Kerala Plus One Malayalam Unit 1 Chapter 1 Sandarsanam Textbook Questions and Answers

Step-by-Step Textbook Solutions for Class 11 Malayalam Chapter 01 Sandarsanam

Access comprehensive textbook solutions for Chapter 01 Sandarsanam using the official curriculum guides for Class 11 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.

Download Chapter 01 Sandarsanam Textbook Solutions PDF

View or download the dedicated Chapter 01 Sandarsanam solution resource below. Engaging with these textbook answers under focused study conditions ensures continuous academic progress and mastery of the 2026-27 curriculum for Malayalam.

Two Marks Questions

Question 1: വലയത്തിൽനിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക.
1. സന്ദർശനം എന്ന കവിത രചിച്ചതാര്? (ചങ്ങമ്പുഴ, വൈലോപ്പിള്ളി, ബാലചന്ദ്രൻ ചുള്ളിക്കാട്)
2. 'തൊണ്ടയിൽ പിടയുകയാണോരേകാന്തരോദനം' ഇവിടെ ഏകാന്തമായി പിടയുന്നതാര്? (കവി, കാമുകി, പ്രകൃതി)
3. 'മൗനം കുടിച്ചിരിക്കുന്നു' - ഈ പ്രയോഗം കൊണ്ടർത്ഥമാക്കിയിരിക്കുന്നതെന്ത്? (വാചാലത, ആഹ്ലാദം, ദുഃഖം, നിശബ്ദത)

Answer:

1. ബാലചന്ദ്രൻ ചുള്ളിക്കാട്
2. കവി
3. നിശബ്ദത

Exam Tips:

a) വലയത്തിൽ തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നുതന്നെ ശരിയായത് തെരഞ്ഞെടുത്ത് എഴുതുക.
b) ഓരോ ഉപചോദ്യത്തിനും നമ്പർ ഇട്ട് ഉത്തരം എഴുതിയാൽ മൂല്യനിർണയം എളുപ്പമാകും.

 

Question 2: കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തി എഴുതുക.
1. പൊൻചെമ്പകം പൂത്തകരൾ, കണ്ണിലെ കൃഷ്ണകാന്തം കൊണ്ടു പൂത്ത ചില്ലകൾ, കരിമേഘത്തിലൊരു മിന്നൽ, കനകമൈലാഞ്ചിനീരിൽ തുടുത്തവിരൽ.
2. മനസ്വിനി, സന്ദർശനം, പ്രണയപർവ്വം, കുടിയൊഴിക്കൽ

Answer:

1. കരിമേഘത്തിലൊരു മിന്നൽ
2. കുടിയൊഴിക്കൽ

Exam Tips:

a) ഒന്നാമത്തേതിൽ മറ്റു മൂന്നും 'സന്ദർശനം' കവിതയിലെ പ്രണയത്തിന്റെ ഭംഗിയുള്ള പ്രയോഗങ്ങളാണ്; ഇതേ ശൈലി നോക്കി ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
b) രണ്ടാമത്തേതിൽ മറ്റുള്ളവ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളുടെ പേരുകളായി ചേർത്തുവായിക്കുക.

 

Four Marks Questions

Question 3: ചേരുംപടി ചേർക്കുക.

AB
1. കരുണചങ്ങമ്പുഴ
2. മനസ്വിനിബാലചന്ദ്രൻ ചുള്ളിക്കാട്
3. യുഗപരിവർത്തനംകുമാരനാശാൻ
4. മദിരാശിയിലെ സായാഹ്നംവൈലോപ്പിള്ളി
5. സൂര്യകാന്തിഎൻ.വി. കൃഷ്ണവാര്യർ
6. അമാവാസിജി. ശങ്കരക്കുറുപ്പ്

Answer:

AB
1. കരുണകുമാരനാശാൻ
2. മനസ്വിനിചങ്ങമ്പുഴ
3. യുഗപരിവർത്തനംവൈലോപ്പിള്ളി
4. മദിരാശിയിലെ സായാഹ്നംഎൻ.വി. കൃഷ്ണവാര്യർ
5. സൂര്യകാന്തിജി. ശങ്കരക്കുറുപ്പ്
6. അമാവാസിബാലചന്ദ്രൻ ചുള്ളിക്കാട്

Exam Tips:

a) ഓരോ കൃതിയുടെയും കവിയെ ഓർത്തുവച്ചാൽ ചേരുംപടി ചേർക്കൽ എളുപ്പമാണ്; അറിയാവുന്നവ ആദ്യം ചേർത്ത് ബാക്കിയുള്ളവ ഒഴിവാക്കൽ രീതിയിൽ കണ്ടെത്തുക.
b) ഉത്തരം പട്ടികയായിത്തന്നെ എഴുതുന്നത് വ്യക്തത നൽകും.

 

Question 4: സന്ദർശനം - തലക്കെട്ടിന്റെ ഔചിത്യം വിലയിരുത്തുക.

Answer:

കവിയും പൂർവ്വകാമുകിയും ഏതോ ഒരു സന്ദർശകമുറിയിൽ ക്യൂവിൽ ഇരിക്കുകയാണ്. രണ്ടുപേരും വ്യത്യസ്തമായ കാര്യങ്ങൾക്കായാണ് അവിടെ എത്തിയത്. യാദൃച്ഛികമായാണ് ഇരുവരും കണ്ടുമുട്ടിയത്.
ഈ കവിതയിൽ പൂർവ്വകാമുകൻ കണ്ടുമുട്ടിയത് ഒരു സന്ദർശകമുറിയിൽ വച്ചാണ്. കൊഴിഞ്ഞുപോയ പ്രണയമായിരുന്നു ഇവരുടേത്. അവർ കണ്ടുമുട്ടിയ സ്ഥലം അവരുടെ നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ സ്വഭാവം കാണിക്കുന്നുണ്ട്. സ്വൽപ്പനേരം ഇരുന്ന്, സ്വൽപ്പനേരം കൂവിലിരുന്ന് കാണേണ്ട വ്യക്തികളെ കണ്ട് അവനവൻ ഇരുന്ന സ്ഥലം മറ്റുള്ളവർക്ക് മാറിക്കൊടുക്കേണ്ട ഇടമാണ് സന്ദർശകമുറി. അവിടെ വ്യക്തികൾ എപ്പോഴും വരണമെന്നില്ല. ഭൗതികമോ ആത്മീയമോ ആയ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്ന ഇടമാണത്. മാത്രമല്ല, സ്വന്തമായ കാര്യങ്ങൾ നിറവേറ്റുകയാണ് സന്ദർശകമുറിയിലെ കാത്തിരിപ്പിന്റെ ലക്ഷ്യം.
ഇങ്ങനെ നൈമിഷികമായ, എപ്പോഴും ഇരിപ്പിടങ്ങൾ മാറിക്കൊണ്ടിരിക്കുന്ന മുറിയാണ് സന്ദർശകമുറി. അവിടെയാണ് പൂർവ്വകാമുകർ കണ്ടുമുട്ടുന്നത്. സന്ദർശകമുറിയിലെ സമയവും കാത്തിരിപ്പും ഇരിപ്പിടവും വളരെ ക്ഷണികമാണ്. സ്ഥിരതയുള്ള ഇരിപ്പിടമല്ല സന്ദർശകമുറിയിലുള്ളത്. കവിതയിലെ പൂർവ്വകാമുകർ അവിടെ കണ്ടശേഷം പഴയപോലെ അവരവരുടെ സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുപോവുകയാണ്.
അവർ ഇനി വീണ്ടും കണ്ടുചേരാൻ ആഗ്രഹിക്കുന്നില്ല. കവിതയുടെ പേര് സന്ദർശനം എന്നാണ്. വളരെ തീവ്രമായി പ്രേമിച്ചിരുന്ന രണ്ടുപേർ തികച്ചും യാദൃച്ഛികമായി കണ്ടുമുട്ടുന്നു. അതൊരു സന്ദർശനം മാത്രമാണ്. സ്ഥിരമായ പ്രണയബന്ധം ഉണ്ടാകുന്നില്ല. നന്ദിപോലും പറയാതെ അവർ പിരിഞ്ഞുപോവുകയാണ്. ഇവർ വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ കവിതയുടെ പേര് അഴിമുഖം എന്നാകുമായിരുന്നു. നഷ്ടപ്പെട്ട പ്രണയത്തിന്റെ ബാക്കിയായ കണ്ടുമുട്ടലാണ് സന്ദർശനം. കുറേക്കാലങ്ങൾക്കുശേഷം കണ്ടുമുട്ടുന്നവരുടെ തീവ്രമായ വൈകാരിക നിമിഷങ്ങൾ ഇവിടെയില്ല.
പണ്ടേ പിരിഞ്ഞവരും രാത്രിയുടെ നിഴലുകളാണിവർ. ഇനിയും കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്നവരുടെ കണ്ടുമുട്ടലാണ് സന്ദർശനം. അതിനാൽ കവിതയുടെ പേര് വളരെ ഉചിതമാണ്. പൂർവ്വകാല പ്രണയം കൊഴിഞ്ഞുവീണ സ്ഥലത്തുനിന്നും വളരെ ദൂരെ മനസ്സിന്റെ മറ്റൊരു മരുഭൂമിയിൽ രണ്ടുപേർ കണ്ടുമുട്ടുന്നു.
പഴയ കിനാക്കൾ ഓർമ്മകളായി പറന്നുവരുന്നെങ്കിലും ഇനി ഇത് ഒരു സന്ദർശനം മാത്രമാണെന്ന് തീരുമാനിക്കുന്നു. ഇവർ സ്വയമെടുത്ത തീരുമാനത്തിന്റെ പേരാണ് സന്ദർശനം. ഇനി ഒരുമിക്കലില്ലെന്ന തിരിച്ചറിവാണ് സന്ദർശനം കവിത.

Exam Tips:

a) തലക്കെട്ടിന്റെ ഔചിത്യം വിലയിരുത്തുമ്പോൾ 'സന്ദർശകമുറി' എന്ന സ്ഥലത്തിന്റെ ക്ഷണികസ്വഭാവവും പ്രണയബന്ധം തുടരാത്തതും ബന്ധപ്പെടുത്തി എഴുതുക.
b) 'അഴിമുഖം' എന്ന പേരുമായി താരതമ്യം ചെയ്ത് എഴുതിയാൽ ഉത്തരത്തിന് കൂടുതൽ മികവ് കിട്ടും.
c) ഖണ്ഡികകളായി തിരിച്ച് ആമുഖം, വിശകലനം, ഉപസംഹാരം എന്ന ക്രമം പാലിക്കുക.

 

Six Marks Questions

Question 5: പൊൻചെമ്പകം പൂത്ത കരൾ, കനകമൈലാഞ്ചിനീരിൽ തുടുത്ത വിരൽ, കണ്ണിലെ കൃഷ്ണകാന്തം കൊണ്ടു പൂത്ത ചില്ലകൾ - കവിതയിലെ പ്രണയഭാവത്തെ ആവിഷ്കരിക്കുന്നതിൽ ഈ പ്രയോഗങ്ങൾ എത്രത്തോളം സമർത്ഥമായിട്ടുണ്ട്? വിശദീകരിക്കുക.

Answer:

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'സന്ദർശനം' സാധാരണക്കാരന്റെ രീതിയിൽ പറഞ്ഞാൽ നല്ലൊരു ക്ലാസിക്കൽ കവിതയാണ്. കവി തന്റെ പൂർവ്വകാമുകിയെ കണ്ടുമുട്ടുകയാണ്. അവർ പരസ്പരം മിണ്ടാതെ അകന്നുപോകുന്നു. അതിനിടയിൽ കവിയുടെ ഓർമ്മകളിൽ പ്രണയിച്ചിരുന്ന പഴയ കാലഘട്ടം കടന്നുവരുന്നു.
ആ ഓർമ്മകളിൽ കവിയുടെ പ്രണയം നിറസുഗന്ധവും വസന്തവും നിറഞ്ഞതായിരുന്നുവെന്ന് നമ്മൾ അറിയുന്നു. കവിതയിൽ പ്രണയകാലഘട്ടത്തെ അതിതീവ്ര സുന്ദരമായാണ് ആവിഷ്കരിക്കുന്നത്. വാക്കുകൾകൊണ്ട് വികാരഭാവങ്ങളെ നിറച്ചാർത്തുകളിൽ അവതരിപ്പിക്കുവാൻ കഴിയുമെന്നതിന് നേർസാക്ഷിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തൂലികയിൽ നിന്നും രചിക്കപ്പെട്ട ഈ അനശ്വര കവിത.
പ്രണയിച്ചിരുന്നപ്പോൾ കവിക്കുണ്ടായിരുന്ന അവാച്യമായ ആനന്ദത്തെ കവി അവതരിപ്പിക്കുന്നു. കവിയുടെ മനസ്സ് പൂത്ത ചെമ്പകം പോലെയായിരുന്നു. പ്രണയിനിയുടെ സാമീപ്യത്തെ അവതരിപ്പിക്കുന്നതിലെ ഭാവനാസൗന്ദര്യം വാക്കുകൾക്കതീതമായ ആനന്ദമാണ് നൽകുന്നത്.
ചെമ്പകപ്പൂവിന്റെ നിറവും സുഗന്ധവും പണയികൾക്ക് (പ്രണയികൾക്ക്) ഏറെ പ്രിയപ്പെട്ടതാണ്; പ്രത്യേകിച്ച് വിരഹികളായവർക്ക്. മദിപ്പിക്കുന്ന ചെമ്പകഗന്ധത്തിന്റെ ആസ്വാദ്യതയാണ് കവിയുടെ സന്തോഷത്തിന് ഉണ്ടായിരുന്നത്. കവി അനുരാഗത്തിലമർന്ന് അതിന്റെ വശ്യതയിൽ മുങ്ങിയിരിക്കുകയാണ്. ചെമ്പകം പൊൻചെമ്പകമാണ്. ആ പൊൻചെമ്പകം കവിയുടെ പ്രണയാനുഭൂതിയുടെ പ്രതിരൂപമായി ഇവിടെ ഉപയോഗിക്കുന്നു.
ആ പൊൻചെമ്പകം പൂത്തിരിക്കുന്നു. കവിയുടെ കരളിലാണ് പൊൻചെമ്പകം പൂത്തിരിക്കുന്നത്. അനുരാഗവിവശനായ കാമുകന്റെ കരളിൽ പൊൻചെമ്പകം പൂത്തത് പ്രണയിനിയുടെ സാമീപ്യത്താലാണ്. കാമുകി ഇവിടെ ചെമ്പകത്തെ പുഷ്പിക്കുന്ന ഋതുവാണ്; ഋതുസുന്ദരിയാണ്. വസന്തമാണ്. അവളുടെ സാമീപ്യത്തിൽ കവിയുടെ മനസ്സ് പൊൻചെമ്പകമായി പൂത്തിരിക്കുന്നു. പ്രണയഭാവങ്ങൾക്ക് ഉചിതമായ ഒരു പ്രകൃതിദൃശ്യമാണ് കവി ഉപയോഗിക്കുന്നത്. ചെമ്പകപ്പൂക്കളല്ല പൂത്തതായി പറയുന്നത്.
ചെമ്പകം മരത്തോടെ പൂർണ്ണമായി പൂത്തിരിക്കുന്നു. പ്രണയം മനുഷ്യനെ തരളിതനാക്കുന്നു. പ്രകൃതിയിലെ വസന്തകാലം പോലെ മനുഷ്യന് ഏറ്റവും ആസ്വാദ്യകരമായ വികാരമാണ് പ്രണയമെന്ന് ഇവിടെ നാം അറിയുന്നു. പ്രണയിനിയുടെ വിരൽസ്പർശം കവിയെ പുളകിതനാക്കുന്നു. തന്റെ കാമുകിയുടെ കൈവിരലുകൾ കവി കാണുന്നു. അത് കനകമൈലാഞ്ചിനീരിൽ തുടുത്തിരിക്കുന്നു.
പ്രണയത്തിന്റെ മനോർജകമായ (മനോഹരമായ) സൗകുമാര്യമാണ് ഈ വരിയിൽ കാണുന്നത്. പ്രണയിക്കുമ്പോൾ കാമുകീകാമുകന്മാർ പരസ്പരം നോക്കിക്കാണുന്നത് സാധാരണതയിൽ കവിഞ്ഞ ഭാവനകളോടെയാണ്. കാമുകൻ കാമുകിയെ കാണുമ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ, അഭൗമ സൗന്ദര്യത്താൽ ആകർഷിക്കുന്ന ഒരു ദേവതയായിപ്പോലും തോന്നാം. കാമുകി കാമുകനെ നോക്കുന്നതും ഓർക്കുന്നതും ഇതുപോലെയാണ്. ഹൃദയങ്ങളിൽ പ്രണയം കുറുകുമ്പോൾ അവർ പ്രിയപ്പെട്ടവരാണ്; ആൾക്കൂട്ടത്തിൽ വ്യത്യസ്തരാണ്. ഒരുപക്ഷേ മറ്റുള്ളവർക്ക് പ്രണയികളെ കാണുമ്പോൾ അപ്രിയങ്ങൾ ഉണ്ടാകാം.
പക്ഷേ പ്രേമിക്കുന്നവർക്ക് പരസ്പരം കാണുമ്പോഴും ഓർക്കുമ്പോഴും സാധാരണതയിൽ കവിഞ്ഞ മോഹനമായ വ്യക്തിവിശേഷങ്ങൾ തോന്നുന്നു. തന്റെ പ്രണയിനിയുടെ കൈവിരൽ സ്പർശിച്ചപ്പോൾ കവിയുടെ ഉള്ളിൽ കിനാവ് ചുരക്കുന്നു. ആ വിരലുകൾ അലങ്കരിക്കപ്പെട്ടവയാണ്. സ്വർണ്ണവർണ്ണമുള്ള മൈലാഞ്ചിനീരിൽ തുടുത്തിരിക്കുന്ന വിരലുകളാണവ. തന്റെ കാമുകിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
മൈലാഞ്ചിയണിഞ്ഞ വിരലുകളാണെങ്കിലും അത് കവിയെ സംബന്ധിച്ചിടത്തോളം സ്വർണ്ണനിറമുള്ള മൈലാഞ്ചിനീരാണ്. ഈ കനകമൈലാഞ്ചിനീരിൽ അവളുടെ വിരലുകൾ തുടുത്തിരിക്കുന്നു. തന്റെ സ്പർശിച്ച വിരലുകളുടെ തുടുപ്പിൽ കവി മുഴുകിയിരിക്കുന്നതും ഓർമ്മിച്ചിരിക്കുന്നതും പ്രണയവികാരത്തിന്റെ അനുഭൂതിയാണ്. വിരലുകളുടെ തുടുപ്പ് കവിയുടെ പ്രണയാർദ്രമായ മനസ്സിന്റെ സുന്ദരമായ തോന്നലുകളാണ്. ഈ വിരലുകളുടെ സ്പർശനം കവിയെ അനുരാഗിയാക്കി മാറ്റി. കവിയിൽ കിനാവുകൾ ചുരന്നു. ചുരക്കുന്നത് കിനാവുകളാണെന്നതും കിനാവ് ചുരക്കുകയാണെന്നതും പ്രണയസമ്മോഹനങ്ങളുടെ മധുരമായ രൂപങ്ങളാണ്. കവിയുടെ കിനാവുകളിൽ പ്രണയിയുടെ വിരലുകൾ തുടുത്തിരിക്കുന്നു.
പ്രണയഭാജനത്തെ ആവിഷ്കരിക്കുന്നതിൽ ഈ വാക്കുകൾ എത്രയോ വ്യക്തങ്ങളായിത്തീർന്നിരിക്കുന്നു. കുട്ടിക്കുവേണ്ടി അകിട് ചുരക്കുന്നതിന്റെ സ്നേഹവാത്സല്യങ്ങളും നൈസർഗ്ഗികതയും എല്ലാം ചുരക്കുക എന്ന വാക്കിലൂടെ മലയാളിക്ക് പരിചിതമാണ്. കിനാവ് ചുരക്കുന്നു എന്ന് പറയുമ്പോൾ പ്രണയത്തിന്റെ നൈസർഗ്ഗികമായ സാഫല്യമാണ് വായനക്കാർക്ക് അനുഭവിക്കാൻ കഴിയുന്നത്.
കവിതയും സാഹിത്യവും നിശ്ശബ്ദമായ അനുഭവങ്ങളെ വാക്കുകളിലൂടെ ആവിഷ്കരിക്കലാണ്. കവികൾ അവയെ വാക്കുകളിൽ ഒപ്പിയെടുക്കുന്നു. കാമുകിയുടെ പ്രണയാർദ്രമായ കണ്ണുകളെക്കുറിച്ച് കവി പാടുന്നത് കാവ്യാനുഭൂതിയുടെ മൂടൽമാമലകളിലെ നറും കുളിരായി മാറുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണമണികളെ കവി കാണുന്നതിലെ സൗന്ദര്യം പ്രണയാർദ്രമായ ഭാവനാസുഖമാണ് നൽകുന്നത്. കാമുകിയുടെ കണ്ണിലുള്ളത് കൃഷ്ണകാന്തമാണ്. കാന്തത്തെപ്പോലെ വശീകരിക്കുന്ന കൃഷ്ണമണികളാണവ. ആ കണ്ണുകൾ നെടിയതാണ്. കാമുകിയുടെ സൗന്ദര്യവും കണ്ണിലെ കൃഷ്ണമണികളുടെ പ്രണയാർദ്രമായ വശ്യതയുമാണ് ഇവിടെ നാമറിയുന്നത്.
ഈ കൃഷ്ണമണികളിൽ നിന്നും കിരണങ്ങൾ വരുന്നു. അവയേറ്റ് കവിയുടെ മനസ്സ് പൂക്കുന്നു. സൂര്യരശ്മിയുടെ വെളിച്ചത്തിൽ പൂത്തു നിൽക്കുന്ന മരച്ചില്ലകളെ സങ്കൽപ്പിച്ചുകൊണ്ടുള്ള പ്രണയവരികളാണിത്. കാമുകിയുടെ നോട്ടത്താൽ പൂക്കുന്ന കവിയുടെ മനസ്സ് വളരെ സുന്ദരമായി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. കൃഷ്ണമണികളെ കൃഷ്ണകാന്തങ്ങളെന്ന് രചിച്ചപ്പോൾ ഈ വരികൾക്ക് ഒരു നവശോഭ കൈവന്നിരിക്കുന്നു.
അതിന്റെ കിരണമേറ്റ് ചില്ലകൾ പൂക്കുന്നത് കവിയുടെ മനസ്സിലാണ്. മേൽ വിവരിച്ച പ്രയോഗങ്ങളിൽ തന്റെ പ്രണയാനുഭവത്തെ പ്രകൃതിയുടെ സൗന്ദര്യത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. കാമുകിയുടെ കാഴ്ചയും സ്പർശനവും കവിയെ തോന്നലുകളാണ്. ഈ വിരലുകളുടെ സ്പർശനം കവിയെ പ്രണയാർദ്രനാക്കുന്നു. സ്വാഭാവികമായ വളർച്ചയിൽ പ്രകൃതിയിൽ വളരെ നൈസർഗ്ഗികമായുണ്ടാകുന്ന വസന്തത്തിന്റെ കാഴ്ചകളിലൂടെയാണ് കവി ഈ പ്രണയാനുഭവത്തെ ആവിഷ്കരിക്കുന്നത്. കവിയുടെ പ്രണയാനുഭൂതിയെ ചെമ്പകം പൂത്തതും, ചില്ലകൾ പൂത്തതും കാവ്യാനുഭൂതിയാക്കി മാറ്റുന്നു.
പ്രണയത്തിന്റെ ഗന്ധർവ്വകവിതയാണ് സന്ദർശനം കവിത. രാത്രിയിലെ നിലാവിൽ അലഞ്ഞ് പകലാകും മുമ്പേ ഭൂമി വെടിയുന്ന ഗന്ധർവ്വന്റെ ശാപം പോലൊന്ന് ഈ കവിതയിലെ ഭാവസൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. സന്ദർശിക്കുന്നത് എന്നേക്കുമായി പിരിയുവാനാണെന്ന ഗന്ധർവ്വദുഃഖം കവിതയെ തരളിതമാക്കുന്നു. പകലാകും മുമ്പേ പിരിഞ്ഞുപോകേണ്ടിവരുന്ന ഒരു ഗന്ധർവ്വന്റെ സന്ദർശനമായി ഈ കവിത തോന്നാം. അതിന് പരണയാകുന്നത് ഈ കാവ്യപ്രയോഗങ്ങളാണ്.

