Solutions for Class 11 Malayalam: Chapter 01 Peeli Kannukal
Explore reliable textbook solutions for Chapter 01 Peeli Kannukal tailored for Class 11 learners. Utilizing these Malayalam answers ensures thorough preparation and strengthens foundational knowledge before final Kerala Board evaluations.
Practice Class 11 Malayalam Solutions: Chapter 01 Peeli Kannukal
Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.
Two Marks Questions
Question 1: കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക.
a) താതൻ, പിതാവ്, മാതുലൻ, അച്ഛൻ
b) മുകുന്ദൻ, മുരാരി, വിനായകൻ, ഗോവിന്ദൻ
c) നന്ദഗോപർ, വസുദേവർ, കംസൻ, വിഭീഷണൻ
Answer:
a) മാതുലൻ
b) വിനായകൻ
c) വിഭീഷണൻ
Exam Tips:
a) താതൻ, പിതാവ്, അച്ഛൻ എന്നിവ ഒരേ അർത്ഥമുള്ള പദങ്ങളാണ്; അർത്ഥം ഒന്നല്ലാത്തതിനെ കണ്ടെത്തുക.
b) ശ്രീകൃഷ്ണന്റെ പര്യായങ്ങളും കഥാപാത്രങ്ങളുടെ പേരുകളും വേർതിരിച്ചറിയാൻ പാഠഭാഗം ശ്രദ്ധയോടെ ഓർമ്മിക്കുക.
Question 2: ഉത്തരമെഴുതുക.
a) ഗാഥാവൃത്തം എന്നറിയപ്പെടുന്നതെന്ത്?
b) 'നമ്മുടെ ദേശത്ത് പോവതിനായിട്ടു ചെമ്മേ തുടങ്ങണം താതനപ്പോൾ' - ഇവിടെ ദേശം എന്നതുകൊണ്ടുദ്ദേശിക്കുന്നത് (മഥുര, അമ്പാടി, ദ്വാരക)
c) ശ്രീകൃഷ്ണന്റെ വളർത്തമ്മയാണ് ............. (രോഹിണി, ദേവകി, യശോദ)
d) 'ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തതു നിങ്ങളല്ലോ. ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളേയെന്നും മറക്കയില്ലേ' - ഇവിടെ ആരെ മറക്കില്ലെന്നാണ് കൃഷ്ണൻ പറയുന്നത്? (ദേവകിയേയും വസുദേവരേയും, നന്ദഗോപരേയും യശോദയേയും, രോഹിണിയെ)
Answer:
a) മഞ്ജരി
b) അമ്പാടി
c) യശോദ
d) നന്ദഗോപരേയും യശോദയേയും
Exam Tips:
a) ഗാഥാപ്രസ്ഥാനത്തിലെ പ്രധാന കൃതിയായ കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം മഞ്ജരിയാണെന്ന് ഓർമ്മിക്കുക.
b) ഓരോ ഉപചോദ്യത്തിനും a, b, c, d എന്ന ക്രമത്തിൽ ഉത്തരം എഴുതുക.
c) വളർത്തച്ഛനമ്മമാർ നന്ദഗോപരും യശോദയുമാണ്; ജനിപ്പിച്ചവർ ദേവകിയും വസുദേവരുമാണ് - ഇവ തമ്മിൽ മാറിപ്പോകരുത്.
Question 3: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നെഴുതുക.
a) കോലത്തിരി ഉദയവർമ്മന്റെ നിർദ്ദേശപ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്.
b) കൃഷ്ണനെ കൂട്ടിക്കൊണ്ടുവരാനായി കംസൻ അക്രൂരനെ അയച്ചു.
Answer:
a) ശരി
b) ശരി
Exam Tips:
a) ശരിയോ തെറ്റോ എന്ന ചോദ്യത്തിന് 'ശരി' / 'തെറ്റ്' എന്ന് വ്യക്തമായി മാത്രം എഴുതിയാൽ മതി.
b) കൃതിയുടെ രചനാപശ്ചാത്തലം (ഉദയവർമ്മ കോലത്തിരി) ഓർത്തുവയ്ക്കുക.
Four Marks Questions
Question 4: ചേരുംപടി ചേർക്കുക.
| A | B |
|---|---|
| 1. മഞ്ജരി | ശ്രീകൃഷ്ണചരിതം മണിപ്രവാളം |
| 2. എഴുത്തച്ഛൻ | കൃഷ്ണഗാഥ |
| 3. കുഞ്ചൻനമ്പ്യാർ | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് |
| 4. പൂന്താനം | കുചേലവൃത്തം വഞ്ചിപ്പാട്ട് |
| 5. രാമപുരത്തുവാര്യർ | ജ്ഞാനപ്പാന |
Answer:
| A | B |
|---|---|
| 1. മഞ്ജരി | കൃഷ്ണഗാഥ |
| 2. എഴുത്തച്ഛൻ | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് |
| 3. കുഞ്ചൻനമ്പ്യാർ | ശ്രീകൃഷ്ണചരിതം മണിപ്രവാളം |
| 4. പൂന്താനം | ജ്ഞാനപ്പാന |
| 5. രാമപുരത്തുവാര്യർ | കുചേലവൃത്തം വഞ്ചിപ്പാട്ട് |
Exam Tips:
a) ഓരോ കവിയെയും അവരുടെ പ്രധാന കൃതിയോടൊപ്പം ഒരുമിച്ച് ഓർത്തുവയ്ക്കുക.
b) ഉത്തരം പട്ടികയായി (A, B നിരകൾ) ക്രമത്തിൽ എഴുതിയാൽ പരിശോധിക്കാൻ എളുപ്പമാണ്.
Six Marks Questions
Question 5: "ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തതു നിങ്ങളല്ലോ. ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളേയെന്നും മറക്കയില്ലേ" - അച്ഛനമ്മമാരുടെ സ്നേഹവായ്പും കരുതലും സൂചിപ്പിക്കുന്ന ഇത്തരം വരികൾ പാഠഭാഗത്തുനിന്നു കണ്ടെത്തി കുറിപ്പു തയ്യാറാക്കുക.
Answer:
* ആറ്റിലും ... : തന്നെ സ്നേഹിക്കുക എന്നത് പ്രസവിക്കുക എന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; വളർത്തുന്നതിലും അത് പ്രകടമാണെന്ന് കവി ഓർമ്മിപ്പിക്കുന്ന വരികളാണിത്. തന്റെ സ്വന്തം അച്ഛനമ്മമാർ വേറെയാണെങ്കിലും നിങ്ങളാണ് എന്നെ വളർത്തി പരിപാലിച്ചത്. അതിനാൽ നിങ്ങളില്ലെങ്കിൽ ഞാനില്ല. അതുകൊണ്ട് നിങ്ങളെ ഞാൻ മറക്കുക എന്നുവച്ചാൽ എന്നെത്തന്നെ മറക്കുക എന്നാണ് അർത്ഥം.
* നൽച്ചേല നാലുമെ ... പൽവു : എന്റെ അമ്മ നൽകുന്ന ഭക്ഷണമാണ് എനിക്ക് ഏറ്റവും രുചിയേറിയത്. ലോകത്തിന്റെ ഏത് അവസ്ഥയിലാണെങ്കിലും ഇതിനേക്കാൾ ഉചിതവും രുചിയുള്ളതുമായ മറ്റൊരു ഭക്ഷണം എനിക്കില്ല. അമ്മ ഭക്ഷണത്തോടൊപ്പം സ്നേഹവും കരുതലും തന്നിരുന്നതായി കൃഷ്ണൻ കണ്ടെത്തുന്നു. അതിനാൽ ഈ വഴിക്ക് ആരെങ്കിലും വരുന്നുവെങ്കിൽ എനിക്കുവേണ്ടി അമ്മ പാലും വെണ്ണയും കൊടുത്തയയ്ക്കണം. രാജാവായ കൃഷ്ണന് അത് കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാൽ എന്റെ അമ്മ സ്നേഹത്തോടെ കൊടുത്തയയ്ക്കുന്ന ആ ഭക്ഷണം നൽകുന്ന മാനസിക സുഖം അനുഭവിക്കാൻ കൃഷ്ണൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വരികൾ.
* പിള്ളരേ നുള്ളി ... മറക്കല്ലാതെ : എന്റെ വികൃതിക്ക് അമ്മ തക്ക ശിക്ഷ നൽകിയിരുന്നു. അത് എന്റെ വികൃതിക്കു മാത്രമാണ് എന്ന ധാരണ കൃഷ്ണനുണ്ടായിരുന്നു. അതിനാലാണ് കൃഷ്ണൻ യാതൊരു പരിഭവവുമില്ലാതെ അമ്മയെ ഓർക്കുന്നതും ആ അമ്മയെ നമുക്കുമുന്നിൽ കാഴ്ചവയ്ക്കുന്നതും. "പിള്ളരെ നുള്ളി" എന്ന് പറഞ്ഞ് എന്നെ പീലികൊണ്ട് അടിച്ചു. അതിൽ ദേഷ്യപ്പെട്ട് ഞാൻ ഭക്ഷണം കഴിക്കാതിരുന്നപ്പോൾ എനിക്ക് പച്ചനിറത്തിലുള്ള ചേല തന്നില്ലേ; അതൊരിക്കലും മറക്കാതെ... അമ്മയും പ്രകൃതിയും ഒന്നാണെന്ന് മനസ്സിലാക്കുന്ന ഉദാത്തഭാവമാണിത്. ഒരു കൈകൊണ്ട് തലോടുകയും മറുകൈകൊണ്ട് ശിക്ഷിക്കുകയും ചെയ്യുന്നത് പ്രകൃതിയുടെയും അമ്മയുടെയും സ്വഭാവമാണ്. നമുക്ക് ഈ രണ്ടു കൂട്ടരോടും പരിഭവം ഉണ്ടാകാറില്ല.
Exam Tips:
a) കുറിപ്പിൽ ഓരോ വരിയും എടുത്തെഴുതി അതിന്റെ ആശയം വിശദീകരിക്കുക; ഇങ്ങനെ ക്രമമായി എഴുതിയാൽ ഉത്തരം ചിട്ടയുള്ളതാകും.
b) അച്ഛനമ്മമാരുടെ സ്നേഹം, കരുതൽ, ശിക്ഷയിലെ വാത്സല്യം എന്നീ മൂന്ന് ആശയങ്ങളും ഉൾപ്പെടുത്തുക.
c) കൃഷ്ണന്റെ ഉദാത്തമായ നന്ദിബോധം എടുത്തുപറയുക.
Question 6: "ബാല്യത്തെ ആവിഷ്ക്കരിക്കുകയല്ല അനുഭവിപ്പിക്കുകയാണ് ചെറുശ്ശേരി കൃഷ്ണഗാഥയിൽ" - അനുഭവങ്ങളെ അനുഭൂതിയാക്കുന്ന രചനാതന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക.
Answer:
കൃഷ്ണഗാഥ എന്ന കൃതിയിലൂടെ ചെറുശ്ശേരി കൃഷ്ണന്റെ ബാല്യത്തെ അവതരിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. മലയാളികൾക്ക് കൃഷ്ണബാല്യം സ്വന്തം പുത്രസ്നേഹമായി മാറിയത് കൃഷ്ണഗാഥയിലൂടെയാണ്. ദൈവമായ കൃഷ്ണനെ മാനുഷിക പരിവേഷത്തോടെ ആവിഷ്കരിച്ചതും ചെറുശ്ശേരിയാണ്. അങ്ങനെ ഓടക്കുഴൽ പിടിച്ച കൃഷ്ണൻ നമ്മുടെ മക്കളിൽ ഒരാളായി മാറിയെങ്കിൽ അത് എഴുത്തുകാരന്റെ കാവ്യവൈഭവം തന്നെയാണ്. കൃഷ്ണന്റെ ബാല്യകാലാനുഭവവും അവിടെ നിന്ന് മധുരയിലേക്കുള്ള പറിച്ചുനടലുമാണ് കവിതയുടെ അനുഭവം.
കൃഷ്ണൻ സ്വന്തം മാതാപിതാക്കളേക്കാൾ ബഹുമാനിക്കുന്നത് വളർത്തുമാതാപിതാക്കളെയാണ്. "അല്ലയോ അച്ഛാ, അങ്ങ് ഇപ്പോൾതന്നെ നമ്മുടെ ദേശത്തേയ്ക്ക് പോകണം. അങ്ങ് യാദവന്മാർക്കെല്ലാം സന്തോഷം നൽകി അവിടെ വാഴണം. ഞാൻ എത്രയും വേഗം അമ്മയെ കാണാനായി വരുന്നുണ്ടെന്ന് അറിയിക്കണം." ഇങ്ങനെയൊക്കെ പറയിക്കുന്ന കവി, കവിതയിലൂടെ ജീവിതാനുഭവമായ ബാല്യത്തിലേക്ക് നമ്മെ നടത്തിക്കൊണ്ടുപോകുന്നു.
ഈ ആസ്വാദ്യതയാണ് കവിതയുടെ അനുഭവമണ്ഡലം. ഈ കവിത കുട്ടികളുടെ ബാല്യത്തെക്കുറിച്ച് മാത്രമല്ല പറയുന്നത്. അച്ഛനും അമ്മയും എങ്ങനെയാണ് മക്കളെ സംരക്ഷിക്കുന്നത് എന്നും കവിത നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.
"പെറ്റുവളർത്തൊരു തായായി നിന്നതു മുറ്റുമെനിക്കു മറ്റാരുമല്ലേ; ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തതു നിങ്ങളല്ലോ." പെറ്റു ജീവൻ നൽകുന്നതു മാത്രമല്ല അച്ഛനമ്മമാരുടെ കർത്തവ്യം; യാതൊരപകടങ്ങളിലും പെടാതെ അവരെ പരിപാലിക്കുന്നതും അവരുടെ കടമയാണ്. ആറ്റിലും തീയിലും വീഴാതെ സംരക്ഷിക്കണം. അങ്ങനെ അനുവദിച്ചുകിട്ടിയ ജീവനെ നിലനിർത്താൻ തന്നെ സഹായിച്ച് വളർത്തിയ മാതാപിതാക്കളെ കൃഷ്ണൻ ബഹുമാനപുരസ്സരം കാണുന്നു.
'ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളെയെന്നും മറക്കില്ല' എന്ന വരികളിലൂടെ കവി കുട്ടികളുടെ ചിന്തയിലൂടെ മാതാപിതാക്കളുടെ കർത്തവ്യങ്ങളെ നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനുശേഷം തന്റെ ബാല്യകാലസുഹൃത്തുക്കളോട് സ്നേഹം പങ്കുവയ്ക്കുകയാണ് കൃഷ്ണൻ. "നമ്മുടെ അമ്പാടിയിൽ അച്ഛനു സഹായമായി നിങ്ങൾ അച്ഛന്റെ കൂടെ ഉണ്ടാവണം. ഞാൻ വൈകാതെ അവിടേയ്ക്ക് വരുന്നുണ്ട്. അല്ലയോ കൂട്ടുകാരേ, നിങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ എങ്ങനെയാണ് ഇവിടെ ജീവിക്കുക" എന്നുവരെ കൃഷ്ണൻ ചോദിക്കുന്നു. താൻ കളിച്ചുനടന്നത് അവരുടെ കൂടെയാണല്ലോ.
കാളിന്ദീതീരത്തുള്ള കാട്ടിലെ കായ്കനികൾ ഭക്ഷിച്ചാണ് ഞാൻ വളർന്നത്; എത്ര ശ്രേഷ്ഠഭക്ഷണം കഴിച്ചാലും അന്ന് കഴിച്ച ഭക്ഷണത്തോടുള്ള താൽപര്യം എന്റെ ഉള്ളിൽ കുറയുന്നില്ല. തനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് കൃഷ്ണൻ രത്നവും ചേലയും നൽകുകയും തന്റെ അമ്പാടിയെക്കുറിച്ചുള്ള സ്മരണയിൽ മുഴുകുകയും ചെയ്യുന്നു. ഇത്തരം വിവരണത്തിലൂടെ കവി സാധിച്ചെടുക്കുന്നത് കവിതയോട് കവിക്കുള്ള ആത്മാർത്ഥതയാണ്. ആത്മാർത്ഥതയുള്ള ആ ആവിഷ്കാരശൈലി തന്നെയാണ് കൃഷ്ണഗാഥയെ മറ്റു കൃതികളിൽ നിന്ന് മാറ്റിനിർത്തുന്നത്. താൻ ഏറെ സ്നേഹിക്കുന്ന അമ്മയെ മറക്കാൻ രാജാവും ദൈവവുമായ കൃഷ്ണന് സാധിക്കുന്നില്ല. അമ്മയ്ക്ക് നന്ദഗോപരുടെ കൈയിൽ ചേല കൊടുത്തയയ്ക്കുന്നു.
ഏറെ പ്രിയപ്പെട്ടവരെ ഓർക്കുകയും അവരുടെ ഇഷ്ടങ്ങൾ മറക്കാതിരിക്കുകയും ചെയ്യുന്നത് ആ വ്യക്തിയോടുള്ള സ്നേഹത്തെ കാണിക്കുന്നു. അമ്മ തനിക്ക് നൽകിയ ചേലകൾ എടുത്തുവയ്ക്കണമെന്നും താൻ വരുമ്പോൾ തനിക്കത് നൽകണമെന്നും കൃഷ്ണൻ പറയുമ്പോൾ സ്വന്തം രാജാധികാരത്തെയും ഈശ്വരാധികാരത്തെയും മറക്കുകയും, ഒരുവൻ എത്ര വളർന്നാലും അമ്മയ്ക്ക് കുട്ടിയായിരിക്കും എന്ന പരമയാഥാർത്ഥ്യത്തെ കവി നമുക്കു മുന്നിൽ ഉയർത്തിക്കാണിക്കുകയും ചെയ്യുന്നു. കുട്ടിത്തത്തിന്റെ ആവിഷ്കാരഭംഗികൊണ്ട് മനോഹരമായ വാക്ക്ചിത്രങ്ങൾ സൃഷ്ടിക്കാൻ കവിക്ക് സാധിച്ചിട്ടുണ്ട്.
