Solutions for Class 12 Malayalam: Chapter 01 Keshini Mozhi (Keshini's Words)
Access comprehensive textbook solutions for Chapter 01 Keshini Mozhi (Keshini's Words) using the official curriculum guides for Class 12 Malayalam. Designed to align with the 2026-27 Kerala Board standards, these detailed answers help students reinforce core academic concepts.
Practice Class 12 Malayalam Solutions: Chapter 01 Keshini Mozhi (Keshini's Words)
Navigate directly to the solved Malayalam textbook exercises using the digital viewer below. Each solution includes detailed step-by-step explanations, allowing students to instantly cross-check their work and identify areas requiring further revision.
2 Mark Questions and Answers
Question 1: കേരളശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏത്?
Answer:
നളചരിതം ആട്ടക്കഥ
Exam Tips:
a) നളചരിതം ആട്ടക്കഥയുടെ രചയിതാവ് ഉണ്ണായിവാര്യരാണെന്നും കൂടി ഓർത്തുവയ്ക്കുക.
Question 2: വാടിയ പൂക്കളെ സ്പർശിച്ചാൽ അതിന് ശോഭ തിരികെ ലഭിക്കും എന്ന് നളന് വരം നൽകിയതാര്?
Answer:
വരുണൻ
Exam Tips:
a) അഗ്നി നൽകിയ വരം (അഗ്നി സ്വാധീനമാകും), വരുണൻ നൽകിയ വരം (ജലം യഥേഷ്ടം ലഭിക്കും, വാടിയ പൂക്കൾ പുതുപ്പൂക്കളാകും) എന്നിവ തമ്മിൽ മാറിപ്പോകരുത്.
Question 3: ബാഹുകൻ നളനാണോ എന്നറിയാൻ ദമയന്തിയെ സഹായിച്ച താർ?
Answer:
കേശിനി
Exam Tips:
a) കേശിനി ദമയന്തിയുടെ തോഴിയാണ് എന്ന് കൂടി ചേർത്താൽ ഉത്തരം പൂർണമാകും.
Question 4: നളചരിതം ആട്ടക്കഥ എത്ര ദിവസമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?
Answer:
നാല് ദിവസമായി
Exam Tips:
a) ഈ പാഠഭാഗം നാലാം ദിവസത്തെ കഥയിലേതാണെന്ന് ഓർക്കുക.
Question 5: 'ഫലിത പാർത്തോളം' എന്ന പ്രസ്താവനകൊണ്ട് സൂചിതമാകുന്ന അർഥം എന്ത്?
Answer:
നളൻ പറഞ്ഞ കാര്യങ്ങൾ നേരംപോക്കാണ് (തമാശയായി പറഞ്ഞതാണ്) എന്നാണ്.
Exam Tips:
a) 'ഫലിതം' എന്ന വാക്കിന്റെ അർഥം 'തമാശ, നേരംപോക്ക്' എന്ന് അടിവരയിട്ട് എഴുതുക.
Question 6: കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തി എഴുതുക.
a) വൈദർഭി, ദമയന്തി, വൈദേഹി, ജൈമി
b) ഋതുപർണ്ണൻ, ബാഹുകൻ, കാർക്കോടകൻ, കേവലരാമൻ
c) നിഷധം, വിദർഭ, കോസലം, മധുര
Answer:
a) വൈദേഹി (സീത). മറ്റുള്ളവ ദമയന്തിയുടെ പേരുകളാണ്.
b) കേവലരാമൻ. മറ്റുള്ളവർ നളചരിതത്തിലെ കഥാപാത്രങ്ങളാണ്.
c) മധുര. മറ്റുള്ളവ നളചരിതത്തിലെ രാജ്യങ്ങളാണ്.
Exam Tips:
a) കൂട്ടത്തിൽപ്പെടാത്തതിനോടൊപ്പം അതെന്തുകൊണ്ടാണെന്ന് ഒരു വരിയിൽ ചേർത്താൽ പൂർണ മാർക്ക് ഉറപ്പിക്കാം.
Question 7: കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തി എഴുതുക.
വീരസേനൻ, ഭീമൻ, അഗ്നിവർണ്ണൻ, നളൻ
Answer:
അഗ്നിവർണ്ണൻ
Exam Tips:
a) വീരസേനൻ നളന്റെ പിതാവും ഭീമൻ ദമയന്തിയുടെ പിതാവുമാണ്; ഇവരുമായുള്ള ബന്ധം ഓർത്താൽ ഇത്തരം ചോദ്യങ്ങൾ എളുപ്പമാകും.
Question 8: നളചരിതം കഥ വിവരിക്കുന്നത് മഹാഭാരതത്തിലെ ......... പർവ്വത്തിലാണ്.
Answer:
വനപർവ്വത്തിൽ
Exam Tips:
a) ബൃഹദശ്വമുനി പാണ്ഡവർക്ക് പറഞ്ഞുകൊടുത്ത കഥയാണ് ഇത് എന്നുകൂടി ഓർക്കുക.
Question 9: നളചരിതം കഥകളിയിൽ വേഷമിടാറുള്ള ഒരു നടനുമായുള്ള അഭിമുഖത്തിന് കഥകളിയിലെ അഭിനയരീതിയെപ്പറ്റി അഞ്ചു ചോദ്യങ്ങൾ തയാറാക്കുക.
Answer:
ചോദ്യം 1: കഥകളിയിലെ ചതുർവിധാഭിനയങ്ങൾ ഏതെല്ലാമാണ്?
ചോദ്യം 2: കഥകളിമുദ്രകൾക്ക് അടിസ്ഥാനമെന്താണ്?
ചോദ്യം 3: സാത്വികാഭിനയത്തിൽ ഉൾപ്പെടുന്നതെന്തെല്ലാം?
ചോദ്യം 4: നളചരിതത്തിൽ മനോരഥാഭിനയത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്?
ചോദ്യം 5: കഥകളിയിൽ നൃത്താഭിനയത്തിന്റെ ലക്ഷ്യമെന്ത്?
Exam Tips:
a) അഭിമുഖ ചോദ്യങ്ങൾ വിഷയവുമായി (അഭിനയരീതി) നേരിട്ട് ബന്ധമുള്ളതും ഹ്രസ്വവുമായിരിക്കണം.
b) 'എന്ത്, എങ്ങനെ, എത്രത്തോളം' എന്നിങ്ങനെ വ്യത്യസ്ത രീതിയിലുള്ള ചോദ്യങ്ങൾ നൽകുക.
Question 10: ജീവചരിത്രക്കുറിപ്പ് തയാറാക്കുക - ഉണ്ണായിവാര്യർ.
Answer:
ഉണ്ണായിവാര്യരുടെ ജീവിതകാലം, ജന്മസ്ഥലം എന്നിവയെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടില്ല. എ.ഡി. 1675-നും 1755-നും ഇടയിൽ ജീവിച്ചിരുന്നതായി പൊതുവെ കരുതുന്നു. ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള വാരിയത്താണ് ജനനം എന്നും കരുതുന്നു. നളചരിതം ആട്ടക്കഥ എന്ന ഒറ്റക്കൃതികൊണ്ട് മലയാള സാഹിത്യത്തിൽ തനതായ സ്ഥാനം നേടിയെടുത്ത കവിയാണ്. 'കേരളത്തിന്റെ ശാകുന്തളം' എന്നറിയപ്പെടുന്ന കൃതിയാണിത്.
Exam Tips:
a) ജീവിതകാലത്തെക്കുറിച്ച് ഉറപ്പില്ലാത്തതിനാൽ 'കരുതുന്നു' എന്ന രീതിയിൽ എഴുതുക.
b) പ്രധാന കൃതിയായ നളചരിതത്തെയും അതിന്റെ ഖ്യാതിയെയും ഉൾപ്പെടുത്തുക.
Question 11: സൂചിതകഥ എഴുതുക. അഗ്നിയിൽനിന്നും വരുണനിൽനിന്നും നളന് വരം ലഭിച്ച കഥ കണ്ടെത്തി എഴുതുക.
Answer:
ദമയന്തിയുടെ സ്വയംവരവേളയിൽ അഗ്നിദേവൻ നളന് വരം നൽകി: അഗ്നി നളന് സ്വാധീനമായിരിക്കും. വരുണൻ നൽകിയ വരങ്ങൾ: ജലം യഥേഷ്ടം ലഭിക്കും; വാടിയ പൂക്കളെ സ്പർശിച്ചാൽ അതിന് ശോഭ തിരിച്ചുകിട്ടും.
Exam Tips:
a) ആരാണ് എന്ത് വരം നൽകിയതെന്ന് വേർതിരിച്ച് എഴുതുക.
b) ഈ വരങ്ങളാണ് ബാഹുകൻ നളനാണെന്ന് ഉറപ്പിക്കാൻ കേശിനിയെ സഹായിച്ചതെന്ന് ഓർക്കുക.
Question 12: നളനുണ്ടായിരുന്ന വൈഭവങ്ങൾ (കഴിവുകൾ) എതെല്ലാം?
Answer:
അതിവേഗം കുതിരയെ പായിക്കാൻ കഴിയുന്ന അശ്വഹൃദയ ജ്ഞാനം നളനുണ്ടായിരുന്നു. നളന് പാചകകലയിലുള്ള വൈഭവം 'നളപാകം' എന്നു പേരുകേട്ടു. അഗ്നിയും ജലവും നളന് സ്വാധീനമായിരുന്നു.
Exam Tips:
a) മൂന്നു വൈഭവങ്ങളും (അശ്വഹൃദയം, നളപാകം, അഗ്നി-ജല സ്വാധീനം) പോയിന്റുകളായി എഴുതുക.
Question 13: 'പുരുഷരത്നമീ ബാഹുകനോ' - വ്യാഖ്യാനിക്കുക.
Answer:
'ബാഹുകൻ പുരുഷരത്നം തന്നെയാണ്', 'ഈ ബാഹുകനാണോ പുരുഷരത്നമായ നിന്റെ കാന്തൻ?', 'ഈ ബാഹുകനാകട്ടെ പുരുഷരത്നമായ നിൻ കാന്തൻ തന്നെ!', 'ഈ ബാഹുകൻ ശരിക്കും ഒരു യോഗ്യനാണ്' എന്നിങ്ങനെയൊക്കെ ഈ വരിയെ വ്യാഖ്യാനിക്കാം.
Exam Tips:
a) ഒരേ വരിയെ ചോദ്യരൂപത്തിലും ഉറപ്പിച്ചുപറയുന്ന രൂപത്തിലും വായിക്കാമെന്ന് സൂചിപ്പിക്കുക.
Question 14: കഥകളി സംഗീതം - കുറിപ്പു തയാറാക്കുക.
Answer:
സോപാന രീതിയിൽ ആലപിക്കേണ്ട ഒന്നാണ് കഥകളി സംഗീതം. നൃത്തഗാനവാദ്യരൂപമായ തൗര്യത്രികത്തിന് സഹായകമായി ഇത് വർത്തിക്കുന്നു. പദങ്ങളുടെ സാഹിത്യഭംഗിയും ഭാവഗാംഭീര്യവും പൂർണമായി ആവിഷ്കരിക്കാൻ സോപാനരീതിയിൽ സൗകര്യം കൂടുതലുണ്ട്.
Exam Tips:
a) 'സോപാനരീതി', 'തൗര്യത്രികം' എന്നീ പദങ്ങൾ ഉത്തരത്തിൽ എടുത്തുപറയുക.
b) കഥകളിയിൽ സംഗീതം അഭിനയത്തിന് ഭാവഗാംഭീര്യം നൽകുന്നു എന്ന ആശയം ചേർക്കുക.
Question 15: ബൃഹദശ്വമുനി നളചരിതം കഥപറഞ്ഞതിന്റെ ഉദ്ദേശ്യമെന്തായിരുന്നു?
Answer:
ചൂതുകളിയുടെ ദോഷം പാണ്ഡവർക്ക് വിശദീകരിച്ചുകൊടുക്കാൻ വേണ്ടിയാണ് ബൃഹദശ്വമുനി നളചരിതം കഥ പറഞ്ഞത്.
Exam Tips:
a) ചൂതിൽ രാജ്യം നഷ്ടപ്പെട്ട നളന്റെ അനുഭവം പാണ്ഡവരുടെ സ്ഥിതിയുമായി ബന്ധപ്പെടുത്തി ഒരു വാക്യത്തിൽ ചേർക്കാം.
Question 16: ദൈമി, വൈദർഭി എന്നീ പേരുകളിൽ അറിയപ്പെടുന്ന കഥാ പാത്രം? (സീത, ശീലാവതി, ദമയന്തി, ബാഹുകൻ)
Answer:
ദമയന്തി
Exam Tips:
a) വിദർഭ രാജ്യത്തിലെ രാജകുമാരിയായതിനാലാണ് ദമയന്തിക്ക് 'വൈദർഭി' എന്ന പേര് വന്നത്.
4 Mark Questions and Answers
Question 17: ബാഹുകൻ നളൻ തന്നെയാണെന്ന് ദമയന്തി ഉറപ്പിക്കുന്നതെങ്ങനെ?
Answer:
ഋതുപർണ്ണന്റെ തേരാളിയായി വന്നത് നളൻതന്നെയാണോ എന്നു റപ്പുവരുത്തുന്നതിനായി കേശിനി എന്ന തോഴിയെ ദമയന്തി നിയോഗിച്ചു. വിദഗ്ധയായ തോഴി ബാഹുക വേഷധാരിയായ നളനോട് നേരിട്ടു സംസാരിക്കുകയും നളന്റെ പ്രവൃത്തികൾ ഒളിച്ചിരുന്നു നിരീക്ഷിക്കുകയും ചെയ്തു.
അങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ബാഹുകൻ നളനാണെന്ന് ഉറപ്പിക്കാവുന്നതായിരുന്നു. കേശിനി ഉപയോഗിച്ച പുരുഷരത്നം, ധീമാൻ എന്നീ വിശേഷണങ്ങൾ, നളൻ അപരാധിയല്ലെന്ന വിലയിരുത്തൽ, ദുഷ്ടനല്ലെന്ന നിഗമനം, നളൻ ആഹാരം പാകം ചെയ്യുമ്പോൾ അഗ്നിയും ജലവും ഇഷ്ടംപോലെ ലഭിച്ചത്, രാജാവായ ഋതുപർണ്ണന് ഭക്ഷണം നൽകി വണങ്ങിയശേഷം തേരിൽ ചെന്ന് വിഷാദിച്ചിരുന്നത്, കൈയിലെടുത്ത വാടിയ പൂക്കൾ പുതുപുഷ്പങ്ങളായത് എല്ലാം ബാഹുകൻ നളനാണെന്ന് ഉറപ്പിക്കാൻ ദമയന്തിയെ പ്രേരിപ്പിച്ചു.
സ്വയംവരവേളയിൽ അഗ്നിയും വരുണനും നൽകിയ വരങ്ങളായിരുന്നു അഗ്നി സ്വാധീനത്തിലായതിനും ജലം യഥായോഗ്യം ലഭിക്കുന്നതിനും വാടിയ പൂക്കൾ പുതുപൂക്കളായതിനും പിന്നിൽ. ഇത് ദമയന്തിക്കറിയാവുന്നതിനാൽ ബാഹുകവേഷധാരി നളനാണെന്ന നിഗമനത്തിൽ ദമയന്തി എത്തിച്ചേർന്നു.