Exam Tips:

a) മൂന്നു പ്രയോഗങ്ങളെയും (പൊൻചെമ്പകം, കനകമൈലാഞ്ചിനീർ, കൃഷ്ണകാന്തം) പ്രത്യേകം എടുത്ത് ഓരോന്നിന്റെയും ഭാവസൗന്ദര്യം വിശദീകരിക്കുക.
b) പ്രകൃതിബിംബങ്ങൾ വഴി പ്രണയത്തെ ആവിഷ്കരിക്കുന്ന രീതി ഉത്തരത്തിൽ എടുത്തുപറയുക.
c) ആറു മാർക്കിന്റെ ചോദ്യമായതിനാൽ ആമുഖം, ഓരോ പ്രയോഗത്തിന്റെയും വിശകലനം, ഉപസംഹാരം എന്നിങ്ങനെ ക്രമീകരിച്ച് എഴുതുക.

 

Question 6: പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങളുടെ നിറഭേദങ്ങൾ ബാലചന്ദ്രൻ ചുള്ളിക്കാട് എങ്ങനെയാണ് കവിതയിൽ അവതരിപ്പിക്കുന്നത്?

Answer:

ഈ കവിത ചുള്ളിക്കാടിന്റെ നഷ്ടപ്രണയത്തിന്റെ നഷ്ടസ്മൃതികളും കാമുകിയെ സന്ദർശനമുറിയിൽ കണ്ടുമുട്ടുന്നതുമാണ്. അതിനാൽ വ്യത്യസ്തമായ രണ്ടു കാലങ്ങൾ ഈ കവിതയിൽ കാണുന്നുണ്ട്. പ്രണയകാലഘട്ടവും പ്രണയമില്ലാത്ത ഇന്നത്തെ കാലവും.
ഈ രണ്ടു കാലഘട്ടവും കവിതയിൽ ആവിഷ്കരിക്കുന്നത് വ്യത്യസ്തമായ അനുഭൂതികളോടെയാണ്. ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന നിറഭേദങ്ങൾ എന്നത് ഉദ്ദേശിക്കുന്നത് കവിതയിലെ പ്രണയാനുഭവത്തിന്റെ വ്യത്യസ്തതകളെയാണ്. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ വ്യത്യസ്ത നിറങ്ങളിൽ വരയ്ക്കുന്നതുപോലെതന്നെയാണ് കവി കവിതയിൽ എഴുതുന്നത്. കവിയും കാമുകിയും തമ്മിലുള്ള പ്രണയകാലഘട്ടം അവതരിപ്പിക്കുന്നത് ഓർമ്മകളായാണ്.
ആ ഓർമ്മകൾക്ക് ചക്രവാളത്തിന്റെ വിദൂരതയോട് സാദൃശ്യമുള്ളതായി പറയുന്നുണ്ട്. മാത്രമല്ല, ഓർമ്മകൾ ദൂരസാഗരം തേടിയുള്ള ഒരു അലച്ചിലായി പറയുന്നു. സന്ധ്യയ്ക്ക് കിളികൾ മരങ്ങളിൽ ചിറക് ഒതുക്കി ചേക്കേറുന്നതുപോലെയാണ് ഓർമ്മകൾ എന്ന് പറയുന്നുണ്ട്. അതിനാൽ അസ്തമനത്തിന്റെ ഒരു ശോണച്ഛായയാണ് ഓർമ്മകൾക്കുള്ളത്. ഓർമ്മകളിൽ വന്നു നിറയുന്ന പ്രണയകാലഘട്ടത്തെ അവതരിപ്പിക്കുന്നത് പ്രകൃതിയിലെ സുഗന്ധവും നിറസുഭഗതയുമുള്ള കാഴ്ചകളായിട്ടാണ്.
ഒരു പൊൻചെമ്പകം പൂത്തിരുന്ന കാലഘട്ടമായിരുന്നു പ്രണയകാലമെന്ന് പറയുന്നുണ്ട്. കനകനിറത്തിലുള്ള മൈലാഞ്ചിനീരിൽ തുടുത്തതായിരുന്നു കാമുകിയുടെ വിരലുകൾ. കാമുകിയുടെ പ്രണയം കാംക്ഷിക്കുന്ന കണ്ണുകൾ നെടിയതായിരുന്നു. അതിലെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളേറ്റ് കവിയുടെ ചില്ലകൾ പൂത്തതായി പറയുന്നു. കവിയിവിടെ ഒരു മരമായി ചില്ലകൾ പടർന്ന് നിൽക്കുന്നു.
അവളുടെ നെറ്റിയിലെ കുങ്കുമത്തരി പുരണ്ട് പൊട്ട് ചിദംബരത്തിലെ സന്ധ്യയെപ്പോലെയായിരുന്നു. പ്രണയിച്ചിരുന്ന കാലം നിറവസന്തത്തിന്റേതായിരുന്നു. കാണുവാൻ കൊതിച്ച, തൊടാൻ കൊതിച്ച, സുഗന്ധത്തിനായി ആഗ്രഹിച്ച് ഒരു കാലഘട്ടം. ഭൂതകാലത്തിന്റെ സൗന്ദര്യം കാമുകിയുടെ നെടിയ കണ്ണിൽ കാണുന്നു. തുടുത്ത വിരലുകളിൽ കാണുന്നു. വളരെ ഭാസുരമായ, പ്രസാദാത്മകമായ ഒരു കാലഘട്ടമായിരുന്നു അത്.
കവിയുടെ പൂർവ്വകാമുകിയുമൊത്തുള്ള കണ്ടുമുട്ടൽ പ്രണയം നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രകൃതിയിലെ സുന്ദരവസ്തുക്കളിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ യാന്ത്രിക ജീവിതവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഈ അവസ്ഥയെ അവതരിപ്പിക്കുന്നത്.
കറപിടിച്ച ചുണ്ടും പൊലിഞ്ഞുപോയ പകൽവെളിച്ചവും മരണപ്പാച്ചിലോടുന്ന വണ്ടികളും, നഗരവഴികളും, സത്രങ്ങളും, മദ്യപാനവും എല്ലാം നിറംകെട്ട വർത്തമാനത്തിന്റെ അവസ്ഥയെ അവതരിപ്പിക്കുന്നു. അനർഗ്ഗമായ സൗന്ദര്യാതിശയത്തിന്റെ കാലഘട്ടമായി പ്രണയത്തേയും നിറംകെട്ട കാലഘട്ടമായി വർത്തമാനത്തേയും അവതരിപ്പിക്കുന്നു.
കവിതയിൽ ഈ വ്യതിയാനം ആവിഷ്കരിക്കുന്നത് പ്രകൃതിപ്രതിഭാസങ്ങളെക്കൊണ്ടാണ്. വർത്തമാനകാലത്തേക്ക് വരുമ്പോൾ പ്രകൃതിസൗന്ദര്യം വർണ്ണനകളിൽ ഇല്ലാതായിരിക്കുന്നു. അതിനു പകരമുള്ളത് മനുഷ്യന്റെ മടുപ്പുളവാക്കുന്ന യാന്ത്രിക ലോകമാണ്. സന്ദർശനം കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്.
പ്രണയാർദ്രമായിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ, സ്വച്ഛമായ നിറഭേദങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തിലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ സ്ത്രീസൗന്ദര്യത്തിന്റെയും പ്രകൃതിയുടെ നിറക്കൂട്ടുകളുടെയും ഭൂതകാലത്തിന്റെ സൗകുമാര്യം കാണിക്കുന്നു.
കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്തതായി പറയുന്നു. ഇവിടെയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്കരിക്കുന്നു. പ്രണയശൂന്യമായ വർത്തമാനകാലത്തിന് പ്രകൃതിയുടെ ദൃശ്യചാരുതയില്ല.
നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സത്രച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞുപോയതും കറ പിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.
കുങ്കുമത്തരി പുരണ്ട ചിദംബരസന്ധ്യകളായിരുന്നു പ്രണയിച്ചപ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂലമായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാരങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ദൃശ്യഭംഗികളായി സങ്കൽപ്പിച്ച് ആവിഷ്കരിക്കുന്നു. കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്കരിക്കുന്നതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.

Exam Tips:

a) ഭൂതകാലത്തെയും വർത്തമാനകാലത്തെയും രണ്ടു ഭാഗങ്ങളായി തിരിച്ച് ഓരോന്നിലെയും ബിംബങ്ങൾ (പ്രകൃതി - നഗരം) വേർതിരിച്ച് എഴുതുക.
b) കവിതയിൽനിന്നുള്ള വരികളോ പ്രയോഗങ്ങളോ ഉദ്ധരിച്ച് ഉത്തരം സ്ഥാപിക്കുക.
c) 'പ്രകൃതി', 'യാന്ത്രികനഗരജീവിതം' എന്ന വൈരുദ്ധ്യം ഉപസംഹാരത്തിൽ എടുത്തുപറയുക.

 

Question 7: പ്രണയതീരത്ത് സാന്ത്വനം കൊള്ളാൻ കൊതിക്കുമ്പോഴും അതിനാവാതെ പിടയുന്ന ഒരു വിഹ്വലമനസ്സിന്റെ യാത്രാരേഖയാണ് 'സന്ദർശനം' കവിത. ആസ്വാദനം എഴുതുക.

Answer:

സന്ദർശനം കവിത കവിയുടെ പ്രണയാർദ്രമായ മനസ്സിന്റെ വിഹ്വലതകൾ ആവിഷ്കരിക്കുന്നു. ജീവിതവും പ്രണയവും രണ്ടായി വഴിമാറിയപ്പോൾ ആകുലനാകുന്ന കവിയെ ഈ കവിതയിലെ സന്ദർശനമുറിയിൽ കാണുന്നു.
കാമുകിയുടെ ദർശനം കവിയെ മൗനിയാക്കുന്നു. ഓർമ്മകളുടെ ദൂരസാഗരത്തിലേക്ക് ഹൃദയരേഖകൾ നീളുന്നു. കവിയ്ക്ക് തന്റെ പ്രണയകാലത്ത് കണ്ട ചിദംബരസന്ധ്യകൾ ഓർമ്മയുണ്ട്. ആ ചിദംബരസന്ധ്യകളിൽ കുങ്കുമത്തരി പുരണ്ടിരുന്നു. കാമുകിയുടെ മൈലാഞ്ചിയണിഞ്ഞ കൈകൾ തൊട്ടതും കവി ഓർത്തിരിക്കുന്നു. ജീവിതം തന്നെ പ്രണയത്തിൽ നിന്നും ബഹുദൂരെയാക്കി. മദ്യത്തിൽ മുങ്ങിയ നരകരാതികളാണ് പ്രണയമില്ലാതായ ജീവിതം തന്നത്. ജനലിനപ്പുറത്ത് പകൽ വെളിച്ചം പൊലിഞ്ഞതുപോലെ തന്റെ ജീവിതം കഴിഞ്ഞിരിക്കുന്നു.
ഈ സന്ദർഭത്തിൽ വീണ്ടും കണ്ടുമുട്ടിയ തന്റെ കാമുകിയുടെ കൂടെ ജീവിക്കുവാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന കവിയെയാണ് നാം കാണുന്നത്. കവിയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. കറപിടിച്ച ചുണ്ടുകളിൽ കവിത പോലുമില്ല. കരള് കരിഞ്ഞുപോയിരിക്കുന്നു. എങ്കിലും തന്റെ പൂർവ്വകാമുകിയോട് എന്തൊക്കെയോ പറയുവാൻ ആഗ്രഹിക്കുന്നുണ്ട്.
പക്ഷേ അവയെല്ലാം തൊണ്ടയിൽ പിടഞ്ഞ് പിടഞ്ഞ് ഒരു കരച്ചിലായി മാറി. ചിറകുവിടർത്താനാകാതവയായി അവ നഷ്ടപ്പെടുന്നു. കാമുകിയോട് സംസാരിച്ച് മുമ്പുണ്ടായിരുന്ന പ്രണയതീരത്ത് വീണ്ടും ചെന്നെത്തുവാൻ കവി ഉള്ളിൽ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ആ ആഗ്രഹങ്ങൾ പറയാനാകാതെ കവി മൗനിയായിപ്പോകുന്നു. പണ്ടേ പിരിഞ്ഞവരാണെന്ന യാഥാർത്ഥ്യം കവി തിരിച്ചറിയുന്നു. സന്ദർശനം കവിത ഒരു യാത്രാരേഖയാണ്. ജീവിതയാത്രാരേഖ. ഏതൊരു വ്യക്തിയെയും പോലെ ജീവിതം യാത്രയാകുന്ന ഒരു വ്യക്തിയുടെ യാത്രാരേഖ. അയാൾ വിഹ്വലമനസ്സുമായാണ് യാത്ര ചെയ്യുന്നത്.
ഒരു പ്രണയതീരം അയാൾക്കുണ്ട്. അവിടെ ആശ്വാസം കൊണ്ടിരിക്കുമ്പോൾ തന്റെ പൂർവ്വകാമുകിയുമുണ്ട്. പക്ഷേ അയാൾ ആ തീരത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്നില്ല. അയാൾ കണ്ടുമുട്ടിയ തന്റെ പൂർവ്വകാമുകിയെ വിട്ട് വീണ്ടും യാത്രയാകുകയാണ്. വീണ്ടും മനസ്സിന്റെ വിഹ്വലതകളിലേക്ക്... പ്രക്ഷുബ്ധമായ നഗരത്തിരക്കുകളിലേക്ക്... മദ്യപാനത്തിലേക്ക്... സത്രങ്ങളിലേക്ക്... ഇരുളിലേക്ക്... അയാൾ പോവുകയാണ്.
ചുള്ളിക്കാട് എഴുതിയത് ഇങ്ങനെയാണ്: "കരച്ചിലിന്റെ അഴിമുഖത്ത് ഇനി പോകരുത്. അഴിമുഖം സംഗമസ്ഥലമാണ്. പുഴയും സംഗമിക്കുന്നിടം. അവിടെ പഴയും കടലും സംഗമിക്കുമ്പോൾ കണ്ടെത്തലിന്റെ ആനന്ദത്തിൽ പോയപോയ വിരഹത്തിന്റെ വേദനകളിൽ ഒത്തിരി സങ്കടങ്ങൾ പറഞ്ഞു തീർക്കുവാനുണ്ട്. അതിനാൽ ആ അഴിമുഖം കരച്ചിലിന്റേതായിത്തീരും." പ്രണയം ഒരു യാത്രയാണ്. ജീവിതത്തിന്റെ വളവുകളും തിരിവുകളും ഒരുമിച്ച് പോകുന്ന യാത്ര. ഇവിടെ കാമുകൻ വേർപിരിയുകയാണ്. കാമുകിയെ കണ്ടുമുട്ടിയതിനുശേഷം കവി പിന്തിരിയുന്നു. ഒറ്റയടിപ്പാതയിലൂടെയുള്ള തുടരുന്ന യാത്രയാണ് സന്ദർശനം കവിത.

Exam Tips:

a) ആസ്വാദനക്കുറിപ്പിൽ പ്രമേയം, ഭാവം, ബിംബങ്ങൾ, ഭാഷ എന്നീ ക്രമത്തിൽ എഴുതുക.
b) 'യാത്രാരേഖ' എന്ന പ്രയോഗത്തെ കവിയുടെ വിഹ്വലമായ മനോയാത്രയുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കുക.
c) കവിതയിലെ ഒന്നോ രണ്ടോ വരികൾ ഉദ്ധരിച്ചാൽ ആസ്വാദനത്തിന് ബലം കൂടും.

 

Question 8: "പ്രണയത്തിൽ പിണഞ്ഞുപോയ എല്ലാ അമളികളും തിരുത്തി ഒരിക്കൽകൂടി സർവ്വം മറന്നൊന്ന് പ്രണയിക്കാൻ ഈ ലോകത്തിൽ അവസരം ലഭിക്കാത്തത് കടുത്ത അനീതിയല്ലേ?" - വി. ജെ. ജയിംസ്. സന്ദർശനം കവിതയെ വി. ജെ. ജയിംസിന്റെ ഈ നിരീക്ഷണത്തിലൂടെ വിലയിരുത്തുക.