"പിള്ളരെ നുള്ളിനാനെന്നങ്ങു ചൊല്ലിട്ടു പീലികൊണ്ടെന്നെയടിച്ചാളമ്മ" - ഈ വരികളിലൂടെ വായനക്കാരൻ കടന്നുപോകുമ്പോൾ ഒക്കെത്തന്നെ അനുഭൂതികളുടെ വേലിയേറ്റം ഓരോ മലയാളിയുടെയും മനസ്സിൽ രൂപപ്പെടുത്താൻ കവിക്ക് സാധിച്ചിട്ടുണ്ട്. അത് ബോധപൂർവ്വം രൂപപ്പെടുത്തിയ കവിതയുടെ ഗുണമല്ല; മറിച്ച് അനുഭവങ്ങളുടെ തീക്ഷ്ണമായ സുഗന്ധം പേറി നിന്ന കവിയുടെ ആത്മാർത്ഥമായ സമീപനമാണ്. ആ സമീപനം തന്നെയാണ് ഈ കവിതയുടെ ശ്രേഷ്ഠതയും ആസ്വാദ്യതയും. ഓരോ വായനക്കാരനെയും അവരുടേതോ തങ്ങൾക്ക് പരിചയമുള്ളതോ ആയ ബാല്യത്തെ അനുഭവിപ്പിച്ചു തീർക്കലാണ് കൃഷ്ണഗാഥ എന്ന മഹാകാവ്യം ചെയ്തുകൊണ്ടിരിക്കുന്നത്.
Exam Tips:
a) ഉദ്ധരിച്ച വരികൾ ഉത്തരത്തിൽ ചേർക്കുകയും ഓരോന്നിന്റെയും ഭാവം വിശദീകരിക്കുകയും ചെയ്യുക.
b) ദൈവമായ കൃഷ്ണനെ മനുഷ്യനായി അവതരിപ്പിക്കുന്നതും ആത്മാർത്ഥതയുള്ള ആവിഷ്കാരശൈലിയും പ്രത്യേകം എടുത്തുപറയുക.
c) ആദ്യം ആമുഖം, പിന്നീട് വിശദീകരണം, ഒടുവിൽ സമാപനം എന്ന ക്രമത്തിൽ എഴുതുക.
Question 7: • നാട്ടുമുദ്ര പതിഞ്ഞ വാക്കുകൾ
• തെളിഞ്ഞ കാവ്യഭാഷ
• മയവും ലയവുമുള്ള പദങ്ങളുടെ തിരഞ്ഞെടുപ്പ്
പാഠഭാഗത്തെ അടിസ്ഥാനമാക്കി കൃഷ്ണഗാഥയുടെ മേൽപ്പറഞ്ഞ സവിശേഷതകൾ കൂടി കണ്ടെത്തി ലഘുപ്രബന്ധം തയ്യാറാക്കുക.
Answer:
15-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എഴുതപ്പെട്ട ഒരു കൃതി എന്ന നിലയിൽ കൃഷ്ണഗാഥ ശ്രേഷ്ഠമാണ്. ഭാഷ അതിന്റെ ആരംഭദശയിൽ നിന്നിരുന്ന കാലഘട്ടത്തിലാണ് കൃഷ്ണഗാഥാകാരൻ ലളിതമായ പദപ്രയോഗങ്ങൾകൊണ്ട് മലയാളഭാഷയെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടന്നുവന്നത്.
നാം ഉപയോഗിക്കുന്ന ഭാഷയുടെ സാധ്യതകളെക്കുറിച്ചാണ് കവി നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നത്. കവിതയുടെ ശ്രേഷ്ഠതയ്ക്ക് ഭാഷയുടെ ഉള്ളടക്കം മാത്രമല്ല കാരണമാകുന്നത്, മറിച്ച് അതിന്റെ കാവ്യഭാഷ, പദങ്ങളുടെ തിരഞ്ഞെടുപ്പ്, നാട്ടുമുദ്ര പതിഞ്ഞ വാക്കുകൾ, ശൈലി, ആ കവിതയുടെ ആശയം എന്നിവയെല്ലാം ഇതിന്റെ പ്രധാനപ്പെട്ട ഇടങ്ങളാണ്.
ഇങ്ങനെ നൂലിഴകൾ വേർപെടുത്തുമ്പോൾ എല്ലാ ഗുണങ്ങളും ഒത്തുചേർന്നു കാണാൻ കഴിയുന്നത് കൃഷ്ണഗാഥയിലായിരിക്കും. അന്ന് നിലവിലിരുന്ന ഭാഷാപ്രയോഗങ്ങൾ ഉപയോഗിക്കാൻ യാതൊരു മടിയുമില്ലാത്തവനാണ് സംസ്കൃതപണ്ഡിതനായിട്ടുള്ള കവി. സാധാരണക്കാരിലേക്കുകൂടി കവിതയും അതുവഴി പുരാണങ്ങളും കടത്തി പുതിയ സംസ്കാരം രൂപീകൃതമാകണമെന്ന് കവി ആഗ്രഹിക്കുന്നു. "അമ്മയെക്കാണ്മതിനായ്, പേറ്റി വളർത്തതു നിങ്ങളല്ലേ, ഇച്ഛയിൽ പോകണമമ്പാടിയിൽ, പാൽവെണ്ണയുണ്ണാഞ്ഞു, മങ്ങാതെ മാനിച്ചുകൊള്ളണം നീ" തുടങ്ങിയ ഭാഷാപ്രയോഗങ്ങൾകൊണ്ട് ആ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുകൾ അറിയാതെ കവിതയിൽ കവി സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
ഈ കവിത ആ കാലഘട്ടത്തിന്റെ ഭാഷാപ്രയോഗശൈലി, ജീവിതം, സംസ്കാരം എന്നു തുടങ്ങി എല്ലാറ്റിനും ഒരു ഉത്തമ ഉദാഹരണമായിരിക്കും. കവിത എപ്പോഴും സുതാര്യമായ ചിന്താപ്രവാഹത്തോടെ വായനക്കാരനിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കണം. ആ പ്രവാഹത്തിന്റെ മിടുക്കാണ് കവിതയുടെ സൗന്ദര്യം. അത്തരത്തിലുള്ള കവിത കാലാതീതമായ ശക്തിയാൽ ജ്വലിച്ചുനിൽക്കാൻ പ്രാപ്തി നേടുന്നു. കൃഷ്ണഗാഥയെ സംബന്ധിച്ച് ഈ ചിന്താഗതിക്കുതന്നെ പ്രസക്തിയില്ല; കാരണം ചെറുശ്ശേരിയുടെ കൃഷ്ണഗാഥ അടിമുടിയോളം തെളിഞ്ഞ കാവ്യഭാഷയുടെ ഉദാഹരണമാണ്. കൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെ വ്യക്തമായി മലയാളികൾക്ക് പറഞ്ഞുതന്നിരുന്നത് ഒരു കവിതയാണെന്നറിയുമ്പോഴേ ആ കവിതയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാനാവൂ. ശ്രീകൃഷ്ണന്റെ ജനനം, ബാല്യകാലം എന്നിവ മനോഹരമായ ലളിതപദാവലിയോടെ, സുന്ദരമായ കാവ്യഭാഷയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് കവിയുടെ മിടുക്കാണ്.
ഓരോ ഭാഗവും തെളിഞ്ഞുവരുന്ന മനോഹരമായ ചിത്രങ്ങളായിട്ടാണ് കവി എഴുതിച്ചേർത്തിരിക്കുന്നത്. 'പിള്ളരെ നുള്ളി' എന്നു പറയുമ്പോൾ പീലികൊണ്ടടിക്കുന്ന അമ്മ കഴിഞ്ഞ കാലഘട്ടത്തിന്റെ ഓർമ്മയാണ്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അമ്മയുടെ ഇടപെടൽ ശക്തമാണെന്ന് കവിത നമ്മെ ഓർമ്മപ്പെടുത്തുന്നു. അത് വായനക്കാരനിൽ നിന്ന് വായനക്കാരനിലേക്ക് പടരാൻ സഹായിക്കുന്നത് സുതാര്യവും ലളിതവുമായ ഭാഷാശൈലിയാണെന്ന് നിസ്സംശയം പറയാം. കവിതയുടെ താളം അതിന് തെരഞ്ഞെടുത്തിരിക്കുന്ന പദപ്രയോഗങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
വ്യത്യസ്തമായ അക്ഷരപ്രാസങ്ങൾ ഉപയോഗിച്ച് കവിത മനോഹരമാക്കാൻ കവി ബുദ്ധിപൂർവ്വം പരിശ്രമിച്ചിട്ടുണ്ട്. "നമ്മുടെ ദേശത്തു പോവതിന്നായിട്ടു ചെമ്മേ തുടങ്ങേണം താതനിപ്പോൾ" തുടങ്ങിയ വരികളിൽ നിന്നും തുടങ്ങി കവിതയുടെ അവസാനം വരെ കവിതയുടെ ഈണം മനോഹരമാക്കാനുള്ള ഭാഷാപ്രാസങ്ങൾ കവി ഉപയോഗിച്ചുകാണാം.
എത്ര ഭാഷാപ്രയോഗങ്ങൾ ഉപയോഗിച്ചാലും കവിതയുടെ മനോഹാരിതയും ശ്രേഷ്ഠതയും, അതിന്റെ ആശയം, ആവിഷ്കാരഭാവം, വൈകാരികത, ഉദ്ദേശശുദ്ധി എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കും. കൃഷ്ണഗാഥ എത്ര പഠിച്ചാലും തീരാത്ത മഹാസമുദ്രമാണ്. അതിന്റെ ശൈലി, ഭാഷാപ്രയോഗം, അവതരണം എന്നിങ്ങനെ ഏതു വഴിയിലൂടെ പോയാലും ശ്രേഷ്ഠതയുടെ മറുവാക്കായി അതിങ്ങനെ ഉയർന്നു നിൽക്കുകയാണ്.
Exam Tips:
a) പ്രബന്ധത്തിൽ ചോദ്യത്തിൽ നൽകിയ മൂന്ന് സവിശേഷതകൾക്കും പാഠഭാഗത്തുനിന്ന് ഒന്നെങ്കിലും ഉദാഹരണം നൽകുക.
b) ആമുഖം, ഉള്ളടക്കം, സമാപനം എന്നിങ്ങനെ ഖണ്ഡികകളായി തിരിച്ച് എഴുതുക.
c) 'കൃഷ്ണഗാഥ' എന്ന കൃതിയുടെ കാലം, കർത്താവ്, വൃത്തം എന്നിവ ആമുഖത്തിൽ ഉൾപ്പെടുത്തുക.
Eight Marks Questions
Question 8: കൃഷ്ണന്റെ ബാല്യകാലസ്മരണകളിൽ തെളിയുന്ന ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കവി കാണിച്ച ഔചിത്യം ചർച്ച ചെയ്യുക.
Answer:
സൂചകങ്ങൾ:
• കൃഷ്ണഗാഥ
• മനുഷ്യാവതാരമായ കൃഷ്ണൻ
• ബാല്യാനുഭവങ്ങളുടെ അറിവ്, അനുഭൂതി
• കവി ഉപയോഗിച്ച ഭാഷ
• ഉചിതഭാവം കൈവരിച്ചിരിക്കുന്നത് ഉദാഹരണസഹിതം പറയുക.
വിവരണം:
ഗാഥാപ്രസ്ഥാനത്തിൽ നമുക്ക് ഓർക്കാനുള്ളത് കൃഷ്ണഗാഥ അഥവാ കൃഷ്ണപ്പാട്ട് എന്ന ഈ കൃതി മാത്രമാണ്. ഒരൊറ്റ കൃതിയേ ഉള്ളൂ എങ്കിലും ആ പ്രസ്ഥാനത്തിന് വലിയ സ്ഥാനം നേടിക്കൊടുത്തത് ഇതാണ്. ശ്രീകൃഷ്ണന്റെ ജന്മം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള സംഭവങ്ങളുടെ കാവ്യാവിഷ്കാരമാണ് ഇതിലെ പ്രതിപാദ്യം. മഞ്ജരിവൃത്തത്തിലാണ് ഈ മഹാകാവ്യം രചിച്ചിട്ടുള്ളത്. ചെറുശ്ശേരി എന്ന കവിയാണ് ഇതിന്റെ കർത്താവ്. മലയാള സാഹിത്യം അതിന്റെ ബാലാരിഷ്ടതകളുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഈ കൃതി രചിക്കപ്പെടുന്നത്. അക്കാലത്ത് സംസ്കൃതത്തിനും തമിഴിനുമായിരുന്നു കൂടുതൽ പ്രചാരം; അതുകൊണ്ടുതന്നെ ആ ഭാഷാപദങ്ങൾ ഉപയോഗിച്ച് എഴുതിയ കൃതികളാണ് അക്കാലത്ത് നിലവിൽവന്നതും. പ്രചാരത്തിലുണ്ടായിരുന്ന ഇതിനൊക്കെ ഒരപവാദം എന്ന നിലയ്ക്കാണ് കൃഷ്ണഗാഥാകാരൻ ഈ കൃതി എഴുതിയത്. മറ്റു കൃതികളെ ആസ്വാദകലോകം വിസ്മരിച്ചപ്പോഴും കൃഷ്ണഗാഥയെ ജനം നെഞ്ചോടു ചേർത്തുവച്ചു. ജാതി-മത ചിന്തയ്ക്ക് അതീതമായാണ് കൃഷ്ണഗാഥ നിലനിന്നത്.
ഏകദേശം 600 വർഷങ്ങൾക്കു ശേഷവും കൃഷ്ണഗാഥ വായനക്കാർക്ക് ദുർഗ്രാഹ്യമല്ല. എത്ര സുന്ദരവും സുതാര്യവുമായ പദപ്രയോഗശൈലിയിലാണ് കവി ഈ കൃതി കോർത്തിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. നമ്മുടെ ശ്രീകൃഷ്ണദൈവം മനുഷ്യാവതാരമായി നമ്മുടെ വീട്ടിലെ കുട്ടിയുടെ വികൃതിയും കുസൃതിയും കൈക്കൊണ്ടപ്പോൾ കൃഷ്ണൻ നമുക്ക് പ്രിയങ്കരനായി മാറി. ഓർമ്മയിലും മുറ്റത്തും കാണുന്നിടത്തൊക്കെ നാം കുട്ടികളിൽ ദൈവത്തെ കണ്ടു. ഇത്ര ഉദാത്തമായ ആവിഷ്കാരശൈലി മറ്റൊരു മഹാകാവ്യത്തിലും അന്വേഷിച്ചാൽ കണ്ടുകിട്ടില്ല; ഒരുപക്ഷേ ജ്ഞാനപ്പാന ഒഴികെ. കൃഷ്ണഗാഥയുടെ മാഹാത്മ്യം തന്നെ കൃഷ്ണന്റെ ബാല്യകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്.
ഈ കവിതയുടെ താളം തന്നെ കുട്ടികളെ താരാട്ടുപാട്ട് പാടിക്കേൾപ്പിക്കുന്ന മഞ്ജരി വൃത്തമാണ്. കാവ്യം തുടങ്ങുന്നതുതന്നെ നന്ദഗോപരോട് ആകുലരാകാതെ അമ്പാടിയിലേക്ക് തിരികെ പോകണമെന്ന കൃഷ്ണന്റെ അഭ്യർത്ഥനയോടെയാണ്. "നമ്മുടെ ദേശത്ത് പോവതിനായിട്ടു ചെമ്മേ തുടങ്ങണം താതനപ്പോൾ" എന്ന വരികളിലൂടെ താൻ ജനിച്ചുവളർന്ന പ്രദേശത്തോടുള്ള സ്നേഹം കൃഷ്ണൻ പ്രകടിപ്പിക്കുന്നു. ഇപ്പോൾ ഏത് ദേശത്ത്, എത്ര വലിയ സ്ഥാനത്ത് ആയിരുന്നാലും കൃഷ്ണൻ സ്വന്തം നാടിനെ മറക്കുന്നില്ല എന്നത് വായനക്കാർക്കും കൃഷ്ണനോടുള്ള ബഹുമാനം കൂട്ടുന്നു. അവിടെ നിന്ന് തുടങ്ങി ശ്രീകൃഷ്ണന്റെ ബാല്യകാലം വായനക്കാരനിൽ ചിത്രത്തിലെപ്പോലെ തെളിയാൻ കവി ശ്രമിക്കുന്നു. ശ്രീകൃഷ്ണൻ മധുരയിലാണെങ്കിലും അയാളുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മുഴുവൻ അമ്പാടിയാണ്.
മനസ്സുകൊണ്ട് അമ്പാടിയിൽ ജീവിക്കുന്ന ഒരു കൊച്ചുകുട്ടിയായി ശ്രീകൃഷ്ണനെ അവതരിപ്പിക്കുകയും വായനക്കാരെ അതോടൊപ്പം സഞ്ചരിപ്പിക്കുകയും ചെയ്യുന്നതിൽ ചെറുശ്ശേരിയുടെ കവനപാടവം അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തുച്ഛമായ പദസമ്പത്തുകൊണ്ടാണ് കവി ഇത് സാധിച്ചത്; കാരണം മലയാളഭാഷ അതിന്റെ ബാല്യദശയിലായിരുന്നു.
