Download Kerala Board Solutions for Class 11 Malayalam Chapter 04 Matsyam
Review structured textbook solutions for Class 11 Malayalam Chapter 04 Matsyam. Built according to Kerala Board guidelines for the 2026-27 academic year, these downloadable answers support daily revision and problem-solving accuracy.
Access Kerala Board Solutions and Answers
Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.
Two Marks Questions and Answers
Question 1: കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തി എഴുതുക.
പലേരി മാണിക്യം, അതേ ആകാശം അതേഭൂമി, മോഹമഞ്ഞ്, രാഷ്ട്രതന്ത്രം
Answer:
മോഹമഞ്ഞ്
Exam Tips:
a) ഒറ്റയാനെ കണ്ടെത്തുമ്പോൾ എല്ലാ പദങ്ങളുടെയും പൊതുസ്വഭാവം (ഇവിടെ ഓരോന്നും ഏതു സാഹിത്യരൂപം/രചനയാണെന്ന്) ആദ്യം ഉറപ്പാക്കുക.
b) ഉത്തരത്തോടൊപ്പം എന്തുകൊണ്ട് ഇത് പുറത്താകുന്നു എന്ന ഒരു ചെറുവരി കൂടി ചേർത്താൽ ഉത്തരം കൂടുതൽ വ്യക്തമാകും.
Question 2: പദബന്ധം പൂർത്തിയാക്കുക.
മത്സ്യം : സ്വാതന്ത്ര്യം
ഓർമ്മയുടെ ഞരമ്പിലെ വൃദ്ധ : ............................
Answer:
അസ്വാതന്ത്ര്യം
Exam Tips:
a) ആദ്യ ജോടിയിലെ ബന്ധം (കഥാപാത്രം : അതിന്റെ ആഗ്രഹം) മനസ്സിലാക്കി അതേ ബന്ധം രണ്ടാമത്തെ ജോടിക്കും പ്രയോഗിക്കുക.
Four Marks Questions and Answers
Question 3: ചേരുംപടി ചേർക്കുക.
| A | B |
|---|---|
| 1. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം | പി. കുഞ്ഞിരാമൻ നായർ |
| 2. ക്ഷണികം പക്ഷെ | ടി.പി. രാജീവൻ |
| 3. മത്സ്യം | അക്കിത്തം |
| 4. കളിയച്ഛൻ | ഒ.എൻ.വി. |
Answer:
| A | B |
|---|---|
| 1. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം | അക്കിത്തം |
| 2. ക്ഷണികം പക്ഷെ | ഒ.എൻ.വി. |
| 3. മത്സ്യം | ടി.പി. രാജീവൻ |
| 4. കളിയച്ഛൻ | പി. കുഞ്ഞിരാമൻ നായർ |
Exam Tips:
a) ഉറപ്പുള്ള ജോടികൾ ആദ്യം ചേർത്ത് ബാക്കിയുള്ളവ ഒഴിവാക്കൽ രീതിയിൽ കണ്ടെത്തുക.
b) ഓരോ കൃതിയുടെയും കവിയുടെ പേര് ശരിയായ അക്ഷരവിന്യാസത്തിൽ എഴുതുക.
Six Marks Questions and Answers
Question 4: "കടലിന്റെ
ഭ്രാന്തുപിടിച്ച രക്തത്തിലൂടെ
ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ
ഓടിക്കൊണ്ടിരുന്നു
പിന്നിൽ
തന്നേക്കാൾ വേഗത്തിൽ
കടൽ
ദഹിച്ചു ദഹിച്ചു വരുന്നത്
അറിയാതെ"
നഷ്ടപ്പെടുന്ന ലോകത്തെക്കുറിച്ചുള്ള ആധിയാണോ പ്രതിരോധ സാധ്യതയുടെ ഊർജ്ജമാണോ ഈ വരികൾ നൽകുന്നത്? സമർത്ഥിക്കുക.
Answer:
ഈ വരികളിൽ ആസന്നമായ മരണം ഉണ്ടെന്ന് പ്രത്യക്ഷത്തിൽ നമുക്ക് തോന്നുന്നുണ്ട്. കടലിന് ഭ്രാന്തു പിടിച്ചപ്പോൾ അതിന്റെ രക്തത്തിലൂടെയായി മത്സ്യത്തിന്റെ ഓട്ടം. മത്സ്യവും മാറിയിരിക്കുന്നു. അതിന്റെ ശരീരം തണുപ്പ് വിട്ട് ചൂടുപിടിച്ചിരിക്കുന്നു. മാത്രമല്ല, അതിപ്പോൾ ചുട്ടുപഴുത്തിരിക്കുന്ന സൂചിപ്പൊട്ടുപോലെ ആയിരിക്കുന്നു. കടൽ ആകെ മാറിയതും മത്സ്യം മാറിപ്പോയതുമാണ് ഈ ഭാഗത്തെ ചിന്തനീയമാക്കുന്നത്.
ലോകത്തിന്റെ ജീവിതസാഹചര്യങ്ങൾ മാറിപ്പോയിരിക്കുന്നു. കടലിന് ഭ്രാന്തുപിടിച്ചതിൽ അതാണ് അറിയുന്നത്. മത്സ്യത്തിന്റെ അവസ്ഥയും സാഹചര്യത്തിനനുസരിച്ച് മാറിയിരിക്കുന്നു. ജീവിക്കുന്നതിനുവേണ്ടി മത്സ്യത്തിന്റെ അവസാനത്തെ പരിശ്രമം. നാശത്തിൽനിന്നും ജീവൻ നേടുന്നതിനുള്ള പ്രതിരോധ സാധ്യതയുടെ ഊർജ്ജം തന്നെയാണോ കാണിക്കുന്നത്? മത്സ്യത്തിന്റെ മാറ്റത്തിൽ ഒരു ശക്തി ഉള്ളടങ്ങിയിരിക്കുന്നു.
അത് പ്രതികൂല സാഹചര്യത്തെ മറികടക്കുന്നതിന് ആവശ്യമായ ഊർജ്ജം നൽകുന്നുണ്ട്. മത്സ്യം മാറുന്നത് അതിന്റെ നിലനിൽപ്പിനായിട്ടാണ്. സാഹസികത ജീവിതപരാജയങ്ങളെ മറികടക്കുന്നതിന് കൂടിയേ തീരൂ എന്ന തത്വമാണ് ഈ ഭാഗത്തിന്റെ ആന്തരികമായ ആശയം. ഈ സാഹസികത ആ ചെറിയ മത്സ്യത്തിന്റെ നിലനിൽപ്പിന് വളരെ സഹായം ചെയ്യുന്നതായി തുടക്കം മുതൽ കാണുന്നുണ്ട്. മാറിയ സാഹചര്യത്തിനനുസരിച്ച് തന്റെ ശരീരരൂപത്തെ ഉൾപ്പെടെ മാറ്റിത്തീർത്ത് മത്സ്യത്തിന് എപ്പോഴും ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ട് മുന്നേ ഓടാൻ സാധിക്കുന്നുണ്ട്.
ജീവിതത്തിലുടനീളം നീണ്ടുനിൽക്കുന്ന മത്സ്യത്തിന്റെ രക്ഷപ്പെടൽ ഈ പാഠഭാഗത്തിന്റെ അവസാനഭാഗത്ത് എന്നെന്നില്ലാത്ത അരക്ഷിതാവസ്ഥയായി മാറുന്നു. അതിജീവനത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതാക്കുന്ന സാഹചര്യത്തിൽ ഈ ഭൂമി മാറിപ്പോവുകയാണ്. മത്സ്യത്തെ മനുഷ്യന്റെ പ്രതിരൂപമായും കടലിനെ ഭൂമിയായും സങ്കൽപ്പിച്ചാൽ ഈ പാഠഭാഗത്ത് ഊറിക്കൂടുന്നത് ആധിയാണെന്ന് കാണാം.
ലോകം നഷ്ടപ്പെടുന്നതിന്റെ ആധിയാണിത്. ഈ ആധി അനുഭവിക്കുന്നത് ഇതിലെ മത്സ്യമല്ല; വായനക്കാരാണ്. കുഞ്ഞുമത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്ന ഒരു കൂര ലോകം ഈ കവിതയുടെ ആദ്യമേ കാണുന്നുണ്ട്. അത് ചുണ്ടയിലും വലക്കണ്ണികളിലും വായ്ക്കയറുകളിലും മത്സ്യത്തെ കുരുക്കുവാൻ പരിശ്രമിക്കുന്നു. ചന്തകളിൽ നാണം കെട്ടുപോകുന്ന സാഹചര്യം ഈ ലോകത്തുണ്ട്. കഥകളിലും കുടുങ്ങിപ്പോകുമായിരുന്നു. അതൊന്നും സംഭവിച്ചില്ല. അതിനിടയിലൂടെ ഈ മത്സ്യം (ഈ ചെറിയ ജീവി) ജീവിച്ചുപോകുന്നു. പക്ഷേ അതിജീവനത്തിന്റെ ഒരു അന്തരാളകാലം വരുന്നു. അതിൽപ്പിന്നെ എല്ലാം സംഹരിക്കപ്പെടുകയാണ്.
അതിൽ ലോകം ആവാസയോഗ്യമല്ലാതായിത്തീരുകയാണ്. കോടി വർഷങ്ങൾകൊണ്ട് തണുത്ത് ജലസാന്നിധ്യമുണ്ടായ ഈ ഭൂമി ഇനി ഒരു തീഗോളമായി മാറുവാൻ പോവുകയാണ്. അത് ദഹിച്ചുവരികയാണ്. അതറിയാത്ത മനുഷ്യൻ തന്റെ സർഗ്ഗശേഷികൊണ്ട് പ്രതിരോധസംവിധാനങ്ങൾ രൂപപ്പെടുത്തുവാൻ വെറുതെ പരിശ്രമിക്കുകയാണെന്ന ആധി ഈ സന്ദർഭത്തിൽ വായനക്കാരെ സംഭ്രമിപ്പിക്കുന്നു.
ഈ കവിതയുടെ അവസാനഭാഗത്ത് വായനക്കാരനും ഒന്നു പിന്തിരിഞ്ഞു നോക്കിപ്പോകും. തന്റെ പിന്നിൽ ഈ ലോകം ദഹിച്ചുവരികയാണോ എന്ന് നോക്കിപ്പോകും. ഒടുവിൽ മനസ്സിൽ ഈ യാഥാർത്ഥ്യത്തിന്റെ ദഹിപ്പിക്കുന്ന ചിത്രം തെളിഞ്ഞുകാണും. അതിൽ മരം വെട്ടലും പുഴകളും കടലും മലിനമാകുന്നതും ഭൂമിയുടെ പച്ചപ്പ് ഇല്ലാതാകുന്നതും ചൂട് കൂടുന്നതും ഒത്തൊരുമിച്ച് നമ്മുടെ പിറകിൽ വന്ന് നിൽക്കുന്നതിന്റെ ബീഭത്സമായ ഒരു കാഴ്ച മനസ്സിൽ കടന്നുവരും. ഈ ആധിയിലാണ് 'മത്സ്യം' എന്ന കവിത മനസ്സിൽ മുദ്രപ്പെടുത്തുന്നത്.
Exam Tips:
a) ചോദ്യം "ആധിയാണോ പ്രതിരോധ സാധ്യതയുടെ ഊർജ്ജമാണോ" എന്ന് ചോദിക്കുന്നതിനാൽ ഏതു നിലപാടാണ് എടുക്കുന്നതെന്ന് ആദ്യവരിയിൽത്തന്നെ വ്യക്തമാക്കുക.
b) കവിതയിലെ വരികൾ ഉദ്ധരിച്ച് (സൂചിപ്പൊട്ട്, ദഹിച്ചുവരുന്ന കടൽ) വാദത്തെ പിന്തുണയ്ക്കുക.
c) ആധി ഭൂമിയുടെ നാശം, പരിസ്ഥിതി മലിനീകരണം എന്നിവയുമായി ബന്ധപ്പെടുത്തി ഉപസംഹരിക്കുക.
Question 5: "പദങ്ങൾക്ക് സാമാന്യവ്യവഹാരത്തിലുള്ള അർത്ഥമല്ല കവിതയിലുള്ളത്." മത്സ്യം എന്ന പദം ഈ കവിതയിൽ സൃഷ്ടിക്കുന്ന ആശയതലങ്ങൾ എന്തൊക്കെയാണ്?
Answer:
ടി.പി. രാജീവന്റെ 'മത്സ്യം' ഭാഷയുടെ സാമാന്യരീതിയിൽ മനസ്സിലാക്കപ്പെടുകയില്ല. ആധുനിക മനുഷ്യവ്യഥകളുടെ പാരിസ്ഥിതിക ദുരന്തങ്ങളും പരസ്പരമുള്ള കുടിപ്പകകളും സാംസ്കാരികമായി നിശ്ചേതനമാക്കുന്നതും വ്യാപാരരത്നങ്ങളുടെ ഭാഗമായി അപമാനവൽക്കരിക്കുന്നതും വ്യാവസായികമായ വളർച്ചയിൽ മാനവസമൂഹത്തെ പുറത്താക്കപ്പെടുന്നതും എല്ലാം ഉൾക്കൊള്ളുന്നതാണ് ഈ കവിത. ഈ കവിതയിൽ മത്സ്യത്തിന് രണ്ടു രൂപങ്ങൾ ഉണ്ട്. ആരംഭത്തിൽ കാണുന്ന മണൽത്തരിയോളം പോന്ന ഈ മത്സ്യം ഒടുവിലെത്തുമ്പോൾ ചുട്ടുപഴുത്ത സൂചിപ്പാട്ടായി മാറുന്നു. മത്സ്യം മണൽത്തരിയോളം ചെറുതായതിന്റെ ആശയം വളരെ വലുതാണ്. നമുക്ക് വിശ്വസിക്കാനാകാത്ത ഒരു അവസ്ഥയാണ് ഈ മത്സ്യത്തിന്റെ ചെറിയ രൂപം; മണൽത്തരിയോളം പോന്ന രൂപം. ഇവിടെ ഉദ്ദേശിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയ്ക്കും കാഴ്ചകൾക്കും അകലെ ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയെയായിരിക്കാം.
ആരാലും അറിയപ്പെടാതെയും ആരാലും പ്രസിദ്ധീകരിക്കപ്പെടാതെയും സ്വയം അറിയപ്പെടാതെയും ജീവിക്കുന്ന അവസ്ഥയാണിവിടെ കാണിക്കുന്നത്. ഇങ്ങനെ ചെറുതായിരിക്കുന്നതായിരുന്നു മത്സ്യത്തിന്റെ അതിജീവനരഹസ്യം. അധികാരത്തിനും പ്രശസ്തിക്കും വേണ്ടിയല്ല ഈ മത്സ്യം ജീവിക്കുന്നത്. അതിനാൽ ഈ മത്സ്യത്തെ കുരുക്കുവാൻ ആർക്കും കഴിയുന്നില്ല.
നമ്മുടെ സാമാന്യബോധത്തിൽ മത്സ്യം ഒരു ജലജീവിയാണ്. ഈ മത്സ്യം ഒരിക്കൽ മനുഷ്യന്റെയോ മറ്റ് ജീവികളുടെയോ പിടിയിൽ അകപ്പെടാം. മാർക്കറ്റിൽ വിൽക്കപ്പെടാം. മനുഷ്യനാലോ മറ്റ് ജീവികളാലോ ഭക്ഷിക്കപ്പെടാം. ഇത്തരത്തിലുള്ള ഒരു മത്സ്യത്തെ ടി.പി. രാജീവൻ കവിതയിലേക്ക് സ്വീകരിച്ചപ്പോൾ ചില വ്യതിയാനങ്ങളിലൂടെയാണ് അത് കടന്നുപോകുന്നത്. മണൽത്തരിയോളം ചെറുതായി കടൽത്തിരയോട് പൊരുതിനിൽക്കുന്ന അവസ്ഥയാണ് ഈ മത്സ്യത്തിനുള്ളത്. സ്വന്തം ആവാസത്തിലെ ഘടകങ്ങളോട് അത് പൊരുതിയിട്ടാണ് നിലനിൽക്കുന്നത്. മത്സ്യം ചെറുതായിരിക്കുന്നതിനാൽ അതിന് പൊരുതി ജീവിക്കേണ്ടിവരുന്നു.
അതിനു നേരെ വരുന്ന തിരകൾ ശക്തങ്ങളാണ്. അത് മത്സ്യത്തെ കരയിലേക്ക് വലിച്ചെറിയുവാൻ ശ്രമിക്കുന്നു. കടലിലെ മത്സ്യത്തിന്റെ ചുടലപ്പറമ്പാണ് കര. തിരയിൽ പെട്ടാൽ കരയിൽ പിടഞ്ഞു മരിക്കുക മാത്രമാണ് സംഭവിക്കുന്നത്. ആ കരയിലെ ഉപ്പളങ്ങളിലേക്കാണ് മത്സ്യത്തെ ഉണക്കാനിടാൻ ശ്രമിക്കുന്നത്. ഒരുപക്ഷേ അത് അവയെ ഉണക്കിയെടുക്കുന്ന സ്ഥലമാകാം.
അതിനാൽ ഈ ചെറിയ രൂപത്തിൽ കഴിയുന്ന മത്സ്യത്തെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പുറമ്പോക്കിലെ സാധുക്കളായ മനുഷ്യരായി കരുതാം. അവർ സമ്പാദിക്കാൻ ഒന്നും ആവാതെ, രോഗങ്ങൾ വന്നാൽ പട്ടിണി കിടന്നാൽ ആരാലും ശുശ്രൂഷിക്കപ്പെടാതെ ജീവിച്ചുതീർക്കുന്നവരാണ്. അവരുടെ പ്രതിരൂപമായിരിക്കാം മത്സ്യം. അതിനാൽ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നു. മനുഷ്യർക്കിടയിൽ ചെറിയവനായ ഒരുവനാണ് മത്സ്യം, ജീവിതം പൊരുതി മാത്രമേ മുന്നേറൂ. ദയനീയമായി മാർജിനലൈസ് ചെയ്യപ്പെട്ട മനുഷ്യരുടെ പ്രതീകമാണ് മത്സ്യം. ഇവൻ ഒരു കണ്ണാടിയിലുമില്ല, ഒരു മ്യൂസിയത്തിലെ ചില്ലുകൂട്ടിലും കാഴ്ചവസ്തുവാകുന്നില്ല.
പുറമ്പോക്കിൽ കഴിയുന്നവന്റെ മെഴുകുപ്രതിമയോ ചായകളോ ആരും പ്രദർശിപ്പിക്കുന്നില്ല. ഇവൻ ഒരു കഥയിലും വരുന്നില്ല. ഇവന്റെ ദുഃഖങ്ങൾ ആവിഷ്കരിച്ച് മഹത്വത്തിലേക്ക് ആരും ഉയർത്തുന്നില്ല. ഒരു ചന്തയിലും വിൽപ്പനവസ്തുവായി നാണം കെടുന്നുമില്ല. ആരും വില കൊടുത്തു വാങ്ങുവാനുള്ള മൂല്യം ഇവനില്ല. തൊഴിൽ ചെയ്യിക്കുവാൻപോലും ഇവനെ ആരും വാങ്ങില്ല.
കാരണം, ഇവൻ ദുർബലനാണ്. കഴിവുകളുടെയും പ്രാപ്തികളുടെയും ഇല്ലായ്മയിലാണ് ഒരുവൻ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നത്. കവിതയുടെ അവസാനത്തിൽ മത്സ്യത്തിനു സംഭവിക്കുന്ന രൂപമാറ്റം അതിന്റെ ജീവിതത്തിന്റെ ദയനീയമായ അസ്വസ്ഥതയെയാണ് കാണിക്കുന്നത്. അത് ചുട്ടുപഴുത്തിരിക്കുന്നു. സൂചിപ്പൊട്ടുപോലെ ഓടിക്കൊണ്ടിരിക്കുകയാണ്. ജീവിതം കൂടുതൽ തീവ്രവും അഗ്നിപോലെ തിളച്ചുമറിയുന്നതുമായിത്തീർന്നിരിക്കുന്നു. മത്സ്യത്തെ മനുഷ്യനായി സങ്കൽപ്പിച്ചാൽ ഈ അവസ്ഥ ഒരുവന്റെ അസ്വസ്ഥതകളാണ്; രോഗാവസ്ഥകളാണ് കാണിക്കുന്നത്.
ചുട്ടുപഴുത്ത് ഓടിക്കൊണ്ടിരിക്കുന്ന ഈ മത്സ്യത്തിന് തന്നെ പിടികൂടാനിരിക്കുന്ന തന്റെ മരണത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നില്ല. ഈ ലോകം മുഴുവൻ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. അത് പിന്നിൽ ദഹിച്ചുവരികയാണ്. അതു ചുട്ട അഗ്നിഗോളമായി മാറുകയാണ്. ഇങ്ങനെ ചെറുതിന്റെ അതിജീവനവും ഒടുവിലെ വിനാശവുമാണ് ഈ കവിതയിലെ ആശയങ്ങളിൽ കാണുന്നത്.
Exam Tips:
a) മത്സ്യത്തിന്റെ രണ്ടു രൂപങ്ങൾ (മണൽത്തരിയോളം ചെറുത്, ചുട്ടുപഴുത്ത സൂചിപ്പൊട്ട്) വേർതിരിച്ച് എഴുതുക.
b) "സാമാന്യവ്യവഹാരത്തിലെ അർത്ഥമല്ല" എന്ന പ്രസ്താവന വിശദീകരിക്കാൻ മത്സ്യം = പുറമ്പോക്കിലെ സാധാരണ മനുഷ്യൻ എന്ന പ്രതീകാർത്ഥം എടുത്തുപറയുക.
c) പാരിസ്ഥിതിക നാശം, അതിജീവനം, അരികുവൽക്കരണം എന്നീ ആശയതലങ്ങൾ പ്രത്യേകം ഖണ്ഡികകളായി എഴുതുക.
Question 6: സ്വാതന്ത്ര്യം എന്ന ആശയം 'ഓർമ്മയുടെ ഞരമ്പ്', 'മത്സ്യം' എന്നീ രചനകളിൽ ഏതെല്ലാം വിധത്തിലാണ് തെളിഞ്ഞുനിൽക്കുന്നത്? ഇരു രചനകളും താരതമ്യം ചെയ്ത് നിങ്ങളുടെ നിഗമനങ്ങൾ അവതരിപ്പിക്കുക.
Answer:
'ഓർമ്മയുടെ ഞരമ്പും' 'മത്സ്യവും' മനുഷ്യാവസ്ഥകളുടെ സ്വാതന്ത്ര്യദാഹത്തെയാണ് ആവിഷ്കരിക്കുന്നത്. വീട്ടുതടങ്കലായതുപോലൊരു വൈവാഹിക ജീവിതം നയിച്ച വൃദ്ധയും പിടികൊടുക്കാതെ ഓടിക്കൊണ്ടിരിക്കുന്ന, മണൽത്തരിയോട് പൊരുതിനിൽക്കുന്ന മത്സ്യവും പ്രകടിപ്പിക്കുന്നത് തീവ്രമായ സ്വാതന്ത്ര്യദാഹത്തെയാണ്.
'ഓർമ്മയുടെ ഞരമ്പിൽ' സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയ വൃദ്ധയാണ് കഥാപാത്രം. 'മത്സ്യ'ത്തിൽ അതീവ സ്വതന്ത്രമായൊരു കഥാപാത്രമാണ് മത്സ്യം. പാരതന്ത്ര്യത്തിന്റെ അസ്വസ്ഥതകളിലൂടെയാണ് വൃദ്ധ പോയ്ക്കൊണ്ടിരിക്കുന്നത്. വൃദ്ധയുടെ സ്ത്രീസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും നഷ്ടപ്പെട്ടുപോയിരിക്കുന്നു.
മത്സ്യത്തിലാകട്ടെ, സ്വാതന്ത്ര്യത്തിന്റെ വിശാലതയിലൂടെയാണ് സഞ്ചാരം. വൃദ്ധയാകട്ടെ അസ്വതന്ത്രതയുടെ പരിഹാരമായി ഓർമ്മകളോടുകൂടിയ ദുർമരണം സ്വപ്നം കാണുന്നു. മത്സ്യമാകട്ടെ വളരെ സാഹസികമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു. മത്സ്യത്തിന് സംഭവിക്കുന്ന രൂപമാറ്റവും വിനാശവും മത്സ്യത്തിനെ അസ്വസ്ഥതയുണ്ടാക്കുന്നില്ല. മത്സ്യത്തിനും വൃദ്ധയ്ക്കും സഹജമായുള്ള സ്വാതന്ത്ര്യകാംക്ഷയെ രണ്ടുപേരും സമീപിക്കുന്നത് വ്യത്യസ്തമായാണ്. മത്സ്യത്തിന്റെ സ്വാതന്ത്ര്യദാഹം വളരെ ഊർജ്ജസ്വലമാണ്. ബാഹ്യബന്ധങ്ങളിൽ അകപ്പെടാത്ത ഒരു ജീവിതരീതിയാണ് മത്സ്യത്തിനുള്ളത്.
അത് ആരാലും അറിയപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെയാണ് പെരുമാറുന്നത്. വൃദ്ധയാകട്ടെ ബാഹ്യബന്ധങ്ങളിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്നു. കഥ രചിച്ച് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു. ഭർത്താവിനോടൊപ്പം കൽക്കത്തിയിലേക്ക് പോകുവാൻ അഭിലഷിക്കുന്നുണ്ട്. അതിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ വളരെയധികം അസ്വസ്ഥയാകുന്നു.
തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിൽ ദുഃഖിക്കുന്നു. സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഘടകങ്ങളെ ഒട്ടും പ്രതിരോധിക്കാതെ മനസ്സിൽ നീറുകയാണ് വൃദ്ധ ചെയ്യുന്നത്. രചനകളിലൂടെ ഒരു സ്വാന്തനം ലഭിച്ചതും നഷ്ടമാകുന്നു. തനിക്കു ചുറ്റുമുള്ള വേലികളെ (ഭർത്താവിന്റെയും ആചാരങ്ങളുടെയും) പൊളിച്ചു പുറത്തുകടക്കുവാൻ സാധിക്കുന്നില്ല. എല്ലാ ചങ്ങലക്കണ്ണികളിലും ഉൾപ്പെട്ടുപോകുന്നു. ആശ്വാസമായി കരുതുന്നത് കഥയെഴുത്താണ്. അതാകട്ടെ ഉള്ളിലെ അസ്വസ്ഥതകളെ എഴുത്തിലൂടെ ആവിഷ്കരിച്ച് ആശ്വാസം കൊള്ളുവാനുള്ള ഒരു പിടിച്ചിൽ ആണ്. സ്വാഭാവികമായും വൃദ്ധ ചായുന്നത് ആത്മഹത്യയിലേക്കാണ്.