Answer:

പ്രണയം പ്രകൃതിയിലെ നൈസർഗ്ഗികമായ വികാരപ്രവാഹമാണ്. തലമുറകളെ പുനർജീവിപ്പിക്കുന്ന വികാരങ്ങളുടെ ലയനമാണത്. മനസ്സിന്റെ ആവേഗങ്ങളിലൂടെ കടന്നുപോകുന്ന ഒരാളിൽ കണ്ണ് പതിയുന്നു. മനസ്സങ്ങോട്ട് ആകർഷിക്കപ്പെടുന്നു. ഒരുപക്ഷേ പരസ്പരം കണ്ടുമുട്ടാതെപോലും രണ്ടുപേർക്ക് അനുരാഗികളായിത്തീരാം. പ്രണയം അപ്രതീക്ഷിത സമയങ്ങളിൽ മനുഷ്യനിലേക്ക് പ്രവേശിക്കുന്നു. ഭാരതീയ സങ്കല്പത്തിലെ പ്രണയദേവൻ കാമദേവനാണ്. മാകന്ദം, മകരന്ദം തുടങ്ങി അഞ്ച് അമ്പുകളാണ് കാമദേവന്റെ പ്രയോഗത്തിന് വിധേയമാകുന്നത്.
കാമബാണമേറ്റ് പരമശിവൻ തപസ്സിളകി ഹിമാലയരാജന്റെ പുത്രിയായ ഉമയെ കണ്ടതും തുടർന്ന് കാമദേവൻ ഒരുപിടി ഭസ്മമായതും ഭാരതത്തിന്റെ ഉത്തുംഗമായ പ്രണയകഥയാണ്. പ്രണയത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്നു പറയുന്നത് അതീവ അബോധവാഞ്ഛകളാണ്. പ്രമിക്കുന്നവർക്ക് യാഥാർത്ഥ്യബോധം ഏറെക്കുറെ നഷ്ടപ്പെട്ടുപോകും.
തന്റെ ഇണയിൽ സ്വപ്നങ്ങളുടെ പൂർത്തീകരണം തേടുമ്പോൾ ഒരുപക്ഷേ ചില സന്ദർഭങ്ങളിൽ പ്രണയത്തിന് മുറിവുണ്ടായിത്തീരും. പ്രമിച്ചതിനുശേഷം ജീവിതം തുടരുന്നവർക്ക് ജീവിതത്തിൻ പരുക്കൻ സത്യങ്ങൾക്കു മുമ്പിൽ പകച്ചുനിൽക്കേണ്ടിവരും. യുക്തിഭദ്രമായ ഒന്നല്ല മനുഷ്യജീവിതം. പല സ്വഭാവങ്ങളും സംസ്കാരങ്ങളും ഒന്നിക്കുന്ന പ്രണയത്തിൽ സംസ്കാരങ്ങൾ ലയിക്കാതെ ബാക്കിയാകുമ്പോൾ പ്രശ്നങ്ങൾ തുടങ്ങുകയായി. മനസ്സുകൾ ഒന്നിച്ചാലും ചേരാത്തവയാണ് ഇണകളുടെ പരമ്പരാഗതമായ ആചാരങ്ങളും വിശ്വാസങ്ങളും മുൻവിധികളും അവരുടെ കുടുംബങ്ങളിലൂടെ സ്വായത്തമായ സംസ്കാരവും. ഇവയുടെ ലയനത്തിന് വർഷങ്ങൾ വേണ്ടിവന്നേക്കാം.
ഒരുപക്ഷേ ഒരാൾ പിരിഞ്ഞുപോകാം. മറ്റേയാൾ എന്നിട്ടും കാത്തിരിക്കാം. മരണംവരെയാകാം ഈ കാത്തിരിപ്പ്. ജീവിതത്തെ ഇളക്കിമറിക്കുന്നതാണ് പ്രണയം. പ്രണയത്തിന് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. പക്ഷേ, ഈ ഉത്തരവാദിത്വങ്ങൾ പലതും പ്രണയിക്കുന്നവർ മറന്നേക്കാം.
സാമീപ്യസുഖവും ഭാവനാലോകവുമായിരിക്കാം ചിലർക്ക് പ്രണയം. ഇങ്ങനെ പ്രണയം മനുഷ്യനെ മയക്കിക്കിടത്തുകയാണ് ചെയ്യുന്നത്. എല്ലാം കൈവിട്ടുപോകുമ്പോഴാണ് തിരിച്ചറിവുകൾ തോന്നുന്നത്. തെറ്റുകൾ തിരിച്ചറിയുന്നത് അപ്പോഴേക്കും ജീവിതം വഴുക്കിപ്പോയിരിക്കും.
സഫലമാകാത്ത പ്രണയത്തിന്റെ ചുടലപ്പറമ്പിൽ ചെന്നു മലയാളം നിൽക്കേണ്ടിവരും. വി. ജെ. ജയിംസ് (ചെറുകഥാകാരൻ) പറഞ്ഞത് മനുഷ്യന്റെ നിസ്സഹായതയാണ്. തെറ്റുതിരുത്തി വീണ്ടും പ്രണയിക്കാൻ മനുഷ്യന്റെ ഒരു ജന്മത്തിന് കഴിയില്ല. പ്രണയം ഒരിക്കലേയുള്ളൂ. പ്ലേറ്റോണിക് ലവ് എന്ന് വിളിക്കപ്പെടുന്ന പ്രേമം ഒരാൾക്ക് ഒരാളോടേ തോന്നൂ. അത് സത്യമാണെന്നോ ചാപല്യമാണെന്നോ കണ്ടെത്തുവാൻ കഴിയുന്നവർ വിരളമാണ്.
ഇണയുടെ ഇഷ്ടത്തെക്കൂടി ഉൾക്കൊള്ളുവാനും സ്വീകരിക്കുവാനും കഴിയുന്ന മനസ്സിന്റെ ലയം നഷ്ടമാകുമ്പോൾ പ്രണയം ഇല്ലാതാകുന്നു. അല്ലെങ്കിൽ ബാഹ്യമായ ചില സമ്മർദ്ദങ്ങൾ പ്രണയനദിക്ക് തടസ്സമാകുന്നു. സന്ദർശനം കവിതയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ പൂർവ്വകാമുകിയെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. ഇരുളിലാണ് ഇന്നത്തെ ചുറ്റുപാടിൽ അവരുടെ മുഖം മാത്രമാണ് ദർശിക്കുന്നത്.
"ഇരുളിലെപ്പോഴുമുദിക്കുന്നു നിൻമുഖം കരുണമാം ജനനാന്തരസാന്ത്വനം" എന്ന് പറയുമ്പോൾ പല ജന്മങ്ങളിലൂടെ തനിക്കു ലഭിച്ച ആശ്രയമാണ് ഈ കാമുകിയെന്ന് കവി അറിയുന്നുണ്ട്. പക്ഷേ വി. ജെ. ജയിംസ് പറഞ്ഞതുപോലെ തെറ്റുകൾ തിരുത്തി ഒരു ജീവിതംകൂടി സർവ്വം മറന്നൊന്ന് പ്രണയിക്കുവാൻ സാധ്യമല്ല. ചുള്ളിക്കാടിനും പൂർവ്വകാമുകിയും ഇതിൽ നിസ്സഹായരാണ്. സംഗമിക്കാനായി ഇനിയൊരു അഴിമുഖത്തേക്ക് ഇവർ പോകുന്നില്ല. മനുഷ്യന് ഉണ്ടാകുന്ന മുറിവുകളും നൊമ്പരങ്ങളും സ്ലേറ്റിൽ മാച്ചു കളയുംപോലെ മറക്കുവാൻ കഴിയില്ല. പ്രണയിനിയുമൊത്ത് ജീവിതം മുന്നോട്ട് നയിക്കുമ്പോഴുണ്ടാകുന്ന വിങ്ങലുകളും നൊമ്പരങ്ങളും പരസ്പരമുള്ള സ്നേഹത്തിൽ എല്ലാം മറന്ന് ഒന്നായി അലിഞ്ഞുചേർന്നില്ലെങ്കിൽ അത് നൈരാശ്യത്തിലേക്ക് വീഴും.
ലിയോ ടോൾസ്റ്റോയ് തന്റെ ദാമ്പത്യത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: 'ഒരേ ചങ്ങലയിൽ ബന്ധിതരായ ശത്രുക്കളാണ് ഭാര്യാഭർത്താക്കന്മാർ'. പ്രണയം വറ്റിയ വരണ്ട ഭൂമിയിൽ ഒന്നുകൂടി പ്രണയം തളിർക്കുന്നില്ല. ഘോരമായ മരുഭൂമിയെ മരുപ്പച്ചയാക്കാം. പക്ഷേ മനുഷ്യന്റെ മനസ്സിൽ വരണ്ടുപോയ പ്രണയനൈരാശ്യങ്ങളെ മാറ്റിത്തീർക്കുവാൻ സാധിക്കില്ല. അസ്ഥികൾ പൂക്കുന്ന ഒരു താഴ്വരയെക്കുറിച്ച് പഴയനിയമം പറയുന്നുണ്ട്. അത് പ്രണയനൈരാശ്യത്തിൽ നിന്നും വീണ്ടും പുഷ്പിക്കില്ല. സന്ദർശനം കവിത പിരിഞ്ഞുപോയ പ്രണയജോഡികളുടെ വെറുമൊരു കണ്ടുമുട്ടൽ മാത്രമായത് ഇക്കാരണത്താലാണ്.

Exam Tips:

a) വി. ജെ. ജയിംസിന്റെ നിരീക്ഷണത്തിലെ 'ഒരിക്കൽകൂടി പ്രണയിക്കാൻ കഴിയാത്ത നിസ്സഹായത' എന്ന ആശയം ആദ്യം സ്ഥാപിച്ച ശേഷം സന്ദർശനം കവിതയുമായി ബന്ധപ്പെടുത്തുക.
b) കവിതയിലെ 'ഇരുളിലെപ്പോഴുമുദിക്കുന്നു നിൻമുഖം' പോലുള്ള വരികൾ ഉദ്ധരിച്ച് ഉത്തരം ബലപ്പെടുത്തുക.
c) ഉത്തരം ആമുഖം, വിശകലനം, ഉപസംഹാരം എന്നിങ്ങനെ വ്യക്തമായ ഖണ്ഡികകളായി എഴുതുക.

 

Eight Marks Questions

Question 9: കവിതയിലെ ചില പ്രയോഗവിശേഷങ്ങൾ ശ്രദ്ധിക്കുക:
• മൗനം കുടിച്ചിരിക്കുന്നു
• മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ
• തൊണ്ടയിൽ പിടയുകയാണൊരേകാന്തരോദനം
അതതു സന്ദർഭങ്ങളിൽ ഈ പ്രയോഗങ്ങൾക്ക് കൈവരുന്ന ധ്വനിതലങ്ങൾ വിശദീകരിക്കുക.

Answer:

1. മൗനം കുടിച്ചിരിക്കുന്നു
കവിയും പൂർവ്വകാമുകിയും കണ്ടുമുട്ടിയപ്പോഴുണ്ടായ അവരുടെ അവസ്ഥയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടുപേരും മൗനം കുടിച്ചിരിക്കുന്നു എന്നത് വളരെ കാവ്യാത്മകമായി ആവിഷ്കരിക്കുകയാണ്. പരസ്പരം സംസാരിച്ചിരിക്കുന്ന അവസ്ഥയെ ഈ പ്രയോഗത്തിലൂടെ ഒരു പ്രവൃത്തി ചെയ്യുന്നതുപോലെയാക്കി മാറ്റിയിരിക്കുന്നു. അവർ കുടിച്ചുകൊണ്ടിരിക്കുകയാണ്. അതും മൗനത്തെയാണ് കുടിക്കുന്നത്. അവർ രണ്ടുപേർക്കും ഇടയിലെ അകൽച്ചയാണ് ഇവിടെ കാണുന്നത്. അകന്നുപോയ ഈ രണ്ടുപേരും ഒരുതരം മരവിച്ച അവസ്ഥയിലാണിപ്പോൾ. തികച്ചും യാദൃച്ഛികമായാണ് രണ്ടുപേരും കാണുന്നത്. പ്രതീക്ഷിക്കാത്ത സമയത്ത് രണ്ടുപേരും കുറെ നാളുകൾക്കുശേഷം കണ്ടുമുട്ടിയപ്പോൾ അവർക്കുണ്ടായിരുന്ന അനുരാഗവും നഷ്ടപ്പെട്ടില്ലേ എന്ന് നമുക്ക് തോന്നുന്നു.
മനസ്സിന്റെ കോണുകളിൽ കവി ഇപ്പോഴും തന്റെ പൂർവ്വകാമുകിയുടെ സാമീപ്യവും സ്പർശനവും സ്വരവും ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ അടുത്തിരുന്ന് സംസാരിച്ചിരുന്ന കാലം കഴിഞ്ഞുപോയി. ജീവിതത്തിന്റെ പകൽ കഴിഞ്ഞുപോയി. ഇനി പരസ്പരം ഒരു ഇടപെഴകലും പ്രണയാനുഭവവും ഇല്ലെന്ന അവസ്ഥയിൽ രണ്ടുപേരും എത്തിച്ചേരുന്നു.
മൗനത്തിന്റെ അവസ്ഥയിൽ ആശയവിനിമയങ്ങളോ വികാരവിനിമയങ്ങളോ ഇല്ലെന്നാണ് സാധാരണക്കാരായ വ്യക്തികൾ അറിയുന്നത്. പക്ഷേ, സത്യം മറിച്ചാണ്. മൗനവും വാചാലമായിപ്പോകാറുണ്ട്. മൗനത്തിനും ആശയവിനിമയശേഷിയുണ്ട്; വികാരവിനിമയശേഷിയുണ്ട്. അത് തീവ്രമായി അനുഭവപ്പെടുന്നത് പ്രണയാനുഭവത്തിലാണ്. ഇണകളായ രണ്ടു വ്യക്തികളുടെ സൗന്ദര്യപ്പിണക്കങ്ങൾ പലപ്പോഴും അവർക്കിടയിൽ ഒരു അകലം ഉണ്ടാക്കും. അകലം വർദ്ധിക്കുന്തോറും മൗനമായി ഹൃദയം അടുത്തുകൊണ്ടിരിക്കും. ഈ അവസ്ഥയിൽ മൗനം നൽകുന്ന ആശയവും വികാരവും അറിയുവാൻ കഴിയുന്നത് മനപ്പൊരുത്തമുള്ളവർക്ക് മാത്രം സാധ്യമായ കാര്യമാണ്.
കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ വേദനിച്ചിട്ടാണോ, വിശന്നിട്ടാണോ എന്ന് അമ്മ തിരിച്ചറിയുന്നതുപോലെ ഇണയുടെ മൗനത്തിലുള്ള സമ്മതവും വിസമ്മതവും വെറുപ്പും അടുപ്പവും എല്ലാം തിരിച്ചറിയുവാൻ ഇണക്കമുള്ള വ്യക്തിക്കേ സാധിക്കൂ. ഈ കവിതയിൽ മൗനം കുടിച്ചിരിക്കുന്നത് മനസ്സിന്റെ മരവിപ്പിനെയാണ് പ്രകടിപ്പിക്കുന്നത്. പരസ്പരം അറിഞ്ഞിരുന്ന, പ്രണയിച്ചിരുന്ന രണ്ടുപേർ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ അവസ്ഥയാണിവിടെ പരാമർശിക്കുന്നത്.
പരസ്പരം മിണ്ടാതെയിരിക്കുന്ന ഈ അവസ്ഥയ്ക്ക് കൊടുത്തിരിക്കുന്ന പ്രയോഗത്തിൽ (മൗനം കുടിച്ചിരിക്കുന്നു) അവരുടെ മാനസികസമ്മർദ്ദത്തിന്റെ ആഴം അനുഭവിപ്പിക്കുവാൻ കഴിയുന്നുണ്ട്. മൗനത്തിനും വാചാലമായി പലരും അറിയിക്കുവാൻ കഴിയുമെന്നതാണ് പ്രണയവികാരത്തിൽ ഉണ്ടാകുന്നത്. ഇവിടെ പ്രണയം മുറിഞ്ഞുപോയ രണ്ടുപേർ ഒരു മുറിയിൽ ഇരിക്കുമ്പോൾ അവർക്കിടയിലെ മൗനം ഒരു മൂർത്തരൂപമായി, കുടിക്കുന്ന പാനീയമായി കവിക്ക് അനുഭവപ്പെടുന്നു. ഇവിടെ ചുണ്ടിൽ നിന്നും വാക്കുകളോ മൗനത്തിൽ നിന്നും ഭാവങ്ങളോ ഒന്നും വരുന്നില്ല.
സമ്പൂർണ്ണമായ മൗനത്തെ കവി ഒരു പാനീയമാക്കി മാറ്റുന്നു. അത് കുടിച്ചിരിക്കുന്ന അവസ്ഥ രണ്ടുപേർക്കും പരസ്പരം സംസാരിക്കുവാൻ ധാരാളം ഉണ്ടെങ്കിലും അതിന് അസാധ്യമായ സാഹചര്യം വന്നിരിക്കുന്നുവെന്ന് അനുവാചകരെ ഓർമ്മിപ്പിക്കുന്നു.

2. മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ
കവിയും പൂർവ്വകാമുകിയും നേർക്കുനേരെ ഇരിക്കുകയായാലും അവർ പരസ്പരം കാണുന്നില്ല. പരസ്പരം സംസാരിക്കുന്നില്ല. അവരുടെ കണ്ണുകൾ മനസ്സിന്റെ പഴയ കാലങ്ങളിലെ ഓർമ്മകളിലേക്ക് പോയിരിക്കുകയാണ്. കണ്ണു തുറന്നിരിക്കുന്നുവെങ്കിലും അവർ പരസ്പരം കാണുന്നില്ല. മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ? എന്നത് നഷ്ടബോധത്തിന്റെ ആവിഷ്കാരമാണ്. പ്രണയത്തിലായിരുന്നപ്പോൾ ഇണകൾ പരസ്പരം കാണുവാനായി ആകാംക്ഷയോടെ ഒച്ചിനെപ്പോലെയിഴയുന്ന സമയത്തെ ശപിച്ച് വിങ്ങുന്ന മനസ്സുമായി കാത്തിരിക്കുമായിരുന്നു. ആ കാലങ്ങളിൽ ഈണയെ കാണുന്നത് സുന്ദരമായിരുന്നു. സമാഗമം ആനന്ദവും. പുഴയും കടലും സംഗമിക്കുന്ന അഴിമുഖങ്ങൾപോലെ ഇണകൾ കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുമായിരുന്നു. പ്രണയത്തിന്റെ ഈ അവസ്ഥയെ പുരാതന ഭാരതീയർ നയനപ്രീതി എന്നാണ് വിളിക്കുന്നത്.
ഈ കവിതയിൽ കവിയും പൂർവ്വകാമുകിയും മുഖാമുഖം ഇരിക്കുന്നുണ്ടെങ്കിലും പരസ്പരം മറഞ്ഞുപോകുകയാണ്. മിഴികളിൽ അവർ നഷ്ടപ്പെട്ടുപോകുമ്പോൾ കാണുവാനുള്ള ഇഷ്ടങ്ങൾ പോയതായി നാം അറിയുന്നു. പരസ്പരം കാണുവാൻപോലും താൽപ്പര്യമില്ലാത്ത അവസ്ഥയിൽ ഇവർ എത്തിയിരിക്കുന്നു. അത് ജീവിതത്തിന്റെ ഒഴുക്കിൽ സംഭവിച്ചതായിരിക്കാം.
ഒരുപക്ഷേ, രണ്ടുപേരും സ്വന്തമായി സ്വീകരിച്ച തീരുമാനങ്ങളായിരിക്കാം. ആനന്ദിന്റെ ആൾക്കൂട്ടം - നോവലിലെ ഒരു സന്ദർഭം ഇവിടെ ഓർക്കാം. പ്രമും കാമുകിയും പരസ്പരം പ്രേമിക്കുന്നുണ്ട്. പക്ഷേ രണ്ടുപേരും ഒരു കെട്ടിടത്തിന്റെ രണ്ടു പില്ലറുകൾപോലെയാണെന്ന് ആനന്ദ് പറയുന്നു. രണ്ടുപേരുടെയും ശിരസ്സിൽ സ്വന്തം കുടുംബങ്ങളുടെ ഭാരമുണ്ട്. അതിനാൽ പരസ്പരം അടുക്കാത്ത രണ്ടു പില്ലറുകളായി അവർ കഴിയുന്നു. സന്ദർശനം കവിതയിൽ പ്രണയം ഇല്ലാതായിരിക്കുന്നു. പ്രണയത്തിന്റെ തീവ്രമായ അഭിലാഷവും നഷ്ടപ്പെട്ടിരിക്കുന്നു.
ജീവിതത്തിന്റെ ഗതിവേഗത്തിൽ രണ്ടുപേരും നഷ്ടപ്പെടുകയാണ്. ഒരു കാലത്ത് പ്രേമിച്ചിരുന്നവർ കണ്ടുമുട്ടിയപ്പോൾ പരസ്പരം സംസാരിക്കാതെയിരിക്കുകയാണ്. ഓർമ്മകളാണ് ഈ സന്ദർഭത്തിൽ ഉണ്ടാകുന്നത്. നേരെ മുമ്പിൽ ഇരുന്നിട്ടും തങ്ങളുടെ നേർക്കണ്ണുകളിൽ കണ്ടിരിക്കവേ രണ്ടുപേരും നഷ്ടപ്പെടുകയാണ്. ഇനിയും കാണണമെന്ന അഭിലാഷം പോലും ഇല്ലാതാകുകയാണ്. പ്രണയത്തിന്റെ കൂടപ്പിറപ്പായ സാമീപ്യസുഖം, നയനപ്രീതി എന്നിവ ഇല്ലാതാകുകയാണ്. പ്രണയത്തിന്റെ പത്തവസ്ഥകളിൽ ആദ്യമായുണ്ടാകുന്ന ഈ അഭിലാഷങ്ങൾ പ്രണയം മുറിഞ്ഞതിനുശേഷം ഉണ്ടാകുന്നില്ല.

3. തൊണ്ടയിൽ പിടയുകയാണൊരേകാന്തരോദനം
ഇവിടെ കവി ഏകനായി പിടയുകയാണ്. പ്രണയത്തിന്റെ മരണമുഹൂർത്തത്തിലാണ് കവിയിപ്പോൾ നിൽക്കുന്നത്. ഏകാന്തമായ രോദനമായി അത് മാറുന്നു. കവിത പാടിയിരുന്ന കവിയുടെ തൊണ്ടയിൽ പിടയുന്നത് കരച്ചിലാണ്. കവിക്ക് തന്റെ പൂർവ്വകാമുകിയെ ഇപ്പോഴും ഇഷ്ടമാണ്.
"മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും നിറയേ സംഗീതമുള്ള നിശ്വാസവും"
ഒരുപക്ഷേ മറ്റാരേക്കാളുമധികമായി അവളെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, കവിക്ക് മാറ്റം വന്നിരിക്കുന്നു. ചുണ്ടുകൾ കറ പിടിച്ചിരിക്കുന്നു. പ്രണയം പൂത്ത കരള് കരിഞ്ഞുപോയിരിക്കുന്നു. എങ്കിലും തന്റെ കാമുകിയോട് സംസാരിക്കണമെന്നുണ്ട്. പക്ഷേ സംസാരമല്ല വരുന്നത്. തൊണ്ടയിൽ കുരുങ്ങിയ കരച്ചിലാണ് പൊട്ടിപ്പുറപ്പെടുന്നത്. അതിനെ കവി നിയന്ത്രിക്കുകയാണ്.
തന്റെ പൂർവ്വകാമുകിയുടെ മുമ്പിൽ പൊട്ടിക്കരയുവാൻപോലും കഴിയാത്തവനായി കവി. പറയാനുള്ള വാക്കുകൾ മനസ്സിൽ ഉയരുന്നുണ്ട്. അവ പക്ഷികളെപ്പോലെയാണെന്ന് സൂചനകളുടെ ഭാവം കൊണ്ട് അറിയുന്നു. "ചിറകു നിർത്തുവാനാതെ തൊണ്ടയിൽ പിടയുകയാണൊരേകാന്തരോദനം" പക്ഷേ അവയ്ക്ക് ചിറകു നിർത്തുവാൻ കഴിയുന്നില്ല. കരള് കരിഞ്ഞുപോയിരിക്കുന്നു. ദുഃഖം മനസ്സിനെ കീഴടക്കിയിരിക്കുന്നു. പൊട്ടിക്കരയുന്നതിന്റെ സൗഖ്യവും കവിയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
ഇവിടെ വാക്കുകളെ പക്ഷികളായി സങ്കൽപ്പിക്കുന്നു. കാമുകിയോട് പറയേണ്ട വാക്കുകളെയാണ് പക്ഷികളായി സങ്കൽപ്പിക്കുന്നത്. പ്രണയം കിനിയുന്ന വാക്കുകൾ പക്ഷികളെപ്പോലെയാണ്. അവ സ്വതന്ത്രമായി പാറിപ്പറക്കുന്നവയാണ്. വ്യക്തിയുടെ മനസ്സിലെ ബന്ധനങ്ങൾ പൊട്ടിച്ച് സ്വതന്ത്രമായ വികാരങ്ങളിലേക്ക് ഒരുവനെ നയിക്കുന്നത് പ്രണയമാണ്; ഈ പ്രണയം തുളുമ്പുന്ന വാക്കുകളാണ്. ഈ വാക്കുകളെ പക്ഷികളാണെന്നും അവ രോദനങ്ങളായി തൊണ്ടയിൽ പിടയുകയാണെന്നും കവി എഴുതിയപ്പോൾ അത് ആ കണ്ടുമുട്ടലിലെ തീവ്രമായ സമ്മിശ്ര വികാരങ്ങളെ സുന്ദരമായി ആവിഷ്കരിക്കുന്നവയായി. ചുള്ളിക്കാടിന്റെ ഗന്ധർവ്വഭാവനയാണ് ഈ സന്ദർഭത്തിൽ കാണുന്നത്.
തന്റെ പൂർവ്വകാമുകിയെ കണ്ടപ്പോഴുണ്ടായ കവിയുടെ മാനസിക രോദനമാണിവിടെ സൂചിപ്പിക്കുന്നത്. പ്രണയകാലത്ത് ചെമ്പകം പൂത്തുലഞ്ഞ തന്റെ കരള് കരിഞ്ഞുപോയെങ്കിലും ഇപ്പോഴും ചിലതെല്ലാം തന്റെ കാമുകിയോട് പറയുവാനുണ്ട്. കറ പിടിച്ച ചുണ്ടിൽ കവിത പോലും വരണ്ടുപോയെങ്കിലും ഇപ്പോഴും ചിലതെല്ലാം തന്റെ മുൻ കാമുകിയോട് പറയാനുണ്ട്.
പക്ഷേ പറയാനുള്ളവയെല്ലാം കിളികളായി ചിറകു വിടർത്തുവാൻ കഴിയാതെ ഒറ്റപ്പെട്ട, ഏകാന്തമായ രോദനമായി തൊണ്ടയിൽ പിടയുകയാണ്. മരണത്തിനു മുമ്പുള്ള പിടച്ചിലായി മാറുകയാണ്. പറയാനുള്ളവയെ പറവകളായി സങ്കൽപ്പിക്കുന്നതും അവയുടെ പിടച്ചിൽ അവതരിപ്പിക്കുന്നതും കവിയുടെ വികാരത്തിന്റെ ആഴങ്ങളെ ധ്വനിപ്പിക്കുന്നു.