തനിക്ക് വളരെക്കാലമൊന്നും നിങ്ങളെ കാണാതെ നിൽക്കാൻ സാധിക്കുകയില്ലെന്നും, തന്റെ യഥാർത്ഥ അച്ഛനമ്മമാർ ആരായാലും തനിക്ക് ഏറ്റവും വേണ്ടപ്പെട്ടത് നിങ്ങൾ തന്നെയാണെന്നും കൃഷ്ണൻ പറയുന്നു; കാരണം അവർ ജന്മം മാത്രമാണ് നൽകിയത്. നിങ്ങളാകട്ടെ 'ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തി' എന്ന ഈ വരികളിലും കൃഷ്ണബാല്യത്തിന്റെ ചിത്രം നമ്മുടെ മുന്നിൽ തെളിയുന്നുണ്ട്. അതിലുപരി, ബാല്യത്തിൽ ഒരു കുട്ടിയെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഇടങ്ങളെ ഈ രണ്ടു വരിയിലെ രണ്ടു വാക്കുകൾകൊണ്ട് കവി ആവിഷ്കരിക്കുന്നു; ബാല്യം വായനക്കാരന്റെ മനസ്സിൽ തെളിയാൻ ഇത്ര ഉചിതമായ പദങ്ങൾ വേറെയില്ലെന്നു തോന്നിപ്പോകും.
ബാലവിചാരവികാരങ്ങളിലൂടെ മുന്നേറുക തന്നെയാണ് ബാല്യത്തെ ആവിഷ്കരിക്കാൻ ഏറ്റവും എളുപ്പവഴി. ആ കുസൃതികളുടെ ആഴങ്ങളിൽ നുഴഞ്ഞുകയറി കവി ഒരുവട്ടംകൂടി കുട്ടിയായ അനുഭവം നമുക്കു തോന്നിപ്പോകും. അല്ലാതെ ഇത്രയും ഉചിതമായി ഇത് ആവിഷ്കരിക്കാൻ സാധ്യമല്ല. തുടർന്നുള്ള വരികളിൽ തന്റെ ബാല്യകാലത്തിന്റെ രേഖാചിത്രം വായനക്കാരനിൽ എത്തിക്കാൻ അനുയോജ്യമായ ഇടമാണ് കവി ഒരുക്കിയിരിക്കുന്നത്.
താൻ കാളിന്ദീതീരത്താണ് കളിച്ചിരുന്നത്; അവിടത്തെ കായ്കനികളാണ് തന്റെ ഭക്ഷണം. എത്ര വലിയ ഭക്ഷണം കഴിച്ചാലും അവിടത്തെ ജീവിതരീതിയോടുള്ള സന്തോഷം എന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നു. അത് മറന്ന് എനിക്കൊരു ജീവിതമില്ല - എന്നെല്ലാം കൃഷ്ണൻ പറയുന്നത് മനസ്സുമായി സംവദിക്കുന്നതുപോലെ ആവിഷ്കരിക്കാൻ കവിക്കു സാധിച്ചിട്ടുണ്ട്. വളർത്തമ്മയോടുള്ള സ്നേഹവും ബഹുമാനവും കാണിക്കുന്ന വരികൾ ബാല്യകാലസ്മരണകളെ ഉണർത്തുന്ന രീതിയിലാണ് കവി ചിത്രീകരിച്ചിരിക്കുന്നത്.
എന്റെ അമ്മയെ എനിക്ക് മറക്കാൻ സാധിക്കുകയില്ല. അമ്മയ്ക്കായി ഞാൻ വാങ്ങിയ ചേലകൾ അച്ഛൻ അവരുടെ കൈയിൽ കൊടുത്ത് ഞാൻ സന്തോഷത്തോടെ തന്നതാണെന്ന് പറയണം. ഇവിടെ പ്രയോഗിച്ച 'കൈ', 'ഇച്ഛ' എന്നീ പദങ്ങൾ ശ്രീകൃഷ്ണന് യശോദയോടുള്ള സ്നേഹത്തെ പ്രകടിപ്പിക്കുന്നവയാണ്.
'എന്റെ അമ്മ എനിക്ക് നൽകുന്ന പാൽവെണ്ണയുണ്ണാഞ്ഞ് വേദനയുണ്ട് എനിക്ക്' എന്നു പറയുമ്പോൾ മനസ്സിൽ ഓടിവരിക അമ്മ മകനായി ഒരുക്കിക്കൊടുക്കുന്ന പ്രത്യേക ഭക്ഷണസാധനങ്ങളാണ്. ലോകത്ത് എവിടെപ്പോയാലും എന്തു കഴിച്ചാലും ഒരിക്കലും രുചി കുറയാത്ത ആ ഭക്ഷണം അമ്മയുടെ സ്നേഹത്തിന്റെ കൂടി അടയാളമാണ്. അത്തരം ബാല്യചിന്തകളിലേക്ക് മനസ്സ് അൽപനേരം പോകുന്നതുപോലെ തോന്നും.
കൃഷ്ണന്റെ വികൃതികളിലും യശോദയുടെ ശിക്ഷാരീതി വ്യത്യസ്തമാണ്. തെറ്റിനെയാണ് അവർ ശിക്ഷിക്കുന്നത്. ആ ശിക്ഷാരീതി ബാല്യസ്മരണകളിലൂടെ കൃഷ്ണൻ പറയുന്നുണ്ട്. എന്നാൽ ഒരിക്കൽപോലും ഒരു പരിഭവവും കൃഷ്ണൻ പ്രകടിപ്പിക്കുന്നില്ല. കാരണം ഒരു കൈകൊണ്ട് ശിക്ഷിക്കുകയും മറ്റേ കൈകൊണ്ട് ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അമ്മയുടെ പ്രകൃതിയുടെ രീതി തന്നെയാണ് യശോദ കൈക്കൊള്ളുന്നത്. യാതൊന്നും പ്രതീക്ഷിക്കാതെ നല്ലവനായി വളർത്താനുള്ള ആഗ്രഹമാണ് യശോദ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആ ബാല്യകാലസ്മരണകളിൽ തെളിയുന്ന ചിത്രങ്ങൾക്ക് ഉദാത്തതയും പരിശുദ്ധിയുമുണ്ട്.
അച്ഛനമ്മമാരിലോ കൃഷ്ണനിലോ പരിഭവത്തിന്റെ ചെറിയ ഉലച്ചിൽ പോലും ദർശിക്കാൻ കഴിയുന്നില്ല. അതുതന്നെയാണ് ആ സ്മരണകളുടെ ഔചിത്യം. ഇതെഴുതുമ്പോഴും പറയുമ്പോഴും ഏറെ ഓർമ്മിക്കേണ്ടത് ഇതെഴുതിയ കവിയുടെ കഴിവാണ്. പറയാനുള്ളത് വ്യക്തമായി പറയാനും സുതാര്യമായ ഭാഷ പ്രയോഗിച്ച് അനുവാചകരിലെത്തിക്കാനും സാധിക്കുക എന്നത് അതിലേറെ ഔചിത്യമാണ്.
Exam Tips:
a) സൂചകങ്ങളായി നൽകിയ അഞ്ചു കാര്യങ്ങളും വിവരണത്തിൽ ക്രമമായി ഉൾപ്പെടുത്തുക.
b) ഓരോ ആശയത്തിനും കൃഷ്ണഗാഥയിൽ നിന്നുള്ള വരികൾ ഉദാഹരണമായി ചേർക്കുക.
c) കൃഷ്ണന്റെ ദൈവികഭാവത്തേക്കാൾ മാനുഷികഭാവമാണ് കവി കാണിക്കുന്നതെന്ന് ഉത്തരത്തിൽ വ്യക്തമാക്കുക.
d) എട്ടു മാർക്കിനുള്ള ഉത്തരമായതിനാൽ ആമുഖവും സമാപനവുമുള്ള ഖണ്ഡികകളായി എഴുതുക.
Question 9: "ഞാനമെങ്കിൽ വിളയിച്ചു തെളിച്ചിനിയ ചൊൽ
നായികേ പരവയിൽ തിരകൾ നേരുടൻ
തേനുലാവിന പതങ്ങൾ വന്തുതിങ്കി നിയതം
ചേതയുൾത്തുടർന്നു തോന്നും വണ്ണമിൻറെ മുതലായ്
ഊനമറ്റൈഴുമിരാമചരിതത്തിലൊരുതെ-
ലുഴിയിൽ ചെറിയവർക്കറിയമാറുരചെയ്യാൻ
ഞാനുടക്കിനതിനേണ നയനേ നടമിടെൻ
നാവിലിച്ചയൊടുവൈത്തടിയിണക്കമലതാർ" (രാമചരിതം)
"നരപാലകർ ചിലരതിനു വിറച്ചാർ
നലമൊടു ജാനകി സന്തോഷിച്ചാൾ
അരവാദികൾ ഭയമിടുമിടിധ്വനി-
യാൽ മയിലാനന്ദിപ്പതു പോലെ" (കണ്ണശ്ശരാമായണം)
(കാവ്യരചനാവേളയിൽ ഉചിതപദങ്ങൾ തന്നനുഗ്രഹിക്കണമെന്ന് സരസ്വതീദേവിയോട് കവി നടത്തുന്ന പ്രാർത്ഥനയാണ് 'രാമചരിത' ഭാഗത്തിലുള്ളത്. ശ്രീരാമൻ ത്ര്യംബകചാപം ഖണ്ഡിച്ചപ്പോൾ സീതാദേവിക്കുണ്ടായ ആഹ്ലാദം വർണ്ണിക്കുന്ന ഭാഗമാണ് 'കണ്ണശ്ശരാമായണ'ത്തിലേത്.)
ഈ കാവ്യഭാഗങ്ങൾ പരിശോധിച്ച് 'രാമചരിത'ത്തിൽ നിന്ന് കണ്ണശ കൃതികളിലൂടെ വളർന്ന് 'കൃഷ്ണഗാഥ'യിലെത്തുമ്പോൾ ഭാഷയ്ക്കുണ്ടാകുന്ന രൂപപരിണാമങ്ങൾ നിരീക്ഷിക്കുക.
Answer:
* ഭാഷ കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്.
* മനുഷ്യൻ സ്വയം രൂപപ്പെടുത്തിയെടുത്ത ഒന്നാണ് ഭാഷ.
* അതത് കാലഘട്ടത്തിലെ സാംസ്കാരിക അടയാളങ്ങൾ അതിൽ കടന്നുവരും.
* മലയാളത്തിലെ ആദ്യ പാട്ട് എന്ന സ്ഥാനം രാമചരിതത്തിനാണ്.
* അന്ന് മലയാളം പൂർണ്ണവളർച്ച പ്രാപിക്കാത്ത ഭാഷയായിരുന്നു.
* 1195-1208 കാലഘട്ടത്തിൽ തിരുവിതാംകോട് ഭരിച്ചിരുന്ന ശ്രീരാമവർമ്മയാണ് ഇത് രചിച്ചത്.
* സാധാരണക്കാർക്കു വേണ്ടിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്. (ചോദ്യത്തിലെ ഉദ്ധരണിയിലെ ആദ്യഭാഗം രാമചരിതത്തിൽ നിന്നുള്ളതാണ്.)
* സാധാരണക്കാരിൽ അധികവും ഭടജനങ്ങളായതിനാൽ രാമചരിതത്തിന്റെ പ്രതിപാദ്യവിഷയം യുദ്ധകാണ്ഡമായിരുന്നു.
* പഴയതാണ് എന്നതു മാത്രമല്ല രാമചരിതത്തിന്റെ മഹത്വം; തമിഴ് പാരമ്പര്യത്തിൽ നിന്ന് മലയാളത്തെ രക്ഷിക്കാൻ അത് പരിശ്രമിച്ചു എന്നതുകൂടിയാണ്.
പാട്ടുസാഹിത്യത്തിന്റെ സർവ്വ ലക്ഷണവും തികഞ്ഞ ഒരു കൃതിയാണ് രാമചരിതം. 1814 പാട്ടുകൾ ഉൾപ്പെടുന്ന വലിയ കൃതിയാണിത്. തമിഴ് സാഹിത്യത്തിൽ അംഗീകാരം ലഭിച്ച മാതൃകയിലാണ് ഇത് രചിച്ചത്. ഓരോ പടലവും 11 പാട്ടുകൾ ചേർന്നതാണ്. ചീരാമൻ എന്നു പേരുള്ള കവിയാണ് ഇതിന്റെ കർത്താവെന്ന് പറയപ്പെടുന്നു. ഇതിന്റെ കാലഘട്ടം പന്ത്രണ്ടാം ശതകമോ പതിമൂന്നാം ശതകമോ ആയിരിക്കും. രാമചരിതത്തിന്റെ ഭാഷ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ഭാഷാസാഹിത്യചരിത്രത്തിൽ രാമചരിതത്തെപ്പോലെ ഇത്രയധികം പ്രശ്നങ്ങൾ ഉയർത്തിയിട്ടുള്ള മറ്റൊരു കൃതിയുമില്ല. ഇതിന്റെ ഭാഷാരീതിയാണ് അതിന് കാരണം. പഴയ തമിഴും മലയാളവും നല്ല അറിവുള്ള ഒരാൾക്കു മാത്രമേ ഈ കൃതി മനസ്സിലാക്കാൻ സാധിക്കൂ. മലയാളം തമിഴിൽ നിന്ന് പിരിഞ്ഞുപോകുന്ന സമയത്ത് രൂപപ്പെട്ട കൃതിയാണിതെന്ന് പറയപ്പെടുന്നു.
രാമചരിതം മിശ്രഭാഷയല്ല. അത് ഉണ്ടായ കാലത്ത് നിലനിന്നിരുന്ന ഭാഷയിൽ എഴുതിയ കൃതി എന്നാണ് ഇതിനെ കാണാൻ സാധിക്കുക. തമിഴിലും മലയാളത്തിലും തുല്യമായി കാണുന്ന ലക്ഷണങ്ങൾ ഇതിൽ കാണാം. മണിപ്രവാളത്തിൽ സംസ്കൃതമാണ് ചേരുന്നതെങ്കിൽ പാട്ടിൽ തമിഴ് മിശ്രമാണ് ചേരുന്നത്. ഇതൊക്കെയാണെങ്കിലും രാമായണം അടിസ്ഥാനമാക്കി ഉണ്ടാക്കിയ കൃതികളിൽ ധാരാളം വൈവിധ്യമുള്ള കൃതിയാണിത്. രാമചരിതകാരൻ വാല്മീകി രാമായണവും തമിഴിലെ കമ്പരാമായണവും ഉപജീവിച്ചാണ് ഈ കൃതി രചിച്ചിരിക്കുന്നത്; എന്നാൽ സ്വന്തം മനോധർമ്മമനുസരിച്ചാണ് അദ്ദേഹം ഇത് രചിച്ചത്.
'നടന്നുനേരമിടകുടനടന്നൊരളവിലേ നളിനവാതിൽ മണവാളനൊരുവാണിയുരുവാ' എന്ന ഭാഗത്ത് ഓണത്തിന്റെ കാരണവരായ മഹാബലിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വർണ്ണന രസകരമാണ്. ഇങ്ങനെ തികഞ്ഞ കാവ്യഭംഗിയും പരന്ന ജ്ഞാനവും പ്രകടിപ്പിക്കുന്ന എത്ര ഭാഗങ്ങൾ വേണമെങ്കിലും രാമചരിതത്തിൽ കാണാൻ സാധിക്കും.
തമിഴ് രീതി പിടിച്ച് മിശ്രഭാഷയിൽ രചിച്ച രാമചരിതത്തെ അനുകരിച്ചും, ദ്രാവിഡ വൃത്തവ്യവസ്ഥകൾ കുറേയൊക്കെ അംഗീകരിച്ചും, മലയാളത്തിന്റെ ആധിപത്യം കുറേക്കൂടി അനുവദിച്ചും രചിച്ച കൃതികളാണ് നിരണം കൃതികൾ. ഇവയിലെ ഭാഷ മിശ്രമാണെങ്കിലും മലയാളത്തിന്റെ അംശം വളരെ കൂടുതലാണെന്ന് കാണാം. നിരണം എന്ന ദേശത്തെ കണ്ണശൻ പറമ്പാണ് നിരണം കവികളുടെ ജന്മസ്ഥലം. ഏകദേശം 525-നും 625-നും ഇടയിലാണ് (കൊല്ലവർഷം) ഈ കവികളുടെ കാലഘട്ടമെന്ന് അനുമാനിക്കാം. ഈ കാലഘട്ടത്തിന്റെ ആരംഭത്തിൽ തമിഴ് മിശ്രസാഹിത്യം രണ്ടായി തിരിഞ്ഞിട്ടുണ്ടാകാം. തമിഴിന്റെ സ്വാധീനമുണ്ടെങ്കിലും നാട്ടുഭാഷയുടെ സ്വാതന്ത്ര്യം കൂടുതൽ പ്രകാശിപ്പിക്കുന്ന കൃതികളാണ് നിരണം കൃതികൾ.