Exam Tips:
a) കേശിനിയെ നിയോഗിച്ചതും അവൾ നേരിട്ടും ഒളിച്ചും നിരീക്ഷിച്ചതും ആദ്യം പറയുക.
b) തെളിവുകൾ (അഗ്നി, ജലം, വാടിയ പൂക്കൾ, ഋതുപർണ്ണനോടുള്ള പെരുമാറ്റം) പോയിന്റുകളായി എഴുതുക.
c) അഗ്നി, വരുണൻ എന്നിവർ നൽകിയ വരങ്ങളുമായി ബന്ധിപ്പിച്ച് ഉപസംഹരിക്കുക.
Question 18: കുറിപ്പു തയാറാക്കുക - ആട്ടക്കഥ.
Answer:
കഥകളി എന്ന ദൃശ്യകലയ്ക്കുവേണ്ടി രൂപംകൊണ്ട സാഹിത്യരൂപമാണ് ആട്ടക്കഥ. എണ്ണത്തിൽ കൂടുതലുണ്ടെങ്കിലും ഗുണം തികഞ്ഞവ നന്നേ കുറവാണ്. ശ്ലോകങ്ങൾ, പദങ്ങൾ, ദണ്ഡകങ്ങൾ എന്നിവ ഇടകലർന്നതാണ് ആട്ടക്കഥയുടെ സ്വരൂപം. ഭൂതഭാവി കഥകളെ ബന്ധിപ്പിക്കുന്നതിനും രംഗനിർദ്ദേശം ചെയ്യുന്നതിനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ശ്ലോകങ്ങൾ ഉപയോഗിക്കുന്നു.
മിക്കവാറും ശ്ലോകങ്ങൾ കവിവാക്യങ്ങളായിരിക്കും. പ്രായേണ മണിപ്രവാളമോ സംസ്കൃതമോ ആയിരിക്കും ശ്ലോകങ്ങൾ. പദങ്ങളെല്ലാം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളായിരിക്കും. ഒരേ പദത്തിനും പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. പദം ഭാഗവതർ പാടുമ്പോൾ നടന്മാർ ഹസ്തമുദ്രകാട്ടി അഭിനയിക്കുന്നു.
ഉഭയഭാഷാ സമ്മിശ്രവും (മലയാളം + സംസ്കൃതം) സംഗീതാത്മകവുമായ ഒരുതരം നീണ്ട പദ്യങ്ങളാണ് ദണ്ഡകങ്ങൾ. അനവധി സംവത്സരങ്ങളിൽ നടക്കുന്ന കഥയുടെ ചുരുക്കിപ്പറയൽ, വർണ്ണന, ചില സംഭവങ്ങളുടെ വിവരണം മുതലായവ ദണ്ഡക രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ദണ്ഡകങ്ങൾ അഭിനയപ്രധാനങ്ങളാണ്.
Exam Tips:
a) ശ്ലോകം, പദം, ദണ്ഡകം എന്നീ മൂന്ന് ഘടകങ്ങൾ പ്രത്യേകം പോയിന്റുകളായി വിശദീകരിക്കുക.
b) പദത്തിന്റെ പല്ലവി, അനുപല്ലവി, ചരണം എന്ന വിഭജനം എടുത്തുപറയുക.
Question 19: "നൈഷധനിവൻ താൻ ഒരീഷലില്ലാമേ നിർണയം" - ഈ ആത്മഗതത്തിൽ ദമയന്തി എത്തിച്ചേരാനുണ്ടായ കാരണങ്ങൾ ആട്ടക്കഥാഭാഗത്തെ അപഗ്രഥിച്ച് ക്രോഡീകരിക്കുക.
Answer:
നളചരിതത്തിലെ നാലാംദിവസത്തിൽ കേശിനി ബാഹുകനെക്കുറിച്ചുള്ള വിവരങ്ങൾ നേരിൽ ചെന്ന് അറിയുന്നു. അറിഞ്ഞതും കണ്ടതും കേശിനി ദമയന്തിയെ അറിയിക്കുന്നു. ഇതെല്ലാം കേട്ട ദമയന്തി ഉറപ്പിക്കുന്നതാണ് നൈഷധനിവൻ നിർണയമെന്ന്. കാട്ടുതീയിൽനിന്നും രക്ഷിച്ച സമയത്ത് നളനെ കാർക്കോടകൻ ദംശിച്ചതിനാൽ നളൻ വികൃതനായി.
ഋതുപർണ്ണന്റെ തേരാളിയായി വന്ന നളൻ ബാഹുകൻ എന്ന് അറിയപ്പെട്ടു. ബാഹുകനിൽ നളന്റെ സ്വഭാവഗുണങ്ങൾ കാണുന്നുവെന്ന് ബ്രാഹ്മണൻ ദമയന്തിയെ അറിയിച്ചു. ദമയന്തി രണ്ടാം സ്വയംവരത്തിന് ഋതുപർണ്ണനെ കൊട്ടാരത്തിൽനിന്നും ക്ഷണിച്ചു. ചുരുങ്ങിയ സമയംകൊണ്ട് തേരോടിക്കാൻ നളനേ കഴിയൂ. ബാഹുകൻ ഋതുപർണ്ണനോടൊപ്പം വിദർഭയിൽ വന്നപ്പോൾ അവിടെ സ്വയംവരത്തിന്റെ ഒരുക്കങ്ങളില്ല. ഈ സമയത്ത് ദമയന്തി തോഴിയായ കേശിനിയെ പറഞ്ഞയച്ചു. ബാഹുകനെ നിരീക്ഷിച്ചറിയണം. അയാൾ നളനാണോ എന്ന് അറിയണം. കേശിനി ബാഹുകനെ നേരിൽ കാണുകയും സംസാരിക്കുകയും ഒളിച്ചുനിന്ന് നിരീക്ഷിക്കുകയും ചെയ്തു. കേശിനിയ്ക്ക് കിട്ടിയതെല്ലാം ബാഹുകനിലെ നളനെ കണ്ടെത്താൻ പോന്നവയായിരുന്നു.
നളന്റെ അപൂർവസിദ്ധികൾ കേശിനി ബാഹുകനിൽ കണ്ടെത്തി. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്നാൽ കുടത്തിൽ തനിയെ വെള്ളം നിറയുന്നതും തീ തനിയെ കത്തുന്നതും ഭക്ഷണം പാകമാകുന്നതും കേശിനി കണ്ടു. വാടിയ പൂക്കളെ തലോടിയപ്പോൾ അവ വീണ്ടും പുഷ്പിച്ചു. ഇത് നളനു മാത്രമുള്ള വിദ്യകളാണ്.
ബാഹുകൻ ദമയന്തിയെ കുറ്റപ്പെടുത്തിയതും നളനെ നന്നാക്കി പറഞ്ഞും ബാഹുകനിലെ നളനെ കാട്ടിത്തന്നു. അന്യരാജ്യത്തെ തേരാളി നളനിൽ കുറ്റം കാണാത്തതും ദമയന്തിയുടെ കോപത്തെ കുറ്റപ്പെടുത്തുന്നതും അനൗചിത്യമല്ല. ബാഹുകന്റെ വൈരൂപ്യം മാത്രമാണ് ദമയന്തിയെ കുഴക്കിയത്. കേശിനി നേരിൽ കണ്ടാണ് ബാഹുകനോട് സംസാരിച്ചത്. മാത്രമല്ല ബാഹുകനെ ഒളിച്ചുനിന്ന് കാണുകയും ചെയ്തു. നളന്റെ വൈദഗ്ധ്യങ്ങൾ ബാഹുകനിൽ കണ്ടത് ദമയന്തിയെ ഇരുത്തി ചിന്തിപ്പിക്കുന്നു. ബാഹുകന്റെ വൈരൂപ്യമൊഴികെയുള്ളവയിൽ തേരാളി നളനാണെന്ന് തീർച്ചപ്പെടുത്തി.
Exam Tips:
a) ആത്മഗതത്തിലേക്ക് നയിച്ച തെളിവുകൾ (നളപാകം, അഗ്നി-ജല സ്വാധീനം, വാടിയ പൂക്കളുടെ പുനർജീവൻ, ബാഹുകന്റെ സംഭാഷണം) ഓരോന്നായി ക്രോഡീകരിക്കുക.
b) വൈരൂപ്യത്തിന് കാരണം കാർക്കോടകന്റെ ദംശനമാണെന്ന് ചേർക്കുക.
Question 20: കേശിനി ഒളിഞ്ഞുകണ്ട ബാഹുകന്റെ പ്രവൃത്തികൾ ഏകാഭിനയം, മൂകാഭിനയം എന്നിവയിലൂടെ അവതരിപ്പിക്കുക. അവതരണം വിലയിരുത്തി അഭിപ്രായങ്ങൾ എഴുതുക.
Answer:
ഏകാഭിനയത്തിന്റെ സൗന്ദര്യമെന്നത് രണ്ടു കാഴ്ചകളെയും രണ്ടു വ്യക്തികളെയും ഒരുമിപ്പിച്ച് സ്റ്റേജിന്റെ സ്ഥലരാശിയിൽ അവതരിപ്പിക്കുന്നതിലാണ്. കേശിനിയായും ബാഹുകനായും ഒരാൾതന്നെ അഭിനയിക്കണം. കേശിനി ഒളിച്ചു കാണുന്നതിനെ മാത്രമല്ല അഭിനയിക്കേണ്ടത്.
ബാഹുകവൃത്തിയുടെ ഓരോ ഘട്ടത്തിലും അദ്ഭുതവും മിണ്ടാടക്കവും, മുന്നോട്ട് പ്രവേശിക്കാനുള്ള ത്വരയും പ്രകടിപ്പിക്കണം. ബാഹുകന്റെ ഭാഗം രണ്ടു വിധത്തിൽ ആകാം. ഒന്ന്, ദമയന്തി തന്നിലെ നളനെ മനസ്സിലാക്കിയെന്ന ബോധത്തോടെ ചെയ്യുന്നത്. രണ്ട്, ബാഹുകൻ കേശിനി ഒരു മാർഗ്ഗമാണെന്ന് മനസ്സിലാക്കിയത് കേശിനി അറിഞ്ഞു. ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവം ഫലിതമായൊന്ന് അറിയിച്ചു. ഇവിടെ ബാഹുകനിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പിക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു.
സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയുമുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിതമനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.
സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്. പൂനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപ്പീഡയാണ് വേദനയോടെ, നെടുവീർപ്പോടെ ചെയ്യുന്നത്. ഈ വിധവും അഭിനയിച്ചു ഫലിപ്പിക്കാം.
മൂകാഭിനയത്തിൽ രണ്ടോ മൂന്നോ പേർ വരാം. കേശിനി, ബാഹുകൻ, ഋതുപർണ്ണൻ, ഋതുപർണ്ണന്റെ ആശ്രിതൻ എന്നിവരാകാം. ഒരുപക്ഷേ ബാഹുകൻ പൂനിര തൊടുന്നതും ഭക്ഷണം വയ്ക്കുന്നതുമായ പണികളും മൂകാഭിനയത്തിൽ വരുത്താം. തീ കത്തുന്നത് മൂകാഭിനയത്തിലൂടെ നൽകുക, പൂനിരയുടെ കിടപ്പും ഉണർച്ചയും മൂകാഭിനയത്തിലൂടെ നൽകുക എന്നീ സാധ്യതകളും ഇവിടെ കാണുന്നുണ്ട്. സ്ക്രിപ്റ്റ് മനസ്സിൽ ഉറപ്പിച്ചാൽ ഉള്ളിൽ ഭാവം നിറയും. കഥകളിയുടെ ശോഭ കെടാതെ ക്ലാസ് മുറിയിൽ ഈ രണ്ടു അഭിനയവും ആവിഷ്കരിക്കുമ്പോൾ കഥകളിയുടെ സംഗീതത്തിന്റെ ചെണ്ട, മദ്ദളമേളങ്ങൾ പശ്ചാത്തലമായി കേൾപ്പിക്കുന്നത് നന്നായിരിക്കും.
Exam Tips:
a) ഏകാഭിനയവും മൂകാഭിനയവും തമ്മിലുള്ള വ്യത്യാസം (ഒരാൾ പല വേഷം; വാക്കില്ലാത്ത അഭിനയം) ആദ്യം വ്യക്തമാക്കുക.
b) അവതരണത്തിന്റെ വിലയിരുത്തൽ (ഭാവം, ക്രമം, പശ്ചാത്തലസംഗീതം) പ്രത്യേക ഖണ്ഡികയായി എഴുതുക.
Question 21: കേശനിയുടെ വാക്കുകളിൽനിന്ന് ബാഹുകൻ നളൻ തന്നെയാണെന്ന നിഗമനത്തിലേക്ക് ദമയന്തി എത്തിച്ചേർന്നതെങ്ങനെ?
Answer:
ഋതുപർണ്ണന്റെ തേരാളിയായി വന്നത് നളൻതന്നെയാണോ എന്നു റപ്പുവരുത്തുന്നതിനായി കേശിനി എന്ന തോഴിയെ ദമയന്തി നിയോഗിച്ചു. വിദഗ്ധയായ തോഴി ബാഹുക വേഷധാരിയായ നളനോട് നേരിട്ടു സംസാരിക്കുകയും നളന്റെ പ്രവൃത്തികൾ ഒളിച്ചിരുന്നു നിരീക്ഷിക്കുകയും ചെയ്തു.
അങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ബാഹുകൻ നളനാണെന്ന് ഉറപ്പിക്കാവുന്നതായിരുന്നു. കേശിനി ഉപയോഗിച്ച പുരുഷരത്നം, ധീമാൻ എന്നീ വിശേഷണങ്ങൾ, നളൻ അപരാധിയല്ലെന്ന വിലയിരുത്തൽ, ദുഷ്ടനല്ലെന്ന നിഗമനം, നളൻ ആഹാരം പാകം ചെയ്യുമ്പോൾ അഗ്നിയും ജലവും ഇഷ്ടം പോലെ ലഭിച്ചത്, രാജാവായ ഋതുപർണ്ണന് ഭക്ഷണം നൽകി വണങ്ങിയശേഷം തേരിൽ ചെന്ന് വിഷാദിച്ചിരുന്നത്, കൈയിലെടുത്ത വാടിയ പൂക്കൾ പുതുപുഷ്പങ്ങളായത് എല്ലാം ബാഹുകൻ നളനാണെന്ന് ഉറപ്പിക്കാൻ ദമയന്തിയെ പ്രേരിപ്പിച്ചു.
സ്വയംവരവേളയിൽ അഗ്നിയും വരുണനും നൽകിയ വരങ്ങളായിരുന്നു അഗ്നി സ്വാധീനത്തിലായതിനും ജലം യഥായോഗ്യം ലഭിക്കുന്നതിനും വാടിയ പൂക്കൾ പുതുപൂക്കളായതിനും പിന്നിൽ. ഇത് ദമയന്തിക്കറിയാവുന്നതിനാൽ ബാഹുകവേഷധാരി നളനാണെന്ന നിഗമനത്തിൽ ദമയന്തി എത്തിച്ചേർന്നു.