മത്സ്യത്തിനാകട്ടെ, ജീവിക്കുകയെന്നത് കടൽത്തിരകളോടുള്ള ഒരു പൊരുതലാണ്. അതിന് ഭയമില്ല. ആപത്തുകളെക്കുറിച്ച് ഓർക്കുന്നില്ല. മാത്രമല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്റെ അജയ്യതയിലാണ് മനസ്സ് വിഹരിക്കുന്നത്. പ്രശംസകൾക്കോ അംഗീകാരങ്ങൾക്കോ അധികാരങ്ങൾക്കോ ആഗ്രഹിക്കാത്ത ഒരു ജീവിതമാണതിനുള്ളത്. ചെറുതാകുക, സ്വതന്ത്രയാകുക എന്നതാണ് മത്സ്യത്തിന്റെ ജീവിതതത്വം.
Exam Tips:
a) താരതമ്യത്തിന് സ്വാതന്ത്ര്യത്തിന്റെ അഭാവം (വൃദ്ധ), സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം (മത്സ്യം) എന്നിങ്ങനെ രണ്ടു വശങ്ങൾ വേർതിരിച്ച് എഴുതുക.
b) ഇരുരചനകളെയും ബന്ധിപ്പിക്കുന്ന പൊതുആശയവും വ്യത്യാസവും അവസാനം നിഗമനമായി ചുരുക്കി എഴുതുക.
c) ഉദാഹരണങ്ങൾ (കഥയെഴുത്ത്, കൽക്കത്ത യാത്ര, കടൽത്തിരകളോടുള്ള പൊരുതൽ) എടുത്തുപറയുക.
Question 7: ചുവടെ നൽകിയിരിക്കുന്ന വാക്യങ്ങളിലെ വിഭക്തിസൂചനകൾ കണ്ടെത്തി വിശകലനം ചെയ്യുക.
• രാമൻകുട്ടിക്ക് പേരിട്ടത് ഇവിടത്തെയാളാ
• എപ്പോഴോ കത്തിത്തീർന്ന ചന്ദനത്തിരിയുടെ ഗന്ധമുണ്ടായിരുന്നു ആ മുറിക്ക്
• അവൻ വെള്ളം കുടിച്ചു.
Answer:
ഈ വാക്യങ്ങളിൽ കാണുന്ന വിഭക്തിപ്രയോഗങ്ങൾ താഴെ പറയുന്നു. ആദ്യത്തെ വാക്യത്തിൽ വിഭക്തി പ്രയോഗിച്ചിരിക്കുന്നത് 'രാമൻകുട്ടിക്ക് പേരിട്ടത്' എന്ന ഭാഗത്താണ്. രണ്ടാമത്തെ വരിയിൽ 'ചന്ദനത്തിരിയുടെ ഗന്ധം' എന്നതാണ് വിഭക്തി വരുന്ന ഭാഗം. മൂന്നാമത്തെ വരിയിൽ 'വെള്ളം കുടിച്ചു' എന്നതാണ് വിഭക്തി വരുന്ന ഭാഗം.
നാമത്തിനും ക്രിയക്കും തമ്മിലുള്ള ബന്ധത്തെ കാണിക്കുവാൻവേണ്ടി നാമത്തോട് ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തികൾ. പ്രത്യയമെന്നത് അർത്ഥമില്ലാത്തവയാണ്. വാക്കുകൾ തമ്മിലും വാക്കുകളുടെ രൂപാന്തരങ്ങളിലുമുണ്ടാകുന്ന അർത്ഥങ്ങൾക്കുവേണ്ടിയും പൊതുവായി ഉപയോഗിക്കുന്നവയാണ് പ്രത്യയങ്ങൾ. ക്രിയയോടുള്ള ബന്ധം കുറിക്കാൻ ഉതകുന്ന വിധത്തിൽ നാമത്തിൽ സാർവ്വത്രികമായി സ്വീകരിക്കുന്ന രൂപമാണ് വിഭക്തികൾ.
മലയാളത്തിൽ 7 വിഭക്തികൾ ഉണ്ട്. നിർദ്ദേശിക, പ്രതിഗ്രാഹിക, സംയോജിക, സംബന്ധിക, പ്രയോജിക, ആധാരിക, ഉദ്ദേശിക എന്നിവയാണവ. ചോദ്യഭാഗത്ത് വന്നിരിക്കുന്നത് യഥാക്രമം ഉദ്ദേശിക, സംബന്ധിക, പ്രതിഗ്രാഹിക വിഭക്തി പ്രത്യയങ്ങളാണ്. ഇതിൽ സംബന്ധികാവിഭക്തിയിൽ നാമവും നാമവും തമ്മിലാണ് ബന്ധം വരുന്നത്. അതിനാൽ ചില വ്യാകരണപണ്ഡിതർ ഈ ബന്ധത്തെ വിഭക്തിയായി പറയുന്നില്ല. ഉദ്ദേശികാവിഭക്തിക്ക് പ്രത്യയം വരുന്നത് ക്ക്, ന് എന്നിവയാണ്.
സീതയ്ക്ക്, രാമന്, ഗോപുവിന്, കലയ്ക്ക് എന്നിങ്ങനെയുള്ള പദങ്ങൾ ഉദാഹരണങ്ങളായി പറയാം. നമ്മുടെ ചോദ്യത്തിൽ 'രാമൻകുട്ടിക്ക് പേരിട്ടത്' എന്നതിൽ വരുന്ന 'ക്ക്' ആണ് ഉദ്ദേശികാവിഭക്തി പ്രത്യയം ചേരുമ്പോഴുണ്ടാകുന്ന രൂപം. സംബന്ധികാവിഭക്തി പ്രത്യയം വരുന്നത് 'ചന്ദനത്തിരിയുടെ ഗന്ധം' എന്നതിലെ 'ഉടെ' എന്ന പ്രത്യയത്തിലാണ്. ഇവിടെ 'ചന്ദനത്തിരി' എന്ന നാമത്തിനും 'ഗന്ധം' എന്ന നാമപദത്തിനും തമ്മിലാണ് ബന്ധം വരുന്നത്.
അതിനാൽ 'കേരളപാണിനി' എന്നു വിളിക്കപ്പെടുന്ന എ.ആർ. രാജരാജവർമ്മയ്ക്കു ശേഷം വരുന്ന വ്യാകരണ പണ്ഡിതർ സംബന്ധികാവിഭക്തിയെ പരിഗണിക്കുന്നില്ല. കാരകമായി പറയുന്നത് സംബന്ധികാപ്രത്യയം വഴി കാരകബന്ധം വരുന്നില്ല എന്നതുകൊണ്ടാണ്. നാമത്തിന് ക്രിയയോടുള്ള അന്വയമാണ് കാരകം. 'ക്രിയാന്വിതിത്വം കാരകത്വം' എന്നാണ് പ്രമാണം. അന്വയം എന്ന വാക്കിന് ബന്ധം എന്ന അർത്ഥം കൊടുത്താൽ നാമത്തിന് ക്രിയയോടുള്ള ബന്ധമാണ് കാരകം. സംബന്ധികാപ്രത്യയത്തിന് കാരകത്വമില്ല. അതിനാൽ യഥാർത്ഥത്തിൽ അതിനെ വിഭക്തിയായി പരിഗണിക്കേണ്ടതില്ല എന്നാണ് 'കൈരളീ ശബ്ദാനുശാസനം' രചിച്ച സുകുമാരപിള്ള അഭിപ്രായപ്പെടുന്നത്.
മൂന്നാമത്തെ വരിയിൽ 'വെള്ളം കുടിച്ചു' എന്നാണ് വിഭക്തിസൂചന വരുന്ന ഭാഗം. ഇവിടെ യഥാർത്ഥത്തിൽ വിഭക്തിയുടെ പ്രത്യയം നഷ്ടപ്പെട്ടിരിക്കുന്നു. 'വെള്ളത്തെ കുടിച്ചു' എന്നാണ് പറയേണ്ടത്. അതിനു പകരമായി 'വെള്ളം കുടിച്ചു' എന്നേ പറയുന്നുള്ളൂ. 'ബസ് തടഞ്ഞു' എന്നു പറഞ്ഞാൽ ബസ്സിനെ തടഞ്ഞു എന്നാണ് അർത്ഥമാക്കുന്നത്. ഒരിക്കലും നമ്മെ തടഞ്ഞുനിർത്തി നിൽക്കുന്ന ഒരു ബസ്സാണെന്ന് നമുക്ക് തോന്നുകയില്ല. അപ്പോൾ 'വെള്ളം കുടിച്ചു' എന്നതിൽ 'വെള്ളത്തെ കുടിച്ചു' എന്ന യഥാർത്ഥപ്രയോഗത്തിലെ 'എ' എന്ന വിഭക്തിപ്രത്യയം ഉള്ളടങ്ങിയിരിക്കുന്നു. ഇതിനെ പ്രതിഗ്രാഹികാവിഭക്തി എന്നാണ് വിളിക്കുന്നത്. ഈ വിഭക്തിപ്രത്യയം വളരെ ഐച്ഛികമായാണ് ഉപയോഗിക്കുന്നതെന്ന് കൈരളീശബ്ദാനുശാസനക്കാരൻ പറയുന്നുണ്ട്.
വിഭക്തി എന്ന വാക്കിന്റെ അർത്ഥമായ പ്രത്യയങ്ങളെയും നാമത്തിന് മറ്റ് പദങ്ങളുമായുള്ള ബന്ധത്തെയും കുറിച്ച് പറയുന്നുണ്ട്. പക്ഷേ ഇതിൽ നാമപദത്തിന് മറ്റ് പദങ്ങളുമായുള്ള ബന്ധത്തെ വിഭക്തി എന്ന് പറയാൻ കഴിയില്ല. 'കൂത്താമ്പുള്ളിക്കസവ്' എന്നതിൽ കൂത്താമ്പുള്ളിയിലെ കസവ് എന്നാണ് ഉദ്ദേശിക്കുന്നത്. പക്ഷേ ഇവിടെ നാമത്തിന് ക്രിയയുമായി ബന്ധമില്ല. അതിനാൽ നാമത്തിന് ക്രിയയുമായി ബന്ധം കാണിക്കുന്ന പ്രത്യയങ്ങളെയാണ് വിഭക്തി എന്ന് വിളിക്കുന്നത്.
Exam Tips:
a) ഓരോ വാക്യത്തിലെയും വിഭക്തിപ്രത്യയം (ക്ക്, ഉടെ, ലോപിച്ച 'എ') അടിവരയിട്ടു കാണിച്ച് വിഭക്തിയുടെ പേര് എഴുതുക.
b) വിഭക്തിയുടെ നിർവചനവും ഏഴ് വിഭക്തികളുടെ പേരും ആദ്യം എഴുതിയശേഷം വിശകലനത്തിലേക്ക് കടക്കുക.
c) 'വെള്ളം കുടിച്ചു' പോലെ പ്രത്യയം ലോപിച്ച പ്രയോഗങ്ങളിൽ യഥാർത്ഥരൂപം (വെള്ളത്തെ) കൂടി എഴുതുക.
Question 8: 'മറ്റു കടൽകാക്കകളെപ്പോലെ താണുപറന്ന്, ഇരതേടിപ്പിടിച്ച് ഒരുങ്ങിക്കുടാൻ ആവുമായിരുന്നില്ല ജോനാഥൻ. കൂടുതൽ ഉയരത്തിൽ പറക്കുന്നവനേ കൂടുതൽ ദൂരം കാണാനാവൂ എന്നവൻ വിശ്വസിച്ചു. തന്റെ വർഗ്ഗം ഇരുളിനെ കീറിമുറിച്ച് ഉയർന്നു പറക്കുന്ന സ്വപ്നമായിരുന്നു അവന്റെ മനസ്സുനിറയെ - ജോനാഥൻ ലിവിങ്സ്റ്റൺ കടൽക്കാക്ക.'
മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റക്ക് പൊരുതി നിന്നു.
ജോനാഥനും മത്സ്യവും പുലർത്തുന്ന ജീവിതത്തോടുള്ള മനോഭാവങ്ങൾ എന്തെല്ലാമാണ്?
Answer:
ആയിരം കൊല്ലം മീൻതലകളുടെ മീതെ ഇരതേടി പരക്കം പാഞ്ഞ് മരിക്കരുത് എന്ന് തീരുമാനിച്ചവനാണ് ജോനാഥൻ കടൽക്കാക്ക. മറ്റു കടൽക്കാക്കകളെപ്പോലെ മീൻതലകൾക്കു മീതെ പറന്ന് പരസ്പരം തലകൊത്തിച്ചാകുവാൻ ജോനാഥൻ ആഗ്രഹിക്കുന്നില്ല. പറക്കുന്നതിന്റെ ലഹരിയിൽ ജോനാഥനെ കൂട്ടുകാർ ഉപേക്ഷിച്ചു. അച്ഛനമ്മമാരെ ജോനാഥൻ വെടിഞ്ഞു.
സാഹസികമായ ജീവിതത്തിലേക്ക് ജോനാഥൻ പറന്നുപോയി. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ജോനാഥനെ കൂട്ടുകാർ പരിഹസിച്ചു; വെറുത്തു. ജോനാഥൻ പിന്മാറിയില്ല. ഒരു കടൽക്കാക്കയെങ്കിലും ഇരപിടിച്ച് ജീവിക്കുന്ന ഈ സാധാരണ സാഹചര്യത്തിൽ നിന്നും വ്യത്യസ്തനാകണമെന്ന് അയാൾ തീരുമാനിച്ചു.
അയാൾ സ്വന്തം കടലും ആകാശവും വെടിഞ്ഞു. രണ്ടു ഗുരുക്കന്മാരെ സ്വീകരിച്ചു. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് അയാൾ പറന്നു. അയാൾക്ക് കുറേ ശിഷ്യരെ കിട്ടി. ഇങ്ങനെ സാഹസികമായി ജീവിച്ച കടൽക്കാക്കയായിരുന്നു ജോനാഥൻ. ടി.പി. രാജീവിന്റെ മത്സ്യം വളരെ ചെറുതാണ്. സാഹസികത വളരെ കൂടുതലുമാണ്. മറ്റ് മത്സ്യങ്ങളെപ്പോലെ വലയിൽ കുരുങ്ങി കഥകളിൽ അറിയപ്പെട്ട് മാർക്കറ്റിൽ നാണുകെട്ട് വിൽക്കപ്പെടാൻ അത് ഇഷ്ടപ്പെടുന്നില്ല. അത് തിരമാലകളോട് പൊരുതിയാണ് ജീവിക്കുന്നത്.
വിജയിക്കുകയും സ്വാതന്ത്ര്യം നേടുകയും ചെയ്യുന്നത് വേറിട്ട മാർഗ്ഗങ്ങൾ ആരായുന്നവർക്കുള്ളതാണ്. ബഹുജനം ഒരിക്കലും കടന്നുവരാത്ത മാർഗ്ഗമാണിത്. സ്വന്തം വർഗ്ഗത്തിന്റെ അതിഭയങ്കരമായ അന്ധതയിൽ ദുഃഖിക്കുകയാണ് ലിവിങ്സ്റ്റൺ. മറ്റ് കടൽക്കാക്കകൾ ഇരപിടിക്കുന്നതിൽ മുഴുകിയിരിക്കുന്നു. കടലിന്റെ നിറഭേദങ്ങളും ആകാശത്തിൽ ഉയരത്തിൽ വളരെ ദൂരം പറക്കുന്നതും ജോനാഥന് ഇഷ്ടമാണ്.
എന്നാൽ ജോനാഥന്റെ വർഗ്ഗത്തിലെ കടൽക്കാക്കകൾക്ക് അത് ഒരു വിഷയമല്ല. അവർ എപ്പോഴും ഇരപിടിക്കുന്നതിൽ മുഴുകുന്നു. ഇരപിടിക്കുന്നതിനുള്ള വ്യഗ്രതകൊണ്ട് പരസ്പരം കൊത്തി മരിക്കുകയുമാണ്. ജോനാഥൻ ഇതിനെ വെറുത്തു. പുതിയ കാഴ്ചകളും കൂടുതൽ ഉയരങ്ങളും താണ്ടി പുതുലോകങ്ങൾ കാണുവാനും തന്റെ വർഗ്ഗത്തിന് പുതിയ വെളിച്ചം നൽകി അവരെ ഇരുളിൽനിന്നും രക്ഷിക്കുവാനും ആഗ്രഹിക്കുന്നു. മത്സ്യത്തിന് സ്വന്തം വർഗ്ഗത്തിന്റെ ദൈന്യതകളെക്കുറിച്ച് ആവലാതികളോ പുരോഗമനചിന്തകളോ ഇല്ല. മത്സ്യം ഒരു പ്രയാണത്തിലാണ്.
അത് അതിജീവനത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. വേലിയേറ്റങ്ങളുടെ സന്ധ്യാസമയങ്ങളിൽ അവൻ കടലിനെ കീഴടക്കുന്ന കൊടികൾക്കും മുകളിൽ നീന്തുന്നു. തന്റെ നിയന്ത്രണത്തിൽ ഒതുങ്ങാത്ത പ്രതിഭാസങ്ങൾ വരുമ്പോൾ മത്സ്യം ഏറ്റവുമധികം വിജയിക്കുന്നു. ഭയപ്പാടുകൊണ്ട് ഒതുങ്ങിപ്പോകുന്നവനല്ല ഈ മത്സ്യം. കടലിലെ എല്ലാ ഒഴുക്കുകളും ഉൾവലിഞ്ഞുപോകുന്ന ശാന്തതയിൽ മത്സ്യം എല്ലാ രഹസ്യങ്ങളുടെയും അടിയിൽ കഴിയുന്നു.
മത്സ്യത്തിന് ഒരു വിപ്ലവകാരിയുടെ മുഖമുണ്ട്. നാടിന്റെ കലുഷതയിൽ തന്റെ സ്വരം ഉയർത്തിക്കേൾപ്പിക്കുന്നവനാണ് മത്സ്യം. പടയൊരുക്കങ്ങൾക്കു ശേഷമുള്ള ശാന്തതയിൽ അത് രഹസ്യങ്ങളുടെ ഏറ്റവും അടിത്തട്ടിൽ തന്റെ നിശ്ശബ്ദമായ ലോകത്താണ്. ഒരുപക്ഷേ വീണ്ടും വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ കരുത്താർജ്ജിക്കുന്നത് ഈ രഹസ്യങ്ങളുടെ അടിത്തട്ടിൽ നിന്നായിരിക്കും. ലിവിങ്സ്റ്റണിന്റെ വിശേഷബുദ്ധി കടൽക്കാക്കകളുടെ സാമാന്യബുദ്ധിക്ക് വിപരീതമായി നിൽക്കുന്നു. മത്സ്യത്തിന്റെ ജീവിതം തന്റെ നിലനിൽപ്പിനുവേണ്ടി അടങ്ങാത്ത ആവേശമാണ്. മത്സ്യത്തിനും സ്വത്വബോധമുണ്ട്. അതിനാൽ മത്സ്യത്തെ വലക്കണ്ണികൾക്ക് പിടികൂടാൻ കഴിഞ്ഞില്ല. കഥകളിൽ പ്രവേശിച്ചില്ല. ഒരു ചില്ലുകൂട്ടിലും കാഴ്ചവസ്തുവായില്ല. ഇവിടെ മത്സ്യങ്ങളുടെ സാമാന്യബുദ്ധിയിൽനിന്നും ഈ മത്സ്യം വേറിട്ട് നിൽക്കുന്നു. സ്വാതന്ത്ര്യകാമനകൾ മനുഷ്യരെ പ്രവർത്തനോന്മുഖരാക്കുന്നതിന്റെ പ്രതിരൂപങ്ങളാണ് ജോനാഥനും മത്സ്യവും.
Exam Tips:
a) ജോനാഥനും മത്സ്യവും തമ്മിലുള്ള സാമ്യം (കൂട്ടത്തിൽ നിന്ന് വേറിട്ട വഴി, സ്വാതന്ത്ര്യബോധം) ആദ്യം പറഞ്ഞശേഷം വ്യത്യാസം വേറെ എഴുതുക.
b) ജോനാഥൻ ലിവിങ്സ്റ്റൺ കടൽക്കാക്കയിലെയും 'മത്സ്യ'ത്തിലെയും ഓരോ സന്ദർഭം ഉദാഹരണമായി ചേർക്കുക.
Question 9: മത്സ്യത്തിന്റെ സാഹസികത വ്യക്തിപരമാണോ? സമൂഹത്തിന് ഉപകാരപ്രദമായ ഒരു മുന്നേറ്റമാണോ? ഈ കവിത വൈകാരിക തീവ്രതയുള്ളതാണോ? 'മത്സ്യം' കവിത കാവ്യാത്മകമാണോ?
Answer:
'മത്സ്യം' കവിത തികച്ചും യാഥാർത്ഥ്യങ്ങളുടെ സിദ്ധാന്തവൽക്കരിച്ച രചനയാണ്. മത്സ്യത്തിന്റെ സാമൂഹ്യമായ ചുറ്റുപാടുകളെല്ലാം മത്സ്യത്തിന്റെ ജീവൻ അപകടത്തിലാക്കുന്നവയാണ്. അതിനാൽ ഭയപ്പാടിലായ മത്സ്യത്തിന്റെ മറികടക്കലുകളുടെ ഒരു വിവരണം മാത്രമായിട്ടാണ് ഈ കവിത വായിക്കുന്നവർക്ക് തോന്നുക.
ഈ കവിത വിവരണരീതിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിപരമായ ആവേഗങ്ങൾ കുറച്ച്, വൈകാരികത കുറച്ച് ഒരു വിവരണം നൽകുന്ന രീതിയിൽ രചിക്കപ്പെട്ടതിനാൽ ഈ കവിതയ്ക്ക് കാവ്യപരമായി ഒരുതരം മൂഢത അനുഭവപ്പെടുന്നു. ചില യുക്തികളിലൂടെ കാവ്യഭാഷ പിടിച്ചെടുക്കുന്നതിന് ശ്രമിക്കുന്ന ഒരു കവിതയാണിത്.
മത്സ്യത്തിന്റെ നീന്തലും ജീവിതവും പൊരുതലും എല്ലാം ഒരു കാഴ്ചക്കാരന്റെ ദൃഷ്ടിയിലൂടെ വിവരിക്കുകയാണ് ടി.പി. രാജീവൻ ചെയ്യുന്നത്. ജീവിതത്തിന്റെ ഒരു നെരിപ്പോടിലാണ് മത്സ്യം പാഞ്ഞുകൊണ്ടിരിക്കുന്നതെന്ന അറിവുണ്ടാകുന്നത് അവസാന വരികളിലാണ്. തന്നേക്കാൾ വേഗത്തിൽ കടൽ ദഹിച്ചുവരുന്നത് അറിയാതെ മത്സ്യം ഓടിക്കൊണ്ടിരിക്കുന്നത് മത്സ്യത്തോട് വൈകാരികമായി സഹതാപം ഉണർത്തുന്നതാണ്. മത്സ്യത്തിന്റെ പരാജയം നമ്മെ ദൈന്യതയിലെത്തിക്കുന്നു. മത്സ്യത്തിന്റെ പരാജയത്തിനു മുമ്പുള്ള വിജയങ്ങളിൽ വായനക്കാരന് ലഭിക്കുന്നത് ചില സാമാന്യതകളാണ്. വലക്കണ്ണികളും പരുന്തും മുക്കുവരും പിടികൂടുവാൻ ശ്രമിക്കുന്ന മത്സ്യത്തിന്റെ വേഗത്തിലുള്ള രക്ഷപ്പെടലിന് കാവ്യപരമായ യുക്തി ലഭിക്കുന്നില്ല.
ഒരുപക്ഷേ ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾക്ക് യുക്തിയുടെ പിൻബലം ഉണ്ടാകണമെന്നില്ല. മണൽത്തരിയോളം പോന്നൊരു മത്സ്യത്തെ സങ്കൽപ്പിക്കുവാൻ കഴിയാത്ത ഒരു മൂഢത കവിതയ്ക്കുണ്ട്. അത് കവിതയിലെ കാവ്യാംശത്തിന്റെ സങ്കീർണ്ണതകളാണ്. സൂചിപ്പൊട്ടുപോലെ മത്സ്യം പായുന്നതും കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതി നിൽക്കുന്നതും വിവരണരീതിയിലാകയാൽ കാവ്യാത്മകത പിറകിൽ നിൽക്കുന്നു. കവിതയിലെ ലയം വിവരണഭാഷയിൽ നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ വൈകാരികതീവ്രത നൽകാതെ ചിന്താപരമായ ഒരു വിവരണമാണ് കവിതയെന്ന് പേരിട്ടിരിക്കുന്ന ഈ രചനയെന്ന് പറയാം.
Exam Tips:
a) ചോദ്യത്തിലെ നാല് ഭാഗങ്ങളും (വ്യക്തിപരമോ, സമൂഹത്തിന് ഉപകാരപ്രദമോ, വൈകാരിക തീവ്രത, കാവ്യാത്മകത) ഓരോന്നായി തിരിച്ച് ഉത്തരം നൽകുക.
b) ഒരു വാദത്തിന് ഒരു ഉദാഹരണവരി എന്ന രീതിയിൽ കവിതയിൽനിന്ന് തെളിവ് ചേർക്കുക.
Question 10: വിൽപ്പനയ്ക്ക് വെയ്ക്കാനും കാഴ്ചവസ്തുവാക്കുവാനും ഏതൊരു വ്യക്തിയെയും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലത്തിന്റെ ഇരയാണോ മത്സ്യം? നിരീക്ഷണങ്ങൾ എഴുതുക. ഇരയാകുന്നതിൽനിന്നും കുറിപ്പായുന്ന മത്സ്യത്തെ ഇരയാക്കുവാൻ ശ്രമിക്കുന്നവരുടെ പ്രവൃത്തികളാണോ കടൽ ദഹിച്ചുവരുന്നതിന് ഇടയാക്കുന്നത്?
Answer:
'മത്സ്യം' കവിത പ്രതിരൂപാത്മകമായ കവിതയാണ്. നിലനിൽപ്പിനായി പൊരുതുന്ന ഒരു മത്സ്യവും അതിനെ ഇരയാക്കുന്ന ഒരു കൂട്ടത്തെയുമാണ് കവിതയിൽ കാണുന്നത്. ഇത് തികച്ചും പ്രതിരൂപഭാഷയിലുള്ള ഒരു കവിതയാണ്. കടൽ ഈ ലോകമാണ്. ലോകത്തിലെ മനുഷ്യരുടെ വ്യാവസായികലോകവും കച്ചവടവും നാഗരിക പരിഷ്ക്കാരവും പ്രതിരൂപഭാഷയിലാണ് പരാമർശിക്കുന്നത്.