സാഹിത്യപരമായ മൂല്യം മാത്രമല്ല ഈ കൃതികളുടെ പ്രാധാന്യം; ഭാഷാപരമായും അവയ്ക്ക് സാഹിത്യചരിത്രത്തിൽ പ്രധാന സ്ഥാനമുണ്ട്. നിരണം കൃതികൾക്ക് സംസ്കൃതവുമായാണ് കൂടുതൽ ബന്ധം. ഓരോ പാദത്തിലും രണ്ടാമത്തെ അക്ഷരം ഒന്നുതന്നെയായിരിക്കുന്ന 'എതുക'യും, 'മോന'യും നിരണം കൃതികളിലും കാണാം. അതിനാൽ പാട്ടുകൃതികളിൽ കാണുന്ന എതുക-മോനകൾ നിരണം കൃതികളിലും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ സമ്പൂജ്യരായ കവികളിൽ ഒരാളാണ് രാമപ്പണിക്കർ; അദ്ദേഹത്തിന്റെ കണ്ണശരാമായണമാണ് ഏറ്റവും ശ്രേഷ്ഠമായ കൃതി. മറ്റു കൃതികളെ അപേക്ഷിച്ച് ഈ കൃതി ശബ്ദസുഖവും അർത്ഥചമത്കാരവും കൊണ്ട് വായനക്കാരനെ ആനന്ദപരവശനാക്കുകതന്നെ ചെയ്യും.
ഈ കൃതിക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടാതെ വന്നത് ഇതിന്റെ മിശ്രഭാഷാ സ്വഭാവം കൊണ്ടായിരിക്കണം. കൊല്ലവർഷം 621 മുതൽ 650 വരെയുള്ള കാലഘട്ടത്തിലായിരിക്കണം കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അന്ന് രാജ്യം ഭരിച്ചിരുന്ന ഉദയവർമ്മകോലത്തിരിയുടെ താൽപര്യപ്രകാരമാണ് ഈ കൃതി രചിച്ചത്. ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള അത്ഭുതകഥകളാണ് കൃഷ്ണഗാഥ.
കൃഷ്ണഗാഥാകാരൻ ഭാഗവതത്തെയാണ് അടിസ്ഥാന ഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ രണ്ടു കൃതികളുടെയും ഉദ്ദേശ്യം വ്യത്യസ്തമായതുകൊണ്ട് രീതിയും വ്യത്യസ്തമായിരിക്കുന്നു. ഭാഗവതം ഭക്തിയെ പ്രചരിപ്പിക്കുമ്പോൾ കൃഷ്ണഗാഥാകാരൻ മാനുഷിക പരിവേഷമുള്ള ദൈവത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു. കവിതാരീതി കൃഷ്ണഗാഥയെ വാനോളം ഉയർത്തി. ശുദ്ധമലയാളഭാഷയിൽ ഇദംപ്രഥമമായി രചിക്കപ്പെട്ട മഹാകാവ്യമാണ് കൃഷ്ണഗാഥ. ഭാഷാപദ്യസാഹിത്യത്തിന്റെ ഏകദേശം അറുനൂറു കൊല്ലത്തെ വളർച്ചയ്ക്കുശേഷവും ഈ ഗ്രന്ഥം കനിഷ്ഠികാധിഷ്ഠിതമായിത്തന്നെ (ഒന്നാം സ്ഥാനത്ത്) ഗണിക്കപ്പെട്ടുവരുന്നു.
അവസാനത്തെ സ്വർഗ്ഗാരോഹണസർഗ്ഗം ഒഴികെ മറ്റു ഭാഗങ്ങളെല്ലാം മലയാളഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ലളിതമായ സംസ്കൃതപദങ്ങൾ കവി ഉപയോഗിച്ചിട്ടുണ്ട്. ശുദ്ധമലയാളപദങ്ങളുടെ ശക്തിയും വ്യക്തതയും മാത്രമല്ല, സ്വാരസ്യവും സൗന്ദര്യവും ഗ്രഹിക്കുന്നതിന് കൃഷ്ണഗാഥയോളം ഉപകാരപ്രദമായ മറ്റു കൃതികൾ ഇല്ല എന്നുതന്നെ പറയാം. വാമൊഴിയെ വരമൊഴിയാക്കുന്ന കാഴ്ചയും കൃഷ്ണഗാഥയിൽ കാണാം. വായനക്കാരെ ആനന്ദിപ്പിക്കുന്നതാണ് ഈ കൃതിയിലെ അലങ്കാരപ്രയോഗങ്ങൾ. 'ഉൽപ്രേക്ഷ കൃഷ്ണഗാഥയാം' എന്നൊരു ചൊല്ല് നിലനിൽക്കുന്നത് ഈ കവിയുടെ മിടുക്കിനെ എടുത്തുകാണിക്കുന്നു. എന്തുകൊണ്ടും മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു കാവ്യമാണ് കൃഷ്ണഗാഥ.
Exam Tips:
a) ഭാഷയുടെ മാറ്റത്തെ രാമചരിതം, നിരണം (കണ്ണശ) കൃതികൾ, കൃഷ്ണഗാഥ എന്നീ ക്രമത്തിൽ പ്രത്യേകം തലക്കെട്ടോടെ വിശദീകരിക്കുക.
b) ഓരോ ഘട്ടത്തിലെയും ഭാഷയുടെ പ്രത്യേകത (തമിഴ് സ്വാധീനം, മിശ്രഭാഷ, ശുദ്ധമലയാളം) ഉദ്ധരണിയിലെ വരികളുമായി ബന്ധിപ്പിക്കുക.
c) കൃതികളുടെ കാലം, കർത്താവ്, രചനാരീതി എന്നിവ ഓർമ്മയിൽ വയ്ക്കുക; ഇവയ്ക്ക് മാർക്ക് ലഭിക്കും.
Previous Years Questions and Answers
Two Marks Questions
Question 10: ചേരുംപടി ചേർക്കുക. (March 2016)
| A | B |
|---|---|
| 1. ചിറ്റാട | സന്തോഷം |
| 2. ഇമ്പം | കാവ്യം |
| 3. കോർവ | ചെറിയ വസ്ത്രം |
| 4. ബൈത്ത് | രചന |
Answer:
| A | B |
|---|---|
| 1. ചിറ്റാട | ചെറിയ വസ്ത്രം |
| 2. ഇമ്പം | സന്തോഷം |
| 3. കോർവ | രചന |
| 4. ബൈത്ത് | കാവ്യം |
Exam Tips:
a) പാഠത്തിലെ പദങ്ങളുടെ അർത്ഥം (പദാർത്ഥങ്ങൾ) ഓർത്തുവയ്ക്കുന്നത് ഇത്തരം ചോദ്യങ്ങൾക്ക് സഹായിക്കും.
b) ഉത്തരം പട്ടികയായി ക്രമത്തിൽ എഴുതുക.
Question 11: 'വലയത്തിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക.' ഗാഥാപ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രാചീന കവി ആര്? (പൂന്താനം, ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ) (SAY 2016)
Answer:
ചെറുശ്ശേരി
Exam Tips:
a) ഗാഥാപ്രസ്ഥാനത്തിലെ ഏക കൃതിയായ കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരിയാണ്.
Question 12: 'വലയത്തിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക.' 'കൃഷ്ണഗാഥ' ഇതിലെ 'ഗാഥ' എന്ന പദത്തിന്റെ അർത്ഥം എന്ത്? (പാട്ട്, ചരിത്രം, കഥ, ഇതിഹാസം)
Answer:
പാട്ട്
Exam Tips:
a) 'ഗാഥ' എന്ന വാക്കിന് 'പാട്ട്' എന്നാണ് അർത്ഥം; അതുകൊണ്ടാണ് കൃഷ്ണഗാഥ 'കൃഷ്ണപ്പാട്ട്' എന്നും അറിയപ്പെടുന്നത്.
Question 13: താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തതേത്? കുമാരനാശാൻ, ചെറുശ്ശേരി, വള്ളത്തോൾ, ഉള്ളൂർ (March 2017)
Answer:
ചെറുശ്ശേരി (ഇദ്ദേഹം ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്നില്ല).
Exam Tips:
a) ആധുനിക കവിത്രയം ആശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നിവരാണെന്ന് ഓർക്കുക; ചെറുശ്ശേരി പ്രാചീന കവിയാണ്.
b) കാരണം കൂടി ബ്രാക്കറ്റിൽ എഴുതിയാൽ ഉത്തരം പൂർണ്ണമാകും.
Question 14: ശരിയോ തെറ്റോ എന്നെഴുതുക.
നാട്ടുമുദ്ര പതിഞ്ഞ വാക്കുകൾ നിറഞ്ഞതാണ് ചെറുശ്ശേരിയുടെ കാവ്യഭാഷ.
Answer:
ശരി
Exam Tips:
a) കൃഷ്ണഗാഥയുടെ ഭാഷയിലെ നാട്ടുമുദ്ര പതിഞ്ഞ വാക്കുകൾക്ക് ഉദാഹരണം ഓർത്തുവയ്ക്കുക.
Four Marks Questions
Question 15: "ഇങ്ങനെ ചൊന്നു തൻ ചങ്ങാതിമാരുള്ളിൽ പൊങ്ങിന വേദന പോക്കിപ്പിന്നെ"
ചങ്ങാതിമാരുടെ വേദന ഇല്ലാതാക്കുവാൻ കൃഷ്ണൻ എന്തെല്ലാമാണ് പറഞ്ഞത്? (March 2016)
Answer:
നന്ദഗോപരോടൊപ്പം അമ്പാടിയിലേക്ക് നിങ്ങളും കൂടെ പോകണമെന്നും ഉടനെതന്നെ താൻ അമ്പാടിയിലേക്ക് വരുന്നുണ്ടെന്നും കൃഷ്ണൻ ചങ്ങാതിമാരോടു പറഞ്ഞു.
ചങ്ങാതിമാരോടൊത്തുള്ള കളികളെപ്പറ്റിയും കാളിന്ദീതീരത്തുള്ള കാനനത്തിലെ കായ്കനികൾ തിന്നുവളർന്ന കാലത്തെപ്പറ്റിയും കൃഷ്ണൻ ഓർത്തെടുക്കുന്നു. ആ കാലത്തെപ്പോലെ ജീവിക്കാൻ തനിക്ക് ഇപ്പോഴും ആഗ്രഹം വർദ്ധിച്ചതോതിൽ ഉണ്ടെന്നു പറഞ്ഞ് ചങ്ങാതിമാരുടെ വേദന ശമിപ്പിക്കാൻ ശ്രമിക്കുകയാണ് കൃഷ്ണൻ.
Exam Tips:
a) താൻ വരുന്നുണ്ടെന്ന ഉറപ്പ്, ബാല്യകാലസ്മരണകൾ - ഇവ രണ്ടും പ്രത്യേകം എഴുതുക.
b) കൃഷ്ണൻ സുഹൃത്തുക്കളെ ആശ്വസിപ്പിക്കുന്ന രീതി ചൂണ്ടിക്കാണിക്കുക.
Question 16: "പിള്ളരേ നുള്ളിനാനെന്നങ്ങു ചൊല്ലിട്ടു പീലികൊണ്ടെന്നെയടിച്ചാളമ്മ"
ഈ വരികളിൽ തെളിയുന്ന ഭാവതലം വ്യക്തമാക്കുക.
കൃഷ്ണഗാഥ - ചെറുശ്ശേരി
Answer:
കംസനെ വധിച്ചതിനുശേഷം മധുരയിൽ വസിക്കാൻ പോകുന്ന ശ്രീകൃഷ്ണൻ, മടങ്ങിപ്പോകുന്ന നന്ദഗോപരോട് ബാല്യകാലസ്മരണകൾ ഓർമ്മിച്ച് പറയുന്നവയാണ് ഈ വരികൾ. അമ്മയെ സ്മരിക്കുന്ന ശ്രീകൃഷ്ണനെ ഈ വരികളിൽ കാണാം.
വികൃതിയായ താൻ കൂട്ടുകാരെ നുള്ളി വേദനിപ്പിച്ചപ്പോൾ അമ്മ ദേഷ്യപ്പെട്ട് പീലികൊണ്ട് അടിച്ചത് കണ്ണൻ ഓർക്കുന്നു. അമ്മയുടെ അടി പീലികൊണ്ടായതിനാൽ തനിക്ക് വേദനിച്ചില്ല. തന്റെ വികൃതിയെ / സ്വഭാവത്തെയാണ് അമ്മ ശിക്ഷിച്ചത്; അപ്പോഴും അമ്മ സ്നേഹിച്ചുകൊണ്ടാണ് പീലികൊണ്ട് ശിക്ഷിച്ചത്.
വാത്സല്യത്തിന്റെ ഉദാത്തഭാവത്തിൽ അമ്മയും ബാല്യത്തിന്റെ കുസൃതിയിൽ കണ്ണനും നിൽക്കുന്നു. പീലികൊണ്ടുള്ള തല്ലലിന്റെ വാത്സല്യം കണ്ണന്റെ ബാല്യത്തെ സുന്ദരമാക്കിയ നിമിഷങ്ങളെയാണ് ഇവിടെ ഓർമ്മിപ്പിക്കുന്നത്. അന്ന് വിഷമം വന്ന് ഊണിനു ചെല്ലാതെ പിണങ്ങിയപ്പോൾ അരികിൽ വന്ന് നൽകിയ പച്ചനിറമുള്ള ചേല കണ്ണനെ കുളിരണിയിച്ചു.
Exam Tips:
a) വാത്സല്യം, ശിക്ഷയിലെ സ്നേഹം, ബാല്യകാലസ്മരണ - ഈ ഭാവങ്ങൾ എടുത്തുപറയുക.
b) സന്ദർഭം (മധുരയ്ക്കു പോകുംമുമ്പ് നന്ദഗോപരോടു പറയുന്നത്) ആദ്യം എഴുതുക.
Six Marks Questions
Question 17: "ആറ്റിലും തീയിലും വീഴാതെ കണ്ടതെപ്പോറ്റിവളർത്തതു നിങ്ങളല്ലോ. ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളേയെന്നും മറക്കയില്ലേ" - അച്ഛനമ്മമാരുടെ സ്നേഹവായ്പും കരുതലും തിരിച്ചറിയുന്ന മകന്റെ വാക്കുകളാണിത്. സമകാലീന സാമൂഹികാവസ്ഥയുമായി ബന്ധപ്പെടുത്തി ഈ വരികളുടെ പ്രസക്തി വിലയിരുത്തുക. (March 2015)
Answer:
ശ്രീകൃഷ്ണൻ തന്റെ അച്ഛനമ്മമാരെ ജീവിതസർവ്വസ്വമായി കരുതുന്നു; നന്ദിയോടെ സ്മരിക്കുന്നു. കുഞ്ഞായ സമയത്ത് ജീവൻ രക്ഷിച്ചവരാണ് അച്ഛനമ്മമാർ. തീയും വെള്ളവും കുഞ്ഞിന്റെ ജീവൻ ഹനിക്കാതെ കരുതലോടെ കൊണ്ടുനടന്ന അച്ഛനമ്മമാരെ ശ്രീകൃഷ്ണൻ തന്റെ സർവ്വസ്വമായി സ്വീകരിക്കുന്നു.
സമകാലീന സമൂഹം അച്ഛനമ്മമാരോട് സമീപിക്കുന്നത് സ്നേഹവായ്പോടെയായിരിക്കണം. വിവാഹിതരായാൽ മക്കളുടെ സമീപനം അച്ഛനമ്മമാരുടെ സ്വത്ത് ഭാഗം വയ്ക്കലിൽ മാത്രം ഒതുങ്ങിയാൽ അത് സ്നേഹത്തിൽ പാഷാണം കലക്കിയതുപോലെയാകും. ഇതിന് വിഘ്നം വരുന്നിടത്ത് സ്നേഹം അവസാനിക്കും. വൃദ്ധസദനങ്ങൾ സ്നേഹസദനങ്ങളായ മക്കളുടെ സാമീപ്യത്തിൽ നിന്ന് അകലെയായിരിക്കും.
ജീവിതം മുഴുവനും നൽകി വളർത്തിയ മക്കൾ, വാർദ്ധക്യത്തിന്റെ നിസ്സഹായതയിൽ ഉഴലുന്ന അച്ഛനമ്മമാരെ കാറിൽ കൊണ്ടുപോയി പള്ളിപരിസരത്തും അമ്പലത്തിലും ഉപേക്ഷിക്കുന്നതും ചങ്ങലയ്ക്കിടുന്നതും പട്ടിണിക്കിടുന്നതും വാർത്തകളിൽ വന്നും നാട്ടിൽ അറിഞ്ഞും പരിതപിക്കുന്നവരാണ് നമ്മൾ.
അച്ഛനെയും അമ്മയെയും എറിഞ്ഞുകളയുന്നവർ സ്വന്തം ഭാവിതന്നെയാണ് അപായപ്പെടുത്തുന്നത്. ഇവിടെ ശ്രീകൃഷ്ണന്റെ വാക്കുകൾ സത്യമാർഗ്ഗിയുടേതാണ്; തലമുറകളുടെ വരവും പോക്കും സ്നേഹാന്വിതമായി കാണുന്ന മനുഷ്യസ്നേഹിയുടേതാണ്.
Exam Tips:
a) ആദ്യം ഉദ്ധരിച്ച വരികളുടെ ആശയം, പിന്നീട് സമകാലിക സാമൂഹികാവസ്ഥ (വൃദ്ധസദനങ്ങൾ, മാതാപിതാക്കളെ ഉപേക്ഷിക്കൽ) എന്ന ക്രമത്തിൽ എഴുതുക.
b) കൃഷ്ണന്റെ നന്ദിബോധത്തെ ഇന്നത്തെ മക്കളുടെ പെരുമാറ്റവുമായി താരതമ്യം ചെയ്യുക.
c) സമാപനത്തിൽ ഈ വരികൾ നൽകുന്ന സന്ദേശം ഒറ്റ വാക്യത്തിൽ ചേർക്കുക.
