്ഥ്യങ്ങൾ അവരെ പൊള്ളിക്കുന്നില്ല. മുതിർന്നവർ (മാർകസ് ഉൾപ്പെടെ) തങ്ങളുടെ ഓർമ്മകളിൽ സ്വയം വേദനിച്ച് നീറുമ്പോൾ കുട്ടികൾ ഓർമ്മകളെയും നഷ്ടമായവയെയും വിനോദങ്ങളിലൂടെ പുനഃരാവിഷ്കരിക്കുന്നു.
ബാല്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഏറ്റവും ഗൗരവപൂർവ്വം സമീപിക്കുക എന്നതാണ്. ഈ കഥയിൽത്തന്നെ കുട്ടികളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ കീഴടങ്ങുകയാണ് മാതാപിതാക്കൾ. അവരുടെ ആവശ്യങ്ങൾ ന്യായമാണ്. കാരണം അക്കാദമിക് രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന ടോട്ടോയും ജോവലും അവരുടെ സമ്മാനങ്ങളാണ് ആവശ്യപ്പെടുന്നത്. അതും അവരുടെ മാതാപിതാക്കളുടെ വാഗ്ദാനമാണത്. അവരുടെ സംസ്കാരത്തിൽ കുട്ടികളെ ഏറ്റവും പ്രാധാന്യത്തോടെത്തന്നെയാണ് കാണുന്നത്. അവരുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും ലഭിക്കുന്നു. കഥയിൽ ടോട്ടോയും ജോവലും തങ്ങളുടെ ആവശ്യങ്ങളെ സമീപിക്കുന്നത് ഏറ്റവും ഗൗരവത്തോടെയും ഒപ്പം തികഞ്ഞ ഉത്തരവാദിത്വത്തോടെയുമാണ്.
തങ്ങൾ ആവശ്യപ്പെടുന്ന സമ്മാനങ്ങൾ തങ്ങളുടെ തന്നെ ഭൂതകാലത്തിലേക്കുള്ള വഴിയാണെന്ന് അവർക്കും, ഒപ്പം അവരുടെ മാതാപിതാക്കൾക്കും അറിയാമായിരുന്നു. ഓരോ സമ്മാനവും സ്വീകരിക്കുന്നതും കൊടുക്കുന്നതും വർത്തമാനകാലത്തെ, ആ ആധുനിക നഗരം സമ്മാനിക്കുന്ന വിരസതകളെ മറികടക്കാനുള്ള ഔഷധങ്ങളായിരുന്നു. അങ്ങനെ സ്വീകരിക്കുന്നവനും നൽകുന്നവനും സ്വീകർത്താവിനും ദാതാവിനും ഒരുപോലെ അതിജീവനത്തിന് അതു ഉപകരിച്ചു. മാർകസിനെ സംബന്ധിച്ചിടത്തോളം ഈ കഥയിലൂടെയുള്ള സഞ്ചാരം ഒരു തിരിച്ചുപോക്കായി മാറി. ടോട്ടോയും ജോവലും കഥാകൃത്തിന്റെ തന്നെ ആത്മാവിന്റെ പ്രതിഫലനങ്ങളായി മാറി. ജീവിതത്തിൽ തിരിഞ്ഞുനോക്കലുകളിൽ നിന്നേ ഊർജ്ജം സംഭരിക്കാനാവൂ എന്ന് വീണ്ടും മാർകെസ് ഊന്നിപ്പറഞ്ഞു ഈ കഥയിലൂടെ.

Exam Tips:

a) മുതിർന്നവർ (നഷ്ടബോധത്താൽ വേദനിക്കുന്നു) - കുട്ടികൾ (ഭാവനകൊണ്ട് നഷ്ടം പുനഃസൃഷ്ടിക്കുന്നു) എന്ന താരതമ്യം വ്യക്തമാക്കുക.
b) കുട്ടികളുടെ ഗൗരവവും നിശ്ചയദാർഢ്യവും കഥയിലെ സന്ദർഭം സഹിതം പറയുക.

 

Question 19: സാൽവദോർ ദാലി (1904 - 1989) - ജീവചരിത്രക്കുറിപ്പെഴുതുക.

Answer:

സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലാണ് വിശ്വപ്രസിദ്ധ ചിത്രകാരനായിരുന്ന സാൽവദോർ ദാലിയുടെ ജനനം. 1904-ൽ. പിന്നീട് ലോകപ്രസിദ്ധനായിത്തീർന്ന ദാലി, ഒരു ഡ്രാഫ്റ്റ്സ്മാനായിട്ടാണ് ജീവിതം കരുപിടിപ്പിച്ചു തുടങ്ങിയത്. ലോകത്തിന്റെ നിറുകയിലേക്കുള്ള യാത്രക്കിടെ നിരവധി വെല്ലുവിളികളെ നേരിട്ട യാത്രക്കാരനായിരുന്നു ദാലി. ഒന്നാം ലോക മഹായുദ്ധത്തിന്റെ അതിഭീതിദമായ പ്രത്യാഘാതങ്ങൾ സാംസ്കാരിക ലോകത്തിലേക്കും പടർന്നു. സാഹിത്യകാരന്മാരും ചിത്രകാരന്മാരും പരക്കെ വേട്ടയാടപ്പെട്ടു. അവിടെ അവർക്കൊരു പുതിയ സങ്കേതവും പ്രസ്ഥാനവും അടിയന്തിരമായി ആവശ്യമായി വന്നു. അങ്ങനെ നിലവിലുള്ളതിനെ മറികടന്ന് ഒന്ന് പുതിയതായി രൂപികരിക്കേണ്ടത് നിലനിൽപ്പിന്റെ ആവശ്യമായി. അങ്ങനെ രൂപീകൃതമായ സർറിയലിസ്റ്റിക് പ്രസ്ഥാനത്തെ ലോകവ്യാപകമായി സ്വീകാര്യമാക്കുന്നതിൽ സാൽവദോർ ദാലി വഹിച്ച പങ്ക് നിസ്തുലമാണ്.
അനേകം രചനകളിൽ, ദാലിയെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാ കേന്ദ്രമാക്കിയത് 'പെർസിസ്റ്റൻസ് ഓഫ് മെമ്മറി' എന്ന രചനയാണ്. ഓയിൽ പെയിന്റിൽ 24cm x 33cm അളവിൽ അദ്ദേഹം വിരിയിച്ചെടുത്തത് ഒരു ദൃശ്യമനോഹരാനുഭവമെന്ന് ചിത്രകലയുടെ നിരൂപകന്മാർ കണക്കാക്കുന്നു. 1931-ൽ പാരീസിലെ 'ജൂലിയൻ ലെവി ഗാലറിയിൽ' ആദ്യപ്രദർശനത്തിന് വെയ്ക്കുമ്പോൾ അത് സർ റിയലിസ്റ്റിക് പ്രസ്ഥാനത്തിനുള്ള വിജയാഭിവാദ്യം കൂടിയായിരുന്നു. ഇപ്പോഴാ ചിത്രം ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഗാലറിയെ അലങ്കരിച്ചുകൊണ്ടിരിക്കുന്നു. സർ റിയലിസത്തിനു തിലകക്കുറിയായ രചനകൾക്കു പുറമെ സാൽവദോർ ദാലി ക്യൂബിസവും, ദാദായിസവും തന്റെ രചനകളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. അത്ഭുതകരമായ ഭാവനാവിലാസത്താൽ അനുഗൃഹീതനായിരുന്ന ദാലി അരനൂറ്റാണ്ടോളം കാലം ലോകചിത്രകലയുടെ അമരക്കാരൻ തന്നെയായിരുന്നു.

Exam Tips:

a) ജനനം (1904, കാറ്റലോണിയ), മരണം (1989), സർറിയലിസം, പ്രസിദ്ധ രചന (1931) എന്നിവ ഉൾപ്പെടുത്തുക.
b) 'പെർസിസ്റ്റൻസ് ഓഫ് മെമ്മറി' എന്ന ചിത്രത്തിന്റെ പേരും വർഷവും തെറ്റാതെ എഴുതുക.

 

Question 20: സർ റിയലിസം - കുറിപ്പ് തയ്യാറാക്കുക.