ഉപ്പുവയലുകൾ ഉളങ്ങളാകാം. ഉപ്പളങ്ങൾ മനുഷ്യരുടെ വ്യാവസായിക ഇടപെടലുകളെയാണ് കാണിക്കുന്നത്. മാർക്കറ്റിൽ നാണംകെട്ട് വിറ്റുപോകുന്നത് മനുഷ്യന്റെ അഭിമാനം തന്നെയാണ്. കാഴ്ചവസ്തുവായി മാറുന്ന സാഹചര്യങ്ങൾ മനുഷ്യന്റെ നാഗരിക വീക്ഷണമാണ് കാണിക്കുന്നത്. നാഗരിക വിനോദങ്ങളിൽ പെടുന്നവയാണ് കെട്ടിടങ്ങളിലും കടലുകൾക്കടിയിലും അവൻ ഉയർത്തുന്ന അക്വേറിയങ്ങൾ. മനുഷ്യന്റെ ഇടപെടലുകൾ രൂക്ഷമാകുമ്പോൾ നിസ്സഹായരായ വ്യക്തികൾക്കുണ്ടാകുന്ന സംഭ്രമങ്ങളും 'ജീവിക്കാനുള്ള ആന്തരികത്വര'യുമാണ് മത്സ്യത്തിൽ കാണുന്നത്.
മത്സ്യം പലതിൽനിന്നും രക്ഷപ്പെടുന്നത് അതിന്റെ ശ്രദ്ധിക്കപ്പെടാത്ത രൂപംകൊണ്ടാണ്. ചെറിയവനായി കഴിയുന്നവന്റെ നിലനിൽപ്പ് ഒരുതരം രക്ഷപ്പെടലുകളാണ്. സാധാരണരീതിയിൽ ജീവിക്കുവാൻ കഴിയാത്ത ഒരു വ്യക്തിയെയാണ് മത്സ്യത്തിന്റെ പ്രതിരൂപത്തിൽ കാണുന്നത്. ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്ന ആളാണിത്. പലപ്പോഴും രക്ഷപ്പെടുന്നുണ്ടെങ്കിലും ജീവിതം മുഴുവൻ ഭയപ്പാടിലാണ്.
വിശ്രാന്തിയില്ലാത്ത ഒരു ഓട്ടമാണ് മത്സ്യത്തിന്റെ ജീവിതം. കവിതയുടെ അവസാനത്തിൽ കാണുന്ന ദഹിക്കുന്ന കടൽ മത്സ്യത്തിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ്. അവരുടെ പരിശ്രമങ്ങളുടെ, ദുരയുടെ പരിണിതഫലമാണിത്. ഒഴുക്കുപോയ കടലിനും ചൂട് കൂടുന്നു. മത്സ്യത്തിന് അവസാന പരിശ്രമമെന്ന നിലയിൽ രൂപം മാറേണ്ടിവരുന്നു. ഒരു സൂചിപ്പൊട്ടുപോലെ തിളങ്ങുന്നതായി അത് മാറി. നാഗരികതയുടെ ശാപമാണ് നമ്മുടെ ആവാസവ്യവസ്ഥയുടെ നാശം. കച്ചവടവും കച്ചവടച്ചരക്കുകളുമാണ് പ്രകൃതിയും മനുഷ്യനും. ദുരമൂത്ത മനുഷ്യന്റെ കളിപ്പാട്ടങ്ങളാണ് പ്രകൃതിയിലെ ഓരോ ജീവപ്രതിഭാസവും.
ദുരയുടെ പുരോഗതി ഈ ആവാസത്തിന്റെ നാശമാണ്. ചുട്ടുപഴുത്തുപോകുന്ന ഈ ലോകവും അതിലെ ജീവന്റെ തുടിപ്പുകളും സർവ്വനാശത്തിന്റെ പിടിയിൽ അകപ്പെടുന്നത് മനസ്സിലാക്കുവാൻ കഴിയാത്ത മൂഢതയാണ് മനുഷ്യർക്കുള്ളത്. ഈ മൂഢതയാണ് 'മത്സ്യം' കവിതയുടെ അകപ്പൊരുളായി നാം അറിയേണ്ടത്.
Exam Tips:
a) മത്സ്യം = ദുർബലനായ മനുഷ്യൻ, കടൽ = ലോകം എന്ന പ്രതീകഭാഷ വ്യക്തമാക്കി ഉത്തരം തുടങ്ങുക.
b) കച്ചവടം, നാഗരികത, അക്വേറിയം, ഉപ്പളം തുടങ്ങിയ കവിതയിലെ സൂചനകൾ ആധുനിക കാലത്തിന്റെ ചൂഷണവുമായി ബന്ധിപ്പിക്കുക.
c) ചോദ്യത്തിന്റെ രണ്ടാം ഭാഗമായ 'കടൽ ദഹിക്കുന്നത്' ആരുടെ പ്രവൃത്തിയുടെ ഫലമാണെന്ന് ഒരു വാചകത്തിൽ ഉത്തരം നൽകുക.
Eight Marks Questions and Answers
Question 11: മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള എന്തൊക്കെ സൂചനകളാണ് 'മത്സ്യം' എന്ന കവിതയിലുള്ളത്?
Answer:
ടി.പി. രാജീവിന്റെ 'മത്സ്യം' ആവിഷ്കരിക്കുന്നത് ഒരു മത്സ്യത്തിന്റെ ജീവിതം മാത്രമല്ല. അതീവ സ്വതന്ത്രമായി ജീവിക്കുന്ന ഒന്നിന്റെ പ്രതിരൂപമായ ഒരു കഥാപാത്രമാണത്. അതിജീവനത്തിന്റെ സാഹസികതയും ചെറുതായിരിക്കുന്നതിന്റെ സൗകര്യങ്ങളും മത്സ്യത്തിനുണ്ട്. മത്സ്യം ഇത്തരത്തിൽ പെരുമാറുന്ന മനുഷ്യരുടെ പ്രതിരൂപമാണെന്ന് പറയാം.
'മത്സ്യം' കവിതയിൽ മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല സാധ്യതകളും സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ആവാസവ്യവസ്ഥയിലെ പല ഘടകങ്ങളും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുവാൻ യത്നിക്കുന്നതായി കാണാം. വേലിയേറ്റവും വേലിയിറക്കവും വലക്കണ്ണികളും ചുണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണുകളും ഉപ്പുവയലുകളും ധ്രുവങ്ങളും കഥകളും അക്വേറിയങ്ങളും ചന്തയും ഈ മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്നു. മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്ന ഈ ഘടകങ്ങൾ മനുഷ്യന്റെ ലോകത്തിൽനിന്നുകൊണ്ട് വിശദീകരിക്കുവാൻ ഈ കവിതയ്ക്ക് സാധിക്കുന്നു.
വേലിയേറ്റവും വേലിയിറക്കവും മനുഷ്യസമൂഹത്തിലെ സാംസ്കാരികമായ ജീർണ്ണതകളോ നവോത്ഥാനങ്ങളോ ആകാം. വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണുകളും മനുഷ്യന്റെ ലോകം ഭരിക്കുന്ന സാമ്പത്തികശക്തികളാകാം. ഉപ്പുവയലുകൾ മനുഷ്യന്റെ ആവാസത്തിലേക്ക് വരുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ കടന്നുകയറ്റങ്ങൾ ആയിരിക്കാം. ധ്രുവങ്ങൾ മനുഷ്യന്റെ മരണസ്ഥലമാകാം. കഥകളിൽ പിടികൊടുക്കപ്പെടുന്നതിന് ഈ കവിതയിൽ പുതിയൊരു ചിന്ത കൈവരുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന കഥകളിലൂടെ അനശ്വരരാക്കപ്പെടുന്നതിന്റെ പാപ്പരത്തമാണ് ഇവിടെ അറിയിക്കുന്നത്. ഒരു വ്യക്തിയെ ആൾദൈവമാക്കുന്നത് കഥകളാണ്. ഈ കഥകളാണ് മതപരമായ ചടങ്ങുകളുണ്ടാക്കി മനുഷ്യനെ മയക്കിക്കിടത്തുന്നത്.
അക്വേറിയങ്ങളും ചന്തയും മനുഷ്യന്റെ സ്വത്വത്തെ ഇല്ലാതാക്കുന്ന പണത്തിന്റെ ആധിപത്യങ്ങളാണ്. ഒരുപക്ഷേ മനുഷ്യന്റെ ആവാസത്തിൽ ഈ പാരതന്ത്ര്യഘടകങ്ങൾ വളരെ സ്വാഭാവികമായിട്ടായിരിക്കാം തടസ്സങ്ങൾ സൃഷ്ടിക്കുന്നതും തടയണകൾ തീർക്കുന്നതും. മനുഷ്യന്റെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾ പ്രതീകാത്മകമായി മത്സ്യത്തിന് സംഭവിക്കുന്നുണ്ട്. പരുന്തിന്റെ ആക്രമണവും ഉപ്പളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് നിലനിൽപ്പ് ആപത്തിലാക്കുന്നതും കാണുന്നു. പരുന്തിനെ ശത്രുക്കളായി കാണാം. ഉപ്പളങ്ങളിൽ കാണാവുന്നത് വ്യാവസായിക പുരോഗതിയിൽ സംഭവിക്കാവുന്ന മാറ്റിപ്പാർപ്പിക്കലുകൾ ആയിരിക്കാം. കൂടംകുളവും നർമ്മദയും നന്ദിഗ്രാമും എല്ലാം സ്വന്തം ആവാസത്തിൽനിന്നും മനുഷ്യനെ പുറന്തള്ളി വ്യാവസായിക ഭീമന്മാരുടെ അമിതലാഭം ഉണ്ടാക്കുന്നവയാണ്. സ്വന്തം സ്ഥലത്തുതന്നെ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ചില വലക്കണ്ണികൾ അവനെ കുരുക്കിലിടാൻ ശ്രമിക്കുന്നു.
കോർപ്പറേറ്റ് ഭീമന്മാരും മുതലാളിത്തവും സർക്കാരിന്റെ കണ്ണുകളും വ്യക്തിസ്വാതന്ത്ര്യത്തെ കുരുക്കുന്നതായിരിക്കാം ഇവിടെ സൂചനയായിത്തീരുന്നത്. ഇരയിട്ട് പ്രലോഭിപ്പിക്കുന്ന ചൂണ്ടക്കൊളുത്തുകൾ കാണുന്നു. വിഴുങ്ങുവാൻ വരുന്ന വായ്ത്തലകളും കാണുന്നുണ്ട്. മനുഷ്യന്റെ ധനപരമായ പ്രലോഭനങ്ങൾക്കു മീതെയാണ് മുതലാളിത്തത്തിന്റെ പരുന്തുകൾ പറക്കുന്നത്.
സംസ്കാരത്തിന്റെ ബാക്കിപത്രമായി സ്വീകരിക്കാവുന്ന കഥകളിൽ കുടുങ്ങിപ്പോകാവുന്ന അവസ്ഥകളുണ്ടാകുന്നുണ്ട്. പച്ചയായ ജീവിതം കഥയായി മാറുമ്പോൾ ചില വ്യതിയാനങ്ങൾ വരാം. ചിലവയെല്ലാം മറയ്ക്കപ്പെടും. ചിലതെല്ലാം കൂട്ടിച്ചേർത്തും അയാൾ കഥയിൽ അകപ്പെട്ട് തലമുറകളിലേക്ക് പകർത്തപ്പെടുമായിരുന്നു. ചന്തകളിൽ സ്വയം വിൽക്കപ്പെടുന്ന നാണംകെട്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. മറ്റുള്ളവർക്കു മുമ്പിൽ നാണംകെട്ട് വിലകെട്ട വസ്തുവായി (സാധനമായി) അയാൾ മാറുമായിരുന്നു. കടലിനും ഭ്രാന്തുപിടിച്ച് കഴിഞ്ഞിരുന്നു.
രക്ഷ തേടാൻ ഈ മത്സ്യത്തെ ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെയാക്കിത്തീർത്തിരുന്നു. അകം ശാന്തമാകാത്ത ഒരു ജന്മമാക്കി മാറ്റിയിരുന്നു. മത്സ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏറ്റവും വലിയ ഭീഷണി വരുന്നത് സ്വന്തം ആവാസത്തിൽത്തന്നെയാണ്. ജീവിക്കുന്ന ഇടം (കവിതയിൽ കടൽ - മത്സ്യത്തെ മനുഷ്യജീവിയുടെ പ്രതിരൂപമായി സങ്കൽപ്പിച്ചാൽ ഭൂമി) തന്നെ ഇല്ലാതാകുകയാണ്. ആ ഇടത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. അതാകട്ടെ മത്സ്യത്തിന്റെ സ്വാതന്ത്ര്യവും ജീവിതവും അടുത്തുതന്നെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്.
Exam Tips:
a) വേലിയേറ്റം, വലക്കണ്ണി, ചൂണ്ടക്കൊളുത്ത്, പരുന്ത്, ഉപ്പുവയൽ, ധ്രുവം, കഥ, അക്വേറിയം, ചന്ത എന്നീ കവിതയിലെ ഓരോ ബിംബത്തിനും ഒരു സാമൂഹിക അർത്ഥം നൽകി പട്ടികപോലെ ക്രമത്തിൽ എഴുതുക.
b) സ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ ഭീഷണി സ്വന്തം ആവാസവ്യവസ്ഥതന്നെ നശിക്കുന്നതാണെന്ന് അവസാനം ഉപസംഹരിക്കുക.
Question 12: "എത്തേണ്ടതാമിടത്തെത്തിയാലും ശരി
മധ്യേ മരണം വിഴുങ്ങിയാലും ശരി
മുന്നോട്ടു തന്നെ നടക്കും വഴിയിലെ
മുള്ളുകളൊക്കെ ചവിട്ടിമെതിച്ചു ഞാൻ" (വള്ളത്തോൾ)
"മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു."
ഒരു ആശയം അവതരിപ്പിക്കുന്നതിൽ പുതുകവിതയുടെ ആഖ്യാനരീതി എങ്ങനെ വ്യത്യാസപ്പെടുന്നു? രണ്ടു കാവ്യഭാഗങ്ങളും താരതമ്യം ചെയ്ത് വിശകലനം ചെയ്യുക.
Answer:
വള്ളത്തോളിന്റെ കാവ്യപരിസരം കേരളത്തിന്റെ പഴമയുടെ സംസ്കാരത്തെയും ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങളെയും പുരാണകഥാപാത്രങ്ങളെയും ഉപജീവിച്ച് വളർന്നുവന്നതാണ്. പുരാണകഥാപാത്രങ്ങളുടെ ഭാവപ്പൊലിമ ഒന്നുകൂടി പ്രസരിപ്പിക്കുന്ന കവിതകളാണ് വള്ളത്തോളിന്റെ മാസ്റ്റർ പീസുകൾ.
അച്ഛനും മകളും, ബന്ധനസ്ഥനായ അനിരുദ്ധൻ, ശിഷ്യനും മകനും, മഗ്ദലനമറിയം എന്നീ കൃതികൾ വള്ളത്തോളിന്റെ കാവ്യലോകത്ത് ഭാസുരമായ നക്ഷത്രദീപ്തിയോടെ പ്രകാശിക്കുന്നു. വള്ളത്തോളിന്റെ കാലഘട്ടത്തിൽ കവിത രചിക്കുന്നതിൽ ഏതാനും ക്ലാസിക്കൽ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു. കവിത വൃത്തങ്ങളിലൂടെ രചിക്കണം. അക്ഷരങ്ങളെയും മാത്രകളെയും അടിസ്ഥാനപ്പെടുത്തി താളബോധത്തിൽ ചിട്ടപ്പെടുത്തിയവയാണ് വൃത്തങ്ങൾ. സംഗീതത്തിൽ രാഗങ്ങൾപോലെയാണിവ. വൃത്തങ്ങളിൽ കവിത രചിക്കുന്ന സമ്പ്രദായമാണ് വള്ളത്തോളിന്റെ കാലഘട്ടത്തിലുള്ളത്.
വള്ളത്തോളിന്റെ കാലഘട്ടം ഇന്നത്തെ കേരളത്തിന്റെ കലങ്ങിമറിയുന്ന സാമൂഹ്യാന്തരീക്ഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരവും അമ്പലങ്ങളിലെ പ്രവേശനവും ജാതിപരമായ അനാചാരങ്ങൾക്കെതിരായ പ്രസ്ഥാനങ്ങളുമായിരുന്നു ആ കാലഘട്ടത്തിന്റെ സാംസ്കാരിക ഉണർവുകൾ. വള്ളത്തോളാകട്ടെ കലാപരമായ താൽപ്പര്യങ്ങൾക്ക് കൂടുതൽ വിധേയനായിരുന്നു.
കേരളകലാമണ്ഡലം മഹാകവിയുടെ കലാസ്വപ്നത്തിനായുള്ള അധാനമായിരുന്നു. പരിസ്ഥിതിപ്രശ്നങ്ങൾ അന്നത്തെ കേരളത്തെ ഗ്രസിച്ചിരുന്നില്ല. കേരളത്തിലെ പുഴകൾ മലീമസമാകുന്നത് കുറെക്കൂടി കഴിഞ്ഞാണ്. മാവൂർ സമരവും ചാലിയാർപുഴയുടെ ദുരന്തവും ഉണ്ടാകുന്നത് പിന്നീടാണ്. സൈലന്റ് വാലി സമരവും പിന്നീടാണ്. ആഗോളതാപനം അന്നത്തെ ലോകത്തെ കാർന്നു തുടങ്ങിയിട്ടില്ല. പട്ടിണിയും രോഗങ്ങളും സാർവ്വത്രികമായിരുന്നു. പട്ടിണി കിടക്കുന്നത് ഒരു അപകർഷതയായി ഇന്നത്തെ കാലഘട്ടത്തിലേതുപോലെ ആ തലമുറയ്ക്ക് തോന്നിയിട്ടില്ല.
പട്ടിണികൊണ്ടുള്ള കൂട്ട ആത്മഹത്യകൾ ഇല്ലായിരുന്നു. കോർപ്പറേറ്റ് ഭീമന്മാരും ലോകമുതലാളിത്തവും വ്യാപാരക്കരക്കുകളും സാധാരണക്കാരനെ ശ്വാസം മുട്ടിച്ചിരുന്നില്ല. ജന്മിമാരുടെ കീഴിൽ അന്ധവിശ്വാസങ്ങളിൽ വിധേയപ്പെട്ട് തന്റെ വിധിയെന്ന്, തന്റെ തലവരയെന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടം. ടി.പി. രാജീവന്റെ ഇന്നത്തെ പരിസരം തികച്ചും സംഘർഷഭരിതമാണ്.
പരിസ്ഥിതിവിനാശവും സമരങ്ങളും കോർപ്പറേറ്റ് ഭീമന്മാരും മണ്ണിന്റെ സംരക്ഷണസമരങ്ങളും ജല, വായു, മലിനീകരണത്തിനെതിരായ സമരങ്ങളും ടോൾ സമരങ്ങളും ഫെമിനിസവും കൊണ്ട് സാധാരണക്കാർക്കുവരെ ചുട്ടുപഴുത്തിരിക്കുന്ന ഒരു തലച്ചോറുമായാണ് ഈ കാലഘട്ടം പോകുന്നത്. ഈ പ്രേരണകൾ ടി.പി. രാജീവിന്റെ കവിതയിലും കാണാം. വള്ളത്തോളിന്റെ കാവ്യശകലത്തിൽനിന്നും ടി.പി. രാജീവിന്റെ 'മത്സ്യ'ത്തിന് കാണുന്ന പ്രത്യക്ഷമായ വ്യതിയാനം വൃത്തത്തിൽ രചിച്ച വള്ളത്തോളിന്റെ കവിതയുടെ താളലയം മത്സ്യത്തിനില്ല എന്നതാണ്. ഗദ്യഭാഷയിലാണ് 'മത്സ്യം' രചിച്ചിരിക്കുന്നത്.
ഗദ്യത്തിന് താളം കൊടുക്കുന്നതിനേക്കാൾ ഒരു ഉത്തരാധുനിക സാഹിത്യഭാവം നൽകുവാനാണ് പരിശ്രമിക്കുന്നത്. മാത്രമല്ല രചനയിൽ ഭാവകേന്ദ്രങ്ങളെ വ്യത്യസ്ത വരികളിൽ വിന്യസിച്ചിരിക്കുന്നു. രണ്ടാമത്തെ വരിയിൽ ആകെ ഒരു വാക്കേയുള്ളൂ - 'മത്സ്യം'. വള്ളത്തോളിലെ പ്രസ്തുത കാവ്യം ഏതൊരു വിഷയം അവതരിപ്പിച്ചാലും അതൊരു കവിതയായി മനസ്സിൽ ചൊല്ലിയെടുത്ത് ഗുളികരൂപത്തിൽ ചൊല്ലി നടക്കുവാൻ സാധിക്കുന്നവയാണ്.
അതിനു സാധ്യത നൽകുന്നത് അതിന്റെ താളമാണ്. ഒരുപക്ഷേ ചൊല്ലി രസിക്കുവാനുള്ളവയാണ് സങ്കടങ്ങൾ എന്നുവരെ തോന്നാം. ചൊല്ലുന്നതിനും കേൾവിസുഖത്തിനും പ്രാമുഖ്യം കൊടുത്തിരുന്ന പഴയകാലത്തിന്റെ കാവ്യപ്രവണതകൾ വള്ളത്തോളിന്റെ ആഖ്യാനരീതിക്കുണ്ട്. ടി.പി. രാജീവന്റെ 'മത്സ്യം' ആശയത്തെ അവതരിപ്പിക്കുന്നത് ഒരു ചൊൽക്കാഴ്ചയ്ക്കുവേണ്ടിയല്ല. അതിനാൽ താളത്തിനല്ല പ്രാമുഖ്യം. വള്ളത്തോളിന്റെ കാവ്യശകലത്തിൽ കാണുന്ന വ്യക്തി മുള്ളുകൾ ചവിട്ടി നടക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു. ഒരു തീരുമാനത്തിന്റെ അറിയിപ്പും സന്ദേശവും ഈ വരികൾക്കുണ്ട്.
കവിത വ്യക്തികളെ ഉദ്ബോധിപ്പിക്കുന്ന ഗുണപാഠങ്ങളാണെന്ന ഒരു മനോഭാവം ഇവിടെ കാണാം. മത്സ്യവും എതിരിടുകയാണ്; വിപരീത സാഹചര്യങ്ങളെ. പക്ഷേ അതിൽ സന്ദേശങ്ങൾ, ഉദ്ബോധനങ്ങൾ ഒന്നും വരുന്നില്ല. ഒരു പ്രശ്നത്തെ അവതരിപ്പിക്കുകയാണ്. മത്സ്യത്തിന്റെ സാഹസികത മാത്രമേ കാണുന്നുള്ളൂ. രണ്ടു കാലഘട്ടത്തിലെ കവികൾ സ്വീകരിച്ച വിഷയങ്ങളും വ്യത്യസ്തങ്ങളാണ്. വിഷയത്തിന്റെ ആവിഷ്കാരവും വേറിട്ടുനിൽക്കുന്നു. വള്ളത്തോളിന്റെ കാവ്യശകലത്തിൽ സ്വീകരിച്ച പ്രതിരൂപം മുള്ളുകൾ ചവിട്ടി നടക്കുമെന്നതാണ്. മാത്രമല്ല സ്വന്തം ആവാസം ഇല്ലാതാകുന്നില്ല. വഴിയിലെ പ്രശ്നം പരിഹരിക്കുമെന്ന വിശ്വാസമുണ്ട്. 'മത്സ്യം' കവിതയിൽ നാം സ്വന്തം ജീവന് നിലനിൽപ്പ് നൽകുന്ന കടലിലെ തിരയോട് ഒറ്റയ്ക്ക് പൊരുതുന്ന ഒരു മത്സ്യത്തെയാണ് കാണുന്നത്. സ്വന്തം ആവാസസ്ഥലം വാസയോഗ്യമല്ലാതായി മാറിയ അവസ്ഥയാണ് ഇവിടെ കാണിക്കുന്നത്. 'മത്സ്യം' കവിതയിൽ പ്രശ്നപരിഹാരമില്ല. 'മത്സ്യം' കവിത ആദ്യന്തം പ്രതിരൂപത്തിന്റെ ഭാഷയിൽ രചിച്ചിരിക്കുന്നു. കടലിന്റെ ഭ്രാന്തു പിടിച്ച രക്തം റിയലിസത്തേക്കാൾ ദാരുണമായ ദുരന്തമാണ് കാണിക്കുന്നത്.
Exam Tips:
a) താരതമ്യത്തിന് വൃത്തം/താളം, ഭാഷ (വൃത്തബദ്ധ കവിത - ഗദ്യകവിത), സന്ദേശം, പരിഹാരം, കാലഘട്ടത്തിന്റെ സ്വാധീനം എന്നിങ്ങനെ കുറച്ചു ശീർഷകങ്ങൾ എടുത്ത് ഓരോന്നിലും രണ്ടു കവികളെയും താരതമ്യം ചെയ്യുക.
b) വള്ളത്തോളിന്റെ വരികളിലെ ദൃഢനിശ്ചയവും രാജീവന്റെ വരികളിലെ ഒറ്റയ്ക്കുള്ള പൊരുതലും പ്രത്യേകം എടുത്തുപറയുക.
Question 13: 'മത്സ്യം' എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
ടി.പി. രാജീവൻ ഏറ്റവും ആർജ്ജവം നിറഞ്ഞതും നവീനവുമായ സാഹിത്യ അഭിരുചികളുടെ, മാറുന്ന കാഴ്ചപ്പാടുകളുടെ പ്രതിനിധിയായി മലയാളത്തിൽ മാറുന്നു. ഒരേസമയം തികച്ചും വ്യത്യസ്തവും എന്നാൽ ജനപ്രിയവുമായ സാഹിത്യമേഖലകളിൽ ഒരേ ഒരളവുകോൽ തന്നെ വിജയം കൈവരിക്കാൻ സാധിക്കുന്നത് നിസ്സാരമായ ഒരു കാര്യമല്ല.
കൃത്യമായ ഒരു ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന എന്ന പഴയ ഫോർമുലയിൽനിന്നുള്ള ഒരു എടുത്തുചാട്ടം കൂടിയാകാം അത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ മോഹിപ്പിക്കുന്ന ആകാശങ്ങൾ കീഴടക്കാനുള്ള ശ്രമം കൂടിയാകാം. എന്തായാലും മലയാള സമകാലീന സാഹിത്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു മുഖമായി മാറാൻ രാജീവിനു കഴിയുന്നു. പ്രതിച്ഛായകളുടെ തടവറയിൽ അദ്ദേഹം ഒതുങ്ങുന്നില്ല. അതുകൊണ്ടുതന്നെ ടൈപ്പ് ചെയ്യാൻ പറ്റാത്ത, സ്റ്റഫ് ചെയ്ത് വയ്ക്കാൻ കഴിയാത്ത ഒരു ബഹുമുഖത ടി.പി. രാജീവനുണ്ട്.