Question 18: ശ്രീകൃഷ്ണന്റെ ബാല്യകാലസ്മരണകളിൽ ഹൃദയസ്പർശിയായി നിങ്ങൾക്ക് തോന്നിയ ഒരു സന്ദർഭത്തെക്കുറിച്ച് കുറിപ്പ് എഴുതുക. (SAY 2016)
Answer:
കൃഷ്ണന്റെ ബാല്യകാലാനുഭവം ചെറുശ്ശേരി വിവരിക്കുന്നതിൽ ഏറ്റവും ഹൃദ്യമായി തോന്നിയത് കൃഷ്ണനെ അമ്മ ശിക്ഷിക്കുന്ന ഭാഗത്താണ്. കൂട്ടുകാരായ പിള്ളരെ നുള്ളിയതിന് അമ്മ കണ്ണനെ പീലികൊണ്ട് അടിച്ചു. കണ്ണൻ പിണങ്ങി ഊണുകഴിക്കാൻ ചെല്ലാതിരുന്നപ്പോൾ അമ്മയ്ക്ക് സങ്കടമായി; കണ്ണനെ അനുനയിപ്പിക്കാൻ അമ്മ കടുംപച്ച നിറമുള്ള ചേലയുമായി ചെന്നു. പുത്തൻ ചേല ലഭിച്ചപ്പോൾ കണ്ണന്റെ പിണക്കമെല്ലാം മാറി.
Exam Tips:
a) സംഭവം (കുറ്റം, ശിക്ഷ, പിണക്കം, അനുനയം) ക്രമമായി എഴുതുക.
b) ഹൃദയസ്പർശിയായി തോന്നിയതിന്റെ കാരണം സ്വന്തം വാക്കുകളിൽ ഒരു വാക്യത്തിൽ ചേർക്കുക.
Question 19: "ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തതു നിങ്ങളല്ലോ
ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളേയെന്നും മറക്കയില്ലേ" (കൃഷ്ണഗാഥ - ചെറുശ്ശേരി)
ഈ കവിതാഭാഗം വർത്തമാനകാല സാമൂഹിക സാഹചര്യവുമായി ബന്ധപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
കൃഷ്ണഗാഥ കൃഷ്ണന്റെ ഗാഥയാണെങ്കിൽ അത് ഈ കാവ്യസന്ദർഭത്തിലാണ്. കൃഷ്ണൻ അച്ഛനെയും അമ്മയെയും നന്ദിയോടെ സ്മരിക്കുന്നു. തന്റെ മനസ്സിലെ സമസ്തകോണുകളിലും അച്ഛനും അമ്മയും എന്നും തിരിവിളക്കായി ശോഭിക്കുന്നു.
വെള്ളത്തിലും തീയിലും വീഴാതെ രക്ഷിച്ചു വളർത്തിയ അച്ഛനെയും അമ്മയെയും, താൻ സ്വയം മറന്നാലും, വിസ്മരിക്കില്ലെന്ന കൃഷ്ണന്റെ ഗീതം വൃദ്ധസദനങ്ങൾ പെരുകുന്ന ഇന്നത്തെ കാലത്തിന് വെളിച്ചം നൽകുന്ന വിളക്കാണ്. വളരെ പ്രൊഫഷണലായി സംരക്ഷിക്കപ്പെടുന്ന വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്ന അച്ഛന്മാരും അമ്മമാരും നിലവിളിക്കുമ്പോൾ കൃഷ്ണഗീതി മക്കളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മനുഷ്യജന്മത്തിന്റെ ശൈശവത്തിൽ രക്ഷകരായവരെ നന്ദിയോടെ സ്മരിക്കുന്ന ഈ വരികൾ വൃദ്ധസദനങ്ങൾക്കു മുമ്പിൽ കൊത്തിവയ്ക്കേണ്ടവയാണ്.
Exam Tips:
a) ഉദ്ധരിച്ച വരികളുടെ സാരാംശവും വർത്തമാനകാല പ്രശ്നവും (വൃദ്ധസദനങ്ങൾ) ബന്ധിപ്പിച്ച് എഴുതുക.
b) കവിതയുടെ ഇന്നത്തെ പ്രസക്തി ഒറ്റ വാക്യത്തിൽ സമാപനമായി ചേർക്കുക.
Question 20: ചെറുശ്ശേരിയുടെ രചനാരീതിയിലെ ലാളിത്യത്തെക്കുറിച്ച് കുറിപ്പെഴുതുക. (March 2017)
Answer:
15-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എഴുതപ്പെട്ട ഒരു കൃതി എന്ന നിലയിൽ കൃഷ്ണഗാഥ ശ്രേഷ്ഠമാണ്. ഭാഷ അതിന്റെ ആരംഭദശയിൽ നിന്നിരുന്ന കാലഘട്ടത്തിലാണ് കൃഷ്ണഗാഥാകാരൻ ലളിതമായ പദപ്രയോഗങ്ങൾകൊണ്ട് മലയാളഭാഷയെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടന്നുവന്നത്.
നാം ഉപയോഗിക്കുന്ന ഭാഷയുടെ സാധ്യതകളെക്കുറിച്ചാണ് കവി നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നത്. കവിതയുടെ ശ്രേഷ്ഠതയ്ക്ക് ഭാഷയുടെ ഉള്ളടക്കം മാത്രമല്ല കാരണമാകുന്നത്, മറിച്ച് അതിന്റെ കാവ്യഭാഷ, പദങ്ങളുടെ തിരഞ്ഞെടുപ്പ്, നാട്ടുമുദ്ര പതിഞ്ഞ വാക്കുകൾ, ശൈലി, ആ കവിതയുടെ ആശയം എന്നിവയെല്ലാം ഇതിന്റെ പ്രധാനപ്പെട്ട ഇടങ്ങളാണ്.
ഇങ്ങനെ നൂലിഴകൾ വേർപെടുത്തുമ്പോൾ എല്ലാ ഗുണങ്ങളും ഒത്തുചേർന്നു കാണാൻ കഴിയുന്നത് കൃഷ്ണഗാഥയിലായിരിക്കും. അന്ന് നിലവിലിരുന്ന ഭാഷാപ്രയോഗങ്ങൾ ഉപയോഗിക്കാൻ യാതൊരു മടിയുമില്ലാത്തവനാണ് സംസ്കൃതപണ്ഡിതനായിട്ടുള്ള കവി. സാധാരണക്കാരിലേക്കുകൂടി കവിതയും അതുവഴി പുരാണങ്ങളും കടത്തി പുതിയ സംസ്കാരം രൂപീകൃതമാകണമെന്ന് കവി ആഗ്രഹിക്കുന്നു. "അമ്മയെക്കാണ്മതിനായ്, പേറ്റി വളർത്തതു നിങ്ങളല്ലേ, ഇച്ഛയിൽ പോകണമമ്പാടിയിൽ, പാൽവെണ്ണയുണ്ണാഞ്ഞു, മങ്ങാതെ മാനിച്ചുകൊള്ളണം നീ" തുടങ്ങിയ ഭാഷാപ്രയോഗങ്ങൾകൊണ്ട് ആ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുകൾ അറിയാതെ കവിതയിൽ കവി സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
ഈ കവിത ആ കാലഘട്ടത്തിന്റെ ഭാഷാപ്രയോഗശൈലി, ജീവിതം, സംസ്കാരം എന്നു തുടങ്ങി എല്ലാറ്റിനും ഒരു ഉത്തമ ഉദാഹരണമായിരിക്കും. കവിത എപ്പോഴും സുതാര്യമായ ചിന്താപ്രവാഹത്തോടെ വായനക്കാരനിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കണം. ആ പ്രവാഹത്തിന്റെ മിടുക്കാണ് കവിതയുടെ സൗന്ദര്യം. അത്തരത്തിലുള്ള കവിത കാലാതീതമായ ശക്തിയാൽ ജ്വലിച്ചുനിൽക്കാൻ പ്രാപ്തി നേടുന്നു. കൃഷ്ണഗാഥയെ സംബന്ധിച്ച് ഈ ചിന്താഗതിക്കുതന്നെ പ്രസക്തിയില്ല; കാരണം ചെറുശ്ശേരിയുടെ കൃഷ്ണഗാഥ അടിമുടിയോളം തെളിഞ്ഞ കാവ്യഭാഷയുടെ ഉദാഹരണമാണ്. കൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെ വ്യക്തമായി മലയാളികൾക്ക് പറഞ്ഞുതന്നിരുന്നത് ഒരു കവിതയാണെന്നറിയുമ്പോഴേ ആ കവിതയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാനാവൂ. ശ്രീകൃഷ്ണന്റെ ജനനം, ബാല്യകാലം എന്നിവ മനോഹരമായ ലളിതപദാവലിയോടെ, സുന്ദരമായ കാവ്യഭാഷയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് കവിയുടെ മിടുക്കാണ്.
ഓരോ ഭാഗവും തെളിഞ്ഞുവരുന്ന മനോഹരമായ ചിത്രങ്ങളായിട്ടാണ് കവി എഴുതിച്ചേർത്തിരിക്കുന്നത്. 'പിള്ളരെ നുള്ളി' എന്നു പറയുമ്പോൾ പീലികൊണ്ടടിക്കുന്ന അമ്മ കഴിഞ്ഞ കാലഘട്ടത്തിന്റെ ഓർമ്മയാണ്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അമ്മയുടെ ഇടപെടൽ ശക്തമാണെന്ന് കവിത നമ്മെ ഓർമ്മപ്പെടുത്തുന്നു. അത് വായനക്കാരനിൽ നിന്ന് വായനക്കാരനിലേക്ക് പടരാൻ സഹായിക്കുന്നത് സുതാര്യവും ലളിതവുമായ ഭാഷാശൈലിയാണെന്ന് നിസ്സംശയം പറയാം. കവിതയുടെ താളം അതിന് തെരഞ്ഞെടുത്തിരിക്കുന്ന പദപ്രയോഗങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
വ്യത്യസ്തമായ അക്ഷരപ്രാസങ്ങൾ ഉപയോഗിച്ച് കവിത മനോഹരമാക്കാൻ കവി ബുദ്ധിപൂർവ്വം പരിശ്രമിച്ചിട്ടുണ്ട്. "നമ്മുടെ ദേശത്തു പോവതിന്നായിട്ടു ചെമ്മേ തുടങ്ങേണം താതനിപ്പോൾ" തുടങ്ങിയ വരികളിൽ നിന്നും തുടങ്ങി കവിതയുടെ അവസാനം വരെ കവിതയുടെ ഈണം മനോഹരമാക്കാനുള്ള ഭാഷാപ്രാസങ്ങൾ കവി ഉപയോഗിച്ചുകാണാം.
എത്ര ഭാഷാപ്രയോഗങ്ങൾ ഉപയോഗിച്ചാലും കവിതയുടെ മനോഹാരിതയും ശ്രേഷ്ഠതയും, അതിന്റെ ആശയം, ആവിഷ്കാരഭാവം, വൈകാരികത, ഉദ്ദേശശുദ്ധി എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കും. കൃഷ്ണഗാഥ എത്ര പഠിച്ചാലും തീരാത്ത മഹാസമുദ്രമാണ്. അതിന്റെ ശൈലി, ഭാഷാപ്രയോഗം, അവതരണം എന്നിങ്ങനെ ഏതു വഴിയിലൂടെ പോയാലും ശ്രേഷ്ഠതയുടെ മറുവാക്കായി അതിങ്ങനെ ഉയർന്നു നിൽക്കുകയാണ്.
Exam Tips:
a) ലാളിത്യത്തിന് തെളിവായി കൃഷ്ണഗാഥയിലെ വരികൾ (ഉദാ: "നമ്മുടെ ദേശത്ത് പോവതിനായിട്ടു ...") ഉദ്ധരിക്കുക.
b) ഭാഷയുടെ ആരംഭദശയിലും ലളിതവും സുതാര്യവുമായ പദപ്രയോഗം കവി സാധിച്ചു എന്ന ആശയം ഉൾപ്പെടുത്തുക.
c) ആമുഖം - വിശദീകരണം - സമാപനം എന്ന ക്രമം പാലിക്കുക.
Eight Marks Questions
Question 21: ശ്രീകൃഷ്ണന്റെ ബാല്യകാലം ആവിഷ്ക്കരിക്കുന്നതിനപ്പുറം വായനക്കാരെ സ്വന്തം ബാല്യകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ചെറുശ്ശേരി. 'പീലിക്കണ്ണുകൾ' എന്ന പാഠഭാഗത്തെ ആസ്പദമാക്കി വിശദമാക്കുക? (SAY 2015)
Answer:
കൃഷ്ണഗാഥ എന്ന കൃതിയിലൂടെ ചെറുശ്ശേരി കൃഷ്ണന്റെ ബാല്യത്തെ അവതരിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. മലയാളികൾക്ക് കൃഷ്ണബാല്യം സ്വന്തം പുത്രസ്നേഹമായി മാറിയത് കൃഷ്ണഗാഥയിലൂടെയാണ്. ദൈവമായ കൃഷ്ണനെ മാനുഷിക പരിവേഷത്തോടെ ആവിഷ്കരിച്ചതും ചെറുശ്ശേരിയാണ്. അങ്ങനെ ഓടക്കുഴൽ പിടിച്ച കൃഷ്ണൻ നമ്മുടെ മക്കളിൽ ഒരാളായി മാറിയെങ്കിൽ അത് എഴുത്തുകാരന്റെ കാവ്യവൈഭവം തന്നെയാണ്. കൃഷ്ണന്റെ ബാല്യകാലാനുഭവവും അവിടെ നിന്ന് മധുരയിലേക്കുള്ള പറിച്ചുനടലുമാണ് കവിതയുടെ അനുഭവം.
കൃഷ്ണൻ സ്വന്തം മാതാപിതാക്കളേക്കാൾ ബഹുമാനിക്കുന്നത് വളർത്തുമാതാപിതാക്കളെയാണ്. "അല്ലയോ അച്ഛാ, അങ്ങ് ഇപ്പോൾതന്നെ നമ്മുടെ ദേശത്തേയ്ക്ക് പോകണം. അങ്ങ് യാദവന്മാർക്കെല്ലാം സന്തോഷം നൽകി അവിടെ വാഴണം. ഞാൻ എത്രയും വേഗം അമ്മയെ കാണാനായി വരുന്നുണ്ടെന്ന് അറിയിക്കണം." ഇങ്ങനെയൊക്കെ പറയിക്കുന്ന കവി, കവിതയിലൂടെ ജീവിതാനുഭവമായ ബാല്യത്തിലേക്ക് നമ്മെ നടത്തിക്കൊണ്ടുപോകുന്നു.
ഈ ആസ്വാദ്യതയാണ് കവിതയുടെ അനുഭവമണ്ഡലം. ഈ കവിത കുട്ടികളുടെ ബാല്യത്തെക്കുറിച്ച് മാത്രമല്ല പറയുന്നത്. അച്ഛനും അമ്മയും എങ്ങനെയാണ് മക്കളെ സംരക്ഷിക്കുന്നത് എന്നും കവിത നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.
"പെറ്റുവളർത്തൊരു തായായി നിന്നതു മുറ്റുമെനിക്കു മറ്റാരുമല്ലേ; ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തതു നിങ്ങളല്ലോ." പെറ്റു ജീവൻ നൽകുന്നതു മാത്രമല്ല അച്ഛനമ്മമാരുടെ കർത്തവ്യം; യാതൊരപകടങ്ങളിലും പെടാതെ അവരെ പരിപാലിക്കുന്നതും അവരുടെ കടമയാണ്. ആറ്റിലും തീയിലും വീഴാതെ സംരക്ഷിക്കണം. അങ്ങനെ അനുവദിച്ചുകിട്ടിയ ജീവനെ നിലനിർത്താൻ തന്നെ സഹായിച്ച് വളർത്തിയ മാതാപിതാക്കളെ കൃഷ്ണൻ ബഹുമാനപുരസ്സരം കാണുന്നു.
'ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളെയെന്നും മറക്കില്ല' എന്ന വരികളിലൂടെ കവി കുട്ടികളുടെ ചിന്തയിലൂടെ മാതാപിതാക്കളുടെ കർത്തവ്യങ്ങളെ നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനുശേഷം തന്റെ ബാല്യകാലസുഹൃത്തുക്കളോട് സ്നേഹം പങ്കുവയ്ക്കുകയാണ് കൃഷ്ണൻ. "നമ്മുടെ അമ്പാടിയിൽ അച്ഛനു സഹായമായി നിങ്ങൾ അച്ഛന്റെ കൂടെ ഉണ്ടാവണം. ഞാൻ വൈകാതെ അവിടേയ്ക്ക് വരുന്നുണ്ട്. അല്ലയോ കൂട്ടുകാരേ, നിങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ എങ്ങനെയാണ് ഇവിടെ ജീവിക്കുക" എന്നുവരെ കൃഷ്ണൻ ചോദിക്കുന്നു. താൻ കളിച്ചുനടന്നത് അവരുടെ കൂടെയാണല്ലോ.