Exam Tips:
a) കേശിനിയുടെ അറിയിപ്പുകൾ ഓരോന്നും ദമയന്തിയുടെ അറിവുമായി (വരങ്ങൾ) എങ്ങനെ ചേരുന്നു എന്ന് ബന്ധിപ്പിച്ച് എഴുതുക.
b) ഉത്തരത്തിന്റെ അവസാനം നിഗമനം ഒറ്റവാക്യത്തിൽ ആവർത്തിക്കുക.
6 Mark Questions and Answers
Question 22: ബാഹുകവേഷത്തിൽ വന്നത് നളൻതന്നെയെന്ന് കേശിനി തീർച്ചപ്പെടുത്തുന്നതെങ്ങനെ?
Answer:
കേശിനി ബാഹുകനോട് നേരിട്ടു സംസാരിച്ച് കാര്യങ്ങളിൽനിന്നും ബാഹുകൻ ബുദ്ധിമാനാണെന്നും കേശിനി മനസ്സിലാക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയതും, ദിവ്യസിദ്ധികളും ബാഹുകൻ നളൻ തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് കേശിനിയെ സഹായിക്കുന്നു.
ഋതുപർണ്ണനെയും സാകേതപതിയെയും വണങ്ങുന്ന ബാഹുകനിൽ കേശിനി നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ഇങ്ങനെ ബാഹുകവേഷത്തിൽ വന്ന നളൻതന്നെയാണെന്ന് കേശിനി തീർച്ചപ്പെടുത്തുന്നു.
Exam Tips:
a) നേരിട്ടുള്ള സംഭാഷണം, ദമയന്തിയോടുള്ള പ്രതികരണം, ദിവ്യസിദ്ധികൾ, ധർമ്മനിഷ്ഠ എന്നീ നാല് തെളിവുകളും ഉൾപ്പെടുത്തുക.
Question 23: നളനില്ലൊരപരാധംപോൽ ഉണ്ടെന്നാകിലും കുലനാരിക്കരുത് കോപം പോൽ - വ്യവസ്ഥാപിതമായ നിയമങ്ങൾക്കനുസരിച്ച് സ്ത്രീ ജീവിക്കണമെന്ന ഈ അഭിപ്രായത്തോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്? കുറിപ്പ് തയാറാക്കുക.
Answer:
നളചരിതം നാലാം ദിവസത്തെ കഥയിൽ ദമയന്തിയുടെ തോഴിയായ കേശിനിയോട് നളൻ പറയുന്നതാണ് പ്രസ്തുതം. കലിബാധിച്ച് ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ചുപോയ നളൻ പിൽക്കാലത്ത് ദമയന്തിക്ക് രണ്ടാം സ്വയംവരം നിശ്ചയിച്ചുവെന്നറിഞ്ഞപ്പോൾ പ്രതികരിക്കുന്നതാണ് പ്രസ്തുതഭാഗം.
കുലനാരിക്ക് കോപം പാടില്ല എന്ന് ദമയന്തിയെ കുറ്റപ്പെടുത്തുന്ന നളൻ തന്റെ തെറ്റുകൾ മറച്ചുവെച്ച് സംസാരിക്കുന്ന ഒരു പാരമ്പര്യവാദിയാണ്. നിയതമായ ചട്ടക്കൂടുകൾ സൃഷ്ടിച്ച് സ്ത്രീയെ അതിനുള്ളിൽ തളച്ചിടുന്ന സംസ്കാരരഹിതമായ കാലഘട്ടത്തിന്റെ പ്രതിനിധിയാണ് നളൻ. സ്ത്രീയെ അബലയാക്കുന്നത് അവളുടെ ശാരീരിക ധർമ്മങ്ങളെക്കൊണ്ടെന്ന് ഇക്കാലമത്രയും ധാരണയുണ്ടായി. കാലം മാറുമ്പോൾ പരിഷ്കാരവും നവോത്ഥാനവും നടക്കുന്നു. ഫെമിനിസവും റാഡിക്കൽ ഫെമിനിസവും ഉണ്ടായി. സ്ത്രീശരീരം ദൗർബല്യത്തിന്റെതല്ലെന്നും ശക്തിയുടെതാണെന്നും തിരിച്ചറിഞ്ഞു തുടങ്ങി. ശക്തി സ്വരൂപിണിയായിമാറുന്നത് അമ്മയും ദേവിയും മാത്രമല്ലെന്നും ഓരോ പെൺകുട്ടിയുമാണെന്നും അറിഞ്ഞു തുടങ്ങി. പെൺഭ്രൂണഹത്യകൾ അന്ധവിശ്വാസങ്ങളുടെ സംസ്കാരം ചെയ്യുന്ന കൊലകളാണെന്ന് അറിഞ്ഞു തുടങ്ങി.
ഉസലാം പെട്ടിയിലെ പെൺകൊലപാതകങ്ങൾ നൂറ്റാണ്ടുകളായി ജനമാചരിച്ച വിഡ്ഢിത്തങ്ങളാണെന്നും മനസ്സിലായിത്തുടങ്ങി. പുംനരകത്തിൽനിന്നും ത്രാണനം ചെയ്യുന്നവനാണ് പുത്രൻ എന്നത് പഴയകാലങ്ങളുടെ വിഴുപ്പലക്കലായിരുന്നുവെന്ന് തിരിച്ചറിഞ്ഞു തുടങ്ങി. ഇന്നും സ്ത്രീകളുടെ അവസ്ഥയെന്താണ്? അവർ വാഹനമോടിക്കുന്നവരായിരിക്കും, സ്വയം സമ്പാദിക്കുന്നവർ ആയിരിക്കാം, ഒരുപക്ഷേ ഒന്നുമല്ലായിരിക്കാം. പക്ഷേ വീടുകളിലും തെരുവുകളിലും സ്ത്രീ ഇന്നും കഴുകൻ കണ്ണുകൾക്കു കീഴിലാണ്. വുമൺ ട്രാഫിക്കിങ്, പെൺപീഡനം ഈ ലോകത്തിന്റെ പല മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നു.
ഒരുപക്ഷേ പ്രണയം നടിച്ച് വന്നവരുടെ ഇംഗിതങ്ങളിൽ അവൾ വിലപേശപ്പെട്ടേക്കാം. പുരുഷനെ എതിർക്കുന്നത് പുരുഷനെ സംബന്ധിച്ച് ആൺകോയ്മയുടെ മേലുള്ള ഇറിട്ടേഷൻ ആയി തോന്നിയേക്കാം. ഡൽഹിയിലെ പെൺകുട്ടിയെപ്പോലെ അവൾ ദാരുണമായി മരണമടയാം. ജീവിതം തെരുവുകളിലോ സ്വന്തം ഭവനത്തിലോ പിച്ചിച്ചീന്തപ്പെട്ടേക്കാം. ചോദ്യം ചെയ്യുന്നതിന്റെയും എതിർക്കുന്നതിന്റെയും സ്ത്രീശാക്തീകരണത്തിലേക്ക് സ്ത്രീകൾ മുന്നേറുമ്പോൾ അവൾ ഈ ചരിത്രത്തെ മാറ്റിക്കുറിക്കും. മതങ്ങളിലും സംഘടനകളിലും രാഷ്ട്രീയത്തിലും ഭരണത്തിലും വീടുകളിലും പൊതുസ്ഥലത്തും സ്ത്രീ ഒരു രണ്ടാം പൗരയാണെന്നത് മാറേണ്ടിയിരിക്കുന്നു.
സ്ത്രീയുടെ സ്നേഹവും അർപ്പണമനോഭാവവും പുരുഷന് ചൂഷണം ചെയ്യാനുള്ളതല്ല. മതങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കന്യാസ്ത്രീകൾ കുർബാന ചൊല്ലുന്നില്ല. ബിഷപ്പും മാർപ്പാപ്പയും ആകുന്നില്ല. ഊട്ടുതിരുനാളുകളിൽ പച്ചക്കറിയരിയാനും പള്ളി, അമ്പലം, മോസ്ക് എന്നിവ അടിച്ചുവൃത്തിയാക്കാനുള്ളവരാണ് സ്ത്രീകൾ. പള്ളികളുടെയും അമ്പലങ്ങളുടെയും കമ്മിറ്റികൾ പുരുഷന്മാർക്കുള്ളതാണ്. പുരുഷന് യഥേഷ്ടം സഞ്ചരിക്കുവാൻ വേണ്ടി വീട്ടിൽ പണിയെടുക്കേണ്ടവളാണ് സ്ത്രീ. സ്ത്രീ ഒരു അലക്കുയന്ത്രമാണ്. സ്ത്രീ പാചകം ചെയ്യുന്നവളും സ്വയം പാചകമായി വെന്തുവരുന്നവളുമാണ്. പുരുഷന്റെ അധികാരഘടന സ്ത്രീയെ വീട്ടുകാരിയാക്കി മാറ്റി പുരുഷനെ സ്വതന്ത്രനാക്കി. പുരുഷന്റെ ആധിപത്യത്തിന്റെ സ്വാധീനം നമ്മുടെ ഭാഷയിൽത്തന്നെ ഉണ്ടാകുന്നു.
വേശ്യയെന്ന പേരിനാണ് പ്രചാരം. വിടന് അധികം പ്രചാരമില്ല. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്നതും വിചാരണയിൽ വലിച്ചിഴക്കപ്പെടുന്നതും സ്ത്രീകളാണ്. സ്ത്രീ സഹനത്തിന്റെ മൂർത്തീഭാവമാണെന്ന് പ്രശംസിച്ച് അവളെ പണിക്കാരിയാക്കിമാറ്റുന്നത് നാം കണ്ടിട്ടുണ്ട്. മുണ്ടശ്ശേരിയുടെ ലേഖനത്തിൽ എഴുത്തുകാരും മതവും കെട്ടിയുയർത്തിയ സ്ത്രീ സങ്കല്പത്തിൽ ദുരിതമനുഭവിക്കുന്നവളാണ് സ്ത്രീ.
സുഗതകുമാരിയുടെ 'ഇവൾക്കു മാത്രമായ്' ഈ മരവിച്ച സ്ത്രീവേദനയെ ആവിഷ്കരിക്കുന്നു. ചവിട്ടാനും പൂജിക്കാനുമുള്ള വാളാണ് സ്ത്രീ. അവൾക്കും സ്വാതന്ത്ര്യം ലഭിക്കുന്നതും കൊടുക്കുന്നതും പുരുഷാധിപത്യത്തിന് ദോഷകരമായി മാറുമെന്നതിനാൽ സ്ത്രീക്ക് ഒരു ഉപസ്ഥാനം മാത്രമാണ് പുരുഷൻ കൊടുക്കുന്നത്. സ്ത്രീയും പുരുഷനും പരസ്പരം ഒരുമയിൽ പറന്നുയരേണ്ടവരാണ്. അങ്ങനെ സമൂഹത്തിൽ പരിവർത്തനങ്ങൾ സംഭവിക്കേണ്ടതുണ്ട്. അതാദ്യം വീട്ടിലാണ് വരേണ്ടത്.
Exam Tips:
a) സന്ദർഭം (ആരാണ് ആരോട് പറയുന്നത്) ആദ്യം സൂചിപ്പിച്ച് നളന്റെ നിലപാട് പാരമ്പര്യവാദമാണെന്ന് വിലയിരുത്തുക.
b) ആധുനിക ഉദാഹരണങ്ങളും (സ്ത്രീശാക്തീകരണം, പെൺഭ്രൂണഹത്യ, പീഡനം) വാദമായി ഉൾപ്പെടുത്തുക.
c) 'സ്ത്രീയും പുരുഷനും ഒരുമയോടെ' എന്ന നിലപാടിൽ ഉപസംഹരിക്കുക.
Question 24: 'കേശിനിമൊഴി' ദൃശ്യാവിഷ്കാരം കാണുക. അവതരണകലകളിലെ വേഷം, അഭിനയം, സംഗീതം എന്നീ ഘടകങ്ങൾ പ്രസ്തുത സന്ദർഭത്തിൽ എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നുവെന്ന് ചർച്ചചെയ്യുക.
Answer:
ആട്ടക്കഥയാണ് പഠിക്കുന്നതെങ്കിലും ആട്ടക്കഥകൾ കഥകളി കലാരൂപത്തിന്റെ രചനാരൂപമാകയാൽ സാഹിത്യവും ദൃശ്യകലയുടെ സാധ്യതകളും ഒരുമിച്ച് മനസ്സിലാക്കുന്നതിന്റെ ഗുണമുണ്ട്. കേശിനിമൊഴി എന്ന് പേരിട്ടിരിക്കുന്ന പാഠഭാഗത്ത് കേശിനിയും ദമയന്തിയും മാത്രമാണുള്ളത്.
വേഷം: കഥകളിയിൽ പച്ച, താടി, കരി, മിനുക്ക്, കത്തി എന്നിങ്ങനെ പ്രധാനമായും കാണുന്ന നാലുവേഷങ്ങളിൽ ദമയന്തി മിനുക്ക് വേഷം അണിയുന്നു. കേശിനിയും ഇതേ വേഷം തന്നെയാണ് അണിയുന്നത്. പദം ആടി അഭിനയിക്കുന്നത് മുതൽ നമ്മൾ കഥകളിയുടെ മുമ്പിൽ മിഴിച്ചു നിൽക്കും. ഐ.കെ.കെ.എന്നിന്റെ ദുബായ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച കഥകളി കാണുകയുണ്ടായി. ഇതിൽ ദമയന്തി-മാർഗി വിജയകുമാറും കേശിനി ഷൺമുഖദാസും അവതരിപ്പിച്ചു.
അഭിനയം: രസാവിഷ്കാരത്തിൽ ശ്രദ്ധയൂന്നുന്നതിനാൽ പദങ്ങൾ ആവർത്തിച്ചു പാടുന്നുണ്ടായിരുന്നു. ദമയന്തിയിൽ ആകാംക്ഷയും കൗതുകവും ഇടയ്ക്കിടെ ശോകവും പ്രതീക്ഷയും ശങ്കയും വളരുന്നതു കാണാം. അന്നാദിപാകസംഭാരം എന്നു കേൾക്കേ മയന്തി നെഞ്ചിൽ കൈചേർത്ത് നളനെ ഓർത്ത് വ്യാകുലപ്പെടുന്നു. 'പുമാതിനൊത്ത ചാരുതനോ വൈദർഭി! കേൾ നീ' എന്നത് പത്തു പന്ത്രണ്ടുപ്രാവശ്യം പാടി പാടി അഭിനയിക്കുന്നു. ദമയന്തി ഇരുന്ന് കേശിനിയുടെ വാക്കുകൾ ആസ്വദിക്കുന്നു. 'പുരുഷരത്നമീ ബാഹുകനോ' എന്ന് പറഞ്ഞ് വൈദർഭി, കേൾ നീ എന്ന് ആവർത്തിക്കും. 'വേഗേന വച്ചങ്ങാരുങ്ങ്', 'കൊണ്ടങ്ങു ചെന്നു എന്നു പാടുമ്പോൾ ആ ഭാഗം അഭിനയിച്ചു കാണിക്കുന്നു. മുദ്രകളും മുഖാഭിനയവും പദങ്ങൾ ആവർത്തിക്കുമ്പോൾ രസകരമായി മാറുന്നുണ്ടായിരുന്നു. രണ്ടു കൈകളിലും ആഹാരം താങ്ങിക്കൊണ്ടു പോകുന്നത് കാണിക്കുന്നത് കണ്ടു നിൽക്കുമ്പോൾ അതിലെ തന്മയീഭാവം വല്ലാതെ വശീകരിക്കും. 'കുലനാരിക്കരുത് കോപം പോൽ' എന്നത് ചൊല്ലി താളത്തിൽ ലയിപ്പിക്കാനായി ഉണ്ടെന്നാകിലും' എന്നത് ആവർത്തിക്കുന്നുണ്ടായിരുന്നു.