'മത്സ്യം' എന്ന കവിതയുടെ ആദ്യവരികളിൽത്തന്നെ ഈ തരത്തിലുള്ള (മേൽപ്പറഞ്ഞ) ഒരു ചോദനം നമുക്ക് കാണാൻ കഴിയും.
"മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു"
മത്സ്യത്തെ എത്രത്തോളം ചെറുതാക്കാം എന്നതല്ല, അത് - മണൽത്തരിയോളം, ഭൂമിയോളം - തന്നെത്തന്നെ ശൂന്യവൽക്കരിക്കുന്നതുപോലെ - ഒറ്റയ്ക്കാണ്. കൂട്ടിനാരുമില്ലാതെ പൊരുതുകയാണ്.
കടലോളം വലിയ ആ എതിരാളിക്കു മുന്നിൽ പതറാതെ, തലകുനിയ്ക്കാതെ. മേൽപ്പറഞ്ഞ ടി.പി. രാജീവന്റെ വ്യത്യസ്ത സാഹിത്യമുഖങ്ങൾ ഒരു ഒറ്റപ്പെട്ട ഒഴുക്കാണ്. കൂട്ടിനാരുമില്ലാതെയാണ് വ്യത്യസ്തതയുടെ ഈ വഴികളിൽ ആ സാഹിത്യകാരൻ സഞ്ചരിക്കുന്നത്. പുതുമ തേടി. പിന്നെയുള്ളത് നിലനിൽപ്പിനുവേണ്ടിയുള്ള പൊരുതലാണ്. വെല്ലുവിളികളിൽനിന്നാണ് പലപ്പോഴും ഊർജ്ജം ലഭിക്കുക.
ധൈര്യവും സൈര്യവും ആ ഊർജ്ജം നൽകും. എല്ലാ യുദ്ധത്തിലും നേടുവാനായി മാത്രം ഉള്ളതല്ല. എല്ലാ പൊരുതലുകളും തോൽവിയുമാകില്ല. അതിരറ്റ സാഹസികത ചിലപ്പോൾ ദുർബലമായ ഒന്നിനേയും വിജയതീരത്തേക്ക് അടുപ്പിക്കാം. അടൂർ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷൻ' എന്ന ക്ലാസ്സിക് ചിത്രം ആരംഭിക്കുന്നത് ഒരു കഥപറച്ചിലോടുകൂടിയാണ്. ഒരു മുത്തശ്ശിക്കഥ. കഥയിൽ ശക്തനായ രാക്ഷസൻ വില്ലൻ.
രാജകുമാരൻ കോമളൻ നായകൻ. രാജകുമാരിയും രാജകുമാരനും സന്തോഷത്തിന്റെ തേരിൽ യാത്ര ചെയ്യുമ്പോൾ രാക്ഷസൻ രാജകുമാരിയെ തട്ടിയെടുക്കുന്നു. അതിശക്തനായ രാക്ഷസന്റെ മുന്നിലേക്ക് ഉടവാളുമായി ചാടിയിറങ്ങുന്ന ദുർബലനായ രാജകുമാരനെ നോക്കി രാക്ഷസൻ പരിഹസിക്കുന്നു. പ്രണയത്തിന്റെ രക്ഷകനായി വാളെടുത്ത രാജകുമാരൻ പറഞ്ഞു: "നമുക്ക് പൊരുതാം. എപ്പോഴും ജയം നിന്റെ പക്ഷത്തു മാത്രമാകുമെന്ന് എന്താണുറപ്പ്?" അതിർത്തികളില്ലാത്ത സാഹസികത, വിജയം സമ്മാനിക്കും; ഒപ്പം ശുഭാപ്തിവിശ്വാസവും. മണൽത്തരിയോളം പോന്ന മത്സ്യം കടൽത്തിരയോട് പൊരുതുമ്പോൾ ഇതു രണ്ടും വേണം. ഒരു പുതിയ പാത - ജീവിതത്തിലായാലും, സാഹിത്യത്തിലായാലും - വെട്ടിയുണ്ടാക്കുവാനും ഇതാവശ്യമാണ്.
തളരാത്ത 'പോരാട്ടവീര്യം'. അവിടെ വലിപ്പച്ചെറുപ്പങ്ങൾ അപ്രസക്തമാകുന്നു. ഒരു വലിയ ജീവിതമത്സരത്തിൽ, ജയപരാജയങ്ങളുടെ കണക്കെടുപ്പിൽ - പലപ്പോഴും വലിപ്പച്ചെറുപ്പങ്ങളുടെ അളവുകോലുകൾ തെറ്റുന്നു. ശക്തൻ ദുർബലനെ കീഴ്പ്പെടുത്തും എന്ന പഴയ പ്രകൃതിനിയമം തെറ്റുന്നു. മാൻകൂട്ടങ്ങൾ സിംഹത്തെ ഓടിപ്പിച്ചുവിടുന്ന കാഴ്ചകളിൽ നമ്മുടെ സാമൂഹിക സമവാക്യങ്ങൾ തെറ്റുന്നു.
കാട്ടുപോത്തിനോട് തോൽക്കുന്ന കുടുവ, നമ്മെ ഞെട്ടിപ്പിക്കാത്ത ദൃശ്യമായി മാറുന്നു. കാട്ടുനായ്ക്കളുടെ കൂട്ടം, ഒറ്റയാനെ തുരത്തുന്ന ആവേശത്തിരമാലകളിലാണ് പുതിയ ലോകം. ആ ലോകത്തിൽ മാറുന്ന അവസ്ഥകളിൽ മണൽത്തരി മത്സ്യവും അതിജീവനത്തിന്റെ പൊരുതലിൽ ഒറ്റയ്ക്ക് തല ഉയർത്തി നമുക്ക് മുന്നിൽ നിൽക്കുന്നു. വിജയത്തിന്റെ ഈ ലോകത്ത് ചിലപ്പോൾ ചെറുതാകുന്നതാണ് നല്ലത്. വലുതാകുന്നതിന്റെ അലട്ടലുകൾ ഇല്ല; ഭാരക്കൂടുതലിന്റെ ആശങ്കകൾ ഇല്ല; കാഴ്ചയിൽ പെടില്ല.
ഒരിക്കലും അടയാളപ്പെടുത്തുവാൻ കഴിയാതെ ജീവിക്കുക; സ്വന്തമായി ഒരു നിഴലിന്റെ കനംപോലും ഇല്ലാതെ... ഭാരക്കുറവിന്റെ സുഖം, എവിടേക്കും ഉയരാം. ശരീരം വേലിയേറ്റങ്ങളുടെ കുത്തിമറിച്ചിലിൽ ആടിയുലയുമ്പോൾ എല്ലാറ്റിനും മുകളിലെത്താൻ മത്സ്യത്തിനു കഴിയുന്നു. വലിയ ശരീരത്തിന്റെ പ്രാരാബ്ധങ്ങൾ അവനൊരു തടസ്സമല്ല.
ഒഴുക്കുകൾ ഇല്ലാതെ, സർവ്വം നിശ്ചലമാകുമ്പോൾ ചെറുചലനംപോലുമില്ലാതെ, ഒന്നും അറിയാതെ, അറിയിക്കാതെ രഹസ്യങ്ങളുടെ ഇരുട്ടിൽ ഒളിക്കുകയും ചെയ്യാം. ചെറുതാകുന്നതിന്റെ സ്വാതന്ത്ര്യമാണത്. ആർക്കും പിടികൊടുക്കാതെ, ഒരുപക്ഷത്തും ചേരാതെ... വലിയ രൂപങ്ങളുടെ മറവിൽ സൈ്വരം വിഹരിക്കുന്നു. വലകൾക്കൊന്നും കീഴ്പ്പെടുത്താൻ കഴിയാത്ത ശക്തിയാണവൻ. അടിമത്വത്തിന്റെ, അസ്വാതന്ത്ര്യത്തിന്റെ, മരണത്തിന്റെ കെണികൾക്കൊന്നും അകപ്പെടുത്താൻ കഴിയാത്തത്ര ചെറുതാണവൻ. ചതികളുടെയോ പ്രലോഭനങ്ങളുടെയോ തത്വശാസ്ത്രങ്ങൾക്ക് വഴിപ്പെടാത്തവൻ. അവനെതിരെയുള്ള ഭീഷണികൾക്ക് അവന്റെ വേഗത്തിനൊപ്പം എത്താൻ കഴിയാതെ പോകുന്നു.
ആക്രമണങ്ങൾക്കു മുന്നിൽ അചഞ്ചലനാണ്. കരുത്തിന്റെ കണ്ണുകൾക്ക് അവൻ അപ്രാപ്യനാണ്. സമ്മർദ്ദങ്ങൾകൊണ്ട് മെരുക്കാൻ കഴിയില്ല. വിശ്വാസങ്ങളും പ്രവചനങ്ങളും അവന് കുണ്ഠിതങ്ങൾക്കും അപ്പുറം കടന്നുപോയി. ഇതിഹാസമാകാതെ, അലങ്കാരങ്ങൾക്കു കാക്കാതെ, അടിമയാകാതെ, അനന്തമായ കടലിന്റെ അടിയൊഴുക്കുകൾക്കൊപ്പം പാഞ്ഞുകൊണ്ടിരുന്നു.
ഭ്രാന്തുപിടിച്ച കടലിന്റെ രക്തം; തിളച്ചുമറിയുന്ന വിശാലമായ കടലിന്റെ അടിത്തട്ടിലൂടെ ചുട്ടുപഴുത്ത് പായുന്ന മത്സ്യം. പിന്നിൽ തന്റെ ലോകം ചുരുങ്ങി, ചുരുങ്ങിവരുന്നത് അറിയാതെയാണ് ആ പാച്ചിൽ. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനല്ല, സ്വയം നഷ്ടമാകാതിരിക്കാനാണ് പാച്ചിൽ. പൊരുതി, സ്വന്തം പ്രതിരോധത്തെ ശക്തിപ്പെടുത്താൻ. സ്വയം പ്രതിരോധങ്ങൾ തീർക്കുന്നവർക്ക് ഒടുവിൽ ബാക്കിയാകുന്നത് 'അരക്കില്ലങ്ങൾ' തന്നെയാണെന്ന വ്യക്തമായ സൂചനയോടെയാണ് കവിത അവസാനിക്കുന്നത്. അല്ലെങ്കിൽ ഉത്തരാധുനിക സാഹിത്യത്തിന്റെ തനതു സ്വഭാവമായ 'അധികവായന' ആരംഭിക്കുന്നത്.
ഈ അധികവായന (അതീതവായന) വായനക്കാരന്റെ അവകാശമാണ്. ഏത് പ്രതിരോധത്തേയും കീഴടക്കാൻ, പൊരുതാൻ ത്രാണിയുള്ള മത്സ്യം, അതിജീവനത്തിന്റെ പുതിയ മന്ത്രങ്ങൾ, തന്ത്രങ്ങളും സ്വായത്തമാക്കിയവൻ. എല്ലാ കൊടികളെയും, തുറമുഖങ്ങളെയും കാൽച്ചുവട്ടിലാക്കിയ നാവികൻ, എല്ലാ രഹസ്യങ്ങളുടെയും അധിപൻ, വലയും കെണിയും നിസ്സാരമാക്കിയവൻ.
വായിലകളേക്കാൾ വേഗമുള്ളവൻ. ഭീഷണിയ്ക്കും സമ്മർദ്ദത്തിനും പ്രലോഭനങ്ങൾക്കും കീഴടക്കാത്തവൻ, വിശ്വാസങ്ങളും ഉപദേശങ്ങളും ഏശാത്തവൻ. ഇതിഹാസങ്ങൾക്കും അലങ്കാരങ്ങൾക്കും അതീതനായവൻ. അടിമയായി, കാഴ്ചവസ്തുവായി സ്വയം തകരാത്തവൻ. എന്നിട്ടും പുതിയ പാതകൾ വെട്ടി, വളരെ വേഗം തന്റെ ലോകത്തിന് വഴികാട്ടിയായിട്ടും, സ്വയം പ്രതിരോധമായി മാറിയിട്ടും തനിക്കു പിന്നിൽ തന്റെ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് മത്സ്യം തിരിച്ചറിയുന്നില്ല.
ആസ്വാദനത്തിന്റെ ഒരു പുതിയതലം 'മത്സ്യം' മുന്നോട്ടുവെക്കുന്നു. അധികവായനയുടെ ഊർജ്ജം പകർന്നു തരികയും ചെയ്യുന്നുണ്ട് ഈ കവിത. ഒറ്റപ്പെട്ടു നിന്ന് പൊരുതുന്നവർക്ക് പ്രചോദനം പകരുന്ന ഒന്നാണ് മത്സ്യം. ആരുടെയും കാൽച്ചുവട്ടിൽ അമരാതെ, ഉപകരണമാകാതെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറുന്നുണ്ട് കവിതയിലെ മത്സ്യം.
ചെറുതിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് അതിനു ചുറ്റുമുള്ള വിശാലമായ ആവാസവ്യവസ്ഥയെയാണ്. സ്വാതന്ത്ര്യത്തെ വളർത്തുന്നതും തളർത്തുന്നതും സ്വന്തം ചുറ്റുപാടുകൾ തന്നെയാണ്. തനിക്കു പിന്നിൽ തന്റെ വഴികൾ തന്നെ അടഞ്ഞുപോകുന്ന അനുഭവം മത്സ്യത്തിലുണ്ട്. എന്തു തന്നെ പറഞ്ഞാലും അതിജീവനത്തിന്റെ മന്ത്രം തന്നെയാണ് മത്സ്യം.
Exam Tips:
a) ആസ്വാദനക്കുറിപ്പിൽ ആമുഖം (കവിയെക്കുറിച്ചും പുതുമയെക്കുറിച്ചും), ആശയം, ബിംബങ്ങൾ/ആഖ്യാനശൈലി, ഉപസംഹാരം എന്ന ക്രമം പാലിക്കുക.
b) 'മണൽത്തരിയോളം പോന്നൊരു മത്സ്യം' എന്ന വരികൾ ഉദ്ധരിച്ച് ആസ്വാദനത്തെ പിന്തുണയ്ക്കുക.
c) അടൂരിന്റെ 'കഥാപുരുഷൻ' പോലുള്ള താരതമ്യങ്ങൾ ഉപയോഗിക്കുമ്പോൾ ചുരുക്കത്തിൽ ബന്ധം വ്യക്തമാക്കുക.
Previous Years Questions and Answers
Two Marks Questions and Answers
Question 14: കൂട്ടത്തിൽപ്പെടാത്തതേത്? (March 2015)
വലക്കണ്ണി, ചൂണ്ടക്കൊളുത്ത്, വായ്ത്തല, മണൽത്തരി
Answer:
മണൽത്തരി
Exam Tips:
a) വലക്കണ്ണി, ചൂണ്ടക്കൊളുത്ത്, വായ്ത്തല എന്നിവ മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്ന ഘടകങ്ങളാണ്; മണൽത്തരി മത്സ്യത്തിന്റെ ചെറുരൂപത്തെ സൂചിപ്പിക്കുന്നു. ഇക്കാര്യം ഒരു വരിയിൽ ചേർത്താൽ ഉത്തരം പൂർണ്ണമാകും.
Question 15: ബ്രാക്കറ്റിൽനിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക. 'മത്സ്യം' എന്ന കവിതയിൽ ഭാവിയെക്കുറിച്ചുള്ള ദുരന്തശങ്ക പ്രത്യക്ഷപ്പെടുന്നത് ഏത് പ്രയോഗത്തിലാണ്? (ഒറ്റയ്ക്ക് പൊരുതി നിന്നു, കടൽ ദഹിച്ചു ദഹിച്ചു വരുന്നതറിയാതെ, ഒരു കഥയിലും പിടികൊടുത്തില്ല, ഒഴുക്കുകൾ ഉൾവലിയുന്നു)
Answer:
കടൽ ദഹിച്ചു ദഹിച്ചു വരുന്നതറിയാതെ
Exam Tips:
a) ഭാവിയിലെ ദുരന്തത്തെക്കുറിച്ചുള്ള സൂചന നൽകുന്ന വരിയാണിത്; മറ്റു പ്രയോഗങ്ങൾ മത്സ്യത്തിന്റെ വർത്തമാനകാലത്തെ പൊരുതലിനെയാണ് കാണിക്കുന്നത്.
Six Marks Questions and Answers
Question 16: "അവനെ
പരുന്തിൻ കണ്ണുകൾക്ക്
കോർത്തെടുക്കാനോ
ഉപ്പുവയലുകൾക്ക്
ഉണക്കിയെടുക്കാനോ
ധ്രുവങ്ങൾക്ക്
മരവിപ്പിക്കാനോ കഴിഞ്ഞില്ല"
സ്വാതന്ത്ര്യത്തെ പ്രതിരോധിക്കുന്ന ഏതൊക്കെ ഘടകങ്ങളെക്കുറിച്ചാണ് ടി.പി. രാജീവൻ 'മത്സ്യം' എന്ന കവിതയിലൂടെ സൂചിപ്പിക്കുന്നത്? ചർച്ച ചെയ്യുക. (SAY 2015)
Answer:
ടി.പി. രാജീവന്റെ 'മത്സ്യം' ആവിഷ്കരിക്കുന്നത് ഒരു മത്സ്യത്തിന്റെ ജീവിതം മാത്രമല്ല; അതീവ സ്വതന്ത്രമായി ജീവിക്കുന്ന ഒന്നിന്റെ പ്രതിരൂപമായ ഒരു കഥാപാത്രത്തെയാണ്. അതിജീവനത്തിന്റെ സാഹസികതയും ചെറുതായിരിക്കുന്നതിന്റെ സൗകര്യങ്ങളും മത്സ്യത്തിനുണ്ട്. മത്സ്യം ഇത്തരത്തിൽ പെരുമാറുന്ന മനുഷ്യരുടെ പ്രതിരൂപമാണെന്ന് പറയാം.
കവിതയിൽ മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല സാധ്യതകളും സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ആവാസവ്യവസ്ഥയിലെ പല ഘടകങ്ങളും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി കാണാം. വേലിയേറ്റവും വേലിയിറക്കവും, വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളും, പരുന്തിന്റെ കണ്ണുകളും, ഉപ്പുവയലുകളും, ധ്രുവങ്ങളും, കഥകളും, അക്വേറിയങ്ങളും, ചന്തയും ഈ മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്നു. ഇവയെ മനുഷ്യലോകത്തിന്റെ ഭാഷയിൽ ഇങ്ങനെ വിശദീകരിക്കാം.
1) വേലിയേറ്റവും വേലിയിറക്കവും: മനുഷ്യസമൂഹത്തിലെ സാംസ്കാരികമായ ജീർണ്ണതകളോ നവോത്ഥാനങ്ങളോ ആകാം.
2) വലക്കണ്ണികൾ, ചൂണ്ടക്കൊളുത്തുകൾ, പരുന്തിന്റെ കണ്ണുകൾ: മനുഷ്യന്റെ ലോകം ഭരിക്കുന്ന സാമ്പത്തികശക്തികൾ; ചൂണ്ടക്കൊളുത്തുകൾ ഇരയിട്ട് പ്രലോഭിപ്പിക്കുന്നു, മുതലാളിത്തത്തിന്റെ പരുന്തുകൾ ധനപരമായ പ്രലോഭനങ്ങൾക്കു മീതെ പറക്കുന്നു. കോർപ്പറേറ്റ് ഭീമന്മാരും മുതലാളിത്തവും സർക്കാരിന്റെ കണ്ണുകളും വ്യക്തിസ്വാതന്ത്ര്യത്തെ കുരുക്കുന്നു.
3) ഉപ്പുവയലുകൾ: മനുഷ്യന്റെ ആവാസത്തിലേക്കു വരുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ കടന്നുകയറ്റവും വ്യാവസായിക പുരോഗതിയിലെ മാറ്റിപ്പാർപ്പിക്കലുകളും; കൂടംകുളം, നർമ്മദ, നന്ദിഗ്രാം എന്നിവ ഉദാഹരണം.
4) ധ്രുവങ്ങൾ: മനുഷ്യന്റെ മരണസ്ഥലമാകാം.
5) കഥകൾ: നമ്മൾ ഇഷ്ടപ്പെടുന്ന കഥകളിലൂടെ അനശ്വരരാക്കപ്പെടുന്നതിന്റെ പാപ്പരത്തം; ഒരു വ്യക്തിയെ ആൾദൈവമാക്കുന്നതും മതപരമായ ചടങ്ങുകളുണ്ടാക്കി മനുഷ്യനെ മയക്കിക്കിടത്തുന്നതും കഥകളാണ്. പച്ചയായ ജീവിതം കഥയാകുമ്പോൾ ചിലത് മറയ്ക്കപ്പെടും, ചിലത് കൂട്ടിച്ചേർക്കപ്പെടും; അങ്ങനെ കഥയിൽ അകപ്പെട്ട് തലമുറകളിലേക്ക് പകർത്തപ്പെടുന്ന അവസ്ഥയുണ്ടാകും.
6) അക്വേറിയവും ചന്തയും: മനുഷ്യന്റെ സ്വത്വത്തെ ഇല്ലാതാക്കുന്ന പണത്തിന്റെ ആധിപത്യം. ചന്തയിൽ സ്വയം വിൽക്കപ്പെടുന്ന നാണംകെട്ട സാഹചര്യവും മറ്റുള്ളവർക്കു മുന്നിൽ വിലകെട്ട വസ്തുവായി മാറുന്നതും ഇതിൽ പെടുന്നു.
രക്ഷതേടാൻ മത്സ്യം ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെയാകേണ്ടിവരുന്നു; അകം ശാന്തമാകാത്ത ഒരു ജന്മമാകുന്നു. മത്സ്യത്തിന്റെ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഏറ്റവും വലിയ ഭീഷണി സ്വന്തം ആവാസത്തിൽനിന്നുതന്നെയാണ്. ജീവിക്കുന്ന ഇടം (കവിതയിൽ കടൽ; മത്സ്യത്തെ മനുഷ്യന്റെ പ്രതിരൂപമായി കണ്ടാൽ ഭൂമി) തന്നെ ഇല്ലാതാകുകയും അതിന്റെ നിലനിൽപ്പ് അപകടത്തിലാകുകയും ചെയ്യുന്നു. അത് മത്സ്യത്തിന്റെ സ്വാതന്ത്ര്യത്തെയും ജീവിതത്തെയും അപകടപ്പെടുത്തുന്നു.
Exam Tips:
a) ചോദ്യത്തിലെ വരികളിൽ പരുന്ത്, ഉപ്പുവയൽ, ധ്രുവം എന്നിവയാണ് ഉള്ളത്; ഇവയ്ക്ക് ആദ്യം അർത്ഥം നൽകിയശേഷം മറ്റു ഘടകങ്ങളിലേക്ക് പോവുക.
b) ഓരോ ഘടകത്തിനും നേരെ അതിന്റെ സാമൂഹിക അർത്ഥം പോയിന്റുകളായി എഴുതിയാൽ മൂല്യനിർണ്ണയത്തിൽ മാർക്ക് ഉറപ്പാക്കാം.
Eight Marks Questions and Answers
Question 17: 'ഒരേസമയം തന്നെ സ്വാതന്ത്ര്യമോഹത്തിന്റെയും അതിജീവനത്തിന്റെയും ആശങ്കയുടെയും കവിതയായി മത്സ്യം നിലകൊള്ളുന്നു' - പ്രസ്താവനയെ വിശകലനം ചെയ്ത് 'മത്സ്യം' എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് എഴുതുക. (March 2015)
Answer:
മനുഷ്യജീവിതത്തെ കടലായി അധ്യാരോപം ചെയ്ത് അതിൽ ജീവിക്കുന്ന മണൽത്തരിയോളംപോന്നൊരു മത്സ്യത്തെ പ്രതീകമാക്കി സ്വാതന്ത്ര്യമോഹവും അതിജീവനവും ആവിഷ്കരിക്കുകയാണ് 'മത്സ്യം' കവിത. കവിതയുടെ ആന്തരികലോകം ചിഹ്നങ്ങളുടെയും പ്രതീകഘടനകളുടെയും അർത്ഥാന്തരങ്ങളാണ്. കടലിലെ പ്രതിഭാസങ്ങളെല്ലാംതന്നെ മനുഷ്യമഹാസാഗരമായി അർത്ഥമണ്ഡലങ്ങളിൽ പരിവർത്തനം ചെയ്യുന്നു.
വേറിട്ട വഴിയിലൂടെ എന്നും സഞ്ചരിച്ച ടി.പി. രാജീവന്റെ കവിതയിലെ ഗുരുവായിത്തീർന്ന ചെറുമത്സ്യം യാഥാർത്ഥ്യങ്ങളുടെ നടുക്കടലിൽ അവിരാമം ഓടിക്കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മത്സ്യത്തെ പിടികൂടാൻ ഇരയെ പിടിക്കുന്ന കണ്ണുകളുമായി ശത്രുക്കൾ നിരന്നുവരുന്നു. മത്സ്യത്തിന്റെ ലഘുത്വവും ചെറുശരീരവും ഈ പ്രതിബന്ധങ്ങളെയും മറികടക്കുന്നു. ആദ്യതിര കടന്നാൽപ്പിന്നെ കടലിൽ സഞ്ചരിക്കാമെന്നത് പൊട്ടിച്ചിതറിപ്പോകുകയാണ്. മത്സ്യത്തിന്റെ ജീവിതത്തിലെ ഓരോ തിരയും മത്സ്യത്തിന്റെ നേരെ വരുന്നത് അതിന്റെ സിദ്ധിയെ തകർക്കുവാനാണ്.
കടലിലെ വേലിയേറ്റത്തിൽ മത്സ്യം എല്ലാ കൊടികൾക്കും മീതെയാണ്. പല നിറമുള്ള കൊടികൾക്കുമീതെ കടലുപോലെയിരമ്പുന്ന മനുഷ്യരുടെ ലോകത്തിൽ മത്സ്യം സമൂഹത്തിലേക്ക് വരുന്ന ഒഴുക്കിന്റെ വേലിയേറ്റങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ഇവിടെ മത്സ്യത്തിന്റെ ആന്തരികമായ ഉണർവ്വ് വ്യക്തമാണ്. വേലിയിറക്കത്തിൽ മത്സ്യം ആർക്കും കണ്ടെത്താനാവാത്ത രഹസ്യങ്ങൾക്കടിയിൽ പോകുന്നു. വേലിയിറക്കം കടലിലേക്ക് സ്വന്തം അലകൾ തിരിച്ചിറങ്ങുന്നതാണ്. സമൂഹത്തിലെ ചില പിന്നോട്ടടികളിൽ മത്സ്യം നിശ്ശബ്ദനാണ്. അടുത്ത വേലിയേറ്റം വരുംവരെ കാത്തിരിപ്പും പൊരുതലുമായി മത്സ്യം കഴിയുന്നു.