കാളിന്ദീതീരത്തുള്ള കാട്ടിലെ കായ്കനികൾ ഭക്ഷിച്ചാണ് ഞാൻ വളർന്നത്; എത്ര ശ്രേഷ്ഠഭക്ഷണം കഴിച്ചാലും അന്ന് കഴിച്ച ഭക്ഷണത്തോടുള്ള താൽപര്യം എന്റെ ഉള്ളിൽ കുറയുന്നില്ല. തനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് കൃഷ്ണൻ രത്നവും ചേലയും നൽകുകയും തന്റെ അമ്പാടിയെക്കുറിച്ചുള്ള സ്മരണയിൽ മുഴുകുകയും ചെയ്യുന്നു. ഇത്തരം വിവരണത്തിലൂടെ കവി സാധിച്ചെടുക്കുന്നത് കവിതയോട് കവിക്കുള്ള ആത്മാർത്ഥതയാണ്. ആത്മാർത്ഥതയുള്ള ആ ആവിഷ്കാരശൈലി തന്നെയാണ് കൃഷ്ണഗാഥയെ മറ്റു കൃതികളിൽ നിന്ന് മാറ്റിനിർത്തുന്നത്. താൻ ഏറെ സ്നേഹിക്കുന്ന അമ്മയെ മറക്കാൻ രാജാവും ദൈവവുമായ കൃഷ്ണന് സാധിക്കുന്നില്ല. അമ്മയ്ക്ക് നന്ദഗോപരുടെ കൈയിൽ ചേല കൊടുത്തയയ്ക്കുന്നു.
ഏറെ പ്രിയപ്പെട്ടവരെ ഓർക്കുകയും അവരുടെ ഇഷ്ടങ്ങൾ മറക്കാതിരിക്കുകയും ചെയ്യുന്നത് ആ വ്യക്തിയോടുള്ള സ്നേഹത്തെ കാണിക്കുന്നു. അമ്മ തനിക്ക് നൽകിയ ചേലകൾ എടുത്തുവയ്ക്കണമെന്നും താൻ വരുമ്പോൾ തനിക്കത് നൽകണമെന്നും കൃഷ്ണൻ പറയുമ്പോൾ സ്വന്തം രാജാധികാരത്തെയും ഈശ്വരാധികാരത്തെയും മറക്കുകയും, ഒരുവൻ എത്ര വളർന്നാലും അമ്മയ്ക്ക് കുട്ടിയായിരിക്കും എന്ന പരമയാഥാർത്ഥ്യത്തെ കവി നമുക്കു മുന്നിൽ ഉയർത്തിക്കാണിക്കുകയും ചെയ്യുന്നു. കുട്ടിത്തത്തിന്റെ ആവിഷ്കാരഭംഗികൊണ്ട് മനോഹരമായ വാക്ക്ചിത്രങ്ങൾ സൃഷ്ടിക്കാൻ കവിക്ക് സാധിച്ചിട്ടുണ്ട്.
"പിള്ളരെ നുള്ളിനാനെന്നങ്ങു ചൊല്ലിട്ടു പീലികൊണ്ടെന്നെയടിച്ചാളമ്മ" - ഈ വരികളിലൂടെ വായനക്കാരൻ കടന്നുപോകുമ്പോൾ ഒക്കെത്തന്നെ അനുഭൂതികളുടെ വേലിയേറ്റം ഓരോ മലയാളിയുടെയും മനസ്സിൽ രൂപപ്പെടുത്താൻ കവിക്ക് സാധിച്ചിട്ടുണ്ട്. അത് ബോധപൂർവ്വം രൂപപ്പെടുത്തിയ കവിതയുടെ ഗുണമല്ല; മറിച്ച് അനുഭവങ്ങളുടെ തീക്ഷ്ണമായ സുഗന്ധം പേറി നിന്ന കവിയുടെ ആത്മാർത്ഥമായ സമീപനമാണ്. ആ സമീപനം തന്നെയാണ് ഈ കവിതയുടെ ശ്രേഷ്ഠതയും ആസ്വാദ്യതയും. ഓരോ വായനക്കാരനെയും അവരുടേതോ തങ്ങൾക്ക് പരിചയമുള്ളതോ ആയ ബാല്യത്തെ അനുഭവിപ്പിച്ചു തീർക്കലാണ് കൃഷ്ണഗാഥ എന്ന മഹാകാവ്യം ചെയ്തുകൊണ്ടിരിക്കുന്നത്.
Exam Tips:
a) അനുഭവിപ്പിക്കുക (ബാല്യം ജീവിക്കുക) എന്നതും ആവിഷ്കരിക്കുക എന്നതും തമ്മിലുള്ള വ്യത്യാസം ആമുഖത്തിൽ വ്യക്തമാക്കുക.
b) പാഠത്തിലെ ഉദ്ധരിച്ച വരികൾ ഓരോ ആശയത്തിനും തെളിവായി നൽകുക.
c) എട്ടു മാർക്കിന് ആമുഖം, വിശദീകരണം, സമാപനം എന്നിവ ഉൾപ്പെടുത്തുക.
Extra Knowledge and Summary
Question 22: രാമചരിതത്തെക്കുറിച്ച് പാഠത്തിലെ കൂടുതൽ അറിവുകൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
മലയാളത്തിലെ ആദിമഗാനമാണ് രാമചരിതം. ഇത് ബൃഹത്തായ കൃതിയാണ്; ആകെ 1814 പാട്ടുകൾ, 164 പടലങ്ങൾ, മിക്ക പടലങ്ങളിലും 11 പാട്ടുകൾ വീതം. രാമായണത്തിലെ യുദ്ധകാണ്ഡമാണ് ഇതിൽ വിവരിച്ചിരിക്കുന്നത്.
"ഊനമറ്റൈഴുമിരാമചരിതത്തിലൊരുതെ-ലുഴിയിൽ ചെറിയവർക്കറിയുമാറുരചെയ്യാൻ" എന്ന വരികളിൽ നിന്ന് ഈ കൃതി എഴുതിയിരിക്കുന്നത് ഈഴിയിൽ (കേരളത്തിൽ) ചെറിയവർക്കുവേണ്ടിയാണെന്ന് വ്യക്തമാണ്. സംസ്കൃത പാണ്ഡിത്യമില്ലാത്ത സാധാരണക്കാർക്കുവേണ്ടിയാണ് ഈ കൃതി എഴുതിയതെന്ന് കവി പറയുന്നു. തിരുവിതാംകോട് ഭരിച്ചിരുന്ന ശ്രീ വീരരാമവർമ്മയാണ് രാമചരിതകർത്താവായ ചീരാമകവി എന്ന് വിശ്വസിക്കപ്പെടുന്നു.
രാമചരിതകർത്താവ് ചെന്തമിഴും സംസ്കൃതവും വേണ്ടെന്നുവച്ച് അക്കാലത്ത് കേരളത്തിൽ പാട്ടുകൾ രചിക്കുമ്പോൾ കൈക്കൊണ്ടിരുന്ന ഭാഷാരീതി അവലംബിച്ചത് സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടിയാണ്. മാത്രമല്ല, ഇവർ അധികവും ഭടജനങ്ങളാണെന്ന സങ്കൽപ്പത്തിലാണ് യുദ്ധകാണ്ഡം പ്രതിപാദ്യവിഷയമാക്കിയത്. എങ്കിലും ഈ കൃതിയിൽ ഭക്തിക്കും വളരെയേറെ പ്രാധാന്യമുണ്ട്.
രാമചരിതത്തിന്റെ താളിയോലപ്പകർപ്പുകൾ ഉത്തരകേരളത്തിൽ നിന്നും കണ്ടുകിട്ടിയിട്ടുള്ളതിനാൽ കേരളത്തിൽ വളരെയേറെ പ്രചാരമുള്ള കൃതിയാണിതെന്ന് മനസ്സിലാക്കാം. പഴയതാണ് എന്നതു മാത്രമല്ല ഇതിന്റെ പ്രാധാന്യം; പാട്ടുപ്രസ്ഥാനത്തിൽ തമിഴ് പാരമ്പര്യത്തിന് മലയാളത്തിൽ മാഞ്ഞുപോകാത്ത ഒരു സ്മാരകം ഇത് നിർമ്മിച്ചു എന്നതാണ്. കേരളീയ ഭാഷാശൈലിയിൽ രൂപശില്പവും മഹത്തായ ഭാവശില്പവും ഒത്തുചേരുംവണ്ണം രചിച്ച ഗൗരവമുള്ള ആദ്യ കാവ്യമാണിത്.
Exam Tips:
a) കൃതിയുടെ പ്രത്യേകതകൾ (പാട്ട്, 1814 പാട്ടുകൾ, 164 പടലങ്ങൾ, യുദ്ധകാണ്ഡം) പോയിന്റുകളായി എഴുതുക.
b) ആർക്കുവേണ്ടി എഴുതി എന്ന ചോദ്യത്തിന് 'സാധാരണക്കാർക്കുവേണ്ടി' എന്ന ഉത്തരം ഉദ്ധരണിയോടൊപ്പം നൽകുക.
Question 23: നിരണം കവികളെയും കണ്ണശരാമായണത്തെയും കുറിച്ച് പാഠത്തിലെ കൂടുതൽ അറിവുകൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
മൂന്നുപേരാണ് നിരണം കവികൾ: മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, നിരണംകാരനായ രാമപ്പണിക്കർ. ഇവർ നിരണത്തുകാരായതിനാലാണ് നിരണം കവികൾ എന്ന് പറയുന്നത്. പിന്നീട് നിരണം വൃത്തങ്ങൾ പ്രചാരത്തിൽ വന്നു. ഈ മൂന്നുപേരും ഒരേ പ്രദേശക്കാരല്ലെങ്കിലും വൃത്തത്തിന്റെ ഐക്യത്തെ മുൻനിർത്തിയാണ് ഈ പേര് നിലവിൽ വന്നത്.
രാമചരിതത്തിലെ പാണ്ഡ്യഭാഷാസ്വരൂപവും നിരണം കൃതിയിലെ ഭാഷാമിശ്രവും തമ്മിലുള്ള അന്തരം ചെറുതല്ല. കാലഘട്ടത്തിലെ ഭാഷാവ്യത്യാസം കൃതികളിൽ പ്രകടമാകുന്നതാണ് അതിന് കാരണം. വിഷയസ്വഭാവത്തിൽ പാട്ടിന്റെ സ്വഭാവം നിലനിർത്തുകയും ഭാഷാരീതിയിൽ മണിപ്രവാളസംസ്കാരം നിലനിർത്തുകയുമാണ് നിരണം കവികൾ ആവിഷ്കരിച്ച വിപ്ലവം. പാട്ടിലേക്ക് നല്ലപോലെ നുഴഞ്ഞുകയറി ഇരിപ്പുറപ്പിച്ച അവസ്ഥയാണ് കണ്ണശകൃതികൾക്കുള്ളത്.
രാമചരിതത്തിലെ വൃത്തരീതി കേരളീയരുടെ വൃത്തശൈലിയിൽ നിന്ന് അകന്നുകഴിഞ്ഞതിനാൽ, അന്ന് നിലനിന്നിരുന്ന വൃത്തങ്ങളിലൊന്ന് ഇതിൽ സ്വീകരിച്ചു; പിന്നീട് അത് നിരണം വൃത്തം എന്ന് അറിയപ്പെട്ടു. തരംഗിണിയുടെ ഇരട്ടിപ്പായ വൃത്തത്തിന്റെ ഗാനാത്മകത ശ്രദ്ധേയമാണ്. നിരണം കൃതികൾ പാട്ടുപാരമ്പര്യവും മണിപ്രവാളഭാഷാരീതിയും ബോധപൂർവ്വം കൂട്ടിക്കലർത്തി ആവിഷ്കരിച്ചു. ഈ വിപ്ലവം മലയാളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. എഴുത്തച്ഛന്റെ മാനക മലയാളഭാഷയുടെ പൂർവ്വരൂപം പൂർണ്ണമായി വായിക്കണമെങ്കിൽ നിരണം കൃതികളെക്കൂടി കൂട്ടിവായിക്കണം.
'പുഷ്പക പത്രമനോഹര നേത്ര പാർശ്വശാങ്ക നിദാനൻ' എന്നിങ്ങനെ സംസ്കൃത വിഭക്ത്യന്തപദങ്ങൾ ഉപയോഗിക്കുക മാത്രമല്ല, സംസ്കൃത വ്യാകരണവും ഭാഷാവ്യാകരണവും കൂട്ടിക്കലർത്തുന്ന സ്വാതന്ത്ര്യവും നിരണം കവികൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഭക്തിസാഹിത്യത്തിൽ അത്യുന്നത തരംഗം ഉണ്ടാക്കിയെടുത്തത് നിരണം കവികളാണ്. നിരണം കവികളുടെ കാലം ഏകദേശം 1400-1500 കാലഘട്ടമാണ്. രാമായണം, ഭാരതം, ഭാഗവതം തുടങ്ങിയവ സാധാരണക്കാർക്ക് അഭികാമ്യമാക്കി കൊടുക്കുക എന്നത് ഒരാസൂത്രിത യജ്ഞമായി എടുത്തതുപോലെയാണ് അവരുടെ പ്രവർത്തനം.
കണ്ണശരാമായണം: രാമായണകർത്താവായ രാമപ്പണിക്കർ ഏറ്റവും ദീർഘമായ ഒരു കാലയളവിൽ കവികർമ്മം തപസ്സുപോലെ അനുവർത്തിച്ചു. രാമായണവും ഭാഗവതവും ശിവരാത്രിമാഹാത്മ്യവും അദ്ദേഹത്തിന്റെ കൃതികളാണ്. 24000 സംസ്കൃതശ്ലോകങ്ങളുള്ള വാല്മീകി രാമായണം 3059 പാട്ടുകളിൽ സംഗ്രഹിച്ചിരിക്കുന്ന രാമപ്പണിക്കരുടെ കൃതി സർവ്വാംഗരമണീയമായ രാമായണം തന്നെയാണ്.
"നരപാലകർ ചിലരതിനു വിറച്ചാൽ ............ മയിലാനന്ദിപ്പതുപോലെ" (കണ്ണശരാമായണം): ശ്രീരാമൻ ത്ര്യംബകചാപം ഖണ്ഡിച്ചപ്പോൾ സീതാദേവിക്കുണ്ടായ ആഹ്ലാദം വർണ്ണിക്കുന്ന ഭാഗമാണിത്. സീതയെ വിവാഹം കഴിക്കാൻ വന്ന രാജാക്കന്മാർ വില്ല് കുലച്ചതുകണ്ട് വിറച്ചു; എന്നാൽ ജാനകി (സീത) മനസ്സിൽ സന്തോഷംകൊണ്ട് ആറാടി. ഇടിവെട്ടുമ്പോൾ പാമ്പുകൾ പേടിക്കുന്നു; പാമ്പിൻമുട്ടകൾ ഇടിവെട്ടിൽ നശിച്ചുപോകുന്നു. എന്നാൽ മയിൽപ്പേട സന്തോഷംകൊണ്ട് നൃത്തം ചെയ്യും. സീതയെ മയിലിനോടും പാമ്പുകളെ രാജാക്കന്മാരുമായും ബന്ധപ്പെടുത്തിയിരിക്കുന്നു.
Exam Tips:
a) നിരണം കവികൾ ആരൊക്കെ, എന്തുകൊണ്ട് ആ പേര് വന്നു എന്നീ കാര്യങ്ങൾ ആദ്യം എഴുതുക.
b) കണ്ണശരാമായണത്തിലെ ഉദ്ധരണിയുടെ ആശയം (സീതയുടെ ആഹ്ലാദം, രാജാക്കന്മാരുടെ ഭയം) ഉപമാരൂപത്തിൽ വിശദീകരിക്കുക.
c) നിരണം കൃതികളുടെ ഭാഷാപ്രത്യേകത (പാട്ടും മണിപ്രവാളവും ചേർന്നത്) എടുത്തുപറയുക.
Question 24: കൃഷ്ണഗാഥയെക്കുറിച്ച് പാഠത്തിലെ കൂടുതൽ അറിവുകൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
15-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉത്തരകേരളത്തിലുണ്ടായ കൃതിയാണ് കൃഷ്ണഗാഥ. 'ആയ കോലഭൂപസ്യ പാസ്യോദയവർമ്മണഃ കൃതായാം കൃഷ്ണഗാഥായാം' എന്ന വാക്യം കൃഷ്ണഗാഥയുടെ സർഗ്ഗാരംഭത്തിൽ കാണുന്നതുകൊണ്ട് കോലത്തുനാട് ഭരിച്ചിരുന്ന ഒരു ഉദയവർമ്മന്റെ ആജ്ഞയനുസരിച്ച് അദ്ദേഹത്തിന്റെ ഒരു സദസ്യൻ നിർമ്മിച്ച കൃതിയാണ് കൃഷ്ണഗാഥയെന്ന് കരുതിവരുന്നു. 1446-65 ആണ് ഉദയവർമ്മത്തമ്പുരാന്റെ ഭരണകാലം. ആ സദസ്യൻ ചെറുശ്ശേരി നമ്പൂതിരിയാണെന്ന് ഐതിഹ്യങ്ങളുമുണ്ട്. കൃഷ്ണഗാഥയിലെ ഭാഷയും നിരണം കൃതികളിലെ ഭാഷയും തമ്മിൽ ഏറെ അന്തരമുണ്ട്. സമാനകാലഘട്ടത്തിലെ സൃഷ്ടികൾ എന്ന നിലയ്ക്ക് അവയെ സമീപിക്കുമ്പോൾ അവയുടെ വൈജാത്യത്തെ വ്യാഖ്യാനിക്കാൻ 'ദേശഭേദം' എന്ന ഉപാധി മാത്രമേ ഉപയുക്തമാവുകയുള്ളൂ.