2011ൽ കോഴിക്കോട് നടത്തിയ നളചരിതം കഥകളിയിൽ ഏറ്റുമാനൂർ കണ്ണൻ ബാഹുകവേഷത്തിൽ വന്നു. കേശിനിയെ പറഞ്ഞയച്ചതിനുശേഷം ബാഹുകൻ ചിന്തിച്ച് വിഷമിക്കുന്നത് ഇവിടെ കണ്ടു. ദമയന്തി തന്നെ മനസ്സിലാക്കിക്കഴിഞ്ഞെന്ന ബോധത്തോടെ പെരുമാറുന്ന ബാഹുകനെയാണ് ഏറ്റുമാനൂർ കണ്ണൻ അവതരിപ്പിച്ചത്. ഋതുപർണ്ണനേയും ദമയന്തിയേയും തേരാളിയായ തന്നെയും വിചാരിച്ച് ഏറ്റുമാനൂർ കണ്ണൻ ഒരു ഭാവതയം അവതരിപ്പിച്ചു.
വാടിയ പൂക്കൾ തൊട്ട് പുഷ്പിച്ചപ്പോൾ പൂക്കളുടേയും മനുഷ്യരുടേയും അവസ്ഥ ഒന്നുതന്നെയെന്ന് അഭിനയിച്ചു കാണിച്ചു. ഒടുവിൽ ഈ പൂക്കളെ തൊട്ടു വിടർത്തി ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞാനുണ്ടായി. പക്ഷേ, എന്റെ ജീവിതം തിരികെ നൽകാൻ തനിക്കാർ? എന്ന് വിലപിക്കുന്ന ബാഹുകനെ അരങ്ങിൽ കണ്ടു. സേചയാ പദങ്ങൾക്കിടയിൽ ഇത്തരം മനോരഥങ്ങൾ എല്ലാ കഥകളി കലാകാരന്മാരും അഭിനയിക്കും. കോട്ടക്കൽ ശിവരാമനും, കലാമണ്ഡലം വിജയനും സ്ത്രീ കഥാപാത്രങ്ങളിൽ ശോഭിച്ചവരാണ്. പാഠഭാഗത്തിലെ പല പദങ്ങൾക്കും കാണിക്കുന്ന മുദ്രാഭിനയവും മനോരഥ അഭിനയവും കാണേണ്ടതുതന്നെ.
മുദ്രകൾ കഥകളിയുടെ ചട്ടക്കൂടാണ്. അന്നാദിപാകമെന്ന് പറയുമ്പോൾ ഭക്ഷണസാമഗ്രികളുടെ മുദ്രകൾ കാട്ടുന്നു. അഗ്നിയെ മുദ്രയിലൂടെ കാണിക്കുന്നു. നടന്മാർ അധികമായി കാണിക്കുന്നതാണ് മനോരഥ അഭിനയം, അത് ഓരോ നടനിലും വ്യത്യസ്തമാണ്. ഉണ്ണായിവാര്യരുടെ നളചരിതം സാഹിത്യം വായിക്കുന്ന വേളയിൽ വാക്കുകളുടെ തലയും വാലുമറിഞ്ഞുപോയി അമ്പരപ്പുളവാക്കുന്നുവെങ്കിലും കഥകളി ആടുമ്പോൾ അതെല്ലാം സംഗീതാത്മകമായ ലയത്തിൽ മുഴുകുന്നു.
സംഗീതം: പാഠഭാഗത്തെ പുമാതിനൊത്ത ചാരുതനോ പദം ദർബാർ രാഗമാണ്. ചെമ്പട താളമാണ്. സോപാന സംഗീതത്തിൽനിന്നാണ് കഥകളി സംഗീതം ഉണ്ടായത്. കർണ്ണാടിക് സംഗീതവുമായും ബന്ധമുണ്ട്. കഥാവതരണത്തിനും സംഭാഷണങ്ങൾക്കും വേണ്ടിയാണ് പാട്ട്. പിൻപാട്ടുകാർക്കനുസരിച്ചാണ് നടന്മാർ അഭിനയിക്കുന്നത്. ആദ്യം പാടുന്നയാളെ 'പൊന്നാനി' എന്നു വിളിക്കും. ഏറ്റു പാടുന്നയാളെ 'ശിങ്കിടി' യെന്നും. ഗാനത്തിന്റെ ആശയവും ഭാവവും നടൻ അഭിനയിച്ചു. തീരുംവരെ പാട്ടു തുടരും. സോപാനം, നാടോടിസംഗീതം, കർണ്ണാടിക് എന്നിവയുടെയെല്ലാം ബന്ധമുണ്ട്.
ദ്രാവിഡസംഗീതത്തിന്റെ പൊതുസ്വത്തുക്കളായ 'കണ്ഠാരവ', പുറനീർ തുടങ്ങിയ രാഗങ്ങളും തനി കേരളീയങ്ങളായ 'കാനകുറിഞ്ഞി', 'സാമന്തലഹരി', 'മാരധനാശി', 'പാടി' എന്നീ രാഗങ്ങൾ ഉപയോഗിക്കുന്നു. കഥകളി ഗായകന്റെ ജോലി ദുഷ്ക്കരമാണ്. രാത്രി മുഴുവൻ നിന്ന് പാടണം. ശ്രുതി ചേരാത്ത പുരുഷ വാദ്യങ്ങളായ ചെണ്ട, മദ്ദളം എന്നിവയുടെ പക്കത്തിലാണ് പാടേണ്ടത്.
മലയാള സംസ്കാരത്തിന്റെ മുഴുവൻ സൗന്ദര്യവും ഒത്തിണങ്ങിയതാണ് കഥകളി സംഗീതം. അഭിനയ സംഗീതമാണിത്. നവരസങ്ങളെ പാട്ടിലേക്ക് പരാവർത്തനം ചെയ്യുന്ന ചൊന്നാണി, ശിങ്കിടി ലയനം നടന്റെ ഭാവഹാവാദികളും ചെണ്ടയും മദ്ദളവും ലയിപ്പിച്ച് അരങ്ങേറുന്ന പാട്ടിന്റെ പാൽക്കടലാണ്. പാഠഭാഗത്തെ ദർബാർ രാഗത്തിൽ കേശിനിമൊഴികൾ സ്വൽപം വേഗത കൈവരിക്കുന്നതായി കാണാം. ഇത് ദമയന്തിയുടെ തപിച്ചു കിടക്കുന്ന മനസ്സിനെ ആശ്വസിപ്പിക്കാനായി കേശിനിയുടെ വൃത്താന്തം വേഗത്തിൽ പറയുന്നതിനാലാണ്.
Exam Tips:
a) വേഷം, അഭിനയം, സംഗീതം എന്നീ മൂന്ന് ശീർഷകങ്ങളിൽ തിരിച്ച് എഴുതുക.
b) വേഷം: മിനുക്ക്; സംഗീതം: ദർബാർ രാഗം, ചെമ്പട താളം, പൊന്നാനി-ശിങ്കിടി എന്നീ വിശദാംശങ്ങൾ ഉദ്ധരിക്കുക.
c) പദങ്ങൾ ആവർത്തിച്ച് പാടി രസം ആവിഷ്കരിക്കുന്നത് ഒരു ഉദാഹരണത്തോടെ പറയുക.
Question 25: കേശിനി - കഥാപാത്രനിരൂപണം തയാറാക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും കാളിദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ചുകാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.
കഥാപാത്ര ചിത്രീകരണത്തിൽ വാര്യർ ഏറ്റവും ഉചിതമായി പ്രകാശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽനിന്നും ലഭിക്കാൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്. കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരിശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം.
കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചുവെയ്ക്കുന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതുമാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞുവന്നത് 'നൈഷധനിവൻ നിർണ്ണയം' എന്നാണ്.
കേശിനി മൊഴികൾക്ക് ശേഷമാണത് ദമയന്തി ഉറപ്പിക്കുന്നത്. ദൈമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണശ്രദ്ധയോടെ കേൾക്കുവാനാണ്. കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു. ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു.
ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുലസ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റപ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നുന്നത്. തന്റെ സാക്ഷാതപം അറിയിക്കാൻ അൽപ്പം കൂടി എങ്കിലും, തന്നെത്തന്നെ expose ചെയ്യുവാൻ ഇതിനും നല്ല സാധ്യത വേറെയില്ല.
കേശിനി ഒരു മാർഗ്ഗമാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു. ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായൊന്ന് അറിയിച്ചു. ഇവിടെ ബാഹുകനിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പിക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു.
സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയുമുണ്ടിതിൽ. സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചുനിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്. പൂനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപ്പീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്നപ്പോൾ കുംഭത്തിൽ താനെ നീര് നിറഞ്ഞു. അഗ്നി അഹങ്കാരമില്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നിദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്. ഋതുപർണ്ണനെ വണങ്ങുന്ന, സാകേതപതിയെ വണങ്ങുന്ന, ബാഹുകനിൽ നളന്റെ ധർമ്മനിഷ്ഠ കാണുന്നു.
ദമയന്തിയെ വിവാഹം ചെയ്യുവാനായി ദേവന്മാർ നൽകിയ ദൂത് ദമയന്തിയെ അറിയിച്ച ധർമ്മിഷ്ഠനാണ് നളൻ എന്ന് ദമയന്തി ഇവിടെ ഓർത്തിട്ടുണ്ടാകും. ഋതുപർണ്ണനെ വണങ്ങി തേരിലൊതുങ്ങുന്ന ബാഹുകൻ പൂനിരയെ തൊട്ട് അവ വിളങ്ങിയപ്പോൾ ദമയന്തിയുടെ മനസ്സിൽ ഉത്തരം കിട്ടിയിരിക്കും.
ബാഹുകനായി ഒതുങ്ങിക്കഴിയുന്ന നളന്റെ നിസ്സഹായത പ്രിയതമയായ ദമയന്തി ഗ്രഹിച്ചിരിക്കും. കേശിനി പറഞ്ഞ 'ഒതുങ്ങി' എന്ന പദത്തിന് ദമയന്തിയുടെ മനസ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.
Exam Tips:
a) കേശിനിയെ ദൂതിയും സമർത്ഥയായ തോഴിയുമായി ചിത്രീകരിച്ച് ആരംഭിക്കുക.
b) ദമയന്തിയെ 'സുന്ദരി' എന്നു വിളിച്ചതുപോലുള്ള വാക്കുകളുടെ സൂക്ഷ്മപ്രയോഗങ്ങൾ ഉദാഹരണമായി ചേർക്കുക.
c) ഹംസത്തെപ്പോലുള്ള ദൂതകഥാപാത്രങ്ങളുമായി താരതമ്യം ചെയ്താൽ ഉത്തരം മികച്ചതാകും.
8 Mark Questions and Answers
Question 26: നളചരിതത്തിന്റെ വൈശിഷ്ട്യങ്ങൾ വിശദമാക്കുക.
Answer:
ഇതിവൃത്തത്തിന്റെ ഗതിക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും തമ്മിൽ സുന്ദരമായൊരു ലയനം ചെയ്ത കാര്യമാണിത്. നളനിൽ ദമയന്തിയെ സ്വന്തമാക്കിയ ശേഷമുണ്ടായ അഹങ്കാരമാണ് കലിരൂപത്തിൽ മഹാഭാരതത്തിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞത്. അഹങ്കാരം ഉണ്ടായതിൽ അത്ഭുതമില്ല; ദേവന്മാർപോലും കൊതിച്ച സ്ത്രീയാണ് ദമയന്തി.
കാമനീയകത്തിൽ ഇരിപ്പിടം പോലെയാണവൾ. മഹാഭാരതത്തിൽ കേശിനിയുടെകൂടെ ദമയന്തി തന്റെ രണ്ടു മക്കളെയും അയയ്ക്കുന്നുണ്ട്. എന്നാൽ ഉണ്ണായിവാര്യർ കേശിനിയെ മാത്രമാണ് പറഞ്ഞയയ്ക്കുന്നത്. ബാഹുകൻ നളനെന്നറിഞ്ഞിട്ടും ചിന്താകുലയായിരിക്കുകയാണ് ദമയന്തി.
നളൻ സ്വരൂപത്തിൽ കാണപ്പെട്ടപ്പോഴാണ് ദമയന്തിയുടെ ശിരസ്സ് കുനിയുന്നത്. കഥകളിയുടെ ആട്ടത്തിനും അഭിനയത്തിനും പാകത്തിൽ രചിച്ചു എന്നർത്ഥം. വാഗർത്ഥങ്ങളുടെ ഇണക്കം, രമണീയാർത്ഥപുഷ്ടി, വികാരവിചാരങ്ങളുടെ പ്രകാശനം, മനശ്ശാസ്ത്രപരത, ഔചിത്യദീക്ഷ എന്നീ ഗുണങ്ങൾ നളചരിതത്തിൽ കാണാം. ജീവിതാവബോധം അതുല്യമായി തെളിയിച്ച കവിയാണ് ഉണ്ണായിവാര്യർ.
"കനക്കുമർത്ഥവും സുധകണക്കെ പദനിരയും അനർഗ്ഗളം യമകവും അനുപ്രാസമുമാദി ഇണക്കം കലർന്നു രമ്യം ജനിക്കും നൽസാരസ്വതം" എന്ന് ഉണ്ണായിവാര്യർ ഒന്നാം ദിവസത്തിൽ ഒരു സന്ദർഭത്തിൽ പറയുന്നുണ്ട്.
ഉണ്ണായിയുടെ ഭാഷ വളരെ ഉച്ഛൃംഖലമാണെന്ന് പറയാം. പദങ്ങളുടെ വാലും തലയും മുറിച്ചു ചേർക്കുന്ന ധീരനായ ഒരു എഴുത്തുകാരനാണ് വാര്യർ. മലയാളവും സംസ്കൃതവും ചേർന്ന് രണ്ടും വ്യത്യസ്ത ഭാഷകളാണെന്ന് തോന്നിക്കാത്ത രീതിയിൽ ലയിപ്പിക്കുന്ന വിദ്യയാണിത്. "മിളിതം പദയുഗളം നിഗളിതയാ മാർഗി തേയാ" എന്നത് ഉദാഹരണം. പാഠഭാഗത്തു കാണുന്ന ഭാഷയിലും ഇതുകാണാം.