കടലിന്റെ ബഹുരൂപങ്ങൾ മത്സ്യത്തെ വിഴുങ്ങാനുള്ള ശ്രമമാണ്. അതിൽ മനുഷ്യരൂപയോനിക്കുന്ന വലക്കണ്ണികൾ വരുന്നു; ചൂണ്ടയിലെ കൊളുത്തുകൾ വരുന്നു; മറ്റു മത്സ്യങ്ങളുടെ വായ്ത്തലകൾ വരുന്നു. ഇതിലെല്ലാം മത്സ്യം രക്ഷപ്പെടുന്നു. അത് ചെറുതായിരിക്കുന്നതിനാൽ പിടിയിൽ വരുന്നില്ല. ഇവ വലക്കണ്ണികൾക്ക് മത്സ്യത്തോളം ചെറുതാകുവാനും ചൂണ്ടക്കൊളുത്തുകൾക്ക് മത്സ്യത്തെപ്പോലെ വളയാനും കഴിയുന്നില്ല. ഇരയെ പിടിക്കുന്നവരുടെ സങ്കൽപ്പങ്ങൾക്കപ്പുറത്താണീ മത്സ്യം. അതിന്റെ ലിപ്പക്കുറവാണ് രക്ഷയായി മാറുന്നത്. മനുഷ്യരുടെ കാര്യവും ഈ കടൽപോലെയാണ്. ഇരപിടിയരും ഇരകളും അന്യോന്യം പൊരുതുന്ന ഇടമാണിത്.
ലക്ഷ്യങ്ങളിൽ അറിയാതെ അകപ്പെട്ടുപോകുന്ന ഇരകൾക്ക് പിന്നെ ഈ ലോകത്തിൽ നിലനിൽപ്പില്ല. സഹജീവികളായ മനുഷ്യരുടെ വായ്ത്തലയുടെ മൂർച്ചയിൽ അപമാനിതരാകുന്ന, സാധുക്കളായ ജനത്തെ നാം കാണുന്നവരാണ്. ചൂണ്ടക്കൊളുത്തുകളിൽ പിടയുന്നതും നിസ്സാരക്കാരായ മനുഷ്യരാണ്. ഇതിൽനിന്നെല്ലാം മുക്തമായ രൂപമാണ് മത്സ്യത്തിന്റേത്.
അതിന്റെ കുഞ്ഞുരൂപത്തിന് ലോകത്തിന്റെ ശ്രദ്ധയിൽപെടാതെ സഞ്ചരിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് മത്സ്യത്തിന്റെ സ്വാതന്ത്ര്യദാഹവും അതിജീവനവുമാണ്. പരുന്തിൻകണ്ണും ഉപ്പുവയലും ധ്രുവങ്ങളും അതിനെ വിഴുങ്ങിയില്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ അത് സ്വതന്ത്രമായി കഴിയുന്നു. അവതാരങ്ങൾ ഉണ്ടാക്കിയ ആചാരാനുഷ്ഠാനങ്ങൾക്കും മത്സ്യം വിധേയമാകുന്നില്ല. മത്സ്യത്തിന്റെ അപരിമേയമായ സ്വാതന്ത്ര്യദാഹത്താൽ അത് കഥകൾക്കും വിധേയമാകുന്നില്ല. അക്ഷരങ്ങളിലൂടെ രൂപഭേദം വന്ന് ഒരു കഥാപാത്രമായി കുടുങ്ങിക്കിടക്കാൻ മത്സ്യം ആഗ്രഹിക്കുന്നില്ല. ചന്തസ്ഥലത്തെ പലകയിൽ അതിനെ വിൽപ്പനയ്ക്കു കണ്ടില്ല. അതിജീവനത്തിന്റെ തീവ്രരൂപം കാണുന്നത് കടലിന്റെ രക്തത്തിന് ഭ്രാന്തു പിടിച്ചപ്പോഴാണ്.
മത്സ്യത്തിന്റെ രൂപം കടലിലെ സാഹചര്യം മാറിയപ്പോൾ മാറിയിരിക്കുന്നു. അത് ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെയായിരിക്കുന്നു. മത്സ്യത്തിന്റെ അതിജീവനത്തിനായുള്ള അതിവേഗതയിൽ അത് പ്രാണസഞ്ചാരമെടുത്ത് അവസാന രക്ഷക്കായി പൊരുതുകയാണ്. പക്ഷേ മത്സ്യത്തിന് ഇത് തന്റെ അവസാനമാണെന്ന് അറിയുന്നില്ല. അതിന്റെ രക്തത്തിൽ ജീവിതവ്യഗ്രത, അതിജീവനത്വര വളർന്നിരിക്കുന്നു. അതിനായി മത്സ്യം പൊരുതുകയാണ്.
Exam Tips:
a) പ്രസ്താവനയിലെ മൂന്ന് ആശയങ്ങളും (സ്വാതന്ത്ര്യമോഹം, അതിജീവനം, ആശങ്ക) ഓരോ ഖണ്ഡികയിൽ തെളിവുസഹിതം കൊണ്ടുവരിക.
b) ആസ്വാദനക്കുറിപ്പിൽ ആമുഖം, ആശയം, പ്രതീകങ്ങൾ, ആഖ്യാനം, ഉപസംഹാരം എന്ന ക്രമം പാലിക്കുക.
Question 18: 'മത്സ്യം' പ്രതിനിധീകരിക്കുന്ന പ്രതിരോധത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും അജയ്യമായ ഭാവങ്ങളെ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുക. (March 2016)
Answer:
ടി.പി. രാജീവൻ ഏറ്റവും ആർജ്ജവം നിറഞ്ഞതും നവീനവുമായ സാഹിത്യ അഭിരുചികളുടെ, മാറുന്ന കാഴ്ചപ്പാടുകളുടെ പ്രതിനിധിയായി മലയാളത്തിൽ മാറുന്നു. ഒരേസമയം തികച്ചും വ്യത്യസ്തവും എന്നാൽ ജനപ്രിയവുമായ സാഹിത്യമേഖലകളിൽ ഒരേ അളവുകോൽകൊണ്ട് വിജയം കൈവരിക്കുക എളുപ്പമല്ല. കൃത്യമായ ഒരു ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന പഴയ ഫോർമുലയിൽനിന്നുള്ള എടുത്തുചാട്ടവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ മോഹിപ്പിക്കുന്ന ആകാശങ്ങൾ കീഴടക്കാനുള്ള ശ്രമവുമാകാം അത്. പ്രതിച്ഛായകളുടെ തടവറയിൽ അദ്ദേഹം ഒതുങ്ങുന്നില്ല. ടൈപ്പ് ചെയ്യാൻ പറ്റാത്ത, സ്റ്റഫ് ചെയ്തുവയ്ക്കാൻ കഴിയാത്ത ഒരു ബഹുമുഖതയാണ് ടി.പി. രാജീവന്റേത്.
'മത്സ്യം' എന്ന കവിതയുടെ ആദ്യവരികളിൽത്തന്നെ ഈ ചോദനം കാണാം:
"മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു"
മത്സ്യത്തെ എത്രത്തോളം ചെറുതാക്കാം എന്നതല്ല; മണൽത്തരിയോളം, ഭൂമിയോളം തന്നെത്തന്നെ ശൂന്യവൽക്കരിക്കുന്നതുപോലെ അത് ഒറ്റയ്ക്കാണ്. കടലോളം വലിയ എതിരാളിക്കു മുന്നിൽ പതറാതെ, തലകുനിക്കാതെ കൂട്ടിനാരുമില്ലാതെ പൊരുതുന്നു. ടി.പി. രാജീവന്റെ വ്യത്യസ്ത സാഹിത്യമുഖങ്ങളും കൂട്ടിനാരുമില്ലാതെ ഒറ്റപ്പെട്ട ഒഴുക്കാണ്; പുതുമ തേടിയുള്ള വഴിയിൽ പിന്നെയുള്ളത് നിലനിൽപ്പിനുവേണ്ടിയുള്ള പൊരുതലാണ്. വെല്ലുവിളികളിൽനിന്നാണ് പലപ്പോഴും ഊർജ്ജം ലഭിക്കുക; ധൈര്യവും സൈര്യവും ആ ഊർജ്ജം നൽകും.
എല്ലാ യുദ്ധവും ജയിക്കാനായി മാത്രമുള്ളതല്ല; എല്ലാ പൊരുതലുകളും തോൽവിയാകില്ല. അതിരറ്റ സാഹസികത ചിലപ്പോൾ ദുർബലമായ ഒന്നിനെയും വിജയതീരത്തേക്ക് അടുപ്പിക്കാം. അടൂർ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷൻ' എന്ന ക്ലാസ്സിക് ചിത്രം ഒരു മുത്തശ്ശിക്കഥയോടെ തുടങ്ങുന്നു: ശക്തനായ രാക്ഷസൻ വില്ലൻ, രാജകുമാരൻ കോമളൻ നായകൻ. രാജകുമാരിയെ രാക്ഷസൻ തട്ടിയെടുക്കുമ്പോൾ ഉടവാളുമായി ചാടിയിറങ്ങുന്ന ദുർബലനായ രാജകുമാരനെ നോക്കി രാക്ഷസൻ പരിഹസിക്കുന്നു. രാജകുമാരൻ പറയുന്നു: "നമുക്ക് പൊരുതാം. എപ്പോഴും ജയം നിന്റെ പക്ഷത്തു മാത്രമാകുമെന്ന് എന്താണുറപ്പ്?" അതിർത്തികളില്ലാത്ത സാഹസികത വിജയവും ശുഭാപ്തിവിശ്വാസവും സമ്മാനിക്കും. മണൽത്തരിയോളം പോന്ന മത്സ്യം കടൽത്തിരയോട് പൊരുതുമ്പോൾ ഇതു രണ്ടും വേണം; ജീവിതത്തിലായാലും സാഹിത്യത്തിലായാലും പുതിയ പാത വെട്ടിയുണ്ടാക്കാനും ഇതാവശ്യമാണ്.
തളരാത്ത പോരാട്ടവീര്യത്തിൽ വലിപ്പച്ചെറുപ്പങ്ങൾ അപ്രസക്തമാകുന്നു. ജീവിതമത്സരത്തിലെ ജയപരാജയക്കണക്കെടുപ്പിൽ പലപ്പോഴും വലിപ്പച്ചെറുപ്പങ്ങളുടെ അളവുകോലുകൾ തെറ്റുന്നു. ശക്തൻ ദുർബലനെ കീഴ്പ്പെടുത്തുമെന്ന പഴയ പ്രകൃതിനിയമം തെറ്റുന്നു. മാൻകൂട്ടങ്ങൾ സിംഹത്തെ ഓടിപ്പിച്ചുവിടുന്ന കാഴ്ചകളിൽ നമ്മുടെ സാമൂഹിക സമവാക്യങ്ങൾ തെറ്റുന്നു; കാട്ടുപോത്തിനോട് തോൽക്കുന്ന കടുവ നമ്മെ ഞെട്ടിപ്പിക്കാത്ത ദൃശ്യമാകുന്നു; കാട്ടുനായ്ക്കളുടെ കൂട്ടം ഒറ്റയാനെ തുരത്തുന്നു. ഇങ്ങനെ മാറുന്ന ലോകത്ത് മണൽത്തരിമത്സ്യം അതിജീവനത്തിന്റെ പൊരുതലിൽ ഒറ്റയ്ക്ക് തലയുയർത്തി നമുക്കു മുന്നിൽ നിൽക്കുന്നു. വിജയത്തിന്റെ ഈ ലോകത്ത് ചിലപ്പോൾ ചെറുതാകുന്നതാണ് നല്ലത്: വലുതാകുന്നതിന്റെ അലട്ടലുകളില്ല, ഭാരക്കൂടുതലിന്റെ ആശങ്കകളില്ല, കാഴ്ചയിൽപ്പെടില്ല. ഒരിക്കലും അടയാളപ്പെടുത്താൻ കഴിയാതെ, നിഴലിന്റെ കനംപോലുമില്ലാതെ ജീവിക്കുക; ഭാരക്കുറവിന്റെ സുഖം, എവിടേക്കും ഉയരാം. വേലിയേറ്റങ്ങളുടെ കുത്തിമറിച്ചിലിൽ ആടിയുലയുമ്പോൾ എല്ലാറ്റിനും മുകളിലെത്താൻ മത്സ്യത്തിനു കഴിയുന്നു. വലിയ ശരീരത്തിന്റെ പ്രാരാബ്ധങ്ങൾ അവനൊരു തടസ്സമല്ല.
ഒഴുക്കുകളില്ലാതെ, സർവ്വം നിശ്ചലമാകുമ്പോൾ ചെറുചലനംപോലുമില്ലാതെ, ഒന്നും അറിയാതെ, അറിയിക്കാതെ രഹസ്യങ്ങളുടെ ഇരുട്ടിൽ ഒളിക്കുകയും ചെയ്യാം. ഇത് ചെറുതാകുന്നതിന്റെ സ്വാതന്ത്ര്യമാണ്. ആർക്കും പിടികൊടുക്കാതെ, ഒരു പക്ഷത്തും ചേരാതെ വലിയ രൂപങ്ങളുടെ മറവിൽ സൈ്വരം വിഹരിക്കുന്ന മത്സ്യത്തെ വലകൾക്കൊന്നും കീഴ്പ്പെടുത്താൻ കഴിയില്ല. അടിമത്വത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും മരണത്തിന്റെയും കെണികൾക്കൊന്നും അകപ്പെടുത്താൻ കഴിയാത്തത്ര ചെറുതാണവൻ. ചതികളുടെയോ പ്രലോഭനങ്ങളുടെയോ തത്വശാസ്ത്രങ്ങൾക്ക് വഴിപ്പെടാത്തവൻ; അവനെതിരെയുള്ള ഭീഷണികൾക്ക് അവന്റെ വേഗത്തിനൊപ്പം എത്താൻ കഴിയാതെ പോകുന്നു. ആക്രമണങ്ങൾക്കു മുന്നിൽ അചഞ്ചലനാണ്; കരുത്തിന്റെ കണ്ണുകൾക്ക് അപ്രാപ്യനാണ്; സമ്മർദ്ദങ്ങൾകൊണ്ട് മെരുക്കാൻ കഴിയില്ല; വിശ്വാസങ്ങളും പ്രവചനങ്ങളും അവന്റെ കണക്കുകൂട്ടലുകൾക്കപ്പുറം കടന്നുപോയി. ഇതിഹാസമാകാതെ, അലങ്കാരങ്ങൾക്കു കാക്കാതെ, അടിമയാകാതെ അനന്തമായ കടലിന്റെ അടിയൊഴുക്കുകൾക്കൊപ്പം പാഞ്ഞുകൊണ്ടിരുന്നു.
ഭ്രാന്തുപിടിച്ച കടലിന്റെ രക്തം; തിളച്ചുമറിയുന്ന വിശാലമായ കടലിന്റെ അടിത്തട്ടിലൂടെ ചുട്ടുപഴുത്ത് പായുന്ന മത്സ്യം. പിന്നിൽ തന്റെ ലോകം ചുരുങ്ങിച്ചുരുങ്ങി വരുന്നത് അറിയാതെയാണ് ആ പാച്ചിൽ. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനല്ല, സ്വയം നഷ്ടമാകാതിരിക്കാനാണ് പാച്ചിൽ; പൊരുതി, സ്വന്തം പ്രതിരോധത്തെ ശക്തിപ്പെടുത്താൻ. സ്വയം പ്രതിരോധങ്ങൾ തീർക്കുന്നവർക്ക് ഒടുവിൽ ബാക്കിയാകുന്നത് 'അരക്കില്ലങ്ങൾ' തന്നെയാണെന്ന വ്യക്തമായ സൂചനയോടെയാണ് കവിത അവസാനിക്കുന്നത്. അല്ലെങ്കിൽ ഉത്തരാധുനിക സാഹിത്യത്തിന്റെ തനതുസ്വഭാവമായ 'അധികവായന' ആരംഭിക്കുന്നത് അവിടെയാണ്. ഈ അധികവായന (അതീതവായന) വായനക്കാരന്റെ അവകാശമാണ്.
ഏത് പ്രതിരോധത്തെയും കീഴടക്കാൻ, പൊരുതാൻ ത്രാണിയുള്ള മത്സ്യം അതിജീവനത്തിന്റെ പുതിയ മന്ത്രങ്ങളും തന്ത്രങ്ങളും സ്വായത്തമാക്കിയവനാണ്. എല്ലാ കൊടികളെയും തുറമുഖങ്ങളെയും കാൽച്ചുവട്ടിലാക്കിയ നാവികൻ, എല്ലാ രഹസ്യങ്ങളുടെയും അധിപൻ, വലയും കെണിയും നിസ്സാരമാക്കിയവൻ, വായ്ത്തലകളേക്കാൾ വേഗമുള്ളവൻ. ഭീഷണിക്കും സമ്മർദ്ദത്തിനും പ്രലോഭനങ്ങൾക്കും കീഴടങ്ങാത്തവൻ; വിശ്വാസങ്ങളും ഉപദേശങ്ങളും ഏശാത്തവൻ; ഇതിഹാസങ്ങൾക്കും അലങ്കാരങ്ങൾക്കും അതീതനായവൻ; അടിമയായി, കാഴ്ചവസ്തുവായി സ്വയം തകരാത്തവൻ. എന്നിട്ടും പുതിയ പാതകൾ വെട്ടി, വളരെ വേഗം തന്റെ ലോകത്തിന് വഴികാട്ടിയായിട്ടും, സ്വയം പ്രതിരോധമായി മാറിയിട്ടും തനിക്കു പിന്നിൽ തന്റെ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് മത്സ്യം തിരിച്ചറിയുന്നില്ല.
ആസ്വാദനത്തിന്റെ ഒരു പുതിയ തലം 'മത്സ്യം' മുന്നോട്ടുവെക്കുന്നു. അധികവായനയുടെ ഊർജ്ജം പകർന്നു തരികയും ചെയ്യുന്നു ഈ കവിത. ഒറ്റപ്പെട്ടു നിന്ന് പൊരുതുന്നവർക്ക് പ്രചോദനം പകരുന്ന ഒന്നാണ് മത്സ്യം. ആരുടെയും കാൽച്ചുവട്ടിൽ അമരാതെ, ഉപകരണമാകാതെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറുന്നുണ്ട് കവിതയിലെ മത്സ്യം. ചെറുതിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് അതിനു ചുറ്റുമുള്ള വിശാലമായ ആവാസവ്യവസ്ഥയാണ്. സ്വാതന്ത്ര്യത്തെ വളർത്തുന്നതും തളർത്തുന്നതും സ്വന്തം ചുറ്റുപാടുകൾ തന്നെയാണ്. തനിക്കു പിന്നിൽ തന്റെ വഴികൾ തന്നെ അടഞ്ഞുപോകുന്ന അനുഭവം മത്സ്യത്തിലുണ്ട്. എന്തു തന്നെ പറഞ്ഞാലും അതിജീവനത്തിന്റെ മന്ത്രം തന്നെയാണ് മത്സ്യം.
Exam Tips:
a) ചെറുത്തുനിൽപ്പിന്റെ ഓരോ ഭാവവും (ഒറ്റയ്ക്കുള്ള പൊരുതൽ, ചെറുതായിരിക്കുന്നതിന്റെ സ്വാതന്ത്ര്യം, ഭീഷണികൾക്ക് വഴങ്ങാത്ത വേഗത) വേറിട്ട ഖണ്ഡികകളായി എഴുതുക.
b) 'അരക്കില്ലം', 'അധികവായന' എന്നീ പ്രയോഗങ്ങൾ വിശദീകരിച്ച് അവസാനഭാഗത്തെ ഉപസംഹാരവുമായി ബന്ധിപ്പിക്കുക.
Question 19: 'ഒരേസമയം തന്നെ സ്വാതന്ത്ര്യമോഹത്തിന്റെയും അതിജീവനത്തിന്റെയും ആശങ്കയുടെയും കവിതയായി മത്സ്യം നിലകൊള്ളുന്നു' - പ്രസ്താവനയെ വിശകലനം ചെയ്ത് മത്സ്യം എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് എഴുതുക. (March 2017)
Answer:
ടി.പി. രാജീവന്റെ 'മത്സ്യം' ആവിഷ്കരിക്കുന്നത് മത്സ്യത്തിന്റെ ജീവിതം മാത്രമല്ല; അതീവ സ്വതന്ത്രമായി ജീവിക്കുന്ന ഒന്നിന്റെ പ്രതിരൂപമായ ഒരു കഥാപാത്രത്തെയാണ്. അതിജീവനത്തിന്റെ സാഹസികതയും ചെറുതായിരിക്കുന്നതിന്റെ സൗകര്യങ്ങളും മത്സ്യത്തിനുണ്ട്. മത്സ്യം ഇത്തരത്തിൽ പെരുമാറുന്ന മനുഷ്യരുടെ പ്രതിരൂപമാണ്.
കവിതയിൽ മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല സാധ്യതകളും സൂചിപ്പിക്കുന്നു. സ്വന്തം ആവാസവ്യവസ്ഥയിലെ പല ഘടകങ്ങളും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി കാണാം. വേലിയേറ്റവും വേലിയിറക്കവും മനുഷ്യസമൂഹത്തിലെ സാംസ്കാരിക ജീർണ്ണതകളോ നവോത്ഥാനങ്ങളോ ആകാം. വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണുകളും മനുഷ്യലോകം ഭരിക്കുന്ന സാമ്പത്തികശക്തികളാകാം. ഉപ്പുവയലുകൾ മനുഷ്യന്റെ ആവാസത്തിലേക്കു വരുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ കടന്നുകയറ്റങ്ങളായിരിക്കാം. ധ്രുവങ്ങൾ മനുഷ്യന്റെ മരണസ്ഥലമാകാം. കഥകൾ ഒരു വ്യക്തിയെ ആൾദൈവമാക്കുകയും മതപരമായ ചടങ്ങുകളുണ്ടാക്കി മനുഷ്യനെ മയക്കിക്കിടത്തുകയും ചെയ്യുന്നു. അക്വേറിയങ്ങളും ചന്തയും മനുഷ്യന്റെ സ്വത്വത്തെ ഇല്ലാതാക്കുന്ന പണത്തിന്റെ ആധിപത്യമാണ്. കൂടംകുളം, നർമ്മദ, നന്ദിഗ്രാം എന്നിവ സ്വന്തം ആവാസത്തിൽനിന്ന് മനുഷ്യനെ പുറന്തള്ളി വ്യവസായ ഭീമന്മാർക്ക് അമിതലാഭം ഉണ്ടാക്കിക്കൊടുക്കുന്നവയാണ്.
കോർപ്പറേറ്റ് ഭീമന്മാരും മുതലാളിത്തവും സർക്കാരിന്റെ കണ്ണുകളും വ്യക്തിസ്വാതന്ത്ര്യത്തെ കുരുക്കുന്നതായി ഇവിടെ സൂചന കിട്ടുന്നു. ഇരയിട്ട് പ്രലോഭിപ്പിക്കുന്ന ചൂണ്ടക്കൊളുത്തുകളും വിഴുങ്ങാൻ വരുന്ന വായ്ത്തലകളും കാണാം. കഥകളിൽ കുടുങ്ങി തലമുറകളിലേക്ക് പകർത്തപ്പെടുമായിരുന്നു; ചന്തയിൽ സ്വയം വിൽക്കപ്പെടുന്ന നാണംകെട്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. രക്ഷതേടാൻ മത്സ്യം ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെയായി; അകം ശാന്തമാകാത്ത ജന്മമായി. മത്സ്യത്തിന്റെ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഏറ്റവും വലിയ ഭീഷണി സ്വന്തം ആവാസത്തിൽനിന്നുതന്നെയാണ്. ജീവിക്കുന്ന ഇടം (കടൽ/ഭൂമി) ഇല്ലാതാകുന്നതോടെ മത്സ്യത്തിന്റെ സ്വാതന്ത്ര്യവും ജീവിതവും അപകടത്തിലാകുന്നു.
ഏതൊരു ജീവിയും തന്റെ പരിസരവും ജീവിതവും സമരസപ്പെടുത്തി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നു. ജീവിതാസക്തിയാണ് പ്രശ്നങ്ങളെ പരിഹരിച്ച് സന്തോഷവും സന്തൃപ്തിയും നേടാൻ ജീവിയെ പ്രേരിപ്പിക്കുന്നത്. ഇത് പ്ലഷർ പ്രിൻസിപ്പിളിന് വിധേയമാണ്. ടി.പി. രാജീവന്റെ 'മത്സ്യം' വ്യതിരിക്തമായ വഴി തെരഞ്ഞെടുത്തു. മത്സ്യത്തിന്റെ അതിജീവനം അതിന്റെ നിലനിൽപ്പിനുവേണ്ടിയായിരുന്നു. എന്നാൽ അതിനെ ദഹിപ്പിക്കുന്ന ദാരുണമായ പതനമാണ് കാവ്യാവസാനത്തിൽ കാണുന്നത്. ഈ കവിതയ്ക്ക് ബിംബങ്ങളുടെ ഭാഷയില്ല; മത്സ്യമെന്ന പ്രതീകത്തെ ആവിഷ്കരിക്കുന്ന ശക്തമായ കവിതയാണിത്. മത്സ്യം അതിജീവനത്തിന്റെ ശക്തമായ പ്രതീകമാണ്.
Exam Tips:
a) ഇതേ ചോദ്യം മറ്റു വർഷങ്ങളിലും വന്നിട്ടുള്ളതിനാൽ ഒരു ആസ്വാദനക്കുറിപ്പിന്റെ ഘടന (ആമുഖം, ആശയം, പ്രതീകങ്ങൾ, ഉപസംഹാരം) പരിശീലിച്ചു വയ്ക്കുക.
b) പ്രസ്താവനയിലെ 'സ്വാതന്ത്ര്യമോഹം, അതിജീവനം, ആശങ്ക' എന്ന മൂന്ന് വാക്കുകളും ഉത്തരത്തിൽ ആവർത്തിച്ച് പരാമർശിക്കുക.
Question 20: അതിജീവനത്തിന്റെ പുതിയ കാലചിത്രമാണ് 'മത്സ്യം' എന്ന കവിതയിൽ ടി.പി. രാജീവൻ ആവിഷ്കരിക്കുന്നത്. ഈ ആശയത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കവിത അപഗ്രഥിച്ച് ഉപന്യാസം തയ്യാറാക്കുക.