കൃഷ്ണഗാഥ ഇന്നും സാധാരണക്കാർക്ക് പൂർണ്ണമായി ആസ്വാദ്യകരമാണ്. മലയാളത്തിൽ വടക്കൻപാട്ടൊഴികെ മറ്റൊരു കാവ്യവിഭാഗവും ഒരു കാലത്തും കൃഷ്ണഗാഥയോളം സരസമോ ലളിതമോ ആയി അനുഭവപ്പെട്ടിട്ടില്ല. അതിന്റെ സാരള്യവും ലാളിത്യവുമാണ് ഒരു കനപ്പെട്ട കൃതിയായി അതിനെ എണ്ണാൻ പണ്ഡിതന്മാർ വൈമുഖ്യം കാണിക്കുന്നതിന് കാരണം. എന്നാൽ അത്രമേൽ ലളിതമായതുകൊണ്ട് നിർമ്മാണകാലം മുതൽ ഇന്നുവരെ ജനങ്ങളുടെ നാവിൻതുമ്പിൽ അത് തത്തിക്കളിച്ചുകൊണ്ടിരുന്നു. ഭാഷാമിശ്രമായ മണിപ്രവാളശൈലി അവിടെ കാണാൻ പറ്റിയില്ലെങ്കിലും സംസ്കൃതപദങ്ങൾ ആവശ്യാനുസരണം കവി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അത് വായനക്കാരുടെ ആസ്വാദനത്തെ തകർക്കുന്ന ഒന്നായി മാറിയിട്ടില്ല; അവ സംസ്കൃതപദങ്ങളാണെന്നുപോലും തോന്നിപ്പിക്കുന്നില്ല. അത്രയുണ്ട് ഈ കവിയുടെ കവനവൈഭവം.
മണിപ്രവാളത്തിൽ മുഴങ്ങുന്ന ഒരു ലാഘവബുദ്ധി കൃതിയുടെ ആദ്യാവസാന സ്വഭാവമാണ്. കൃഷ്ണഗാഥ ഭക്തിയേക്കാൾ ഹാസ്യത്തിനും ശൃംഗാരത്തിനുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. രസം എന്തായാലും അതിനെ വളരെ ഗൗരവത്തോടെ അവതരിപ്പിക്കാൻ കൃഷ്ണഗാഥാകാരന് സാധിച്ചിട്ടുണ്ട്. സത്യത്തിൽ കവിതാസങ്കൽപ്പത്തിൽ ശക്തമായ കാൽവയ്പാണിത്. മറ്റുള്ളവർക്ക് അനുകരിക്കാൻ പറ്റിയ കാവ്യം ഉണ്ടാക്കാൻ കൃഷ്ണഗാഥാകാരൻ പരിശ്രമിച്ചു.
കാളിദാസ മഹാകാവ്യപാരമ്പര്യത്തെയാണ് ചെറുശ്ശേരി അനുകരിച്ചത്. കവി തന്റെ വ്യക്തിത്വത്തിന് അനുയോജ്യമായ രീതിയിൽ കവിത അവതരിപ്പിക്കാൻ ശ്രമിച്ചു എന്നത് പ്രശംസനീയമാണ്. മഹാകാവ്യലക്ഷണമൊപ്പിച്ച് എഴുതിയ ആദ്യത്തെ മലയാള മഹാകാവ്യമാണ് കൃഷ്ണഗാഥ. മഹാകാവ്യമൂശയിലാണ് കൃഷ്ണഗാഥ വാർത്തെടുത്തിരിക്കുന്നതെങ്കിലും ഏച്ചുകെട്ടിയ പ്രതീതി വായനക്കാർക്ക് തോന്നുന്നില്ല. നഗരം, അർണ്ണവം, ശൈലം, ഋതുക്കൾ, ചന്ദ്രോദയം, ഉദ്യാനക്രീഡ, മധുപാനം, രഥോത്സവം, വിപ്രലംഭം, വിവാഹം, കുമാരോദയം, മന്ത്രം, ഭൂതം, പ്രയാണം എന്നിവയും മറ്റു പലതും വർണ്ണിക്കാൻ വേണ്ടുവോളം സ്വാഭാവിക സന്ദർഭങ്ങൾ നൽകുന്ന രത്നാകരമാണ് കൃഷ്ണകഥ.
ഋതുക്കളെല്ലാം മാറിമാറി ഉപയോഗിച്ചതുകൊണ്ട് 'ഋതുക്കളുടെ കവി' എന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്. സരളമായ അവതരണശൈലി കൈമുതലായ അദ്ദേഹം അനുവാചകരെ വിരസതയിലേക്ക് തള്ളിയിടുന്നില്ല. ശ്രീകൃഷ്ണന്റെ ബാല്യവർണ്ണന അന്നേവരെ മലയാള കവിതയ്ക്ക് അപരിചിതമായ ഒരു മേഖലയെ കാണിച്ചുതന്നു. കൃഷ്ണഗാഥാകാരൻ കൃഷ്ണനെ ദൈവികഭാവത്തിൽ നിന്ന് മാനുഷികതലത്തിലേക്ക് കൈപിടിച്ച് ഇറക്കിയത് ഈ മഹാകാവ്യത്തിലൂടെയാണ്. ജാതി-മത ചിന്തകൾക്ക് അതീതമായ കൃഷ്ണനെയാണ് നാം കണ്ടതും കൈപിടിച്ച് നടത്തിയതും. മറ്റൊരു കവിക്കും ഇത്തരം അത്ഭുതസിദ്ധിയില്ല. കംസവധാനന്തരം മധുരയിൽ വാഴാൻ പോകുന്ന കൃഷ്ണൻ പിതാവിനോട് വിടചോദിക്കുന്ന രംഗം അത്യധികം ഹൃദയസ്പർശിയാണ്.
"ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തതു നിങ്ങളല്ലോ, ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളെയെന്നും മറക്കില്ല." വളരെക്കാലങ്ങൾക്കുശേഷം ആ പിതാവ് പുത്രനെ കാണുമ്പോൾ പറയുന്നതും ഇതുപോലുള്ള ഹൃദ്യവാക്കുകളാണ്:
"പാരിച്ചു നിന്നുള്ള പാഴായ്മ ചെയ്കയാൽ
പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി
തിണ്ണം വലിച്ചുമുറുക്കി ഞാൻ നിൽക്കയാ-
ലുണ്ണിപ്പൂമേനിയിൽ പുണ്ണല്ലല്ലീ."
ഈ ചോദ്യവും ഉത്തരവും ഇന്നത്തെ മാതാപിതാക്കൾക്ക് അത്ഭുതം നിറഞ്ഞതായിരിക്കും; കാരണം ആവശ്യങ്ങൾ മാത്രം കണ്ടറിഞ്ഞു വളരുന്ന അവർക്ക് അത്യാവശ്യഘടകങ്ങളെക്കുറിച്ച് ബോധമില്ലാതായിരിക്കുന്നു. ഇവിടെ പിതാവിനൊത്ത പുത്രനെയും പുത്രനൊത്ത പിതാവിനെയും കാണാൻ സാധിക്കും. അർത്ഥത്തിനൊത്ത ശബ്ദവും ശബ്ദത്തിനൊത്ത അർത്ഥവും എല്ലാം കോമളവും സുന്ദരവുമാണ്. അനേകം വാക്ക്ചിത്രങ്ങൾ, സചേതന രൂപങ്ങൾ എന്നിവ കാവ്യാസ്വാദനത്തിലൂടെ കണ്ടെത്താൻ സാധിക്കും.
ശ്രീകൃഷ്ണന്റെ വേണുഗാനത്തിൽ മയങ്ങുന്ന ജീവജാലങ്ങളുടെ വർണ്ണന സുന്ദരമാണ്. വണ്ടുകൾ പൂക്കളിലെ തേൻ വേണ്ടെന്നുവച്ച് കണ്ണന്റെ ഗാനം തേടിപ്പോകുന്നു. കുയിലുകൾ ആ പാട്ടുകൾ പഠിക്കാൻ ശ്രദ്ധാലുക്കളായി നിൽക്കുന്നു. മാൻപേടകളാകട്ടെ പകുതി വളഞ്ഞ കൊമ്പുകളോടെ തലയുയർത്തിപ്പിടിച്ച് കഴുത്ത് തിരിച്ച് കാതുകൂർപ്പിച്ച് പുരികമുയർത്തി, പാതി ചവച്ച പുല്ല് ഉതിരുന്നതറിയാതെ നോക്കിനിന്നു. കന്നുകുട്ടികൾ കുടിക്കാൻ മറന്നു; പശുക്കൾ കന്നുകുട്ടികളെ നക്കാൻ മറന്നു. അവയും പാട്ടുകേട്ട് മയങ്ങിനിന്നു. പശുവിനെ കറക്കാൻ വേണ്ടി യശോദ പാട്ടൊന്നു നിർത്താൻ കൃഷ്ണനോട് അപേക്ഷിക്കുന്നുണ്ട്.
അമ്പാടിയിൽ ചെന്ന അക്രൂരന്റെ ഭാവവൈവശ്യം ഇതുപോലെ ഹൃദയസ്പർശിയാണ്. മറക്കാത്ത ഇമേജുകൾ പലതും കൃഷ്ണഗാഥയിലുണ്ട്. വെണ്ണ ചുമന്ന കൈകൊണ്ട് കുന്നു ചുമന്നുനിൽക്കുന്ന ഉണ്ണിക്കണ്ണൻ; ഒറ്റക്കയ്യിൽ വെണ്ണവച്ചാൽ മറ്റേക്കൈയും കേഴും എന്ന് വെണ്ണയ്ക്ക് കൊഞ്ചുന്ന കള്ളക്കൃഷ്ണൻ. ഖാണ്ഡവവനം വേവുമ്പോൾ അഗ്നിയെ വിലക്കുംപോലെ, പത്തി പൊക്കിയ സർപ്പങ്ങൾ രത്നമെന്നപോലെ, അഗ്നിയെത്താടുന്നപോലെ, പാശമെന്നു കരുതി പാമ്പിനെയെടുക്കുംപോലെ - എന്നിങ്ങനെയുള്ള ഫലിതത്തിന്റെ നിസർഗ്ഗമധുരത പലപ്പോഴും ഹൃദ്യമായ ലാളിത്യം കവിതയ്ക്ക് നൽകിയിരുന്നു.
"മാരിവരുന്നേരം നല്ല ചൂടുവാ-
നാരുമൊരുത്തരും താരാത്താരോ
കുന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ളാ-
രുണ്ണിക്കെ നോവുന്നതില്ലയോയെൻ
കുന്നു ചുമക്കേണമെന്നതുചിന്തിച്ചോ
വെണ്ണചുമന്നിട്ടു ശീലിച്ച നീ
വെണ്ണയെന്നോർത്തിട്ടു കുന്നിനെത്തന്നെയും
മെല്ലെ? വായിലങ്ങൊക്കൊല്ലാതെ"
ശബ്ദാലങ്കാരത്തിൽ അമിതമായി മയങ്ങിപ്പോകുന്ന സന്ദർഭങ്ങൾ കൃഷ്ണഗാഥയിൽ അവിടവിടെയുണ്ട്. എങ്കിലും പ്രതിഭാസമ്പന്നനായ കവി ക്രാന്തദർശിയാണ്. അവരുടെ കൃതികൾ കാലം സൂക്ഷിക്കുകയും കൈമാറുകയും ചെയ്യും. ഏഴു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും, ഭാഷാപ്രയോഗത്തിന് ഇത്രയേറെ മാറ്റം വന്നിട്ടും, നാം കൃഷ്ണഗാഥയെ നെഞ്ചിലേറ്റി ലാളിക്കുന്നു. ഉണ്ണികളുടെ താരാട്ടിനും കുറുമ്പിനും കൃഷ്ണബാല്യത്തോളം ഉചിതമായത് നമുക്ക് വേറൊന്നില്ല. ഓരോ ഉണ്ണിയെയും കേരളീയന് ഉണ്ണിക്കണ്ണന്മാരാക്കിയത് ചെറുശ്ശേരിയാണ്. ആ ജാടകളില്ലാത്ത മഹാപ്രതിഭാസത്തെ വണങ്ങാതെ വേറെ നിർവ്വാഹമില്ല.
Exam Tips:
a) കൃതിയുടെ കാലം, കർത്താവ്, രചനയ്ക്ക് കാരണമായ രാജാവ് (ഉദയവർമ്മത്തമ്പുരാൻ) എന്നിവ ആദ്യം എഴുതുക.
b) ലാളിത്യം, ഹാസ്യ-ശൃംഗാര പ്രാധാന്യം, മനുഷ്യനായ കൃഷ്ണൻ - ഈ പ്രത്യേകതകൾ തലക്കെട്ടോടെ വേർതിരിച്ച് എഴുതുക.
c) വേണുഗാനത്തിൽ മയങ്ങുന്ന ജീവജാലങ്ങളുടെ വർണ്ണന ഉദാഹരണമായി ചേർക്കുക.
Question 25: ശ്രീകൃഷ്ണന്റെ ജനനം മുതൽ കംസന്റെ ക്രൂരതകൾ വരെയുള്ള കഥ പാഠത്തിലെ കൂടുതൽ അറിവുകളുടെ അടിസ്ഥാനത്തിൽ സംക്ഷേപിച്ച് എഴുതുക.
Answer:
ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒൻപതാമത്തെ അവതാരമാണ്. ഇദ്ദേഹം യാദവവംശത്തിൽ വസുദേവന്റെയും ദേവകിയുടെയും പുത്രനായി ജനിച്ചു.
ദേവകി കംസന്റെ സഹോദരിയായിരുന്നു. അവൾക്ക് യൗവനം വന്നപ്പോൾ പന്ത്രണ്ടുഭാരം സ്വർണ്ണവും ഒരു തേരും സ്ത്രീധനമായി കൊടുത്ത് വസുദേവനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. വിവാഹാഘോഷയാത്രയിൽ കംസൻ തന്നെ തേർ തെളിച്ചു. അങ്ങനെ ഘോഷയാത്ര നീങ്ങിക്കൊണ്ടിരുന്നപ്പോൾ കംസന് "അസ്യാഷ്ടമോ ഗർഭോഹന്താ" എന്നൊരു അശരീരിവാക്യം കേൾക്കേണ്ടിവന്നു. ഇതു കേട്ടയുടനെ കംസൻ കുപിതനായി ചാടിയെഴുന്നേൽക്കുകയും ദേവകിയുടെ തലമുടിക്ക് ചുറ്റിപ്പിടിച്ച് അവളെ വെട്ടാൻ വാളുയർത്തുകയും ചെയ്തു. വസുദേവൻ പല അനുനയവാക്കുകൾ പറഞ്ഞുനോക്കിയിട്ടും ഫലമുണ്ടാവില്ലെന്നു കണ്ട്, ഒടുവിൽ ദേവകിയുടെ കുട്ടികളെയെല്ലാം ജനനസമയത്തുതന്നെ കംസനെ ഏൽപ്പിച്ചുകൊള്ളാമെന്ന് ശപഥം ചെയ്തു. അതനുസരിച്ച് കംസൻ അവരെ വിട്ടയച്ചു.
വസുദേവരുടെ ആദ്യശിശുവിനെ ജനനസമയത്തുതന്നെ കംസനെ ഏൽപ്പിച്ചു; പക്ഷേ ഒന്നാമൻ തനിക്ക് ഉപദ്രവിയല്ലല്ലോ എന്ന് കരുതി അവനെ കംസൻ തിരിച്ചുകൊടുത്തു. അവർ അവന് 'കീർത്തിമാൻ' എന്ന് പേരിട്ടു. ആയിടെ ഒരിക്കൽ നാരദൻ കംസന്റെ കൊട്ടാരത്തിൽ വന്നുചേരുകയും കംസന്റെ പൂർവ്വചരിത്രവും ശ്രീകൃഷ്ണന്റെ ജനനോദ്ദേശവും പറയുകയും ചെയ്തു. ഉടൻതന്നെ കംസൻ ഓടിച്ചെന്ന് വസുദേവരുടെ ആദ്യപുത്രൻ കീർത്തിമാനെ കൊല്ലുകയും വസുദേവരെയും ദേവകിയെയും കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു.
കംസന്റെ സ്വേച്ഛാധിപത്യഭരണകാലമായിരുന്നു അത്. കാരാഗൃഹത്തിൽ കിടന്നിരുന്ന ദേവകിയുടെ അഞ്ച് കടിഞ്ഞൂൽ കുഞ്ഞുങ്ങളെയും കംസൻ കൊന്നു.
പണ്ട് ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാരാണ് കംസൻ തുടങ്ങിയവരായി ജന്മമെടുത്തത്. അവരുടെ ഭാരം താങ്ങാനാവാതെ ഭൂമിദേവി ഒരു പശുവിന്റെ രൂപം സ്വീകരിച്ച് ബ്രഹ്മാവിന്റെ അടുക്കൽച്ചെന്ന് സങ്കടം പറഞ്ഞു. ബ്രഹ്മാവ് അവളെയും കൂട്ടിക്കൊണ്ട് ശിവന്റെ അടുക്കൽ ചെന്നു. ഫലമുണ്ടായില്ലെന്ന് മനസ്സിലായപ്പോൾ മഹാവിഷ്ണുവിന്റെ സഹായം തേടി. വസുദേവപുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ ജനിച്ച് സങ്കടപരിഹാരമുണ്ടാക്കുമെന്ന വിഷ്ണുവിന്റെ നിർദ്ദേശത്തോടെ അവരെ തിരിച്ചയച്ചു. തുടർന്ന് മഹാവിഷ്ണു വസുദേവരുടെ പുത്രനായി ജനിച്ചു.