'ഭൈമീം വിജനേ പറഞ്ഞാൾ' എന്നിടത്ത് വിജനേ, ഭൈമീം എന്നത് സംസ്കൃതമട്ടും പറഞ്ഞാൾ എന്നത് മലയാള രീതിയുമാണ്. 'പൂമാതിനൊത്ത ചാരുതനോ!' എന്നതിലെ ചാരുതനോ എന്ന് വിളിക്കുന്നത് ദമയന്തിയെയാണ്. വായിക്കുമ്പോൾ അത് പുരുഷനെ വിളിക്കും പോലെയാണ്; ചാരുവായ തനുവുള്ള ദമയന്തിയെയാണ് വിളിക്കുന്നത്. കഥകളിയിൽ പദം പാടി അഭിനയിക്കുമ്പോൾ ഇത് വിശേഷസൗന്ദര്യം നൽകുന്നു. സംഭവങ്ങളെ വാക്കുകൾ ഒതുക്കി ഒരുക്കി പറയുവാൻ വാര്യരോളം ഔചിത്യം വേറെ കാണില്ല.
അന്നാദിപാകസംഭാരം സ്വാമി നിയോഗാൽ വന്നതു കണ്ട് എന്നതിൽ 'നന്നേരം' എന്നത് വിസ്ഫോടകമായ അർത്ഥം നൽകുന്നു. ഋതുപർണ്ണനെ സ്വാമിയായി വിളിച്ചു. കല്പനയ്ക്ക് നിയോഗാൽ എന്ന് വാക്കിട്ടു. അന്നാദിപാക സംഭാരത്തിന് 'സംഭാരം' എന്ന പദത്തിന് സംഭരിച്ചുവച്ച സാധനസാമഗ്രികൾ എന്ന് ആശയം നൽകി, എല്ലാം പൂർണമായ ക്രിയാർത്ഥം നൽകി വാക്യാവസാനം ഇല്ലാതെ ആശയപൂർണത വാക്കുകൾ നിർത്തിയും മുറിച്ചും നൽകുന്നു.
സംഭവങ്ങളെ വാക്കൊതുക്കി പ്രയോഗിക്കുന്നതിന്റെ ഭാഷാസൗന്ദര്യം പാഠഭാഗത്ത് എമ്പാടും കാണാം. 'ബാഹുകൻ തേരിലൊതുങ്ങി, പുനിര കണ്ടു മങ്ങി' എന്നതിൽ മങ്ങിയത് ബാഹുകവേഷത്തിലുള്ള നളനാണ്; കാരണം പൂക്കൾ മങ്ങിയതു കണ്ടിട്ടാണ്. മങ്ങി എന്ന ലളിതമായ മലയാളപദത്തിൽ അർത്ഥവിസ്ഫോടനം ചെയ്ത കവിയാണദ്ദേഹം. വാക്ക് അർത്ഥത്തെ നൽകുന്നതിനെ സംബന്ധിച്ച് ഭാരതീയമായൊരു തിയറിയുണ്ട്; സ്ഫോടവാദമാണത്. ശബ്ദത്തിൽനിന്നും വാക്കുകളെ സ്ഫുടം ചെയ്ത് അർത്ഥമാക്കി പരിവർത്തനം ചെയ്യുന്ന കവിയാണ് വാര്യർ.
പൂ മങ്ങിയതുപോലെയാണ് നളന്റെ മനസ്സും. 'അവമർദ്ദനം തുടങ്ങി' എന്നതിലെ അവമർദ്ദനത്തിന് സ്വൽപം ഉന്മാദാവസ്ഥയുണ്ട്. പൂനിര മങ്ങിയതു കണ്ട് മങ്ങിപ്പോയ നളൻ അതിനെ അവമർദ്ദനം ചെയ്യുന്നത് രണ്ടാം സ്വയംവരം തീരുമാനിച്ച ദമയന്തിയോടുള്ള ഈർഷ്യയാണ്. പൂനിരയെ കാണുമ്പോൾ ദമയന്തിയുമൊത്തുള്ള മധുകാലം നളൻ ഓർമ്മയിൽ വന്നിരിക്കാം. ഇങ്ങനെ വാക്കിൽ കഥാപാത്രസ്വരൂപവും മനശ്ശാസ്ത്രജ്ഞാനവും പ്രകടിപ്പിച്ച കവിയാണ് വാര്യർ.
കേശിനിയോട് ബാഹുകൻ പറഞ്ഞതെല്ലാം അറിയിക്കാതെ കേശിനി പറഞ്ഞത് ഇതാണ്: 'പലതും പറഞ്ഞു പിന്നെ, ഫലിതമത പാർത്തോളം'. ഇതിൽ തോഴിമാരുടെ കുസൃതി നിറഞ്ഞ ശൃംഗാരഭാവം കാണുന്നു. ദമയന്തിയെ അല്പം ഈർഷ്യ പിടിപ്പിക്കാൻ വേണ്ടിയല്ലേ കേശിനി ഇങ്ങനെ പറഞ്ഞത്? ചില കാര്യങ്ങൾ പറഞ്ഞില്ല. ഓർക്കുമ്പോൾ ഫലിതമായി തോന്നുവാൻ കേശിനിയോട് ബാഹുകൻ എന്തു സംസാരിച്ചു? ഈ ചിന്ത ദമയന്തിയെ സ്ത്രീസഹജമായ ഭർതൃപ്രേമത്തിലേക്ക് പെട്ടെന്ന് കൊണ്ടുവരും. ഇവിടെ തോഴിയെ തോഴിയുടെ സ്വഭാവത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. വാര്യർ മനസ്സിന്റെ ഉൾപ്പൊരുളുകളും വാക്കിന്റെ മർമ്മസ്ഥാനങ്ങളും അറിയുന്ന കവിയാണ്.
വാഗർത്ഥങ്ങൾ ഇണങ്ങി രമ്യം ജനിക്കുന്ന ഭാഷയാണ് വാര്യരുടേത്. 'വെളിച്ചമേ ചെന്നു തിരഞ്ഞാരോന്നേ കളിച്ചവൻ ചൊന്നതു കേട്ടു പോന്നു' എന്ന വരിയിലും വാഗർത്ഥങ്ങൾ ഇണങ്ങിനിൽക്കുന്നു. 'വെളിച്ചം' എന്ന പദത്തിന് നേരിൽ കണ്ടുവെന്നാണ് അർത്ഥം. ബാഹുകൻ വിരൂപനാണ്, ഇരുണ്ടിരിക്കുകയാണ്. ഈ വ്യക്തിയെ കാണുന്നതിൽ മറഞ്ഞിരിക്കുന്ന നളനെ കണ്ടെത്തുവാൻ കഴിയുന്നതിന്റെ പ്രതീക്ഷകളുണ്ട്. ഈ പ്രതീക്ഷകൾ 'വെളിച്ചമേ' എന്ന വാക്കിൽ നൽകിയിരിക്കുന്നു. മനശ്ശാസ്ത്രജ്ഞാനം തികഞ്ഞ വാര്യരെ കണ്ടെത്തുവാൻ കൂടുതൽ സാധ്യതകൾ പാഠഭാഗത്തുണ്ട്.
'നളനില്ലൊരപരാധം പോൽ' എന്നതിൽ തോഴിയുടെ സംസ്കാരവിശേഷം കാണാം. 'കുലനാരിക്കരുത് കോപം പോൽ' എന്നത് തോഴിയുടെ മനസ്സ് അറിയിക്കുന്നു. രാജ്ഞിയെ ഈർഷ്യ പിടിപ്പിക്കുവാൻ എപ്പോഴും യജമാനത്തിക്ക് എതിരായവർ എന്നു വിചാരിക്കുന്നവരുടെ സംസാരത്തെ ഒന്നുകൂടി മൂർച്ച വരുത്തി തോഴിമാർ പ്രയോഗിക്കും. ഇത് വാര്യരുടെ സഹൃദയത്വവും മനശ്ശാസ്ത്രജ്ഞാനവും സ്പഷ്ടമാക്കുന്നു.
Exam Tips:
a) വൈശിഷ്ട്യങ്ങൾ പോയിന്റുകളായി (വാഗർത്ഥങ്ങളുടെ ഇണക്കം, മനശ്ശാസ്ത്രപരത, ഔചിത്യം, ഭാഷയുടെ ലയം, കഥകളിക്കു പാകമായ രചന) തിരിച്ച് എഴുതുക.
b) ഓരോ പോയിന്റിനും പാഠഭാഗത്തെ ഒരു വരി (വെളിച്ചമേ, ഭൈമീം വിജനേ പറഞ്ഞാൾ, മങ്ങി) ഉദാഹരണമായി ചേർക്കുക.
c) ഉത്തരം 'ഉണ്ണായിവാര്യരുടെ സഹൃദയത്വവും മനശ്ശാസ്ത്രജ്ഞാനവും' എന്ന നിഗമനത്തിൽ അവസാനിപ്പിക്കുക.
Question 27: 'കേശിനീമൊഴി' സ്കൂൾ വേദിയിൽ അവതരിപ്പിക്കുകയാണ്. കഥകളിയുടെ സവിശേഷതകൾ വിശദീകരിച്ചുകൊണ്ട് പ്രസ്തുത ഭാഗത്തെ പരിചയപ്പെടുത്തുന്ന ഒരാമുഖ പ്രഭാഷണം തയാറാക്കുക.
Answer:
കേരളത്തിന്റെ തനതുകലയായ കഥകളിയെക്കുറിച്ച് നമുക്കേവർക്കും അറിയാമല്ലോ. കേരളീയ കലകളുടെ നടുനായകമായ കലയാണ് കഥകളി. സർവജനസമാരാധ്യമായ വിശ്വകലയായി അതിനെ പരിപോഷിപ്പിച്ച് പ്രചാരം നേടിക്കൊടുത്തത് വള്ളത്തോളാണ്. അദ്ദേഹം സ്ഥാപിച്ച 'കേരള കലാമണ്ഡലം' കഥകളി എന്ന കലാരൂപത്തെ ക്ഷയിച്ചുപോകാതെ സംരക്ഷിക്കുകയും നിരന്തരമായ പരിശ്രമത്തിലൂടെ അഖിലലോക പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു.
നൃത്തവും നൃത്യവും നാട്യവും ഒത്തുചേർന്ന കലയാണ് കഥകളി. കൈകാലുകളും ശരീരവും കണ്ണുകളും താളത്തിനൊത്ത് ചലിപ്പിക്കുന്നതാണ് നൃത്തം. സന്തോഷപ്രകടനമാണ് നൃത്തത്തിന്റെ ലക്ഷ്യം. നൃത്തത്തിന്റെ ഉയർന്ന രൂപമാണ് നൃത്യം. കൈമുദ്രകൾ ഉപയോഗിച്ച് ആശയം പ്രകടിപ്പിക്കുന്നതിനാണ് നൃത്യം എന്നു പറയുന്നത്. കണ്ണ്, പുരികം, ചുണ്ട്, കവിൾ, താടി തുടങ്ങിയ മുഖഭാഗങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് നവരസങ്ങളിൽ ഓരോന്നും അഭിനയിക്കുന്നതാണ് നാട്യം. എന്നാൽ കഥകളി വേഷത്തിന്റെ മുഖച്ചമയംകൊണ്ട് മുഖത്തെ രസഭാവങ്ങൾ പ്രകടിപ്പിക്കുവാൻ പരിമിതിയുണ്ടെന്നും ഓർക്കണം. ഭരതന്റെ നാട്യശാസ്ത്രമാണ് കഥകളിമുദ്രകൾക്ക് അടിസ്ഥാനം.
എങ്കിലും കഥകളിനടന്മാർ പ്രധാനമായി കണക്കാക്കുന്ന ഗ്രന്ഥം 'ഹസ്തലക്ഷണദീപിക'യാണ്. കൂടിയാട്ടത്തിന്റെ ആവശ്യത്തിനുവേണ്ടി അജ്ഞാതനാമാവായ ഒരു കേരളീയപണ്ഡിതൻ രചിച്ച കൃതിയാണ് 'ഹസ്തലക്ഷണദീപിക'. ഭരതന്റെ നാട്യശാസ്ത്രത്തിന്റെ ഉള്ളടക്കംതന്നെയാണ് ഈ കൃതിയിലെയും വിഷയം. എങ്കിലും നിർവചനത്തിലും പ്രയോഗത്തിലും ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. അഭിനയത്തെ നാലുതരത്തിലാണ് നാട്യശാസ്ത്രത്തിൽ തരംതിരിച്ചിട്ടുള്ളത്: ആഹാര്യം, ആംഗികം, സാത്വികം, വാചികം എന്നിവയാണ് ചതുർവിധാഭിനയങ്ങൾ.
വേഷഭൂഷണങ്ങൾകൊണ്ട് ആളുകളെ ആകർഷിക്കുന്നതാണ് ആഹാര്യം എന്ന അഭിനയം. അംഗങ്ങളും പ്രത്യംഗങ്ങളും ഉപാംഗങ്ങളും ഉപയോഗപ്പെടുത്തിയുള്ള അഭിനയമാണ് ആംഗികം. എട്ടുതരത്തിലുള്ള സാത്വിക ഭാവങ്ങൾ - കണ്ണുനീർ, രോമാഞ്ചം, വിറയൽ ആദിയായവയുടെ പ്രകടനങ്ങൾ സാത്വികാഭിനയത്തിൽപ്പെടുന്നു. ചതുർവിധാഭിനയങ്ങളിൽ വാചികമായ അഭിനയം കഥകളിയിൽ പ്രയോഗിക്കുന്നില്ല. (വാക്കുകളുടെ ഉച്ചാരണത്തിൽകൂടി ഭാവങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നതാണ് വാചികാഭിനയം.)
കഥകളിയിലെ വേഷങ്ങൾ പ്രത്യേക വ്യക്തികളുടെ രൂപഭാവങ്ങൾ അനുസരിച്ചല്ല രൂപകല്പന ചെയ്തിരിക്കുന്നത്; പൊതുവായ മാതൃകകളുടെ അടിസ്ഥാനത്തിലാണ്. സത്വം, രജസ്, തമസ് എന്നീ ഗുണവ്യത്യാസങ്ങൾ അനുസരിച്ച് കഥാപാത്രങ്ങളെ തരംതിരിച്ചിരിക്കുന്നു. ഓരോ ഗുണത്തിനും അനുയോജ്യമായ തരത്തിൽ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ വേഷങ്ങൾ ക്രമപ്പെടുത്തി ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് കഥകളിയിലെ രീതി. നളചരിതം നാലാം ഭാഗത്തുനിന്നും എടുത്ത 'കേശിനി മൊഴി' എന്ന ഭാഗമാണ് ഇനിയിവിടെ അവതരിപ്പിക്കുന്നത്.