Exam Tips:

a) മൂന്നു പ്രയോഗങ്ങളും പ്രത്യേകം തലക്കെട്ടോടെ എടുത്ത് ഓരോന്നിന്റെയും ധ്വനി (മൗനത്തിന്റെ വാചാലത, നഷ്ടബോധം, അടക്കിവച്ച രോദനം) വിശദീകരിക്കുക.
b) 'കുടിച്ചിരിക്കുന്നു' എന്ന ക്രിയയിലൂടെ മൗനത്തിന് മൂർത്തരൂപം നൽകിയ ഭാവനയെ എടുത്തുപറയുക.
c) കവിതയിലെ സന്ദർഭവുമായി ചേർത്ത് എഴുതുക; പൊതുവായ കാര്യങ്ങൾ മാത്രം എഴുതിയാൽ മാർക്ക് നഷ്ടപ്പെടും.

 

Question 10: പ്രണയത്തെ കവികൾ എങ്ങനെയാണ് സങ്കൽപ്പിച്ചിരിക്കുന്നത്? സന്ദർശനത്തിലെ പ്രണയസങ്കൽപ്പവുമായി ചേർത്തുവച്ച് പരിശോധിക്കുക.
"എൻ ചുണ്ടിലൊട്ടിടക്കൂറിയ മാധുരി നിൻ ചുണ്ടിനുള്ളതോ ലിപ്റ്റിക്കിനുള്ളതോ?" (മദിരാശിയിലെ സായാഹ്നം - എൻ.വി. കൃഷ്ണവാര്യർ)
"പ്രേമമൊരുമിനീരായ് കാണുവോർ കായിൻപേരിൽ പൂമതിക്കുവോർ ഒന്നും പുണ്യമായെണ്ണീടാത്തോർ" (വൈലോപ്പിള്ളി - യുഗപരിവർത്തനം)
"പ്രേമമേ നിൻ പേരു കേട്ടാൽ പേടിയാം കാമകിങ്കരന്മാർ ചെയ്യും കടുംകൈകളാൽ" (കുമാരനാശാൻ - കരുണ)

Answer:

പ്രണയത്തെ കവികൾ ആവിഷ്കരിക്കുന്നതെങ്ങനെ എന്ന് നോക്കാം. പ്രണയമെന്നത് ഇന്ദ്രിയങ്ങൾക്ക് തീപിടിപ്പിക്കുന്ന അനുഭവമാണ്. കവികളെ അത് ആവേശിക്കുന്നത് വാക്കുകളുടെയും ഭാവനയുടെയും മാസ്മരികതയിലും കടുത്ത ഊഷരതയിലുമായിരിക്കും.
പ്രണയത്തിന് മാസ്മരികതയും പ്രണയത്തിലുണ്ടാകുന്ന മനോദുഃഖങ്ങൾക്ക് ഊഷരതയും ഉണ്ടായിരിക്കും. ഒരുപക്ഷേ ഒരാളെ മാത്രമായി ധ്യാനിച്ച് മരണാനന്തരവും ഒന്നിച്ചുചേരണമെന്ന അഭിലാഷമായിരിക്കാം പ്രണയം. ചിലർക്കത് വെറുമൊരു ഓർമ്മയായി മാറിയിരിക്കാം. ചിലർക്കത് ജീവിതത്തിന്റെ പ്രായോഗികതയിൽ മറയ്ക്കപ്പെടേണ്ടത് ആയിരിക്കാം. എങ്ങിനെയായാലും പ്രേമത്തെക്കുറിച്ച് കവികൾക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ക്രൗഞ്ചപ്പക്ഷികളിൽ ഒന്നിനെ കാട്ടാളൻ അമ്പെയ്ത് വീഴ്ത്തിയപ്പോൾ മാനിഷാദ എന്ന് ഉറക്കെ ശബ്ദിച്ച ആദികവിയുടെ ശോകമാണ് ആദിശ്ലോകമായ രാമായണമായത്.
"കാലമെത്ര കടന്നാലും മാഞ്ഞുപോകില്ലൊരിക്കലും ഇഷ്ടമാണെന്ന് നീയാദ്യം തന്റെ കാതിൽ പറഞ്ഞ നാൾ" എന്ന് പ്രണയകാലം എന്ന കവിതയിൽ പി.എ. അനീഷ് എഴുതിയത് ഓരോ വ്യക്തിയുടേയും തീവ്രമായ പ്രണയാനുഭവമാണ്.
"ഓർമ്മയെ നിമിഷംകൊണ്ട് ഹരിച്ച് ശിഷ്ടം. വരുന്ന ഒറ്റയാകുമോ പ്രേമം" എന്ന് കവിയായ സെബാസ്റ്റ്യൻ ചോദിക്കുമ്പോൾ പ്രേമം ഒറ്റപ്പെടലാകുന്നതും അതോടൊപ്പം മനസ്സിൽ ബാക്കിയാകുന്ന അനുഭവവുമാണെന്ന ഒരു നിരീക്ഷണമുണ്ട്.
കവിതയിൽ പ്രണയം ആവിഷ്കരിക്കുന്നതിൽ കവികളുടെ വീക്ഷണവ്യത്യാസങ്ങൾ കാണാം. അവരുടെ അനുഭവങ്ങൾ അവതരിപ്പിക്കുന്നതിന്റെ വ്യത്യസ്ത ഭാഷയും കാണാം.
"നിന്നെ തേടിയില്ല. ഒരിടത്തും. നേർക്കുനേർ കവിതയിലിരിക്കേ" എന്ന് കവിയായ സെബാസ്റ്റ്യൻ എഴുതിയപ്പോൾ കവിയ്ക്ക് പ്രണയം പോലെ എത്ര വിശിഷ്ടമാണെന്ന് കവിത എന്ന് നാം അറിയുന്നു. തന്റെ ബാക്കിജീവിതം പ്രണയിനിയുടെ കൂടെ, അവരുടെ ആശ്രയത്തിൽ കഴിയുവാൻ ആഗ്രഹിക്കുന്ന കവിയായ എൻ.എൻ. കക്കാട് സഖിയായി തന്റെ ഭാര്യയെ വിളിക്കുന്നു. "തന്റെ അരികത്തുതന്നെ നിൽക്കണമെന്നും ഈ പഴങ്കൂട് ഒരു ചുമയ്ക്ക് ഇടറിവീഴാം" എന്നും സഫലമീ യാത്രയിൽ കക്കാട് എഴുതുന്നു. തനിക്ക് കൂട്ടിരിക്കാനും കാവലിരിക്കാനും പരസ്പരം കാത്തിരിക്കാനും ഓർമ്മകളിലേക്ക് നഷ്ടപ്പെട്ടുപോകാനും കാണാതിരുന്നെങ്കിൽ എന്ന് വിലപിക്കുവാനും പ്രണയം ഇണയോട് ആവശ്യപ്പെടുന്നു.
"ഓർക്കാപ്പുറത്ത് നിനക്കിന്നു കിട്ടിയ ഒരുമ്മ കൊണ്ട് നീ പൂമരമാകുമോ?" വേരു പൊട്ടിയ മരം എന്ന കവിതയിൽ എ. അയ്യപ്പൻ എഴുതിയപ്പോൾ പ്രണയം അസ്ഥികൾപോലും പൂക്കുന്ന ഒരു താഴ്വരയായി മാറുന്നു.
കാലഘട്ടത്തിനനുസരിച്ച് പ്രണയത്തിന് ലഭിക്കുന്ന വ്യത്യസ്ത ഭാവങ്ങളുണ്ട്. അത് സമൂഹത്തിലെ സാംസ്കാരികമായ പരിവർത്തനങ്ങൾക്ക് വിധേയമായി മാറിക്കൊണ്ടിരിക്കും. പ്രണയമുണ്ടെന്ന് തുറന്നു പറയാതെ, സ്മാർട്ടാകാതെ ശാലീനസുന്ദരിയായി മാറിയ കാവ്യനായികമാരും സിനിമാനായികമാരും നമുക്കുണ്ട്. പക്ഷേ, വളരെ സ്മാർട്ടായി തുറന്ന് പറയുന്നവരുമുണ്ട്.
ഇതിൽ മനുഷ്യർ വിലമതിക്കുന്നത് ശാലീനതയെയായിരിക്കാം. ഫിക്കായി നടക്കുന്ന ഇന്നത്തെ യുവാവ് ഒരു ഫീക്കി പെണ്ണിനെ പ്രണയിക്കാം. പക്ഷേ അവൻ അവളെ വിവാഹം ചെയ്യാതെ കസവുസാരിയുടുത്ത ഒരു മലയാളി മങ്കയെയായിരിക്കാം വിവാഹം ചെയ്യുക - ഈ വിധത്തിൽ മലയാളികളുടെ പ്രണയം ഇന്ന് പോയ്ക്കൊണ്ടിരിക്കുകയാണ്.
ചോദ്യഭാഗത്ത് എൻ.വി. കൃഷ്ണവാര്യരുടെ മദിരാശിയിലെ ഒരു സായാഹ്നം എന്ന കവിതയിലെ ഒരു ഭാഗമാണ് കൊടുത്തിരിക്കുന്നത്. മദിരാശിയിൽ പഠിക്കുവാൻ ചെന്ന ഒരു മലയാളി യുവാവിന്റെ സമ്പന്നമായ കുത്തഴിഞ്ഞ ജീവിതമാണ് ഈ കവിതയിൽ കാണുന്നത്. അയാൾ കോളേജ് പൂട്ടിയ ദിവസം ഒരു വനിതാ ഹോസ്റ്റലിനു മുമ്പിൽ തന്റെ കാമുകിയെ കാത്തുനിൽപ്പാണ്. വളരെ ആഡംബരവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഈ ഹോസ്റ്റലിനു മുമ്പിൽ ഒരു പടുവൃദ്ധൻ പാതി നഗ്നനായി മരിക്കാറായ് കിടപ്പുണ്ട്.
അയാളൊരു മലയാളിയാണെന്ന് നമ്മുടെ യുവാവിനെ വിഷമിപ്പിച്ചു. യുവതി എത്തി. വളരെ ആഡംബരവസ്ത്രത്തിൽ വന്ന അവളെ കണ്ട് അവന് കാമം തോന്നി. രണ്ടുപേരും വൃദ്ധനെ കണ്ടെങ്കിലും അതൊരു ശല്യമായി വിചാരിക്കുന്നു. കാമുകൻ പലപ്പോഴും ലൈംഗികമായി ചേരുവാൻ താൽപ്പര്യം കാണിക്കുന്നു.
തിയറ്ററിൽ സിനിമ കാണുമ്പോഴും തിരിച്ച് ഹോസ്റ്റലിലേക്ക് നടക്കുമ്പോഴും ആ യുവാവ് നിയന്ത്രണം നഷ്ടപ്പെട്ട് അവളെ മാറോടണക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തു. ഹോസ്റ്റലിനു മുമ്പിൽ എത്തിയപ്പോൾ ആ വൃദ്ധൻ കിടപ്പുണ്ട്. കാമുകി ഉള്ളിലേക്ക് പോയി ആ ചെറുപ്പക്കാരൻ അവിടെ കിടന്ന വൃദ്ധൻ മരിച്ചതായി കണ്ടെങ്കിലും ശ്രദ്ധിച്ചില്ല. വീട്ടിലേക്ക് തിരിച്ചുപോകാൻ പണം തപ്പി പേഴ്സിൽ കയ്യിട്ടപ്പോൾ വീട്ടിൽ നിന്നും വന്ന കവർ കണ്ടു. അതിൽ പണമായിരിക്കുമെന്ന് കരുതി സൂക്ഷിച്ചതായിരുന്നു. കവർ തുറന്ന് കത്ത് വായിച്ചപ്പോൾ ചിലവിന് ഇനി പണമയക്കില്ലെന്നും വീട്ടിലേക്ക് വന്ന് അവർ ഉറപ്പിച്ച വിവാഹം നടക്കണമെന്നും ഭാര്യയാകുന്നവൾക്ക് ബാങ്ക് ബാലൻസ് നാൽപ്പതിനായിരം ഉണ്ടെന്നും കത്തിൽ എഴുതിയിരിക്കുന്നു.
അയാൾ വീട്ടിലേക്ക് പോകുന്നു. ഇതാണ് കവിതയിലെ കഥാസാരം. നഗരങ്ങളിലെ രസംകൊല്ലിയായ പ്രണയമാണ് എൻ.വി. കൃഷ്ണവാര്യർ രചിച്ചത്. ലൈംഗിക ആഗ്രഹത്തോടെ പ്രണയിക്കുന്ന നാഗരിക ജീവിതമാണ് കവി രചിക്കുന്നത്. അവിടെ പ്രണയം നേരമ്പോക്കാണ്. സിനിമാ തിയ്യറ്ററിൽ കാമുകിയെ ചുംബിച്ചപ്പോൾ ചുണ്ടിൽ നിന്നും ഒട്ട് നേരത്തേയ്ക്ക് വന്ന മധുരം ലിപ്സ്റ്റിക്കിനുതാണോ എന്ന് കവി ചോദിക്കുന്നു.
ഹൃദയങ്ങൾ തമ്മിൽ ചേരുന്ന നിസ്സർഗ്ഗസുന്ദരമായ പ്രേമമല്ല നഗരത്തിനുള്ളതെന്ന് എൻ.വി. കൃഷ്ണവാര്യർ പറയുന്നു. മനസ്സും മനസ്സുമല്ല ചേരുന്നത്; ശരീരങ്ങൾ ആണ് ചേരുന്നത്. മാത്രമല്ല ഈ ചെറുപ്പക്കാരനുവേണ്ടി വീട്ടുകാർ ഉറപ്പിച്ച് കല്യാണത്തിനായി പെൺവീട്ടുകാരുടെ ബാങ്ക് നിക്ഷേപം ഉണ്ട്. അവിടെ പണത്തിനെ ആശ്രയിക്കുന്ന വിവാഹമാണ് നടക്കുന്നത്. വനിതാ ഹോസ്റ്റലിനു മുമ്പിൽ കിടക്കുന്ന വൃദ്ധനെ തീരെ ശ്രദ്ധിക്കാത്തവരാണ് കമിതാക്കൾ. പ്രണയത്തിന്റെ തീവ്രതകൊണ്ട് അവർ ശ്രദ്ധിക്കാതിരുന്നതല്ല. അവരുടെ ഹൃദയങ്ങളിൽ അനുരാഗമില്ല.
ഉണ്ടായിരുന്നുവെങ്കിൽ മരണാസന്നനായ ആ വൃദ്ധനെ ഇരുവരും ചേർന്ന് രക്ഷിക്കുമായിരുന്നു. അനശ്വരമായ പ്രണയം മറ്റുള്ളവരേയും സ്നേഹിക്കാനേ പഠിപ്പിക്കൂ. പ്രണയം അഭിനയിക്കുന്നവരുടെ കണ്ടുമുട്ടലും താൽക്കാലിക ലൈംഗികസുഖം നേടിയതിനുശേഷമുള്ള പിരിയലുമാണ് മദിരാശിയിലെ ഒരു സായാഹ്നത്തിൽ പറയുന്നത്.
എന്നാൽ ചുള്ളിക്കാടിന്റെ സന്ദർശനത്തിൽ പൂർവ്വകാമുകർ ആത്മാർത്ഥമായി പ്രണയിച്ചവരായിരുന്നു. ജീവിതത്തിലെ ചില ബന്ധനങ്ങളാണ് അവരെ ഒരുമിപ്പിക്കാത്തത്. അവരുടെ പ്രണയം ആത്മാർത്ഥമായിരുന്നു. വൈലോപ്പിള്ളിയുടെ യുഗപരിവർത്തനത്തിൽ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ് വിഷയം. കവി തന്റെ ഭാര്യയുമൊത്ത് ഭാര്യാഗൃഹത്തിലേക്ക് പോയി തിരികെ വരുന്നു. ഗ്രാമീണമായ ആ നാട്ടിലെ കർഷകരും ആതിരരാവിൽ ഭാര്യാഗൃഹത്തിൽ പോയി തിരികെ വരുന്നു. ആ ഗ്രാമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. പാടവരമ്പുകളിൽ കറന്റ് കാലുകൾ അസ്ഥികോലം പോലെ നിൽക്കുന്നു. കോഴി കൂവുന്നത് കേട്ട് ഉണരാറുള്ളവർ കമ്പനിയുടെ സൈറൺ കേട്ടുണരുന്നു. കരിമ്പനയിലെ യക്ഷിപോലും ഭയന്നുപോകുന്നു. പാടങ്ങളിൽ ഉഴുതു മറിക്കുന്ന യന്ത്രങ്ങൾ വന്നിരിക്കുന്നു.
കുടികിടപ്പുകാർ മുദ്രാവാക്യം വിളിക്കുന്നു. തൊഴിലിനായി ഗ്രാമീണർ പരിശ്രമിക്കുന്നു. തന്റെ നാട്ടിൽ ഒരു യുഗപരിവർത്തനം ഉണ്ടാവുകയാണ്. ഗ്രാമീണരായ ജനം കൂടുതൽ യാന്ത്രികമായി മാറുന്നു. ഈ വേളയിൽ മനുഷ്യൻ സമയം തിരക്കുപിടിച്ചതായി. സമയം ധനമായി മാറി. മാനുഷികമായ ഹൃദയവികാരങ്ങൾ പ്രകടിപ്പിക്കുന്നതും സന്തോഷിക്കുന്നതും കുറയുന്നു.
പ്രണയത്തെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ മാറ്റം വരുന്നു. തുപ്പിക്കളയുന്ന ഉമിനീരായി അവർ പ്രണയത്തെ കണ്ടുതുടങ്ങിയിരിക്കുന്നു. മാത്രമല്ല കായിൻ പേരിലാണ് പൂമതിക്കുന്നത്. അതായത് മനുഷ്യന് സന്തോഷം നൽകുന്നതും മാനസികോല്ലാസം നൽകുന്നതുമായ സൗന്ദര്യങ്ങൾ എല്ലാം മനുഷ്യർ ആസ്വദിക്കാതെയായിരിക്കുന്നു. അതിനെ ഉണ്ടാക്കുന്ന ഫലത്തിന്റെ പേരിലാണ് മതിക്കുന്നത്. കായിൻ പേരിൽ എന്നതിന് പ്രയോജനത്തിന്റെ പേരിൽ എന്ന് ആശയം കൊടുക്കാം. പണത്തിന്റെ സ്വാധീനത്തെയാണിത് കാണിക്കുന്നത്. ഗ്രാമീണർ സൗന്ദര്യവസ്തുക്കളെയെല്ലാം പണമായി കാണുന്നവർ ആയിരിക്കുന്നു.
ധനമാണവരുടെ ലക്ഷ്യം. അവർക്ക് പ്രണയം തുപ്പിക്കളയാവുന്ന ഉമിനീരാണ്. പുണ്യപ്പെട്ടതും മൂല്യവത്തുമായ ഒന്നും ഇല്ല. വൈലോപ്പിള്ളി ആവിഷ്കരിക്കുന്നത് മാറിയ നാടിന്റെ, യാന്ത്രികമായി ചിന്തിക്കുന്ന ജനതയുടെ ഹൃദയങ്ങളിൽ നിന്നും നഷ്ടമായ സൗന്ദര്യസങ്കല്പങ്ങളാണ്, പ്രണയസങ്കല്പങ്ങളാണ്. പണം മുഖ്യശക്തിയായി മാറുന്ന കാലഘട്ടത്തിൽ പ്രണയം വഴിമാറുന്നതാണ് കവിതയുടെ സാരമായത്.
ചുള്ളിക്കാടിന്റെ സന്ദർശനം പ്രണയജീവിതം ഇനി വേണ്ടെന്ന് പറയുകയാണെങ്കിലും ഇരുളിൽ ഇപ്പോഴും ഉദിക്കുന്നത് കാമുകിയുടെ മുഖമാണെന്ന് തുറന്നു പറയുന്നുണ്ട്. കരച്ചിലിന്റെ അഴിമുഖത്തേക്ക് പോകാതിരിക്കുന്നുവെങ്കിലും അവർ ആത്മാർത്ഥമായി പ്രണയിച്ചവർ ആയിരുന്നു. കുമാരനാശാന്റെ കരുണ സഫലമാകാത്ത പ്രണയവുമായി ഒരു ബുദ്ധഭിക്ഷുവിനെ സമീപിച്ച് വാസവദത്തയെന്ന വേശ്യയുടെ മനഃപരിവർത്തനത്തിന്റെ കവിതയാണ്. വാസവദത്ത ബുദ്ധഭിക്ഷുവിൽ അനുരക്തയായി; അനുരാഗിണിയായി. ഭിക്ഷുവിന് തോഴിയുടെ കൈയ്യിൽ പ്രേമലേഖനം കൊടുത്തയച്ചു. സമയമായില്ലായെന്ന് ഭിക്ഷു മറുപടി നൽകി.
കുറച്ചു മാസങ്ങൾക്കിടയിൽ വാസവദത്തയുടെ അരികിൽ വന്ന ഒരു ധനാഢ്യന്റെ സ്വർണ്ണം നഷ്ടമായതിന് വാസവദത്തയെ സംശയിച്ച രാജാവ് അവളെ ശിക്ഷിച്ചു. അവളുടെ അവയവങ്ങൾ ചോദിച്ച് ശ്മശാനത്തിൽ ഇട്ടു. ഈ സമയം കടന്നുവന്ന ഉപഗുപ്തൻ അവളെ ആശ്വസിപ്പിച്ച് മനഃപരിവർത്തനം ഉളവാക്കി. ചോദ്യഭാഗത്ത് കൊടുത്തിരിക്കുന്ന വരികൾ വാസവദത്ത തെറ്റ് ചെയ്തെന്ന് ബോധ്യപ്പെടുന്ന സമയത്തെക്കുറിച്ചുള്ളതാണ്.
വഴിപിഴച്ച ചില കാമകിങ്കരന്മാർ ചെയ്തുകൂട്ടുന്ന കടുംക്രിയകളിൽ പ്രേമത്തിന്റെ പേർ പറയുന്നതുപോലും വളരെ ഭയമുളവാക്കുന്നതാണ്. പ്രേമം വളരെ സുന്ദരമായ ഒരു പേരാണ്. പ്രേമിക്കുന്നതും സുന്ദരമാണ്. കുമാരനാശാൻ മലയാളത്തിലെ ഒരു കാൽപ്പനിക പ്രണയകവിയാണ്. അദ്ദേഹത്തിന്റെ നളിനി, ലീല എന്നീ കൃതികൾ പ്രണയത്തിന്റെ ഭാവനകളെ ആവിഷ്കരിക്കുന്നതാണ്. നളിനി, ദിവാകരനേയും ലീല മദനനേയും തേടുന്നതിന്റെ പ്രണയയാത്രകളാണ് ഈ കവിതകൾ. ആശാന്റെ ദൃഷ്ടിയിൽ പ്രണയം ഉദാത്തമാണ് - സ്മിതത്തിന്റെ സാഫല്യമാണ്.
വേശ്യയായ വാസവദത്ത ഉപഗുപ്തനെ വളരെ ആത്മാർത്ഥമായാണ് പ്രേമിക്കുന്നത്. ഈ വിവരം അറിയിച്ചില്ലേയെന്ന് തോഴിയോട് പ്രത്യേകം ചോദിക്കുന്നുണ്ട്. ഉപഗുപ്തൻ ബുദ്ധഭിക്ഷു ആയതിനാൽ സന്യാസത്തിന്റെയും ദാരിദ്ര്യത്തിന്റെയും വഴിയിൽ ഉറച്ച കാലുകളോടെ സഞ്ചരിക്കുന്നവനാണ്. അതിനാൽ വാസവദത്തയുടെ പ്രേമം നിഷ്ഫലമായിപ്പോകുന്നു.
ചുള്ളിക്കാടിന്റെ സന്ദർശനത്തിൽ പ്രണയം ജീവിതത്തിലേയ്ക്ക് ചേക്കേറുന്നില്ല. പ്രണയം കൊഴിഞ്ഞുപോയതാണെങ്കിലും പഴയകാലങ്ങളിൽ പരസ്പരം പ്രേമിച്ചവരായിരുന്നു ഇരുവരും. ഇരുവരും പണ്ടേ പിരിഞ്ഞവരാണ്. പ്രണയത്തിന്റെ ശരിതെറ്റുകൾ ചുള്ളിക്കാട് ചിന്തിക്കുന്നില്ല. ചുള്ളിക്കാടിന്റെ ലോകം കുറേക്കൂടി വളർന്നിരിക്കുന്നു. കുമാരനാശാൻ പഴയകാലത്തിന്റെ കവിയായതിനാൽ അന്ന് ധർമ്മം/അധർമ്മം എന്ന വേർതിരിവ് കൊണ്ട് മനസ്സ് ഭാഗിച്ചിരുന്നു. ആ കാലഘട്ടം കവികളേയും സമൂഹത്തേയും ചിന്തിപ്പിച്ചിരുന്നത് ഈ വിപരീത ശക്തികളെക്കൊണ്ടായിരുന്നു. ധർമ്മവും അധർമ്മവുമാകുന്ന വിപരീത ശക്തികൾ. ചുള്ളിക്കാടിന്റെ ലോകം കുറേക്കൂടി തീവ്രമായ ഭാവാവിഷ്കാരമാണ്.