ദേവകി എട്ടാമതു ഗർഭം ധരിക്കുകയും ചിങ്ങമാസത്തിൽ അഷ്ടമിരോഹിണിനാളിൽ ശ്രീകൃഷ്ണൻ ഭൂജാതനാകുകയും ചെയ്തു. ശിശുവിന്റെ അത്ഭുതരൂപം കണ്ട് വസുദേവൻ ഭക്തിപൂർവ്വം എഴുന്നേറ്റ് തൊഴുതു. ഈ അവസരത്തിൽ അമ്പാടിയിൽ നന്ദഗോപർക്കും യശോദയ്ക്കും കൂടി ഒരു പുത്രി ജനിച്ചിട്ടുണ്ട്; എന്നെയെടുത്ത് അവളുടെ സ്ഥാനത്ത് കിടത്തിയശേഷം അവളെ ഇങ്ങോട്ടു കൊണ്ടുപോകണം എന്നു പറഞ്ഞശേഷം ശ്രീകൃഷ്ണൻ സാധാരണ ശിശുവിന്റെ വേഷം ധരിച്ച് ദേവകിയുടെ സമീപത്ത് കിടന്നു.
അർദ്ധരാത്രിയിൽ കാവൽഭടന്മാർ ദീർഘനിദ്രയിൽ ലയിച്ചുകിടന്നപ്പോൾ കാരാഗൃഹത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടു. വസുദേവൻ ശിശുവിനെയെടുത്ത് അമ്പാടിയിലേക്ക് തിരിച്ചു. വസുദേവൻ ശിശുവുമായി അടുത്തുവന്നപ്പോൾ യമുനാനദി വഴിമാറിക്കൊടുത്തു. അദ്ദേഹം യശോദയുടെ ഭവനത്തിൽ വന്നു. ഗൃഹത്തിന്റെ കവാടങ്ങൾ തുറന്നുകിടന്നു. യശോദയുടെ ശിശുവായ മായാദേവിയുടെ വൈഭവംകൊണ്ട് അവിടെ എല്ലാവരും ബോധരഹിതരെപ്പോലെ കണ്ണും പൂട്ടിക്കിടന്നു. വസുദേവൻ ശിശുവിനെ അവിടെ കിടത്തുകയും പുത്രിയെ എടുത്ത് ഉടൻതന്നെ ദേവകിയുടെ അടുക്കലാക്കുകയും ചെയ്തു.
കാവൽഭടന്മാർ കണ്ണുതുറന്ന് ചാടിയെഴുന്നേറ്റു. അവർ കംസനെ വിവരമറിയിച്ചു. കംസൻ ഓടിവന്ന് കുട്ടിയെ നിലത്തടിക്കാൻ തുടങ്ങി. എന്തൊരത്ഭുതം! കുട്ടി കംസന്റെ കൈയിൽ നിന്നും വഴുതി ആകാശത്തിലേക്കുയർന്നു. അവിടെ നിന്നുകൊണ്ട് ആ ദേവി എല്ലാ സത്യങ്ങളും കംസനോട് വെളിപ്പെടുത്തി.
Exam Tips:
a) കഥ സംഭവക്രമത്തിൽ (വിവാഹം, അശരീരി, ശപഥം, ജനനം, കൈമാറ്റം) എഴുതുക.
b) ഓരോ പ്രധാന സംഭവത്തിനും പ്രത്യേകം ഖണ്ഡിക നൽകിയാൽ ഉത്തരം വ്യക്തമാകും.
Question 26: പാഠഭാഗത്തെ ചില പദങ്ങളുടെ അർത്ഥം (പദാർത്ഥങ്ങൾ) എഴുതുക.
Answer:
| പദം | അർത്ഥം |
|---|---|
| നന്ദൻ | നന്ദഗോപൻ |
| ഗോകുലനാഥൻ | ശ്രീകൃഷ്ണൻ |
| ആകുലൻ | ദുഃഖിതൻ |
| താതൻ | പിതാവ് |
| ഉൺമ | സത്യം |
| നണ്ണി | വിചാരിച്ച് |
| ഊനം | നാശം |
| മാലു | ഭംഗിപോകാതെ |
| തെണ്ടം | ശിക്ഷ |
| കണ്ടിക്കഞ്ചേല | കടുംപച്ചനിറമുള്ള ചേല |
Exam Tips:
a) പദാർത്ഥങ്ങൾ പട്ടികയായി എഴുതിയാൽ വായിക്കാൻ എളുപ്പമാണ്.
b) പദങ്ങളുടെ അർത്ഥം പാഠഭാഗത്തെ വരികളോടൊപ്പം ചേർത്ത് ഓർമ്മിക്കുക.
Question 27: 'പീലിക്കണ്ണുകൾ' എന്ന പാഠഭാഗത്തിന്റെ സംഗ്രഹം (സാരാംശം) എഴുതുക.
Answer:
കംസവധത്തിനുശേഷം മധുരയിൽ വസിക്കാൻ പോകുന്ന ശ്രീകൃഷ്ണൻ തന്റെ അച്ഛനോടും അമ്മയോടും യാത്ര പറയുന്ന രംഗമാണിത്. മലയാള സാഹിത്യത്തിലെ ഏറ്റവും ഉദാത്തമായ കൃതികളിൽ ഒന്നാണിത്. അച്ഛനും മക്കളും എങ്ങനെയായിരിക്കണം എന്ന് ഈ കൃതി നമ്മോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. കാലദേശങ്ങളെ മറികടക്കാൻ ഈ കൃതിക്ക് സാധിക്കുന്നത് ഇതിന്റെ ആവിഷ്കാരശൈലിയുടെ സുതാര്യതകൊണ്ടു മാത്രമാണ്.
ശ്രീകൃഷ്ണൻ തന്റെ അച്ഛനായ നന്ദനോട് പറയുന്നതാണ് കാവ്യാരംഭം. "അച്ഛൻ ഇപ്പോൾതന്നെ നമ്മുടെ ദേശത്തേക്ക് പോകുന്നതിനായി തുടങ്ങണം. യാദവകുലത്തിൽപ്പെട്ട എല്ലാവർക്കും സന്തോഷം ഉണ്ടാകാനായി ഞാൻ ആഗ്രഹിക്കുന്നതായി അറിയിക്കണം." മധുരയേക്കാൾ ശ്രീകൃഷ്ണന് താൽപര്യം താൻ ജനിച്ചുവളർന്ന് കളിച്ച അമ്പാടിതന്നെയാണ്. അത് നൽകുന്ന ആനന്ദം ജീവിതത്തിന്റെ അവസാനംവരെ ശ്രീകൃഷ്ണൻ മനസ്സിൽ സൂക്ഷിക്കുന്നതായിരിക്കണം. "അല്പദിവസത്തിനുശേഷം അമ്മയെ കാണാൻ ഞാൻ വരും എന്നത് സത്യമാണെന്ന് അറിയിക്കണം." മകൻ എത്ര വലുതായാലും അയാളും അമ്മയും തമ്മിലുള്ള അടുപ്പം നിഷ്കളങ്കതയുടേതാണ്; മാത്രമല്ല, താൻ പോകുന്നത് കർത്തവ്യനിർവഹണത്തിനായിട്ടാണെന്നും ഇഷ്ടത്തിനല്ലെന്നും വരികൾക്കിടയിൽ അർത്ഥം കിടപ്പുണ്ട്.
"എനിക്ക് അച്ഛനും അമ്മയും വേറെയുണ്ടല്ലോ എന്നു കരുതി ഞാൻ ഇവിടെ ദീർഘകാലം നിൽക്കുമെന്ന് കരുതരുത്. എന്റെ ശരീരം ഇവിടെയും മനസ്സ് അവിടെയുമാണ്. അതിനാൽ ഞാൻ എത്രയും പെട്ടെന്ന് നിങ്ങളെ കാണാൻ എത്തും. ഞാൻ മനസ്സുകൊണ്ട് അംഗീകരിച്ച അച്ഛൻ നിങ്ങൾ തന്നെയാണ്. എന്നെ നോക്കി പരിപാലിച്ചതും വളർത്തിയതും നിങ്ങളാണ്. എന്നെ ജനിപ്പിച്ചു എന്നതിനേക്കാൾ വലിയ ഉത്തരവാദിത്തമായിരുന്നു എന്നെ നല്ലവനായി വളർത്തുക എന്നത്. അത് ചെയ്തത് എന്റെ വളർത്തുമാതാപിതാക്കളായ നിങ്ങളാണ്. നദിയിലും തീയിലും വീഴാതെ നിങ്ങളെന്നെ പോറ്റിവളർത്തി. അത് ഞാൻ എങ്ങനെയാണ് മറക്കുക."
സാധാരണ വ്യക്തികളിൽ നിന്ന് വ്യത്യസ്തമായ മനോഭാവമാണ് ശ്രീകൃഷ്ണൻ ഇവിടെ പ്രകടമാക്കുന്നത്. തന്റെ കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ച് ശ്രീകൃഷ്ണന് യാതൊരു ദുരഭിമാനവുമില്ല. സർവ്വവും അംഗീകരിച്ച്, ഒരു വലിയ വ്യക്തിപ്രഭാവമായിട്ടാണ് കൃഷ്ണൻ ഇവിടെ തെളിഞ്ഞുനിൽക്കുന്നത്. നന്ദഗോപരോട് ഇങ്ങനെ പറഞ്ഞശേഷം തന്റെ ചങ്ങാതിമാരോട് പറയുന്നതാണ് അടുത്ത വരികളിൽ കാണുന്നത്.
"അച്ഛന് സന്തോഷമുണ്ടാക്കുന്നതിനായി എന്റെ പ്രിയ ചങ്ങാതിമാരേ, നിങ്ങളും കൂട്ടിന് പോകണം." വാക്കർത്ഥം ഇങ്ങനെയാണെങ്കിലും, ശ്രീകൃഷ്ണൻ തന്റെ അച്ഛന് എന്റെ കുറവ് അനുഭവിക്കാൻ ഇടവരരുതെന്നും അവരെ വേണ്ടവിധം സഹായിക്കണമെന്നും ശ്രീകൃഷ്ണന്റെ വാക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ട്. "എന്റെ കൂട്ടുകാരേ, നിങ്ങളുമായുള്ള ബാല്യകാല കളികൾ ആലോചിച്ചാൽ എങ്ങനെയാണ് ഞാൻ ഇവിടെ നിൽക്കുക? ഞാൻ വളർന്നത് കാളിന്ദീതീരത്തെ കായ്കനികൾ തിന്നും കളിച്ചുമാണ്. എന്റെ ഉള്ളിൽ ആ ആഗ്രഹം നിറഞ്ഞുനിൽപ്പുണ്ട്."
ഇങ്ങനെയെല്ലാം പറഞ്ഞ ശ്രീകൃഷ്ണൻ പെട്ടെന്നുതന്നെ ചങ്ങാതിമാരുടെ ദുഃഖത്തെ സാന്ത്വനിപ്പിക്കുന്നു. മനുഷ്യനായ ശ്രീകൃഷ്ണൻ വളരെപ്പെട്ടെന്ന് തന്റെ ദൈവികഭാവം കൈക്കൊള്ളുന്നുണ്ട്. ആ ഭാവം അതേ തീവ്രതയിൽ വളരെ ലളിതമായ പദങ്ങൾകൊണ്ട് അവതരിപ്പിക്കാൻ ചെറുശ്ശേരിക്ക് സാധിച്ചു എന്നത് അത്ഭുതമാണ്. പിന്നീട് കൃഷ്ണൻ അവർക്ക് രത്നവും വസ്ത്രവും നൽകി യാത്രയാക്കുന്നു. മാത്രമല്ല, കൃഷ്ണമനസ്സിൽ നിന്ന് ഒരിക്കലും മറയാത്ത പ്രതിഭാസമാണ് അമ്മ.
അമ്മയ്ക്ക് നൽകുവാനായി മനോഹരമായ ചേല അച്ഛന്റെ കൈയിൽ കൊടുത്തയയ്ക്കുന്നുണ്ട്. "മനോഹരമായ ഈ വസ്ത്രം വളരെ സന്തോഷത്തോടുകൂടി അമ്മയുടെ കൈയിൽ കൊടുക്കണം; എന്നിട്ട് അമ്മയോട് പറയണം, എന്നെ ഒരിക്കലും മറക്കരുത് എന്ന്." എത്ര തരളതയോടെയാണ് വേർപിരിയലിന്റെ ദുഃഖം ചെറുശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്! മനോഹരമായ ഈ ആവിഷ്കാരം കാലഭേദങ്ങളെ മറികടന്ന് ഇപ്പോഴും നിലനിൽക്കുന്നു. വേർപിരിയലിന്റെ വാങ്മയചിത്രം സൃഷ്ടിക്കാൻ ചെറുശ്ശേരിക്ക് സാധിച്ചു എന്നത് അത്ഭുതകരമാണ്.
"അമ്മയുടെ കൈയിൽ നിന്ന് പാൽവെണ്ണയുണ്ണാഞ്ഞ് ഞാൻ വളരെ ദുഃഖിക്കുന്നുണ്ട്. ആരെങ്കിലും ഈ വഴി വരുന്നുണ്ടെങ്കിൽ വെണ്ണയും പാലും കൊടുത്തയയ്ക്കണം. അമ്മ തന്ന ചിറ്റാട ഞാൻ പെട്ടിയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. നാശം വരുമോ എന്നു ചിന്തിച്ച് എന്റെ മനസ്സ് വേദനിക്കുകയാണ്. എന്റെ അമ്മ എനിക്ക് നൽകിയ വസ്ത്രങ്ങൾ ഒന്നും നശിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കണം. വികൃതിയായ എന്റെ കുട്ടിക്കുറുമ്പുകൾകൊണ്ട് പാവം എന്റെ അമ്മ വേദനിച്ചുപോയിട്ടുണ്ട്.
ഞാൻ സഹകൂട്ടുകാരെ നുള്ളി കുരുത്തക്കേട് കാട്ടിയപ്പോൾ എന്റെ അമ്മ എന്റെ വികൃതി ഇല്ലാതാക്കാൻ പീലികൊണ്ട് അടിച്ചിട്ടുണ്ട്. കരഞ്ഞുകൊണ്ട് പിണങ്ങിപ്പോയപ്പോൾ ഞാൻ ഊണുകഴിക്കാതെ വാശിപിടിച്ചു. അന്നേരം അവർ സ്നേഹത്തോടെ എന്റെയരികെ വരികയും ശിക്ഷയ്ക്കുശേഷം എനിക്ക് നൽകിയത് പച്ചനിറത്തിലുള്ള ചേലയാണ്. അത് എന്റെ മനസ്സിൽ മറയ്ക്കാതെ നിൽക്കുന്നുണ്ട്. എന്റെ കളിസാധനങ്ങളും പാവകളും ഒന്നും കളയാതെ അങ്ങ് സൂക്ഷിക്കണം. ഓണവില്ലുകൾ ഞാൻ വരുന്നതുവരെ സൂക്ഷിക്കണം. ഞാൻ വരുമ്പോൾ എനിക്കത് നൽകുകയും വേണം."
Exam Tips:
a) സംഗ്രഹത്തിൽ സന്ദർഭം (മധുരയ്ക്കു പോകുമ്പോൾ നന്ദഗോപരോടും കൂട്ടുകാരോടും പറയുന്നത്) ആദ്യം എഴുതുക.
b) അച്ഛനമ്മമാരോടും കൂട്ടുകാരോടുമുള്ള കൃഷ്ണന്റെ സ്നേഹം, അമ്മയ്ക്കുള്ള ചേല, ബാല്യസ്മരണകൾ - ഇവ ക്രമത്തിൽ ഉൾപ്പെടുത്തുക.
c) പീലികൊണ്ടുള്ള അടിയും പച്ചച്ചേലയും പോലുള്ള പ്രധാന ബിംബങ്ങൾ വിട്ടുപോകരുത്.
Free study material for Malayalam
Kerala Board Solutions for Class 11 Malayalam Chapter 01 Peeli Kannukal
Chapter Exercise Answers for Class 11 Malayalam
Explore reliable textbook solutions for Chapter 01 Peeli Kannukal tailored for Class 11 learners. Utilizing these complete exercise answers ensures your preparation aligns exactly with official Kerala Board standards for Malayalam.
Detailed Answer Guides for Chapter 01 Peeli Kannukal
Each solution includes detailed reasoning to foster genuine comprehension of Chapter 01 Peeli Kannukal concepts. Reviewing these step-by-step breakdowns allows learners to master both analytical and descriptive questions expected in school evaluations.
Complete Preparation Kit for Class 11 Exams
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 01 Peeli Kannukal with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus One Malayalam Unit 4 Chapter 1 Peeli Kannukal Textbook Questions and Answers is available for free on StudiesToday.com. These solutions for Class 11 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus One Malayalam Unit 4 Chapter 1 Peeli Kannukal Textbook Questions and Answers as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus One Malayalam Unit 4 Chapter 1 Peeli Kannukal Textbook Questions and Answers will help students to get full marks in the theory paper.
Yes, we provide bilingual support for Class 11 Malayalam. You can access Kerala Plus One Malayalam Unit 4 Chapter 1 Peeli Kannukal Textbook Questions and Answers in both English and Hindi medium.
Yes, you can download the entire Kerala Plus One Malayalam Unit 4 Chapter 1 Peeli Kannukal Textbook Questions and Answers in printable PDF format for offline study on any device.