Answer:
ഏതൊരു ജീവിയും തന്റെ പരിസരവും ജീവിതവും സമരസപ്പെടുത്തി മുന്നോട്ടു പോകുവാൻ ആഗ്രഹിക്കുന്നു. ജീവിതാസക്തിയാണ് പ്രശ്നങ്ങളെ പരിഹരിച്ച് സന്തോഷവും സന്തൃപ്തിയും നേടുവാൻ ജീവിയെ പ്രേരിപ്പിക്കുന്നത്. എല്ലാ ജീവിയും ഓരോ പ്രശ്നങ്ങളെ പരിഹരിച്ച് സന്തൃപ്തി നേടുന്ന പ്ലഷർ പ്രിൻസിപ്പിളിന് വിധേയമാണ്. ജീവിതം കൈനീട്ടിത്തരുന്നവയെയെല്ലാം സ്വീകരിക്കുവാനും അവ സ്വീകരിക്കുവാനും അത് ജാഗരൂകമാണ്. ടി.പി. രാജീവിന്റെ 'മത്സ്യം' വ്യതിരിക്തമായ വഴി തെരഞ്ഞെടുത്തു. മത്സ്യത്തിന്റെ അതിജീവനം അതിന്റെ നിലനിൽപ്പിനുവേണ്ടിയായിരുന്നു. അതിന്റെ ജീവിതസാഹചര്യങ്ങൾതന്നെ അതിനെ ദഹിപ്പിക്കുന്ന ദാരുണമായ പതനമാണ് നാം കാവ്യാവസാനത്തിൽ കാണുന്നത്.
ഇന്നത്തെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുന്നതിനു മുമ്പ് മത്സ്യത്തിന്റെ അതിജീവനസാഹചര്യങ്ങളോടായിരുന്നില്ല, തന്നെ ഇരയാക്കുന്നവരോടാണ് അത് പൊരുതിയത്. ടി.പി. രാജീവന്റെ മത്സ്യം അതിജീവനത്തിന്റെ രണ്ട് തലങ്ങൾ മറികടക്കുവാൻ ശ്രമിക്കുന്നു. അത് കടൽത്തിരയോട് പൊരുതി നിന്നത് അതിന്റെ ചെറുരൂപത്തിന്റേതായ പരിമിതികൾകൊണ്ടാണ്. വേലിയേറ്റത്തിൽ ഏറ്റവും മുകളിലും വേലിയിറക്കത്തിൽ ഏറ്റവും താഴെ രഹസ്യങ്ങൾക്കടിയിലുമാണ് അത്. അത് കഴിഞ്ഞപ്പോൾ ഈ കടൽത്തിരകൾക്ക് പുതു അർത്ഥങ്ങൾ ലഭിക്കുന്നു. ഇവിടെ കടൽത്തിരകൾ വെറും ജലപ്രവാഹമല്ല; പകരം ചില പുതിയ ഘട്ടങ്ങൾ, പുതിയ ഉണർവുകൾ, സാംസ്കാരികമായും സാമൂഹ്യമായും ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ എന്നിവയാണ്. അത് പുതിയ രാഷ്ട്രീയമാകാം; പ്രത്യയശാസ്ത്രമാകാം.
എതായാലും മത്സ്യത്തിന്റെ പൊരുതൽ നിലനിൽക്കുന്നതിനോടോ നിലനിൽക്കേണ്ടതിനോടോ ആയിരുന്നു. അത് കടലിലെ ഒഴുക്കിനു നേരെയോ ഒഴുക്കിനെതിരെയോ ആയിരുന്നു. തിരകളിൽപ്പെടുക എന്നതാണ് മത്സ്യങ്ങളുടെ ജീവിതം. തിര പോകുന്ന ഒഴുക്കിൽ മത്സ്യവും പോകുന്നു. വേലിയേറ്റത്തിലും വേലിയിറക്കത്തിലും മത്സ്യത്തിന് അതിശയകരമായ ഒന്നും ചെയ്യാനാവില്ല. പക്ഷേ ഈ ചെറുമത്സ്യം അവിടെയും തന്റെ വ്യതിരിക്തത, വ്യക്തിത്വം സൂക്ഷിക്കുന്നു. സമൂഹത്തിലെ വേലിയേറ്റങ്ങളിൽ അതേറ്റവും തലപ്പത്താണ്; എല്ലാ കൊടികൾക്കും മീതെയാണ്. വേലിയിറക്കങ്ങളിൽ എല്ലാ രഹസ്യങ്ങൾക്കും അടിയിൽ മൗനിയാണത്. വേലിയേറ്റത്തിന്റെ ശബ്ദലോകവും വേലിയിറക്കത്തിന്റെ നിശ്ശബ്ദതയും മത്സ്യത്തിന്റെ അതിജീവനം സാധ്യമാക്കുന്നു.
ചില പ്രതിബന്ധങ്ങൾ ഈ ചെറുമത്സ്യത്തിനുണ്ട്. തുടർന്ന് മത്സ്യത്തിന്റെ ആത്മാന്നതിയുടെ ദൃശ്യങ്ങളാണ് കാണുന്നത്. അവനൊരു ഇരയായി മാറുന്നില്ല. വലക്കണ്ണിക്ക് അവനേക്കാൾ ചെറുതായി ഇരപിടിക്കാനാകുന്നില്ല. ചൂണ്ടക്കൊളുത്തുകൾക്ക് അവനെ കുരുക്കാനായുള്ള വളച്ചിൽ കിട്ടുന്നില്ല. വായ്ത്തലകൾക്ക് അവന്റെ വേഗവും കിട്ടുന്നില്ല. ഇതെന്താണ് സൂചിപ്പിക്കുന്നത്? ഈ ചെറുമത്സ്യത്തെ വേട്ടയാടുന്ന സമൂഹത്തിന് ഇതിനെ കൊരുത്തെടുക്കുവാനുള്ള ഉപായമൊന്നും ലഭിച്ചിട്ടില്ല. മത്സ്യത്തിന്റെ ചെറുരൂപവും അതിന്റെ വളവും വേഗവും അതിനെ നിലനിർത്തുന്നു.
തുടർന്ന് കാണുന്നത് കച്ചവടത്തിന്റെയും കാലവ്യതിയാനങ്ങളുടെയും മഹത്വവൽക്കരിക്കുന്ന കഥകളുടെയും ലോകത്ത് മത്സ്യം പൊരുതുന്നതാണ്. പരുന്തിന് കാണുവാൻപോലും കഴിയുന്നില്ല. ഉപ്പളങ്ങളിൽ അകപ്പെടുന്നില്ല. മഞ്ഞുധ്രുവങ്ങൾ നിസ്സഹായമാകുന്നു. ഒരു കഥയിലും അവൻ പിടികൊടുക്കുന്നില്ല. ഒരു ചന്തയിലും നാണംകെട്ട് വിൽപ്പനവസ്തുവായില്ല. ഒരു കാഴ്ചബംഗ്ലാവിലും കാഴ്ചവസ്തുവായില്ല. ഈ മത്സ്യത്തിന്റെ ആത്മാന്നതിയും അഭിമാനവും മത്സ്യത്തെ വേറിട്ടതാക്കുന്നു. ഇങ്ങനെ മത്സ്യത്തിന്റെ സ്വത്വബോധത്തെ തകർക്കുവാൻ കഴിയാത്ത ഒരു ലോകമാണ് നാം കാണുന്നത്. മത്സ്യത്തിന്റെ നിരന്തരമായ പൊരുതലാണ് മത്സ്യത്തിന്റെ കരുത്ത്. ചെറിയതായിരിക്കുന്നതിന്റെ നിസ്സാരതയാണ് പൊരുതലിന് ശക്തിപകരുന്നത്. മത്സ്യത്തിന്റെ പൊരുതൽ അവസാനിക്കുന്ന ഒരു ഘട്ടംകൂടി നാം കാണുന്നു.
അതിലാണ് പൊരുതുന്ന മത്സ്യത്തിന്റെ അതിജീവനത്തിന്റെ യഥാർത്ഥ രൂപം കാണുന്നത്. മത്സ്യം പിന്നെയും പൊരുതുന്നത് സത്യമറിയാതെയാണ്. തന്റെ വേഗതയെ മറികടക്കുന്ന ഒരു വായ്ത്തലയും വേട്ടയാടുന്നവരുടെ കൈവശമില്ല. പക്ഷേ മത്സ്യത്തിന്റെ വേഗതയെ മറികടക്കുന്ന ഒന്ന് അതിന്റെ ജീവസാഹചര്യത്തിന് സംഭവിച്ചിരിക്കുന്നു: അത് ജീവിക്കുന്ന കടൽ മുഴുവൻ ദഹിക്കുകയാണ്. അത് അറിയാതെ വീണ്ടും ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ പായുന്ന മത്സ്യം അതിജീവനത്തിന്റെ ശക്തമായ പ്രതീകമാണ്. ഈ കവിതയ്ക്ക് ബിംബങ്ങളുടെ ഭാഷയില്ല; മത്സ്യമെന്ന പ്രതീകത്തെ ആവിഷ്കരിക്കുന്ന ശക്തമായ കവിതയാണിത്. മഹാഭാരതത്തിലെ സംഘർഷങ്ങൾ ഇന്നിന്റെ കുടുംബ, രാഷ്ട്രീയ പശ്ചാത്തലങ്ങളെ വിവരിക്കുവാൻ സാധ്യമാകുന്ന പ്രതീകമാകുന്നതുപോലെയാണ് ഈ കവിതയിലെ മത്സ്യം. ഇത് ഒരു പ്രതീകമാണ്.
അതിജീവനത്തിന്റെ പ്രതീകം. സാധാരണ ജീവിതത്തിൽ സാധാരണ വ്യവഹാരത്തിൽ കാണുന്ന ഒരു പ്രതിഭാസം അതിന്റെ സ്വയമേയുള്ളതിൽനിന്നും വ്യത്യസ്തമായോ അതിൽ കൂടുതലായോ വ്യാപകമായി വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതീകമായി മാറുന്നു. ഇവ ഒരു രചനയ്ക്കകത്ത് സമഗ്രതയിൽ നിന്നുകൊണ്ട് അനേകം വസ്തുക്കളെ പ്രതിനിധാനം ചെയ്യുമ്പോഴാണ് പ്രതീകമുണ്ടാകുന്നത്; അല്ലെങ്കിൽ അവ ബിംബങ്ങളാണ്. മത്സ്യം അതിജീവനത്തിന്റെ ജീവിതസാഹചര്യത്തിൽ തളരാതെ കാലാവസ്ഥയോടും പ്രതിലോമശക്തികളോടും അടരാടി വന്നുനിൽക്കുന്നത് വലിയൊരു തകർച്ചയിലാണെങ്കിലും മത്സ്യം പൊരുതുകയാണ്.
ഈ പൊരുതൽ ഒരു പ്രതീകമാണ്. അതിജീവനത്തിനായി ഏതൊരു വ്യക്തിയും പരിശ്രമിക്കുന്നതിന്റെ പ്രതീകം. മത്സ്യം കഴിയുന്ന കടൽ ദഹിച്ചതെന്തുകൊണ്ട് എന്നതിന്റെ ഉത്തരം മത്സ്യത്തെ പിടിക്കുവാൻ വരുന്നവരുടെ ദൃശ്യങ്ങളിലുണ്ട്. ഉപ്പളങ്ങളും ചിന്തകളും കാഴ്ചാലയങ്ങളും വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളുമാണ് കടലിന്റെ രക്തത്തെ ഭ്രാന്തുപിടിപ്പിക്കുന്നത്. അതിന് എതിരായി നിൽക്കുന്നതാണ് മത്സ്യത്തിന്റെ പൊരുതൽ.
Exam Tips:
a) "യോജിക്കുന്നുണ്ടോ" എന്ന ചോദ്യത്തിൽ നിലപാട് ആദ്യം വ്യക്തമാക്കുക (യോജിക്കുന്നു) എന്നിട്ട് കവിതയിലെ തെളിവുകൾ നിരത്തുക.
b) ഉപന്യാസത്തിന് ആമുഖം, ശരീരം (പ്രതീകം, പൊരുതൽ, അവസാനത്തെ ദുരന്തം), ഉപസംഹാരം എന്ന ഘടന നൽകുക.
c) പ്രതീകവും ബിംബവും തമ്മിലുള്ള വ്യത്യാസം ഒരു വാചകത്തിൽ വിശദീകരിക്കുന്നത് ഉത്തരത്തെ മെച്ചപ്പെടുത്തും.
Learning Outcomes and Notes
Question 21: സർഗ്ഗാത്മകരചനകളിലെ ആസ്വാദനപരമായ ഘടകങ്ങൾ തിരിച്ചറിഞ്ഞ് ലിഖിതരൂപത്തിൽ ആവിഷ്കരിക്കുന്നതെങ്ങനെ? (സന്ദർശനം, ഓർമ്മയുടെ ഞരമ്പ്, വേരുകൾ നഷ്ടപ്പെടുന്നവർ, മത്സ്യം എന്നിവയിലെ ആസ്വാദനപരമായ ഭാഗങ്ങൾ ഉദാഹരിക്കുക.)
Answer:
എഴുത്തുകാരുടെ സർഗ്ഗപരമായ ആനന്ദത്തിൽനിന്നോ വേദനയിൽനിന്നോ രൂപപ്പെടുന്നവയാണ് രചനകൾ. ഇവ വായനക്കാരന്റെ അനുഭൂതിയെയും സംസ്കാരത്തെയും ഉദാത്തമാക്കുന്നു. സ്വന്തം ജീവിതം കണ്ടു ശീലിച്ചവർക്കു മുമ്പിൽ എഴുത്തുകാരന്റെ അനുഭവലോകം തുറന്നു ലഭിക്കുന്നു. പ്രചോദകവേളയിൽ എഴുത്തുകാർ അനുഭവിക്കുന്ന മാനസിക വൈകാരികതലങ്ങളിലേക്ക് വായനക്കാരനും എത്തിച്ചേരുന്നു. രചനകളിലെ വാക്കുകൾകൊണ്ടു തീർക്കുന്ന അനുഭൂതിവിശേഷങ്ങളാണ് വായനക്കാരനെ സഹൃദയത്വത്തിലേക്ക് നയിക്കുന്നത്.
എം.ടി.യുടെ മഞ്ഞ് വായിക്കുന്ന നമ്മളും വിമല ടീച്ചർക്കൊപ്പം അലയുകയാണ്. നജീബ് അകപ്പെട്ട മസറയിൽ ആടുകൾക്ക് കൊടുക്കുന്ന കാടിവെള്ളം കുടിച്ചതിന് അടി കൊള്ളുമ്പോൾ ആടുജീവിതം വായിക്കുന്ന നമ്മൾ അമ്പരന്നു പോകുന്നു. ഫ്രാൻസിസ് ഇട്ടിക്കോരയിലെ നരമാംസം രുചിക്കുന്നവരുടെ സ്വാഭാവികമായ പെരുമാറ്റങ്ങളുടെ ഭീകരത കണ്ട് നാം ഭയന്നുപോകുന്നു. സാമ്യകല്പനകൾ, അഭേദകല്പനകൾ, വിവരണശൈലി, സങ്കൽപ്പങ്ങൾ, ഇമേജുകൾ എന്നിവകൊണ്ടാണ് എഴുത്തിന്റെ ആസ്വാദനീയത വായനക്കാരനിലേക്ക് ലയിക്കുന്നത്.
1) സന്ദർശനം കവിതയിലെ ആസ്വാദനപരമായ വരികൾ:
- ഓർമ്മകളെ കിളികളായി സങ്കൽപ്പിക്കുന്നു. ഓർമ്മയുടെ കിളികൾ ചിറകു പൂട്ടുവാനായി കൂടുകളിലേക്ക് പറക്കുന്നു. കൂട്ടിൽ ചേക്കേറിക്കഴിഞ്ഞാൽ ഓർമ്മകളുടെ കിളികൾ സ്വന്തം ഓർമ്മകളിലേക്ക് മുങ്ങിപ്പോവുകയായി.
- ഓർമ്മകളുടെ ദുരസാഗരത്തെ സങ്കൽപ്പിക്കുന്നു. ആ സാഗരത്തിലേക്ക് ഹൃദയരേഖകൾ പോയ്ക്കൊണ്ടിരിക്കുന്നു. പ്രണയം ഹൃദയത്തിൽ പതിഞ്ഞ അനർഘമായ വികാരമായിരുന്നുവെന്ന് ഇവിടെ മനസ്സിലാക്കാം.
- ഗദ്ഗദമായി തൊണ്ടയിൽ പിടയുന്ന വാക്കുകൾ പിടഞ്ഞുമരിക്കുന്നതായി സങ്കൽപ്പിക്കുന്നു. അവ ചിറകു നിവർത്താനാവാതെ പിടയുന്ന കിളികളാണ്.
- ഭൂതകാലത്തെ ഇരുളായും ആ ഇരുളിൽ തെളിയുന്ന പ്രണയിനിയുടെ മുഖം അമ്പിളിപോലൊരു തേജസ്സായി ഉദിക്കുകയാണെന്നും പറയുന്നു.
- കാമുകിയുടെ കണ്ണിലെ കൃഷ്ണകാന്തങ്ങൾ കണ്ട് തന്റെ ചില്ലകൾ പൂത്തതും പൊൻചമ്പകം പൂത്ത കരളായിരുന്നു തനിക്കെന്ന് പറഞ്ഞതും പ്രണയത്തിന്റെ സ്വർഗ്ഗീയ സൗന്ദര്യം ആവിഷ്കരിക്കുന്നു.
2) 'ഓർമ്മയുടെ ഞരമ്പ്' എന്ന കഥയിലെ ആസ്വാദനപരമായ വരികൾ:
- വൃദ്ധയുടെ ശബ്ദം തുരുമ്പു പിടിച്ച വിജാഗിരികൾ ഇളകുന്നതുപോലെയായിരുന്നു. വാർദ്ധക്യത്തിന്റെ വിറയ്ക്കുന്ന ശബ്ദത്തിന്റെ സുഖക്കുറവാണിവിടെ നാം അറിയുന്നത്.
- വയലറ്റ് നിറമുള്ള ഞരമ്പ് വെല്ലുവിളിപോലെ എഴുന്നുനിൽക്കുന്നത് ഈ കഥയുടെ പൊതുവായ ഒരു സങ്കടമാണ്. മരണത്തിൽ അഭയം തേടുന്ന വ്യക്തിയുടെ സങ്കടങ്ങൾ അവസാനിപ്പിക്കുന്ന കുരുക്ക് മുറുക്കുവാനുള്ള ധൈര്യത്തെയാണത് വെല്ലുവിളിക്കുന്നത്.
- പെൺകുട്ടി രാവിലെ നെറ്റിയിൽ ചാർത്തിയ സിന്ദൂരം വിയർപ്പിൽ കുതിർന്ന് വിരലിലൊട്ടി ഒരു തുള്ളി രക്തംപോലെ താഴെ വീണ് മരിച്ചു എന്നതിൽ സ്ത്രീയുടെ സർവ്വദുരിതങ്ങളും ഉള്ളടക്കിയിരിക്കുന്നു. വിവാഹശേഷം സീമന്തരേഖയിൽ ചാർത്തുന്ന സിന്ദൂരത്തിന് അധ്വാനത്തിന്റെ വിയർപ്പിൽ കുതിർന്ന് മരിക്കാനാണ് യോഗം. സ്ത്രീയുടെ കഠിനമായ വീട്ടുജോലികളും ത്യാഗങ്ങളുമാണ് ആ വിയർപ്പ്. ആ സിന്ദൂരത്തിന്റെ രക്തത്തിന്റെ ജീവൻ ഉണ്ടാകുന്നതും താഴെ വീഴുമ്പോൾ മരിക്കുന്നതും കാണാം.
3) 'വേരുകൾ നഷ്ടപ്പെടുത്തുന്നവർ' എന്ന ലേഖനത്തിലെ ആസ്വാദനപരമായ വരികൾ:
- "നെഞ്ചോട് അണച്ചു പിടിക്കുന്നതുപോലെയാണ് ഭൂമി ഓരോ വൃക്ഷത്തേയും തന്നിലേക്ക് ചേർത്തുവച്ചിരിക്കുന്നത്" എന്നു തുടങ്ങുന്ന വരികളിൽ ഭൂമിയെ വിട്ടുപിരിയുന്ന വെട്ടേറ്റ മരത്തിന്റെ ദൈന്യത നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു. പാരിസ്ഥിതിക ദുഃഖം എന്നൊരു ഗൃഹാതുരത്വം നമ്മളിവിടെ അനുഭവിക്കുന്നു. വെട്ടേറ്റു വീഴുന്ന മരത്തിന്റെ സഹോദരങ്ങളാണ് മറ്റു മരങ്ങൾ. ഭൂമിയാകട്ടെ മരങ്ങളെ തന്റെ നെഞ്ചോട് അണച്ചാണ് പിടിച്ചിരിക്കുന്നത്. ഭൂമിയിൽ ഒരു അമ്മയെ കാണിച്ചുതരുന്നു.
- കൊഴിയുന്ന ഇലകളെല്ലാം താഴെയുള്ള വേരുകൾ തേടി അലയുകയാണ്. വേരുകളിലൂടെ വീണ്ടും വൃക്ഷങ്ങളിലെത്തി പുനർജനിക്കാൻ. അടുത്ത ഖണ്ഡികയിൽ പുഴയെ തേടി വേരുകളെല്ലാം മത്സരിച്ചു ചെല്ലുന്നതും ചേർത്തുവായിച്ചപ്പോൾ എൻ.എ. നസീറിന്റെ പ്രകൃതിപ്രേമം അറിയാം. വേരുകൾ ജീവനുള്ളവയാണ്. അവ പുഴകളെ തേടുകയാണ്. ഇലകളും വേരുകളെത്തേടുന്നു, വീണ്ടും ജനിക്കാനായി. മനുഷ്യജന്മം പുനർജന്മത്തിൽ ഒന്നുമാത്രമാണെന്നു പറയുംപോലെ വേരും ഇലയുമെല്ലാം പുനർജീവിക്കുകയാണ്. എല്ലാ വേരുകളും അന്നം തേടിയുള്ള യാത്രയിലാണ്.
4) 'മത്സ്യം' കവിതയിലെ ആസ്വാദനപരമായ ഭാഗങ്ങൾ: മത്സ്യത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളും ആസ്വാദനത്തിൽ ഉൾപ്പെടുത്താം (ചോദ്യങ്ങൾ 11 മുതൽ 20 വരെയുള്ള ഉത്തരങ്ങൾ നോക്കുക).
Exam Tips:
a) ആസ്വാദനക്കുറിപ്പിൽ രചനയിൽനിന്ന് ഒരു വരി ഉദ്ധരിച്ച് അതിലെ ഭാവം, ബിംബം, അലങ്കാരം എന്നിവ വിശദീകരിക്കുക.
b) ഓരോ രചനയ്ക്കും രണ്ടോ മൂന്നോ ആസ്വാദനവരികൾ മാത്രം തിരഞ്ഞെടുത്ത് ഓർമ്മയിൽ സൂക്ഷിക്കുക.
Question 22: രചനകളിലെ വൈകാരികാംശങ്ങൾ കണ്ടെത്തി പ്രഭാഷണം നടത്തുന്നതെങ്ങനെ? ഒരു മാതൃകാ പ്രഭാഷണം തയ്യാറാക്കുക.
Answer:
ബഹുമാനപ്പെട്ട അധ്യക്ഷൻ, പ്രിയ അധ്യാപകരേ, കൂട്ടുകാരേ, പ്ലസ് വൺ മലയാളം ഒന്നാം യൂണിറ്റ് ഇവിടെ ചർച്ച ചെയ്യുകയാണ്. കൃതികൾ മനുഷ്യകഥാനുഗായകരാണ്. കവികളും എഴുത്തുകാരും കണ്ടതും കേട്ടതും ഭാവന ചെയ്തതുമായ മനുഷ്യഹൃദയങ്ങളെ വാക്കുകളെക്കൊണ്ട് കടഞ്ഞെടുക്കുന്നവയാണ് രചനകൾ. ആ കൃതികളിൽ കടന്നുവരുന്നത് മരമായാലും വൃദ്ധയായാലും പൂർവ്വകാമുകരായാലും മത്സ്യമായാലും എല്ലാറ്റിലും മിടിക്കുന്ന ഒരു മനുഷ്യഹൃദയം കാണാം. ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത് രചനകളിലെ വൈകാരികാംശങ്ങളെയാണ്. ഈ യൂണിറ്റിലെ നാല് അധ്യയനഭാഗങ്ങളിൽ എന്നെ ഏറ്റവും ആകർഷിച്ച ചില വൈകാരിക നിമിഷങ്ങൾ ഞാനിവിടെ പങ്കുവയ്ക്കുകയാണ്.
"മുടിയെട്ടും കോർത്തുകെട്ടി വിരൽ നുറാൽ കാറ്റൊരുക്കി വിരിഞ്ഞങ്ങനെ വിരഞ്ഞങ്ങനെ കിടക്കുന്നോള് എന്റെ തുഴത്തണ്ടിൽ താളമിട്ട് തുടിക്കുന്നോള്" എന്ന് അഷ്ടമുടിക്കായലിനെ വർണ്ണിച്ച കവി കായലിന്റെ ഒഴുക്കിൽ ഒരു സ്ത്രീയെ കാണുന്നു. രചനകളുടെ സൗഖ്യം എന്നത് അവയിലെ വൈകാരികതയാണ്. ആധുനികത കഴിഞ്ഞ് ഉത്തരാധുനികതയിലേക്ക് പ്രവേശിച്ചപ്പോൾ കവിതയിൽ ബുദ്ധിപരത വർദ്ധിച്ചെങ്കിലും ആന്തരികമായ താളവും വർണ്ണനകളിലെ ഹൃദയഭാഷയും രചനകളിലെ വൈകാരികതയെ സജീവമാക്കി മാറ്റുന്നു.
'സന്ദർശനം' കവിതയിൽ വൈകാരികത മുറ്റിയ സന്ദർഭമാണ്, വിടവാങ്ങൽ കരച്ചിലിന്റെ അഭിമുഖം കാണാതിരിക്കുന്ന കവിയുടെയും കാമുകിയുടെയും സങ്കടങ്ങൾ ആ അഴിമുഖത്തേയ്ക്ക് വായനക്കാരനെ കൊണ്ടുചെന്നെത്തിക്കുന്നത്. അവരുടെ ജീവിതത്തിലെ ഏത് ധർമ്മസങ്കടങ്ങളാണ് അവരെ ഈ വിധത്തിൽ വേർപിരിച്ചത് എന്ന അറിവ് നമുക്കില്ലെങ്കിലും നമ്മൾ ദുഃഖിതരാണ്. പ്രണയിക്കുന്നവർ കണ്ടുമുട്ടിയപ്പോൾ അതിന് സന്ദർശനം എന്ന് പേരിട്ടു കൊടുത്തതിൽ ഒരു ദുഃഖം നാം കാണുന്നുണ്ട്. അതുപോലെ വാക്കുകൾ ഏകാന്തരോദനമായി തൊണ്ടയിൽ കുരുങ്ങുന്നതിലെ പിടച്ചിൽ വിസ്മരിക്കുവാൻ കഴിയില്ല.