Exam Tips:

a) ഓരോ കവിയുടെയും വരികൾ (എൻ.വി. കൃഷ്ണവാര്യർ, വൈലോപ്പിള്ളി, കുമാരനാശാൻ) വെവ്വേറെ വിശകലനം ചെയ്ത് 'സന്ദർശന'ത്തിലെ ആത്മാർത്ഥമെങ്കിലും ഒരുമിക്കാനാകാത്ത പ്രണയവുമായി താരതമ്യം ചെയ്യുക.
b) താരതമ്യം ചെയ്യുമ്പോൾ സാമ്യവും വ്യത്യാസവും രണ്ടും എടുത്തു പറയുക.
c) നീണ്ട ഉത്തരമായതിനാൽ ഓരോ കവിക്കും ഓരോ ഖണ്ഡിക എന്ന ക്രമത്തിൽ എഴുതുക.

 

Question 11: ഉത്തരമെഴുതുക.
1. "ആ വിശുദ്ധമാം മുഗ്ധപുഷ്പത്തെക്കണ്ടില്ലെങ്കിൽ! ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കിൽ" - സൂര്യകാന്തി (ജി. ശങ്കരക്കുറുപ്പ്)
2. "അരുതു കൊല്ലുവാൻ നന്ദി, കരച്ചിലിൻ അഴിമുഖം നമ്മൾ കാണിതിരിക്കുക. സമയമാകുന്നു പോകുവിൻ, രാത്രി തൻ നിഴലുകൾ നമ്മൾ പണ്ടു പിരിഞ്ഞവർ" - സന്ദർശനം (ചുള്ളിക്കാട്)
ഈ രണ്ടു സന്ദർഭങ്ങളും താരതമ്യപ്പെടുത്തുക. ഇതിലെ പ്രണയത്തിന് വ്യത്യാസങ്ങളുണ്ടോ? സൂര്യനെ സ്നേഹിച്ച സൂര്യകാന്തിയും സന്ദർശനത്തിലെ കാമുകനും വ്യത്യസ്തരായി ചിന്തിക്കുന്നവരാണോ? കുറിപ്പെഴുതുക.

Answer:

ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിതയിൽ സൂര്യനെ സ്നേഹിക്കുന്ന സൂര്യകാന്തിപ്പൂവിനെയാണ് കാണുന്നത്. സൂര്യൻ സൂര്യകാന്തിപ്പൂവിനെ പിരിഞ്ഞ സമയത്ത് ദുഃഖിക്കുന്നുണ്ട്. എന്നിട്ടു പറയുന്നതാണ് ഈ വരികൾ. കണ്ടു സ്നേഹിച്ചു കഴിഞ്ഞാൽ പിന്നെ പിരിഞ്ഞുപോകുന്നത് സുഖകരമല്ല. ആ പിരിയലിൽ വലിയ വേദനകൾ കാണും. തീവ്രമായ വിഷമമായിരിക്കും സംഭവിക്കുക.
ഒരുപക്ഷേ, വേർപിരിഞ്ഞതിനുശേഷം നൈരാശ്യത്തിലേക്കായിരിക്കാം വീണുപോകുന്നത്. ചിലർ ആത്മഹത്യ ചെയ്തുപോകുന്ന സാഹചര്യങ്ങളാണിത്. പക്ഷേ, സൂര്യൻ ചിന്തിച്ചത് വളരെ പ്രായോഗികമായ ഒരു രക്ഷപ്പെടലാണെന്ന് പറയാം. തന്റെ മനസ്സിൽ ഉള്ളവായ വിഷമത്തെ സൂര്യൻ മറികടക്കുകയാണ്.
ഈ പുഷ്പത്തെ കാണാതിരുന്നെങ്കിൽ എന്ന് നെടുവീർപ്പിടുകയാണ്. സന്ദർശനത്തിൽ കവിയും പൂർവ്വകാമുകിയും ഇനി ഒരുമിച്ച് ജീവിക്കുന്നില്ല. അവർ പിരിയാൻ സാധിക്കുമെന്ന് തെളിയിച്ചവരാണ്. പണ്ടേ പിരിഞ്ഞവരാണ്. നിഴലില്ലാത്ത രാത്രിയിലെ നിഴലുകളാണ്. പിരിയുന്നതിന്റെ വിഷമങ്ങൾ മനസ്സിലാക്കിയും അനുഭവിച്ചും കഴിഞ്ഞവരാണ്. ഒരർത്ഥത്തിൽ സൂര്യനെയും സൂര്യകാന്തിയുടെയും വേർപിരിയലിന്റെ കടുത്ത ദുഃഖം കഴിഞ്ഞുപോന്നവരാണ് സന്ദർശനത്തിലെ കവിയും പൂർവ്വകാമുകിയും. അതിനാൽ അവരുടെ കണ്ടുമുട്ടലിൽ വൈകാരികമായ സെന്റിമെന്റ്സ് കാണുന്നില്ല. രണ്ടുപേരും പൊട്ടിക്കരയുന്നില്ല.
തലതല്ലിക്കരയാവുന്ന അവരുടെ കടുത്ത വേദനകൾ മാറിയിരിക്കുന്നു. രാത്രിയിലെ നിഴലുകളാണ് തങ്ങളെന്ന് അവർ പറയുന്നു. രാത്രിയിൽ നിഴലില്ല. ഘോരമായ ഇരുളിൽ അവർ അകപ്പെട്ടതിനെക്കുറിച്ച് പറയുവാൻ രാത്രിയിലെ നിഴലുകളാണെന്ന് പറയുന്നത് വളരെ ഫലപ്രദമായിരിക്കുന്നു. സൂര്യൻ സൂര്യകാന്തിയോട് പറയുന്നതിൽ അനുരാഗം തെളിഞ്ഞു കാണുന്നുണ്ട്.
അനുരാഗവിവശനായിപ്പോയതിനാലാണ് സൂര്യൻ ഇങ്ങനെ പ്രാർത്ഥിക്കുന്നത്. സൂര്യകാന്തിക്കാകട്ടെ ഒരു പകലിന്റെ ആയുസ്സേയുള്ളൂ. ക്ഷണികമായ ഒരു ജീവിതമാണ് സൂര്യകാന്തിക്കുള്ളത്. ഈ നിസ്സാരതയിൽ ജീവിക്കുമ്പോഴാണ് സൂര്യനെ കാണുന്നതും സൂര്യനെ പ്രണയിക്കുന്നതും. സൂര്യനാകട്ടെ തന്റെ ഉള്ളിലെ അനുരാഗം തിരിച്ചറിയുന്നുണ്ടായിരിക്കാം. വിശുദ്ധമായ ആ പുഷ്പത്തെ സൂര്യൻ മനസ്സിലാക്കി. എത്രയോ പുഷ്പങ്ങൾ ഉണ്ട്. അതിൽ ഈ സൂര്യകാന്തി വിശുദ്ധമാണെന്ന് സൂര്യൻ കണ്ടെത്തി. സൂര്യകാന്തിക്ക് തന്നോട് പ്രേമമുണ്ടെന്നും അറിഞ്ഞു. പിന്നെ വിടപറയേണ്ടത് നിലനില്പിന്റെ ഭാഗമാണ്. ഒരു പകലോടെ അവസാനിക്കുന്ന സൂര്യകാന്തിയുടെ ജീവിതമാണ് വിടപറയലിന്റെ കാരണമായത്.
സന്ദർശനം കവിതയിൽ രണ്ടുപേരും വിടപറയുകയാണ്. അവർക്ക് വിടപറയേണ്ട സാഹചര്യം ഇപ്പോൾ വന്നുണ്ടായതല്ല; അത് നേരത്തെതന്നെ സംഭവിച്ചതാണ്. അവർ നേരത്തെ പിരിഞ്ഞവരാണ്. മാത്രമല്ല പിരിഞ്ഞ് ജീവിക്കുന്നതിനാൽ രാത്രിയുടെ മറവിൽ നിഴലുകളെപ്പോലെയാണ് ജീവിക്കുന്നത്. അവർക്ക് ഇനി ഒരു പ്രതീക്ഷയും തോന്നുന്നില്ല. അവരുടെ ജീവിതം ഇനിയുമുണ്ട്. അത് ഒറ്റക്കൊറ്റക്ക് കഴിയുവാൻ അവർ ആഗ്രഹിക്കുന്നു.
ഒരു സമാഗമം ഉണ്ടാവുകയാണെങ്കിൽ അത് അഴിമുഖത്തെ കരച്ചിൽ പോലെ തീവ്രമായിരിക്കുമെന്ന് കവിക്കറിയാം. കവി കടലും കാമുകി പുഴയുമാണെന്ന് സങ്കല്പിച്ചാൽ അഭിമുഖത്തെത്തിയാൽപ്പിന്നെ പുഴക്ക് കടലിൽ നിന്നും തിരിച്ച് പിന്നിലേക്ക് ഒഴുകുവാൻ കഴിയില്ല. സമാഗമത്തിന്റെ ഈ പതയലും നുരയും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ഉപേക്ഷിക്കുവാൻ തീരുമാനിക്കുന്നു. പ്രണയകാമനകൾ സഫലമാകില്ലെന്ന് അറിഞ്ഞ ഒരു തീരുമാനത്തിലാണ് സന്ദർശനം കവിത പൂർണ്ണമാകുന്നത്. അത് സൂര്യകാന്തിയിൽ നിന്നും വ്യത്യസ്തമാണ്.

Exam Tips:

a) രണ്ടു കവിതകളിലെയും സന്ദർഭം ആദ്യം ചുരുക്കി പറഞ്ഞശേഷം സാമ്യവും വ്യത്യാസവും വേർതിരിച്ച് എഴുതുക.
b) 'ഇനിയും കാണാതിരിക്കുക' എന്ന സമാനമായ ആശയവും, സൂര്യകാന്തിയിലെ പ്രതീക്ഷയും സന്ദർശനത്തിലെ നിസ്സംഗതയും തമ്മിലുള്ള വ്യത്യാസവും എടുത്തുപറയുക.
c) ഒടുവിൽ ഒരു വരിയിൽ നിങ്ങളുടെ നിഗമനം (ഇരുകവിതകളിലും വേർപിരിയൽ അനിവാര്യമാണ്) എഴുതി അവസാനിപ്പിക്കുക.

 

Previous Years Questions and Answers

Two Marks Questions

Question 12: ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എടുത്തെഴുതുക.
പ്രണയം അടിസ്ഥാന ഭാവമായിട്ടുള്ള രചന ഏത്? (മത്സ്യം, കുരത്തി, സന്ദർശനം, സംക്രമണം) (SAY 2015)

Answer:

സന്ദർശനം

Exam Tips:

a) 'പ്രണയം' എന്ന ഭാവം കാമുകീകാമുകന്മാരുടെ കണ്ടുമുട്ടൽ പ്രമേയമാക്കിയ 'സന്ദർശനം' കവിതയുമായി ബന്ധപ്പെടുത്തി ഓർക്കുക.

 

Question 13: ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'സന്ദർശനം' എന്ന കവിത ഏത് കാവ്യസമാഹാരത്തിൽ നിന്ന് എടുത്തതാണ്? (ഗസൽ, പതിനെട്ട് കവിതകൾ, അമാവാസി, മാനസാന്തരം)

Answer:

അമാവാസി

Exam Tips:

a) കവിതകളും അവ ഉൾപ്പെട്ട സമാഹാരങ്ങളും ചേർത്ത് ഒരു പട്ടികയായി പഠിച്ചുവയ്ക്കുക.

 

Question 14: രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരം എഴുതുക.
"നിന്റെ കണ്ണിൽ നിന്നും പുറപ്പെട്ട കാന്തവീചിയെൻ ജീവനെത്തേടി." (അപൂർണ്ണം - ബാലചന്ദ്രൻ ചുള്ളിക്കാട്)
സമാനമായ ആശയം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'സന്ദർശന'ത്തിൽനിന്ന് കണ്ടെത്തി എഴുതുക.

Answer:

നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങൾ തൻ കിരണമോമെൻ ചില്ലകൾ പൂത്തതും

Exam Tips:

a) കണ്ണിൽ നിന്നുള്ള കിരണം ജീവനെ/മനസ്സിനെ സ്പർശിക്കുന്നു എന്ന ആശയമാണ് ഇരു വരികളിലും ഉള്ളത്; ഈ സാമ്യം ചൂണ്ടിക്കാട്ടി ഉത്തരം എഴുതുക.
b) വരി കൃത്യമായി ഉദ്ധരിക്കാൻ ശ്രദ്ധിക്കുക.

 

Question 15: ബ്രാക്കറ്റിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക.
'സന്ദർശനം' എന്ന കവിതയിലെ മുഖ്യ ഭാവമെന്ത്? (മാതൃത്വം, മരണം, പ്രണയം, വിജയം)

Answer:

പ്രണയം

Exam Tips:

a) കവിതയുടെ അടിസ്ഥാനഭാവം (പ്രണയം) ഓർത്തുവയ്ക്കുക; ഇത് മറ്റു പല ചോദ്യങ്ങൾക്കും ഉപകാരപ്പെടും.

 

Question 16: ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എടുത്തെഴുതുക. ജീവിതം പോലെ പൊലിഞ്ഞു പോകുന്നത്? (കിളികൾ, സംഗീതമുള്ള നിശ്വാസം, നെഞ്ചിടിപ്പിന്റെ താളം, പകൽ വെളിച്ചം) (March 2016)

Answer:

പകൽ വെളിച്ചം

Exam Tips:

a) 'ജനലിനപ്പുറത്ത് പകൽ വെളിച്ചം പൊലിഞ്ഞു' എന്ന കവിതയിലെ പ്രയോഗം ഓർത്തുവയ്ക്കുക.

 

Question 17: കൂട്ടത്തിൽപ്പെടാത്തതേത്? (SAY 2016)
പൊൻ ചെമ്പകം പൂത്ത കരൾ, കനകമൈലാഞ്ചിനീരിൽ തുടുത്ത വിരൽ, കണ്ണിലെ കൃഷ്ണകാന്തം കൊണ്ടുപൂത്ത ചില്ലകൾ, എണ്ണകാച്ചിയ നൊമ്പരം.

Answer:

എണ്ണകാച്ചിയ നൊമ്പരം

Exam Tips:

a) മറ്റു മൂന്നും പ്രണയകാലത്തെ ഭംഗിയുള്ള ബിംബങ്ങളാണ്; എണ്ണകാച്ചിയ നൊമ്പരം വേദനയെ സൂചിപ്പിക്കുന്നു എന്ന വ്യത്യാസത്തിലൂടെ ഉത്തരം കണ്ടെത്തുക.

 

Question 18: ചേരുംപടി ചേർക്കുക. (March 2017)

AB
a) കൃഷ്ണകാന്തങ്ങൾകണ്ഠനാളം
b) സ്വാതന്ത്ര്യംഗർഭപാത്രം
c) ശസ്ത്രക്രിയവയ്ക്കപ്പല്ല്
d) സ്വർണ്ണക്കമ്പികൾകണ്ണ്

Answer:

AB
a) കൃഷ്ണകാന്തങ്ങൾകണ്ണ്
b) സ്വാതന്ത്ര്യംവയ്പ്പല്ല്
c) ശസ്ത്രക്രിയഗർഭപാത്രം
d) സ്വർണ്ണക്കമ്പികൾകണ്ഠനാളം

Exam Tips:

a) ഓരോ പദത്തിന്റെയും പാഠത്തിലെ സന്ദർഭം ഓർത്ത് ചേരുംപടി ചേർക്കുക.
b) ഉറപ്പുള്ളവ ആദ്യം ചേർത്ത് ബാക്കി ഒഴിവാക്കൽ രീതിയിൽ കണ്ടെത്തുക.