Answer:

പ്രസ്ഥാനങ്ങൾ സാഹിത്യത്തിലും ചിത്രരചനയിലും കടന്നുവരുന്നത് അവയ്ക്കു മുമ്പ് ഉണ്ടായിരുന്ന പ്രസ്ഥാനങ്ങളുടെ അപചയം മൂലമായിരിക്കും. റിയലിസ്റ്റിക് പ്രസ്ഥാനങ്ങളുടെ ദുർബലാവസ്ഥയും, കാലഘട്ടത്തിന്റെ ആവശ്യകതയുമാണ് സർ റിയലിസം ഉടലെടുത്തത്. സർ റിയലിസം എന്ന വാക്കിനുതന്നെ 'റിയലിസത്തിനും അപ്പുറം' എന്നാണർത്ഥം.
ഒന്നാം ലോകമഹായുദ്ധം സാംസ്കാരിക രംഗത്തും കനത്ത നാശം വിതച്ചു. റിയലിസത്തിന്റെ അപര്യാപ്തതകൾ തുറന്നു കാണിക്കപ്പെടുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. സ്വാഭാവികമായും ഒരു മാറ്റം അനിവാര്യമായിരുന്നു. നേർക്കാഴ്ചകൾക്ക് അപ്പുറമായി യാഥാർത്ഥ്യത്തെ, ഒരു പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന ശക്തമായ അവബോധത്തിൽ നിന്നു തന്നെയാണ് സർ റിയലിസ്റ്റിക് പ്രസ്ഥാനങ്ങളുടെ ആരംഭം. കലാചിന്തയിലും, ജീവിതത്തിലും സമൂലമായ മാറ്റമാണ് സർ റിയലിസ്റ്റുകൾ ലക്ഷ്യമാക്കിയത്. 1920-ൽ ചിത്രകലയിൽ ഒരു പുതിയ വിപ്ലവത്തിനു തന്നെ നാന്ദി കുറിച്ചു. യാഥാർത്ഥ്യങ്ങളും, സ്വപ്നങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ ഉടച്ചുവാർത്ത സർ റിയലിസ്റ്റ് പ്രസ്ഥാനം, അത്ഭുതങ്ങളുടെ തിരുശേഷിപ്പുകളാണ്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രച്ഛണ്ഡതകൾക്കിടയിലാണ് ജനനം. പാരീസായിരുന്നു വേദി. അതി വേഗമാണ് ഈ പുതിയ പ്രസ്ഥാനം ലോകമെങ്ങും പടർന്നത്. ആന്ദ്രേ ബ്രിട്ടൻ 1924-ൽ തന്റെ മാനിഫെസ്റ്റോയിലൂടെ ഈ പുതിയ പ്രസ്ഥാനത്തിന് കാഹളമൂതി. യുദ്ധം എഴുത്തുകാരെ സംഭീതരാക്കിയിരുന്നു. ആ കൊടിയ ഭീതിയിൽ നിന്നും, അരക്ഷിതമായ സാഹചര്യങ്ങളിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പ് തന്നെയായിരുന്നു ഈ പുതിയ പ്രസ്ഥാനം. സർ റിയലിസ്റ്റുകൾ ബോധത്തെ നിർവീര്യമാക്കുകയും, അബോധത്തെ സ്വതന്ത്രമാക്കുകയുമാണ് ചെയ്തത്. സ്വാഭാവികമായും നിലവിലെ എല്ലാ ധാരണകളെയും തകിടം മറിക്കുകയാണവർ ചെയ്തത്. യുക്തിഭദ്രതയ്ക്കപ്പുറം, മനുഷ്യമനസ്സിന്റെ അഗാധതലങ്ങളിൽ നിന്ന് ഉയിർകൊണ്ട ഭ്രമാത്മകചിന്തകളെ അവർ ആശ്ലേഷിച്ചു. അബോധമനസ്സിന്റെ സ്വയം പ്രേരിതമായ, പ്രവർത്തനത്തിലൂടെ മാത്രമേ, ഒരാളുടെ സ്വതം പൂർണ്ണമാകൂ എന്നവർ വിശ്വസിച്ചു.

Exam Tips:

a) അർത്ഥം ('റിയലിസത്തിനപ്പുറം'), ഉദയകാരണം (ഒന്നാം ലോകയുദ്ധം, റിയലിസത്തിന്റെ അപര്യാപ്തത), കേന്ദ്ര ആശയം (അബോധമനസ്സിന്റെ സ്വാതന്ത്ര്യം) എന്നിവ എഴുതുക.
b) ഉറവിടം പാരീസ്, 1920-കൾ, ആന്ദ്രേ ബ്രിട്ടൻ (1924) എന്നീ വിവരങ്ങൾ ചേർക്കുക.

 

Question 21: പ്രസിദ്ധ ചിത്രകാരനായ സാൽവദോർ ദാലിയുടെ Persistence of Memory എന്ന ചിത്രമാണ് ചുവടെ നൽകിയിരിക്കുന്നത്. വ്യാഖ്യാനം തയാറാക്കുക.
(Figure: a dreamlike desert landscape with several soft, melting pocket watches draped over a tree branch, a table edge and a sleeping, distorted face-like shape; an orange watch covered with ants lies on the left; cliffs and the sea are in the background.)

Answer:

1931-ലാണ് സാൽവദോർ ദാലി തന്റെ വിശ്വവിഖ്യാതമായ ഈ ചിത്രം രചിക്കുന്നത്. ഓയിൽ പെയിന്റിൽ 24cm x 33cm വിസ്തീർണ്ണത്തിൽ ദാലി ഒരുക്കിയ ഈ ചിത്രം ലോകത്തെ ഇളക്കിമറിച്ചു. കാഴ്ചയുടെ സാങ്കേതികത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അനുവാചകരുടെ മുന്നിൽ ഒരത്ഭുതമായി മാറി. ഏറ്റവും പ്രസിദ്ധമായ സർ റിയലിസ്റ്റ് ചിത്രം എന്ന സ്ഥാനം ഈ ചിത്രത്തിന് നൽകാം. സ്ഥാപിതമായ ഒരു 'കോസ്മിക് ഓർഡറിനെ', അവസ്ഥയെ ദാലി ഈ ചിത്രത്തിലൂടെ നിരാകരിക്കുന്നു. ഒരു ഉടച്ചുവാർക്കൽ തന്നെയാണ് അതിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നത്.
ആൽബർട്ട് ഐൻസ്റ്റീൻ സ്ഥാപിച്ച 'സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയെ' പാടെ തള്ളിക്കളഞ്ഞുകൊണ്ടുതന്നെയാണ് ദാലി തന്റെ ചിത്രീകരണം നടത്തുന്നത്. ഈ ഇടപെടലിലൂടെ ആ തിയറിയ്ക്ക് വിരുദ്ധമായാണ് താൻ നീങ്ങിയതെന്ന് ദാലി തന്നെ പറഞ്ഞിട്ടുണ്ട്. കാലത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതുകയാണ് ദാലി ഈ ചിത്രത്തിലെ വാച്ചുകളിലൂടെ ചെയ്യുന്നത്. ഉരുകിയൊലിക്കുന്ന വാച്ച്, ദാലിയുടെ 'തിയറി ഓഫ് സോഫ്റ്റ്നെസ്സിന്റെ' പ്രതീകമാണ്. ഒപ്പം കടുപ്പമുള്ള ഒന്ന് ആ കാലഘട്ടത്തിന്റെ ചിന്തയുടെ കേന്ദ്രമായി തീരുന്നു. ഡോൺ ആഡ്സ് പറയുന്നത് - "ഉരുകുന്ന വാച്ചുകൾ, അബോധമനസ്സിന്റെയും, സ്ഥലകാലബോധങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും പ്രതീകമാണെന്നാണ്. നിശ്ചിതമായ രൂപക്രമങ്ങളേയും, മറ്റും പൊളിച്ചെഴുതുന്ന ഒരു സർ റിയലിസ്റ്റിക് ബോധധാര ഈ ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നതായി കാണാം. ഒപ്പം, ഒരു സ്വപ്നത്തിനെ സംബന്ധിച്ചിടത്തോളം, ആ സ്വപ്നത്തിലെ രൂപങ്ങളെ, കൃത്യമായി പുനർനിർണ്ണയിക്കാൻ ആ സ്വപ്നാടകന് കഴിയണമെന്നില്ല.
അതുകൊണ്ടുകൂടിയാകണം ആ ഒഴുകുന്ന രൂപങ്ങളെ ചിത്രീകരിക്കുവാൻ ദാലി ഒരുങ്ങിയത്. ഒരു സ്വപ്നാനുഭവ അവസ്ഥ. അത് ദാലി സ്വയം അനുഭവിച്ചതാണ്. അതു കൊണ്ടുതന്നെ ആ ഘടികാരങ്ങൾ ഒരു പരിധിവരെ സമയത്തിന്റെ കടന്നു പോകലിനെയും പ്രതിനിധാനം ചെയ്യുന്നു. ഒപ്പം ഈ ചിത്രം ഒരു ഉറക്കാനുഭവം പ്രദാനം ചെയ്യുന്നു. ഉറങ്ങുന്നവന്റെ കണ്ണുകളിലെ അനുഭവം. ഓറഞ്ചു നിറത്തിലുള്ള ക്ലോക്കിൽ ഉറുമ്പുകൾ വരിവെച്ചു നടക്കുകയാണ്. ഉറുമ്പുകളാൽ കയറിവരുന്ന ഉറച്ച ക്ലോക്ക്. ഉറുമ്പുകൾ ദാലി ചിത്രങ്ങളുടെ മറ്റൊരു സവിശേഷതയാണ്. ബോധധാരയിലേക്ക് ഉണർച്ചയുടെ പടവുകൾ കയറിപ്പോകുകയാണ്. ഉറുമ്പുകൾ പ്രതീകങ്ങളായി മാറുന്നു. ചിത്രത്തിൽ തെളിഞ്ഞു കാണുന്ന പാറക്കൂട്ടങ്ങൾ ഗൃഹാതുരതയുടെ പ്രതീകങ്ങളായി മാറുന്നു. ദാലി ജനിച്ചുവീണ സ്പെയിനിലെ കാറ്റലോണിയൻ ഭൂപ്രകൃതിയുടെ ഏറ്റവും ഹൃദ്യമായ ആവിഷ്ക്കാരം.
പ്രവാസ ജീവിതത്തിന്റെ എല്ലാ അപരിചിതത്വങ്ങളും കുടഞ്ഞു തെറിപ്പിച്ചുകൊണ്ട് തന്റെ പതറിയ ഭൂമിയെ തിരിച്ചുപിടിക്കാൻ തീവ്രമായ ഒരു ശ്രമം നടത്തുന്ന ചിത്രകാരൻ. ജന്മഭൂമിയോടുള്ള തന്റെ അഭിനിവേശത്തെ അനുവാചകരിലേക്കും, ആസ്വാദകരിലേക്കും സന്നിവേശിപ്പിക്കുന്നതിൽ ദാലി വിജയിക്കുന്നു. ഒരു അതുല്യ കലാകാരന്റെ മഹത്വവും അതുതന്നെ. Persistence of Memory എന്ന ഈ വിശ്വവിഖ്യാത ചിത്രം റിയലിസ്റ്റിക് പ്രസ്ഥാനത്തിൽ, അപചയത്തിനോടുള്ള പരസ്യമായ വെല്ലുവിളി കൂടിയായി മാറുന്നു. ആ കാലഘട്ടത്തിന്റെ അതിരുക്ഷമായ അവസ്ഥകളോട് പ്രതികരിക്കാൻ പര്യാപ്തമായ മറ്റൊരു സങ്കേതത്തെത്തേടിയുള്ള അന്വേഷണം തന്നെയാണ് സർ റിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയത്തിനു പിന്നിൽ. ആ പുതുപ്രസ്ഥാനത്തിന് ആസ്വാദക ലോകത്ത് ആഴത്തിൽ വേരോടാനുള്ള ഒരു സാഹചര്യം Persistence of Memory എന്ന ചിത്രത്തിലൂടെ സാൽവദോർ ദാലിക്ക് ലഭിച്ചു.