'ഓർമ്മയുടെ ഞരമ്പി'ലെ വൃദ്ധയുടെ പെരുമാറ്റങ്ങൾ നമ്മുടെ ഹൃദയത്തിൽ തറഞ്ഞുകയറുന്നത് അവരുടെ പൂർവ്വകഥ അറിയുമ്പോഴാണ്. സ്വാതന്ത്ര്യം എന്നും സൗരഭ്യം എന്നും ഉച്ചരിക്കുമ്പോൾ വൃദ്ധയുടെ വായ്ക്ക് പല്ലുസെറ്റുകൾ പുറത്തേക്കു തള്ളുന്നതും കഥ എഴുതിവച്ച പുസ്തകത്തിനായി അവശയായ അവർ തിരയുന്നതും വൈകാരികമായി നമ്മെ സങ്കടത്തിലാക്കുന്നു. ഡൽഹിക്ക് ഭർത്താവിന്റെകൂടെ പോകാൻ കഴിയാതെ അച്ഛന്റെ അസ്ഥിത്തറയ്ക്ക് തിരി കൊളുത്തുന്നതും തൊഴുത്തിൽ പശുക്കളെ പരിപാലിക്കുന്നതും നമ്മുടെ ദുഃഖങ്ങളായി മാറുന്നു. ഒടുവിൽ വയലറ്റ് നിറമുള്ള ഞരമ്പിലെ കുരുക്കു മുറുകണമെന്ന് തൊട്ടുകാണിച്ച് പറയുമ്പോൾ സ്ത്രീയുടെ അടിമത്തത്തിന്റെ നിന്ദനീയമായ ക്രൂരത നമ്മെ തളർത്തിക്കളയുന്നു. സ്ത്രീയുടെ സ്വത്വം വിവാഹത്തോടെ അവസാനിക്കുന്നതിന്റെ ക്രൂരതയാണത്.
എൻ.എ. നസീറിന്റെ കാടനുഭവത്തിലെ വേരുകൾക്ക് വികാരവിചാരങ്ങളുള്ള ഒരു ജീവന്റെ അലച്ചിലും തിരയലും പൊട്ടിപ്പിളരുമ്പോഴുള്ള വേദനയും എല്ലാം ഉണ്ട്. ഭൂമി മരങ്ങളെ നെഞ്ചോടണച്ചു പിടിച്ചിരിക്കുന്നതും ഭൂമി ആകാശത്തെ തൊടുന്നതും വേരുകളിലൂടെയാണ്. മരം സ്വന്തം സഹോദരങ്ങളെ നോക്കി ദയനീയമായി മുറിഞ്ഞുവീഴുന്നത് നമ്മുടെ ഹൃദയങ്ങളിലേക്കാണ്. കാടിന്റെയും കാട്ടാറിന്റെയും വേരുകളുടെയും ജീവന്റെ തുടിപ്പുകൾ വളരെ വികാരവിവശതയോടെയാണ് നസീർ ആവിഷ്കരിക്കുന്നത്. 'മത്സ്യം' തികച്ചും ബുദ്ധിപരതയുള്ള ഒരു സൃഷ്ടിയാണ്. മത്സ്യത്തിന്റെ ആവാസം അതിന്റെ പിന്നിൽ ദഹിച്ചുവരുന്നിടത്താണ് ഈ കവിതയ്ക്ക് വൈകാരികത ലഭിക്കുന്നത്. മത്സ്യത്തെ നമ്മുടെ ആത്മാവിലേക്ക് പ്രവേശിക്കുവാൻ കവിതയുടെ ബുദ്ധിപരത അനുവദിക്കുന്നില്ല. ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ ഉപസംഹരിക്കുന്നു.
Exam Tips:
a) പ്രഭാഷണത്തിന് സംബോധന, ആമുഖം, ഉള്ളടക്കം, ഉപസംഹാരം എന്ന ക്രമം പാലിക്കുക.
b) ഓരോ രചനയിൽനിന്നും ഒരു വൈകാരിക സന്ദർഭം ഉദാഹരണസഹിതം എടുത്തുപറയുക.
Question 23: കഥയരങ്ങ്, കവിതയരങ്ങ് എന്നിവ സംഘടിപ്പിച്ച് രചനകളിലെ നൂതന പ്രവണതകൾ കണ്ടെത്തി പ്രബന്ധം രചിക്കുന്നതെങ്ങനെ? ആധുനിക കവിതകളുടെയും ഉത്തരാധുനികതയുടെയും സവിശേഷതകൾ എഴുതുക.
Answer:
കവിതകൾ ക്ലാസ്സിസം, നിയോക്ലാസ്സിസം, കാൽപ്പനികം, ആധുനികം, റിയലിസം, ഉത്തരാധുനികം എന്നിങ്ങനെ വളർന്ന് എസ്.എം.എസ് കവിതകൾ, ബ്ലോഗ് കവിതകൾ എന്നിങ്ങനെ മലയാളത്തിൽ തുടരുകയാണ്. കഥയും ഉത്തരാധുനിക തലങ്ങളിലൂടെ മുന്നോട്ടുപോകുകയാണ്. കാൽപ്പനികഭാവനകളിൽനിന്ന് റിയലിസത്തിലൂടെ ആധുനികതയിലേക്ക് പ്രവേശിച്ച മലയാള കവിതകൾ പൊതുവായി ചില സവിശേഷതകൾ പാലിച്ചിരുന്നു.
ആധുനിക കവിതകളുടെ സവിശേഷതകൾ:
1) വൃത്തപരിത്യാഗം: നല്ല ഗദ്യത്തിന്റെ മെച്ചത്തിലെഴുതുന്ന കവിതയാണ് നല്ല കവിതയുടെ മിനിമം യോഗ്യത എന്ന നിലപാട്.
2) ശ്ലഥബിംബങ്ങൾ: സങ്കീർണ്ണമായ അനുഭവങ്ങളെ മൂർത്തമായി സമഗ്രമായി ആവിഷ്കരിക്കുവാൻ കഴിയില്ല. അതിനാൽ ചിതറിയ ബിംബകൽപ്പനകൾ ഉപയോഗിക്കുന്നു.
3) ഉദ്ധരണബാഹുല്യം: പഴയ കവിതകളിൽനിന്നും ധാരാളമായി ഉദ്ധരണികൾ ഉപയോഗിച്ചു; ചിഹ്നങ്ങൾ കൊടുത്തും കൊടുക്കാതെയും ഇത് കോപ്പി ചെയ്തിരുന്നു.
4) റൊമാന്റിക് വിരുദ്ധ മനഃസ്ഥിതി: ഗ്രാമം, പ്രകൃതി, വസന്തം എന്നിവ ഉപേക്ഷിച്ച് പൊടിപിടിച്ച തെരുവും തിരക്കും ആവിഷ്കരിച്ചു.
5) ഐറണി, ഹാസ്യാത്മകത എന്നിവകൊണ്ട് അതിഭാവുകത്വത്തെ നിഷേധിച്ചു.
6) സാധാരണക്കാരും ദൈന്യരുമായ കഥാനായകർ.
7) ഇതിഹാസകഥാകമ്പം.
8) നൈരാശ്യബോധവും വൈയർത്ഥ്യബോധവും.
9) പ്രശ്നങ്ങൾക്കാണ് പ്രാധാന്യം; പരിഹാരങ്ങളില്ല.
10) തനതായ കാഴ്ചപ്പാടിന് പ്രാധാന്യം.
11) ദാർശനികമായ ഒരു നിസ്സംഗത.
ഇവയിൽനിന്ന് ഉത്തരാധുനികതയുടെ ഇന്നത്തെ രചനയിലേക്ക് എത്തിയപ്പോൾ കഥയും കവിതയും മാറി. ആധുനികതയ്ക്ക് ഒരു മറുപടി എന്ന നിലയിലാണ് പോസ്റ്റ് മോഡേണിസം (ഉത്തരാധുനികത) വന്നത്. ഒരു കേന്ദ്രീകൃത ചട്ടക്കൂടില്ലാത്തതും അതിസങ്കീർണ്ണതയുള്ളതുമായ അവസ്ഥകളാണ് ഇതിൽ വരുന്നത്. വൈരുദ്ധ്യങ്ങൾ, വൈവിധ്യങ്ങൾ എന്നിവ പ്രതിഫലിക്കുന്ന സാംസ്കാരികവും ബൗദ്ധികവും കലാപരവുമായ അറിവുകളാണ് ഇവിടെ വരുന്നത്. റഫീക് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, അനിതാ തമ്പി, അൻവർ അലി, വി.എം. ഗിരിജ, പി. രാമൻ, പി.പി. രാമചന്ദ്രൻ, കെ.ആർ. ടോണി, പവിത്രൻ തീക്കുനി എന്നിവർ ഉത്തരാധുനിക കവികളും അഷ്ടമൂർത്തി, അശോകൻ ചരുവിൽ, സി.വി. ബാലകൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, എബ്രഹാം മാത്യു, ഗ്രേസി, സാറാജോസഫ്, കെ.ആർ. മീര, ബന്യാമിൻ, കെ.പി. സുധീർ, സന്തോഷ് ഏച്ചിക്കാനം, സുമേഷ് ചന്ദ്രോത്ത്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ ഉത്തരാധുനിക ചെറുകഥാ എഴുത്തുകാരുമാണ്. ആധുനികതയുടെ തുടർച്ചയാണ് ഉത്തരാധുനികതയെന്ന് ഒരു അഭിപ്രായമുണ്ട്.
ആധുനികത കേന്ദ്രീകൃതമായൊരു വ്യവസ്ഥയ്ക്കുവേണ്ടി വാദിച്ചപ്പോൾ ഉത്തരാധുനികത ബഹുകേന്ദ്രിതമായ, സ്വതന്ത്രവിനിമയമുള്ള ഒരു ലോകത്തെയാണ് ആവിഷ്കരിച്ചത്. മലയാളത്തിലെ ഉത്തരാധുനിക പ്രവണതകൾ കേവലം സാങ്കല്പികമാണെന്നും അഭിപ്രായമുണ്ട്. ബ്ലോഗുകളുടെ പ്രചാരം സ്വയം പ്രസിദ്ധീകരിക്കാനും വായനക്കാരെ ഈ റീഡിങ്ങിലൂടെ തേടാനും വളരെയധികം സഹായിക്കുന്നു. മൊബൈൽ, ഇന്റർനെറ്റ് വിപ്ലവത്തോടെ പ്രസിദ്ധീകൃതമായ നിരവധി കവിതകളും ഉണ്ട്. ബ്ലോഗുകളിലൂടെ പ്രസിദ്ധമായ ഒരു കൃതിയാണ് കൊടകര പുരാണം. സജീവ് എടുത്താടൻ രചിക്കുന്ന അനുഭവങ്ങൾ സാധാരണക്കാരനായ മലയാളികളുടെ നഗ്നമായ ജീവിതചെയ്തികളെയും പെരുമാറ്റങ്ങളെയും ഹാസ്യം അറിഞ്ഞ് രചിച്ചവയാണ്.
Exam Tips:
a) ആധുനികത, ഉത്തരാധുനികത എന്നിവയുടെ സവിശേഷതകൾ പ്രത്യേകം പോയിന്റുകളായി എഴുതുക.
b) ഓരോ പ്രവണതയ്ക്കും ഒരു കവിയുടെയോ കൃതിയുടെയോ പേര് ഉദാഹരണമായി ചേർക്കുക.
c) കവികളുടെ പേരുകൾ ശരിയായി എഴുതുക; സ്പെല്ലിംഗ് തെറ്റുകൾ മാർക്ക് കുറയ്ക്കും.
Question 24: വിവിധ വ്യവഹാരരൂപങ്ങളിലെ ഭാഷാപ്രയോഗം തിരിച്ചറിഞ്ഞ് ഉചിത സന്ദർഭങ്ങളിൽ ആവിഷ്കരിക്കുന്നതെങ്ങനെ? ഉദാഹരണസഹിതം വിശദീകരിക്കുക.
Answer:
വ്യവഹാരരൂപങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സാഹിത്യത്തിലെയും വൈജ്ഞാനികത്തിലെയും ലേഖനം, നോട്ടീസ്, ബ്രോഷർ, നോവൽ, കവിത, നാടകം, കഥ തുടങ്ങിയവയെയാണ്. വ്യവഹാരരൂപങ്ങൾ വ്യത്യസ്തമാകുന്നത് അവരുടെ ഭാഷാപ്രയോഗത്തിനനുസരിച്ചാണ്. നോവലുകൾ വിശാലമായ കാൻവാസിൽ ജീവിതം അനുഭവിപ്പിക്കുന്നവയാണ്. അധ്യായങ്ങളിലൂടെ നോവലിൽ ആവിഷ്കൃതമാകുന്ന കഥാവസ്തുതകൾ കൂടുതൽ കൂടുതൽ തെളിമിട്ടുകൊണ്ടിരിക്കും.
ഒരുപക്ഷേ ഒരു കേന്ദ്രകഥാപാത്രം ഉണ്ടായിരിക്കാം; ചിലപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങളെ ആർക്കും പ്രാധാന്യം നൽകാതെ ചിത്രീകരിക്കുന്നതാകാം. ഒരുപക്ഷേ അത് ഒരു ദേശത്തിന്റെ കഥയാകാം; തെരുവിന്റെ കഥയാകാം; മനുഷ്യനൊഴിച്ചുള്ള മൃഗസസ്യജാതികളെക്കുറിച്ചും ആയിരിക്കാം. ഒരു നൂലിലൂടെ കോർക്കിടുന്ന പൂമാലപോലെ ആയിരിക്കാം; ഒരു സിനിമാറ്റിക് ഫീലിങ്ങ് ആയിരിക്കാം. ധർമ്മരാജ, മാർത്താണ്ഡവർമ്മ എന്നിവരെപ്പോലെ പൗരാണികതയെക്കുറിച്ച് സങ്കല്പങ്ങൾ ചേർന്ന് ഒരു ചരിത്രനോവലായിത്തീരാം. രണ്ടാമൂഴക്കാരനെക്കുറിച്ചാകാം (രണ്ടാമൂഴം - എം.ടി.), തോട്ടിയുടെ മകൻ (തകഴി) ആയിരിക്കാം, ബന്യാമിന്റെ ആടുജീവിതമാകാം. ഒരു നോവലായിത്തീരുവാൻ രചിക്കുന്നതെല്ലാം നോവലായി മാറുന്നു. ചെറുകഥ എന്ന വ്യവഹാരരൂപം മലയാളത്തിലെ സാഹിത്യവിമർശകനായ എം.പി. പോൾ വളരെ മുമ്പേ നിരീക്ഷിച്ച് സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ ഒരു സംഭവത്തിന്റെ ആഖ്യാനമാകാം ചെറുകഥ. ഒരു സ്ഥലത്തെ ഒരു കാര്യമായിരിക്കാം ചെറുകഥ. ഒരു ഫീലിങ്ങിലേക്ക് കേന്ദ്രീകരിക്കുന്നതാകാം ചെറുകഥ. ഇതുപോലെ ഓരോ വ്യവഹാരരൂപങ്ങൾക്കും വ്യത്യസ്തമായ സ്വരൂപവും ഭാവവും ഉണ്ട്. അവയുടെ സവിശേഷതകൊണ്ട് നാമതിനെ തിരിച്ചറിയുന്നു. താഴെ നൽകുന്ന ഉദാഹരണവാക്യങ്ങളെ ഉപയോഗിച്ച് കഥ, നോവൽ, കവിത, ലേഖനം എന്നീ വ്യവഹാരരൂപങ്ങൾ ഉണ്ടാക്കാം.
ഉദാ. 1: "അവർ ആകാശത്തിന്റെ ചില്ലുജനാല തുറന്നു. അവിടെ ശൂന്യമായിരുന്നു..." ഈ വാക്യം ഉപയോഗിക്കുന്നത് നോവലിലോ കഥയിലോ ആകാം. ഒരു നോട്ടീസിന്റെ സ്വരൂപത്തിൽ ഈ ഉദാഹരണം ഉൾപ്പെടുത്തിയില്ലെങ്കിലും ഈ വാക്യം ഉൾക്കൊള്ളുന്ന ഒരു നോവലിന്റെ പുസ്തകപ്രസാധനച്ചടങ്ങിന്റെ നോട്ടീസിൽ ഇത് രേഖപ്പെടുത്താം.
ഉദാ. 2: വിറകുകുറ്റികൾപോലെ കാണപ്പെട്ട ആ രൂപങ്ങൾക്കടുത്തേക്ക് ചെന്നപ്പോൾ അതിൽ ചലനം കണ്ടു. കുറച്ചുകൂടി അടുത്തപ്പോൾ അത് മനുഷ്യരാണെന്ന് കണ്ടു. അവരുടെ തലയുടെ ഉള്ളിൽനിന്നും രണ്ടു കണ്ണുകൾ തുറന്ന് ഞങ്ങളെ നോക്കി; പിന്നെ അത് അടിഞ്ഞു. ഈ ഉദാഹരണത്തിൽ കാണുന്നത് സോമാലിയൻ ദാരിദ്ര്യ ഫോട്ടോകളുടെ ഒരു പ്രസന്റേഷൻ അകമ്പടിയായി ഹാർട്ട് ബ്രേക്ക് ചെയ്യുന്ന ആമുഖമായിരിക്കാം.
ഉദാ. 3: "ഇത് വർഷം ഒരു പുൽനാമ്പിന്റെ ഇല വിരിയുമ്പോലെ ഈ രചനകൾ..." ഈ ഉദാഹരണം ഒരു മാഗസിന്റെ എഡിറ്റോറിയൽ ആയിരിക്കാം; ഒരുപക്ഷേ ഒരു കവിതയാകാം.
ഉദാ. 4: "ശവദാഹം കഴിഞ്ഞപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത ഒരു ആനന്ദം അനുഭവപ്പെട്ടു. അയാൾക്ക് ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി: സ്വാതന്ത്ര്യം! ഞാൻ സ്വതന്ത്രനായിരിക്കുന്നു. പെട്ടെന്ന് ഒരു അസ്ഥിപൊട്ടിയ ശബ്ദം അയാളെ പിടിച്ചുകുലുക്കി. ആ അസ്ഥിക്ഷണത്തിൽ ഒരിക്കൽ തന്നെ കൈപിടിച്ചു കൊണ്ടുനടന്ന തന്റെ അച്ഛനുണ്ടെന്ന ചിന്ത അയാളെ പിടിച്ചുകുലുക്കി." ഇവിടെ നിഷേധിയും പിതൃസ്നേഹിയുമായ ഒരു പുത്രന്റെ ദുഃഖമാണ് കാണുന്നത്. ഇതൊരുപക്ഷേ ഒരു നോവലാകാം; ഒരു നാടകശില്പമാകാം.
ഉദാ. 5: "അവരിലാർക്കും ആകാശത്തിന്റെ നിറം അറിയുമായിരുന്നില്ല" - ഈ ഉദാഹരണം സ്റ്റീഫൻ ക്രെയിൻ രചിച്ച 'ദി ഓപ്പൺ ബോട്ട്' എന്ന ചെറുകഥയിലെ ആദ്യവരിയാണ്. കഥാദ്യംതന്നെ കഥയുടെ ഭാവം (ദുഃഖം) ആവിഷ്കരിക്കുന്നു. ഇങ്ങനെ ഭാഷാപ്രയോഗങ്ങൾക്കനുസരിച്ച് വ്യവഹാരരൂപങ്ങൾക്ക് വ്യതിയാനം സംഭവിക്കാം.
Exam Tips:
a) ഓരോ വ്യവഹാരരൂപത്തിന്റെയും (നോവൽ, ചെറുകഥ, കവിത, ലേഖനം, നോട്ടീസ്) പ്രത്യേകത ഒരു വാചകത്തിൽ നിർവചിച്ചശേഷം ഉദാഹരണം നൽകുക.
b) ഒരേ വാക്യം പല വ്യവഹാരരൂപങ്ങളിൽ വരാമെന്ന് ഉദാഹരണങ്ങളിലൂടെ കാണിക്കുക.
Question 25: വാക്യഘടന, വിന്യാസക്രമം, ചിഹ്നനം തുടങ്ങിയ ഭാഷാഘടകങ്ങൾ തിരിച്ചറിഞ്ഞ് വിവിധ രചനകളിൽ ഏർപ്പെടുത്തുന്നതെങ്ങനെ? മലയാളത്തിലെ ചിഹ്നങ്ങൾ പട്ടികപ്പെടുത്തുക.
Answer:
രചനയിലേർപ്പെടുമ്പോൾ ആന്തരികമായ പ്രചോദനങ്ങൾക്ക് വിധേയമാകുന്നുണ്ടെങ്കിലും കഥയെഴുതുന്ന ഭാഷയുടെ ജ്ഞാനം എഴുത്തുകാരനെ സ്വാധീനിക്കാറുണ്ട്. കർത്താവ് - കർമ്മം - ക്രിയ എന്നതാണ് മലയാളത്തിന്റെ വാക്യഘടന. കവിതകളിൽ ഒരുപക്ഷേ ഈ ഘടന കാണണമെന്നില്ല. ആദ്യം ക്രിയ എഴുതാം: 'കണ്ടേൻ ഞാൻ നിന്നെ' എന്നാകാം. ആദ്യം ക്രിയ ഉപയോഗിക്കുമ്പോൾ വാക്യഘടന ഉണ്ടാകുന്നത്. 'മത്സ്യം' എന്ന കവിതയിൽ വാക്യഘടന പരിശോധിച്ചാൽ രണ്ടോ മൂന്നോ ലളിതമായ വാക്യഘടനകളെ ഒരുമിച്ച് എഴുതിയിരിക്കുന്നത് കാണാം: "മണൽത്തരിയോളം പോന്നൊരു മത്സ്യം, കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതി നിന്നു." ഈ വരികളിൽ മത്സ്യം മണൽത്തരിയോളം പോന്നതാണെന്ന വരിയും അത് കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതി നിന്നു എന്ന വരിയും ഒരുമിച്ചിരിക്കുന്നു. കർത്താവിന്റെ (സബ്ജക്റ്റ്) സ്ഥാനത്തുള്ള മത്സ്യത്തെ രണ്ടു വാക്യങ്ങൾക്കും നടുവിലാണ് പ്രയോഗിച്ചിരിക്കുന്നത്.
സാഹിത്യസൃഷ്ടികളിൽ വ്യാകരണനിയമം അനുസരിക്കുന്ന വാക്യഘടനയില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിൽ ആഖ്യയും ആഖ്യാതവും തിരുത്താൻ ചെന്ന സഹോദരനെ ബഷീർ ഓടിക്കുകയാണ്. മലയാളത്തിൽ അക്ഷരങ്ങൾ എത്രയാണെന്ന അറിവുപോലും തനിക്കില്ലെന്ന് ബഷീർ പറയുന്നു. ഉണ്ണായി വാര്യർ വാക്യഘടനയുടെ അംഗീകൃത നിയമങ്ങളുടെ വേലിപൊളിച്ചവനാണ്; 'ചാമിവ' എന്നൊരു പുതിയ മലയാളപദം (ചാകും ഇവ) നളചരിതത്തിൽ എഴുതി. വികാരങ്ങളെയും ചിന്തകളെയും വാക്കുകളെ ആർദ്രമാക്കി സാഹിത്യരചന ചെയ്യുമ്പോൾ അവനവന്റെ വ്യക്തിഭാഷയുടെ സ്വാധീനം ഉണ്ടാകും.
അൻവർ അലിയുടെ വരികൾ: "ജീവിതം പകുക്കുമ്പോൾ ജീവൻ ഞാനെടുക്കുന്നു. ........ ഓർമ്മകൾ പകുക്കെ ഞാൻ സർവ്വതും മടുക്കുന്നു. സർവ്വം ഞാനെടുക്കുമ്പോൾ ശിഷ്ടം നീയെടുക്കുക!" (അവൻ അവരോട് പറഞ്ഞത്). ഈ വരികളിൽ ഇടയ്ക്ക് കാണുന്ന ശൂന്യഭാഗത്തെ കുത്തുകൾക്കുപോലും ഒരു മൗനഭാഷയുടെ ശക്തിയുണ്ട്. അംഗീകൃതമായ വാക്യഘടനയെ പൊളിച്ചെഴുതുന്നവയാണ് സാഹിത്യമായി മാറുന്നത് എന്ന് എപ്പോഴും പറയുവാൻ കഴിയില്ല. സാധാരണക്കാരന്റെ വാക്യഘടനയിൽ രചിക്കപ്പെട്ട മാസ്റ്റർപീസ് രചനകളും തലമുറകൾ കഴിഞ്ഞു വായിക്കപ്പെടുന്നുണ്ട്. ചിഹ്നനം ഏതൊരു ഭാഷയിലേയും അടയാളങ്ങളാണ്; വാകാർത്ഥത്തേയോ വാക്കുകൾ തമ്മിലുള്ള ബന്ധത്തേയോ ഈ അടയാളങ്ങൾ പരിസ്ഫുരിക്കുന്നു.
മലയാളത്തിലെ ചിഹ്നങ്ങൾ:
| ചിഹ്നം | അടയാളം | ചിഹ്നം | അടയാളം |
|---|---|---|---|
| വിശ്ലേഷം | (') | ഉദ്ധരണി | (") |
| വലയം | ({}) | ഇട | ( ) |
| കോഷ്ഠം | ([]) | ||
| ഭിത്തിക | (:) | ||
| രേഖ | (-) | ||
| വിക്ഷേപണി | (!) | ||
| ബിന്ദു | (.) | ||
| രോധിനി | (;) | ||
| അങ്കുശം | (,) | ||
| ശൃംഖല | (-) |
Exam Tips:
a) മലയാളത്തിന്റെ അടിസ്ഥാന വാക്യഘടന (കർത്താവ് - കർമ്മം - ക്രിയ) ആദ്യം പറഞ്ഞ് കവിതയിൽ അതിൽനിന്നുള്ള വ്യതിയാനം ഉദാഹരണത്തോടെ വിശദീകരിക്കുക.
b) ചിഹ്നങ്ങളുടെ പേരും അടയാളവും ജോടിയായി പഠിക്കുക.
Question 26: ടി.പി. രാജീവന്റെ ജീവിതരേഖയും 'മത്സ്യം' കവിതയുടെ ചുരുക്കവും എഴുതുക.
Answer:
ജീവിതരേഖ: 1959-ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. നേടി. കുറച്ചുകാലം ഡൽഹിയിൽ പത്രപ്രവർത്തകനായി. ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ. 'ഉത്തരാധുനികതയുടെ സർവ്വകലാപരിസരം' എന്ന ലേഖനവും 'കുരുക്കൻ' എന്ന കവിതയും ടി.പി. രാജീവനെ സി.പി.എമ്മിന് അനഭിമതനാക്കി. വിദ്യാർത്ഥിജീവിതകാലത്തുതന്നെ കവിത എഴുതിത്തുടങ്ങി. യുവകവികൾക്ക് നൽകുന്ന വി.ടി. കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'പാലേരി മാണിക്യം' എന്ന നോവൽ സിനിമയാക്കിയിട്ടുണ്ട്.