 

Four Marks Questions

Question 19: പ്രണയത്തിന്റെ ആഹ്ലാദവും ഉന്മേഷവും ബാലചന്ദ്രൻ ചുള്ളിക്കാട് 'സന്ദർശനം' എന്ന കവിതയിലൂടെ പ്രത്യക്ഷമാക്കുന്നതെങ്ങനെ? (March 2015)

Answer:

സന്ദർശനം കവിത പ്രണയിനികളായിരുന്നവരുടെ കഴിഞ്ഞുപോയ പ്രണയകാമനകളുടെ ആഹ്ലാദവും ഉന്മേഷവും പകരുന്ന കവിതയാണ്. ഒരു ഫ്ലാഷ്ബാക്കിലൂടെ കനകമൈലാഞ്ചിനീരണിഞ്ഞ കാമുകിയുടെ തുടുത്ത വിരലുകൾ തൊട്ടപ്പോൾ നിലാവ് ചുരന്നതും അവളുടെ കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ രശ്മികൾ തട്ടി തന്റെ ഹൃദയത്തിന്റെ ചില്ലകൾ പൂത്തതും കവി ഓർമ്മിക്കുന്നു. ഇരുളിലെപ്പോഴും കാമുകിയുടെ മുഖം ജന്മാന്തര സുകൃതമായി നിൽക്കുന്നു. പ്രണയിച്ചിരുന്നപ്പോൾ തന്റെ ഹൃദയത്തിൽ പൊൻചെമ്പകം പൂത്തിരുന്നു.

Exam Tips:

a) ഫ്ലാഷ്ബാക്ക് സങ്കേതം, ഓർമ്മയിലെ ബിംബങ്ങൾ (മൈലാഞ്ചിവിരൽ, കൃഷ്ണകാന്തം, പൊൻചെമ്പകം) എന്നിവ എടുത്തുപറയുക.
b) നാലു മാർക്കിന്റെ ചോദ്യമായതിനാൽ ഒരു ഖണ്ഡികയിൽ ആശയങ്ങൾ ക്രമമായി എഴുതുക.

 

Question 20: "കനകമൈലാഞ്ചിനീരിൽ തുടുത്ത നിൻ വിരൽ തൊടുമ്പോൾക്കിനാവു ചുരന്നതും". 'സന്ദർശനം' എന്ന കവിതയിലെ പ്രണയ തീവ്രത ആവിഷ്കരിക്കാൻ സഹായിക്കുന്ന സമാനമായ പ്രയോഗങ്ങൾ കണ്ടെത്തുക. (SAY 2015)

Answer:

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം സാധാരണക്കാരന്റെ ഒരു കമന്റ് രീതിയിൽ പറഞ്ഞാൽ നല്ല ക്ലാസിക്കൽ കവിതയാണ്. കവി തന്റെ പൂർവ്വകാമുകിയെ കണ്ടുമുട്ടുകയാണ്. അവർ പരസ്പരം മിണ്ടാതെ അകന്നുപോകുന്നു. അതിനിടയിൽ കവിയുടെ ഓർമ്മകളിൽ പ്രണയിച്ചിരുന്ന പഴയ കാലഘട്ടം കടന്നുവരുന്നു.
ആ ഓർമ്മകളിൽ കവിയുടെ പ്രണയം നിറസുഗന്ധവും വസന്തവും നിറഞ്ഞതായിരുന്നുവെന്ന് നമ്മൾ അറിയുന്നു. കവിതയിൽ പ്രണയകാലഘട്ടത്തെ അതീവ സുന്ദരമായാണ് ആവിഷ്കരിക്കുന്നത്. വാക്കുകൾകൊണ്ട് വികാരഭാവങ്ങളെ നിറച്ചാർത്തുകളിൽ അവതരിപ്പിക്കുവാൻ കഴിയുമെന്നതിന് നേർസാക്ഷിയായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തൂലികയിൽ നിന്നും രചിക്കപ്പെട്ട ഒരു അനശ്വര കവിതയാണിത്. പ്രണയിച്ചിരുന്നപ്പോൾ കവിക്കുണ്ടായിരുന്ന അവാച്യമായ ആനന്ദത്തെ കവി അവതരിപ്പിക്കുന്നു. കവിയുടെ മനസ്സ് പൂത്ത ചെമ്പകം പോലെയായിരുന്നു. പ്രണയിനിയുടെ സാമീപ്യത്തെ അവതരിപ്പിക്കുന്നതിലെ ഭാവനാസൗന്ദര്യം വാക്കുകൾക്കതീതമായ ആനന്ദമാണ് നൽകുന്നത്.
ചെമ്പകപ്പൂവിന്റെ നിറവും സുഗന്ധവും പ്രണയികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്; പ്രത്യേകിച്ച് വിരഹികളായവർക്ക്. മദിപ്പിക്കുന്ന ചെമ്പകഗന്ധത്തിന്റെ ആസ്വാദ്യതയാണ് കവിയുടെ സന്തോഷത്തിന് ഉണ്ടായിരുന്നത്. കവി അനുരാഗത്തിലമർന്ന് അതിന്റെ വശ്യതയിൽ മുങ്ങിയിരിക്കുകയാണ്. ചെമ്പകം പൊൻചെമ്പകമാണ്. ആ പൊൻചെമ്പകം കവിയുടെ പ്രണയാനുഭൂതിയുടെ പ്രതിരൂപമായി ഇവിടെ ഉപയോഗിക്കുന്നു. ആ പൊൻചെമ്പകം പൂത്തിരിക്കുന്നു. കവിയുടെ കരളിലാണ് പൊൻചെമ്പകം പൂത്തിരിക്കുന്നത്.
അനുരാഗവിവശനായ കാമുകന്റെ കരളിൽ പൊൻചെമ്പകം പൂത്തത് പ്രണയിനിയുടെ സാമീപ്യത്താലാണ്. കാമുകി ഇവിടെ ചെമ്പകത്തെ പുഷ്പിക്കുന്ന ഋതുവാണ്; ഋതുസുന്ദരിയാണ്. വസന്തമാണ്. അവളുടെ സാമീപ്യത്തിൽ കവിയുടെ മനസ്സ് പൊൻചെമ്പകമായി പൂത്തിരിക്കുന്നു. കാമുകിയുടെ പ്രണയാർദ്രമായ കണ്ണുകളെക്കുറിച്ച് കവി പാടുന്നത് കാവ്യാനുഭൂതിയുടെ മൂടൽമാമലകളിലെ നറും കുളിരായി മാറുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണമണികളെ കവി കാണുന്നതിലെ സൗന്ദര്യം പ്രണയാർദ്രമായ ഭാവനാസുഖമാണ് നൽകുന്നത്. കാമുകിയുടെ കണ്ണിലുള്ളത് കൃഷ്ണകാന്തമാണ്. കാന്തത്തെപ്പോലെ വശീകരിക്കുന്ന കൃഷ്ണമണികളാണവ. ആ കണ്ണുകൾ നെടിയതാണ്.
കാമുകിയുടെ സൗന്ദര്യവും കണ്ണിലെ കൃഷ്ണമണികളുടെ പ്രണയാർദ്രമായ വശ്യതയുമാണ് ഇവിടെ നാമറിയുന്നത്. ഈ കൃഷ്ണമണികളിൽ നിന്നും കിരണങ്ങൾ വരുന്നു. അവയേറ്റ് കവിയുടെ മനസ്സ് പൂക്കുന്നു. സൂര്യരശ്മിയുടെ വെളിച്ചത്തിൽ പൂത്തു നിൽക്കുന്ന മരച്ചില്ലകളെ സങ്കൽപ്പിച്ചുകൊണ്ടുള്ള പ്രണയ വരികളാണിത്. കാമുകിയുടെ നോട്ടത്താൽ പൂക്കുന്ന കവിയുടെ മനസ്സ് വളരെ സുന്ദരമായി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. കൃഷ്ണമണികളെ കൃഷ്ണകാന്തങ്ങളെന്ന് രചിച്ചപ്പോൾ ഈ വരികൾക്ക് ഒരു നവശോഭ കൈവന്നിരിക്കുന്നു. അതിന്റെ കിരണമേറ്റ് ചില്ലകൾ പൂക്കുന്നത് കവിയുടെ മനസ്സിലാണ്.
മേൽ വിവരിച്ച പ്രയോഗങ്ങളിൽ തന്റെ പ്രണയാനുഭവത്തെ പ്രകൃതിയുടെ സൗന്ദര്യത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. കാമുകിയുടെ കാഴ്ചയും സ്പർശനവും കവിയെ പ്രണയാർദ്രനാക്കുന്നു. സ്വാഭാവികമായ വളർച്ചയിൽ പ്രകൃതിയിൽ വളരെ നൈസർഗ്ഗികമായുണ്ടാകുന്ന വസന്തത്തിന്റെ കാഴ്ചകളിലൂടെയാണ് കവി ഈ പ്രണയാനുഭവത്തെ ആവിഷ്കരിക്കുന്നത്. കവിയുടെ പ്രണയാനുഭൂതിയെ ചെമ്പകം പൂത്തതും ചില്ലകൾ പൂത്തതും കാവ്യാനുഭൂതിയാക്കി മാറ്റുന്നു.

Exam Tips:

a) പ്രണയത്തിന്റെ തീവ്രത കാണിക്കുന്ന പ്രയോഗങ്ങൾ (പൊൻചെമ്പകം, കനകമൈലാഞ്ചിനീർ, കൃഷ്ണകാന്തം, ചില്ലകൾ പൂത്തത്) പ്രത്യേകം പട്ടികപ്പെടുത്തി വിശദീകരിക്കുക.
b) ഓരോ പ്രയോഗവും പ്രകൃതിബിംബമായി പ്രണയത്തെ എങ്ങനെ ആവിഷ്കരിക്കുന്നു എന്ന് ഒരു വരിയിൽ വ്യക്തമാക്കുക.

 

Question 21: സ്മരണതൻ ദൂരസാഗരം തേടി നീളുന്ന ഹൃദയരേഖകൾ കണ്ടെത്തുന്ന ഓർമകളെന്തൊക്കെയാണ്? (March 2017)

Answer:

"സന്ദർശനം" എന്ന കവിതയിലെ വരികളാണിവ. പ്രണയകാലത്തെ ഓർക്കുന്ന കവി അതിലെ പ്രണയാർദ്രമായ ചില സന്ദർഭങ്ങൾ ഓർക്കുന്നു. കാമുകിയുടെ സ്വർണ്ണനിറത്തിലുള്ള മൈലാഞ്ചിയെഴുതിയ വിരൽ തൊട്ടപ്പോൾ മനസ്സിൽ കിനാവു പകർന്നതും കാമുകിയുടെ കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ കിരണമേറ്റ് മനസ്സ് സന്തോഷിച്ചതും കവി ഓർക്കുന്നു.

Exam Tips:

a) വരികളുടെ സന്ദർഭം ആദ്യം പറഞ്ഞശേഷം ഓർമ്മകൾ പട്ടികപ്പെടുത്തി എഴുതുക.
b) നാലു മാർക്കിന് കുറഞ്ഞത് രണ്ടു ഓർമ്മകളെങ്കിലും വ്യക്തമായി എഴുതണം.

 

Question 22: 'സന്ദർശനം' എന്ന കവിതയെ ഹൃദയസ്പർശിയായ അനുഭവമാക്കുന്നത് അതിൽ ഉൾച്ചേർന്ന വിഷാദഭാവമാണ്. ഈ പ്രസ്താവന വിശദമാക്കുക.

Answer:

ഒരിക്കൽ പ്രണയിച്ചവർ വീണ്ടും കണ്ടുമുട്ടുന്നു. അവർ കണ്ടിട്ടും പരസ്പരം മൗനം കുടിച്ചിരിക്കുന്നതിൽ വിഷാദമുണ്ട്. ഈ സന്ദർഭത്തിൽ ജീവിതം വെളിച്ചം പൊലിഞ്ഞ് സന്ധ്യപോലെയാകുന്നു. അവിടെയും ദുഃഖമാണ്. പ്രണയം പൂത്ത കരൾ കരിഞ്ഞുപോയതാണ്. തൊണ്ടയിൽ ഏകാന്തരോദനം പിടയുന്നു. മാത്രമല്ല, പ്രണയം നഷ്ടമായ താൻ ഇപ്പോൾ കഴിയുന്നത് നഗരത്തിലെ നരകരാത്രിയിലാണ്. ഒടുവിൽ ഇനി കരച്ചിലിന്റെ അഴിമുഖം കാണാതെ പിരിയാൻ തീരുമാനിക്കുന്നതിലും ഈ കവിതയെ ഹൃദയസ്പർശിയാക്കുന്നത് വിഷാദഭാവമാണെന്ന് പറയാം.

Exam Tips:

a) മൗനം, പൊലിഞ്ഞ പകൽ, കരിഞ്ഞ കരൾ, തൊണ്ടയിൽ പിടയുന്ന രോദനം, നഗരത്തിലെ നരകരാത്രി, അഴിമുഖം കാണാതെയുള്ള പിരിയൽ എന്നിങ്ങനെ വിഷാദം പകരുന്ന സന്ദർഭങ്ങൾ ക്രമമായി പട്ടികപ്പെടുത്തുക.
b) ഏറ്റവും ഒടുവിൽ 'വിഷാദഭാവമാണ് കവിതയെ ഹൃദയസ്പർശിയാക്കുന്നത്' എന്ന നിഗമനം ആവർത്തിച്ച് ഉത്തരം പൂർത്തിയാക്കുക.

 

Six Marks Questions

Question 23: പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങളുടെ നിറഭേദങ്ങൾ 'സന്ദർശനം' എന്ന കവിതയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് എങ്ങനെ? (March 2016)

Answer:

'സന്ദർശനം' എന്ന കവിത ചുള്ളിക്കാടിന്റെ നഷ്ടപ്രണയത്തിന്റെ നഷ്ടസ്മൃതികളും കാമുകിയെ സന്ദർശനമുറിയിൽ കണ്ടുമുട്ടുന്നതുമാണ്. അതിനാൽ വ്യത്യസ്തമായ രണ്ടു കാലങ്ങൾ ഈ കവിതയിൽ കാണുന്നുണ്ട്. പ്രണയകാലഘട്ടവും പ്രണയമില്ലാത്ത ഇന്നത്തെ കാലവും. ഈ രണ്ടു കാലഘട്ടവും കവിതയിൽ ആവിഷ്കരിക്കുന്നത് വ്യത്യസ്തമായ അനുഭൂതികളോടെയാണ്.
ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന നിറഭേദങ്ങൾ എന്നത് ഉദ്ദേശിക്കുന്നത് കവിതയിലെ പ്രണയാനുഭവത്തിന്റെ വ്യത്യസ്തതകളെയാണ്. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ വ്യത്യസ്ത നിറങ്ങളിൽ വരയ്ക്കുന്നതുപോലെയാണ് കവി കവിതയിൽ എഴുതുന്നത്. കവിയും കാമുകിയും തമ്മിലുള്ള പ്രണയകാലഘട്ടം അവതരിപ്പിക്കുന്നത് ഓർമ്മകളായാണ്. ആ ഓർമ്മകൾക്ക് ചക്രവാളത്തിന്റെ വിദൂരതയോട് സാദൃശ്യമുള്ളതായി പറയുന്നുണ്ട്. മാത്രമല്ല, ഓർമ്മകൾ ദൂരസാഗരം തേടിയുള്ള ഒരു അലച്ചിലായി പറയുന്നു. സന്ധ്യയ്ക്ക് കിളികൾ മരങ്ങളിൽ ചിറക് ഒതുക്കി ചേക്കേറുന്നതുപോലെയാണ് ഓർമ്മകൾ എന്ന് പറയുന്നുണ്ട്. അതിനാൽ അസ്തമനത്തിന്റെ ഒരു ശോണച്ഛായയാണ് ഓർമ്മകൾക്കുള്ളത്.
ഓർമ്മകളിൽ വന്നു നിറയുന്ന പ്രണയകാലഘട്ടത്തെ അവതരിപ്പിക്കുന്നത് പ്രകൃതിയിലെ സുഗന്ധവും നിറസുഭഗതയുമുള്ള കാഴ്ചകളായിട്ടാണ്. ഒരു പൊൻചെമ്പകം പൂത്തിരുന്ന കാലഘട്ടമായിരുന്നു പ്രണയകാലമെന്ന് പറയുന്നുണ്ട്. കനകനിറത്തിലുള്ള മൈലാഞ്ചിനീരിൽ തുടുത്തതായിരുന്നു കാമുകിയുടെ വിരലുകൾ. കാമുകിയുടെ പ്രണയം കാംക്ഷിക്കുന്ന കണ്ണുകൾ നെടിയതായിരുന്നു. അതിലെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളേറ്റ് കവിയുടെ ചില്ലകൾ പൂത്തതായി പറയുന്നു. കവിയിവിടെ ഒരു മരമായി ചില്ലകൾ പടർന്ന് നിൽക്കുന്നു.
അവളുടെ നെറ്റിയിലെ കുങ്കുമത്തരി പുരണ്ട പൊട്ട് ചിദംബരത്തിലെ സന്ധ്യയെപ്പോലെയായിരുന്നു. പ്രണയിച്ചിരുന്ന കാലം നിറവസന്തത്തിന്റേതായിരുന്നു. കാണുവാൻ കൊതിച്ച, തൊടാൻ കൊതിച്ച, സുഗന്ധത്തിനായി ആഗ്രഹിച്ച ഒരു കാലഘട്ടം. ഭൂതകാലത്തിന്റെ സൗന്ദര്യം കാമുകിയുടെ നെടിയ കണ്ണിൽ കാണുന്നു. തുടുത്ത വിരലുകളിൽ കാണുന്നു. വളരെ ഭാസുരമായ, പ്രസാദാത്മകമായ ഒരു കാലഘട്ടമായിരുന്നു അത്.
കവിയുടെ പൂർവ്വകാമുകിയുമൊത്തുള്ള കണ്ടുമുട്ടൽ പ്രണയം നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രകൃതിയിലെ സുന്ദരവസ്തുക്കളിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ യാന്ത്രിക ജീവിതവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഈ അവസ്ഥയെ അവതരിപ്പിക്കുന്നത്. കറപിടിച്ച ചുണ്ടും പൊലിഞ്ഞുപോയ പകൽവെളിച്ചവും മരണപ്പാച്ചിലോടുന്ന വണ്ടികളും, നഗരവഴികളും, സത്രങ്ങളും, മദ്യപാനവും എല്ലാം നിറംകെട്ട വർത്തമാനത്തിന്റെ അവസ്ഥയെ അവതരിപ്പിക്കുന്നു. അനർഗ്ഗളമായ സൗന്ദര്യാതിശയത്തിന്റെ കാലഘട്ടമായി പ്രണയത്തേയും നിറംകെട്ട കാലഘട്ടമായി വർത്തമാനത്തേയും അവതരിപ്പിക്കുന്നു. കവിതയിൽ ഈ വ്യതിയാനം ആവിഷ്കരിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ടാണ്.
വർത്തമാനകാലത്തേക്ക് വരുമ്പോൾ പ്രകൃതിസൗന്ദര്യം വർണ്ണനകളിൽ ഇല്ലാതായിരിക്കുന്നു. അതിനു പകരമുള്ളത് മനുഷ്യന്റെ മടുപ്പുളവാക്കുന്ന യാന്ത്രിക ലോകമാണ്. 'സന്ദർശനം' കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്. പ്രണയാർദ്രമായിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ, സ്വച്ഛമായ നിറഭേദങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തിലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ സ്ത്രീസൗന്ദര്യത്തിന്റെയും പ്രകൃതിയുടെ നിറക്കൂട്ടുകളുടെയും ഭൂതകാലത്തിന്റെ സൗകുമാര്യം കാണിക്കുന്നു.
കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്തതായി പറയുന്നു. ഇവിടെയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്കരിക്കുന്നു. പ്രണയശൂന്യമായ വർത്തമാനകാലത്തിന് പ്രകൃതിയുടെ ദൃശ്യചാരുതയില്ല. നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സത്രച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞുപോയതും കറ പിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.
കുങ്കുമത്തരി പുരണ്ട ചിദംബരസന്ധ്യകളായിരുന്നു പ്രണയിച്ചപ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂലമായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാരങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ദൃശ്യഭംഗികളായി സങ്കൽപ്പിച്ച് ആവിഷ്കരിക്കുന്നു. കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്കരിക്കുന്നതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.

Exam Tips:

a) ഭൂതകാലം (പ്രകൃതിബിംബങ്ങൾ: പൊൻചെമ്പകം, മൈലാഞ്ചിവിരൽ, കൃഷ്ണകാന്തം), വർത്തമാനകാലം (നഗരബിംബങ്ങൾ: വണ്ടികൾ, സത്രം, മദ്യം) എന്നിങ്ങനെ രണ്ടു ഭാഗമായി തിരിച്ച് എഴുതുക.
b) പ്രകൃതി - നഗരം എന്ന വൈരുദ്ധ്യം ഉപസംഹാരത്തിൽ എടുത്തുപറയുക.
c) ആറു മാർക്കിന് മൂന്നോ നാലോ ഖണ്ഡികയെങ്കിലും എഴുതുക.