കാവ്യസാരം ഇതാണ്: തോഴിയായ കേശിനി ദൈമിയെ ചെന്നു കാണുന്നു. ഇത് ഉണ്ണായിവാര്യരുടെ കാവ്യഭാഷയുടെ അനിതരസാധാരണമായ ഒതുക്കത്തോടെയാണ് ആവിഷ്കരിക്കുന്നത്. നാലു വരി കല്ലുകൊണ്ട് നാലുകെട്ട് പണിയുന്ന പാടവമാണ് ഇവിടെ കാണുന്നത്. നേരിട്ടുചെന്ന് ബാഹുകനെ കണ്ട് ഓരോന്ന് അന്വേഷിച്ചപ്പോൾ അവൻ ഒളിപ്പിച്ച് പറഞ്ഞ് പിടിതരാതെ നിന്നു. അപ്പോൾ കേശിനി ഒളിച്ചുനിന്ന് ബാഹുകന്റെ പെരുമാറ്റങ്ങൾ കണ്ടെത്തി. എന്നിട്ട് ദമയന്തിയെ വിജനത്തിലേക്ക് വിളിച്ച് രഹസ്യം പറഞ്ഞു.
ലക്ഷ്മീദേവിക്കൊത്ത ഭംഗിയുള്ള ശരീരമുള്ളവളേ (ചാരുതനു = ചാരുവായ ശരീരം), ദമയന്തി, നീ കേട്ടാലും. ഈ ബാഹുകൻ ഒരു പുരുഷരത്നം തന്നെ. ബുദ്ധിമാനായ അവൻ എന്നോട് പേരും വിശേഷവും പറഞ്ഞു. നളൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. ഇനി അഥവാ നളൻ ചെയ്തത് തെറ്റാണെങ്കിലും കുലസ്ത്രീകൾക്ക് കോപം പാടില്ല. സംസാരം കേട്ടപ്പോൾ ദുഷ്ടനായി തോന്നുന്നില്ല, നുണയനുമല്ലെന്ന് പറയാം.
പല കാര്യങ്ങളും പറയുകയുണ്ടായി, അതെല്ലാം ഓർക്കുമ്പോൾ ഫലിതം തന്നെയാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള സാമഗ്രികൾ ഋതുപർണ്ണന്റെ കല്പനപ്രകാരം അവിടേക്കു എത്തിച്ചപ്പോൾ കുടത്തിൽ വെള്ളം താനേ നിറഞ്ഞു. ഞാൻ കണ്ട് അത്ഭുതപ്പെട്ടു. അഗ്നിയാകട്ടെ താനേ വന്ന് അതിനടിയിൽ കത്തി; ഭക്ഷണം വേഗത്തിൽ വച്ച് ഒരുക്കി ഋതുപർണ്ണനെ ചെന്ന് കണ്ട് നൽകി. രാജാവിനെ വണങ്ങി ബാഹുകൻ പോന്നിട്ട് തേരിലൊതുങ്ങി നിന്നു. അപ്പോൾ തേരിൽ പൂമാലകൾ വാടിക്കിടക്കുന്നത് കണ്ടു. ഉടനെ ബാഹുകൻ അതിനെ ഞെരിക്കാൻ തുടങ്ങി. ആ വാടിയ പൂക്കൾ വീണ്ടും പുഷ്പിച്ചു. ഇത്രയും പറഞ്ഞ് കേശിനി പോയപ്പോൾ ദമയന്തി ചിന്തിച്ചിരിക്കുകയാണ്.
Exam Tips:
a) ആമുഖ പ്രഭാഷണത്തിൽ സദസ്സിനെ അഭിസംബോധന ചെയ്ത് തുടങ്ങുക.
b) കഥകളിയുടെ സവിശേഷതകൾ (നൃത്തം, നൃത്യം, നാട്യം; ചതുർവിധാഭിനയം; വേഷങ്ങൾ) ക്രമത്തിൽ പറയുക.
c) അവസാനം 'കേശിനീമൊഴി'യുടെ കഥാസാരം ചുരുക്കി പറഞ്ഞ് ഭാഗത്തിലേക്ക് സദസ്സിനെ ക്ഷണിക്കുക.
Question 28: മഹാഭാരതം നളോപാഖ്യാനത്തിലെ അപ്രധാന കഥാപാത്രമായ കേശിനി, നളചരിതം ആട്ടക്കഥയിൽ സവിശേഷ വ്യക്തിത്വമാർന്ന് കഥാപാത്രമായി രൂപാന്തരപ്പെടുന്നുണ്ടോ? പാഠഭാഗത്തെ അടിസ്ഥാനമാക്കി ഉപന്യസിക്കുക.
Answer:
കേശിനി നളചരിതത്തിൽ വെറുമൊരു ദൂതി മാത്രമല്ല; വ്യക്തിത്വമുള്ള കഥാപാത്രമായി മാറുന്നുണ്ട് എന്നതാണ് ഈ പാഠഭാഗം കാണിക്കുന്നത്. ഇതിവൃത്തത്തിന്റെ ഗതിക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും തമ്മിൽ സുന്ദരമായ ലയം ഉണ്ടാക്കിയ കാവ്യമാണ് നളചരിതം. ദമയന്തിയെ സ്വന്തമാക്കിയ നളനിലുണ്ടായ അഹങ്കാരമാണ് കലിരൂപത്തിൽ മഹാഭാരതത്തിൽ ഭാവനയിൽ ഉരുത്തിരിഞ്ഞത്. ദേവന്മാർപോലും കൊതിച്ച സ്ത്രീയാണ് ദമയന്തി. മഹാഭാരതത്തിൽ കേശിനിയോടൊപ്പം ദമയന്തി തന്റെ രണ്ടു മക്കളെയും അയയ്ക്കുന്നുണ്ട്; എന്നാൽ ഉണ്ണായിവാര്യർ കേശിനിയെ മാത്രമാണ് പറഞ്ഞയയ്ക്കുന്നത്. ബാഹുകൻ നളനാണെന്ന് അറിഞ്ഞിട്ടും ചിന്താകുലയായിരിക്കുന്ന ദമയന്തിയെയാണ് അവിടെ കാണുന്നത്.
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും കാളിദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ചുകാണിക്കുമ്പോൾ അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു; ഈ പൊരുത്തം അനിതരസാധാരണമാണ്. കഥാപാത്രചിത്രീകരണത്തിൽ വാര്യർ ഏറ്റവും ഉചിതമായി പ്രകാശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽ ഉണർത്താൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്. കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയാൻ പരിശ്രമിച്ചതിലുണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം.
കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലത് മറച്ചുവയ്ക്കുന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നവയുമാണ്. ബാഹുകൻ നളനാണോ എന്ന സംശയത്തിന് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞുവന്നത് 'നൈഷധനത്രേ ഇവൻ നിർണ്ണയം' എന്നാണ്. കേശിനിമൊഴികൾക്കു ശേഷമാണ് ദമയന്തി അത് ഉറപ്പിക്കുന്നത്. ദൈമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണശ്രദ്ധയോടെ കേൾക്കുവാനാണ്. കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്; ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു. ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു.
ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ, കുലസ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റപ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്ക് തോന്നുന്നത്; തന്റെ സാക്ഷാത്കാരം അറിയിക്കാൻ കേശിനി ഒരു മാർഗമാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു. ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവം ഫലിതമായി അറിയിച്ചു. ഇവിടെ ബാഹുകനിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പിക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തിന്റെ ചില പ്രകടനങ്ങൾ കാണാം. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്; ഒരു ആത്മരതിയുമുണ്ട് അതിൽ. 'അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ്' എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.
സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചുനിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി; അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്. 'പൂനിര കണ്ട് അവമർദ്ദനം' തുടങ്ങിയ നളന്റെ മനഃപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്നപ്പോൾ കുംഭത്തിൽ താനെ നീര് നിറഞ്ഞു. അഗ്നി അഹങ്കാരമില്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നിദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്. ഋതുപർണ്ണനെ വണങ്ങുന്ന, സാകേതപതിയെ വണങ്ങുന്ന ബാഹുകനിൽ നളന്റെ ധർമ്മനിഷ്ഠ കാണുന്നു.
ദമയന്തിയെ വിവാഹം ചെയ്യുവാനായി ദേവന്മാർ നൽകിയ ദൂത് ദമയന്തിയെ അറിയിച്ച ധർമ്മിഷ്ഠനാണ് നളൻ എന്ന് ദമയന്തി ഇവിടെ ഓർത്തിട്ടുണ്ടാകും. ഋതുപർണ്ണനെ വണങ്ങി തേരിലൊതുങ്ങുന്ന ബാഹുകൻ പൂനിരയെ തൊട്ട് അവ വിളങ്ങിയപ്പോൾ ദമയന്തിയുടെ മനസ്സിൽ ഉത്തരം കിട്ടിയിരിക്കും. ബാഹുകനായി ഒതുങ്ങിക്കഴിയുന്ന നളന്റെ നിസ്സഹായത പ്രിയതമയായ ദമയന്തി ഗ്രഹിച്ചിരിക്കും. കേശിനി പറഞ്ഞ 'ഒതുങ്ങി' എന്ന പദത്തിന് ദമയന്തിയുടെ മനസ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്. അങ്ങനെ കേശിനി നളചരിതത്തിൽ സവിശേഷവ്യക്തിത്വമുള്ള കഥാപാത്രമായി രൂപാന്തരപ്പെടുന്നു.
Exam Tips:
a) ഉത്തരം 'ഉണ്ട്' എന്ന നിലപാടോടെ ആരംഭിച്ച് മഹാഭാരതത്തിലെയും ആട്ടക്കഥയിലെയും കേശിനിയെ താരതമ്യം ചെയ്യുക (മക്കളോടൊപ്പം അയയ്ക്കുന്നത്, കേശിനി മാത്രം അയയ്ക്കുന്നത്).
b) കേശിനിയുടെ ബുദ്ധികൂർമ്മത, കുസൃതി, ദമയന്തിയോടുള്ള കൂറ് എന്നിവ പാഠഭാഗത്തെ വരികളിലൂടെ സ്ഥാപിക്കുക.
c) ഹംസം എന്ന ദൂതകഥാപാത്രവുമായുള്ള ബന്ധം സൂചിപ്പിക്കുക.
Question 29: ഉണ്ണായിവാര്യരുടെ കാവ്യഭാഷയുടെ സവിശേഷതകൾ പാഠഭാഗം ആസ്പദമാക്കി കണ്ടെത്തുക. താഴെ പറയുന്ന സൂചകങ്ങൾ പ്രയോജനപ്പെടുത്താം.
- പ്രാസം
- മിശ്രഭാഷ
- സംബോധനകളിലെ പ്രത്യേകത
- സൂക്ഷ്മവിവരണം
Answer:
മലയാളത്തിലെ ശാകുന്തളമായി നൂറ്റാണ്ടുകൾ അറിയപ്പെടണമെങ്കിൽ ഉണ്ണായിയുടെ തൂലികയിൽ തെളിഞ്ഞ വാക്പ്രവാഹത്തിന് നക്ഷത്രശോഭയുണ്ട്. കഥകളിയിലെ അഭിനയത്തിനായി ഒരുക്കിവച്ച ഈ അമൃത് സാഹിത്യാസ്വാദനത്തിലും ദേവാമൃതമാണ്. കാവ്യഭാഷയുടെ സൗഷ്ഠവത്തിൽ അമർന്നിരിക്കുന്ന ഈ ശ്രേഷ്ഠൻ നൂറ്റാണ്ടുകൾക്കു മുമ്പ് അർപ്പിച്ചത് ആസ്വദിക്കുന്നത് ലോകമൊട്ടുക്കുമുള്ള സഹൃദയരാണ്. നളചരിതം ഒന്നാം ദിവസത്തിൽ സന്ദർഭേണ വാര്യർ കാവ്യഭാഷയെക്കുറിച്ച് പറയുന്നുണ്ട്: "കനക്കുമർത്ഥവും സുധകണക്കെ പദനിരയും അനർഗ്ഗളം യമകവും അനുപ്രാസവുമാദി ഇണക്കം കലർന്നു രമ്യം ജനിക്കും നൽസാരസ്വതം."
മറ്റ് ആട്ടക്കഥാകാരന്മാർ രചനയുടെ ബാഹ്യമായ ആഡംബരത്തെയാണ് കാണിച്ചിരുന്നത്. കഥാപാത്രങ്ങളെല്ലാം ടൈപ്പുകളായിരുന്നു; രാജാക്കന്മാർക്കെല്ലാം ഒരേ സ്വഭാവം. വാര്യർ നളചരിതം രചിച്ചതോടെ കാവ്യാത്മകമായ ഭാഷയും കഥാപാത്രങ്ങളും കാന്തിയും തുളുമ്പി. കാളിദാസൻ പറഞ്ഞ വാഗർത്ഥപ്രതിപത്തിയാണ് വാര്യർക്കും ഉള്ളത്. ശിവനും പാർവ്വതിയും വാഗർത്ഥതുല്യം പിരിയാതെയിരിക്കുന്നതാണ് കാളിദാസന്റെ സങ്കല്പം.
ഇതേ സംസ്കാരത്തിൽ സൂക്ഷ്മമായ അർത്ഥവിശേഷങ്ങൾ കാണിക്കുന്ന ഭാഷയാണ് വാര്യരുടേത്. കഥകളി പദങ്ങൾ അർത്ഥസൗഷ്ഠവമുള്ളതോടൊപ്പം ശബ്ദസൗകുമാര്യവും തികയണം; പാടാനുള്ളവയാണല്ലോ. അർത്ഥാലങ്കാരങ്ങൾ കുറച്ചു മാത്രം ഉപയോഗിച്ച് യമകം, അനുപ്രാസം, മധുര വ്യഞ്ജനപ്രാസം എന്നിവ സുലഭമായി ഉപയോഗിച്ചു.
പ്രാസം: ആദ്യശ്ലോകം ദ്വിതീയാക്ഷരപ്രാസം കാണാം. വെളിച്ചമേ, കളിച്ചവൻ, ഒളിച്ചു, വിളിച്ചു എന്നിവയിൽ രണ്ടാമക്ഷരവും മൂന്നാമക്ഷരവും യഥാക്രമം 'ള'കാരവും 'ച'കാരവുമാണ്. പൂമാതിനൊത്ത, പുരുഷരത്നമീ എന്ന വരികളിൽ ആദ്യാക്ഷരപ്രാസം കാണുന്നു. കുലനാരി, ഖലനല്ല, വരതും എന്നു തുടങ്ങുന്ന വരികളിൽ 'ല' കാരം ദ്വിതീയാക്ഷരപ്രാസമാണ്. 'അന്നാദി', 'വന്നതു' എന്നു തുടങ്ങുന്നവയിൽ 'ന്ന' കാരം ദ്വിതീയാക്ഷരപ്രാസമാണ്. 'കുംഭം', 'ദംഭം' എന്നിവയിൽ 'ഭ' കാരം ഈ പ്രാസം തന്നെ. മാത്രമല്ല വാക്കുകൾ മാറിയാലും ചില അക്ഷരങ്ങൾ ആവർത്തിക്കുന്നുണ്ട്. വഴങ്ങാരുങ്ങി, കൊണ്ടങ്ങു, വണങ്ങി, തേരിലൊതുങ്ങി, മങ്ങി, തുടങ്ങി, വിളങ്ങി എന്നിവയിൽ 'ങ്ങ' കാരത്തിന്റെ ആവർത്തനം.