കവിതാച്ചുരുക്കം: ചെറുതായിരിക്കുന്നതിന്റെ അതിജീവനമാണ് 'മത്സ്യം' കവിത പറയുന്നത്. ഉത്തരാധുനിക കവിയായ ടി.പി. രാജീവൻ ഈ കവിതയിൽ ആവിഷ്കരിക്കുന്ന ആഖ്യാനരീതിയും ഭാവവും പുതുതാണ്. മത്സ്യം മണൽത്തരിയോളം ചെറുതാണ്. അത് കടലിലെ തിരകളോട് ഒറ്റയ്ക്ക് നിന്ന് പൊരുതി ജീവിക്കുകയാണ്. വേലിയേറ്റം വരുമ്പോൾ കടലിലെ എല്ലാ വിജയങ്ങൾക്കും മേലെ അത് ഉയർന്നുനിൽക്കുന്നു. വേലിയിറക്കത്തിൽ അത് കടലിന്റെ ആഴങ്ങളിലെ രഹസ്യങ്ങൾക്കു താഴെ കഴിയുന്നു. ഈ മത്സ്യത്തെ പിടിക്കാൻ വലക്കണ്ണികൾക്കും ചൂണ്ടയ്ക്കും മറ്റു മത്സ്യങ്ങളുടെ വായ്ത്തലയ്ക്കും കഴിയുന്നില്ല. പരുന്തുകൾ അവനെ പിടിച്ചില്ല. ഉപ്പളങ്ങളിൽ അവൻ അകപ്പെട്ടില്ല. ധ്രുവങ്ങളിൽ അവൻ മരവിച്ചില്ല. നക്ഷത്രങ്ങളും അവതാരങ്ങളും അവന്റെ തലയ്ക്കു മീതെയോ വാലിനു മീതെയോ കടന്നുപോയി. കടലിന്റെ ഭ്രാന്തമായ രക്തത്തിലൂടെ ഒരു ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ ഓടിക്കൊണ്ടിരുന്നു. ഈ സമയമത്രയും മത്സ്യത്തെക്കാൾ വേഗത്തിൽ കടൽ അതിന്റെ പിന്നിൽ ദഹിച്ചുദഹിച്ചു വരുന്നത് അത് അറിയുന്നില്ല. ചെറുതിന്റെ അതിജീവനവും അതിലെ സാഹസികമായ ഇച്ഛാശക്തിയുമാണ് ഈ കവിതയുടെ അന്തസ്സാരം.
Exam Tips:
a) കവിപരിചയത്തിൽ ജനനസ്ഥലം, വിദ്യാഭ്യാസം, പ്രധാന കൃതികൾ, പുരസ്കാരം എന്നിവ ക്രമത്തിൽ ചേർക്കുക.
b) കവിതാസാരം എഴുതുമ്പോൾ ആദ്യവരികളും അവസാനവരികളും (ദഹിച്ചുവരുന്ന കടൽ) നിർബന്ധമായും പരാമർശിക്കുക.
Question 27: 'അവതാരലക്ഷ്യം അറിയാത്ത മത്സ്യം' (ഡോ. പി.കെ. തിലക്) - 'മത്സ്യം' കഥയെക്കുറിച്ചുള്ള പഠനം സംഗ്രഹിച്ച് എഴുതുക.
Answer:
ജീവിവർഗ്ഗത്തിന്റെ പരിണാമത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങിയ ചാൾസ് ഡാർവിൻ എത്തിച്ചേർന്ന നിഗമനങ്ങളിലൊന്ന് 'അർഹതയുള്ളവ അതിജീവിക്കുന്നു' എന്നാണ്. അതിജീവനത്തിൽ അതീവതൽപരരായവർ അർഹതയ്ക്ക് കരുത്ത്, മെയ്വഴക്കം, ശാലീനത, തന്ത്രം തുടങ്ങിയ അർത്ഥങ്ങൾ കല്പിച്ചു. അതിജീവനത്തിന്റെ പ്രകൃതിരഹസ്യം ആർക്കും നിഷേധിക്കാവതല്ലല്ലോ.
അവതാരകഥയുടെ ഇതിഹാസസാഗരം താണ്ടി 'മത്സ്യം' ഡാർവിന്റെ പരീക്ഷണശാലയിലെത്തി. അവതാരലക്ഷ്യം സൗകര്യപൂർവ്വം വിസ്മരിക്കാൻ കഴിഞ്ഞതിനാൽ ബ്രഹ്മാവിനോട് ഹയഗ്രീവൻ ചെയ്ത ചതിയെക്കുറിച്ച് അതിനു വ്യസനിക്കേണ്ടിവന്നില്ല. കൃതമാലാനദിയിൽ ഊളിയിടാനോ വൈവസ്വതമനുവിന്റെ കൈക്കുമ്പിളിൽ വീർപ്പുമുട്ടാനോ മൺകുടത്തിലും കൽക്കുളത്തിലും ഗംഗാനദിയിലുമായി നീന്തിത്തുടിക്കാനോ അതിനെ ആരും നിർബന്ധിച്ചില്ല. അതിജീവനത്തിനുള്ള മെയ്വഴക്കം മാത്രം അത് പരിശീലിച്ചു. തന്റെ ചെറുപ്പം മറന്ന് കടൽത്തിരയോടു പൊരുതിനിൽക്കാൻ മത്സ്യത്തിനു കഴിഞ്ഞത് പുതിയകാലത്തിന്റെ മെയ്വഴക്കം ശീലിച്ചതുകൊണ്ടാണ്. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ചൂണ്ടകളെയും തളർത്തിയില്ല. വലക്കണ്ണികളെയും ചൂണ്ടകളെയും അത് അതിജീവിച്ചു.
ഒരു കഥയിലും പിടികൊടുക്കാതെ, ഒരു കണ്ണാടിയിലും പതിയാതെ, ഒരു ചന്തയിലും നാണംകെടാതെ, വ്യവസ്ഥാപിതത്വത്തിന്റെ ഭാഗമായി തലയുയർത്തിനിന്ന മത്സ്യത്തെക്കുറിച്ചാണ് ടി.പി. രാജീവന് പറയാനുള്ളത്. കടലിന്റെ ഭ്രാന്തുപിടിച്ച രക്തത്തിലൂടെ ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ ഓടിക്കൊണ്ടിരുന്ന ബുദ്ധിശാലിയായ മത്സ്യത്തിനു പിന്നിൽ അതിനേക്കാൾ വേഗത്തിൽ ദഹിച്ചുവരുന്ന കടൽ, കവി നൽകുന്ന മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് പലരും പണ്ടേ നൽകിക്കഴിഞ്ഞതാണ്. ആധ്യാത്മികമായ സൗമ്യതയോടെ എഴുത്തച്ഛനും പൂന്താനവും അതു പറഞ്ഞുതന്നു. പരുഷമായ ഭാഷയിൽ പറഞ്ഞവരും ഗൗരവത്തോടെ താക്കീതു നൽകിയവരുമുണ്ട്. എന്നിട്ടും ടി.പി. രാജീവന് അത് ആവർത്തിക്കേണ്ടിവരുന്നു. വിമർശനാത്മകത, തത്ത്വചിന്ത, പ്രവചനാത്മകത എന്നിവ സമ്മേളിക്കുന്നിടത്താണ് മികച്ച കവിത ജനിക്കുന്നത്. 'മത്സ്യം' എന്ന കവിതയിൽ ഇവ മൂന്നും കാണാം.
ഇതിലെ വിമർശനാത്മകത ആക്ഷേപഹാസ്യത്തിന്റെ ഛായ സ്വീകരിച്ചിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതി താലോലിക്കുന്ന ഒന്ന് ദയനീയമായി പൊളിഞ്ഞുവീഴാൻ തുടങ്ങുന്നിടത്താണ് ആക്ഷേപഹാസ്യത്തിന്റെ മുൾമുന തെളിയുന്നത്. സ്വാർത്ഥതയ്ക്കായുള്ള പരിഭ്രാന്തി അതിന് ആക്കം കൂട്ടുന്നു. കവിതയിലെ തത്ത്വചിന്ത ആരംഭിക്കുന്നത് അവസാനഖണ്ഡത്തിലാണ്. ആദ്യഭാഗങ്ങളിലെ ഉത്സാഹം കണ്ട് ആവേശംകൊണ്ട അനുവാചകൻ ഇവിടെയെത്തുമ്പോൾ തെല്ല് പരിഭ്രമിക്കുന്നു. പിന്നീട് ഓരോ ഖണ്ഡത്തിലേക്കും മടങ്ങിച്ചെന്ന് കാര്യകാരണങ്ങൾ തുലനം ചെയ്യാൻ തുടങ്ങുകയായി. അപ്പോൾ നിർവേദഭാവം കൈക്കൊള്ളുന്നു. പ്രവചനാത്മകത രൂപംകൊള്ളുന്നത്, ഒഴിഞ്ഞുമാറിയും തിരിഞ്ഞതിർത്തും കീഴടങ്ങിയും കീഴടക്കിയും മത്സ്യം പ്രതിസന്ധികളെ തരണം ചെയ്യുന്നതിലാണ്. പരാജയപ്പെട്ടവരെയോ പതറിപ്പോയവരെയോ തിരിഞ്ഞുനോക്കാൻ അത് കൂട്ടാക്കുന്നില്ല. അതിജീവനം മാത്രമേ അതിനു മുന്നിലുള്ളൂ. ഓരോ നിമിഷവും അത് ജീവിതത്തിനു വേഗം കൂട്ടുകയാണ്. അങ്ങനെ അത് ചുട്ടുപഴുത്ത സൂചിപോലെ കടലിന്റെ രക്തത്തിലൂടെ പ്രവഹിക്കാൻ തുടങ്ങി.
കാലത്തിനൊത്ത് കോലംകെട്ടിയും ചേരതിന്നുന്ന നാട്ടിൽ നടുക്കണ്ടം തിന്നും അതിജീവിത വിജയം നേടി. ഇതിനെയാണ് പ്രായോഗികബുദ്ധി എന്നു പറയുന്നത്. ഏതുകാലത്തും ജീവിക്കാൻ ഇതു വേണമത്. പ്രായോഗികബുദ്ധി കുറച്ചുകൂടി പരുവപ്പെടുമ്പോൾ അതിബുദ്ധിയായി മാറുന്നു. അങ്ങനെ ഏതും നേരിടാനുള്ള മെയ്വഴക്കം നേടാം. ഇത്തരം വിജയങ്ങൾ എത്രത്തോളം ശാശ്വതമാണെന്നിടത്താണ് യഥാർത്ഥ പ്രശ്നം ഉടലെടുക്കുന്നത്. അതു നിരിച്ചറിയാൻ ചില തിരിഞ്ഞുനോട്ടങ്ങൾ ആവശ്യമാണ്. 'മണൽത്തരിയോളം പോന്നൊരു മത്സ്യം / കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതിനിന്നു' എന്നിടത്താണ് കവിത ആരംഭിക്കുന്നത്. ഇത് ഭൗമമണ്ഡലത്തിലെ എല്ലാ ജീവികളെയും സംബന്ധിക്കുന്ന സമസ്യയാണ്. പ്രപഞ്ചത്തിന്റെ അപാരതയ്ക്കു മുന്നിൽ അവ നിരന്തരം പോരാടിനിൽക്കുന്നു. നിലനിൽപ്പിനുവേണ്ടിയുള്ള സമരമായിട്ടാണ് പരിണാമശാസ്ത്രം ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. നിലനിൽപ്പിനുവേണ്ടിയാണെങ്കിൽപോലും സ്ഥലപ്രപഞ്ചത്തോടുള്ള ആരതിയും അതിന്റെ ഭാഗമായ പോരാട്ടവും പരിമിതപ്പെടേണ്ടതുണ്ടെന്ന നിലപാടാണ് വേദാന്തികൾക്കുള്ളത്.
'വേലിയേറ്റങ്ങളുടെ വൈകുന്നേരങ്ങളിൽ അവൻ എല്ലാ കൊടികൾക്കും മുകളിൽ / ഒഴുക്കുകൾ ഉൾവലിയുമ്പോൾ എല്ലാ രഹസ്യങ്ങൾക്കും അടിയിൽ' എന്ന രണ്ടാംഖണ്ഡത്തിൽ അതിജീവനത്തിന്റെ അടുത്തതലം കവി ആഖ്യാനം ചെയ്യുന്നു. ഇവിടെ അതിജീവനത്തെ ആഘോഷമാക്കി മാറ്റുന്നതാണ് നാം കാണുന്നത്. കൃതികമായ അതിജീവനതന്ത്രങ്ങളേക്കാൾ തന്ത്രശാലിത്വവും മെയ്വഴക്കവും ഇവിടെ പ്രധാനമായിത്തീരുന്നു. ഏതു പ്രപഞ്ചശക്തിയെയും കീഴ്പ്പെടുത്താനുള്ള കരുത്തുണ്ടെന്ന അഹന്ത ഇതിനു പിന്നിലുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വേദാന്തികൾ നൽകുന്ന അനുഭവസാക്ഷ്യം ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം, വേഗേന നഷ്ടമായുസ്സുമോർക്ക നീ (എഴുത്തച്ഛൻ - അധ്യാത്മരാമായണം) എന്നതാണ്. പക്ഷേ, ഇതു ചെവിക്കൊള്ളാൻ അധികമാരും കൂട്ടാക്കാറില്ല. ജ്ഞാനപ്പാനകൊണ്ട് പൂന്താനം ചെയ്ത പരിശ്രമവും വേണ്ടത്ര ഫലം കണ്ടുവെന്നു പറയാനാവില്ല. തത്ത്വചിന്തയെയും ജീവിതയാഥാർത്ഥ്യങ്ങളെയും ഭിന്നമായി കാണാൻ നാം പരിശീലിച്ചുകഴിഞ്ഞിരിക്കുന്നു. "നല്ലദേഹം നിമിത്തം മഹാമോഹം" എന്നെല്ലാം വേദാന്തികൾ താക്കീതു ചെയ്തേക്കാം. സമ്പത്തും അധികാരവും ജനസമ്മതിയുമുണ്ടെങ്കിൽ 'മഹാമോഹം' ആകാമെന്നുതന്നെ ചരിത്രം പഠിപ്പിക്കുന്നു.
അത്തരക്കാരുടെ വിജയഗാഥ കവി തുടരുന്നു: "അവനെ / പരുന്തിൻകണ്ണുകൾക്ക് കോർത്തെടുക്കാനോ ഉപ്പുവയലുകൾക്ക് ഉണക്കിവെക്കാനോ / ധ്രുവങ്ങൾക്ക് മരവിപ്പിക്കാനോ കഴിഞ്ഞില്ല." ഭരണാധിപതികൾ അവരുടെ നീതിയാണ് നടപ്പിലാക്കുന്നത്. അവരുടെ പരുന്തിൻകണ്ണുകൾ അവനുമേൽ നീളുകയില്ല. നിയമസംഹിതയുടെ വിലക്കുകൾ അവനെ ബാധിക്കുന്നില്ല. അവന്റെ നീക്കങ്ങൾക്കും തടയിടാൻ ചട്ടങ്ങളിൽ പഴുതുകളില്ല. അതിജീവനത്തിന്റെ ഉദാത്തമാതൃകകൾ ഇങ്ങനെ നമ്മുടെ മുന്നിൽ തെളിയുന്നു. ഏത് ഊരാക്കുടുക്കുകളിൽനിന്നു രക്ഷപ്പെടാനും ലളിതസമവാക്യങ്ങൾ ഇന്നു ലഭ്യമാണ്. കൈക്കൂലി, ശരീരമടക്കമുള്ള കാഴ്ചദ്രവ്യങ്ങൾ, ആൾബലം, ജാതിമതപിന്തുണകൾ എന്നിങ്ങനെ നിണ്ടുപോകുന്ന പട്ടികയിൽനിന്ന് തരാതരംപോലെ വിഭവങ്ങൾ നിരത്തി ജീവിതം ഭദ്രമാക്കാൻ കഴിയും. അതിനാൽ അഹിംസ, നീതിബോധം, സഹാനുഭൂതി, സഹവർത്തിത്വം, ആത്മാഭിമാനം, പരിസ്ഥിതിബോധം തുടങ്ങിയവ പാഴ്വസ്തുക്കളായി മാറുന്നു.
ഏതു നിലയ്ക്കും കൈയൂക്കുള്ളവൻ തന്നെയാണ് കാര്യക്കാരൻ. നക്ഷത്രങ്ങളും അവതാരങ്ങളും അവന്റെ തലയ്ക്കോ വാലിനോ മുകളിലൂടെ കടന്നുപോയി 'അന്തിമവിധി എപ്പോഴും അവന് അനുകൂലമായിരുന്നു' എന്ന് കവി ചൂണ്ടിക്കാട്ടുന്നു. മഗ്ദലനമറിയത്തെ തൊടി വകാൻ അഭിനവശീമോൻ ഒരിക്കലും ബുദ്ധിമുട്ടുണ്ടായില്ല. തിരുപ്പിറവി ആഘോഷങ്ങളും പെരുന്നാൾ നൊയമ്പുകളും അവന്റെ ചെലവിലാണ് കൊണ്ടാടപ്പെട്ടത്. അവന്റെ ഗുണഗണങ്ങൾ മാത്രം വാഴ്ത്തപ്പെട്ടു. അവൻ ഒരു കഥയിലും പിടികൊടുത്തില്ല; ഒരു കണ്ണാടിയിലും ഛായയായില്ല; ഒരു ചന്തയിലും നാണംകെട്ടില്ല. വൻ കൈവരിച്ച മഹത്വത്തിന്റെ സാക്ഷ്യങ്ങൾ ഇവയാണ്.
നേട്ടങ്ങളുടെ മാത്രം യശോധാവള്യത്തിൽ നിലയുറപ്പിക്കാനും ആന്തരലോകങ്ങൾ ഗോപനം ചെയ്യാനും കഴിയുന്നവരാണ് ലോകത്തിന്റെ ഉത്തമമാതൃകകൾ. അവരെ ഒരു കളങ്കവും ഏശുകയില്ല. സ്വന്തം സത്യസന്ധത തെളിയിക്കാൻ അവർക്ക് സാമൂഹികനീതിയുടെ ചന്തയിൽ വിലപേശേണ്ടിവരുന്നില്ല. അവർക്കുവേണ്ടി വിലനിശ്ചയിക്കാനുള്ള ഇടനിലക്കാരെ അവർതന്നെ സജ്ജരാക്കിക്കഴിഞ്ഞു. സമൂഹത്തിൽ വിലയും നിലയും നേടുന്ന 'ജീവിതവിജയങ്ങളെ'ക്കുറിച്ചുള്ള ബ്രഹദാഖ്യാനമാണ് കവി ഇവിടെ നടത്തിയിരിക്കുന്നത്. അവർ നമുക്കുചുറ്റും തലയുയർത്തിനിൽക്കുന്നു. എല്ലാ നിയമങ്ങളും അവർക്കുവേണ്ടി നിർമ്മിക്കപ്പെട്ടവയാണ്. മാറിമാറി വരുന്ന ഭരണകർത്താക്കൾ അവരുടെ സംരക്ഷകരായിത്തീരുന്നു. അവരായിത്തീരാനാണ് നാം ഓരോരുത്തരും ശ്രമിക്കുന്നത്. അവർ പ്രകൃതിയെ കീഴടക്കിയവരാണ്. ഭൂമിയിലെ എല്ലാ വിഭവങ്ങളും തങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും കരുതാണ് അതിജീവനത്തിന്റെ താക്കോലെന്നും അവർ വിളംബരം ചെയ്യുന്നു.
അതിനെതിരായ ദുർബലശബ്ദങ്ങൾ അവരുടെ വിജയാരവങ്ങൾക്കിടയിൽ മുങ്ങിപ്പോവുകയാണു ചെയ്യുന്നത്. ഇത്തരം പ്രലോഭനങ്ങൾക്കൊന്നും അവരുടെ വിജയഗാഥയെ ദുർബലപ്പെടുത്താനാവില്ല. "പത്തുകിട്ടിയാൽ നൂറുമതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും" പൂന്താനം അവരെ കളിയാക്കിയിട്ടുണ്ട്. പത്തുകൊടുത്തു നൂറു വാങ്ങാനും ശതം ചെലവഴിച്ച് സഹസ്രം നേടാനും വേണ്ട ജാലവിദ്യ അവർ അഭ്യസിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ സഹസ്രം കൊടുത്തു നേടുന്ന സൗഭാഗ്യങ്ങൾക്കു പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന വെടിമരുന്ന് സ്വന്തം പരമ്പരകൾക്കുള്ള ബലിച്ചോറാണെന്ന് അവർ അറിയുന്നില്ല. (രാഷ്ട്രീയഭരണകേന്ദ്രങ്ങൾ വഴി പിരിച്ചെടുക്കുന്ന കോഴപ്പണത്തിൽ ബഹുഭൂരിപക്ഷവും തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള ഫണ്ടിലാണ് ചെന്നുചേരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.) അവർ പങ്കുവെക്കുന്ന സുഖഭോഗങ്ങളിലൂടെ മാറാവ്യാധികൾ തലമുറകളിൽ കുടിയിരിപ്പു നേടുന്നു.
മത്സ്യാവതാരകഥയിൽ വൈവസ്വതമനുവിന് പ്രളയത്തിൽനിന്നും രക്ഷനേടാൻ മഹാവിഷ്ണു ഒരു വള്ളം നൽകിയിരുന്നു. മഹാപ്രളയത്തിൽ നോഹയ്ക്ക് യഹോവ സുരക്ഷിതമായ പേടകം നൽകി. സുഖാസക്തികൊണ്ട് ലോകത്തിന് ഭീഷണിയുയർത്തുന്ന നരാധമന്മാർക്ക് ദഹിച്ചുവരുന്ന കടൽ ഉന്മൂലനാശമാണ് വിതയ്ക്കാൻ പോകുന്നത്. മാനവരാശിയെ ഒന്നടങ്കം നശിപ്പിച്ചശേഷം അനുഗ്രഹങ്ങളിൽ പാർപ്പുറപ്പിക്കാമെന്ന വ്യാമോഹം അവിടെ നിൽക്കട്ടെ. നിയമവ്യവസ്ഥയെയും ജനതയുടെ സഹവർത്തിത്വത്തെയും തകർത്തെറിഞ്ഞ് കെട്ടിയുയർത്താൻ ശ്രമിക്കുന്ന ശീട്ടുകൊട്ടാരങ്ങൾ കോടങ്കാറ്റിൽ തകർന്നടിയുമെന്നെങ്കിലും മനസ്സിലാക്കുന്നതു നന്ന്.
കല്പാന്തപ്രളയത്തോളം അതിനായി കാത്തിരിക്കേണ്ടതില്ല. ഉറുമ്പ്, ആമ, പുഴു, കാക്ക, പൂച്ച തുടങ്ങിയവയെക്കുറിച്ചെല്ലാം ടി.പി. രാജീവൻ കവിത എഴുതിയിട്ടുണ്ട്. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിനുപകരം അടുത്തുള്ളതിനെ ആവിഷ്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കവി അഭിപ്രായപ്പെട്ടിട്ടുണ്ട്. (വയൽക്കര ഇപ്പോഴില്ലാത്ത എന്ന സമാഹാരത്തിന് അനുബന്ധമായി ചേർത്ത അഭിമുഖം). കവിത കൂടുതൽ മൂർച്ചയുള്ളതാകുന്നത് രൂപങ്ങൾക്കു മേലുള്ള ധന്യാത്മകതകൊണ്ടാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം. 'കാക്ക' എന്ന കവിത അത് ഉറപ്പിക്കുന്നു. അതിലെ ഒരു ഭാഗം ചുവടെ ചേർക്കാം: ദാഹിച്ചു വലഞ്ഞ പഴയ നാടോടിക്കഥയിലെ കാക്ക തന്നെയാണ് ഇവിടത്തെ കഥാപാത്രം. കൊച്ചുകൊച്ചു വാക്കുകൾ കൊത്തിക്കൊത്തിയിട്ടു ചോരപൊന്തിവന്നു കാക്ക ദാഹം തീരുവോളം കുടിച്ചു.
കവിതയെക്കുറിച്ചുള്ള രാജീവന്റെ സങ്കൽപ്പം കാണുക: "ഹിറ്റ്ലറുടെ ഭരണകാലത്ത് നാസികാസില കപ്പെട്ട ഭൂരിപക്ഷം ജർമ്മൻകാരും എഴുതിയത് കവിതകളാണ്. അവരാരും തന്നെ നേരത്തെ കവികളായിരുന്നില്ല. അപ്പോഴത്തെ ദുരിതങ്ങളിൽ കവിതയല്ലാതെ അവർക്കു മറ്റൊന്നും അഭയമില്ല. കുറ്റവാളികൾ, ശിക്ഷിക്കപ്പെട്ടവർ, അധഃകൃതർ - ഇങ്ങനെ ജീവിതത്തിൽ അവ ഗണിക്കപ്പെടുന്നവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും മീഡിയമാണ് കവിത. പരാജിതരുടെ മീഡിയം. 'മത്സ്യം' എന്ന കവിതയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കവിയുടെ ഈ നിലപാടുകളെക്കൂടി ആശ്രയിക്കാവുന്നതാണ്." (മാതൃഭൂമി ആഴ്ചപ്പതിപ്പ്)
Exam Tips:
a) പഠനത്തിലെ മൂന്ന് പ്രധാന ആശയങ്ങൾ (വിമർശനാത്മകത, തത്ത്വചിന്ത, പ്രവചനാത്മകത) ഓരോന്നും വേർതിരിച്ച് എഴുതുക.
b) ഡാർവിന്റെ 'അർഹതയുള്ളവ അതിജീവിക്കുന്നു' എന്ന ആശയവും കവിതയിലെ മത്സ്യവും തമ്മിലുള്ള ബന്ധം ഒരു വാചകത്തിൽ ചേർക്കുക.
c) പൂന്താനം, എഴുത്തച്ഛൻ എന്നിവരുടെ ഉദ്ധരണികൾ കൃത്യമായി എഴുതുക.
Free study material for Malayalam
Free Kerala Board Textbook Explanations: Class 11 Malayalam Chapter 04 Matsyam
Official Kerala Board Solutions for Chapter 04 Matsyam
Review comprehensive exercise answers for Class 11 Malayalam Chapter 04 Matsyam. Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.
Step-by-Step Explanations for Chapter 04 Matsyam
Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 11 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.
Next Steps in Your Malayalam Revision
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 04 Matsyam with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus One Malayalam Unit 1 Chapter 4 Matsyam Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Unit 1 Chapter 4 Matsyam Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 1 Chapter 4 Matsyam Textbook Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 1 Chapter 4 Matsyam Textbook Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Unit 1 Chapter 4 Matsyam Textbook Questions and Answers in printable PDF format for offline study on any device.