 

Eight Marks Questions

Question 24: വൈക്കം മുഹമ്മദ് ബഷീറിന്റെ 'അനർഘനിമിഷം', ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'സന്ദർശനം' എന്നീ രചനകൾ അനിവാര്യമായ വേർപാടിനെ വ്യത്യസ്തമായ രീതികളിൽ അവതരിപ്പിക്കുന്നു - ഈ അഭിപ്രായം ശരിയാണോ എന്ന് പരിശോധിക്കുക. (March 2017)

Answer:

വാക്കുകൾ സംഗീതമാവുകയും പ്രത്യേക താളലയങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ അവ ഹൃദയത്തെ തൊടുന്നു. സംഗീതത്തിന്റെ പ്രത്യേകതയാണത്. മനസ്സും ചിന്തയും ഒരേപോലെ ത്രസിപ്പിക്കാൻ സംഗീതത്തിനു കഴിയും. ഇതിന് വാക്കുകളുടെ പ്രയോഗവും സന്നിവേശവും സൂക്ഷ്മമായി വരേണ്ടതുണ്ട്. 'വെളിച്ചത്തിന് എന്തൊരു വെളിച്ചം', 'ഏകാന്തതയുടെ അപാരതീരം' എന്നീ വാക്യങ്ങൾ നൽകുന്ന താളം സാധാരണ പദങ്ങൾകൊണ്ട് ലഭിക്കുന്ന സൗഭാഗ്യകരമായ സിദ്ധിയാണ്. സംഗീതാത്മകമായ പദവിന്യാസത്തിലൂടെ ബഷീർ പുതിയ ലോകം തന്നെ സൃഷ്ടിക്കുന്നു. ആ ലോകത്ത് വാക്കുകൾക്ക് ചിറകു മുളയ്ക്കുന്നു.
വായനക്കാരന്റെ ഹൃദയത്തിലേക്ക് പറന്നുവരുന്നു. സാന്ദ്രമായ അനുഭവം തന്നെ സൃഷ്ടിക്കുന്നു. ഇങ്ങനെ ധ്യാനനിമഗ്നമായ മനസ്സിൽ നിന്നും വാക്കുകൾ ഒഴുകിവരുന്നത് സംഗീതസാന്ദ്രമായ അനുഷ്ഠാനംകൊണ്ടാണ്. സംഗീതവും ഏകാന്തതയും മൗലികമായ ചിന്തയും സമ്മിശ്രമായി സമ്മേളിക്കുമ്പോൾ അലൗകികമായി മാറുന്ന ഒരു ലോകം അനർഘനിമിഷത്തിലുണ്ട്. സ്നേഹവും സ്നേഹശൂന്യതയും വേദനയും, ആഹ്ലാദവും, ഹാസ്യവും പരിഹാസവും ഒക്കെ പ്രകടമാകുമ്പോഴും ബഷീറിന്റെ വാക്കുകളിൽ വ്യത്യസ്ത രാഗങ്ങളുടെ സ്വരലയം കേൾക്കാവുന്നതാണ്. ആശയങ്ങളുടെ തന്തികളിൽ വിരലോടിക്കുമ്പോഴുള്ള സപ്തരാഗങ്ങളുടെ അനുസ്യൂതമായ പ്രവാഹമായി വാക്കുകൾ മാറുന്നു.
അനുപമമായ ആസ്വാദനത്തിന്റെ മഴവില്ലുകൾ വായനക്കാരന്റെ ആത്മാവിൽ വിരിയിക്കാൻ ബഷീറിനുള്ള കഴിവ് നവോത്ഥാന കാലഘട്ടത്തിൽ മറ്റൊരു എഴുത്തുകാരനും ലഭിച്ചിട്ടില്ല. അനർഘനിമിഷം അനർഘമാകുന്നത്, അത് ഇന്നലെയിൽ ലയിച്ചുപോകുന്നുവെന്ന അറിവിലാണ്. ഇന്നലെയിൽ മരിച്ചു കഴിഞ്ഞാൽ ഇന്ന് എന്ന യാഥാർത്ഥ്യത്തിൽ ഞാനില്ല, നീ മാത്രമേയുള്ളൂ. പ്രണയിനിയോടുള്ള ഒരേറ്റുപറച്ചിലായിട്ടോ എന്നു തോന്നുന്ന വിധം അനർഘനിമിഷം തോന്നിയേക്കാം. എന്നാൽ ജീവിതവും മരണവും തമ്മിലുള്ള പ്രണയമായും ഇതിനെ വ്യാഖ്യാനിക്കാം. മരണത്തിലേക്കുള്ള യാത്രയായി ജീവിതത്തെ കാണുമ്പോൾ ഇപ്രകാരം ചിന്തിക്കാം.
ലൗകികമായ കെട്ടുപാടുകൾക്കിടയിൽ താൻ കേൾക്കുന്നതെല്ലാം, കാണുന്നതെല്ലാം മനസ്സിലേക്കോടിവരുന്നു. അത് തന്റെ പ്രേമത്തെ സ്നേഹത്തെക്കുറിച്ചെല്ലാമാണ്. ഈ പ്രേമം ജീവിതത്തോടുള്ളതോ അതോ പ്രണയിനിയോടുള്ളതോയെന്ന് പറയുക അസാധ്യം. ഏതൊരു മനുഷ്യനെ സംബന്ധിച്ചും അനർഘനിമിഷം സാർത്ഥകമാണ്. ജീവിതത്തിന്റെ ഒരനിവാര്യതയാണ് അനർഘനിമിഷം; ഒരു നിമിഷത്തിനപ്പുറവും ഇപ്പുറവും കറുപ്പും വെളുപ്പും പോലെ ഇരുട്ടും വെളിച്ചവും പോലെ, നിശ്ശബ്ദതയും ശബ്ദവും പോലെ, ജീവിതത്തെ ബന്ധിച്ച് നിൽക്കുന്നു.
സ്വപ്നത്തിന്റെയും സ്മരണയുടേയും ധ്യാനത്തിന്റെയും പ്രവചനാതീതമായ ജൈവയോഗമാണ് എനിക്ക് കവിതയെന്ന് പ്രസ്താവിച്ച കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. കവി കർമ്മത്തിലൂടെ തന്റെ പരിധി അറിയുകയും അതിനെ അതിലംഘിക്കുവാൻ ശമിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. പ്രണയദുഃഖത്തിന്റെ ശ്യാമരക്തത്തിൽ കുറിച്ചിട്ട സന്ദർശനം പ്രണയത്തിന്റെയും ക്ഷോഭത്തിന്റെയും വേദനയുടെയും രൂക്ഷവാങ്മയംകൊണ്ട്, സ്വയം ഹൃദയത്തിൽ കോറിയിട്ട കവിതയാണ്. ബോധാവബോധങ്ങളുടെ നിഗൂഢ ലോകങ്ങളിലേക്ക് വാക്കുകളുടെ ചിറകിൽ നടത്തുന്ന ഇരുണ്ട തീർത്ഥാടനമാണത്.
ചില നിമിഷത്തിൽ പിടയുന്ന ഏകാകിയായ പ്രാണനിൽ അലിവിന്നു പൊടിയുന്നത് പ്രണയിനിയുടെ സ്നേഹസുരഭിലമായ മുഖദർശനം ഓർക്കുമ്പോഴാണ്. കരുണാമയമായൊരു ജനാന്തര സാന്ത്വനമാണെന്ന് തോന്നും. ചുള്ളിക്കാടിന്റെ ജീവിതത്തിൽ അനുഭവിച്ച പ്രണയവും ക്ഷോഭവും വേദനയും ഈ കവിതയ്ക്കു പിന്നിലെ ജൈവികാനുഭവമാണ്. പ്രണയം ആത്മീയമായ ഒരു തലം തേടുമ്പോൾ കവി ഹൃദയം ഇത്തരത്തിലെ അതാവിഷ്കരിക്കാൻ ശ്രമിക്കും. സുഖശീതോഷ്ണങ്ങളുടെ തലമല്ല കൂർത്ത മുള്ളുകളുടെ കിരീടമാണ് കവി തലയിലേറ്റുന്നത് എന്ന് 'സന്ദർശന'ത്തിൽ കാണുന്നു. ദുഃഖകല്ലോലിതമായ പ്രണയസാഗരത്തിൽ നിന്നുയരുന്ന പ്രണയിനിയുടെ കനകമൈലാഞ്ചി നീരിൽത്തുടുത്ത വിരലുകൾ തൊടുമ്പോൾ നിലാവ് ചുരത്തുന്നു. ഇരുളിൽ പ്രകാശം നിറയുന്നു. സാന്ത്വനമായി അവളുടെ മുഖം തെളിയുന്നു. ജീവിതം തെളിയുന്നു. കറപിടിച്ച ചുണ്ടും കരിഞ്ഞുപോയ കരളും ഉണർന്നുവരുന്നത്, പ്രണയത്തിന്റെ കിരണങ്ങളായ ഹൃദയത്തിന്റെ ചില്ലകൾ പൂക്കുമ്പോഴാണ്.
അനർഘനിമിഷത്തിൽ വാക്കുകൾ സംഗീതമാവുകയും താളലയങ്ങളിൽ ഒഴുകി വായനക്കാരന്റെ ഹൃദയത്തെ തഴുകുകയും ചെയ്യുന്നു. ആത്മീയതയുടെ, മിസ്റ്റിസിസത്തിന്റെ അടിയൊഴുക്ക് അനർഘനിമിഷത്തിന്റെ അന്തർധാരയാണ്. സൂഫി സംഗീതമെന്ന പോലെ മനസ്സിനെയും ചിന്തയെയും ഒരുപോലെ ത്രസിപ്പിക്കുന്ന വാക്കിന്റെ ചിന്തകൾ അനർഘനിമിഷത്തിലുണ്ട്. വളരെ സൂക്ഷ്മമായി വാക്കുകൾ പ്രയോഗിക്കുകയും സന്നിവേശിപ്പിക്കുകയും ചെയ്യുകയാണിവിടെ. സാന്ദ്രമായൊരു അനുഭവം അനർഘനിമിഷത്തിലുണ്ട്. ധ്യാനനിമഗ്നമായ മനസ്സിൽ നിന്നും ഒഴുകി വരുന്ന വാക്കുകളുടെ പ്രവാഹമിവിടെയുണ്ട്. ശോകസുന്ദരമായ താളലയങ്ങളിൽ ജീവിതത്തിന്റെ സമസ്തഖണ്ഡങ്ങളും മറക്കാൻ ബഷീർ ശ്രമിച്ചിരുന്നു. സ്വയം ജീവിതത്തെ നിരീക്ഷണം ചെയ്യുകയും ജീവിതത്തിന്റെ പൊരുൾ തേടാനെന്നവണ്ണം അതിന്റെ നിസ്സാരതയെ മനസ്സുകൊണ്ട് സ്പർശിക്കാനും സമരസപ്പെടാനും അദ്ദേഹം ശ്രമിച്ചിരുന്നു.
ഈ രണ്ടും രചനകളിലും സംഗീതവും, ഏകാന്തതയും, മൗലികമായ ചിന്തയും സമ്മേളിക്കുന്നു. കാലുഷ്യമില്ലാത്ത, സ്വാർത്ഥതയില്ലാത്ത ജീവിതത്തിയും, കെട്ടുപിണഞ്ഞ ലോകത്ത്, വാക്കുകൾ സംഗീതമാവുകയും ശബ്ദങ്ങൾ താളലയം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരുതരം നവീന ലോകം സൃഷ്ടിക്കപ്പെടുന്നു.

Exam Tips:

a) ചോദ്യത്തിലെ അഭിപ്രായം (അനിവാര്യമായ വേർപാടിനെ വ്യത്യസ്ത രീതികളിൽ അവതരിപ്പിക്കുന്നു) ശരിയാണോ എന്ന് ആദ്യഖണ്ഡികയിൽ തന്നെ നിലപാടായി എഴുതുക.
b) 'അനർഘനിമിഷ'ത്തിലെ സംഗീതാത്മകമായ ഭാഷയും 'സന്ദർശന'ത്തിലെ വേദനയും പ്രകൃതി-നഗരബിംബങ്ങളും വേർതിരിച്ച് താരതമ്യം ചെയ്യുക.
c) എട്ടു മാർക്കിനായി ആമുഖം, രണ്ടു രചനകളുടെയും വിശകലനം, സാമ്യവ്യത്യാസങ്ങൾ, ഉപസംഹാരം എന്ന ഘടന പാലിക്കുക.

 

Question 25: 'സന്ദർശനം' എന്ന കവിതയും കായലരികത്ത് എന്ന ചലച്ചിത്ര ഗാനവും പ്രണയം എന്ന ആശയത്തെ എങ്ങനെ സമീപിക്കുന്നു? താരതമ്യം ചെയ്യുക.

Answer:

കവിതയും ഗാനവും ഒരേ ഒഴുക്കിന്റെ രണ്ടു കൈവഴികൾ ആകുമ്പോൾ അത് സന്ദർശനവും കായലരികത്ത് ഗാനവുമാകുന്നു. വിഷയത്തിലും കവിത്വത്തിലും അത് ഒരേ വേഗത്തിലും ഒരേ താളത്തിലും ഒഴുകുന്നു. കവിത ഗന്ധർവ്വപ്രവാഹമായി അഴിമുഖം കാണാതെ പിരിയുമ്പോൾ അതിൽ പ്രണയത്തിന്റെ ലയം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. കായലരികത്ത് വലയെറിഞ്ഞവളാൽ പ്രണയം നിറയുമ്പോൾ ഖൽബിൽ ഓളക്കുത്തുകൾക്കും കുറുകുന്ന രാഗം നിറയുന്നു.
പ്രണയിക്കുന്നതിന്റെ രണ്ടു കൈവഴികളിൽ ഈ രണ്ടു രചനകളും വ്യതിയാനങ്ങളുള്ളതും എന്നാൽ വിവശതയേറുന്ന തുമായ പ്രണയത്തെയാണ് നൽകുന്നത്. സന്ദർശനത്തിലെ പ്രണയത്തിന് ഒരു ഗന്ധർവ്വദുഃഖമുണ്ട്. ശാപം കിട്ടിയ ഗന്ധർവ്വനെപ്പോലെ കവി നരകരാത്രികളിൽ ലോഡ്ജുകളിൽ നഗരത്തിരക്കിൽ പെടുന്നു. പ്രണയിനിയെ കാണുന്നുവെങ്കിലും മാനം നിറഞ്ഞ് പ്രണയകാലങ്ങളിലേക്ക് മനസ്സ് ഊളയിടുന്നു. കനകമൈലാഞ്ചി നീരിൽ തുടുത്ത വിരലുകൾ ഇന്ന് അരികിലേക്ക് അടുക്കുന്നില്ല. ഒരു വസന്തം വിരിയിച്ച് അവളുടെ സൗന്ദര്യം ഇന്നുമുണ്ടെങ്കിലും ഒരതിരിനപ്പുറത്തേക്ക് മറയുന്നു.
ഒടുവിൽ പുലരി കാണാതെ പിരിഞ്ഞുപോകുന്ന ഗന്ധർവ്വനെപ്പോലെ സ്വയം രാത്രിതൻ നിഴലുകളാണെന്ന് അറിഞ്ഞ് കവിയും പിരിയുന്നു. ഒരു വാക്കുപോലും പറയാതെയും കേൾക്കാതെയും. കായലരികത്ത് പാട്ട് ശുദ്ധമായ നാട്ടിൻപുറത്തിന്റെ പ്രണയാഭ്യർത്ഥനയാണ്. വീട്ടിലെ ബീടരായി തന്റെ കാമുകി മാറുമ്പോൾ നെയ്ച്ചോറ് വച്ച് തിന്നണമെന്ന് ആഗ്രഹിക്കുന്ന കാമുകനെ ഇവിടെ കാണാം. ദാരിദ്ര്യത്തിന്റെ കമ്പി പൊട്ടിയ ശീലക്കുടയാണ് കാമുകനുള്ളത്. അതിനാൽ തന്റെ പ്രണയഗാനം നടക്കുമോ എന്ന ആശങ്കയും കാമുകനുണ്ട്. പ്രണയാഭ്യർത്ഥന നടത്തുന്ന കാമുകൻ ആത്മാർത്ഥതയുള്ളവനും അതോടൊപ്പം രസികനുമാണ്. പ്രണയത്തിൽ മുങ്ങി നിവരുമ്പോൾ അതിന്റെ ആദ്യ സന്തോഷങ്ങൾ തീരുമ്പോൾ ഒരുപക്ഷേ തന്നെ സങ്കടപ്പുഴയിലാക്കുമോയെന്ന് സംശയമുണ്ട്.
ഇവിടെ പ്രണയത്തിന്റെ നിരന്തരം സംശയിക്കുന്ന ഹൃദയമാണ് കാണുന്നത്. പ്രണയം ഒരുതരം തീപിടിക്കലാണ്. ഈ പ്രണയങ്ങൾ ആ അഗ്നിയിൽ ഉരുകുമ്പോൾ ചില സംശയങ്ങൾ സ്വാഭാവികമാണ്. പ്രണയാഗ്നിയുടെ ഉൾവലയത്തിൽ കത്തിത്തീരേണ്ടതായ ആശങ്കകളുടെ ആദ്യപടിയിൽ നിൽക്കുകയാണ് കായലരികത്ത് പാട്ടിലെ കാമുകൻ, എന്നാൽ സന്ദർശനത്തിൽ കാമുകൻ നിൽക്കുന്നത് അനുരാഗനദിയുടെ മറുകരയിലാണ്. കഴിഞ്ഞുപോയ പ്രണയത്തിന്റെ വിങ്ങലും വരാനിരിക്കുന്ന പ്രണയത്തിന്റെ ആശങ്കകളുമാണ് സന്ദർശനവും കായലരികത്തും നൽകുന്നത്. കവിതാത്വത്തിന്റെ മായാവലയത്തിൽ രണ്ടും നമ്മെ രസിപ്പിക്കുന്നു.
കായലരികത്ത് ദരിദ്രന്റെ സ്വപ്നമാണ്. സന്ദർശനം എല്ലാം നഷ്ടപ്പെടുത്തിയവന്റെ നെടുവീർപ്പാണ്. പ്രണയം അസ്വസ്ഥതയാണെന്ന സത്യം രണ്ടും അറിയിക്കുന്നു. നാട്ടിൻപുറത്തുകാരന്റെ പക്വമായ മനസ്സോടെ ഗൗരവപ്പെട്ടതെങ്കിലും ഒരു സിനിക്കിന്റെ വിമർശനരീതിയിൽ കായലരികത്തിലെ പണം വരുന്നു. അവസാനം സങ്കടപ്പുഴയിലാക്കല്ലേ എന്നത് ജീവിതപാഠമാണ്. സന്ദർശനത്തിൽ ഇനി നമ്മൾ അഴിമുഖം കാണില്ലെന്ന് തീരുമാനിച്ചതും അനുഭവപാഠമാണ്. പ്രണയം മനുഷ്യനെ നീറ്റിയെടുക്കുന്നത് രണ്ടിലും കാണാം.

Exam Tips:

a) രണ്ടു രചനകളുടെയും ഭാവം (വിരഹ-വിഷാദം, ആത്മാർത്ഥതയും ആശങ്കയും) വേർതിരിച്ച് ആദ്യം പറയുക; പിന്നീട് സാമ്യങ്ങൾ എഴുതുക.
b) 'ഗന്ധർവ്വദുഃഖം', 'സങ്കടപ്പുഴ' തുടങ്ങിയ പ്രയോഗങ്ങൾ ഉദ്ധരിച്ചാൽ ഉത്തരം ബലപ്പെടും.
c) ഒടുവിൽ 'പ്രണയം മനുഷ്യനെ നീറ്റിയെടുക്കുന്നു' എന്ന നിഗമനത്തോടെ അവസാനിപ്പിക്കുക.

 

Notes and Reading Material

Question 26: ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജീവിതരേഖയും കാവ്യജീവിതവും സംക്ഷിപ്തമായി എഴുതുക.