Exam Tips:

a) ചിത്രത്തിലെ പ്രധാന ഘടകങ്ങളെ (ഉരുകുന്ന വാച്ച്, ഉറുമ്പുകൾ, പാറക്കൂട്ടം) ഓരോന്നായി എടുത്ത് അവയുടെ പ്രതീകാർത്ഥം എഴുതുക.
b) വർഷം (1931), വലുപ്പം (24 x 33 cm), മാധ്യമം (ഓയിൽ പെയിന്റ്) എന്നിവ ഉൾപ്പെടുത്തുക.
c) സമയത്തെക്കുറിച്ചുള്ള ധാരണയെ ചിത്രം പൊളിച്ചെഴുതുന്നു എന്ന പ്രധാന ആശയം ഉപസംഹാരത്തിൽ ആവർത്തിക്കുക.

 

Question 22: അന്യഭാഷാപദങ്ങൾ നമ്മുടേതാക്കി മാറ്റുമ്പോൾ നമ്മുടെ വ്യാകരണ നിയമങ്ങളാണ് പ്രയോഗിക്കേണ്ടത്. അതുവഴി ആ പദം നമ്മുടെ ഭാഷയിലേക്കു ചേക്കേറും. ഉദാ: റൗണ്ട്സിന്, സൂപ്രണ്ടിന്റെ, ഹോസ്പിറ്റലിൽ, ഫിസിഷ്യനോട്, ടെൻഷനാൽ - പ്രചുരപ്രചാരം വന്ന ഇതുപോലുള്ള ഭാഷാപയോഗങ്ങൾ കണ്ടെത്തുക.

Answer:

അന്യഭാഷാപദങ്ങൾ നമ്മുടെ ഭാഷയിലേക്ക് കടന്നുവരുന്നത് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ തുടങ്ങിയ ഭാഷാപ്രക്രിയയാണ്. രണ്ടു ഭാഷകൾ തമ്മിൽ നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ അവയുടെ സാമീപ്യം ചില സാജാത്യങ്ങൾക്ക് വഴിതെളിയിക്കാറുണ്ട്. ഈ കൊടുക്കൽ വാങ്ങലുകൾ തീർച്ചയായും ഭാഷകളെ വളർത്തുകതന്നെയാണ് ചെയ്യുന്നത്. ഭാഷ ചലനാത്മകമാണ്. നിശ്ചലാവസ്ഥ ഭാഷകൾക്ക് ഭൂഷണമല്ല. ചലനമില്ലാത്ത അവസ്ഥ അവയെ മൃതാവസ്ഥയിൽ എത്തിക്കും. കൊടുക്കൽ വാങ്ങലുകൾ ഭാഷകളെ ചലനാത്മകമാക്കും, അവയുടെ മുന്നോട്ടുള്ള ഗതിവേഗം കൂട്ടും. ഭാഷകൾ വളരണമെങ്കിൽ അവയുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കണം. അതിനു ഉപകരിക്കുന്ന ഈ ഭാഷാപദങ്ങളുടെ കടന്നുവരവ് (അത് ഏതു ഭാഷയിൽ നിന്നാണെങ്കിലും) ഒരിക്കലും ആശങ്കാജനകമല്ല. മാതൃഭാഷയുടെ ശക്തി ക്ഷയിപ്പിക്കാൻ മാത്രം ശക്തിയൊന്നും ഈ വിരുന്നുവരുന്ന വാക്കുകൾക്കില്ല.
ഭാഷാപദങ്ങൾ രണ്ടു രീതിയിൽ കടന്നുവരും.
1. തദ്ഭവമായി: തദ്ഭവമായി വരുന്ന പദങ്ങളെ ഇങ്ങനെ വിവക്ഷിക്കാം. വരുന്ന പദങ്ങളെ നമ്മുടെ ഭാഷയുടെ അളവുകോൽ കൊണ്ട് ഒന്ന് ഉടച്ചുവാർത്ത് നമ്മുടെ തനിമകൂട്ടിച്ചേർത്ത് ഒരു പുതിയ സൃഷ്ടിയാക്കി മാറ്റും.
2. തത്സമമായി: തത്സമമായി വരുന്ന പദങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകുന്നില്ല. അവ അവയുടെ സ്വതസിദ്ധമായ രീതിയിൽ നമ്മുടെ ഭാഷയിൽ നിലനിൽക്കുന്നു. അവയുടെ തനിമ സംരക്ഷിച്ചുകൊണ്ട് കാത്തുസൂക്ഷിക്കുന്നു. ആ തനിമയാണ് ഭാഷകളുടെ വ്യക്തിത്വം. വിരുന്നുവരുന്ന അന്യഭാഷാ പദങ്ങളെ, നമ്മുടെ വ്യാകരണമൂശയിലിട്ട് പാകപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. നൂറ്റാണ്ടുകൾ കൊണ്ടാണ് പദങ്ങൾ ഒരു ഭാഷയിൽ നിന്നടർന്ന് മറ്റൊരു ഭാഷയിലേക്ക് സംക്രമിക്കുന്നത്.
മലയാളത്തെ സംബന്ധിച്ചിടത്തോളം തദ്ഭവമായും തത്സമമായും ഏറ്റവും കൂടുതൽ പദസമ്പത്ത് വന്നുചേർന്നിട്ടുള്ളത് സംസ്കൃത ഭാഷയിൽ നിന്നാണ്. ദേവഭാഷയായ സംസ്കൃതത്തിന്റെ സ്വാധീനം ദക്ഷിണേന്ത്യൻ ഭാഷകളിൽ ഭൂരിഭാഗത്തിലും കാണാമെങ്കിലും ഏറ്റവും തെളിഞ്ഞുകാണുന്നത് മലയാളത്തിലാണ്. പിന്നീട് ഈ കേരളതീരം നിരവധി വിദേശശക്തികളുടെ അധിനിവേശത്തിന് കേന്ദ്രമായി. സാമ്രാജ്യത്വമോഹവുമായി വന്ന ഓരോ വിദേശശക്തികളും നമ്മുടെ ഭാഷയും സംസ്കാരത്തിനും കനത്ത സംഭാവനകൾ നൽകിക്കൊണ്ടുതന്നെയാണ് പടിയിറങ്ങിയത്. ആ പദസമ്പത്ത് നമ്മുടെ ഭാഷയിൽ സംക്രമണം ചെയ്ത് ചേർന്നലിഞ്ഞു. പിന്നീട് നമ്മുടെ വ്യവഹാരഭാഷയിൽ വേർതിരിക്കാൻ കഴിയാത്തവണ്ണം ഇഴുകിച്ചേർന്ന പല വിദേശഭാഷാ പദങ്ങളും മലയാളപദങ്ങളല്ല എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്ന സ്ഥിതിയായി.
ഒരു ഭാഷയുടെ അടിത്തറ വ്യാകരണമാണ്. ഏതു ഭാഷയും നിലനിൽക്കുന്നത് ആ വേരുകളിലെ ഊർജ്ജം സ്വീകരിച്ചുകൊണ്ടാണ്. മറ്റു ഭാഷകളിലെ പദങ്ങൾ നിർലോപം സ്വീകരിക്കാമെങ്കിലും വ്യാകരണപരമായ തനിമ ഓരോ ഭാഷയും കാത്തുസൂക്ഷിക്കുന്നു.
ഇവിടെ ഈ ഉദാഹരണങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽനിന്ന് നമ്മുടെ ഭാഷയിലേക്ക് കടന്നുവന്ന പദങ്ങളാണ്. നമ്മുടെ വിഭക്തി പ്രയോഗങ്ങളുടെ (വ്യാകരണച്ചട്ടക്കൂട്ടിലേക്ക്) പ്രയോഗഭംഗിയിലേക്ക് വിധേയമായാണ് നാം ആ പദങ്ങളെ സന്നിവേശിപ്പിച്ചിരിക്കുന്നത്. താഴെ കാണിക്കുന്നതു പോലെ ഒരു പട്ടിക:

പദംപ്രയോഗംവിഭക്തി സ്വഭാവം
റൗണ്ട്സ്റൗണ്ട്സിന്ന്
സൂപ്രണ്ട്സൂപ്രണ്ടിന്റെന്റെ
ടെൻഷൻടെൻഷനാൽആൽ
എച്ച്.എം.എച്ച്.എം.ന്റെന്റെ
ഡ്രൈവർഡ്രൈവറുടെഉടെ
ഹോസ്പിറ്റൽഹോസ്പിറ്റലിൽഇൽ
വെബ്സൈറ്റ്വെബ്സൈറ്റിനാൽആൽ
മൗസ്മൗസിന്റെന്റെ

ഇവിടെയെല്ലാം ഇംഗ്ലീഷിലെ നാമപദങ്ങളോട് മലയാള വിഭക്തി പ്രത്യയം ചേർത്ത രൂപങ്ങളാണ് തന്നിരിക്കുന്നത്. നാമം അഥവാ പേരായി ഉപയോഗിക്കുന്ന പദങ്ങളോട് ചേർത്ത് മറ്റുപദങ്ങളോടുള്ള ബന്ധത്തെ കാണിക്കുന്ന ശബ്ദരൂപങ്ങളെയാണ് വിഭക്തി എന്നു പറയുന്നത്. ന് (ഉദ്ദേശിക), ന്റെ (സംബന്ധിക), ഇൽ (ആധാരിക), ഓട് (സംയോജിക), ആൽ (പ്രയോജിക).

Exam Tips:

a) ഉദാഹരണങ്ങൾ ഒരു പട്ടികയായി (പദം - പ്രയോഗം - വിഭക്തി) നൽകുക; ചോദ്യം പട്ടിക നിർമ്മിക്കാനും ആവശ്യപ്പെടുന്നു.
b) തദ്ഭവം, തത്സമം എന്നിവയുടെ വ്യത്യാസം ഒരു ഉദാഹരണത്തോടെ എഴുതുക.
c) വിഭക്തികളുടെ പ്രത്യയങ്ങൾ ശരിയായി ഓർക്കുക: ന് (ഉദ്ദേശിക), ന്റെ (സംബന്ധിക), ഇൽ (ആധാരിക), ഓട് (സംയോജിക), ആൽ (പ്രയോജിക).

 

Eight Marks Questions and Answers

Question 23: "കാഡ്ജിസിനെ ഇന്ത്യാസിലെ അവരുടെ വീടിന് ഒരു മുറ്റവും ഉൾക്കടലിനോടു ചേർന്ന് ബോട്ടുകളടുപ്പിക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു". ഇവ നഷ്ടപ്പെട്ടതിന്റെ വേദനയും അതിന്റെ വീണ്ടെടുപ്പും മാർകേസ് ആവിഷ്കരിച്ചതെങ്ങനെയെന്ന് വിശദമാക്കിയെഴുതുക.

Answer:

നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും മഞ്ഞും മാത്രമുള്ള മാഡ്രിഡിലെ ആ നഗരതിരക്കിൽ പഴയകാലത്തിന്റെ ഓർമ്മകളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടിക്കാലം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമിയുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃസൃഷ്ടിക്കുന്നത് നഗരത്തിരക്കിൽ, ഫ്ലാറ്റിലെ വരണ്ട അന്തരീക്ഷത്തിലാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളേക്കാൾ, മുതിർന്നവർ പറഞ്ഞുകേട്ട മങ്ങിയ ചിത്രങ്ങൾ തന്നെയായിരിക്കും നിറം പിടിപ്പിച്ച ഭാവനാത്മക യാത്രകൾക്ക് അവരെ സഹായിച്ചിട്ടുണ്ടാവുക.
മാർകേസിന്റെ കുട്ടിക്കാലം നിഴൽ വിരിച്ച് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മുത്തച്ഛന്റെയും മുത്തശ്ശിയോടൊപ്പം ഏകാന്തമായ ആ ബാല്യം തീർച്ചയായും വന്യമായ സ്വപ്നങ്ങളുടെ കൂട്ടുകാരനായിത്തന്നെയാണ് മാർകേസ് കഴിച്ചുകൂട്ടിയത്. സ്വാഭാവികമായും ചരിത്രപരമായും ഐതിഹാസികവും ആയ നിരവധി സംഭവങ്ങളിലൂടെ ആ ബാല്യം കടന്നുപോയിട്ടുണ്ട്. മിത്തുകളും വിശ്വാസങ്ങളും ആധുനിക ശാസ്ത്രത്തിന് പുച്ഛം തോന്നുന്ന രീതിയിലുള്ള യുക്തിയില്ലാത്ത തെളിവില്ലാത്ത നിരവധി സംഭവങ്ങൾക്ക് ആ കുരുന്നു ഹൃദയം സാക്ഷിയായിട്ടുണ്ടാകാം.
തിരിച്ചുവരാത്ത ബാല്യത്തിന്റെ നനുത്ത വീണ്ടെടുപ്പുകൾ മാർകസ് നടത്തുന്നത് ഏറ്റവും ബോധപൂർവ്വം തന്നെയാണ്. കുട്ടികളുടെ താൽപര്യങ്ങൾക്ക് പൈതൃക ഭൂമിയിൽ തങ്ങളെ കാത്തിരിക്കുന്ന വള്ളങ്ങൾക്കും അപ്പുറമായി കഥാകൃത്തിന്റെ അസാമാന്യമായ അഭിനിവേശം പ്രകാശം പോലെ ഇവിടെ കുതിച്ചൊഴുകുന്നത് കാണാം. ജീവിതത്തിന്റെ ഏതേതു നാൽക്കവലകളിൽ കാലം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചാലും തിരിച്ചുവരാൻ കഴിയുന്ന ആദ്യത്തെ സന്ദർഭത്തിൽ നിങ്ങളുടെ മനസ്സ് ഭൂതകാലത്തിലേക്ക് കുതിച്ചെത്തും. കുട്ടികളിലൂടെ മാർകേസ് അത് സാധ്യമാക്കുന്നു. എല്ലാ നഷ്ടങ്ങളും വേദനകളാണ്. പിന്നീട് ഉണ്ടാകുന്ന വീണ്ടെടുക്കലുകളും പുനഃരാവിഷ്കരണങ്ങളും മുറിവുണക്കൽ മാത്രമാണ്. പൂർണ്ണമായും ആ വേദനകളെ ശമിപ്പിക്കില്ലല്ലോ.
ഇവിടെ കുട്ടികൾ മാത്രമല്ല, മറിച്ച് ടോട്ടോവും ജോവലും ഒപ്പം അവരുടെ അച്ഛനുമമ്മയും ഈ വേദനയിൽ പങ്കുപറ്റുന്നവരാണ്. ഇവിടെ ഇപ്പോൾ ആകെയുള്ള വെള്ളം ഷവറിൽ നിന്നുള്ളതാണ് എന്നു പറയുന്ന അമ്മയുടെ വാക്കുകളിൽ നഷ്ടബോധത്തിന്റെ വേദനാംശങ്ങൾ കണ്ടെത്താൻ കഴിയും. ചൂതാട്ടനഷ്ടത്തിൽ നട്ടം തിരിയുമ്പോഴും കുട്ടികളുടെ സമ്മാനകാര്യത്തിൽ വാക്കുപാലിക്കാൻ അച്ഛൻ ബദ്ധശ്രദ്ധനാകുന്നു. സമ്മാനങ്ങൾ കൂടുതൽ വാശിയോടെ വാങ്ങിവരാമെന്ന് പന്തയം വെയ്ക്കുന്ന കുട്ടികളുടെ അതിരുകവിഞ്ഞ വാശി ഒരു ഘട്ടത്തിൽ അമ്മയെ പരിഭ്രാന്തയാക്കുന്നുണ്ട്. എങ്കിലും കഥയിൽ ആദ്യം സൂചിപ്പിക്കുന്നതുപോലെ നിശ്ചയദാർഢ്യമുള്ളവരായിരുന്നു ആ കുട്ടികൾ.
ആധുനിക കാലത്തോട് എന്നും സംവദിക്കുന്ന കഥകൾ തന്നെയാണ് മാർകെസിന്റേത്. ഏതു കാലത്തും പ്രസക്തമായ കഥാന്തരീക്ഷം. പ്രവാസികളായി മാറുന്നവരുടെ നേർത്ത ഗൃഹാതുരത മലയാളികൾക്ക് ഒട്ടും അന്യമല്ല. തോടും പുഴയും കായലും പാടവും കുളങ്ങളും നിറഞ്ഞ പച്ചപ്പിൽ നിന്ന് മണലാരണ്യത്തിന്റെ ഉഷ്ണക്കാറ്റിലേക്ക് പറിച്ചുനടപ്പെടുന്ന മലയാളി കുടുംബങ്ങളിലേക്ക് എളുപ്പം സംവദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കഥയുടെ ഘടനയും. തങ്ങൾക്ക് നഷ്ടപ്പെട്ടതല്ല മറിച്ച് തങ്ങളുടെ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടവയെ വീണ്ടെടുക്കാനാണ് കുട്ടികൾ ശ്രമിക്കുന്നത്. നഷ്ടമാകുന്നവ എത്ര അമൂല്യമാണെന്ന് തിരിച്ചറിയാതെ വരുമ്പോഴാണ് നഷ്ടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നത്. നമ്മുടെ മണ്ണിൽ പുതുതലമുറകൾക്ക്, കഴിഞ്ഞുപോയ കാലങ്ങളിലെ അസുലഭ സൗഭാഗ്യങ്ങളെക്കുറിച്ചോർത്ത് ഭാവനാലോകങ്ങൾ സൃഷ്ടിക്കുവാൻ ഇട വരരുത്. ഈ കഥ അങ്ങനെ ചില ഓർമ്മപ്പെടുത്തലും നടത്തുന്നുണ്ട്.