മിശ്രഭാഷ: നളചരിതത്തിലെ ഭാഷ ഒരു വെങ്കലഭാഷയാണെന്ന് ഒരഭിപ്രായം വളരെ മുമ്പേയുണ്ട്; മലയാളമാകുന്ന വെളുത്തീയവും സംസ്കൃതമാകുന്ന ചെമ്പും കലർത്തിയത്. രണ്ടും വ്യത്യസ്ത ഭാഷകളാണെന്ന ധാരണപോലും തോന്നാതെ കലർന്നിരിക്കുന്നു. 'വിളിച്ചു ദൈമീം വിജനേ പറഞ്ഞാൾ' എന്നതിൽ ഭൈമീം സംസ്കൃതരീതിയിലാണ്, വിജനേ സംസ്കൃതരീതിയിലാണ്. വിളിച്ചു, പറഞ്ഞാൾ എന്നീ വാക്കുകൾ മലയാളിത്തം കാണിക്കുന്നു. മീം, വിജനേ എന്നതിൽ സംസ്കൃതത്തിലെ പ്രത്യയങ്ങളാണുള്ളത്. 'വേഗേന വച്ചങ്ങാരുങ്ങി' എന്നതിലെ വേഗേന ഒഴികെയുള്ളത് മലയാളമാണ്; വേഗേന എന്നത് സംസ്കൃതരീതിയിലുള്ളതാണ്.
സംബോധനകൾ: നളചരിതത്തിലെ സംബോധനകൾ സൂക്ഷ്മമായ മനശ്ശാസ്ത്രജ്ഞാനമുള്ള പരിപക്വനായ, ജീവിതാവബോധമുള്ള എഴുത്തുകാരന്റെ തൂലികയിൽനിന്നും വരുന്നതാണ്. 'പുമാതിനൊത്ത ചാരുതനോ!' എന്നതിൽ ഉണ്ണായിവാര്യരുടെ കാവ്യഭാഷയുടെ അസാധാരണമായ സ്വാതന്ത്ര്യം കാണുന്നു. 'ചാരുതനോ' എന്നതിൽ ഒരു വ്യക്തിയെ സംബോധന ചെയ്തിരിക്കുന്നു. ചാരുവായ തനു ഉള്ളവളെ എന്ന് ശ്രദ്ധിച്ച് തിരിച്ച് വായിച്ചെങ്കിൽ മാത്രമേ അറിയൂ. ഇവിടെ സുന്ദരി എന്നതിനു പകരം ചാരുവായ ഉടലേ, എന്നോ ചാരുവായ ഉടലോ എന്ന് വക്രീകരിച്ച്, വളഞ്ഞ് സംബോധന ചെയ്യുന്നു. ഇത് പദം പാടുമ്പോൾ രാഗത്തിൽ സുഖകരമായി ലയിക്കുന്നതാണ്. വൈദർഭി എന്നതും സംബോധനയാണ്. ഈ വിളിയിൽ രാജ്യത്തിന്റെ തനിമ പാലിക്കുന്നവളെ എന്ന അർത്ഥവിശേഷം ലഭിക്കുന്നു. വൈദർഭി എന്നതുകൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് വിദർഭയിലെ ഭാഷ എന്നാണ്; രാജ്ഞിയായതിനാൽ വൈദർഭി എന്നും വിളിക്കാം.
സൂക്ഷ്മവിവരണം: കഥാഗതിക്കനുസരിച്ച് സൂക്ഷ്മമായി വിവരണം നടത്തുന്നതും ഉണ്ണായിവാര്യരുടെ രചനാവൈശിഷ്ട്യമാണ്. ഇതിൽ വാര്യരുടെ കഥാപാത്രചിത്രീകരണത്തിന്റെ വൈശിഷ്ട്യവും മനശ്ശാസ്ത്രജ്ഞാനവും കാണാം. ഈ പാഠഭാഗത്തിൽ വാര്യരുടെ കാവ്യവ്യക്തിത്വത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു. 'വെളിച്ചമേ ചെന്നു തിരഞ്ഞാരോന്നേ കളിച്ചവൻ' എന്ന വരിയിൽ ഒത്തിരി കാര്യങ്ങൾ സൂക്ഷ്മമായി വിവരിച്ചിരിക്കുന്നു. വെളിച്ചം എന്നതിന് നേരിട്ട് കണ്ടു എന്നാണ് ആശയം. നേരിട്ട് ചെന്ന് തിരഞ്ഞാരേന്നേ കളിച്ചവൻ എന്നതിൽ ബാഹുകനോട് നേരിൽ കണ്ട് പലതും ചോദിച്ചെങ്കിലും ബുദ്ധിമാനായ അവൻ കളിച്ചു പറയുകയാണുണ്ടായത് എന്ന ആശയം ലഭിക്കുന്നു. പിടികൊടുക്കാതെ മറുപടികൾ പറഞ്ഞു എന്നു സാരം. ഈ ആശയം ലഭിച്ചതിന്റെ കേന്ദ്രമായത് 'തിരഞ്ഞാരോന്നേ' എന്ന പ്രയോഗമാണ്. 'ഒളിച്ചു പിന്നോട്ടു ധരിച്ചു ദൂതി' എന്നതിലെ ആശയവും ഇതുപോലെ സൂക്ഷ്മമായി ഒതുക്കലാണ്; ഒളിച്ചുനിന്ന് പലതും കണ്ടെത്തി എന്നാശയം.
'പൂമാതിനൊത്ത ചാരുതനോ!' എന്നതിലെ 'തനോ' എന്ന സംബോധന മലയാളഭാഷയിൽ അപൂർവമായതും ഉണ്ണായിവാര്യർ മാത്രം ഉപയോഗിച്ചതുമാണ്. 'ശരീരമേ' എന്ന് മാത്രമല്ല 'ശരീരമോ' എന്ന് പറഞ്ഞ് സംസാരഭാഷയിലെ ലീനധ്വനി ഉപയോഗിച്ചിരിക്കുന്നു. 'തനോ' എന്ന് കേൾക്കുമ്പോൾ ആശയവ്യക്തത പൊടുന്നനെ ലഭിക്കുന്നില്ലെങ്കിലും വിസ്മയകരമായി അത് തിരിച്ചറിയൽ കഴിയുന്നുണ്ട്. നളപാചകത്തിന്റെ വൈശിഷ്ട്യം തെളിയുന്ന നിരവധി സന്ദർഭങ്ങൾ പാഠഭാഗത്തുണ്ട്.
'ദംഭം കൂടാതെ ഘോരദഹനൻ കത്തി യുദാരം' എന്നത് സംസ്കൃതത്തിന്റെ സാഹിത്യാന്തരീക്ഷത്തിൽ നിന്നും പുറപ്പെടുന്നതാണ്. തീ കത്തുന്നത് വളരെ ഉദാരമായാണ്, അഹങ്കാരമില്ലാതെയുമാണ്. ഒരു അലങ്കാരകല്പനയുടെയും ആവശ്യമില്ലാതെ ഉണ്ണായിവാര്യർ വ്യക്തമായി നളഭാവങ്ങൾ വരച്ചിടുന്നു. നളന്റെ മുമ്പിൽ വന്നുനിൽക്കുന്ന അഗ്നിദേവന്റെ ദേവസാമീപ്യമാണ് കവി അറിയിക്കുന്നത്. നളൻ തേരിലൊതുങ്ങിയതും പൂനിരയിൽ അവമർദ്ദനം ചെയ്തും ആലോചനാമൃതമെന്ന കാവ്യഗുണമാണ്. പൂനിരയിൽ അവമർദ്ദനം ചെയ്യുന്ന നളന്റെ മനഃസംഘർഷം എത്ര തന്മയീഭാവത്തോടെയാണ് ആവിഷ്കരിക്കുന്നത്. തേരിലൊതുങ്ങുന്ന നളൻ ഋതുപർണ്ണന്റെ തേരാളിയാകയാൽ ധർമ്മനിഷ്ഠ പാലിക്കുന്നവനാണെന്ന് വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നു.
ഉചിതജ്ഞനായ കവിയാണ് ഉണ്ണായിവാര്യർ. രംഗകലയ്ക്കിണങ്ങി രമ്യമായൊരു ആട്ടക്കഥ രചിച്ച ഈ കവി നളചരിതം ആട്ടക്കഥകൊണ്ട് ആട്ടക്കഥകളുടെ ഒറ്റ വൃക്ഷങ്ങൾ നിന്നിരുന്ന മലയാളമണ്ണിൽ ഒരു വനം ഉണ്ടാക്കിയ പ്രതിഭയാണ്.
Exam Tips:
a) ചോദ്യത്തിലെ നാല് സൂചകങ്ങളും (പ്രാസം, മിശ്രഭാഷ, സംബോധന, സൂക്ഷ്മവിവരണം) ഉപശീർഷകങ്ങളാക്കി ഉത്തരം ക്രമീകരിക്കുക.
b) ഓരോ സൂചകത്തിനും പാഠത്തിൽനിന്നുള്ള വരികൾ (വെളിച്ചമേ, കളിച്ചവൻ; ഭൈമീം വിജനേ പറഞ്ഞാൾ; പൂമാതിനൊത്ത ചാരുതനോ) ഉദാഹരണങ്ങളായി ഉദ്ധരിക്കുക.
c) 'വെങ്കലഭാഷ' എന്ന വിശേഷണം മിശ്രഭാഷയുടെ വിശദീകരണത്തിൽ ഉപയോഗിക്കുക.
Notes
Question 30: നളചരിതം ആട്ടക്കഥയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിന്റെ ശാകുന്തളം എന്ന് പേരുകേട്ടതാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ. കഥകളിയെ കേരളത്തിൽ പ്രസിദ്ധമാക്കിയിട്ടുണ്ടെങ്കിൽ അത് ഉണ്ണായിവാര്യരുടെ തൂലികയുടെ ശക്തിയാണ്. ആട്ടക്കഥകൾ നിരവധിയുണ്ട്; നളചരിതം ആട്ടക്കഥ പോലൊന്ന് വേറെയില്ല.
മഹാഭാരതം വനപർവ്വത്തിൽ 52 മുതൽ 79 വരെയുള്ള 28 അധ്യായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കഥാഭാഗമായ നളോപാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് ഉണ്ണായിവാര്യർ ആട്ടക്കഥ രചിച്ചത്. മൂലകഥയിൽനിന്നും കാര്യമായ വ്യതിയാനമൊന്നും വരുത്തിയിട്ടില്ല. ദൃശ്യകാവ്യമെന്ന നിലയിൽ കൃതിയെ മോടിപിടിപ്പിക്കാനാണ് ചെറിയ വ്യതിയാനങ്ങൾ ചെയ്തത്. നളചരിതം നാല് ദിവസം ആട്ടക്കഥകളാക്കിയാണ് രചിച്ചത്. ഇതിൽ ഒന്നാം ദിവസത്തെ കഥയിൽ ശ്രീഹർഷന്റെ നൈഷധീയ കാവ്യത്തെ ഉണ്ണായിവാര്യർ ആശ്രയിച്ചിട്ടുണ്ട്.
വനവാസകാലത്ത് പാണ്ഡവരെ കണ്ട് ബൃഹദശ്വ മുനി അവരെ ആശ്വസിപ്പിക്കാനായി പറഞ്ഞുകൊടുക്കുന്ന കഥയാണ് നളദമയന്തി കഥ. ഇതിനെ നൈഷധം മഹാകാവ്യമെന്ന പേരിൽ (നൈഷധീയ ചരിതം) സംസ്കൃതത്തിൽ ശ്രീഹർഷൻ കാവ്യം രചിച്ചു. അതിനെയാണ് ഉണ്ണായിവാര്യർ സ്വീകരിച്ചത്.
ഈ കഥയിൽ ഇതിനെ സംബന്ധിച്ചുള്ള ഒരു ജനവിശ്വാസം പ്രചരിച്ചിട്ടുണ്ട്. നളൻ, ദമയന്തി, ഋതുപർണ്ണൻ, കാർക്കോടകൻ എന്നിവരുടെ കഥ കേട്ടാൽ കലിബാധ അകലുമെന്നാണ് ആ വിശ്വാസം.
കല്യാണസൗഗന്ധികം, കിർമ്മീരവധം, കാലകേയവധം, ബകവധം എന്നിങ്ങനെ കോട്ടയം കഥകൾ ആട്ടക്കഥയിലുണ്ട്. അതുപോലെ തിരുവിതാംകൂറിലെ രാജാക്കന്മാരുടെ പ്രോത്സാഹനത്തിൽ രാജസൂയം, സുഭദ്രാഹരണം, ബകവധം, ഗന്ധർവ്വവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം, നരകാസുരവധം എന്നിവയും ആട്ടക്കഥകളായി വിരചിതമായിട്ടുണ്ട്. ആട്ടക്കഥകളിൽ കേമം നളചരിതം തന്നെ.
Exam Tips:
a) ഉറവിടം (മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനം), നാലുദിവസത്തെ കഥ, ശ്രീഹർഷന്റെ നൈഷധീയചരിതത്തിന്റെ സ്വാധീനം എന്നീ മൂന്നു പോയിന്റുകൾ നിർബന്ധമായും ചേർക്കുക.
b) 'കേരളത്തിന്റെ ശാകുന്തളം' എന്ന വിശേഷണം ആദ്യവാക്യത്തിൽ ഉപയോഗിക്കുക.
Question 31: നളചരിതത്തിന്റെ കഥാസാരം എഴുതുക.
Answer:
വിദർഭയിലെ രാജാവാണ് ഭീമൻ. സന്താനസൗഭാഗ്യമില്ലാതിരുന്ന രാജാവ് ദുഃഖിതനായിരുന്നു. ദമന മഹർഷി കൊട്ടാരത്തിൽ വരികയും സൽക്കാരത്തിൽ മനസ്സു നിറഞ്ഞ് അനുഗ്രഹിക്കുകയുമുണ്ടായി. രാജാവിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയുമുണ്ടായി: ദമൻ, ദന്തൻ, ദമനൻ, ദമയന്തി എന്നിവരാണവർ. ദമയന്തി ദേവന്മാരെക്കൂടി ആകർഷിക്കുന്ന സൗന്ദര്യത്തിൽ വളർന്നു.
ഈ സമയത്ത് നിഷധരാജ്യത്തെ വീരസേനന്റെ പുത്രനായി നളൻ വളർന്നു. നാരദമുനി രണ്ടു കൊട്ടാരങ്ങളിലും സന്ദർശിച്ച് ഇരുവരേയുംകുറിച്ച് പറഞ്ഞു. രാജഹംസങ്ങൾ ഇതുപോലെ നിഷധത്തിലും വിദർഭയിലും വന്ന് ഇരുവരുടേയും രൂപസൗഷ്ഠവവും ഗുണഗണങ്ങളും പരസ്പരം അറിയിച്ചു. രണ്ടുപേരും അനുരാഗവിവശരായി.