Answer:

1957 ജൂലൈ 30-ന് പറവൂരിൽ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ. നേടി. അടിയന്തിരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ (എം.എൽ) അനുഭാവം പുലർത്തി. ജനകീയ സാംസ്കാരിക വേദി രൂപീകരിച്ചപ്പോൾ അതുമായി സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം 1987-ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.
1999-ൽ ബുദ്ധമതം സ്വീകരിച്ചു. തിരക്കഥകളും ചലച്ചിത്ര ഗാനങ്ങളും രചിച്ചിട്ടുണ്ട്. 2013 ജൂലൈ 29-ന് ജോലിയിൽ നിന്നും വിരമിച്ചു. ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്നു. ഭാര്യ വിജയലക്ഷ്മി കവയിത്രിയാണ്.
ലോകം ക്ഷോഭത്തിനും പ്രക്ഷോഭത്തിനും പ്രതിരോധത്തിനും നടുവിൽ കിടന്ന് കനലാട്ടം ആടുമ്പോഴാണ് ബാലചന്ദ്രന്റെ കവിത ഒരു വിസ്ഫോടനം പോലെ പെയ്തിറങ്ങിയത്. "മുട്ടിത്തുറക്കുന്നു ഞാൻ മുഴുവൻ ഭ്രാന്തിന്റെ കത്തും ജനാലകൾ" എന്ന ആമുഖത്തോടെയാണ് തന്റെ ആദ്യ 18 കവിതകൾ ബാലചന്ദ്രൻ ചുള്ളിക്കാട് വായനക്കാരന് മുൻപിൽ വെയ്ക്കുന്നത്.
ബാലചന്ദ്രൻ ചുള്ളിക്കാട് കവി, പത്രപ്രവർത്തകൻ, ഗവൺമെന്റ് ജീവനക്കാരൻ, തിരക്കഥാകൃത്ത്, സിനിമ-സീരിയൽ നടൻ, സാംസ്കാരിക പ്രവർത്തകൻ, പോരാളി, നക്സലൈറ്റ് എന്നിങ്ങനെ വിശേഷണങ്ങളുടെ ഒരു പെരുമഴയാണ്. അറുപതുകളിലെയും എഴുപതുകളിലെയും തലമുറയുടെ വിഹ്വലതകൾ ആവിഷ്കരിച്ച കവിയായിട്ടാണ് അറിയപ്പെടുന്നത്. ജി. ശങ്കരക്കുറുപ്പ്, ഇടശ്ശേരി, വൈലോപ്പിള്ളി, ബാലാമണിയമ്മ, പി. കുഞ്ഞിരാമൻനായർ എന്നീ കവിശ്രേഷ്ഠർ എഴുതി പേരെടുത്ത കാലത്താണ് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിത്തുടങ്ങിയത്. എൻ.വി. കൃഷ്ണവാര്യർ, അക്കിത്തം, ഒളപ്പമണ്ണ, വയലാർ, ഒ.എൻ.വി എന്നിവരും സജീവമായ കാലഘട്ടത്തിലാണ് ബാലചന്ദ്രൻ കേരളീയരുടെ ചുള്ളിക്കാടായത്. ആധുനിക കവികളായ അയ്യപ്പപ്പണിക്കർ, മാധവൻ അയ്യപ്പത്ത്, കക്കാട്, സച്ചിദാനന്ദൻ, കടമ്മനിട്ട എന്നിവരുടെ അറിയപ്പെട്ട കാലഘട്ടമായിരുന്നു അന്ന്.
കേരളത്തിലെ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ചൊല്ലി സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലൂടെ കവിയായി മാറി. കടമ്മനിട്ടയും ഇങ്ങനെയായിരുന്നു. ബ്രഹ്തിന്റെയും നെരൂദയുടെയും കവിതകളും ഇവർ തെരുവുകളിൽ ചൊല്ലിയിരുന്നു. ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ കലുഷിതമായ പശ്ചാത്തലമാണ് ചുള്ളിക്കാടിലെ കവിയെ സൃഷ്ടിച്ചത്. കമ്പോഡിയ, വിയറ്റ്നാം, കനിയ എന്നിവിടങ്ങളിലെ പ്രശ്നങ്ങളിൽ തീക്ഷ്ണമായ പ്രതികരണങ്ങളോടെ സജീവമായ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലുണ്ടായ വലിയൊരു ആവേശത്തിന്റെ കാലഘട്ടമാണ് ചുള്ളിക്കാടിന്റെ കവിതം പരിപുഷ്ടമാകുന്നത്. ജീവിതം സംഭവബഹുലമായിരുന്നു. വീടുപേക്ഷിച്ച് എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വാസം. തെരുവിൽ പിച്ച തെണ്ടി ജീവിച്ചിട്ടുണ്ട്.
ചുള്ളിക്കാട് തന്നെ പറയുന്നു: "ഭിക്ഷാടനം ഉപജീവന മാർഗ്ഗമാക്കിയിട്ടുണ്ട്. ഇഷ്ടിക കളത്തിൽ തൊഴിലാളിയായിട്ടുണ്ട്. പാരൽ കോളേജിലെ അധ്യാപകൻ, ഹോട്ടൽ ബോയ്, പത്രപ്രവർത്തകൻ എന്നീ ജോലികൾ ചെയ്തിട്ടുണ്ട്. കേരളത്തിൽ ഒരു കാലഘട്ടത്തിൽ സജീവമായിരുന്ന കവിയരങ്ങുകളിൽ ചുള്ളിക്കാടുമുണ്ടായിരുന്നു. ലോഡ്ജുകളിലും സ്ത്രീകളുടെ ഇടങ്ങളിലുമായിരുന്നു കവിത ചൊല്ലിയിരുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട് ആവർത്തിച്ചു ചൊല്ലിയിരുന്നതും ജനങ്ങളാവശ്യപ്പെട്ട് ചൊല്ലിയിരുന്നതും 'യാത്രാമൊഴി' കവിതയായിരുന്നു."
വീടുപേക്ഷിച്ചു പോയ ചുള്ളിക്കാട് അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മയുടെ പെരുമാറ്റത്തിൽ അസ്വസ്ഥനായി തിരിച്ചുപോകുന്നു. ഒടുവിൽ അമ്മ മരിച്ചു കിടന്നപ്പോൾ ചേച്ചിയുടെ കൈവശം കുറച്ചു സംഖ്യ നൽകി സംസ്കാരത്തിനു നിൽക്കാതെ തിരിച്ചു പോവുകയാണ്. "അമ്മേ, പിൻവിളി വിളിക്കാതെ, മുടിനാരു കൊണ്ടെന്റെ കുഴലു കെട്ടാതെ, പടി പാതി ചാരിത്തിരിച്ചു പോക്..." എന്ന് യാത്രാമൊഴിയിൽ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട്.
"ഞാൻ പരാജയപ്പെട്ട ഒരു കവിയാണ്. സ്വപ്നങ്ങൾ കൊഴിഞ്ഞുപോയ ഒരു തലമുറയാണ് ഞങ്ങളുടേത്. തീക്ഷ്ണമായ ശക്തിയും ശിവനടന സമാനമായ ഊർജ്ജപ്രസാദവും കവിതയ്ക്കു നൽകി അതിനെ ഊർജ്ജ പ്രസരവും ആർജ്ജിച്ച് വെറും ജനപ്രിയ കവിതയുടെ തലത്തിൽ നിന്നും ഉയർന്ന് നിൽക്കാൻ സഹായിക്കുന്നു. വർഗ്ഗീകരണ തൽപ്പരർക്ക് കാൽപ്പനികതയുടെ ഊർജ്ജത്താൽ ഭാവനിർഭരമാക്കപ്പെട്ട ആധുനികത എന്നോ ആധുനിക രൂപബോധത്താൽ സംസ്കരിക്കപ്പെട്ട കാൽപ്പനികത എന്നോ ഒക്കെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കാവ്യരീതിയെ വിശേഷിപ്പിക്കാവുന്നതാണ്." ഒട്ടേറെ കാവ്യസമാഹാരങ്ങൾ ചുള്ളിക്കാടിന്റേതായിട്ടുണ്ട്; 18 കവിതകൾ, അമാവാസി, ഗസൽ, മാനസാന്തരം, ഡ്രാക്കുള എന്നിവ പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ്.
ഇന്ത്യയ്ക്കകത്തും, വിദേശത്തും നടന്ന സാഹിത്യോത്സവങ്ങളിൽ മലയാള കവിതയേയും ഇന്ത്യൻ സാഹിത്യത്തേയും പ്രതിനിധീകരിച്ചു. കാൽപ്പനികതയുടെ രസനകൾ ഉൾക്കൊണ്ട് ഭാവതീവ്രമായ ആധുനിക വ്യഥകളെ ചുള്ളിക്കാട് പകർത്തി.

Exam Tips:

a) ജനനവർഷം, വിദ്യാഭ്യാസം, ജോലി, പ്രധാന കൃതികൾ എന്നിവ ക്രമമായി എഴുതുക.
b) 'യാത്രാമൊഴി', 'പതിനെട്ട് കവിതകൾ', 'അമാവാസി', 'ഗസൽ', 'മാനസാന്തരം' എന്നീ കൃതിപ്പേരുകൾ കൃത്യമായി ഓർത്തുവയ്ക്കുക.
c) കവിയുടെ കാവ്യരീതിയെ (കാൽപ്പനികതയും ആധുനികതയും ചേർന്ന ഭാവതീവ്രത) ഒരു വാക്യത്തിൽ വിശേഷിപ്പിക്കുക.

 

Question 27: ബാലചന്ദ്രൻ ചുള്ളിക്കാട് 'മലയാളഭാഷയ്ക്ക് ശ്രേഷ്ഠതയൊന്നുമില്ല' എന്ന് അഭിപ്രായപ്പെട്ടത് എന്തുകൊണ്ടാണ്? (വായനക്കുറിപ്പ്)

Answer:

കോഴിക്കോട്: മലയാളഭാഷ ഉൾപ്പെടെ പല ശ്രേഷ്ഠഭാഷകൾക്കും ശ്രേഷ്ഠത ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പുതിയ കവിതാസമാഹാരമായ കൃഷ്ണപക്ഷം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (2013 ജൂൺ 8).
ശ്രേഷ്ഠങ്ങളായ വികാരങ്ങളേയും വിചാരങ്ങളേയും ആശയങ്ങളേയും ആവിഷ്കരിക്കുമ്പോഴാണ് ഒരു ഭാഷ ശ്രേഷ്ഠമാകുന്നത്. അല്ലാതെ അതിന്റെ കാലപ്പഴക്കമല്ല ശ്രേഷ്ഠതയുടെ അധികാരം. പരിമിതികൾ ഉള്ള ഭാഷയാണ് മലയാളം. എന്നാൽ അതിൽ ലജ്ജിക്കേണ്ടതില്ല.

Exam Tips:

a) കവിയുടെ നിലപാട് 'ഭാഷയുടെ പഴക്കമല്ല, അത് ആവിഷ്കരിക്കുന്ന വികാര-വിചാരങ്ങളുടെ ശ്രേഷ്ഠതയാണ് പ്രധാനം' എന്ന രീതിയിൽ ഒരു വാക്യത്തിൽ സംഗ്രഹിക്കുക.
b) അഭിപ്രായം പറഞ്ഞ സന്ദർഭം (പുസ്തകപ്രകാശനം) ചുരുക്കി സൂചിപ്പിക്കാം.

 

Question 28: 'അന്നം', 'സന്ദർശനം' എന്നീ കവിതകൾ തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (അധികവായന)

Answer:

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'സന്ദർശനം' കവിതയിലേക്ക് കടന്നുചെല്ലുമ്പോൾ മറ്റൊരു കവിതയെക്കുറിച്ച് പറയേണ്ടിവരും; ചുള്ളിക്കാടിന്റെ 'അന്നം' എന്ന കവിത. ആ കവിതയും ഒരു 'സന്ദർശനം' തന്നെയാണ്. കൊടുംചൂടിൽ തൃശ്ശിവപേരൂർ പൂരപ്പറമ്പ് കടന്ന്, വൈലോപ്പിള്ളിയുടെ വീട്ടിലേയ്ക്ക് ചെല്ലുന്ന കവി. ഒട്ടിയ വയറുമായാണ് ആ സന്ദർശനം. എന്നാൽ 'സന്ദർശനം' എന്ന ഈ കവിതയിൽ ഒഴിഞ്ഞ മനസ്സുമായാണ് കവി നമ്മുടെ മുന്നിലേക്കെത്തുന്നത്.
'അന്നം' തീർച്ചയായും ശരീരത്തിന്റെ ആവശ്യങ്ങളിലേക്ക് (വിശപ്പിലേക്ക്) അനുവാചകനെ കൊണ്ടുപോകുമ്പോൾ സന്ദർശനം ആത്മാവിന്റെ വിശപ്പിലേക്ക് നയിക്കുന്നു. ജീവിതത്തെ യാത്രയുടെ തലത്തിലേയ്ക്ക് തള്ളിയിട്ട് പലായനത്തിന്റെ സ്വഭാവം കാണിക്കുകയും, അതിന്റെ പരിണിതഫലങ്ങളായ പട്ടിണി സ്വയം എടുത്തണിയുകയും ചെയ്യുകയാണ് കവി. പ്രതിഭയുടെ കാര്യത്തിൽ ധാരാളിത്തം ഉണ്ടായിട്ടും, ഒരു ശകുനപ്പിഴപോലെ അലയുന്ന കവിയെ 'അന്ന'ത്തിൽ കാണാം. കാലദേശ ഭാഷാ വരമ്പുകൾക്കപ്പുറം അശാന്തിയുടെ തീരങ്ങൾ തേടിയുള്ള യാത്ര. അശാന്തിപർവ്വങ്ങൾക്കപ്പുറം ശാന്തിയുടെ അമൃതു തേടിയുള്ള തുടർച്ചയായ യാത്ര.
അതിനിടയിലെ ഒരു ഇടത്താവളം മാത്രമാണ് വൈലോപ്പിള്ളിയുടെ വീട്. ഭ്രാന്തമായ ആവേശത്തിൽ മറ്റൊന്നും ഓർക്കാതെ സ്വയം മറന്ന് വിശപ്പു കെടുത്തുന്ന കവി; നിർഭാഗ്യങ്ങളുടെ തീരത്തുപോലും സംതൃപ്തിയുടെ തിരികൾ തെളിയിക്കുന്നുണ്ട്. ദുരിതക്കടലിൽ ഒറ്റയ്ക്കു നീന്തുമ്പോഴും, തന്റെ വിധിയെക്കുറിച്ചോർത്ത് നെടുവീർപ്പിടുന്ന വൈലോപ്പിള്ളിയെ - ഭാര്യയുമായി തെറ്റിപ്പിരിഞ്ഞു - കുറിച്ചോർത്ത് ഊറിച്ചിരിച്ചുകൊണ്ടുതന്നെ സഹതപിക്കാനും ചുള്ളിക്കാടിന് കഴിയുന്നുണ്ട്.
പ്രതിസന്ധികളുടെ കാറും കോളും നിറഞ്ഞ ജീവിത വഴികളിലും, തികഞ്ഞ സമചിത്തതയോടെ തെളിഞ്ഞ നർമ്മം എന്ന് കൊള്ളിക്കാൻ ചുള്ളിക്കാടിനു കഴിയുന്നുണ്ട്. പ്രമേയപരമായി വ്യത്യസ്തമെങ്കിലും, 'സന്ദർശനം' എന്ന പൊതുവായ കാരണത്താൽ ഈ രണ്ടു കവിതകളും പരസ്പരപൂരകങ്ങളായി വർത്തിക്കുന്നു.

Exam Tips:

a) 'അന്നം' ശരീരത്തിന്റെ വിശപ്പും 'സന്ദർശനം' ആത്മാവിന്റെ വിശപ്പും ആണെന്ന വ്യത്യാസം പ്രത്യേകം എഴുതുക.
b) ഇരു കവിതകളിലെയും 'സന്ദർശനം' എന്ന പൊതുഘടകത്തെ സാമ്യമായി ചൂണ്ടിക്കാട്ടുക.

 

Question 29: 'സന്ദർശനം' എന്ന കവിതയുടെ സംഗ്രഹം (രത്നച്ചുരുക്കം) എഴുതുക.

Answer:

കുറെ വർഷങ്ങൾക്കു ശേഷം തന്റെ മുൻകാമുകിയെ കവി കണ്ടെത്തുന്നു. ഏതോ ഒരു സന്ദർശനമുറിയിൽ ആണ് കണ്ടുമുട്ടുന്നത്. രണ്ടുപേരും ഒന്നും മിണ്ടുന്നില്ല; മൗനം കുടിച്ചിരിക്കുകയാണ്. ജീവിതത്തിലെ വെളിച്ചം പൊലിഞ്ഞതുപോലെ പകൽ മറഞ്ഞുപോയതും കാണുന്നു. ഓർമ്മകളാകുന്ന കിളികൾ കൂട്ടിലേക്ക് പറന്നു പോകുന്നതും നോക്കി നിൽക്കുകയാണ് കവി. ഇപ്പോൾ കാഴ്ചകളിൽ അവർ പരസ്പരം നഷ്ടപ്പെടുകയാണ്. ഈ നഷ്ടപ്പെടുന്നതിന്റെ ചിന്തകൾ കവിയുടെ നെഞ്ചിടിപ്പിന്റെ താളം കൂടുന്നു. പഴയ പ്രണയാനുഭവങ്ങളുടെ സംഗീതമുള്ള നിശ്വാസം കവിക്ക് അനുഭവപ്പെട്ടു തുടങ്ങി.
പൊൻചെമ്പകം പൂത്തുലഞ്ഞ തന്റെ കരള് പണ്ടേ കരിഞ്ഞു പോയതാണെങ്കിലും കറ പിടിച്ച ചുണ്ടിലെ ആർദ്രമായ കവിതകൾ വരണ്ടുപോയെങ്കിലും ഒരു വാക്കുപോലും ഉരിയാടാനാകാതെ ഏകാന്തമായൊരു കരച്ചിൽ തൊണ്ടയിൽ കുരുങ്ങുന്നു. വീണ്ടും ഓർമ്മകൾ നീളുകയാണ്. ഓർമ്മകളുടെ അലയാഴി തേടി കവി പോകുന്നു. അതിൽ പ്രണയാർദ്രമായ ചില സന്ദർഭങ്ങൾ ഓർക്കുന്നു. കാമുകിയുടെ സ്വർണ്ണനിറത്തിലുള്ള മൈലാഞ്ചിയെഴുതിയ വിരൽ ആദ്യമായി തൊട്ടപ്പോൾ മനസ്സിൽ കിനാവ് പകർന്നത് കവി ഓർക്കുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ കിരണമേറ്റ് മനസ്സ് സന്തോഷിച്ചതും എല്ലാം ചിദംബരത്തെ കുങ്കുമം തൊട്ട് വിശുദ്ധമായ സന്ധ്യപോലെ മറവിയിൽ മാഞ്ഞിരിക്കുകയാണ്.
പിന്നീട് ജീവിതത്തിന്റെ തിരക്കുകളിൽ അമർന്നുപോകുന്നു കവി. മരണവേഗത്തിലോടുന്ന വണ്ടികളേയും മദ്യലഹരിയിൽ ആഴ്ന്നുപോയ രാത്രികളേയും സത്രങ്ങളുടെ പല മുഖം കണ്ട ചുമരുകളേയും കവി ഓർക്കുന്നു. പ്രണയം അസ്വസ്ഥതയാണെങ്കിലും അത് പ്രകൃതിയോടൊപ്പമുള്ള ഒരു ലയനമാണെന്ന് കവിയുടെ പ്രണയാർദ്രമായ ഓർമ്മകൾ അറിയിക്കുന്നു. എന്നാൽ പ്രണയ പ്രവാഹത്തിൽ നിന്നും അകന്നപ്പോൾ അടിഞ്ഞുകൂടിയത് ശ്വാസംമുട്ടുന്ന നഗരവീഥികളിലും വാഹനങ്ങളിലും താൽക്കാലിക അഭയമാകുന്ന സത്രങ്ങളിലും മദ്യത്തിലുമായിരുന്നു.
കവി വിചാരിക്കുന്നു. ചിലപ്പോഴൊക്കെ മനുഷ്യന്റെ ഏകാന്തമായ പ്രാണൻ ദുഃഖിതനായി ഭൂതകാലങ്ങളിൽ അലഞ്ഞുപോകും. ദുഃഖത്തിന്റെ ആ ഇരുളിൽ പല ജന്മങ്ങൾക്ക് സാന്ത്വനം നൽകുന്ന കാരുണ്യമാർന്ന തന്റെ കാമുകിയുടെ മുഖം താൻ കാണാറുണ്ട്. കവി ഓർമ്മകളിൽ നിന്നും ഉണർന്നു. പരസ്പരം നന്ദി ചൊല്ലാതെ പിരിയുകയത്ര നന്ന. ഇനിയൊരു സമാഗമം സാധ്യമല്ല. പുഴയും കടലും സംഗമിക്കുന്ന വികാരവിക്ഷോഭങ്ങളുടെ; കരച്ചിലിന്റെ ഒരു അഴിമുഖത്തേക്ക് നമ്മൾക്ക് ഇനി പോകേണ്ടതില്ല. ഇരിക്കുന്ന സന്ദർശകമുറിയിൽ നിന്നും പോകുവാൻ സമയമാകുന്നു. കവി ഈ സന്ദർശനം അവസാനിപ്പിക്കുകയാണ്.
ഉള്ളിൽ നിറയുന്ന ദുഃഖത്തോടെ ഈ പ്രണയസത്യത്തെ തിരിച്ചറിയുകയാണ് - നമ്മൾ രണ്ടു പേരും രാത്രിയുടെ നിഴലുകളാണ്... പണ്ടേ പിരിഞ്ഞവരാണ്... നമ്മുടെ പകലുകൾ പോയിക്കഴിഞ്ഞു. നമ്മൾ നിറഞ്ഞ രാത്രിയിലാണ് ഇപ്പോൾ കഴിയുന്നത്. ഈ രാത്രിയിൽ കഴിയുന്ന ശരീരങ്ങളല്ല നമ്മൾ... വെറും നിഴലുകൾ മാത്രമാണ് നമ്മൾ... ഓർമ്മകളിൽ ഒരു സന്ദർശനം നടത്തി നമ്മൾ പിരിയുകയാണ്.

Exam Tips:

a) സംഗ്രഹം എഴുതുമ്പോൾ ക്രമം പാലിക്കുക: സന്ദർശനമുറിയിലെ കണ്ടുമുട്ടൽ, ഓർമ്മകൾ (പൊൻചെമ്പകം, മൈലാഞ്ചിവിരൽ, കൃഷ്ണകാന്തം), വർത്തമാനത്തിലെ നഗരജീവിതം, പിരിയാനുള്ള തീരുമാനം.
b) 'ഞങ്ങൾ രാത്രിയുടെ നിഴലുകൾ' എന്ന കവിതയുടെ ഒടുവിലത്തെ തിരിച്ചറിവ് അവസാനവാക്യമായി എഴുതുക.

 

Free Kerala Board Textbook Explanations: Class 11 Malayalam Chapter 01 Sandarsanam

Textbook Solutions for Class 11 Malayalam Chapter 01 Sandarsanam

Access structured Kerala Board textbook solutions for Chapter 01 Sandarsanam. Designed in alignment with the latest academic curriculum for Class 11 Malayalam, these answers cover all end-of-chapter exercises to support daily learning and homework completion.

Mastering Theoretical and Practical Questions

Beyond providing final answers, these guides offer step-by-step breakdowns for complex queries in the Class 11 Malayalam module. This approach helps students balance theoretical depth with practical problem-solving skills required for Kerala Board exams.

Effective Self-Study and Homework Assistance

Consistent practice with these solution guides cultivates faster problem-solving habits and clearer logical structuring. For a complete preparation experience, pair these textbook answers with our dedicated revision notes and sample papers for Class 11 Malayalam.

FAQs

Where can I find the latest Kerala Plus One Malayalam Unit 1 Chapter 1 Sandarsanam Textbook Questions and Answers for the 2026-27 session?

The complete and updated Kerala Plus One Malayalam Unit 1 Chapter 1 Sandarsanam Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.

Are the Malayalam Kerala Board solutions for Class 11 updated for the new 50% competency-based exam pattern?

Yes, our experts have revised the Kerala Plus One Malayalam Unit 1 Chapter 1 Sandarsanam Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.

How do these Class 11 Kerala Board solutions help in scoring 90% plus marks?

Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 1 Chapter 1 Sandarsanam Textbook Questions and Answers will help students to get full marks in the theory paper.

Do you offer Kerala Plus One Malayalam Unit 1 Chapter 1 Sandarsanam Textbook Questions and Answers in multiple languages like Hindi and English?

Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 1 Chapter 1 Sandarsanam Textbook Questions and Answers in both English and Hindi medium.

Is it possible to download the Malayalam Kerala Board solutions for Class 11 as a PDF?

Yes, you can download the entire Kerala Plus One Malayalam Unit 1 Chapter 1 Sandarsanam Textbook Questions and Answers in printable PDF format for offline study on any device.