Exam Tips:

a) നഷ്ടം (കാഡ്ജിസിലെ കടലോരജീവിതം), വേദന (മാതാപിതാക്കളുടെ ഗൃഹാതുരത), വീണ്ടെടുപ്പ് (കുട്ടികളുടെ ഭാവന, പ്രകാശപ്രവാഹം) എന്നീ മൂന്ന് ഭാഗങ്ങളായി ഉത്തരം ക്രമീകരിക്കുക.
b) മലയാളിയുടെ പ്രവാസ ഗൃഹാതുരതയുമായി ബന്ധിപ്പിക്കുന്നത് ഉത്തരത്തിന് മൂല്യം കൂട്ടും.
c) എട്ട് മാർക്ക് ഉത്തരമായതിനാൽ ആമുഖം, ഉള്ളടക്കം, നിഗമനം എന്ന ഘടന പാലിക്കുക.

 

Question 24: കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിലും ഭാവനാത്മകമായ ജീവിതം കരുപ്പിടിപ്പിക്കുന്നതിലും മുതിർന്നവർ വഹിക്കുന്ന പങ്കിനെക്കുറിച്ച് കഥാസന്ദർഭങ്ങൾ കണ്ടെത്തി ചർച്ചക്കുറിപ്പ് തയ്യാറാക്കുക.

Answer:

ഗബ്രിയേൽ ഗാസിയ മാർകേസിന്റെ ഈ കഥയിൽ കുട്ടികളുടെ അഭിരുചി നിർണ്ണയത്തിനും അവരുടെ ഭാവനകളുടെ വികാസത്തിനും സഹായകമായ അന്തരീക്ഷം തന്നെയാണ് കണ്ടെത്താൻ കഴിയുക. ആ ഒരു അന്തരീക്ഷം കരുപിടിപ്പിക്കുന്നതിൽ മുതിർന്നവർക്ക് വലിയ പങ്കുണ്ട്. കുട്ടിക്കാലം സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യത്തിന് അളവുകോലുകൾ കണ്ടേക്കാം. പക്ഷേ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണത് എന്നു കുട്ടികൾക്ക് തോന്നും വിധം, നിയന്ത്രണത്തിന്റെ ഒരു ചെറുചരട്, അവർക്ക് മനസ്സിലാക്കാൻ കഴിയാത്തവണ്ണം നേർത്ത ഒരു ചരട്, ഈ കാലത്ത് ഇങ്ങനെയുള്ള ചിന്തകൾക്ക് പ്രസക്തികൂടിവരുകയാണ്.
പ്രകാശം ജലം പോലെയാണ് എന്ന ഈ കഥയിൽ എന്തായാലും കുട്ടികളുടെ ഭാവനയ്ക്കും അവരുടെ അഭിരുചിക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. കുട്ടികൾ കഴിവുകളാൽ അനുഗ്രഹീതരാണ്. പലപ്പോഴും അവരുടെ കഴിവുകളും അഭിരുചികളും യഥാസമയം തിരിച്ചറിയപ്പെടുന്നില്ല. ആത്മവിശ്വാസത്തിന്റെ അഭാവം ഇവിടെ എടുത്തുപറയേണ്ട കാര്യമാണ്. തങ്ങളുടെ കഴിവുകളിലേക്ക് അല്ലെങ്കിൽ തങ്ങളുടെ അഭിരുചികളിലേക്ക് വെളിച്ചം വീശാവുന്ന ഒന്നും അവർ ബാക്കി വെക്കില്ല. മുതിർന്നവരുടെയും തങ്ങളുടെ അധ്യാപകരുടെയും മുന്നിൽ മറച്ചുവെയ്ക്കുവാനും വെളിപ്പെടുത്തുവാതിരിക്കാനും കുട്ടികൾ ശ്രമിക്കും. അന്തർമുഖത്വം പലപ്പോഴും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
ഈ കഥയിലേക്ക് വരുമ്പോൾ ഏറ്റവും ആകർഷകവും മാതൃകാപരവുമായ ഒരു കാര്യം; ടോട്ടോയ്ക്കും, ജോവലിനും അവരുടെ കുടുംബത്തിൽ നിന്നും പൂർണ്ണമായ പിന്തുണ ലഭിക്കുന്നുണ്ട്. അവരുടെ ആവശ്യങ്ങൾക്ക് അവർ പകരം നൽകുന്നത് ഉന്നതമായ അക്കാദമിക് വിജയമുദ്രകളാണ്. തീർച്ചയായും അവരുടെ ആവശ്യങ്ങൾ നിരാകരിക്കപ്പെടുന്നില്ല. പക്ഷേ ഒന്നുണ്ട്; കടലും തുറമുഖവും ഇല്ലാത്ത ഷവറിൽ നിന്നും മാത്രം വെള്ളം ലഭിക്കുന്ന ഒരു ആധുനിക നഗരത്തിൽ തിരക്കേറിയ ഒരു പാർപ്പിട സമുച്ചയത്തിലെ ഇടത്തരം ഫ്ലാറ്റിലേക്ക് ഒരു തുഴവള്ളം വേണം എന്ന കുട്ടികളുടെ ആവശ്യത്തോട് ആ രക്ഷിതാക്കൾ പ്രതികരിക്കുന്നത് ഏറ്റവും കരുതലോടെയാണ്. അവർ ആ ആവശ്യത്തെ പുച്ഛത്തോടെ തള്ളിക്കളയുന്നില്ല; ഗൗരവത്തോടെ തന്നെ പരിഗണിക്കുന്നു. മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിൽ തന്നെ മക്കളുടെ ഭാവനാപൂർണ്ണമായ ആവശ്യങ്ങളെ വേരോടെ നിരാകരിക്കുന്ന പിന്തിരിപ്പൻ ശൈലി അവർ സ്വീകരിക്കുന്നില്ല. അവരുടെ സംസ്കാരത്തിന്റെയും ജീവിതശൈലിയുടെയും സ്വാധീനം തീർച്ചയായും ഉണ്ടാകാം. എങ്കിൽ തന്നെയും ആ മാതാപിതാക്കളുടെ തികച്ചും പോസിറ്റീവ് ആയ സമീപനം അഭിനന്ദനാർഹമാണ്. അതു കുട്ടികൾക്ക് പകർന്നുകൊടുക്കുന്നത് അതിരുകളില്ലാത്ത ആത്മവിശ്വാസമായിരിക്കും.
അഭിരുചികൾ കണ്ടെത്തുന്നതിൽ അധ്യാപകർക്ക് സവിശേഷമായ പങ്കുണ്ട്. പലപ്പോഴും കുട്ടികളുടെ മാതൃകകൾ അധ്യാപകരിലാണ് ചെന്നെത്തുക. അവരുടെ അന്വേഷണങ്ങൾക്കുള്ള മറുപടിയും, അവരുടെ സംശയ നിവാരണ മാർഗ്ഗവും അധ്യാപകർ തന്നെയാകും. വിദ്യാലയങ്ങൾ തീർച്ചയായും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിൽ തന്നെയായിരിക്കും. പക്ഷേ ചിലപ്പോഴൊക്കെ കുട്ടികളുടെ ഭാവനാത്മകമായ പ്രവർത്തനങ്ങൾക്ക് പിന്തുണ കിട്ടാതെ പോകാറുണ്ട്. എങ്കിലും വിദ്യാർത്ഥികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന ചൈൽഡ് സെന്റേർഡ് ആയ വിദ്യാഭ്യാസ രീതിയിൽ കുട്ടികൾ പിന്തള്ളപ്പെട്ടു പോകാനുള്ള സാധ്യത കുറവാണ്. എന്തായാലും വികസിത രാജ്യങ്ങളിൽ ആ രീതിയിലുള്ള പഠനത്തിനാണ് പ്രാമുഖ്യം.
നമ്മുടെ സംസ്കാരവും പാരമ്പര്യവും കുറേയൊക്കെ കുട്ടികളിലേക്ക്, മുതിർന്നവരുടെ ആഗ്രഹങ്ങൾ കുത്തിവെയ്ക്കാനും തങ്ങൾ കാണിച്ചുകൊടുത്ത വഴികളിലൂടെ നടക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവരുന്നു. പലപ്പോഴും തങ്ങൾക്ക് ഒരു തരത്തിലും ഒത്തുപോകാൻ കഴിയാത്ത വഴികളിൽ അവർക്ക് പകച്ചുനിൽക്കേണ്ടതായി വരും. അവിടെ അഭിപ്രായഭിന്നതകളും നിരാശയും ഉടലെടുക്കും. അവരുടെ യഥാർത്ഥ കഴിവുകൾ മുരടിച്ചുപോവുകയും, നൈരാശ്യം ജീവിതത്തോടുതന്നെ വിരക്തി ജനിപ്പിക്കുകയും ചെയ്യും. അധ്യാപകരും മാതാപിതാക്കളും സർവ്വസാധാരണയായി പതറുകയും പകച്ചുപോവുകയും ചെയ്യുന്ന സന്ദർഭങ്ങൾ. ഒരു പക്ഷേ, ജീവിതവിജയം നേടാവുന്ന ഒരു പ്രതിഭയെ തങ്ങൾ പോലും അറിയാതെ മുരടിപ്പിച്ചല്ലോ എന്ന നൈരാശ്യം അധ്യാപകർക്കും മാതാപിതാക്കൾക്കും ഉണ്ടാകാം. ഇവിടെ ഒക്കെ തെളിയുന്നത് ഒരു കാര്യം മാത്രം. സഹജമായ വാസനകളെ തളർത്തരുത്, കാറ്റുവീശുന്ന വഴികളിലൂടെ അതു സ്വതന്ത്രമായി സഞ്ചരിക്കട്ടെ. അവിടെ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഉള്ളവരല്ല; അധ്യാപകരും മാതാപിതാക്കളും. മാർകേസിന്റെ ഈ ഉജ്ജ്വല കലാസൃഷ്ടിയിൽ തങ്ങളുടെ ഗൃഹാതുരതയെ കുട്ടികളുടെ ഒരു പക്ഷേ, സമാനമായ ഭാവനയിലൂടെ പുനഃസൃഷ്ടിക്കുക തന്നെയാണ് ജോവലിന്റെയും ടോട്ടോയുടെയും മാതാപിതാക്കൾ ചെയ്യുന്നത്.
ആത്യന്തികമായി അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഉയർത്തുന്നു. അക്കാദമിക് വിജയങ്ങളിലേക്ക് അവർ പറന്നെത്തുന്നു. ഈ കഥയിലൂടെ കടന്നുപോകുമ്പോൾ നാം കാണുന്ന കാഴ്ച, ടോട്ടോയും ജോവലും ഏറ്റവും പകതയോടെ തന്നെ വിചിത്രമായ തീരുമാനങ്ങൾ എടുക്കുന്നതായിട്ടാണ്. ഏറ്റവും കണിശമായാണ് അവർ തങ്ങളുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നത്. കാരണം ലക്ഷ്യത്തെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്. യാതൊരു ശങ്കകളുമില്ലാതെ സുവ്യക്തമായ ചുവടുകളോടെ അവർ മുന്നോട്ടുപോകുന്നു. ഇവിടെ നാം സൂക്ഷ്മമായി കാണേണ്ട ഒരു കാര്യമുണ്ട്. തങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് മാതാപിതാക്കളുമായി ചർച്ച നടത്തുമ്പോൾ അതിന്റെ പ്രായോഗികതയെക്കുറിച്ച് അവർക്ക് യാതൊരു ആശങ്കകളും ഇല്ലെന്നുള്ളതാണ്. അത്രമാത്രം ആഴത്തിൽ ആ വിഷയത്തെ കുറിച്ച് അവർക്ക് ബോധ്യമുണ്ട്.
പലപ്പോഴും കുട്ടിക്കാലത്തു മാത്രം നമുക്ക് കൈവരുന്ന ഒരു ബോധധാരയാണത്. ലക്ഷ്യപ്രാപ്തിയെക്കുറിച്ചോ അതിന്റെ പ്രായോഗികതയെ കുറിച്ചോ മുതിർന്നവർക്ക് നിരവധി സംശയങ്ങളും ആശങ്കകളുമുണ്ടാകാം. എന്നാൽ കുട്ടികൾക്ക് മാത്രം ആ തരത്തിൽ ഒരു വീണ്ടുവിചാരമോ സംശയപൂർവ്വമായ നിലപാടുകളോ കാണുന്നില്ല. കാരണം ഒരു ലക്ഷ്യത്തിലേക്ക് ഏറ്റവും നിഷ്കളങ്കതയോടെയാണ് അവർ നടന്നെത്തുന്നത്. കാപട്യത്തിന്റെ യാതൊരു കളങ്കവും അവരുടെ ചുവടുകളിൽ പുരണ്ടിരിക്കില്ല.

Exam Tips:

a) മാതാപിതാക്കളുടെ പങ്ക്, അധ്യാപകരുടെ പങ്ക്, കുട്ടികളുടെ നിഷ്കളങ്ക നിശ്ചയദാർഢ്യം എന്നിങ്ങനെ മൂന്ന് തലങ്ങളിൽ ഉത്തരം ക്രമീകരിക്കുക.
b) കഥയിൽനിന്ന് ഒരു ഉദാഹരണമെങ്കിലും (വള്ളം, സെക്സ്റ്റന്റ്, മുങ്ങൽ സാമഗ്രികൾ) വ്യക്തമാക്കുക.
c) 'സഹജവാസനകളെ തളർത്തരുത്' എന്ന സന്ദേശത്തോടെ ഉപസംഹരിക്കുക.