ദമയന്തിയുടെ സ്വയംവരമായി. ഇന്ദ്രൻ, വരുണൻ, യമൻ, അഗ്നി ദേവന്മാർ എന്നിവർ സ്വയംവരത്തിനായി പുറപ്പെട്ടു. ദമയന്തിയുടെ രൂപലാവണ്യമറിഞ്ഞ ദേവന്മാർ അവർക്ക് ദമയന്തിയെ ലഭിക്കുന്നതിനായി നളനെ ദൂതയച്ചു. നളൻ ദമയന്തിയെ അന്തഃപുരത്തിൽ കണ്ടു. ദേവന്മാരുടെ ആഗ്രഹം അറിയിച്ചു. താൻ നളനെയാണ് വരിക്കുക എന്ന് ദമയന്തി പറഞ്ഞു. സ്വയംവരത്തിന് നാലു ദേവന്മാരും നളരൂപത്തിൽ നിന്നു. കുഴങ്ങിയ ദമയന്തി യഥാർത്ഥ നളനെ കാണിച്ചുതരാനായി ദേവന്മാരോട് പ്രാർത്ഥിച്ചപ്പോൾ അവർ പ്രീതരായി. നളനും ദമയന്തിയും വിവാഹിതരായി.
തിരിച്ചുപോകുന്ന ദേവന്മാരെ കലി കണ്ടു. കലിയും ദമയന്തിയെ കൊതിച്ച് വരികയാണ്. വെള്ളം മുഴുവൻ വാർന്നുപോയിട്ട് അണകെട്ടുന്നതെന്തിനെന്ന് ദേവന്മാർ ചോദിച്ചപ്പോൾ കലി കുപിതനായി. നളദമയന്തിമാരെ പിരിച്ചയക്കുമെന്ന് ശപഥം ചെയ്തു.
നളന്റെ സോദരനായ പുഷ്കരനെ വശത്താക്കി കള്ളച്ചൂതു കളിച്ച് നളനെ രാജ്യത്തുനിന്നും പുറത്താക്കി. നളനും ദമയന്തിയും വനത്തിലേക്ക് പോയി. നളന്റെ പരാജയം കണ്ട ദമയന്തി വിദർഭയിൽനിന്നും തേരാളിയെ വരുത്തി പുത്രനേയും പുത്രിയേയും കൊട്ടാരത്തിലേക്ക് അയച്ചിരുന്നു.
കാട്ടിലലഞ്ഞ നളദമയന്തിമാർ ക്ഷീണിതരായി. കലിബാധിതനായ നളൻ ദമയന്തി ക്ഷീണിച്ചുറങ്ങിയപ്പോൾ അവളുടെ വസ്ത്രത്തിന്റെ പാതിയെടുത്ത് വനത്തിനുള്ളിലേക്ക് പോയി. ഉറക്കമുണർന്ന ദമയന്തി നളനെ കാണാതെ വിഷമിക്കുമ്പോൾ പെരുമ്പാമ്പ് ആക്രമിച്ചു. ഒരു കാട്ടാളൻ രക്ഷിച്ചു. കാട്ടാളൻ ദമയന്തിയെ മോഹിച്ചപ്പോൾ ദമയന്തി വേറെ മാർഗ്ഗമില്ലാതെ കാട്ടാളനെ ശപിച്ച് ഭസ്മമാക്കി.
അലഞ്ഞുതിരിഞ്ഞ നളൻ കാട്ടുതീയിൽ പെട്ട നാഗരാജാവിനെ രക്ഷിച്ചു. കാർക്കോടകൻ ദംശിച്ച് നളൻ വിരൂപനായി. നളന്റെ വൈരൂപ്യം അനുഗ്രഹമാകുമെന്ന് നാഗരാജാവ് അറിയിച്ചു. സ്വന്തം രൂപം വേണ്ടപ്പോൾ സ്വീകരിക്കാൻ രണ്ട് ദിവ്യ വസ്ത്രങ്ങൾ നളന് കൊടുത്തു.
വനത്തിലലഞ്ഞ ദമയന്തിയെ ഒരു കച്ചവടസംഘം രക്ഷിച്ച് ചേദി രാജ്യത്തെത്തിച്ചു. അവൾ ഭ്രാന്തിയെപ്പോലെയായിത്തീർന്നിരുന്നു. താനാരാണെന്ന് അറിയിച്ചില്ല. നളദമയന്തിമാരെ തിരഞ്ഞ് വിദർഭരാജാവ് പലരേയും അയച്ചു. ഒരു ബ്രാഹ്മണൻ ദമയന്തിയെ കണ്ടെത്തി വിദർഭയിലെത്തിച്ചു.
ദമയന്തിയുടെ നിർദ്ദേശപ്രകാരം നളനെ അന്വേഷിച്ച് ഒരു ബ്രാഹ്മണൻ അയോധ്യയിലെ ഋതുപർണ്ണ രാജാവിന്റെ കൊട്ടാരത്തിലെ ബാഹുകനായ തേരാളി നളനാണെന്ന സംശയം അറിയിച്ചു. ബുദ്ധിമതിയായ ദമയന്തി ഋതുപർണ്ണന്റെ കൊട്ടാരത്തിലേക്ക് ദൂതനെ അയച്ചു. ദമയന്തിയുടെ രണ്ടാം സ്വയംവരം അറിയിച്ചാണ് ദൂതൻ ചെന്നത്. കുറഞ്ഞ സമയംകൊണ്ട് നളന് മാത്രമേ വിദർഭയിലെത്താൻ കഴിയുമായിരുന്നുള്ളൂ.
നാം പഠിക്കുന്ന നളചരിതഭാഗം നാലാംഭാഗമാണ്. കേശിനിയെന്ന തോഴിയെ വിട്ട് ദമയന്തി ബാഹുകനെ നിരീക്ഷിക്കുന്നു. കേശിനി വിദഗ്ധയാണ്. ബാഹുകന്റെ നേരെ ചെന്ന് സംസാരിച്ചു. ബാഹുകൻ കലി കയറി നിൽപ്പാണ്. ദമയന്തിയുടെ രണ്ടാം സ്വയംവരം അയാളിലെ യഥാർത്ഥ നളനെ പ്രകോപിപ്പിച്ചിരുന്നു. കുലസ്ത്രീകൾക്ക് കോപം പാടില്ലെന്നും നളന് ഒരു തെറ്റും ഇല്ലെന്നും പറഞ്ഞു. തുടർന്ന് കേശിനി ഒളിഞ്ഞു നിന്ന് ബാഹുകനെ നിരീക്ഷിച്ചു. ഋതുപർണ്ണന് ഭക്ഷണം ഒരുക്കുവാനായി സാമഗ്രികൾ കൊണ്ടുവന്നത് കേശിനി കണ്ടു. കുടത്തിൽ വെള്ളം നിറഞ്ഞതും, ഭക്ഷണമുണ്ടായതും പൊടുന്നനെയായിരുന്നു. ഇത് രാജാവിന് നൽകിയ ബാഹുകൻ തേരിൽ ചാരി നിൽക്കുന്നു. തേരിൽ വാടിയ പൂക്കളെ കണ്ട് ബാഹുകൻ അതിനെ പിടിച്ച് തിരുമ്പി. ഉടനെ അത് പൂത്ത് പുഷ്പിച്ചു. ഈ രണ്ടു വിദ്യയും നളനുണ്ടായിരുന്നു. കേശിനി ഈ കാഴ്ചയും ദമയന്തിയെ അറിയിച്ചു. ദമയന്തി ബാഹുകനെ വിളിപ്പിച്ചു. രോഷനായ നളൻ ബാഹുകവേഷത്തിൽനിന്ന് ദമയന്തിയോട് കുറ്റപ്പെടുത്തിപ്പറഞ്ഞു. അവർ പരസ്പരം തിരിച്ചറിഞ്ഞു. രണ്ടാം സ്വയംവരം നളനെ കണ്ടെത്താനുള്ള അടവായിരുന്നെന്ന് ദമയന്തി അറിയിച്ചു.
ഈ സമയത്ത് ദമയന്തി നളനെ മാത്രമേ വിചാരിച്ചിട്ടുള്ളൂ എന്ന അശരീരി കേൾക്കയും ഇരുവരും ഒന്നിക്കുകയും ചെയ്തു. നാഗരാജാവ് നൽകിയ വസ്ത്രം ധരിച്ച് നളൻ യഥാർത്ഥരൂപം നേടി. നിഷധരാജ്യത്തെത്തി ചൂതുകളിയിലൂടെത്തന്നെ പുഷ്കരനെ പുറത്താക്കി രാജ്യം ഭരിച്ചു. പാതിവ്രത്യത്തിനും, വിപത്തിനെ ധീരമായി നേരിടുന്നതിനും ഉത്തമ മാതൃകയായാണ് ദമയന്തിയെ കാണുന്നത്.
Exam Tips:
a) കഥാസാരം ക്രമത്തിൽ എഴുതുക: ജനനവും അനുരാഗവും, സ്വയംവരം, കലിയുടെ ശപഥം, ചൂതിൽ രാജ്യനഷ്ടം, വനവാസം, കാർക്കോടകദംശനം, ബാഹുകവേഷം, രണ്ടാം സ്വയംവരം, പുനഃസമാഗമം.
b) 'നാലാം ദിവസത്തിലെ കേശിനിയുടെ നിരീക്ഷണം' പാഠഭാഗവുമായി ബന്ധിപ്പിച്ച് പ്രത്യേകം എടുത്തെഴുതുക.
Question 32: 'കേശിനിമൊഴി' എന്ന പാഠഭാഗത്തിന്റെ സാരം (കവിതാസാരം) എഴുതുക.
Answer:
തോഴിയായ കേശിനി ദൈമിയെ ചെന്നു കാണുന്നു. ഇത് ഉണ്ണായിവാര്യരുടെ കാവ്യഭാഷയുടെ അനിതരസാധാരണമായ ഒതുക്കത്തോടെയാണ് ആവിഷ്കരിക്കുന്നത്. നാലുവരി കല്ലുകൊണ്ട് നാലുകെട്ട് പണിയുന്ന പാടവമാണ് ഇവിടെ കാണുന്നത്. നേരെ ചെന്ന് ബാഹുകനെ കണ്ട് ഓരോന്ന് അന്വേഷിച്ചപ്പോൾ അവൻ ഒളിപ്പിച്ച് പറഞ്ഞ് പിടിതരാതെ നിന്നു. അപ്പോൾ കേശിനി ഒളിച്ചുനിന്ന് ബാഹുകന്റെ പെരുമാറ്റങ്ങൾ കണ്ടെത്തി. എന്നിട്ട് ദമയന്തിയെ വിജനത്തിലേക്ക് വിളിച്ച് രഹസ്യം പറഞ്ഞു.
ലക്ഷ്മീദേവിക്കൊത്ത ഭംഗിയുള്ള ശരീരമുള്ളവളേ (ചാരുതനു = ചാരുവായ ശരീരം, തനു = ശരീരം) ദമയന്തി, നീ കേട്ടാലും. ഈ ബാഹുകൻ ഒരു പുരുഷരത്നംതന്നെ; ബുദ്ധിമാനായ അവൻ എന്നോട് പേരും വിശേഷവും പറഞ്ഞു. നളൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. ഇനി അഥവാ നളൻ ചെയ്തത് തെറ്റാണെങ്കിലും കുലസ്ത്രീകൾക്ക് കോപം പാടില്ല. സംസാരം കേട്ടപ്പോൾ ദുഷ്ടനായി തോന്നുന്നില്ല, നുണയനുമല്ലെന്ന് പറയാം. പല കാര്യങ്ങളും പറയുകയുണ്ടായി; അതെല്ലാം ഓർക്കുമ്പോൾ ഫലിതംതന്നെയാണ്.
ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള സാമഗ്രികൾ ഋതുപർണ്ണന്റെ കല്പനപ്രകാരം അവിടേക്ക് എത്തിച്ചപ്പോൾ കുടത്തിൽ വെള്ളം താനേ നിറഞ്ഞു; ഞാൻ കണ്ട് അത്ഭുതപ്പെട്ടു. അഗ്നിയാകട്ടെ താനേ വന്ന് അതിനടിയിൽ കത്തി; ഭക്ഷണം വേഗത്തിൽ വച്ച് ഒരുക്കി ഋതുപർണ്ണനെ ചെന്ന് കണ്ട് നൽകി. രാജാവിനെ വണങ്ങി ബാഹുകൻ പോന്നിട്ട് തേരിലൊതുങ്ങി നിന്നു. അപ്പോൾ തേരിൽ പൂമാലകൾ വാടിക്കിടക്കുന്നത് കണ്ടു. ഉടനെ ബാഹുകൻ അതിനെ ഞെരിക്കാൻ തുടങ്ങി; ആ വാടിയ പൂക്കൾ വീണ്ടും പുഷ്പിച്ചു. ഇത്രയും പറഞ്ഞ് കേശിനി പോയപ്പോൾ ദമയന്തി ചിന്തിച്ചിരിക്കുകയാണ്.
Exam Tips:
a) സന്ദർഭം (കേശിനി ദമയന്തിയോട് പറയുന്നത്) ആദ്യം പറഞ്ഞ് ബാഹുകനിൽ കണ്ട അത്ഭുതങ്ങൾ (വെള്ളം, തീ, വാടിയ പൂക്കൾ) ക്രമത്തിൽ എഴുതുക.
b) അവസാനത്തെ വരിയായ ദമയന്തിയുടെ ചിന്താനിമഗ്നത എടുത്തുപറയുക.
Free study material for Malayalam
Malayalam Class 12 Curriculum Solutions: Chapter 01 Keshini Mozhi (Keshini's Words)
Textbook Solutions for Class 12 Malayalam Chapter 01 Keshini Mozhi (Keshini's Words)
Review comprehensive exercise answers for Class 12 Malayalam Chapter 01 Keshini Mozhi (Keshini's Words). Fully updated to match current Kerala Board syllabus guidelines, these textbook solutions help students verify their work and maintain accurate study notes.
Mastering Theoretical and Practical Questions
Clear, methodical explanations accompany every challenging problem within the Class 12 Malayalam text. Engaging with these detailed answers lays a solid foundation for advanced learning and improves foundational clarity for upcoming assessments.
Effective Self-Study and Homework Assistance
These resources act as an effective roadmap for daily homework tasks and independent study. Supplement your review of Chapter 01 Keshini Mozhi (Keshini's Words) with official sample papers and interactive practice tests available on our platform free of charge.
FAQs
The complete and updated Kerala Plus Two Malayalam Textbook Answers Unit 2 Chapter 1 Keshini Mozhi (Keshini's Words) is available for free on StudiesToday.com. These solutions for Class 12 Malayalam are as per latest Kerala Board curriculum.
Yes, our experts have revised the Kerala Plus Two Malayalam Textbook Answers Unit 2 Chapter 1 Keshini Mozhi (Keshini's Words) as per 2026 exam pattern. All textbook exercises have been solved and have added explanation about how the Malayalam concepts are applied in case-study and assertion-reasoning questions.
Toppers recommend using Kerala Board language because Kerala Board marking schemes are strictly based on textbook definitions. Our Kerala Plus Two Malayalam Textbook Answers Unit 2 Chapter 1 Keshini Mozhi (Keshini's Words) will help students to get full marks in the theory paper.
Yes, we provide bilingual support for Class 12 Malayalam. You can access Kerala Plus Two Malayalam Textbook Answers Unit 2 Chapter 1 Keshini Mozhi (Keshini's Words) in both English and Hindi medium.
Yes, you can download the entire Kerala Plus Two Malayalam Textbook Answers Unit 2 Chapter 1 Keshini Mozhi (Keshini's Words) in printable PDF format for offline study on any device.