 

Question 25: "The woods are lovely, dark and deep
But I have promises to keep,
And miles to go before I sleep,
And miles to go before I sleep."
("Stopping by Woods on a Snowy Evening" - Robert Frost)
'മോഹനം വനം സാന്ദ്രഗഹനം നീലശ്യാമം
ഞാൻ പക്ഷേ പാലിക്കേണം ഒട്ടേറെ പ്രതിജ്ഞകൾ
പോകേണമേറെ ദൂരം വീണുറങ്ങീടുംമുന്നേ" (എൻ. വി. കൃഷ്ണവാരിയർ)
"മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിജ്ഞകൾ
അനക്കമറ്റ നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ്
എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ" (കടമ്മനിട്ട)
റോബർട്ട് ഫ്രോസ്റ്റിന്റെ കാവ്യഭാഗം രണ്ടു കവികൾ വിവർത്തനം ചെയ്തതാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വിവർത്തനത്തിൽ ഇവർ സ്വീകരിച്ച ഭാഷാപരവും ഭാവപരവുമായ സവിശേഷതകൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:

വിവർത്തനം ഏതു ഭാഷയ്ക്കും പുതുജീവൻ പകർന്നുനൽകുന്നു. വിവർത്തനം ഇല്ലെങ്കിൽ സാഹിത്യം സാർവ്വവ്യാപിയായി തീരില്ല. ഓരോ ഭാഷയ്ക്കും വിലമതിക്കാനാവാത്ത ഉണർവുകളും - അതേസമയം പരിമിതികളുമുണ്ട്. ഭാഷയുടെ ഏറ്റവും വലിയ പരിമിതി അതിന്റെ അതിർവരമ്പുകൾ സൃഷ്ടിക്കുന്ന അസ്വാതന്ത്ര്യം തന്നെയാണ്. ഒരു പ്രത്യേക സ്ഥലത്ത് സംസ്കാരത്തിൽ തളംകെട്ടി നിൽക്കാൻ വിധിക്കപ്പെട്ടവ കൂടിയാണ് ഭാഷകൾ. പുറമേയ്ക്കുള്ള അവയുടെ സഞ്ചാരത്തിന് പരസഹായം കൂടിയേ കഴിയൂ. അതിന് മറ്റ് ഭാഷകളുടെ കൈത്താങ്ങ് ആവശ്യമാണ്. ഈ തരത്തിൽ പരസ്പരാശ്രിതത്വം പേറിക്കൊണ്ടാണ് ലോകഭാഷകൾ നിലനിൽക്കുന്നത്. സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വിവർത്തനങ്ങൾ ഭാഷകൾക്കിടയിലുള്ള പാലമാണ്. ഈ പാലം ശക്തമല്ലെങ്കിൽ സഞ്ചാരം ദുഷ്കരമാകും. അതുകൊണ്ടുകൂടിയാണ് നല്ല വിവർത്തകരാണ് നല്ല സാഹിത്യകാരന്മാരെയും സൃഷ്ടിക്കുന്നതെന്ന് പറയുന്നത്.
എൻ.വി. കൃഷ്ണവാര്യരും കടമ്മനിട്ട രാമകൃഷ്ണനും മലയാളത്തിന്റെ തനതു ശൈലികളിലൂടെ വളർന്നുവന്ന പ്രിയപ്പെട്ട കവികളാണ്. റോബർട്ട് ഫ്രോസ്റ്റിന്റെ പ്രസിദ്ധമായ വരികളിലൂടെ കടന്നുപോകുമ്പോൾ അവർ പുലർത്തുന്ന വ്യത്യസ്തത ശ്രദ്ധേയമാണ്. രണ്ടുപേരും ഒരേവരികൾ തന്നെ വിവർത്തനം ചെയ്യുമ്പോഴും അവർ പുലർത്തുന്ന മൗലികത എടുത്തുപറയേണ്ട ഒന്നാണ്. എൻ.വി. കൃഷ്ണവാര്യർ തന്റേയും, കടമ്മനിട്ട സ്വതവേ തനിക്കുള്ളതുമായ വ്യക്തിത്വവിശേഷങ്ങൾ തങ്ങളുടെ വിവർത്തനങ്ങളിൽ പുലർത്തിയിരിക്കുന്നത് കാണാം. എൻ.വി. മൂലകൃതിയോട് സാധർമ്മ്യം പുലർത്താൻ കഠിനമായി ശ്രമിക്കുമ്പോൾ, കടമ്മനിട്ട കുറച്ചുകൂടി തന്റേതായ സംഭാവനകൾ നിർലോപം ചേർക്കാൻ ശ്രമിക്കുന്നുണ്ട്. ഈ ഉദാഹരണം നമുക്ക് മുന്നിൽ വരച്ചിടുന്ന സുപ്രധാനമായ തെളിവും അതുതന്നെയാണ്. വിവർത്തകൻ സ്വതന്ത്രമായ നിലപാടെടുക്കുമ്പോൾ ചിലപ്പോൾ വിവർത്തകന്റെ മൗലികതയും കൃതിയിൽ നിഴലിക്കും.
അതല്ല എൻ.വി. യെപ്പോലെ പരമാവധി സാധർമ്മ്യം പുലർത്താൻ ശ്രമിക്കുമ്പോൾ മൗലികത കുറയും. അപ്പോൾ വിവർത്തനം പദാനുപദ അനുകരണമായി മാറും. വിവർത്തകൻ സ്വതന്ത്രനാകണോ? അതോ പരമാവധി മൂലകൃതിയോട് നീതിപുലർത്തി ഒരു പദാനുപദ നിഘണ്ടു നിർമ്മിക്കുകയാണോ വേണ്ടത്? വിവർത്തകന്റെ മൗലികത മൂലകൃതിയിൽ നിഴലിക്കാൻ പാടുണ്ടോ? ഏറ്റവും അവസാനം നിലനിൽക്കേണ്ടതും സ്ഥാനം പിടിക്കേണ്ടതും മൂലകൃതിതന്നെയല്ലേ? പ്രസക്തങ്ങളായ ചോദ്യങ്ങളാണിത്.
നമുക്ക് അഭ്യാസത്തിൽ ലഭിച്ച ചോദ്യത്തിലെ ഉദാഹരണം തന്നെയെടുക്കാം. റോബർട്ട് ഫ്രോസ്റ്റിന്റെ കവിത പ്രത്യക്ഷത്തിൽ ജീവിതത്തിൽ നടത്തുന്ന മനോഹരമായ യാത്രയെപ്പറ്റിയാണെങ്കിലും ആന്തരികമായി മരണത്തിനുമുമ്പ് മനുഷ്യൻ നടത്തേണ്ട വലിയ ജീവിതയാത്രയെപ്പറ്റിത്തന്നെയാണ് പറഞ്ഞുവെയ്ക്കുന്നത്. ജീവിതത്തിന്റെ മോഹനവും പ്രലോഭനീയവുമായ മായക്കാഴ്ചകൾ പലപ്പോഴും സത്യത്തിന്റെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാൽ ആ മായാമോഹനക്കാഴ്ചകളിൽ മനസ്സിനെ അലസമായി മേയാൻ വിടാതെ, ജീവിതത്തിന്റെ കർമ്മമണ്ഡലങ്ങളിൽ വ്യാപരിച്ച് ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.
എപ്പോഴാണ് നിത്യമായ ഉറക്കമെന്ന് അറിയില്ല. അതിനുമുമ്പേ ഏറെ കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതായിട്ടുണ്ട്. ജീവിതത്തിന്റെ നൈരന്തര്യവും ഒപ്പം ആധ്യാത്മികമായ അതിന്റെ ഔന്നത്യവും നിഴലിക്കുന്ന വരികളാണ്. കടമ്മനിട്ട മൗലികമായ വിവർത്തനം സ്വീകരിച്ചിരിക്കുന്നു. സ്വതന്ത്രമായി ഫ്രോസ്റ്റിന്റെ വരികളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കടമ്മനിട്ട തന്റെ വിവർത്തനഭാഗത്ത് അധികമായി സ്വന്തമായി ചേർത്ത ഒരു വരി. ആവർത്തനത്തിലൂടെ അസാമാന്യമായ അടിച്ചുറപ്പിക്കൽപോലെ ഫ്രോസ്റ്റ് പറഞ്ഞയച്ച അവസാനവരിയെ ആവർത്തനവിരസമായ ആവർത്തനത്തിലൂടെ ശ്വാസം മുട്ടിപ്പിക്കാതെ, സവിശേഷമായി ഒരു വരിയിലൂടെ കൂടുതൽ ആസ്വാദന വ്യാപ്തി കൂട്ടുകയാണ് കടമ്മനിട്ട ചെയ്തുവെച്ചത്. മൂലകൃതിയിൽ നിന്ന് ആശയച്ചോർച്ച ഉണ്ടാകുന്നത് തടയുക എന്നതാണ് വിവർത്തകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആശയദാരിദ്ര്യമല്ല, ആശയപൂർണ്ണതയാണ് വിവർത്തകൻ ലക്ഷ്യമാക്കേണ്ടത്.
അതിനുവേണ്ടിയുള്ള അന്വേഷണമാണ് യഥാർത്ഥ വിവർത്തകൻ ചെയ്യേണ്ടത്. ആ തപസ്സാണ് യഥാർത്ഥ വിവർത്തകനെ സൃഷ്ടിക്കുന്നത്. കടമ്മനിട്ട മൂലകൃതിയിലെ ആശയപൂർണ്ണതയ്ക്കുവേണ്ടി വിശദീകരണ യോഗ്യമായി വരികൾ കൂട്ടിയപ്പോൾ എൻ.വി. ആശയ സംക്ഷിപ്തതയാണ് നിർവ്വഹിച്ചത്. ഘടനാപരമായി ഒരു വ്യത്യാസം എന്ന രീതിയിൽ ചൂണ്ടിക്കാണിക്കാമെങ്കിലും ആശയതലത്തിൽ തന്നെ നമുക്കത് കണ്ടെത്താൻ കഴിയും.
രൂപത്തിൽ മാത്രമല്ല, ഭാവത്തിലും ഈ വിവർത്തനങ്ങൾ വ്യത്യസ്തത പാലിക്കുന്നുണ്ടെന്ന് ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയും. കടമ്മനിട്ട തന്റെ വിവർത്തനത്തിന്റെ ആദ്യവരിയിൽ പ്രകടിപ്പിക്കുന്ന ആശങ്കയിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രസാദാത്മകത്വം എൻ.വി. തന്റെ ആദ്യവരിയിൽ പ്രകടിപ്പിക്കുന്നു. വിവർത്തകൻ തെരഞ്ഞെടുക്കുന്ന പദങ്ങൾ - അനുയോജ്യമായ പദങ്ങളുടെ തെരഞ്ഞെടുപ്പ് - വളരെ പ്രധാനമാണ് ഒരു വിവർത്തനത്തിൽ. ഒരേ സമയം വിരക്തവും അതേസമയം പ്രസാദാത്മകവും ഒരേ സമയം ആശങ്കാജനകവും അതേ സമയം ശുഭസൂചകവും ഒരേ സമയം ഭീതിദവും അതേ സമയം മോഹനവും - അങ്ങനെ ആദ്യവരിയിൽ തന്നെ ഈ രണ്ടു വിവർത്തനങ്ങളും വ്യത്യസ്ത കാണിക്കുന്നു. തുല്യദൂരം പാലിക്കുന്നു.
വിവർത്തനം ഒരു കലയാണ്. അതു സ്വതന്ത്രവും, വിധേയത്വത്തോടെ മൂലകൃതിയോട് അതീവകടപ്പാട് കാത്തുസൂക്ഷിക്കുന്നതും ആകാം. പക്ഷേ, ഒരു വിവർത്തകൻ മൂലകൃതിയോട് സത്യസന്ധത പുലർത്തിയിരിക്കണം. അപ്പോൾ മാത്രമേ ഭാഷാതിവർത്തിയായി ഒരു കൃതി നിലനിൽക്കുകയുള്ളൂ. വിവർത്തനങ്ങളിലൂടെ ചില വിശിഷ്ട കൃതികൾ അവഗണിക്കപ്പെട്ടേക്കാം. അതുപോലെതന്നെ വിവർത്തകൻ പ്രതിഭാപ്രകാശനവും ചെയ്യേണ്ടതുണ്ട്. അതൊരു സിദ്ധിയാണ്. പ്രതിഭാവിലാസം കൊണ്ടുമാത്രം കരഗതമാകുന്നത്. എങ്കിലും അഭ്യാസം കൊണ്ട് കുറെയൊക്കെ മറികടക്കാൻ സാധിക്കുന്നതുമാണത്. കാരണം ഉചിതമായ പദങ്ങളും പ്രയോഗങ്ങളും വിവർത്തനം വരുന്ന ഭാഷയിലെയും സംസ്കാരത്തിലെയും മിത്തുകളും വിശ്വാസങ്ങളും മൂലകൃതിയിലെ ആശയങ്ങളോട് ഇണച്ചേരും വിധം സമർത്ഥമായി സന്നിവേശിപ്പിക്കുമ്പോൾ ഒരു വിവർത്തകൻ വിജയിച്ചെന്നുവരാം. വിവർത്തനം അപ്പോൾ മാത്രമേ ഭാഷകൾക്കിടയിൽ ഒരു പാലമായിത്തീരുകയുള്ളൂ.

Exam Tips:

a) രണ്ടു വിവർത്തനങ്ങളെയും ഭാഷ (പദത്തിരഞ്ഞെടുപ്പ്), ഘടന (വരികളുടെ എണ്ണം, അധികവരി), ഭാവം (ആശങ്ക - പ്രസാദം) എന്നിങ്ങനെ മൂന്ന് തലങ്ങളിൽ താരതമ്യം ചെയ്യുക.
b) എൻ.വി. മൂലകൃതിയോട് സത്യസന്ധത പുലർത്തി; കടമ്മനിട്ട സ്വന്തം വരി ചേർത്ത് സ്വതന്ത്ര വിവർത്തനം നടത്തി എന്ന പ്രധാന വ്യത്യാസം എടുത്തുപറയുക.
c) 'നല്ല വിവർത്തകർ നല്ല സാഹിത്യകാരന്മാരാണ്' എന്ന ആശയത്തോടെ ഉപസംഹരിക്കാം.

 

Notes and Summary

Question 26: 'പ്രകാശം ജലം പോലെയാണ്' എന്ന കഥയുടെ സംഗ്രഹം എഴുതുക.

Answer:

മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ: ഒമ്പതും ഏഴും വയസ്സുള്ള ടോട്ടോയും ജോവലും. കാഡ്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറമുഖവും കടലും ഒത്തുചേർന്ന് മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു. മുതിർന്നവരുടെ ഗൃഹാതുരത്വം തുളുമ്പുന്ന വിവരണങ്ങളിൽ നിന്ന് അവരുടെ സ്വപ്നങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്. ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്. അനന്തമായ കടലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴിയാൻ അവർ കൊതിച്ചു. മാഡ്രിഡിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലുമില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ, അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു. കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കിവെച്ചു.
സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവരുടെ ആവശ്യമായ തുഴവെള്ളം വാങ്ങിക്കൊടുക്കാമെന്ന് അച്ഛനെക്കൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങിക്കൊടുത്തു. കുട്ടികൾ ആ വള്ളം മുകളിലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണമുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞു നടന്നു. പ്രകാശം ജലംപോലെയാണെന്ന കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ചപ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞതോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി.
അതും ലഭിച്ചുകഴിഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്താൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രകാശപ്രവാഹം എല്ലാ അതിരുകളും ലംഘിച്ച് പുറത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടുപ്പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതിച്ചൊഴുകുകയും ചെയ്തു. ഫ്ലാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹമാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോപകരണങ്ങളും ആ പ്രകാശക്കുത്തൊഴുക്കിൽ ഒഴുകിനടന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ളത്തിൽ ഒരു തീരമണഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ കുസൃതിതന്നെയാണീ പ്രകാശപ്രവാഹത്തിനു കാരണമായത്. ഒന്നിച്ച് ഒരേ സമയം ഒരുപാട് വിളക്കുകൾ പ്രവർത്തിപ്പിച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്രത്തിന്റെ വിശകലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാരപഥങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായനക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്യത അനുഭവിപ്പിക്കുന്നു.

Exam Tips:

a) സംഗ്രഹം ക്രമത്തിൽ എഴുതുക: കുട്ടികളുടെ സ്വപ്നം → വള്ളം → സ്വീകരണമുറിയിലെ പ്രകാശത്തുഴച്ചിൽ → മുങ്ങൽ ഉപകരണങ്ങൾ → പാർട്ടിയിലെ പ്രകാശവെള്ളപ്പൊക്കം.
b) കഥാപാത്രങ്ങളുടെ പേരുകൾ (ടോട്ടോ, ജോവൽ) ശരിയായി എഴുതുക.
c) അവസാനം മാജിക്കൽ റിയലിസത്തിന്റെ സ്വാധീനം ഒരു വാചകത്തിൽ സൂചിപ്പിക്കുക.

 

Free Kerala Board Textbook Explanations: Class 12 Malayalam Chapter 02 Prakasam Jalam Pole Anu (Light Is Like Water)

Chapter Exercise Answers for Class 12 Malayalam

Access structured Kerala Board textbook solutions for Chapter 02 Prakasam Jalam Pole Anu (Light Is Like Water). Designed in alignment with the latest academic curriculum for Class 12 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Detailed Answer Guides for Chapter 02 Prakasam Jalam Pole Anu (Light Is Like Water)

Clear, methodical explanations accompany every challenging problem within the Class 12 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.

Complete Preparation Kit for Class 12 Exams

Frequent review of these structured answers builds strong analytical capabilities and response efficiency. Maximize your academic readiness by combining these textbook solutions with our curated study materials and mock evaluations for Class 12 Malayalam.

FAQs

Where can I find the latest Kerala Plus Two Malayalam Chapter 2 Prakasam Jalam Pole Anu (Light Is Like Water) Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus Two Malayalam Chapter 2 Prakasam Jalam Pole Anu (Light Is Like Water) Textbook Questions and Answers is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 12 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus Two Malayalam Chapter 2 Prakasam Jalam Pole Anu (Light Is Like Water) Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 12 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Chapter 2 Prakasam Jalam Pole Anu (Light Is Like Water) Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus Two Malayalam Chapter 2 Prakasam Jalam Pole Anu (Light Is Like Water) Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Chapter 2 Prakasam Jalam Pole Anu (Light Is Like Water) Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 12 as a PDF?

Yes, you can download the entire Kerala Plus Two Malayalam Chapter 2 Prakasam Jalam Pole Anu (Light Is Like Water) Textbook Questions and Answers in printable PDF format for offline study on any device.